ഓര്‍മബാക്കി – Suraj Raveendran

Author : Suraj Raveendran
Company : Mcfadyen Consulting
Email : crsuraj@gmail.com

ഓര്‍മബാക്കി

പരക്കം പായുന്ന ആള്‍‍ക്കൂട്ടങ്ങളെയും, ഒച്ചയുണ്ടാക്കുന്ന പാട്ട് സെറ്റുകളെയും, ഓടകളില്‍ നിന്നും വമിക്കുന്ന ദുര്‍ഗന്ധങ്ങളെയും അവഗണിച്ച് അയാള്‍ വേഗം നടന്നു. ബോട്ടിന്‍റെ സമയക്രമം അയാള്‍ മറന്നുപോയിരുന്നു. ഒരെണ്ണം പോയാല്‍ അടുത്തതിനു വേണ്ടി ഒരുപക്ഷെ ഒരുപാടു നേരം കാത്ത് നില്‍ക്കേണ്ടി വരും. പക്ഷെ അതിനുള്ള ശക്തി ശരീരത്തിനുണ്ടായിരുന്നില്ല.

ജെട്ടിയിലേക്ക് അയാള്‍ ചെല്ലുമ്പോള്‍ ഒരു ബോട്ട് പുറപ്പെടാന്‍ തുടങ്ങുകയായിരുന്നു. ഭാഗ്യം. വണ്ടിയില്‍‍ തിരക്കില്ല. ഒരു സൈഡ് സീറ്റ്‌ തന്നെ കിട്ടി. ചുറ്റും ഒന്ന് കണ്ണോടിച്ചു. പരിചയക്കാരെ ആരെയും കണ്ടില്ല.

ബോട്ട് പതിയെ നീങ്ങിത്തുടങ്ങി. ഇരിക്കാന്‍ ഒരിടം കിട്ടിയത് വല്ലാത്തൊരു ആശ്വാസമായി തോന്നി. മൂന്നു ദിവസമായുള്ള ട്രെയിന്‍ യാത്രയില്‍ അയാള്‍ക്ക് സ്വസ്ഥമായി ഒന്നുറങ്ങാന്‍ കഴിഞ്ഞിരുന്നില്ല. പൊടിയുടെയും തുരുമ്പിന്‍റെയും മണവും, ഒരിക്കലും നിലയ്ക്കാത്ത കുടു കുടു ശബ്ദവും കാരണം, ഉറങ്ങാനാവാതെ, വെറുതേ കണ്ണടച്ച് കിടന്ന് രാത്രി കഴിച്ചുകൂട്ടുകയായിരുന്നു. എല്ലാ യാത്രയിലും അത് തന്നെയായിരുന്നു പതിവ്.

ഒന്ന് മയങ്ങാന്‍ തീരുമാനിച്ചു അയാള്‍ സീറ്റില്‍ തല ചായ്ച്ചു, കണ്ണടച്ചു. പക്ഷേ ഒരുപാട് ഓര്‍മ്മകള്‍ മയങ്ങിക്കിടക്കുന്ന ആ കായല്‍ കാറ്റില്‍ തനിക്കുറങ്ങുവാന്‍ സാധിക്കില്ലെന്ന് ബോധ്യമായപ്പോള്‍, ഉറങ്ങാനുള്ള തീരുമാനം ഉപേക്ഷിച്ചു കണ്ണു തുറന്നു.

അഞ്ചു കലാലയ വര്‍ഷങ്ങളുടെ പകലുകള്‍ കടന്നുപോയത് ഈ ഓളപ്പരപ്പുകള്‍ക്ക് മുകളിലൂടെയാണ്. പല രാത്രികളും. പഴയ കൂട്ടുകാര്‍, തമാശകള്‍‍, വഴക്കുകള്‍‍ എല്ലാം അയാളെ ഓര്‍‍മ്മിപ്പിച്ചു കൊണ്ട് ബോട്ട് മുന്നോട്ടു നീങ്ങി. ഒരിക്കല്‍‍ സ്ഥിരമായി യാത്ര ചെയ്തിരുന്ന വഴികള്‍‍. കടന്നു പോയിരുന്ന സ്റ്റോപ്പുകള്‍‍. എതിരെ കടന്നു പോകുന്ന മറ്റു ബോട്ടുകളുടെ സമയം പോലും അയാള്‍‍ക്ക്‌ ഓര്‍‍മ്മ വന്നു. കായല്‍കരയിലുണ്ടായിരുന്ന കടകളും കള്ളുഷാപ്പുകളും കാര്യമായ മാറ്റങ്ങളില്ലാതെ നിന്ന് അയാളോട് ചിരിച്ചു സൗഹൃദം പുതുക്കി.

ഈ കാറ്റിലായിരുന്നു അയാളുടെ പ്രണയമര്‍‍മ്മരങ്ങള്‍‍ ഒരിക്കല്‍ അലിഞ്ഞുചേര്‍‍ന്നത്. ദിവസങ്ങളോളം ആലോചിച്ചുറപ്പിച്ചു മനസ്സിലെ മോഹം അവളോട്‌ തുറന്നുപറഞ്ഞത് ഇതുപോലെ തണുപ്പ് വീശിയ ഒരു വൈകുന്നേരം ആയിരുന്നു. അതിനുള്ള മറുപടി അവളൊരു നോട്ടത്തില്‍ ഒതുക്കി. ആ നോട്ടത്തിന്‍റെ അര്‍ഥം അവനു മനസ്സിലായത്‌ പിന്നെയും മാസങ്ങള്‍ കഴിഞ്ഞാണ്. മലയാളം ഡിപ്പാര്‍ട്ടുമെന്‍റ് ലെ സുനില്‍ സാറുമായി അവള്‍ പ്രണയത്തിലാണെന്നു അറിഞ്ഞതിനു ശേഷം. വേദന കലര്‍ന്ന ചുടു നിശ്വാസങ്ങള്‍ അതേ കാറ്റ് ഒപ്പിയെടുത്തു.

ബോട്ടിന്‍റെ നീട്ടിയ ഒരു ഹോണ്‍ മുഴക്കം കേട്ടാണ് മനസ്സ് സുഖമുള്ള ആ മയക്കത്തില്‍ നിന്നും ഞെട്ടിയുണര്‍ന്നത്. കണ്ണ് ചിമ്മി പുറത്തേക്കു നോക്കി. തനിക്ക് ഇറങ്ങേണ്ടുന്ന കടവ്.

വര്‍‍ഷങ്ങളുടെ ഇടവേള അറിഞ്ഞതേയില്ല. വീട്ടിലേക്കുള്ള വഴി, അത്ര വ്യക്തമായി തന്നെ അയാളുടെ മനസ്സില്‍‍ പതിഞ്ഞു കിടപ്പുണ്ടായിരുന്നു. വീതി കുറഞ്ഞ പാലം കടന്നു, കായലിലേക്ക് നീണ്ടു നില്‍ക്കുന്ന തെങ്ങുകളുടെ ചുവട്ടില്‍‍ കൂടി, കൈതക്കാടുകള്‍‍ക്ക് അരികിലൂടെ നടന്നു. മുന്നില്‍‍ പൂത്തു നില്‍ക്കുന്ന നെല്‍‍പ്പാടം. അതിനുമപ്പുറം അയാളുടെ വീടാണ്. പാടം കടന്ന് ചെല്ലുമ്പോള്‍ ‘പൂവത്തിങ്കല്‍‍‍’ എന്ന, മങ്ങിയ അക്ഷരങ്ങളുടെ ബോര്‍‍ഡ്‌ കാണാം. മതില്‍‍ പൊട്ടിപ്പൊളിഞ്ഞു കിടക്കുന്നു. ഗെയിറ്റു തുരുമ്പെടുത്തിരിക്കുന്നു. വീടും നിറം മങ്ങിതുടങ്ങിയിരുന്നു.

പടി കടന്നു അയാള്‍ മുറ്റത്തേക്ക് കയറി. പുല്ലു ചെത്തി, അടിച്ചു വൃത്തിയാക്കി ഇട്ടിട്ടുണ്ട് മുറ്റം. ആകാശത്ത് ഒരു കറുത്ത മേഘം തെളിയുമ്പോഴൊക്കെ ആവേശത്തോടെ ആ മുറ്റത്തേക്ക് കളിക്കാനിറങ്ങിയ ഒരു കുട്ടിയുണ്ടായിരുന്നു. കുഞ്ഞിക്കാലുകള്‍ കൊണ്ട് മുറ്റത്ത്‌ അവന്‍ മഴവെള്ളത്തിന് ചാലു വെട്ടിയുണ്ടാക്കി. കുറുമ്പ് കാണിച്ചതിന് അമ്മ തല്ലാന്‍ വന്നപ്പോള്‍, അവന്‍ അതേ മുറ്റത്ത് ഓടി നടന്നു.

മുറ്റം കടന്നു അയാള്‍‍ തിണ്ണയിലേക്ക് കയറി. മുന്‍‍വശത്തെ വാതിലും ജനലുകളും അടഞ്ഞു കിടക്കുന്നു. തിണ്ണയുടെ മൂലയില്‍ ആ ചാരുകസേര ഇപ്പോഴുമുണ്ട്. വൈകുന്നേരങ്ങളില്‍ മടങ്ങിവരുന്ന അച്ഛന്‍ ആ കസേരയില്‍ ഇരുന്നുകൊണ്ടാണ് തനിക്കും ചേച്ചിമാര്‍ക്കും മധുരപ്പോതികള്‍ വീതിച്ചു തന്നത്. ചേച്ചിമാരുടെ പങ്കും തനിക്ക് വേണമെന്ന് പറഞ്ഞു കണ്ണ് നിറയ്ക്കുമ്പോള്‍, മടിയില്‍ ഒളിപ്പിച്ച മിട്ടായി മറ്റാരും കാണാതെ അച്ഛന്‍ അയാള്‍ക്ക്‌ നീട്ടി തന്‍റെ മുഖത്ത് ചിരി വിടര്‍ത്തുമായിരുന്നു.

ചാരുകസേരയുടെ നേരെ മുകളില്‍ ചുവരില്‍ മങ്ങിത്തുടങ്ങിയ ഒരു ബ്ലാക്ക്‌ ആന്‍ഡ്‌ വൈറ്റ് ഫോട്ടോ. അച്ഛനും അമ്മയും ചേച്ചിമാരും, അവര്‍ക്കിടയില്‍ ഒരു കുട്ടിയായി താനും. ഒരിക്കല്‍ എല്ലാവരും കൂടി പട്ടണത്തിലെ സ്റ്റുഡിയോയില്‍ പോയി എടുത്തതാണ് ആ ഫോട്ടോ.

അയാള്‍ ചുറ്റും നോക്കി. ചുവരുകള്‍ക്കും മറ്റും മങ്ങലേറ്റിട്ടുണ്ടെങ്കിലും എല്ലാം വൃത്തിയായി തന്നെ സൂക്ഷിച്ചിട്ടുണ്ട്.

അയാള്‍‍ വാതിലില്‍‍ മുട്ടി. അനക്കമില്ല. വീണ്ടും ഉറക്കെ മുട്ടി.

‘ആരാ?’ അകത്തു നിന്നും ആരോ ഉറക്കെ വിളിച്ചു ചോദിക്കുന്നത് കേട്ടു, നാണിയമ്മ ആയിരിക്കും. വാതില്‍‍ തുറന്നു.

‘ഓ, കുഞ്ഞാരുന്നോ?’ ഇതെന്താ ഒരു മുന്നറിയിപ്പുമില്ലാതെ?’ അവര്‍‍ക്കുണ്ടായ ആശ്ചര്യം ചോദ്യത്തില്‍ പ്രകടമായിരുന്നു.

അയാള്‍‍ ഒന്ന് ചിരിക്കുകമാത്രം ചെയ്തു.

‘ഇച്ചേച്ചി ഇന്നുച്ചക്ക് പറഞ്ഞതെയോള്ളൂ, മക്കളെയോക്കെ കണ്ടിട്ട് നാള് കൊറേ ആയി. എല്ലാരേം ഒന്ന് വിളിക്കണം എന്ന്’

‘അമ്മ എന്തിയെ കിടക്കുവാണോ?’ എന്നും ചോദിച്ചു കൊണ്ട് അയാള്‍‍ അകത്തേക്ക് കയറിച്ചെന്നു. മുറിയില്‍ തുറന്ന ജനാലയ്ക്കരികില്‍‍ ഭാഗവതവും വായിച്ചിരിക്കുകയായിരുന്നു അമ്മ.

അയാള്‍‍ അമ്മയ്ക്ക് അരികിലേക്ക് ചെന്നു. തൊട്ടടുത്ത്‌ എത്തിയപ്പോള്‍ ആണ് അവര്‍‍ മകനെ കണ്ടത്. പെട്ടെന്ന് വിശ്വസിക്കാനാകാതെ അവര്‍‍ കുറച്ചു നേരം അയാളെ കണ്ണ് ചിമ്മാതെ നോക്കിയിരുന്നു.

‘അമ്മ ഇതെന്താ ഇങ്ങനെ തുറിച്ചു നോക്കുന്നെ?’

പെട്ടെന്ന് അമ്മയുടെ കണ്ണ് നിറഞ്ഞു. ‘എത്ര നാളായി മക്കളെ നിന്നെ ഒന്ന് കണ്ടിട്ട്. ഇന്നലെ ഞാന്‍ നിന്നെ സ്വപ്നം കണ്ടു’

ശരിയാണ്, താന്‍‍ അമ്മയെ കാണുന്നത് മൂന്ന് വര്‍‍ഷങ്ങള്‍‍ക്കു ശേഷമാണ്. ഇന്ന്, ഭോപാലിലെ തടവുകാരന്‍ ആണ് അയാള്‍. കുടുംബം, മക്കള്‍‍, പ്രാരാബ്ധം. അവിടെ നിന്നും രണ്ടോ മൂന്നോ വര്‍‍ഷത്തില്‍‍ ഒരിക്കല്‍‍ മാത്രം കിട്ടുന്ന പരോള്‍‍.

കഴിഞ്ഞ വട്ടം നാട്ടില്‍‍ നിന്നും അമ്മയെയും കൂട്ടിയാണ് ഭോപാലിലേക്ക് മടങ്ങിയത്. അവിടുത്തെ അടച്ചു മൂടിയ ജീവിതം വളരെ പെട്ടെന്ന് തന്നെ അമ്മയ്ക്ക് മടുത്തു. അവിടെതന്നെയുള്ള ചേച്ചിമാരുടെ ഒപ്പവും കുറച്ചു ദിവസം എങ്ങനെയോ കഴിച്ചുകൂട്ടി. എത്രയും വേഗം തിരിച്ചു വരണം എന്ന അമ്മയുടെ വാശിക്കൊടുവില്‍, സത്യേട്ടന്‍ അമ്മയെ തിരിച്ചു നാട്ടില്‍ കൊണ്ടാക്കുകയായിരുന്നു.

ഇത്തവണയും അമ്മയെ വിളിച്ചു കൊണ്ടു പോകാന്‍‍ ആണ് അയാള്‍‍ വന്നിരിക്കുന്നത്. അമ്മയ്ക്ക് വരാന്‍‍ തീരെ ഇഷ്ടമുണ്ടാവില്ല. അയാള്‍ക്കത് അറിയാം. എങ്കിലും, ഇത്തവണ എത്ര നിര്‍ബന്ധിച്ചാണെങ്കിലും അമ്മയെ വിളിച്ചു കൊണ്ടുപോകും. കാരണം, അമ്മ വരേണ്ടത് അയാളുടെ ആവശ്യമായിരുന്നു. ഒരുപാട് കണക്കുകൂട്ടലുകളുമായാണ് അയാളുടെ ഈ വരവ്.

മകളുടെ കല്യാണം ഉത്തരമില്ലാത്ത ഒരു ചോദ്യമായി അയാളുടെ മുന്നില്‍‍ അവശേഷിക്കുകയാണ്. ഇരുപത്തഞ്ചു വര്‍‍ഷത്തെ അദ്ധ്വാനം, രോഗങ്ങളും കടങ്ങളും മാത്രമേ സമ്പാദിച്ചു തന്നിട്ടുള്ളൂ. അയാളുടെ ചേച്ചിമാര്‍‍ക്കും പറയാനുള്ളത് പരാധീനതകളുടെ കഥകളാണ്. കഷ്ടപ്പാടുകള്‍ ഒഴിയാന്‍‍ ഒരു വഴിയേയുള്ളൂ എന്നാണ് എല്ലാവരും പറയുന്നത്. തറവാടു വില്‍ക്കുക. സത്യേട്ടന്‍റെ പരിചയത്തില്‍ ഒരാള്‍ വില്പനയ്ക്കുള്ള എല്ലാ സൗകര്യങ്ങളും ചെയ്തുതരാം എന്ന് ഏറ്റിട്ടുണ്ട്. വില്‍പ്പന നടക്കുകയാണെങ്കില്‍ തന്‍റെ കഷ്ടപ്പാടുകള്‍ക്ക് അതൊരു ആശ്വാസം ആകുമെന്ന് അയാള്‍ക്കും അറിയാം. എന്നാല്‍, അതിനേക്കാളേറെ, അമ്മ ഈ വീടിനെ എത്രമാത്രം സ്നേഹിക്കുന്നു എന്നും അയാള്‍ക്കറിയാം.

വീട് വില്‍ക്കാന്‍ അമ്മ സമ്മതിക്കില്ല എന്ന് അയാള്‍ക്ക്‌ ഉറപ്പുണ്ട്. പക്ഷെ, അമ്മയെ കാര്യം പറഞ്ഞു മനസ്സിലാക്കി സമ്മതിപ്പിക്കാന്‍ അയാള്‍‍ക്ക്‌ കഴിയുമെന്ന് ചേച്ചിമാരും അളിയന്മാരും വിശ്വസിക്കുന്നു. അയാളുടെ ഭാര്യ പോലും അങ്ങനെ വിശ്വസിക്കുന്നു. താന്‍ പറഞ്ഞാല്‍‍ അമ്മ സമ്മതിക്കുമത്രേ! ഈ വീട് മൂന്നു മക്കള്‍‍ക്കും തുല്യമായി വീതിച്ചു കൊടുത്തപ്പോള്‍‍‍, പാവം അമ്മ ഇങ്ങനെയൊരു ദുരവസ്ഥ ആലോചിച്ചുകാണില്ല.

‘നീ എന്താടാ ഒന്നും കഴിക്കത്തില്ലിയോ? ആകെ ഒണങ്ങി ഇരിക്കുന്നെല്ലോ? അതോ സുഖമില്ലിയോ?’

അയാള്‍‍ മറുപടി ഒന്നും പറഞ്ഞില്ല. കണ്ണുകള്‍, ചുറ്റും അലസമായൊന്നു ഓടിച്ചു. ചുവരിനോട് ചേര്‍ന്നുള്ള അലമാര അപ്പോഴാണ്‌ അയാള്‍ ശ്രദ്ധിച്ചത്. അതില്‍ നിറയെ ട്രോഫികളും പാത്രങ്ങളും ഗ്ലാസ്സുകളും. അതെല്ലാം തനിക്കും ബിന്ദുചേച്ചിക്കും സ്കൂളില്‍ നിന്നും കിട്ടിയ സമ്മാനങ്ങള്‍ ആണ്. തട്ടിന്‍പുറത്ത് എവിടെയോ പൊടീ പിടിച്ചു കിടക്കുകയായിരുന്നു.

‘നിനക്ക് എത്ര ദിവസത്തെ അവധി ഉണ്ടെടാ? രണ്ടാഴ്ച ഉണ്ടോ?”

‘ഞാന്‍‍ കുറച്ചു ദിവസം ഉണ്ടമ്മേ.’

“അവളേം പിള്ളാരേം എന്താ കൊണ്ടുവരാഞ്ഞേ?, ങാ പിള്ളേര്‍ക്ക് ഇപ്പൊ പരീക്ഷ ആയിരിക്കും അല്ലേ?”

‘ങാ’ അയാള്‍‍ ചുമ്മാ മൂളി.

പിന്നെയും അമ്മ എന്തൊക്കെയോ വിശേഷങ്ങള്‍‍ അയാളോട് ചോദിച്ചു കൊണ്ടിരുന്നു. പക്ഷെ അമ്മ പറയുന്നതൊന്നും അയാള്‍‍ കേള്‍‍ക്കുന്നുണ്ടായിരുന്നില്ല. ബാഗും എടുത്തു തന്‍റെ പ്രീയപ്പെട്ട മുറിയിലേക്ക് നടക്കുമ്പോള്‍‍, ഇനിയുള്ള ദിവസങ്ങളില്‍‍ അമ്മയോടു പറഞ്ഞു ഫലിപ്പിക്കേണ്ട കഥകള്‍‍ മെനഞ്ഞെടുക്കാന്‍‍ ശ്രമിക്കുകയായിരുന്നു. പക്ഷെ മനസ്സ് ശൂന്യമാണ്.

മുറിയുടെ വാതില്‍ ബദ്ധപ്പെട്ടു തുറന്ന്, കയ്യില്‍‍ ഉണ്ടായിരുന്ന ബാഗ്‌, അകത്തു പൊടിപിടിച്ച നിലത്തു വെച്ചു. ചിലന്തിവലകള്‍‍ കര്‍‍ട്ടന്‍‍ തീര്‍‍ത്ത ജനാലയുടെ പാളി മെല്ലെ തുറന്നു, പുറത്തേക്കു നോക്കി.

ഉടനെ നടക്കാന്‍‍ പോകുന്ന തന്‍റെ മകളുടെ കല്യാണത്തെക്കുറിച്ചാണ് അയാള്‍‍ അപ്പോള്‍ ആലോചിച്ചത്.

മറ്റൊന്നിനെക്കുറിച്ചും ആലോചിക്കാന്‍ അയാള്‍‍ക്ക്‌ ശക്തി ഉണ്ടായിരുന്നില്ല….

Comments

comments