പാല പൂക്കാതിരിക്കട്ടെ – Greeshma V

Author : Greeshma V.
Company : Network system and Technologies
Email : greeshmavkannan@gmail.com

പാല പൂക്കാതിരിക്കട്ടെ…

നിലാവു പെയ്യുകയായിരുന്നു….

രാത്രിയുട്ടെ ചികുരഭാരത്തിൽ ഇതളഴിഞ്ഞൊഴുകുന്ന ഒരു ചെമ്പകപ്പൂ പോലെ പൂർണേന്ദു …

അന്തകാരത്തിന്റെ അതിക്രൂര ക്രീഡകളെ വൃഥാവിലാക്കികൊണ്ട് ആ പ്രകാശം അവിടമാകെ പരന്നു …

പകലെപ്പോഴോ പെയ്തു പോയ വേനൽ മഴ മണ്ണിനു നൽകിയ മണമുള്ള സമ്മാനങ്ങൾ അവിടമാകെ വമിച്ചുകൊണ്ടിരുന്നു …

വാർധക്യത്തിന്റെ കൂരമ്പുകൾ കൊഞ്ഞനം കൊത്തുന്ന പോലെ ആ ഇരുമ്പു ദണ്ഡ് കളും തുരുമ്പിച്ചിരുന്നു .

അവക്കിടയിലൂടെ അരിച്ചിറങ്ങുന്ന പ്രകാശം ജയിൽ മുറിയുടെ മൂലയിൽ മാറിയിരുന്ന അയാളുടെ നെഞ്ചിടുപ്പ് കൂട്ടികൊണ്ടിരുന്നു .

അരും കൊലചെയ്യുമ്പോഴും വിറയ്ക്കാതിരുന്ന കൈകൾ വിറച്ചു തുടങ്ങി …. ചുണ്ടുകൾ വരണ്ടു …,ഗദ്ഗദം നിറഞ്ഞ വാക്കുകൾ തൊണ്ടയിൽ കുരുങ്ങി .

ലോകം മുഴുവൻ ശൂന്യമാണെന്നും മരണമാണ് ശാശ്വതമെന്നുമുള്ള ഉൾവിളികൾ അയാളിൽ തികട്ടി വന്നു .

രാത്രിയുടെ ചുവന്ന യാമങ്ങളിൽ അകലത്തെവിടയോ വിരിഞ്ഞ പാലപ്പൂക്കളുടെ മണവുമായി ഇരുണ്ട ജയിൽ ഇടനാഴികളും ഇരുമ്പു കമ്പികളും പിന്നിട്ട് ഒരു തണുത്ത കാറ്റെത്തി ,അതിനൊപ്പം അവളും …

ശിക്ഷ വിധിച്ച് ജയിലറയ്ക്കുള്ളിൽ അടയ്ക്കപ്പെട്ട അന്നുതൊട്ട് വിരസമായ ആവർത്തനം പോലെ എല്ലാ രാത്രികളിലും അതു സംഭവിക്കാറുണ്ട് …

പാലപ്പൂവിന്റെ മണവും പേറി വരുന്ന കാറ്റിനൊപ്പം അവളും വരാറുണ്ട് …..

ഒരു ചിത്രകാരന്റെ കരവിരുതിലെന്നപോലെ ചായങ്ങളും വർണങ്ങളും ചാലിച്ച് അവൾ ശൂന്യതയിൽ വരയ്ക്കപ്പെട്ടു .. അയാൾ വരച്ചെടുത്തു ….

ബലപ്പെട്ടഴിച്ചെടുത്ത മുടിക്കെട്ട് , കരഞ്ഞു കലങ്ങിയ കണ്ണുകൾ .. കണ്‍തടങ്ങളിൽ കണ്ണീരെഴുതിയ കണ്‍മഷി …

മുറിവുകൾ ഏറ്റ കുഞ്ഞു മുഖം …, പൊട്ടിയ കുപ്പിവളകൾ ..

ആരോ ചൂടിയെറിഞ്ഞ പൂപോൽ അവൾ ………..

കാമം എന്ന വികാരത്തെ കീഴ്പ്പെടുത്താൻ ഭയം എന്ന വികാരത്തിനു കഴിയും , കഴിയണം …

അതയാൾ ഓരോ മാത്രയിലും സമർഥിക്കുകയായിരുന്നു…..

വിറങ്ങലിച്ച ചുണ്ടുകൾ അകന്നു പോയതേയില്ല , ശബ്ദ വീചികൾ ഉറഞ്ഞു പോയി …

ശ്വാസം മാത്രമയാളിൽ തങ്ങി നിന്നു….

അവളുടെ കണ്ണുകളിൽ നിന്നും തീജ്വാലകൾ ഉയർന്നു , നോട്ടം രൂക്ഷമായി …

നാളുകൾക്കു മുൻപ് ആ കണ്ണുകളിൽ കണ്ട ഭയവും നിരാശയും അപേക്ഷയുമെല്ലാം വറ്റി വരണ്ടു …

ശപിക്കപ്പെട്ട ആ നിമിഷങ്ങളെക്കുറിച്ചോർത്തു വേദനിക്കാൻ പോലും കഴിയാത്തൊരവസ്ഥയിലായിരുന്നു അയാൾ ….

പക്ഷെ അവളുടെ തീക്ഷണമായ നോട്ടം ഭയപ്പാടോടെ , കോച്ച് വിലങ്ങിട്ട് പൂട്ടിയ ഓർമ്മയുടെ വാതി ൽ തള്ളി തുറന്നു .. കഴിഞ്ഞ രാത്രികളിലെ പോലെ…

………………………………………………….

കനത്ത മഴയുടെ ഓളം തട്ടി പ്രകൃതി മുഴുവൻ തണുത്തിരുന്നു ..

തണുപ്പി നു ആസ്വാദനത്തിന്റെ കൊഴുപ്പേകി അയാൾ ആ വൈകുന്നേരം മദ്യലഹരിയിൽ ആറടി …

ബോധത്തിന്റെ നാഴിക മണികൾ ഓരോന്നായി പിന്നിടുമ്പോൾ അയാൾക്ക് , ചുറ്റുമുള്ളതെല്ലാം നുകരാൻ തോന്നി …അപലയായ ആ പെണ്‍കിടാവിനെയും …..

സൂര്യതാപത്താൽ ആ താമര മൊട്ടു കത്തിയമർന്നു …!

ഉന്മാതത്തിന്റെ ലഹരി അല്പമൊന്നു വിട്ടകന്നപ്പോഴേക്കും തിരശീല വീണുകഴിഞ്ഞു …..!

പിന്നീടെപ്പോഴോ അയാൾക്ക് മുന്നിൽ ഒരു ബലിമൃഗമയി തീർന്നിരുന്നു അവൾ ….

കോറിയിട്ട വരകൾ മായിച്ചെടുക്കാനയിരുന്നു പിന്നീടുള്ള ശ്രമങ്ങൾ …

പക്ഷെ ആ വരകൾ മായ്ക്കുന്ന തത്രപ്പാടിൽ ചിത്രപടം മുഴുവനായി ചുട്ടെരിച്ചു …!

ആ തളിരില കൊഴിഞ്ഞു വീണു …………!

………………………………………………..

നാഴികകളും വിനാഴികകളും ചുവടു വച്ച് നീങ്ങി …

നിലാവ് ഒന്നുകൂ ടി പുഞ്ചിരിച്ചു …

അപ്പോഴും ഒരു ശിൽപം പോലെ അയാളിരുന്നു ..

വിയർപ്പിന്റെ ഗന്ധവും നെഞ്ചിടിപ്പിന്റെ ശബ്ദവും അവിടം ഭയനകമാക്കി …

ആയുസ്സിന്റെ പുസ്തകത്തിൽ ഇനിയും അനേകം താളുകൾ അയാൾക്ക് വായിക്കാനുണ്ട് ..പക്ഷെ ഇനിയുള്ള താളുകളെല്ലം എഴുതുന്നത് അവളാണ്…….!

ജയിലറകളിലെ വിധിയെക്കൾ പൈശാചികമായ വിധിയാണ് അവൾ അയാൾക്ക് നൽകാനിരിക്കുന്നത് …

തീക്ഷണമായ , ഭയപ്പെടുത്തുന്ന ,നരിച്ചീറുകൾ പോലും തേങ്ങുന്ന രാത്രികൾ ..

മരണത്തിന്റെ കാണാ കയങ്ങളിൽ നിന്നും പ്രതി കാരവുമായി എത്തിയ അവൾക്കൊപ്പം…

രാത്രിയുടെ അവസാന മാത്രയിൽ അവൾ അയാളോടു ക്രോശിച്ചു :

“എന്റെയും എന്നിൽ കുരുത്ത ഭ്രൂണത്തിന്റെയും പാതിയായ , പാപിയായ നിന്നെ ഞാൻ “അച്ഛൻ ” എന്ന് വിളിച്ചിരുന്നല്ലോ” !!!!!!!!!!!

അച്ഛൻ! ….. അച്ഛൻ!!!……

ഉൾക്കിടിലത്തോടെ അയാൾ ഉണർന്നപ്പോഴേക്കും പാലപ്പൂവിന്റെ മണവുമേന്തി വന്ന കാറ്റു , ഇരുമ്പ് ദണ്ഡ് കളും ജയിൽ ഇടനാഴികളും പിന്നിട്ട് എങ്ങോ മറഞ്ഞു പോയി …. അടുത്ത രാത്രിയിൽ വീണ്ടുംവരുവാനായി…….

Comments

comments