പുറപ്പാട് – Joji Mathew

Author : Joji Mathew
Company : McFadyen Solutions
Email : jojime@gmail.com

പുറപ്പാട്

അന്നും വന്നപാടെ ഫേസ്ബുക്ക് തുറന്നു.

ഓഫീസിൽവച്ച് കണ്ടതല്ലാതെ പുതിയ അപ്ഡേറ്റ്സ് അധികമൊന്നുമുണ്ടായിരുന്നില്ല. പണ്ടെങ്ങോ കണ്ടുമറന്ന ഒരു മുഖം ഒരു ലിങ്ക് ഇട്ടിട്ടുണ്ട്. നേരേ യുട്യൂബിലേക്കു..

‘ഒരു അപ്പനും മകനും വീട്ടുമുറ്റത്ത് ബഞ്ചിലിരിക്കുന്നു.. ആകെ ഒരു പച്ചപ്പ്.. മകൻ പത്രം വായിക്കുന്നു..അപ്പൻ ചുറ്റുപാടും നിരീക്ഷിക്കുന്നു. പാറിനടക്കുന്ന ഒരു കിളിയെ നോക്കിഅതെന്താണെന്ന് അപ്പൻ ചോദിക്കുന്നു. വീണ്ടും വീണ്ടും ചോദിക്കുന്നു. ആദ്യമൊക്കെ മറുപടികൊടുത്ത മകൻ പിന്നീട് രോഷാകുലനാകുന്നു. ഒടുവിൽ അപ്പൻ അകത്തുപോയിഒരു ഡയറിയെടുത്തുകൊണ്ടുവന്നു മകനെക്കൊണ്ട് വായിപ്പിക്കുന്നു. മകൻ കുഞ്ഞായിരുന്നപ്പോൾ ഇതുപോലൊരു കിളിയെക്കണ്ട് നിരവധി തവണ ചോദിച്ചിട്ടും അപ്പൻക്ഷമയോടെ പറഞ്ഞുകൊടുത്ത കുറിപ്പ് വായിച്ച് മകൻ വികാരധീനനാകുന്നു. ശുഭം’ .. യുറ്റ്യുബ് അടച്ചു.

മുൻപൊരിക്കൽ കിറ്റക്സ് മുണ്ടിന്റെ പരസ്യം ടിവിയിൽ കണ്ടപ്പോൾ “ഇതൊക്കെ എന്ത് ?” എന്ന മട്ടിൽ ബുദ്ധിജീവി സഹപ്രവർത്തകൻ അജയൻ പുച്ഛിചു തള്ളിയതിന്റെപൊരുൾ പിടികിട്ടി. ഇമ്മാതിരി ഷോർട്ട് ഫിലിംസ് ആഴ്ചയിലോന്നെങ്കിലും വീതം കാണണമെന്നു തീരുമാനമെടുത്ത് പെട്ടി പൂട്ടി..

“ഓ കഴിഞ്ഞോ ? ” ലതയുടെ ചോദ്യം മനോജിനു അത്ര പിടിച്ചില്ല.

“ഹും..” ഉത്തരം ഒരു മൂളലിലൊതുക്കി.

അന്ന് മീൻകറിക്ക് ഉപ്പും എരിവും കൂടുതലായിരുന്നു. പുതുതായി വാങ്ങിയ മസാലപ്പൊടിയെ ഭാര്യ പഴിപറഞ്ഞു. രാത്രി കിടന്നിട്ട് ഉറക്കം വന്നില്ല.. മെത്തയും തലയിണയുംപഴയതുതന്നെയായിരുന്നതിനാൽ ലതയ്ക്ക് പറയാൻ ഒന്നുമുണ്ടായിരുന്നില്ല.

****

പിറ്റേന്നു ഓഫീസിലെത്തിയപ്പോൾ സ്വല്പം വൈകിയിരുന്നു. കണ്ടപാടെ ഷംസുദ്ദീന്റെ വക ചോദ്യം.

“എന്ത് പറ്റി രമണാ.. ഇപ്പൊ സ്ഥിരം ലേറ്റ് ആണല്ലോ ?”

“പണ്ടൊക്കെ ബസ്സിലും ബൈക്കിലുമൊക്കെ വരുമ്പോ നേരത്തെ എത്തുമായിരുന്നു. ഇപ്പൊ കഴക്കൂട്ടത്ത് വഞ്ചിനാടിനു സ്റ്റോപ്പനുവദിച്ചതിൽ പിന്നെ എല്ലാം റെയിൽവേയുടെ സമയമാ.. ”

“ഹും നടക്കട്ടെ നടക്കട്ടെ… തന്നെ സുകുമാരക്കുറുപ്പ് സർ അന്വേഷിച്ചിരുന്നു. ഒന്ന് കണ്ടേക്ക്..”

സീറ്റിൽ വന്നിരുന്നു. പെട്ടി തുറന്നു ഇമെയിൽ ചെക്ക് ചെയ്തു. മുഷിഞ്ഞപ്പൊ സുകുമാരക്കുറുപ്പിന്റെ ക്യാബിനിലേക്ക് പോയി. നിർദ്ദേശപ്രകാരം ആസനസ്ഥനായി.

“എങ്ങനെ പോകുന്നു മനോജേ കാര്യങ്ങളൊക്കെ?”

“നന്നായി പോകുന്നു ” സാർ ഉദ്ദേശിച്ചതെന്താണെന്നു മനസ്സിലായില്ലെങ്കിലും തട്ടിവിട്ടു.

“പ്രോജക്റ്റ് എങ്ങനെ പോകുന്നു? എന്തെങ്കിലും കുഴപ്പമുണ്ടോ?” സുകുമാരക്കുറുപ്പ് കൂടുതൽ വ്യക്തമാക്കി. മുഖത്ത് ഗൌരവവും സംശയവും സമന്വയിപ്പിച്ചു.

“കുഴപ്പമൊന്നുമില്ല സാർ..”

“ശരി. എന്തെങ്കിലും ആവശ്യമുണ്ടെങ്കിൽ പറയണം ”

അല്ലെങ്കിലും ഇങ്ങേരൊടു പറഞ്ഞിട്ടു ഒരു കാര്യവുമില്ലെന്ന് ചിന്തിച്ചു മനോജ് പുറത്തെക്കിറങ്ങി.

വൈകിട്ട് സുകുമാരക്കുറുപ്പിന്റെ ക്ഷണം സ്വീകരിച്ച് നേരെ ബാറിലേക്ക് . രണ്ട് പെഗ് കഴിഞ്ഞതേ മനോജ് ഫോമിലായി. കയ്യിലിരുന്ന ഗ്ലാസ്സിലേക്ക് നോക്കി ‘സംഭവം കൊള്ളാമല്ലൊ’എന്ന് സുകുമാരക്ക്റുപ്പ് ആത്മഗതം പറഞ്ഞു.

“അവനുണ്ടല്ലൊ അവൻ.. അവനൊരു ചെറ്റയാ..” സാധനം കത്തിയിറങ്ങിയതും മനോജ് കത്തിക്കേറി..

“അതെന്താ അങ്ങനെ തോന്നാൻ?”

“അതൊക്കെ പറയാനാണെങ്കിൽ ഒരുപാടുണ്ട്..”

“ന്നാലും പറ..”

“രണ്ട് കൊല്ലം മുമ്പ് അവൻ ജോലി ചെയ്തിരുന്ന കമ്പനി പൂട്ടിയപ്പോൾ, എന്റെ ഒരു സുഹൃത്ത് പറഞ്ഞിട്ട് ഞാനാണവനെ ഇവിടെ റഫർ ചെയ്തതും ഇത്രയുംനാൾ ട്രെയിൻചെയ്തതും. എന്നിട്ടിപ്പോ അവൻ എന്നെ ഒഴിവാക്കാൻ നോക്കുവാ..”

സുകുമാരക്കുറുപ്പിനു കാര്യം പിടികിട്ടി. അധിനിവേശമാണ് പ്രശ്നം.

“നമുക്ക് വഴിയുണ്ടാക്കാം.” കുറുപ്പ് ഉറപ്പു കൊടുത്തു.

അവർ പിരിഞ്ഞു.

അന്നു രാത്രി ഫേസ്ബുക്ക് നോക്കാനൊന്നും മെനക്കെടാതെ കൂർക്കംവലിച്ചുറങ്ങി.

*****

പ്രഭാതമായി. കുളിച്ചൊരുങ്ങി. വഞ്ചിനാട് പിടിച്ചു.

ഷംസുദ്ദീന്റെ വക ചോദ്യമൊന്നുമുണ്ടായില്ല. പെട്ടി തുറന്നതും സുകുമാരക്കുറുപ്പിന്റെ ഇമെയിൽ കണ്ണിൽപെട്ടു. തുടക്കം സുഖിപ്പിക്കലാണെങ്കിലും ‘ആശാരിയുടെ പണിയൊക്കെകൊള്ളാം.. നാളെമുതൽ ഇങ്ങോട്ട് വരണ്ട..’ എന്ന മട്ടിലാണ് ഒടുക്കം. ആരോടും ഒന്നും മിണ്ടിയില്ല. അന്നു നേരത്തെ വീട്ടിലെത്തി.

മ്ളാനവദനം കണ്ടിട്ടാവണം ലത അടുത്തുവന്നു. അവളോടും ഒന്നും മിണ്ടിയില്ല. ചായ കുടിച്ചു. കുറച്ച് നേരം ടിവി കണ്ടു. പെട്ടി തുറന്ന് ഫേസ്ബുക്ക് തുറന്നു.

ഒരു ചിത്രം മാത്രം ശ്രദ്ധയിൽപെട്ടു. ഒരു വലിയ മതിലിനിരുവശവും എത്തിപ്പിടിച്ച് നിന്നുകൊണ്ട് രണ്ടുപേർ പ്രണയപരവശരായി ചുംബിക്കുന്നു. പശ്ചാത്തലത്തിൽ പുകയുംപൊടിയും യുദ്ധപ്രതീതി ജനിപ്പിക്കുന്നു. യുവാവിനു പിന്നിൽ ഇസ്രയേലിന്റെ പതാകയും യുവതിയോട് ചേർന്ന് പലസ്റ്റീൻ പതാകയും. കുറേനേരം ആ ചിത്രം നോക്കിയിരുന്നു.ചിന്തകൾ കാടുകയറി. അധിനിവേശത്തിനു തടയിടാൻ ഒരു ശക്തിക്കുമാവില്ലേ? സ്നേഹത്തിനു അതിർവരമ്പുകളില്ലേ? മതിലുകൾ സിനിമയല്ലേ മമ്മൂട്ടിക്ക് അവാർഡ്നേടിക്കൊടുത്തത്? മനസ്സിൽ ചോദ്യങ്ങൾ ഉരുണ്ടുകൂടി.

ലത അടുത്തുവന്നു നിന്നു. അവളെ കെട്ടിപ്പിടിച്ചു. അന്ന് രാത്രി ഇരുവർക്കും ഉറങ്ങാനായില്ല.

Comments

comments