അജയൻ മാഷിന്റെ ദൈവം – Hemanth Retnakumar

86
  

Author : Hemanth Retnakumar

Company : Experion Technologies

അജയൻ മാഷിന്റെ ദൈവം

അജയൻ മാഷിനെപ്പറ്റി പറയുന്നതിന് മുൻപ് ഞാൻ പഠിച്ചിരുന്ന സ്കൂളിനെപ്പറ്റി പറയണമല്ലോ… അമ്പലത്തിനോട് ചേർന്നുള്ള ഒരു പഴയ സർക്കാർ സ്കൂളിലാണ് ഞാൻ പഠിച്ചിരുന്നത്, ബോയ്‌സ് സ്കൂളാണ്. കൂട്ടിനു കുറെ കുരുത്തംകെട്ട ചെക്കന്മാരും… നന്മയുള്ളവരാട്ടോ…

വെള്ള പൂശിയ ഓടിട്ട കെട്ടിടത്തിൽ നീല പെയിന്റടിച്ച വാതിലുകളും ജനാലകളും. ജനാലകൾക്കു അഴികളില്ല, ആകെയുള്ളത് ജനാലയുടെ രണ്ടുപാളികളെയും വേർതിരിക്കുന്ന ഒരു തടിക്കഷ്ണമാണ്. എന്റെ ഓർമയിൽ ക്ലാസ്സിന്റെ വാതിലിലൂടെ ഇറങ്ങിയതിലധികം സഞ്ചരിച്ചിരിക്കുക ഈ ജനാലകളിലൂടെയാവും. അതിനു മാഷുമ്മാരുടെ കയ്യിന്നുകൊണ്ട അടിക്കു കണക്കില്ല. മിക്ക മാഷുമ്മാരുടെ കയ്യിലുമുണ്ടാകും ചൂരൽ. ഇന്നത്തെ കാലത്ത് കുട്ടികൾക്ക് ചൂരലും അടിയുമൊക്കെ പരിചയം കുറവാണെന്നു തോന്നുന്നു, അറിയില്ല.

സ്കൂൾ ജീവിതം അവസാനിച്ചിട്ടു ഒരു വ്യാഴവട്ടം കഴിഞ്ഞിരിക്കുന്നു. എനിക്ക് വിദ്യപകർന്ന എന്റെ വിദ്യാലയത്തെ ഓർക്കുമ്പോൾ ഇപ്പോഴും അഭിമാനം തോന്നാറുണ്ട്. ജാതി മത ഭേദമന്യേ ഞങ്ങൾ ഒരുമിച്ചു ജീവിച്ചിരുന്ന സ്വർഗ്ഗമായിരുന്നു അത്. മത്തായിച്ചന്റെ പാത്രത്തിലെ ചോറും അബൂന്റ അമ്മയുണ്ടാക്കിയ സ്വാദുള്ള കറിയുംകൂടി വാരിയെടുത്തു  നാരായണന്റെ പത്രത്തിന്റെ മൂടിയിൽ ചോറുകഴിച്ചിരുന്ന കാലം, അതിന്റെ സ്വാദൊന്നും പഴയിടം മോഹനൻ നമ്പൂതിരിടെ സദ്യക്കുപോലും കിട്ടീട്ടില്ല. പത്താംക്ലാസ്സ് കഴിഞ്ഞിറങ്ങുമ്പോൾ എനിക്കുതോന്നിയ ഏറ്റവും വല്യ സങ്കടം ഓമന ടീച്ചറുടെ വായിന്നു എന്നും കേട്ടിരുന്ന വഴക്കും ഉപദേശവും ഇനി കേൾക്കാൻ പറ്റില്ലല്ലോ എന്നുള്ളതായിരുന്നു.

ഇത്രയധികം സ്കൂളിനെ സ്നേഹിച്ചിരുന്ന ഞാനും പണ്ട് പ്രാർഥിച്ചിട്ടുണ്ട്… ഓമന ടീച്ചർക്ക് പനിപിടിക്കണേന്നും, സ്കൂളിൽ ബോംബുപൊട്ടി അവധികിട്ടണേന്നുമൊക്കെ…

 

അജയൻ മാഷിലേക്കു മടങ്ങിവരുകയാണെങ്കിൽ ഞാൻ ആദ്യമായി അജയൻമാഷിനെ പരിചയപ്പെടുന്ന ദിവസം മറക്കാൻ പറ്റില്ല, എന്നെ ശരിക്കും പരിചയപ്പെട്ടത് അജയൻ മാഷല്ല… മാഷിന്റെ ചൂരലാണ്. അന്ന് ഞാൻ ഏഴിലാണ്. കണക്കെടുക്കുന്ന രാമു മാഷില്ലാഞ്ഞകാരണം ക്ലാസ് ലീഡറായ പഠിപ്പിസ്റ്റ് രഘു മുന്നിൽ നിന്ന്  സംസാരിക്കുന്നവരുടെ പേരെഴുതി. പിന്നെ അന്ന് ലീവെടുത്ത രാമു മാഷിനേക്കാൾ അഹങ്കാരമാണ് രഘുവിന്. അവൻ കുറെ പേരെഴുതി… എങ്കിലും ക്ലാസ്സിൽ ഒച്ചയും ബഹളവും അതിന്റെ മൂർത്തീഭാവത്തിൽതന്നെ നിന്നു. ഞാൻ എങ്ങനെയെക്കെയോ കടിച്ചുപിടിച്ചു മിണ്ടാണ്ടിരിക്കുകയാണ്. അപ്പോഴാണ് വരാന്തയിലൂടെ പോയ അജയൻ മാഷിന്റെ കാൽക്കലേക്ക് അബു വിട്ട റോക്കറ്റ് ചെന്നുവീഴുന്നതു, മാഷ് ഞങ്ങളുടെ ക്ലാസ്സിലേക്ക് കയറിവന്നു. ഹൈസ്‌കൂളിൽ ഹിസ്റ്ററി പഠിപ്പിക്കുന്ന മാഷാണ്. ഞങ്ങൾക്കെല്ലാം മാഷിനെ അറിയാം, സ്‌കൂളിൽ എല്ലാ കാര്യത്തിനും മുന്നിലുണ്ടാകും. നന്നായി പഠിപ്പിക്കും, നല്ല അറിവുള്ള ആളാണ് എന്നൊക്കെയാ കേട്ടേക്കുന്നത്.

നീയാണോ ലീഡർ… മാഷ് രഘുവിനോട് ചോദിച്ചു…

അതെ… ഇതാണ് മാഷേ സാസംസാരിച്ചവരുടെ പേര് … രഘു ലിസ്റ്റ് നീട്ടി. എല്ലാവരും പേടിച്ചിരിക്കുവായിരുന്നെങ്കിലും മിണ്ടാഞ്ഞകാരണം ഞാൻ സന്തോഷത്തിലായിരുന്നു…

കൈ നീട്ടെടാ… ക്ലാസ് നീ വേണം മര്യാദയ്ക്ക് നോക്കാൻ… ടെ…ടെ…

രഘുവിന് രണ്ടെണ്ണം ഇരിപ്പതുകിട്ടി… എനിക്ക് ചിരിയടക്കാൻ കഴിഞ്ഞില്ല… ഹിഹിഹിഹി….ഞാൻ അറിയാതെ കുലുങ്ങിചിരിച്ചുപോയി…

ആരെടാ അത്… കൈ നീട്ടെടാ… ടെ… ടെ… ടെ… ടെ… നിന്റെയൊക്കെ നേതാവിനെ തല്ലുമ്പോൾ ചിരിക്കുന്നോ…

ഇല്ല മാഷേ… ചിരിക്കൂല്ല… ഇനി ചിരിക്കൂല്ല…

ഇതും പറഞ്ഞു അബുവും മത്തായീമൊക്കെ ഇപ്പോളും ചിരിക്കും… സത്യംപറഞ്ഞാൽ ഓർക്കുമ്പോൾ എനിക്കും ചിരിവരും.

അടികിട്ടിയെങ്കിലും അജയൻ മാഷുമായുള്ള സൗഹൃദത്തിന്റെ ചെറിയൊരു തുടക്കമായിരുന്നു അത്. പിന്നെ കാണുമ്പോളെക്കെ ചിരിക്കും, മാഷ് കുശലാന്വേഷണങ്ങളൊക്കെ നടത്തിത്തുടങ്ങി. അങ്ങനെ ജയിച്ചു എട്ടാം ക്ലാസ്സെത്തിയപ്പോൾ അജയൻ മാഷാവും ഹിസ്റ്ററി എടുക്കുക എന്ന് ഞാൻ പ്രതീക്ഷിച്ചിരുന്നു, പക്ഷെ സുലേഖ ടീച്ചറാണ് വന്നത്, നല്ല അറുബോറൻ ക്ലാസ്സ്. പക്ഷെ ഒരു ഫ്രീ പിരീഡിൽ യാദൃശ്ചികമായി മാഷ് ഞങ്ങളുടെ ക്ലാസ്സിൽ വന്നു. അന്നാണ് മാഷ് ആ കഥ പറഞ്ഞുതന്നത്.

ക്ലാസ്സിൽ വന്ന മാഷ് പറഞ്ഞു, നിങ്ങൾക്കെന്തെങ്കിലുമൊക്കെ സംശയങ്ങളുണ്ടെങ്കിൽ ചോദിക്കു നമുക്ക് ചുമ്മാ സംസാരിക്കാം…

കേക്കേണ്ടതാമസം ഇരുവശത്തേയും മുൻബെഞ്ചുകളുടെ മൂന്ന് ഭാഗത്തുനിന്നായി പാനിപ്പട്ട് യുദ്ധവും ഒന്നാം സ്വാതന്ത്ര്യസമരവും മുഗൾ രാജവംശവുമൊക്കെ ഉയർന്നു കേട്ടു. പക്ഷെ മാഷ് പറഞ്ഞു അതൊക്കെ എന്നും പഠിക്കുന്നതല്ലേ, കുറച്ചു ഒഴിവു സമയം കിട്ടിയതല്ലേ… നമുക്ക് വ്യത്യസ്തമായി എന്തെങ്കിലും സംസാരിച്ചാൽ പോരെ…

അപ്പോൾ ഞാൻ എണീറ്റുനിന്നു ചോദിച്ചു, മാഷേ നമ്മളെങ്ങനാ ഉണ്ടായേ… കേട്ടപാടെ പുറകിന്നു റൊട്ടീടെ ശബ്ദമുയർന്നു, അത് നിന്റെ അ…

ക്ലാസ്സുമൊത്തം പിന്നെ ചിരിയും ആരവവുമായിരുന്നു…

പോടാ പന്നീ…

അതല്ല മാഷേ… മനുഷ്യരെങ്ങനെനെയാ ഉണ്ടായേ??? അതാ ഞാൻ ചോദിച്ചേ…

അതീ പരിണാമസിദ്ധാന്തമൊക്കെ നമ്മൾ പഠിച്ചതല്ലേടാ…

അപ്പോൾ കുരങ്ങനെങ്ങനാ ഉണ്ടായേ മാഷേ… മരങ്ങളും പക്ഷികളും മീനുകളും എങ്ങനാ ഉണ്ടായേ…

ഇപ്പോൾ ടോപിക് രസമായി വരുന്നുണ്ടല്ലോ… നിങ്ങള്ത്തന്നെ പറ നിങ്ങൾക്കെന്തു തോന്നുന്നു…

മിക്കകുട്ടികളും വായും പൊളിച്ചിരുന്നു, ആന്റണി പറഞ്ഞു ആദത്തെയും ഹൗവ്വയെയും ദൈവം സൃഷ്ടിച്ചെന്ന്, അപ്പോൾ വാസുദേവൻ വിഷ്ണു ഭഗവാൻ ആലിലയിൽ പിറന്ന കഥയും പറഞ്ഞു.

അപ്പോൾ മാഷ് പറഞ്ഞു, ഇപ്പറഞ്ഞ കഥകളിലൊക്കെ സസ്യങ്ങളും മറ്റു ജീവജാലങ്ങളുമൊക്കെ ഉണ്ടല്ലോ…

പഠിപ്പിസ്റ്റ് രഘു ഏറ്റുപിടിച്ചു, ശരിയാണ് മാഷേ, അതൊക്കെ കെട്ടുകഥകളാണ്… പണ്ട് നമ്മുടെ ക്ഷീരപഥത്തിൽ നടന്ന ഒരു സ്‌ഫോടനത്തിന്റെ ഫലമായി പൊട്ടിത്തെറിച്ച ഏതോ ഒരു ഗ്രഹത്തിന്റെ ഭാഗമായ ഭൂമി സൂര്യനിൽ നിന്ന് കൃത്യമായ അകലത്തിൽ വന്നപ്പോൾ അവിടെ ജീവൻ സാധ്യമായെന്നൊക്കെയല്ലേ ശാസ്ത്രം പറയുന്നത്, പിന്നെ അമിനോ അസിഡിന് ഇലക്ട്രിക് എനർജി കൊണ്ട് ജീവനുള്ള വസ്തുക്കൾ ഉണ്ടായിന്നൊക്കെയല്ലേ മാഷേ…

നീ പറയുന്നതൊക്കെ ശരിയാണ്..

രഘുവിന്റെ മുഖത്തുപുഞ്ചിരി തെളിഞ്ഞു, അവൻ എന്നെ നോക്കി, വല്ലതും മനസ്സിലായോ എന്ന മട്ടിൽ.

മാഷ് തുടർന്നു, പക്ഷെ ശാസ്ത്രവും കെട്ടുകഥയല്ലേ, തികച്ചും മനുഷ്യനിർമ്മിതം. വേറെ ആരോ സൃഷ്ടിച്ച ഈ മനോഹരമായ ഭൂമിയുടെ ആ സൃഷ്ടാവിനെ തേടിയ കുറ്റാന്വേഷകരുടെ നിഗമനല്ലേ ഈ പറഞ്ഞ കണ്ടെത്തലുകൾ, മറ്റൊരാൾ അന്വേഷിക്കുമ്പോൾ അത് ചിലപ്പോൾ മറാം. എന്തൊക്കെ അങ്ങനെ മാറിയിരിക്കുന്നു.

ഞാൻ മാഷിനെ അനുകൂലിച്ചു, ശരിയാ മാഷേ… ഈ സയൻസിൽ എപ്പോളും മാറ്റിപ്പറയും. പണ്ട് ചെറിയ ക്ലാസ്സിൽ പഠിച്ചു തന്മാത്രയാ ഏറ്റവും ചെറുതെന്നു പിന്നെ പറഞ്ഞു ആറ്റമാണെന്നു, ഇപ്പോൾ ദേ അറ്റത്തെ വിഭജിച്ചു പ്രോട്ടോണും ന്യൂട്രോണുമാക്കി…

മാഷൊന്നു ചിരിച്ചിട്ട് തുടർന്നു എന്നാൽ ഞാൻ ഇത് വെച്ചൊരു കഥ പറയട്ടെ… ഫിക്ഷനാണ്. മാഷ് വാച്ച് നോക്കിട്ടു പറഞ്ഞു, ഞാൻ ചുരുക്കിപ്പറയാം, ഇനി പത്തുമിനിറ്റല്ലേ ഉള്ളു…

അതെന്താണ് മാഷേ ഈ ഫിക്ഷൻ… പലരും ചോദിച്ചു. മലയാളം മീഡിയം എട്ടാം ക്ലാസ്സിലെ ഞങ്ങൾക്ക് അന്ന് ഇംഗ്ലീഷിലുള്ള പരിജ്ഞാനം ലേശം കുറവായിരുന്നു.

മിണ്ടാതിരുന്നു കഥ കേൾക്കു, അതവസാനം പറഞ്ഞു തരാമെന്നു പറഞ്ഞു മാഷ് കഥ തുടങ്ങി.

പണ്ട് പണ്ട് ഒരു രാജ്യമുണ്ടായിരുന്നു, ഒരു വലിയ രാജ്യം, പ്രപഞ്ചപുരി. അവിടത്തെ രാജാവായിരുന്നു അമരീഷ്. വൈദ്യശാസ്ത്രം, ശിൽപ്പകല, ആയോധനവിദ്യ തുടങ്ങി എല്ലാ കാര്യങ്ങളിലും ലോകത്തിൽ ഒന്നാമത് നിൽക്കുന്നവർ ആ രാജ്യത്തുണ്ടായിരുന്നു. സമ്പന്നമായ ആ രാജ്യത്തു വേണ്ടതെല്ലാം പ്രജകളുടെ ശാസ്ത്രീയ പരിജ്ഞാനം കൊണ്ടും അമരീഷിന്റെ ഭരണവൈഭവം കൊണ്ടും സാധ്യമാക്കി.

അമരീഷിന്റെ രാജ്യത്ത് മരണമില്ല. എല്ലാവര്ക്കും അമരത്വമാണ്. അവരുടെ ഏക ഭക്ഷണമായ അമൃതാണ് അതിന്റെ പിന്നിലെ രഹസ്യം..

അങ്ങനെ സമ്പത്സമൃദ്ധിയിൽ കഴിഞ്ഞുപോകുന്ന സമയത്തു അവിടത്തെ പ്രധാന ശാസ്ത്ര നിരീക്ഷകനായ വികടൻ രാജാവിന്റടുത്തു തന്റെ ഒരു കണ്ടെത്തൽ ബോധിപ്പിച്ചു.

അല്ലയോ മഹാനുഭാവാ… അടിയന്റെ നിരീക്ഷണഫലമായി കണ്ടെത്താൻ സാധിച്ചതെന്തെന്നാൽ നമ്മുടെ ഭക്ഷണമായ അമൃത് പ്രതിവർഷം ദശാംശം ഏഴ് ശതമാനം എന്നകണക്കിൽ കുറഞ്ഞു കൊണ്ടിരിക്കുകയാണ്. ഈ അളവിൽ കുറേയുകയാണെങ്കിൽ കുറെ നൂറ്റാണ്ടുകൾക്കു ശേഷം ഈ പ്രപഞ്ചപുരിയിൽ ജീവിതം സാധ്യമല്ലാതാകും.

വികടന്റെ കണ്ടെത്തലുകൾ അറിഞ്ഞതോടെ തന്റെ രാജ്യത്തെക്കുറിച്ചു ദീർഘവീക്ഷണമുള്ള രാജാവ്  പരിഭ്രമനായി. അന്ന് വൈകിട്ട് തന്നെ തന്റെ പ്രധാന മന്ദിരത്തിൽ ശാസ്ത്ര പ്രമുഖരെ ഉൾക്കൊള്ളിച്ചുകൊണ്ടു ഒരു ചർച്ച നടത്തി.

ചർച്ചയിൽ വികടൻ തന്റെ കണ്ടെത്തലുകൾ സഭയുടെ മുന്നിൽ അവതരിപ്പിക്കുകയും തെളിവുകൾ തുറന്നുകാട്ടുകയും ചെയ്തു. വികടന്റെ കണ്ടെത്തലുകൾ ബോധ്യപ്പെട്ട സഭ പിരിയുന്നതിനു മുൻപ് ഒരു തീരുമാനമെടുത്തു. അമൃത് കൃത്രിമമായി ഉൽപാദിപ്പിക്കാനുള്ള വഴികൾ കണ്ടെത്തുക. ശാസ്ത്രജ്ഞനായ ബ്രഹ്മനെ അമരീഷ് അതിനായി ചുമതലപ്പെടുത്തി.

അങ്ങനെ ബ്രഹ്മൻ അമൃത് ഉത്പാദിപ്പിക്കാനുള്ള വഴികൾ കണ്ടെത്താനുള്ള പഠനങ്ങൾ തുടങ്ങി. കുറച്ചു മാസങ്ങൾക്കു ശേഷം വ്യക്തമായ ഒരു രൂപരേഖയുമായി അമരീഷിന്റെ മുൻപിലെത്തി. ബ്രഹ്മൻ കണ്ടെത്തിയ ഉപായം എന്തെന്നാൽ, അമൃത് ഉല്പാദിപ്പിക്കുന്ന യന്ത്രങ്ങൾ, ഈ യന്ത്രങ്ങൾക്ക് പ്രത്യുല്പാദന ശേഷിയുണ്ട്. അവ അങ്ങനെ പെരുകി പ്രപഞ്ചത്തിനു വേണ്ടത്രയ്ക്കു അമൃത് ഉല്പാദിപ്പിക്കും.

ബ്രഹ്മന്റെ വിശദീകരണത്തിൽ സംതൃപ്തനായ അമരീഷ് തന്റെ രാജ സഭയോടുകൂടി കൂടിയാലോചിച്ചശേഷം ബ്രഹ്മനെ ആ ജോലി ഏൽപ്പിച്ചു, വിശ്വസ്‌തരായ കുറച്ചുസഹായികളെയും നൽകി.

അങ്ങനെ കുറച്ചു നൂറ്റാണ്ടുകൾ കൊണ്ട് പല തരത്തിലുള്ളതും പലതോതിൽ അമൃത് ഉല്പാദിപ്പിക്കുന്നതുമായ യന്ത്രങ്ങൾ നിർമ്മിച്ച് ബ്രഹ്മൻ പ്രപഞ്ചത്തിൽ വളരാനനുവദിച്ചു. ആ യന്ത്രങ്ങൾ പ്രത്യുല്പാദനത്തിലൂടെ പ്രപഞ്ചത്തിൽ പെരുകി പെരുകി വന്നു.

മാഷേ… അബുവാണ് ഇടയ്ക്കു കേറിയിരിക്കുന്നെ.

എന്താടാ…

ഒരു സംശയം….

ചോദിക്കു…

ഈ യന്ത്രമെന്നു പറയുന്നത് റോബോട്ടാണോ മാഷേ…

ഉം… അങ്ങനെയും പറയാം… റോബോട്ടാണ്…

പ്രത്യുല്പാദന ശേഷിയുള്ള യന്ത്രം… റോബോട്ട് പെറുമോ മാഷേ…

ഈ റോബോട്ട് പെറുന്ന റോബോട്ടാ… നീ മിണ്ടാതിരുന്നു മൊത്തം കേൾക്കു… ഇതൊരു കഥയാണ്, കഥയിൽ ചോദ്യമില്ലാ…

മാഷ് തുടർന്നു…

ഒരു പരിധിവരെ തങ്ങളുടെ ജീവിത മാതൃകയിൽ തന്നെയുണ്ടാക്കിയ ഈ യന്ത്രങ്ങൾക്ക് അവരുടെ സൃഷ്ടക്കാൾ അദൃശ്യരായിരിക്കുംവിധമാണ് ബ്രഹ്മൻ അവയെ രൂപകൽപ്പന ചെയ്തത്.

നൂറ്റാണ്ടുകൾക്കുശേഷം ഒരു ദിവസം അമരീഷും സഭയും ചേർന്ന് അമൃത് നിർമ്മിക്കുന്ന യന്ത്രത്തെ വിശകലനം ചെയ്തപ്പോളാണ് ഒരു കാര്യം അവരുടെ ശ്രദ്ധയിപ്പെട്ടത്. എന്തെന്നാൽ ബ്രഹ്മൻ നിർമ്മിച്ച യന്ത്രങ്ങളും തങ്ങളെപ്പോലെ അമൃതാണ് ഭക്ഷിക്കുന്നത്.

അംബരീഷ് ബ്രഹ്മനെ വിളിപ്പിച്ചു, ക്ഷുഭിതനായി…

എന്താണ് ബ്രഹ്മാ ഈ കാണുന്നത് ഈ യന്ത്രങ്ങളും അമൃത് തന്നെ ഭക്ഷിക്കുകയാണെങ്കിൽ…

ക്ഷമിക്കണം പ്രഭോ… നിർമ്മാണ പ്രക്രിയ നടക്കുന്നതേയുള്ളു… രാസപ്രവർത്തനങ്ങൾ പരിശോധിക്കുമ്പോൾ മറ്റു രണ്ടു പദാർഥങ്ങൾ കൂടിചേർന്നാണ് അമൃത് ഉണ്ടായതെന്നാണ് കാണാൻ കഴിഞ്ഞത്., അമ്ലജനകവും കരിയും. അതെ പ്രക്രിയ തന്നെയാണ് പ്രഭോ ഞാൻ ഇവിടെയും ഉപയോഗിച്ചത്, പക്ഷെ യന്ത്രങ്ങളുടെ ജീവൻ നിലനിർത്താൻ വേണ്ട ഭക്ഷണമായി അമൃത് മാത്രമേ കണ്ടെത്താൻ കഴിഞ്ഞിരുന്നുള്ളൂ, പക്ഷെ ഞാൻ ഈ യന്ത്രങ്ങൾക്ക് അമരത്വം നൽകാതെ ശ്രദ്ധിച്ചിട്ടുണ്ട്.എന്തിരുന്നാലും ഉദ്ദേശിച്ച മാറ്റങ്ങൾ സംഭവിക്കാത്ത സ്ഥിതിക്ക് അമൃത് പൂർണമായും ഉപയോഗിക്കാത്ത യന്ത്രങ്ങൾ ഉടൻ നിർമ്മിച്ചുകൊള്ളാം.

അങ്ങനെ കുറച്ചു നൂറ്റാണ്ടുകൾ കൂടി പിന്നിട്ടപ്പോൾ ബ്രഹ്മൻ അതും സാധ്യമാക്കി. അമ്ലജനകവും പിന്നെ മുൻപുണ്ടാക്കിയ മറ്റു യന്ത്രങ്ങളും അവയുടെ ഭാഗങ്ങളും ഭക്ഷിച്ചു ജീവിച്ച് അമൃത് നിർമ്മിക്കുന്ന യന്ത്രം. പിന്നെ അമൃത് കൂടുതലായി ഉല്പാദിപ്പിക്കാൻ വേണ്ടി അവയിൽ നൂതനമായി നിർമ്മിച്ച ഒരു യന്ത്രത്തിന് അതിനുവേണ്ട ബുദ്ധിയും കഴിവുംകൂടി ബ്രഹ്മൻ നൽകി.

ശേഷം അമരീഷിനെ ചെന്നുകണ്ടു ബോധിപ്പിച്ചു. പ്രഭോ… അങ്ങ് എന്നെ ഏൽപ്പിച്ച ജോലി ഞാൻ ഭംഗിയായി നിർവഹിച്ചിരിക്കുന്നു. നമ്മൾ ഇപ്പോൾ നിർമ്മിച്ചിരിക്കുന്നതിൽ അവസാനത്തെ യന്ത്രം സ്വന്തമായി കഴിവുകൾ ആർജ്ജിച്ചു നമ്മുക്കുവേണ്ടതിലുമധികം അമൃത് ഭാവിയിൽ ഉൽപാദിക്കും. പക്ഷെ അവരുടെ പ്രവവർത്തികൾ നമ്മൾ എപ്പോളും നിരീക്ഷിക്കണം. അവരാൽ നമ്മുക്ക് ആപത്തുവരും എന്ന സാഹചര്യം ഉണ്ടായാൽ സംഹരിക്കണം.

ഇതെല്ലം സസന്തോഷം കേട്ട അമരീഷ് ബ്രഹ്മനെ ആദരിക്കുകയും, ബ്രഹ്മൻ നിർദേശിച്ചപോലെ യന്ത്രങ്ങളുടെ നിരീക്ഷണത്തിനു ഹരിയുടെയും ഹരന്റെയും നേതൃത്വത്തിലുള്ള ഒരു സംഘത്തെ നിയോഗിക്കുകയും ചെയ്തു.

അവർ ഇപ്പോഴും ആ യന്ത്രങ്ങളെ നിരീക്ഷിച്ചുപോരുന്നു.

ശുഭം.

ണിം…

കഥയും കഴിഞ്ഞു പിരീഡും കഴിഞ്ഞു… എന്താ ടൈമിംഗ്‌… അപ്പോൾ ഞാൻ പോട്ടെ…

തന്റെ ചൂരലുമെടുത്തു ഇറങ്ങാൻ പോകുന്ന അജയൻ മാഷിനോട് കുട്ടികൾ ഒരേ സ്വരത്തിൽ പറഞ്ഞു… അയ്യോ മാഷേ പോവല്ലെ, മൊത്തം മനസ്സിലായില്ല… പറഞ്ഞിട്ട് പോ… ഇതെന്തൂട്ട് കഥയാണ്. അപ്പോൾ നമ്മളെങ്ങനാ ഉണ്ടായേ…

ചിരിച്ചുകൊണ്ട് മാഷ് പറഞ്ഞു… ദേ നിങ്ങളുടെ സുമതി ടീച്ചർ വന്നു, ഞാൻ പോട്ടെ… നിങ്ങൾ ഈ കഥയൊന്നു ഇരുത്തി ചിന്തിക്കു. എന്തെങ്കിലും ലിങ്ക് കിട്ടുവാണേൽ അതുംകൊണ്ട് എന്റടുത്തോട്ടു വാ ഞാൻ പറഞ്ഞുതരാം.

മാഷ് പോയ ശേഷം ഞങ്ങളുടെയെല്ലാം ചിന്തയും സംസാരവുമൊക്കെ ആ കഥതന്നെയായിരുന്നു, ഉച്ചകഴിഞ്ഞപ്പോളേക്കും കുറേപ്പേർ അതുവിട്ടിരുന്നു, ഞാൻ ചോദിച്ച സംശയമായതുകൊണ്ടാണോ എന്നെനിക്കറിയില്ല… എന്റെ മനസ്സിന്നതുപോയില്ല. വീട്ടിൽ ചെന്നിട്ടു രാത്രിമുഴുവൻ അതാലോചിച്ചുകിടന്നു. ഒരു കടങ്കഥയുടെ ചുരുളഴിക്കാനുള്ള ശ്രമംപോലെ ഞാൻ പലതരത്തിൽ കഥയെ വ്യാഖ്യാനം ചെയ്തു.

പിറ്റേന്ന് മോണിങ് ഇന്റെർവെല്ലിനുതന്നെ മാഷിനെ കാണാൻ ഞാൻ സ്റ്റാഫ്‌റൂമിലെത്തി.

മാഷേ…

എന്തേ…

ഇന്നലത്തെ കഥ…

കഥ…

ആ യന്ത്രങ്ങൾ നമ്മളാണോ??

നമ്മളെന്ന് പറഞ്ഞാൽ… ശരിയാണ് നീ പറയുന്നത്, പക്ഷെ കുറച്ചുംകൂടി ചിന്തിച്ചാൽ കുറേക്കൂടി മനസ്സിലാകും…

എന്നാൽ ഞാൻ ഉച്ചയ്ക്ക് വരാം മാഷേ…

അങ്ങനെ പിന്നെയുള്ള രണ്ടു ക്ലാസ്സിലും ഇതുതന്നെയിരുന്നു ചിന്തിച്ചു, ഉച്ചയ്ക്കുണ്ടിട്ടു ഞാൻ മാഷിന്റടുത്തു ചെന്നു.

മാഷേ…

ഉം… പറ..

അത് മാഷേ… അംബരീഷും രാജ്യവും ദേവന്മാരും ദേവലോകവും…

ഉം… ശരിയാണ് പോരട്ടെ…

ആദ്യം ഉണ്ടാക്കിയത് മരങ്ങളും ചെടികളും, പിന്നെ മറ്റു ജീവികൾ അവസാനം നമ്മൾ…

കൊള്ളാല്ലോ.. മിടുക്കൻ…

ഹിഹിഹി… ശരിയാണല്ലേ… മനുഷ്യൻ എനിക്ക് തോന്നിയായിരുന്നു… ബാക്കി ഞാൻ തള്ളിയതാ മാഷേ… അല്ല മാഷേ, അപ്പോൾ ഈ അമൃതൊക്കെയോ …

അത് നിനക്ക് മനസ്സിലായില്ലല്ലേ… നമ്മൾ എന്താണ് പുറംതള്ളുന്നതു…നീ വൃത്തികേടൊന്നും പറയരുത്…

ഹിഹിഹി… ഇല്ല മാഷേ… അത്… ശ്വസിച്ചിട്ടു കാർബൺഡയോക്സയിഡ് ആണോ… അതാണോ മാഷ് ഉദ്ദേശിച്ചേ…

അതാണ് നമ്മുടെ ജന്മോദ്ദേശം എന്നുള്ള രീതിയിൽ ഒന്ന് ചിന്തിച്ചുനോക്കിക്കേ…

അപ്പോൾ മാഷേ… കഥയിലെ അമൃത് കാർബൺഡയോക്സയിഡ്, അമ്ലജനകം ഓക്സിജൻ… ആണോ മാഷേ …

അതെ… ഞാൻ പറഞ്ഞകഥയിൽ അങ്ങനാണ്…

അയ്യേ… നമ്മൾ കാർബൺഡയോക്സയിഡ് ഉണ്ടാക്കുന്ന മെഷീനാ… ശരിക്കും അങ്ങനാണോ മാഷേ…

ആയിക്കൂടെന്നില്ല… പക്ഷെ ഞാൻ പറഞ്ഞില്ലേ ഫിക്ഷൻ ആണെന്ന്…

അതെന്താ മാഷേ ഈ ഫിക്ഷൻ എന്ന് പറഞ്ഞാൽ…

ഇന്നാ ഡിക്ഷണറി…

എഫ്… എഫ് ഐ… ഫിക്ഷൻ… കെട്ടുകഥ…

അപ്പോൾ മാഷ് തള്ളിയതായിരുന്നോ… തള്ളിയതാണേൽ ഞാൻ മറിഞ്ഞുവീണുട്ടോ…

മാഷിന്റെ മുഖത്തൊരു മന്ദഹാസം മാത്രം… മാഷ് പറഞ്ഞിതിലും കാര്യമില്ലേയെന്ന് ഇപ്പോളും ഞാൻ ചിന്തിക്കാറുണ്ട്.

Comments

comments