അതിർത്തിയിൽ വീണ്ടും പാക് പ്രകോപനം – Suvas Surendran

5
  

Author : Suvas Surendran

Company : Infosys

അതിർത്തിയിൽ വീണ്ടും പാക് പ്രകോപനം

ഇന്നലെ രാത്രി വളരെ വൈകിയാണ് ഞങ്ങൾ ഇവിടെ എത്തിയത്. രണ്ടു ദിവസത്തെ ഉറക്കം എൻറെ കണ്ണുകളെ വല്ലാതെ തളർത്തിയിരുന്നതിനാൽ വന്ന പാടെ കിടന്നുറങ്ങി. കുറേ നാളുകൾക്ക് ശേഷം എൻറെ ഫോണിലെ അലാറം ആട്ടി ഓട്ടിക്കും മുൻപേ ഉറക്കം സ്വയം എന്നെ വിട്ടു പോയി ഞാനുണർന്നു . എല്ലാരും യാത്ര തുടരാനുള്ള തയ്യാറെടുപ്പിലാണ്. ഞാൻ ഉറക്കച്ചടവോടെ ബ്രഷിൽ കുറച്ച് പേസ്റ്റുതേച്ച് കൂടാരത്തിന് പുറത്തേക്കിറങ്ങി. കണ്ണെത്താ ദൂരത്തോളം പല മടക്കുകളായ് പടർന്നു കിടക്കുന്ന ഹിമാലയത്തിൻറെ ഏതോ ഒരു ശിഖരത്തിൻറെ താഴത്തെ മടക്കിലാണ് എൻറെ കൂടാരമെന്ന് ഇപ്പോഴാണ്  ശ്രദ്ധിക്കുന്നത്. മനോഹരമായ കാഴ്ച്ചയാണെങ്കിലും സമയമില്ലാത്തതിനാൽ കാഴ്ച്ച വിട്ട് ഞാനും യാത്രയ്ക്ക് തയ്യാറായി. ബാഗ് എടുത്ത് കൂടാരത്തിനു പുറത്തുവന്നു. യാത്ര പറയാനെന്ന മട്ടിൽ നാല് ദിക്കിലും കണ്ണോടിച്ചങ്ങനെ നിന്നപ്പോഴാണ് താഴ്വാരത്ത് ഒരു വീടിൻറെ മുറ്റത്ത് കുട്ടികൾ ക്രിക്കറ്റ് കളിക്കുന്നത് കണ്ടത്. ഈ കാഴ്ച്ച കാണുമ്പോഴെല്ലാം എൻറെ മനസ്സ് ഇന്നും എൻറെ ഗ്രാമത്തിലേക്കാണ് പായുന്നത്, എൻറെ ഓർമ്മകളിലേക്കും.

 

അങ്ങ് തെക്കേ മുനമ്പിലാണ് ഞാൻ ജനിച്ചുവളർന്ന എൻറെ നാട്. മഞ്ചാടിമുക്ക് എന്ന എൻറെ ചെറിയ ഗ്രാമം. പട്ടണത്തിൽ നിന്നും രാവിലെയും വൈകുന്നേരവുമുള്ള ബസ്സ് സർവീസ്സായിരുന്നു അവിടെ എത്തിച്ചേരാനുള്ള പ്രധാന മാർഗ്ഗം. മഞ്ചാടിമുക്ക് കവലയിൽ വായന ശാലയുടെ വക ചോർന്നൊലിയ്ക്കുന്ന ഒരു വെയ്റ്റിംഗ് ഷെഡ്ഡ് ഉണ്ടായിരുന്നു.അവിടെ ആയിരുന്നു ബസ്സിന്റെ അവസാന സ്റ്റോപ്പ്.  അതിനു പുറകിൽ മുകളിലോട്ട് കാടാണ്. അതിർത്തി തർക്കങ്ങളും തേങ്ങ മോഷണങ്ങളും നാടൻ വാറ്റു കേന്ദ്രങ്ങളിലെ പോലീസ് മിന്നലാക്രമണങ്ങളും ഒഴിച്ച് നിർത്തിയാൽ വളരെ സമാധാന അന്തരീക്ഷമുള്ള ഒരു നാട്. ക്രിക്കറ്റ് കളിയായിരുന്നു അക്കാലത്തെ പ്രധാന വിനോദം.എൻറെ ജീവിതം തന്നെ ക്രിക്കറ്റ് ആയിരുന്നുവെന്നും പറയാം. എനിക്ക് ക്രിക്കറ്റ് കളിയുടെ ആദ്യ പാഠങ്ങൾ പറഞ്ഞു തന്നത്  കുട്ടൻ ചേട്ടനായിരുന്നു. പ്രായം കൊണ്ട് എന്നെക്കാളും ഏഴെട്ടു വയസ്സ് മൂത്തതായിരുന്നെങ്കിലും കുട്ടിക്കാലം തൊട്ടേ എൻറെ അടുത്ത കൂട്ടുകാരനായിരുന്നു കുട്ടൻ ചേട്ടൻ. പത്താം ക്ലാസ് പാസ്സായിട്ടും  ചേട്ടൻ പിന്നെ പഠിക്കാനൊന്നും പോയില്ല. തങ്കപ്പൻ ആശാരിയുടെ ശിഷ്യത്വം സ്വീകരിച്ചു. ചേട്ടൻ ജോലിക്കുപോയി തുടങ്ങിയ ശേഷമാണ് നമ്മൾ ഓല മടൽ വെട്ടി ഉണ്ടാക്കിയ ബാറ്റും , പൊട്ടിയ റബ്ബർ ചെരുപ്പ് വെട്ടി ഒട്ടിച്ചുണ്ടാക്കിയ പന്തുമൊക്കെ മാറ്റി യഥാർത്ഥ ബാറ്റും റബ്ബർ പന്തും വച്ച് കളിയ്ക്കാൻ തുടങ്ങിയത്. കുറച്ചു ദിവസങ്ങൾ കഴിഞ്ഞപ്പോൾ ചേട്ടൻറെ വീട്ടിൽ  കളർ ടീവിയും വിസിയാറും എത്തി. ജോലി കഴിഞ്ഞു വരുമ്പോൾ കാസറ്റും കൊണ്ടായിരിക്കും ചേട്ടൻറെ വരവ്. വൈകുന്നേരത്തെ ക്രിക്കറ്റ് കളി കഴിഞ്ഞ് ഞാൻ നേരെ വീട്ടിൽ ചെല്ലും. പിന്നെ കിണറ്റിൽ നിന്നും നല്ല തണുത്ത വെള്ളം കോരി ഒരു നീണ്ട കുളി. കുളി കഴിഞ്ഞു വരുമ്പോൾ അമ്മ  കഞ്ഞി എടുത്തു വയ്ക്കും. കഞ്ഞി കുടിച്ചെന്നാക്കി കുട്ടൻ ചേട്ടൻറെ വീട്ടിലേക്ക് ഓടും. ഞാൻ അവിടെ എത്തുമ്പോഴേക്കും കിട്ടുവും അമ്പാടിയും ഉണ്ണിക്കുട്ടനുമെല്ലാം സിനിമ കാണാൻ സ്ഥലം പിടിച്ചിട്ടുണ്ടാവും. സിനിമ കഴിഞ്ഞ് വീട്ടിൽ എത്തി ഒരു സുഖ ഉറക്കം. കൊല്ലപരീക്ഷ വരുമ്പോൾ മാത്രം പുസ്തകങ്ങൾ തുറന്നാലായി. അങ്ങനെയിരിക്കുമ്പോഴാണ് കുട്ടൻ ചേട്ടന് പട്ടാളത്തിൽ ജോലി കിട്ടുന്നത്. ഒരാഴ്ച്ചക്കകം കുട്ടൻ ചേട്ടൻ യാത്ര തിരിച്ചു. ഒരു ഞായറാഴ്ച ദിവസം വൈകുന്നേരം, വായനശാലയ്ക്ക് മുൻപിൽ വച്ച്  പാർട്ടിക്കാരും നാട്ടുകാരും ചേർന്ന് യാത്രയയപ്പ് നൽകി പട്ടണത്തിലേക്കുള്ള അവസാന ബസിൽ കയറ്റിവിട്ടത്.കുട്ടൻ ചേട്ടൻ പോയപ്പോൾ ഞങ്ങളുടെ സിനിമ കാണൽ മുടങ്ങിയെങ്കിലും ക്രിക്കറ്റ് കളി പഴയ പോലെതന്നെ തുടർന്നു.

 

രണ്ട് വർഷങ്ങൾക്കു ശേഷമാണ് ചേട്ടൻ പിന്നെ അവധിക്ക് നാട്ടിൽ വന്നത്. ആ സമയം ഞാൻ ചിക്കൻ പോക്സ് പിടിപെട്ട് ഞാൻ കിടപ്പിലായിരുന്നു. വീടിൻറെ പരിസരത്തൊന്നും അന്നൊന്നും ആരും വരില്ലായിരുന്നു. കുറച്ചു ദിവസങ്ങൾ കഴിഞ്ഞ് അമ്മ പറഞ്ഞാണ് കുട്ടൻ ചേട്ടൻ തിരിച്ചു പോയ കാര്യം ഞാനറിഞ്ഞത്.അസുഖം മാറിയ ശേഷം വീണ്ടും എല്ലാം പഴയപോലെ ആയി. അങ്ങനെ ഒരു അവധി ദിവസം രാവിലെ കളിക്കാൻ ആരെയും കണ്ടില്ല. അതുവഴി വന്ന തെങ്ങുചെത്തുന്ന  മണിയണ്ണനാണ് പറഞ്ഞത് എല്ലാരും വായനശാലയിലുണ്ടെന്ന്. ഞാൻ നേരെ വായനശാലയിലേക്ക് ചെന്നു. അവിടെ എല്ലാരും പത്രങ്ങളിൽ എന്തോ വായിച്ച് വലിയ ചർച്ചയിലാണ്. അന്ന് വരെ പത്രം വായിക്കുന്ന ശീലം എനിക്കില്ലായിരുന്നു. സംഭവം എന്താണെന്നറിയാനുള്ള ആകാംഷയോടെ നോക്കിയപ്പോഴാണ് പത്രത്തിലെ പ്രധാന തലക്കെട്ട് ഞാൻ ശ്രദ്ധിച്ചത്. “അതിർത്തിയിൽ വീണ്ടും പാക് പ്രകോപനം”. അവരുടെ സംസാരത്തിൽ നിന്നാണ് കുട്ടൻ ചേട്ടൻ  കാശ്മീരിലേക്കാണ് പോയതെന്ന് ഞാൻ  അറിഞ്ഞത്. അവരെപ്പോലെ എൻറെ ഉള്ളിലും എന്തോ ഒരു ഭയം അലയടിക്കാൻ തുടങ്ങിയിരുന്നു.

ദിവസങ്ങൾ ഒന്നൊന്നായി കഴിഞ്ഞു. യുദ്ധം തുടങ്ങിക്കഴിഞ്ഞിരുന്നു. ഇരുവശത്തും കനത്ത നാശനഷ്ട്ടങ്ങൾ ഉണ്ടാകുന്നുണ്ട്. ഏകദേശം അഞ്ഞൂറോളം ഇന്ത്യൻ സൈനികർ ഇതുവരെ കൊല്ലപെട്ടിട്ടുണ്ട്. നാളെ സമാധാന ചർച്ച നടക്കാൻ പോകുന്നുവെന്നും യുദ്ധം അവസാനിക്കാൻ പോകുന്നുവെന്നുമൊക്കെ വാർത്ത വരുന്നുണ്ട് .ഇപ്പോഴും കുട്ടൻ ചേട്ടൻ ജീവനോടെ ഉണ്ടെന്നുള്ള ആശ്വാസത്തിൽ ഇരിക്കുമ്പോഴാണ് ആ വാർത്ത വന്നത്. ഒരു ഇന്ത്യൻ സൈനികർ പാക് പട്ടാളത്തിന്റെ പിടിയിലായെന്ന്. പക്ഷെ പാക് പട്ടാളം അത് നിഷേധിച്ചിരുന്നു. ദിവസങ്ങൾക്കകം  യുദ്ധം അവസാനിച്ചു. പക്ഷെ കുട്ടൻ ചേട്ടൻ തിരിച്ചു വന്നില്ല. കാർഗിൽ യുദ്ധത്തിൽ കാണാതായവരുടെ ലിസ്റ്റിലാണ് കുട്ടൻ ചേട്ടന്റെ പേര് വന്നത്. പക്ഷെ പലരും പറഞ്ഞത് പാക് പട്ടാളത്തിൻറെ പിടിയിലായെന്നും അവർ അതിക്രൂരമായ പീഢന മുറകൾ പ്രയോഗിച്ചിട്ടുണ്ടാവുമെന്നാണ്. അന്നൊക്കെ ഞാൻ ചിന്തിക്കുമായിരുന്നു ഈ യുദ്ധം മൂലം ആർക്ക് എന്ത് നേട്ടമാണ് കിട്ടുന്നതെന്നാണ്.  കുറേ ജീവനും ജീവിതങ്ങളും നഷ്ട്ടപ്പെടുമ്പോൾ സമാധാന കരാറൊക്കെ ഉണ്ടാക്കി കൈ കൊടുത്ത് പിരിയും. ഇവർക്ക് ആദ്യമേ സമാധാനത്തിൻറെ വെള്ളരി പ്രാവിനെ പറപ്പിക്കാൻ കഴിഞ്ഞിരുന്നെങ്കിൽ എനിക്ക് കുട്ടൻ ചേട്ടനെ നഷ്ട്ടപ്പെട്ടപോലെ പലർക്കും പലരെയും നഷ്ട്ടപ്പെടുമായിരുന്നില്ല.

വർഷങ്ങൾ ഒരുപാട് കഴിഞ്ഞിരിക്കുന്നു

കുട്ടൻ ചേട്ടൻ തിരിച്ചു വരുമെന്ന പ്രതീക്ഷ പലരിലും നഷ്ട്പ്പെട്ടുതുടങ്ങി. ഞാനും നാട്ടിലേക്കു പോയിട്ട് രണ്ടു വർഷത്തോളം ആയി. അടുത്ത മാസം എന്തായാലും പോയേ തീരൂ. എൻറെ വിവാഹമാണ്.അവൾ എനിക്ക് വേണ്ടി വർഷങ്ങൾ കാത്തിരുന്നതാണ്. കഴിഞ്ഞ ആഴ്ച വിളിച്ചപ്പോൾ അമ്മ പറഞ്ഞത് കല്യാണം വിളിച്ചു തുടങ്ങിയെന്നാണ്. ഞാൻ നാട്ടിലേക്ക് പോകാനിരുന്നപ്പോഴാണ് ഇങ്ങോട്ടു വരേണ്ടിവന്നത്. ഈ യാത്ര വീട്ടിൽ ആരും അറിഞ്ഞിട്ടില്ല.

ചിന്തകൾ അലഞ്ഞു തിരിഞ്ഞു തിരിച്ചെത്തി. താഴ്വാരത്ത് ക്രിക്കറ്റ് കളി തകൃതിയായി നടക്കുന്നുണ്ട്.  എനിക്ക് പോകാനുള്ള വണ്ടി തയ്യാറായി കഴിഞ്ഞു. ഞാൻ ഇവിടേക്ക് യാത്ര തിരിക്കും മുൻപ് വായിച്ച പത്രം കൈയ്യിൽ കരുതിയിരുന്നു. ജാക്കറ്റിനുള്ളിൽ നിന്നും പത്രം എടുത്ത് നിവർത്തി പ്രധാന  തലക്കെട്ട് ഒന്നുകൂടി വായിച്ചു  “അതിർത്തിയിൽ വീണ്ടും പാക് പ്രകോപനം”. താഴ്വാരത്തെ കാഴ്ചയോട് യാത്ര പറഞ്ഞ് തോളിൽ ബാഗും ഒരു കൈയ്യിൽ തോക്കും മറ്റേ കൈയിൽ ചുരുട്ടി പിടിച്ച പത്രവുമായി വണ്ടി ലക്ഷ്യമാക്കി ഞാൻ നടന്നു.

Comments

comments