അറിവ് – Uma VN

2
  

Author : Uma VN

Company : Eram Infotech

അറിവ് 

ഒരു സ്ഥലത്ത് ഒരു അച്ഛനും മകളും ഉണ്ടായിരുന്നു. അച്ഛൻ മകൾക്ക് സ്കൂളിലെ പാഠങ്ങൾ പഠിപ്പിക്കുകയാണ്. അതിൽ ഗാന്ധിജി വളരെ പാവപ്പെട്ട ഒരു സ്ത്രീക്ക് തന്റെ മേൽമുണ്ട് ഊരികൊടുക്കുന്നത് അച്ഛൻ പറഞ്ഞുകൊടുക്കുകയാണ്.  ആ കുട്ടി ചോദിച്ചു ” ആ സ്ത്രീ ഗാന്ധിജിയുടെ ഗ്രാമത്തിലുള്ളതാണോ, അതോ പരിചയമുള്ള ആരെങ്കിലും ആണോ” അതിന് അച്ഛൻ ” അല്ല, പക്ഷെ അവർ ഭാരതീയ സ്ത്രീ ആണ്. ഗാന്ധിജി പറഞ്ഞിരിക്കുന്നത് ഭാരതീയർ എല്ലാവരും സഹോദരീസഹോദരന്മാർആണെന്നാണ്‌”. കുട്ടിക്ക് അത് മനസ്സിലായി. അടുത്ത ദിവസം അച്ഛനും മകളും കൂടി വീട്ടിന്റെ മുറ്റത്തു നിന്ന് കളിക്കുകയായിരുന്നു, അപ്പോൾ വളരെ മെലിഞ്ഞ് ക്ഷീണിതയായ ഒരു സ്ത്രീ കയ്യിൽ ഒരു കുഞ്ഞുമായി ഭിക്ഷ ചോദിച്ചു വന്നു. ആ അച്ഛൻ ഇവിടെ ഒന്നും ഇല്ല എന്നും പറഞ്ഞ്  അവരെ ഇറക്കിവിട്ടു. ഇത് കണ്ട കുട്ടി ചോദിച്ചു എന്താ അച്ഛാ, നമ്മൾ അവരെ സഹായിക്കാത്തത്, അച്ഛൻ പറഞ്ഞു “അവർ ഇവിടത്തുകാരിയല്ല, കണ്ടാൽതന്നെ അറിയാം വല്ലതും മോഷ്ടിക്കാനായി വരുന്നവരാ ഇവരൊക്കെ”. കുട്ടി പറഞ്ഞു ” അച്ഛനല്ലേ ഇന്നലെ പറഞ്ഞു തന്നത് ഒരു വസ്ത്രം മാത്രമുള്ള ഒരു സ്ത്രീക്ക് തന്റെ മേൽവസ്ത്രം ഊരിക്കൊടുത്ത ഗാന്ധിയപ്പൂപ്പന്റെ നാട്ടുകാരാണ് നമ്മൾ എന്ന്. ഇതൊക്കെ മുകളിൽ ഇരുന്നു കാണുന്ന ആ അപ്പൂപ്പന് സങ്കടമാകില്ലേ? ഇത് കേട്ടപ്പോൾ അച്ഛന് തന്നോട് തന്നെ ഒരു കുറച്ചിൽ തോന്നി. അച്ഛനും മകളും കൂടി പോയി ആ അമ്മയെയും കുഞ്ഞിനേയും വീട്ടിൽകൊണ്ട് വന്നു അവർക്ക് ആവശ്യത്തിന്  ആഹാരം കൊടുത്തു, ഉടുക്കാൻ ഒന്ന് രണ്ടു വസ്ത്രങ്ങളും കൊടുത്തു. ആ കുട്ടി അവളുടെ രണ്ടു കളിപ്പാട്ടങ്ങളും ആ കുഞ്ഞിനു കൊടുത്തു. ആ അമ്മ അവരെ കൈകൂപ്പി തൊഴുതീട്ട് അവിടെനിന്നും പോയി. പോകുമ്പോൾ ആ അമ്മയുടെ കയ്യിൽ ഇരുന്ന്  ആ കുട്ടി അപ്പോഴും ആ കളിപ്പാട്ടത്തെ വളരെ കൌതുകത്തോടെ നോക്കുന്നത് അച്ഛൻ കണ്ടു, അപ്പോൾ അയാൾക്ക്‌ മനസ്സിൽ ഒരു സന്തോഷം തോന്നി.  അപ്പോൾ അയാളുടെ മകൾ ഓടിവന്നു അയാളെകെട്ടിപ്പിടിച്ച് അയാളുടെ കവിളിൽ ഒരു ഉമ്മ കൊടുത്തു, അയാൾ അപ്പോൾ മനസ്സിലാക്കി ” കുഞ്ഞുങ്ങളാണ് ശരി”.

Comments

comments