ആട്ടക്കഥ – Vineeth Mukundan

0
  

Author : Vineeth Mukundan

Company : Allianz

ആട്ടക്കഥ 

 

പറ്റിയാൽ നാളെ കുറച്ചു നേരത്തെ വരുമോ? പിന്നിൽ നിന്നും ദേവു.

“വരാം …” അവളുടെ മുഖത്ത് ചിരിയുടെ നേർത്ത രേണുക്കൾ പടർന്നു… ഇന്നും പഴയ കൌമാരത്തിന്റെ ചിരി അവളിൽ ഉണ്ട്.

“അച്ഛാ .. എനിക്കൊരു പമ്പരം വാങ്ങികൊണ്ടോരോ ”

“കൊണ്ടുതരട്ടോ ..” അഞ്ചു വയസ്സുകാരൻ ഗോവിന്ദന്റെ നെറ്റിയില ഉമ്മ വച്ച് ഇറങ്ങി.

“ആശാനേ… ഇന്നെവിടെയാ കളി ? വരൂ ഒരു ചായ കുടിച്ചിട്ട് പോവാം”

“ഇന്ന് ത്രിപ്രയാറാ കൃഷ്ണാ … ഇത്തിരി ധൃതിയുണ്ട്  നിക്കണില്ല പോട്ടെ, ഈ ബസ്സ് കിട്ടിയില്ലെങ്കിൽ വലച്ചിലാവും…ദൂരം കുറച്ചല്ലല്ലോ.

“ന്നാ അങ്ങനെയട്ടെ”.. ഊഹം തെറ്റിയില്ല കവലയിൽ വന്നപാടെ ബസ്സ് എത്തി, കുത്തി തിരക്കി അകത്തു കയറിപറ്റി.

“ആശാനെ ഇവിടെ ഇരുന്നോളു… ഇന്ന് കളി ഉണ്ടല്ലേ ” ഏതോ ഒരു ചെറുപ്പക്കാരൻ ചിരിച്ചുകൊണ്ട് എഴുനേറ്റു തന്നു.

“ആ അതെ”.. , തിരക്കിൽ കിട്ടിയ സീറ്റ് വിട്ടില്ല , കയറി ഇരുന്നു .

“കഴിഞ്ഞ കളി കണ്ടിരുന്നു , ഗംഭീരം .. ആശാന്റെ ഭീമൻ കലക്കി …ഓരോ വട്ടം കളി കാണുമ്പോ ഒരു പുതുമയ മാഷെ” …

തിരിച്ചൊന്നും പറയാതെ അയാൾ ഒന്ന് ചിരിച്ചു, പിന്നെ ജനല വഴി പുറത്തേക്കു നോക്കിയിരുന്നു …മനസ്സില് ദേവു ആയിരുന്നു …നാളെ ദേവുന്റെ പിറന്നാളാണ് … അവളെ കണ്ടാൽ അമ്പതു പിന്നിട്ടവളാണ് എന്ന് പറയില്ല …അവളെ കുറിച്ച് ഓർക്കുമ്പോൾ പലപ്പോഴും സഹതാപം തോന്നാറുണ്ട്, കല്യാണം കഴിഞ്ഞു ഇത്ര കാലത്തിനിടക്ക് പരുക്കനായ തന്നോട് ഇതുവരെ ഒരു പരിഭവും പറഞ്ഞിട്ടില്ല. ഒരുപക്ഷെ എല്ലാം ഉള്ളിൽ ഒതുക്കുകയാവാം പാവം.

പണ്ടിതുപോലെ ഒരു പിറന്നാളിന് അമ്പലത്തിൽ തൊഴാൻ വന്നപ്പോളാണ് അവളെ ആദ്യമായി കാണുന്നത്, തേവരെ തോഴൻ വരുന്നതിലുപരി നടയിൽ കൊട്ടിപ്പാടിയിരുന്ന എന്നെ കാണാനായി വരവ്. പലപ്പോഴായുള്ള കണ്ടുമുട്ടലുകൾ പ്രണയത്തിനും വിവാഹത്തിനും വഴിയൊരുക്കി. എല്ലാം ഇന്നലെ കഴിഞ്ഞപ്പോൾ, ഭാരം സഹിക്കാൻ വയ്യാതെ ഉഴറുന്ന വണ്ടിക്കാളയെ പോലെ ബസ്സ് ഇഴഞ്ഞു നീങ്ങി കൊണ്ടിരുന്നു.

പിറന്നാൾ സമ്മാനമായി അവൾക്കു ഇത് വരെ ഒന്നും കൊടുത്തില്ല, അവൾ ഒന്നും ഇതുവരെ ചോദിച്ചതുമില്ല. നാളെ കാളി കഴിഞ്ഞു മടങ്ങുന്ന വഴിക് എന്തായാലും ഒരു സാരി വാങ്ങിക്കാം, അയാൾ മനസ്സിൽ കരുതി.

തെക്കേടത്തു രാമ പൊതുവാൾ അതാണ് അയാളുടെ പേരു, ആട്ടക്കഥകളെ ആത്മാവിൽ ആവാഹിച്ചു കളിയരങ്ങിൽ ആടി തിമിർക്കുന്ന പ്രശസ്ത കഥകളി ആചാര്യൻ.കല്യാണ സൗഗന്ധികവും,ഉത്തരാ സ്വയംവരവും, കമലധളവും അനശ്വരമാക്കിയ കലകാരാൻ, അച്ഛൻ കേശു പൊതുവാളിൽ നിന്നും അഷ്ടപതിയും കഥകളി മുദ്രകളും പഠിച്ചു. പിന്നെ കണ്ണടച്ച് തുറക്കുന്ന വേഗത്തിലായിരുന്നു രാമൻ വളർന്നത്. അരങ്ങിൽ നിന്നും അരങ്ങിലേക്ക് അയാളുടെ വളർച്ച പെട്ടന്നായിരുന്നു.

പ്രശസ്തി അയാൾക്ക് കീരിടം ചാർത്തുമ്പോൾ പലപ്പോഴും അയാൾ മറന്നു പോകുന്ന ചിലതുണ്ട്…സ്വന്തം കുടുംബം … ഭാര്യ ദേവു, മക്കൾ ക്രിഷ്ണനുണ്ണീ, കാളിദാസനും പിന്നെ ഗോവിന്ദനും…ഒരു പെണ്‍കുഞ്ഞിനെ കിട്ടാനുള്ള പ്രാർത്ഥനകൾ കേൾക്കാത്ത ദൈവം തന്ന മൂന്നൂ ആണ്‍ തരിക്കൾ, കാല ശേഷം തന്റെ പേരിനും കലയ്ക്കും പൈതൃകം നൽകേണ്ടവർ. ചിലപ്പോഴെങ്കിലും അയാൾ കരുതാറുണ്ട് ഈ പ്രശസ്തി ഒരു ശാപമാണന്നു.

*** *** ***

തൃപ്രയാർ തേവരുടെ നടയിൽ അയാൾ കല്യാണ സൗഗന്ധികമാടി തിമിർത്തു, പാഞ്ചാലി കാമിതനായ ഭീമസേനനെ കാണികൾ ഹർഷാരവങ്ങളോടെ ഏറ്റുവാങ്ങി. അന്നത്തെ പരിപാടികൾ കഴിഞ്ഞു വീട്ടിലേക്കുള്ള വഴിയിലാണ് സാരിയുടെ കാര്യം ഓർത്തതു. അങ്ങാടിയിൽ ഇറങ്ങി ജൗളി കടയിൽ കയറി. അവൾക്കു ഏതു നിറമാണ് ഇഷ്ടമെന്ന് അറിയില്ലല്ലോ, സ്വന്തം ഭാര്യയുടെ പ്രിയപ്പെട്ട നിറം അറിയാത്ത ഭർത്താവ് താൻ മാത്രമേ ഉണ്ടാകു, എന്ത് വേഷങ്ങൾ പകര്ന്നിട്ടു എന്താ …ജീവിതത്തിൽ ഇങ്ങനെയെങ്കിൽ. .സ്വയം അയാൾ തന്നെ ശപിച്ചു.

തനിക്കവളുടെ പ്രിയപ്പെട്ട നിറം അറിയില്ല, അധികമൊന്നും ആലോചിക്കാതെ നീല നിറത്തിലുള്ള സാരി വാങ്ങി…ഹും.. നീല ഇഷ്ടമാവുമോ എന്തോ, അതും ആലോചിച്ചു കടയിൽ നിന്ന് ഇറങ്ങി നടന്നു, നല്ല വെയിലുണ്ട് ഇനി ബസ്സിലുള്ള യാത്ര .. ഹോ എന്റെ തേവരെ …

“ആശാനെ ഒന്ന് നിൽക്കു”… പിന്നിൽ നിന്നാരോ വിളിച്ചു …

“ഹാ ആരാത്‌ … എന്താ കേശവാ”

“മടക്ക യാത്രയാണോ?”

” അതെ… ഇനീപ്പോ അടുത്ത ബസ്സ് എപ്പോഴാ അറിയില്ല.”

“പരിപാടി ഗംഭീരായിരുന്നു…ആശാൻ എന്തായാലും വീട്ടിലേക്കല്ലേ , കൂടെ വരൂ ഞങ്ങൾടെ സന്തോഷത്തിനു ഇത്തിരി മരനീര് ആയിക്കൂടെ”

“ഏയ് വേണ്ടടോ… ഇന്ന് പോയിട്ട് ഇത്തിരി ധൃതി ഉണ്ട് “… തിരിഞ്ഞു നടന്നു …

“അധികം നേരവില്ല ആശാനെ , ദപ്പൊ തെങ്ങിന്നു ചെത്തി ഇറക്കിയതാ…ബസ്സ് വരൻ ഇനിം സമയമുണ്ട്.. അതിനുമുൻപ്‌ തീർക്കാം”

മനസ്സില്ല മനസ്സോടെ അവരുടെ പിന്നിൽ നടന്നു, വട്ടത്തിൽ കൂടിയിരുന്നു. കഥകളി പഥവും, അഷ്ടപതി ഈരടിയും കള്ളിന്റെ ലഹരിയും നേരം പോയത് അറിഞ്ഞില്ല …വീട്ടിൽ എത്തിയപ്പോ നല്ലോണം ഇരുട്ടി, ഉമ്മറത്ത് ദേവുനെ കാണാനില്ല.. ഇനിയിപ്പോ ഇന്ന് വൈകി വന്നതിനു പിണങ്ങിയോ ആവോ.. സാധാരണ ഇങ്ങനെയല്ല .. എത്ര വൈകിയാലും കാത്തിരിക്കാറുണ്ട് …വാതിക്കൽ കാളിദാസൻ ഉണ്ടായിരുന്നു.

“അമ്മയെവിടെ ദാസ…”

“അമ്മ അകത്തുണ്ട് “.. അവൻ അലസമായി മറുപടി പറഞ്ഞു മഞ്ചാടിയെണ്ണി തുടങ്ങി ..അവനു വയസ്സ് എട്ട് ആയിട്ടെ ഉള്ളു , തലയിൽ തലോടി അകത്തേക്ക് നടന്നു. ചായിപ്പിലെ കട്ടിലിൽ ദേവ് കിടക്കുന്നുണ്ട്, അടുത്ത് മൂത്തവൻ കൃഷ്‌ണനുണ്ണിയുണ്ട് , അവൻ എന്തോ പുസ്തകം വായിച്ചിരിക്കയാണ്, അവനു പ്രായത്തിൽ കവിഞ്ഞ പക്വതയുണ്ട്. ഒരു പതിനഞ്ചു വയസ്സുകാരന്റെ കുട്ടിക്കളി അവനില്ല. കണ്ടപാടെ അവൻ പുസ്തകം മേശയിൽ വച്ച് എഴുനേറ്റു.

“ഉണ്ണി .. എന്താ പറ്റിയേ അമ്മയ്ക്ക്…?” കുറച്ചു പരിഭ്രമാത്തോടെയാണ് ഓടി ചെന്നത്.

“എനിക്കൊന്നും ഇല്ല്യന്നെ … ഒരു ചെറിയ തളർച്ച … അതാ കിടന്നെ ”  അവൾ പതുക്കെ എഴുനേൽക്കാൻ ശ്രേമിച്ചു, ണീക്കണ്ട കിടന്നോളു തലക്കും ഭാഗത്ത് ചെന്നിരുന്നു.

“അച്ഛാ … ഇന്ന് അമ്മ തലകറങ്ങി വീണു …സാവിത്രി അമ്മായി വന്ന എഴുനേൽപ്പിച്ചേ” .

“തലകറങ്ങി വീഴേ ?” എന്തെ ദേവു വയ്യങ്കിൽ പറഞ്ഞൂടാരുന്നോ..?” പെട്ടന്ന് അവൾക്കു പ്രായം ചെന്ന പോലെ , കൺതടത്തിൽ കറുപ്പ് പടർന്നിരിക്കുന്നു. നെഞ്ചിൽ എന്തോ വലിയ ഭാരം കയറ്റിയ അവസ്ഥ, ഒരു വല്ലാത്ത വിങ്ങൽ.

“ഉം …ഗോവിന്ദൻ ഉറങ്ങീലെ … നീ കഴിച്ചോ ? ” അവളുടെ നെറ്റിയിൽ തലോടി കൊണ്ടയാൾ ചോദിച്ചു.

“ഏയ് ഇല്ല .. വിശപ്പില്ല …വരൂ അത്താഴം വിളമ്പി തരാം” …

“വേണ്ട ഞാൻ കഴിച്ചു പുറത്തുന്നു …” അവളുടെ സംസാരത്തിൽ പരിഭവങ്ങൾ ഇല്ല .. ഇതാണ് എന്നെ വേദനിപ്പിക്കുന്നതും , അവൾ ഉള്ളിലെ വിഷമമോ പരിഭവമോ പ്രകടിപ്പികാറില്ല… ഞാൻ സ്നേഹവും …

“വയ്യങ്കിൽ പറയു നാളെ ഡോക്ടറുടെ അടുത്ത് പോവാം , വചോണ്ടിരിക്കണ്ട”

“ഒന്നുല്യന്നെ …ഈ കുട്ടിടെ ഒരു കാര്യം … അച്ചനോട് ഒന്നും പറയണ്ട പറഞ്ഞതല്ലേ ഉണ്ണീ …., നിക്ക് ദീനൊന്നും ഇല്ലന്നെ .. ഒന്ന് സമാധാനിക്കു”

കുറ്റഭോധത്തിന്റെ ഇരുമ്പാണി നെഞ്ചിൽ കുത്തി തറച്ചതെന്നോണം മനസ്സിൽ വല്ലാത്ത വേദന..വാർധക്യം അവളെ പെട്ടന്ന് തളർത്തിയ പോലെ..ഇനിയിപ്പോ പിറന്നാൾ സമ്മാനം കാണിച്ച് കൂടുതൽ വിഷമിപ്പിക്കണ്ട, ആ പൊതി എടുത്ത് മാറ്റിവച്ചു.

*** *** ***

പിറ്റേന്ന് വീട് വിട്ടു ഇറങ്ങുമ്പോൾ അവളുടെ അടുത്ത് ചെന്ന് കുറച്ചു നേരം ഇരുന്നു …നെറ്റിയിൽ തലോടി .നീല ഞരമ്പുകൾ തെളിഞ്ഞ മെലിഞ്ഞ കൈകൾ കൊണ്ട് അവൾ അയാളുടെ കയ്യിൽ പിടിച്ചു.

“ഇന്നെവിടെയ കളി ..”

“അടുത്ത് തന്നയ …എന്തേലും അവശ്യം ഉണ്ടാകിൽ ആളെ അയച്ച മതി … ഓടി വരാം…”

“ഉം .. ” അവൾ പതുക്കെ മൂളി.

“കൃഷ്ണാ പുറത്തൊന്നും കളിയ്ക്കാൻ പോവണ്ട, അമ്മടെ അടുത്ത് ഉണ്ടാവണം”

വീട് വിട്ടു ഇറങ്ങുമ്പോൾ ഉള്ളി ഒരു നീറൽ ഉണ്ടായിരുന്നു, വിണ്ടു കീറിയ പടത്തിനെ നെഞ്ചിലൂടെ നടന്നു…ഇന്ന് നളചരിതമാണ് വേഷം പച്ചയാണ്. അരങ്ങിലെ കളിവിളക്കിലെ എണ്ണ വറ്റിയിരിക്കുന്നു.

“ആരുമില്ലേ ഇവിടെ ? പടുത്തിരി കത്തുന്നത് കണ്ടില്ലേ ? എണ്ണ ഒഴിക്ക അതില്..” എണ്ണ പകർന്നിട്ടും തെളിയാൻ മടിക്കുന്ന നാളത്തിനു മുന്നിൽ നളനെ നെഞ്ചിൽ ആവാഹിച്ചു പ്രിയ ദമയന്തി പ്രണയം പറയണം. കളി അവസാനിപ്പിച്ച് അണിയറയിൽ വേഷം മാറുന്നതിന്റെ ഇടയിൽ ഒരാൾ ഓടി വന്നു.

“മാഷേ , വീടുവരെ ഒന്ന് ചെല്ലണം.. ദേവുഏടത്തി..” അയാൾ നിർത്തി..

എന്ത് ചെയ്യണമെന്നു അറിയാതെ അയാൾ തളർന്നിരുന്നു… കുറച്ചു നേരത്തെ മരവിപ്പിന് ശേഷം, അറയിൽ കെട്ടിയ ഒറ്റ മുണ്ടു ഊറി അയാൾ മുഖം തുടച്ചു.

വീട്ടിലേക്കു എത്തിയപ്പോൾ കോലായിൽ അവൾ, ദേവു … അയാൾ അവളുടെ കാലുകളിൽ പിടിച്ചു ഇരുന്നു..

“എന്തേലും അവശ്യം ഉണ്ടാകിൽ ആളെ അയക്കാൻ പറഞ്ഞത് അറം പറ്റിയല്ലോ എന്റെ ദൈവമേ ”

അവളുടെ ചേതനയറ്റ ശരീരം കുറെ നേരം നോക്കിയിരുന്ന അയാൾ പെട്ടന്ന് എന്തോ മറന്ന പോലെ അകത്തേക്ക് ഓടി … തപ്പി തടഞ്ഞു മുറിയിൽ ചെന്നൊരു ചെറിയ പൊതി എടുത്തു കൊണ്ട് വന്നു.അവൾക്കു വാങ്ങിയ പിറന്നാൾ സമ്മാനം …

“ദേവു … നോക്കു ദാ.. നിനക്ക് വാങ്ങിയത് .. ഇത് വാങ്ങാൻ പോലും കാത്തുനിക്കാതെ പോയില്ലേ.. ” ആ നീല സാരീ അവളെ പുതപ്പിക്കുമ്പോൾ അയാൾ കരയുണ്ടായിരുന്നു.

നേരം ഇരുട്ടിയിരിക്കുന്നു , കർമ്മങ്ങൾ അവസാനിച്ചു …എല്ലാവരും പിരിഞ്ഞു … ഇനി വൈകി വരുമ്പോൾ ഉമ്മറത്ത് കാത്തിരിക്കാൻ ആരും ഇല്ല , പരിഭവങ്ങൾ പറയാതെ അത്താഴം വിളംബുന്നവൾ പോയിരിക്കുന്നു .. പറക്കാൻ മുറ്റാത്ത കുഞ്ഞുങ്ങളെ തനിച്ചാക്കി അവൾ കൂടൊഴിഞ്ഞു…ഇന്നക്ക് മൂന്ന് ദിവസ്സയി വീട്ടിനകത്ത് ഈ ഇരിപ്പ്.

“അച്ഛാ… വിശക്കുന്നു ” ഗോവിന്ദൻ…

“അച്ഛന്റെ കുട്ടി വരൂ .”.. അടുക്കളയിൽ അടച്ചു വച്ച പത്രങ്ങൾ നോക്കി … ഒരിക്കലും വീട്ടിലെ കാര്യങ്ങളെ കുറിച്ച് ചോദിക്കാറില്ല, എല്ലാം അവളായിരുന്നു .. ആകെ ഉണ്ടായിരുന്ന നാഴി അരി എടുത്തു മക്കൾക്ക് ചോറു കൊടുത്തു.

“അച്ഛാ .. അമ്മ എപ്പോഴാ വരുക …അച്ഛനെന്താ അമ്മേ ഒന്നും കഴിക്കാത്തെ…”

ഗോവിന്ദൻ കുട്ടിയാണ് മരണമെന്തെന്നു അവനു പറഞ്ഞാൽ അറിയില്ല …’അമ്മ ഇനി അവരില്ലന്നു പറഞ്ഞാൽ അവനു അറയില്ല, അവൾ തെക്കേ തൊടിയിൽ എരിഞ്ഞമർന്നിരിക്കുന്നു. മറുപടി പറയാൻ അയാൾക്ക് കഴിഞ്ഞില്ല , കണ്ണ് നിറച്ചു അയാൾ അവനെ നെഞ്ചോടു ചേർത്തു…സ്വയം ഉരുകിയാണ് അവൾ മക്കളെ വളർത്തിയത്, ഒരിക്കലും ഞാൻ അവളുടെ കഷ്ടപാടുകളെ കുറിച്ച് ഓർത്തിട്ടില്ല. എത്ര വലിയ പാപിയാണ് ദൈവമേ ഞാൻ.

അകത്തെ ചായിപ്പിലെക്കു ചെന്ന് അവൾ കിടന്ന കട്ടിലിനരികെ ഇരുന്നു…അവൾ കിടന്നിരുന്ന കിടക്കയിൽ നിന്നും തണുപ്പ് അയാളുടെ കയ്യിൽ അരിച്ച് കയറിയപ്പോൾ ഇന്നും അവൾ ആ മുറിയിൽ ഉള്ളതുപോലെ അയാൾക്ക് തോന്നി.,ചുവരിൽ തൂക്കിയിട്ടിരിക്കുന്ന ഇടക്കയെടുത്ത് അയാൾ അവൾക്കു പ്രിയപ്പെട്ട പദം പാടി.

“അജിത ഹരേ ജയ മാധവ വിഷ്ണോ ….”

തെക്കേ തൊടിയിൽ പൂവിട്ട ചെമ്പകത്തിൻറെ മണം ആ മുറിയിൽ നിറഞ്ഞിരുന്നു.

Comments

comments