ഒളിച്ചോട്ടം – Rajesh L R

0
  

Author : Rajesh L R

Company : Vanilla Networks Pvt Ltd

ഒളിച്ചോട്ടം 

 

ഗാഢനിദ്രയിൽ ആയിരുന്നു റാം. വളരെ നേരത്തെ ശ്രമഫലമായി റാമിനെ അയാളുടെ ഭാര്യ ഉണർത്തി. ഉറക്കം നഷ്ടപെട്ട ദേഷ്യത്തിൽ അയാൾ ശ്രീമതിയെ തുറിച്ചു നോക്കി. കരഞ്ഞു കലങ്ങിയ കണ്ണുകളോടെ, അവൾ എന്തൊക്കെയോ അയാളോട് പറയുന്നുണ്ട്. ഉറക്കച്ചടവിൽ അതെന്താണ് എന്ന് അയാൾക്ക് ആദ്യം മനസിലായില്ല. തങ്ങളുടെ മകൻ ശ്രീനിയെ കാണാനില്ല എന്നതാണ് ഭാര്യയുടെ ബഹളത്തിന് കാരണം എന്ന് അൽപനേരം ശ്രദ്ധിച്ചപ്പോൾ അയാൾക്ക് മനസിലായി.

തലേന്ന് രാത്രി നടന്ന സംഭവങ്ങൾ അയാൾ ഓർത്തെടുക്കാൻ ശ്രമിച്ചു. അയാളുടെ മകൻ , ശ്രീനി , എട്ടാം ക്‌ളാസ്സു വിദ്യാർത്ഥി ആണ്.അവന്റെ ക്ലാസ്സ് ടീച്ചറിന്റെ ഫോൺ വന്നത് മുതലാണ് സംഭവങ്ങളുടെ തുടക്കം. അവൻ ഏതോ കുട്ടിയെ ഉപദ്രവിച്ചുവത്രെ! ഉടൻ നേരിട്ടു വന്നു കാണണം എന്നു പറഞ്ഞതനുസരിച്ചു സ്‌കൂളിൽ പോയ റാമിന്, മകന്റെ ഗുണഗണങ്ങളെക്കാൾ, അവന്റെ കുറ്റങ്ങൾ ആണ് അധ്യാപകരിൽ നിന്ന് കേൾക്കേണ്ടി വന്നത്. അതൊക്കെ കേട്ടതിന്റെ ദേഷ്യത്തിൽ, റാം രാത്രി വീട്ടിൽ വന്നു അവനെ പൊതിരെ തല്ലി. ഇടയിൽ ചാടിയ ഭാര്യക്കും കൊടുത്തു, മൂന്നു നാലെണ്ണം. ജീവിതത്തിൽ ഇന്നേ വരെ മകനെ ഇത് പോലെ അടിച്ചിട്ടില്ല. അതിന്റെ വിഷമത്തിൽ ആണ് അയാൾ ഉറങ്ങാൻ കിടന്നതു. ഭാര്യയുടെ വാക്കുകൾ ആണ് അയാളെ ചിന്തകളിൽ നിന്നു ഉണർത്തിയത് .

“ചേട്ടാ, ശ്രീനിയെ മുറിയിൽ എങ്ങും കാണുന്നില്ല!”.

“അവൻ എവിടെ പോകാനാടീ..! അവിടെ എവിടെയെങ്കിലും കാണും”. ഉള്ളിലെ ആശങ്ക പുറത്തു പ്രകടമാക്കാതെ അയാൾ ഭാര്യയെ ആശ്വസിപ്പിക്കാൻ ശ്രമിച്ചു.

പക്ഷെ ശ്രീമതി അതു ശ്രദ്ധിക്കാതെ പറഞ്ഞു.

“ഇല്ലാ.. അവൻ അവിടെയെങ്ങുമില്ല. ഞാനല്ലേ എന്നും അവനെ വിളിച്ചുണർത്തുന്നത്. ഞാൻ ഇവിടെയെല്ലാം നോക്കിയിട്ടും അവനെ കണ്ടില്ല.ഇന്നലെ അടി കിട്ടിയതിൽ വിഷമിച്ചു, എന്റെ കുട്ടി എവിടേക്കെങ്കിലും ഇറങ്ങി പോയിട്ടുണ്ടാവും”.

ഇനിയിപ്പോൾ അവൾ വായടക്കില്ല എന്നു അയാൾക്കറിയാം. അയാൾ കിടക്കയിൽ നിന്ന് എണീറ്റു, വേഗത്തിൽ മുഖവും കയ്യും കാലും ഒക്കെ ഒന്ന് വൃത്തിയാക്കി എന്ന് വരുത്തി പുറത്തേക്കിറങ്ങി നടന്നു . പരിസരത്തൊക്കെ ഒന്നു അന്വേഷിക്കുകയായിരുന്നു അയാളുടെ ലക്‌ഷ്യം.

മുന്നോട്ട് നടക്കുമ്പോൾ, റാമിന് സ്വന്തം കുട്ടിക്കാലത്തെ സമാനമായ ഒരു സംഭവം ആണ് ഓർമ്മയിൽ വന്നത്. റാമിന് ഏകദേശം 14വയസ്സുള്ളപ്പോൾ ആണ് സംഭവം. സ്‌കൂളിൽ ഉണ്ടായ അടിപിടിയിൽ, റാമിന്റെ ആക്രമണത്തിൽ ഒരു കുട്ടിക്ക് ഗുരുതരമായ പരുക്കേറ്റു.തിരിച്ചു വീട്ടിൽ ചെന്നുകേറാനുള്ള ധൈര്യമില്ലാതെ, റാം കള്ളവണ്ടി കയറി നാട് വിട്ടു. ബോംബയിൽ എത്തിച്ചേർന്ന റാം, ആദ്യകാലത്തെ കഷ്ടപ്പാടുകൾക്ക് ശേഷം, നല്ല രീതിയിൽ പണം സമ്പാദിച്ചു. വർഷങ്ങൾക്ക് ശേഷം, പണക്കാരനായി നാട്ടിൽ തിരിച്ചെത്തിയ റാമിന്, തന്റെ മാതാപിതാക്കളെ കാണാനുള്ള ഭാഗ്യം ഉണ്ടായിരുന്നില്ല. എന്തായാലും നാട്ടിൽ തന്നെ കൂടാൻ തീരുമാനിച്ച റാം, അവിടെ ഒരു ബിസിനസ് തുടങ്ങി. താമസിയാതെ ഒരു നാടൻ പെണ്ണിനേയും കെട്ടി പൂർണമായും നാട്ടുകാരനായി മാറി.

“ഇനി തന്നെപോലെ ഇവനും നാട് വിട്ടുകാണുമോ?”. ആലോചിച്ചപ്പോൾ ഒരു വിറയൽ പോലെ. കുറച്ചു ചുവടുകൾ മുന്നോട്ട് വച്ചപ്പോൾ,എതിരെ ഒരു പോലീസ് ജീപ്പ് വന്നു നിന്നു. “ഇയാൾ ആണോ റാം” എന്ന് ഒരു പോലീസുകാരൻ ചോദിച്ചപ്പോൾ, റാം അതെയെന്ന് തലയാട്ടി.

“തൻറെ മകൻ ആണോ പുറകിൽ ഇരിക്കുന്നത്.” എന്ന് പോലീസുകാരൻ അയാളോട് ചോദിച്ചു . പുറകിലെ സീറ്റിൽ ശ്രീനി ഇരിക്കുന്നത് കണ്ടപ്പോൾ, അയാൾക്ക്‌ ആശ്വാസമായി. പോലീസുകാരനോട് നന്ദി പറയാൻ വേണ്ടി തിരിഞ്ഞ റാം, പക്ഷെ അയാളുടെ അടുത്ത വാക്കുകൾ കേട്ടപ്പോൾ തല കറങ്ങുന്നതു പോലെ തോന്നി.

“നിങ്ങളുടെ മകൻ ഒരു പരാതി തന്നിട്ടുണ്ട്, അവനെ നിങ്ങൾ ഉപദ്രവിക്കുന്നു എന്ന് പറഞ്ഞിട്ട്. അത് കൊണ്ട് നിങ്ങളെ അറസ്റ്റ് ചെയ്യുകയാണ്”.പോലീസുകാരൻ മകനെ പുറത്തിറക്കി, റാമിനെ അതെ സ്ഥാനത്തു കയറ്റി ഇരുത്തി. ജീപ്പിന്റെ പിന്നിൽ ഇരിക്കുമ്പോൾ അയാൾ ആലോചിച്ചു, ” ഇതാണോ തലമുറകളുടെ വിടവ് എന്ന് പറയപ്പെടുന്നത്, അതോ ന്യൂ ജനറേഷൻ ചിന്താഗതിയോ?”.

Comments

comments