ഓർമച്ചില്ലുകൾ – Devu R Chandran

1
  

Author : Devu R Chandran

Company : Allianz

ഓർമച്ചില്ലുകൾ

 

കൊൽക്കത്ത നഗരത്തിന്റെ വിരിമാറു പിളർന്ന് മാനം നോക്കി നിൽക്കുന്ന ഒരു ബഹുനില കെട്ടിടത്തിന്റെ പന്ത്രണ്ടാം നിലയിൽ നിന്ന് കൊണ്ട്, അവൾ ഒരു ദിവസത്തിന്റെ മരവിപ്പ് ഒരു ചായക്കപ്പിനു പിന്നിൽ നിന്ന്  ഊതിയകറ്റാൻ ശ്രമിച്ചു. നഗരത്തിലെ വീഥികൾ പോലെ അവളുടെ മനസ്സും ഇളകി മറിഞ്ഞു. സാഗരം പോലെ, സ്വന്തം കൂടു പറ്റാൻ ഒഴുകുന്ന ജനങ്ങളെ നോക്കി അവൾ നെടുവീർപ്പിട്ടു.

‘മാഡം’, സബോർഡിനേറ്റസിൽ  ഒരാൾ അവളുടെ ചിന്തകളെ വീണ്ടും ഔദ്യോഗിക ജീവിത്തിലേക് തിരികെ കൊണ്ട് വന്നു. ഫ്ലാറ്റിൽ എത്തുമ്പോൾ നേരം വൈകിയിരുന്നു. സെക്യൂരിറ്റി വളരെ യാന്ത്രികമായ ചിരിച്ചു കൊണ്ട് തന്റെ പതിവ് കടമ നിറവേറ്റി. തന്നെ വരവേൽക്കാൻ ഉത്സാഹിക്കുന്ന ഒരു കുഞ്ഞു പട്ടി കുട്ടി മാത്രമാണ് വീട്ടിൽ അവളെ കാത്തിരിക്കുന്നത്.

പിറ്റേന്ന് രാവിലെ എണീറ്റ് എയർപോർട്ടിൽ എത്തണം. പത്തൊൻപതു വർഷങ്ങൾക് ശേഷം അവൾ മടങ്ങുകയാണ്, നാട് എന്ന ഓർമയിലേക്ക്. അമ്മയുടെ മടിയിൽ നേരം ഏറെ ഇരുട്ടിയിട്ടും കിടക്കാൻ കൊതിക്കുന്ന കുട്ടിയെ പോലെ അവൾ ചെന്നു, അവളെ വളർത്തിയ നാട്ടിലേക്ക്.

നാട്ടിലേക്കുള്ള വഴിയിൽ ഒരു നിമിഷം പോലും അവൾക് കണ്ണ് ചിമ്മാൻ കഴിഞ്ഞില്ല. മുറിഞ്ഞു പോയ ഏതോ പകൽ കിനാവിന്റെ ചില്ലുകൾ പെറുക്കി അടുക്കുന്നത് പോലെ തോന്നി. പലപ്പോഴും ചില്ലുകൾ കൊണ്ട് ആ ഹൃദയം ഒന്നിടറി. എന്നാൽ മുറിവേല്പിക്കാൻ ആ ഓർമകൾക്ക് പത്തൊന്പത് വർഷത്തെ ഇടവേള ഒരു ബാധ്യത ആയി.

എല്ലാം വളരെ മാറിപ്പോയിരിക്കുന്നു. ഒരിക്കൽ വെളിച്ചവും വായുവും സന്തോഷങ്ങളും സങ്കടങ്ങളും നിറഞ്ഞു നിന്ന പല വീടുകളും ഇന്ന് താഴുകൾക്കപ്പുറം ലോകം കാണുന്നു. പ്രതീക്ഷിച്ചത്ര തകർന്നിട്ടില്ല വീട്, പുരയിടവും അതെ. ഒരു വിധം മെനയിൽ ആരാണിങ്ങനെ സൂക്ഷിക്കുന്നതെന്ന് അവളൊന്ന് ചിന്തിച്ചു നിന്നു. ചെരുപ്പൂരിയിട്ട് അവൾ നടന്നു. കല്ലുകളും മുള്ളുകളും തടയാൻ ശ്രമിച്ചിട്ടും തളരാതെ അവൾ തൊടി മുഴുവൻ കണ്ട് നടന്നു. മണ്ണിൽ ചവിട്ടിയിട്ട് ഒരുപാട് നാളായി. ഭൂമിയിൽ ജീവിച്ചിട്ടും മണ്ണ് കാണാൻ കഴിയാത്തത് തന്നെയാണ് ഈ തലമുറയുടെ ശാപം. ഓർമ്മകൾ അവളെ വേട്ടയാടുമ്പോൾ സ്നൂപ്പി ഓടി രസിക്കുന്നു. ഫ്ലാറ്റിന്റെ നാല് ചുവരുകൾക്കപ്പുറം കാണാത്ത അവനു സ്വയം നിയന്ത്രിക്കാൻ കഴിയുന്നില്ല.പക്ഷെ പോയതിലും വേഗം അവൻ ഓലപ്പുരയുടെ പിന്നിൽ നിന്നും കുരച്ചു കൊണ്ട് എന്റെ അടുത്തേക്കോടിയെത്തി അപായ സൂചന നൽകി.

വടിയുമായൊരാൾ സാവധാനം നടന്നു വരുന്നു. കണ്ണുകൾ കള്ളം പറയുമോ എന്നവൾ അതിശയിച്ചു. തന്നെ തോളിലിരുത്തി കളിപ്പിക്കുമായിരുന്ന ആ മനുഷ്യൻ. അറിവില്ലാത്ത പ്രായത്തിൽ ചന്ദാമാമ എന്നവൾ വിളിക്കുമായിരുന്നു. എന്നാൽ ഇന്നങ്ങനെ വിളിക്കാമോ? പണ്ട് നാട് വിട്ടു പോയ ചന്ദാമാമ, ഇന്നിവിടെ? ചോദ്യങ്ങളേറെ മനസ്സിൽ ഉയർന്നപ്പോൾ പെട്ടെന്ന് ഒരു ചോദ്യം, ‘എന്റെ തമ്പാട്ടികുട്ടി ചന്ദാമാമയെ മറന്നോ!!’

കഥകൾ പറഞ്ഞും കേട്ടും അവർ ഉമ്മറപ്പടിയിലിരുന്ന് പോയ കാലത്തെ  ഒന്ന് കൂടെ തിരിഞ്ഞു നോക്കി. “എവിടെ നിന്ന് തുടങ്ങിയോ,  അവിടേക്കു തന്നെ തിരിച്ചെത്തുന്നു നമ്മുടെ ജീവിതം. അങ്ങനെ തന്നെ കൊണ്ടെത്തിക്കുന്നു കാലചക്രം. വഴിയിൽ കണ്ടുമുട്ടുന്നവർ അവരുടെ വേഷം ഭംഗിയായി കെട്ടിയാടുന്നു, അരങ്ങൊഴിയുന്നു. കരഞ്ഞിട്ടും പരിഭവിച്ചിട്ടും മാറാത്ത വിധിയെ പഴിച്ചിട്ട് എന്ത് കാര്യം. ജീവിക്കേണ്ടത് ഓർമകളിലല്ല, ഇന്ന് നമ്മുടെ കൈയിലുള്ള ഈ നിമിഷത്തിലാണ്. സ്നേഹിക്കാനും, സന്തോഷിക്കാനും കാത്തിരിക്കാനും ഈ നായക്കുട്ടിയെ പോലെ മനുഷ്യർക്കായെങ്കിൽ എത്ര മനോഹരമായേനെ ഈ ലോകം, പല ജീവിതങ്ങളും..”

ജീവിതത്തെ ഒരുപാട് കണ്ട ആ മനുഷ്യന്റെ വാക്കുകൾ അവൾക്കു ഒരു പുഞ്ചിരി സമ്മാനിച്ചു. വർഷങ്ങളായി ഓർമകളിൽ കുരുങ്ങി കിടന്ന ഒരു ചിരി..

Comments

comments