കലി – Rahul K Pillai

112
  

Author : Rahul K Pillai

Company : Oracle

കലി 

 

ഒരു കൈ അകലത്ത് നിൽക്കുകയാണ് അയാൾ, മലയാളം കുറേശ്ശേ സംസാരിക്കുന്ന സൽസ്വഭാവിയായ ബംഗാളി. ചുറ്റും കൂട്ടിവച്ചിരിക്കുന്ന ബേക്കറി ഐറ്റംസ്, ഫ്രിഡ്ജ്, മിക്സി, ചില്ലിട്ട അലമാര ഒന്നും കണ്ണിൽ നിന്ന് ഇപ്പോഴും മാഞ്ഞു പോയിട്ടില്ല. നിറഞ്ഞ കണ്ണുകളുമായി നിസ്സഹായനായി നിൽക്കുകകയാണ് അയാൾ. കൗണ്ടറിൽ നിന്നും മുതലാളി ഓടി വന്നു. എന്താണ്  കാര്യം എന്ന് തിരക്കി.  മൗനം മാത്രംമറുപടി കിട്ടാത്ത ദേഷ്യത്തിൽ മുതലാളി വീണ്ടും ചോദ്യം ആവർത്തിച്ചു. ആരും ഒന്നും മിണ്ടിയില്ല. ഞാൻ തിരിഞ്ഞ് നടന്നു. അവിടെ നിന്നിറങ്ങി വന്ന്  കാറിൽ കയറി ഇരുന്നു. വണ്ടി സ്റ്റാർട്ട് ചെയ്ത്ലൈറ്റ് ഓൺ ചെയ്തു. കണ്ണിലാകെ ഇരുട്ട് കയറിയ പോലെ. മുന്പിലെ റോഡ്പോലും കാണാൻ കഴിയുന്നില്ല. മനസ്സിലൊരു കല്ലു കയറ്റിവച്ചത്ര ഭാരം ഉണ്ട്. ദേഷ്യവും സങ്കടവും നിറഞ്ഞു നിൽക്കുന്നു. എങ്ങനൊക്കെയോ വണ്ടി എടുത്ത് അവിടുന്ന് വീട്ടിലേക്ക് പോയി

 

               “എന്തിനാടാ അയാൾ നിന്നെ അടിച്ചത്?” മുതലാളി അവനോട് ചോദിച്ചു. ഏതോ ചിന്തയിൽ നിന്ന് അവൻ ഉണർന്നത് ചോദ്യം കേട്ടാണ്. “പതാ നഹിം, അറിയില്ല സാറേ“. സാധാരണ മുതലാളിമാരെ പോലെ തന്നെ അതു വിശ്വസിക്കാൻ അയാൾക്കും കഴിഞ്ഞില്ല. “വെറുതെ അവൻ നിന്നെ അടിക്കില്ലല്ലോ. എത്ര നാളായി ഇവിടെ വരുന്ന പയ്യനാ.. നല്ല സ്വഭാവം ഉള്ളവനാണല്ലോ, നീ വേണ്ടാത്തത് എന്തേലും പറഞ്ഞോ അവനോട്?, സത്യം പറഞ്ഞോണം.” 

 

ഇല്ല സാറേ, ഞാൻ ഒന്നും പറഞ്ഞില്ല.  സംസാരിച്ചതേ ഇല്ല, കോഫി കുടിച്ച ഗ്ലാസ്സ് കൊണ്ടു വന്നിട്ട് എന്നെ അടിച്ചു, എനിക്കൊന്നും അറിയില്ലആരെ സംശയിക്കണം എന്നറിയാതെ മുതലാളി അത് കേട്ട് നിന്നു. ഇനി അവൻ വന്നാൽ ചോദിക്കണം എന്നുറപ്പിക്കുകയും ചെയ്തു

 

                  രാജൻ ചേട്ടൻറെ സ്വന്തമാണ് ബേക്കറി. ഞാൻ അവിടുത്തെ സ്ഥിരം സന്ദർശകനും. ജോലി കഴിഞ്ഞ് ഇറങ്ങി അവിടെ പോയൊരു കോഫിയോ നാരങ്ങാ വെള്ളമോ കുടിക്കാതെ വീട്ടിലേക്ക് പോകാറില്ല ഒരു ദിവസവും. ഏതാണ്ട് രണ്ടു വർഷമായി രാജൻ ചേട്ടന്റെ സഹായിയാണ് അശോക്. ബംഗാളിയായ അശോക് മിത്രയെ കുറേശ്ശേ മലയാളം പഠിപ്പിച്ച് രാജൻ ചേട്ടൻ അശോകൻ ആക്കി മാറ്റിക്കൊണ്ടിരിക്കുകയാണ്. ഞാനവിടെ പോയി തുടങ്ങിയിട്ട് കുറച്ച് കാലമേ ആയിട്ടുള്ളു. സാധാരണ ബംഗാളിയും മുതലാളിയും തമ്മിൽ കാണാത്ത ഒരു അടുപ്പം അവരുടെ ഇടയിൽ ഞാൻ ശ്രദ്ധിച്ചിരുന്നു. അതിനൊരു കാരണവും ഉണ്ട്, അശോകൻ വളരെ നല്ലവനാണ്. സത്യസന്ധൻ. കടയിൽ വരുന്നവർ മറന്നു വച്ചു പോയ ബാഗും മൊബൈലും ഒക്കെ അതു പോലെ തന്നെ തിരിച്ചു കൊടുത്ത കുറേ നല്ല കഥകൾ രാജൻ ചേട്ടൻ  പറഞ്ഞിട്ടുണ്ട്. അതു കൊണ്ട് ചേട്ടന് അവനെ വിശ്വാസമാണ്. വിശ്വാസം അവൻ തകർക്കാതെ കൊണ്ടു പോകുന്നുമുണ്ട്

 

              ഞാൻ കടയിൽ ചെന്നാൽ കുറെ പതിവുകളൊക്കെ ഉണ്ട്. അശോക് അകത്ത് നില്പുണ്ടാവും. അവനോട് ചെന്ന്ഭായീ, എക്ക് കോഫി ദേനഎന്ന് പറയും. മാതൃഭാഷ കേൾക്കുമ്പോൾ അവനൊരു പ്രത്യേക ഭാവം ഉണ്ടാകാറുണ്ട്. അതിനു വേണ്ടി തന്നെയാണ് എന്റെ മുറി ഹിന്ദി ഞാൻ അവിടെ പ്രയോഗിക്കുന്നതും. ഹിന്ദിക്ക് മറുപടി ആയി ഒരു ചിരിയും തന്നിട്ട് അവൻ കോഫി എടുക്കാൻ പോകും. സമയം ഞാൻ നേരെ രാജൻ ചേട്ടന്റെ അടുത്ത് പോയി ഒന്നു വിശേഷം തിരക്കി ഒരു കവർ കപ്പലണ്ടിയും എടുത്ത് വരും.  ചിലപ്പോൾ കുറച്ചു നേരം കശ്മീർ പ്രശ്നവും, മഴയത്ത് മരം വീണതും, റിയൽ എസ്റ്റേറ്റ് കാര്യങ്ങളും ഞങ്ങൾ ചർച്ച ചെയ്യാറുണ്ട്. ഞാൻ തിരിച്ചു വരുമ്പോഴേക്കും പുറത്തെ മേശകളിൽ കിഴക്കേ അറ്റത്തെ മേശയ്ക്ക് മേൽ ഒരു കപ്പ് കോഫി അശോക് കൊണ്ടു വച്ചിരിക്കും. അവനറിയാം എനിക്ക് അവിടെ ഇരിക്കുന്നതാണ് ഇഷ്ടം എന്നത്. കോഫിയും കപ്പലണ്ടിയും ആയി പിന്നെ കുറെ നേരം അങ്ങനെ ഇരിക്കും ഞാൻ. ഇടയ്ക്ക് എന്തേലും ഒക്കെ ആലോചിച്ച് തുടങ്ങിയാൽ കോഫി തീർന്നത് പോലും അറിയാറില്ല. ആലോചനകൾക്കിടയിൽ രാജൻ ചേട്ടനോ അശോകനോ എന്നെ ഒരു ശബ്ദം കൊണ്ടു പോലും ശല്യപെടുത്താറില്ല. കോഫി കുടി കഴിഞ്ഞ് കപ്പ് കൊണ്ടു പോയി അശോകിന്റെ അടുത്ത് വച്ചിട്ട് ഒരുതാങ്ക് യൂഞാൻ പറയും. അതിനും അവന്റെ മറുപടി ചിരിയിൽ ഒതുങ്ങും. രാജൻ ചേട്ടന്റെ അടുത്ത് പോയി ക്യാഷ് കൊടുത്ത് ഞാൻ മടങ്ങും. ചില ദിവസങ്ങളിൽ പാലോ തൈരോ ഒക്കെ വാങ്ങണമെങ്കിൽ അതും അവിടുന്ന് തന്നെ വാങ്ങും. ഇതങ്ങനെ ഒരു ദിനചര്യ ആണ് എനിക്ക്. തിരുവനന്തപുരം നഗരത്തിൽ വന്നു ജീവിക്കാൻ തുടങ്ങിയ കാലം മുതൽ ഉള്ള പതിവ്.

 

                       അശോകനെ ബേക്കറിയ്ക്ക് പുറത്ത് ഒരിക്കൽ മാത്രമേ കണ്ടിട്ടുള്ളു. ഒരിക്കൽ ഒരു സെക്കൻഡ് ഷോ ഹിന്ദി സിനിമയ്ക്ക് ഞാനും സുഹാസും പോയപ്പോൾ അശോകും കുറെ തനി ബംഗാളി കൂട്ടുകാരും ഉണ്ടായിരുന്നു. തനി ബംഗാളി എന്ന് ഞാൻ ഉദ്ദേശിച്ചത് വേറൊന്നുമല്ല, ‘ബംഗാളിഎന്ന വാക്ക് കേട്ടാൽ നമ്മൾ മലയാളികൾക്ക് മനസ്സിൽ വരുന്ന ഒരു മുഖം ഉണ്ടല്ലോ. ഹാന്സിന്റെ കറ പറ്റിപ്പിടിച്ചിരിക്കുന്ന പല്ലുകളും ചെറിയ കൈയുള്ള ടി ഷർട്ടും തീരെ അനുസരണ ഇല്ലാത്ത മുടിയും സിമന്റ് പൊടി പറ്റിയ പാൻറ്സും ഒക്കെ ഉള്ള ഒരു രൂപം..ഏകദേശം ലുക്ക് ഉള്ള മൂന്നു കൂട്ടുകാരുടെ കൂടെ ആണ് അന്ന് അശോകിനെ കണ്ടത്. എന്നെ കണ്ടതും അങ്ങോട്ട് വന്ന് പരിചയം പുതുക്കാൻ അവൻ മറന്നില്ല. സർ എന്നുള്ള അവന്റെ വിളി ഒഴിച്ച് ബാക്കി എന്തും സഹിക്കാം. അവനെന്നല്ല, ആരും അങ്ങനെ വിളിക്കുന്നത് എനിക്ക് ഇഷ്ടമല്ലഅറിയാവുന്ന ഹിന്ദി ഒക്കെ അന്ന് അവനോട് എടുത്ത് പ്രയോഗിച്ചു. കൂട്ടുകാരുമായി സിനിമയ്ക്ക് വന്നതാണെന്ന് അവനും പറഞ്ഞു.  കൂടെ വന്ന രൂപങ്ങളൊക്കെ അവന്റെ റൂംമേറ്റ്സ് ആണെന്ന് പറഞ്ഞ് പരിചയപ്പെടുത്തി. പിന്നെ അവനെ കാണുന്നത് പിറ്റേന്ന് ബേക്കറിയിൽ ചെന്നപ്പോഴാണ്. സിനിമ ഇഷ്ടപ്പെട്ടോ എന്നൊരു അന്വേഷണം നടത്താനും അവൻ മറന്നില്ല.

 

                        പതിവുകളൊക്കെ അങ്ങനെ തുടർന്നു കൊണ്ടിരുന്നു. ഓഫീസിലെ ജോലി അതിന്റെ മൂർദ്ധന്യാവസ്ഥയിൽ എത്തിയ ഒരു ദിവസം കുറെ വൈകിയാണ് ബേക്കറിയിൽ കോഫി കുടിക്കാൻ എത്തിയത്. ആകെ മൊത്തം ഒരു മരവിപ്പ് ആയിരുന്നു അന്ന് മനസ്സിന്. കഴിഞ്ഞ പതിന്നാല് ദിവസമായി ആരോടേലും ഒന്ന് മനസ്സ് തുറന്ന് സംസാരിച്ചിട്ടില്ല. ജോലിയുടെ ആധിക്യം എന്ന് മാത്രം പറയാൻ പറ്റില്ല. പെണ്ണ് വിളിച്ചിട്ട് രണ്ടാഴ്ച ആയിരുന്നു, എന്തോ ഒരു വഴക്കിന്റെ പേരിൽ തുടങ്ങിയതാണ്. വാശി കൂടിയപ്പോൾ വിളിക്കുന്നില്ല എന്ന് ഞാനും അങ്ങ് തീരുമാനിച്ചു. പക്ഷേ ദിവസങ്ങൾ കഴിയുംതോറും എന്റെ മനസ്സിന്റെ നിയന്ത്രണം നഷ്ടപ്പെട്ട് തുടങ്ങുന്നത് ഞാൻ തിരിച്ചറിഞ്ഞിരുന്നു. എപ്പോഴൊക്കെയോ ഒറ്റയ്ക്ക് സംസാരിക്കാൻ തുടങ്ങിയിരുന്നു. ഒറ്റയ്ക്കാണ് സംസാരിക്കുന്നത് എന്ന് മനസിലാക്കി വരുമ്പോഴേക്കും സംസാരിച്ചിരുന്നത് എന്താണെന്ന് പോലും ഓർക്കാൻ കഴിയുമായിരുന്നില്ല. സ്വഭാവത്തിലെ അസ്വാഭാവികത ഓഫീസിൽ തന്നെ ആരൊക്കെയോ തിരിച്ചറിഞ്ഞു തുടങ്ങിയപ്പോൾ മൗനം ഭാവിച്ചു. ചോദ്യങ്ങൾക്ക് ഒന്നും പലർക്കും മറുപടി കൊടുത്തില്ല. ഒറ്റയ്ക്ക് രാത്രി എവിടൊക്കെയോ ഇറങ്ങി നടന്നു. പിടിച്ചു  നിർത്താൻ ശ്രമിച്ചിട്ടും നിൽക്കാതെ മനസ്സ് എന്തൊക്കെയോ ചിന്തിച്ച് കൂട്ടികൊണ്ടിരുന്നു. ഭാരിച്ച ചിന്തകളും ഒരു പകലിന്റെ മൗനവും പേറിയാണ് അന്ന് ബേക്കറിയിൽ കോഫി കുടിച്ചിരുന്നത്.

ആലോചനകൾക്കൊടുവിൽ വലതു കയ്യിലെ ചോരത്തിളപ്പ് കൂടിയത് ഞാൻ അറിഞ്ഞില്ല. ശരീരത്തിലെ ഗ്രന്ഥികൾ അഡ്രിനാലിൻ അളവ് കൂട്ടിയതും എനിക്ക് തിരിച്ചറിയാൻ കഴിഞ്ഞില്ല. കോഫി കപ്പ് തിരിച്ചു കൊണ്ട് വയ്ക്കാൻ എണീറ്റപ്പോൾ ഒന്ന് കാലിടറി. അതൊന്നും വക വയ്ക്കാതെ മുന്നോട്ട് ചെന്ന് കപ്പ് മേശപ്പുറത്ത് വച്ചു . അശോകൻ അതെടുത്ത് കഴുകാൻ വച്ചിട്ട് തിരിഞ്ഞ് നിന്ന് എന്നെ നോക്കി ചിരിച്ചു.

 

മനസ്സും തലച്ചോറും തമ്മിലുള്ള ബന്ധം വേർപെട്ട നശിച്ച നിമിഷത്തിൽ എന്റെ വലം കൈ ശക്തിയായി അവന്റെ കവിളിൽ പതിച്ചു. രാത്രിയുടെ നിശബ്ദതയെ ഭേദിച്ചു കൊണ്ട് ശബ്ദം മുറിയിലാകെ ഉച്ചത്തിൽ കേട്ടു. ആശിച്ചതെന്തോ നേടിയ ആശ്വാസത്തിൽ എന്റെ വലതു കൈയിലെ രക്തത്തിളപ്പ് കുറഞ്ഞു. മനസ്സ് തിരിച്ചു വന്നു, ഞാൻ അശോകിനെ തല്ലി എന്ന് എന്റെ ഉപബോധ മനസ്സ് തിരിച്ചറിഞ്ഞു. തിരിച്ചൊരു തല്ലാണ് ഞാൻ പ്രതീക്ഷിച്ചത്. പക്ഷേ  അടികൊണ്ട കവിളിൽ കൈയും വച്ച് എന്നെ നോക്കി നിൽക്കുക മാത്രമേ അവൻ ചെയ്തുള്ളു. ശബ്ദം കേട്ട് രാജൻ ചേട്ടൻ ഓടി വന്ന് കാര്യം തിരക്കാൻ തുടങ്ങി. എന്റെ കണ്ണുകളിലേക്ക് നോക്കി ഒന്നും മിണ്ടാതെ അവൻ നിന്നു. അവന്റെ കണ്ണിൽ കണ്ട ഭാവം ഏതാണെന്ന് എനിക്ക് ഇനിയും മനസ്സിലായിട്ടില്ല. നിഷ്കളങ്കമായി തോന്നിയെങ്കിലും, സങ്കടത്തിന്റെയും പകയുടെയും ഒരു നാളം അതിൽ എവിടെയെങ്കിലും ഒളിച്ചു കിടപ്പുണ്ടോ എന്ന് ഞാൻ ഇപ്പോഴും ഭയക്കുന്നു. പിന്നീടൊരു വാക്ക് പോലും മിണ്ടാതെ ഞാൻ ഇറങ്ങി നടന്നു, ചോദ്യങ്ങൾ എനിക്ക് പിറകിൽ ഉയർന്നു കേൾക്കുന്നുണ്ടായിരുന്നു. ഉത്തരങ്ങളൊക്കെയും എന്റെ മനസിൽ മാത്രം തെളിഞ്ഞു നിന്നു.

 

                   പിന്നെ അവിടേക്ക് പോയിട്ടില്ല. പോകണം എന്ന് എല്ലാ ദിവസവും മനസ്സിൽ ഉറപ്പിക്കും എങ്കിലും സമയം അടുക്കുന്തോറും ഒരു ഭയം ആണ്. ബംഗാളികളേയും അവരുടെ പകയേയും കുറിച്ച് കേൾക്കുന്ന കഥകൾ ഒന്നും ശുഭകരമല്ല. അതൊക്കെ ഓർക്കുമ്പോൾ, കാണുമ്പോൾ എവിടേക്കെങ്കിലും ഒളിച്ചു പോയാലോ എന്ന് പോലും ചിന്തിക്കാറുണ്ട്. ദേഷ്യവും ഭ്രാന്തും ഒക്കെ  കെട്ടടങ്ങിയിട്ട് ദിവസങ്ങൾ ആയി. ജീവിതം വീണ്ടും പഴയ പോലെ ആയി വരുന്നു. എങ്കിലും കുറ്റം ചെയ്തവന്റെ ഭയം എന്നെ വല്ലാതെ വേട്ടയാടുന്നുണ്ട്. എവിടെയോ എന്തോ സംഭവിക്കാൻ പോകുന്നു എന്ന തോന്നൽ മാത്രം വിട്ടു പോകുന്നില്ല. ജനിച്ചാൽ ഒരിക്കൽ മരിക്കണം എന്നറിയാം, പക്ഷേ ബോധമുള്ള ഒരു മനസ്സിനെ അത് പറഞ്ഞു വിശ്വസിപ്പിക്കുക എന്നതാണ് പ്രയാസം. പ്രയാസം മാറാത്ത കാലത്തോളം ഞാൻ ജീവിക്കുന്നു എന്ന് പറയുന്നത് ഏത് നിമിഷവും ഒരു കള്ളമായി മാറിയേക്കാം.

 

കുറിപ്പ്:നാളെ ഒരു പിച്ചാത്തിപ്പിടിയിൽ എന്റെ ചോര പുരണ്ടാൽ, ഇരുളിന്റെ മറവിലോ പകലിലോ ആരെങ്കിലും എന്റെ മാംസം തുരന്നെടുത്താൽ കഥ വായിച്ചതിന്റെ പേരിൽ നിങ്ങൾ അശോകിനെയോ രാജൻ ചേട്ടനെയോ ബേക്കറിയോ  തേടി പോകരുത്. കൊടുത്ത അടി വെറും സാങ്കല്പികം മാത്രമാണ്. അവനു മുന്നിൽ പാതി ചത്ത മനസ്സുമായി നിന്നു എന്നതൊഴികെ പാവത്തിനെ ഞാൻ തല്ലിയിട്ടില്ല

Comments

comments