കോമ – Praveen S

5
  

Author : Praveen S

Company : IBS

കോമ

സമയം 5 മണി ആകുന്നു. മാനേജർ മീറ്റിംഗ് കഴിഞ്ഞു ഇതുവരെ തിരിച്ചെത്തിയില്ല. എനിക്ക് നേരത്തെ പോകണം എന്ന് അറിയാമെങ്കിലുംപോകുന്നതിനു മുമ്പ് ഒന്ന് പറഞ്ഞിട്ട് പോകണമായിരുന്നു.

ബൈക്കിന്റെ താക്കോൽ എടുത്തു ഞാൻ മെല്ലെ എണീറ്റു.

“നീ  ഇറങ്ങുവാണോ?” എൻ്റെ അടുത്ത് തന്നെ ഇരിക്കുന്ന, എൻ്റെ അതേ ജോലികൾ ഒക്കെ തന്നെ ചെയ്യുന്ന, എൻ്റെ ഒരു നല്ല സുഹൃത്തിന്റെചോദ്യം ആയിരുന്നു അത്.

“അതെ, സമയമായി. ഞാൻ ചെന്നിട്ടു വേണം അവൻ്റെ ഭാര്യക്ക് ഒന്ന് വീട്ടിൽ പോയി ഫ്രഷ് ആകാൻ.”

“അവിടെ വേറെ പലരും ഇല്ലേ? എന്നും നീ തന്നെ പോകണമെന്നുണ്ടോ?”

“അവിടെ പോയി നേരിട്ട് വിവരങ്ങൾ അറിഞ്ഞില്ലെങ്കിൽ എനിക്കും ഒരു സമാധാനം കിട്ടില്ല.”

അതും പറഞ്ഞു ഞാൻ മുന്നോട്ടു നടന്നു. മീറ്റിംഗ് റൂം എത്തുന്നതിനു മുൻപ് തന്നെ മാനേജർ റൂമിൽ നിന്ന് പുറത്തിറങ്ങി. എന്നെ കണ്ടതുംചോദിച്ചു.

“ഇപ്പോഴേ ഇറങ്ങുവാണോ? കുറച്ചും കൂടി കഴിഞ്ഞു പോയാൽ പോരെ?”

“അല്ല, അവന് ഇതുവരെയും ബോധം വന്നിട്ടില്ല. ഇപ്പോഴും കോമയിൽ ആണ്.”

“അതൊക്കെ അറിയാം, എന്നാലും എന്നും ഇങ്ങനെ വരുന്നതും താമസിച്ചു, പോകുന്നതും നേരത്തെ.”

“ഒരു ഹോസ്പിറ്റൽ കേസ് ആയതുകൊണ്ടല്ലേ, എൻ്റെ വളരെ അടുത്ത സുഹൃത്ത് ആണ്. ഓൺസൈറ്റ് ആയിരുന്നപ്പോൾ ഞങ്ങൾഒന്നിച്ചായിരുന്നു താമസം. ഇവിടെ തൊട്ടു അടുത്ത് തന്നെ വീട്. അത്രയും അടുപ്പമുള്ള ഒരാൾ ആക്സിഡന്റ് ആയി ഹോസ്പിറ്റലിൽകിടക്കുമ്പോൾ…”

“സംഗതി ഒക്കെ ശരി തന്നെ, പക്ഷെ ടീമിൽ ബാക്കി ഉള്ളവർ ഇങ്ങനെ കൂടുതൽ നേരം ജോലി ചെയ്യുമ്പോൾ ഒരാൾക്ക് മാത്രം എസ്ക്യൂസ്‌കൊടുക്കുന്നത്, എത്ര നാളെന്നു വെച്ചിട്ടാ.”

എന്നിട്ടു മാനേജർ തൻ്റെ സീറ്റിലേക്ക് നടന്നു പോയി. മനസ്സില്ലാമനസ്സോടെ ഞാനും എൻ്റെ സീറ്റിലേക്ക് തിരിച്ചു നടന്നു.

സീറ്റിൽ ഇരുന്നു. അവൻ്റെ ഭാര്യയെ കുറച്ചു താമസിക്കും എന്ന കാര്യം വിളിച്ചറിയിക്കാം എന്ന് വിചാരിച്ചു.

നമ്പർ ഡയൽ ചെയ്തു. ബെല്ലടിച്ചു. “ഹലോ?”

“ഹലോ, ഞാൻ ഹോസ്പിറ്റൽ എത്താൻ കുറച്ചു ലേറ്റ് ആകും. സമയം ആകുമ്പോൾ ഇറങ്ങിക്കോണം. എനിക്ക് വേണ്ടി വെയിറ്റ് ചെയ്തുനിങ്ങളും ലേറ്റ് ആകരുത്.”

ഒന്ന് മൂളുക മാത്രമേ ചെയ്തുള്ളു. ഫോൺ വെച്ചു.

മെഷീൻ ലോഗിൻ ചെയ്തു.

എന്ത് ചെയ്യണമെന്ന് വ്യക്തത ഇല്ലാതെ കുറേ നേരം ഓരോന്നും ആലോചിച്ചുകൊണ്ടിരുന്നു.

ഏകദേശം 5 മിനുട്ടോളം കഴിഞ്ഞു. ഇന്നിനി ഒരു ജോലിയും ചെയ്യാൻ പറ്റുന്ന മാനസികാവസ്ഥയിൽ അല്ല ഞാൻ എന്നെനിക്കു ഉറപ്പായി. പിന്നെഅടുത്തിരിക്കുന്ന സുഹൃത്തിനോട് പറഞ്ഞു.

“എടാ ഞാൻ ഇറങ്ങുന്നേ, എന്തായാലും ജോലിയിൽ ശ്രദ്ധിക്കാൻ പറ്റുന്നില്ല.”

ആരുടേയും അഭിപ്രായങ്ങൾക്കും ഉപദേശങ്ങൾക്കും ചെവി കൊടുക്കാൻ നിൽക്കാതെ അവിടെ നിന്ന് പുറത്തിറങ്ങി. കുറച്ചു കഴിഞ്ഞപ്പോൾവേറെ പ്രോജെക്ടിൽ ജോലി ചെയ്യുന്ന ഒരു സുഹൃത്ത് എതിരെ വരുന്നുണ്ടായിരുന്നു.

“ആ… ഇന്ന് നേരത്തെ ആണല്ലോ, ഇപ്പോഴേ പോകേണ്ട കാര്യമുണ്ടോ?”

“ഉം, പോയിട്ട് ഒരു അത്യാവശ്യമുണ്ട്.”

ഹെൽമെറ്റ് എടുക്കാനായി സെക്യൂരിറ്റിയുടെ അടുത്ത് എത്തി.

“സർ ഇന്ന് നേരത്തെ ആണല്ലോ? ഇപ്പോഴേ പോണോ?”

ഒന്ന് മൂളുക മാത്രം ചെയ്ത് വെളിയിൽ ഇറങ്ങി.

വൈകിട്ട് ആയിട്ടും ചൂടിന് ഒരു കുറവുമില്ല. ബൈക്ക് സ്ഥിരം പാർക്ക് ചെയ്യാറുള്ള സ്ഥലത്തും തണൽ കാര്യമായിട്ടില്ല. ചുട്ടു പഴുത്ത പോലുള്ളബൈക്കിൽ ഇരുന്നു സ്റ്റാർട്ട് ചെയ്ത് ഞാൻ മുന്നോട്ടു നീങ്ങി.

ആദ്യത്തെ ട്രാഫിക് സിഗ്നലിൽ നിന്ന് ചുവന്ന വെളിച്ചം. ഒരു അത്യാവശ്യത്തിനു പോകുമ്പോൾ വരുന്ന ട്രാഫിക് സിഗ്നലുകൾക്കെല്ലാം ചുവപ്പ്നിറമായിരിക്കും.

വഴികളിൽ തിരക്ക് തുടങ്ങിയിട്ടില്ല.

രണ്ടാമത്തെ ട്രാഫിക് സിഗ്നലിലെ കാത്തിരിപ്പിനു ശേഷം തിരിഞ്ഞു കുറച്ചു ദൂരം കൂടെ പോയപ്പോൾ ഹോസ്പിറ്റൽ എത്തി. അവിടെയും സ്ഥിരംപാർക്ക് ചെയ്യുന്ന സ്ഥലത്തു തന്നെ ഇടം കിട്ടി.

ഗേറ്റിനു അടുത്തു നിന്ന ഒരു സ്റ്റാഫ് എന്നെ കണ്ടപ്പോൾ ഒന്നു ചിരിച്ചു.

“ഇന്ന് നേരത്തെ എത്തിയല്ലോ സാറേ, കുറച്ചും കൂടി കഴിഞ്ഞു വന്നാൽ മതിയായിരുന്നല്ലോ”

ഞാൻ ഒരു മങ്ങിയ ചിരി മാത്രം കൊടുത്തു അകത്തേക്ക് കയറി.

ഐ സി യു ന്റെ മുന്നിൽ എത്തി. അവിടെ കുറച്ചു അപരിചിതർ മാത്രം. അവൻ്റെ ഭാര്യ പോയി കഴിഞ്ഞിരുന്നു.

ഒരു ഒഴിഞ്ഞ കസേരയിൽ ഞാൻ ഇരുന്നു. അവനും ഞാനും ഒരുമിച്ചു ചിലവഴിച്ച കുറേ നല്ല നിമിഷങ്ങളുടെ ഓർമകളിലൂടെ.

ഐ സി യു ന്റെ അകത്തു നിന്ന് അല്പം സീനിയർ ആയ ഒരു നേഴ്സ് പുറത്തേക്കു വന്നു.ഞാൻ എഴുന്നേറ്റു, എന്നെ എന്തെങ്കിലുംഅറിയിക്കാനുണ്ട് എന്ന് വിചാരിച്ചു. പക്ഷെ തുറിച്ചു നോക്കിയിട്ടു ഒന്നും മിണ്ടാതെ പോയി.

അകത്തു കിടക്കുന്ന 3 പേരുടെ കൂടെ ഉള്ളവരെ അന്വേഷിച്ചിരുന്നു. എന്നാൽ അവൻ്റെ പേര് മാത്രം ആരും വിളിച്ചു കേട്ടില്ല.

അപ്പോൾ എൻ്റെ ഫോൺ ബെല്ലടിച്ചു. എൻ്റെ ഭാര്യ ആണ്.

“ഹലോ”

“എവിടെയാ?”

“ഹോസ്പിറ്റൽ”

“ഇന്നും ലേറ്റ് ആകുമോ വീട്ടിൽ വരാൻ?”

“ഇല്ല, കഴിയാവുന്നതും നേരത്തെ വരാൻ നോക്കാം, ശരി”

നേരം നന്നേ ഇരുട്ടിയിരുന്നു. രാത്രി ഡ്യൂട്ടിയുള്ള നഴ്സുമാർ അവരുടെ ജോലികൾ തുടങ്ങിക്കഴിഞ്ഞിരുന്നു.അതിൽ പുതിയതായി ഷിഫ്റ്റ് മാറിവന്ന ഒരു നേഴ്സ് അതിലൂടെ രണ്ടോ മൂന്നോ വട്ടം നടന്നപ്പോൾ എന്നെ ശ്രദ്ധിക്കുന്നുണ്ടായിരുന്നു. കുറച്ചു കഴിഞ്ഞു സീനിയർ നഴ്സിനോട് എന്നെചൂണ്ടി ചോദിച്ചു, ഞാൻ ഏതു പേഷ്യന്റിന്റെ ബെസ്റ്റാൻഡർ ആണെന്ന്.

“അയാളുടെ ഒരു കൂട്ടുകാരൻ ഒരാഴ്ചയോളം ഇവിടെ വെന്റിലേറ്റർ സപ്പോർട്ടിൽ കിടന്നിട്ടു മരിച്ചു പോയി. അത് കഴിഞ്ഞിട്ട് രണ്ടു മൂന്നുമാസമായി. പക്ഷെ അയാൾ എന്നും ഇവിടെ വന്നു കുറേ നേരം ഇരിക്കും.”

Comments

comments