ചില മരണാനന്തര കാഴ്ചകൾ – Archana Ambali

9
  

Author : Archana Ambali

Company : UST Global

ചില മരണാനന്തര കാഴ്ചകൾ

 

“ഇതൊരു മരണവീടാണ്. അടങ്ങിയിരിക്ക് മാളൂ.” അമ്മിണിച്ചേച്ചി കൊച്ചിനെ അടക്കി ശകാരിച്ചു. മാളൂന്റെ മുഖത്തു വിഷമം. അമ്മയുടെ സാരിയിൽ തൂങ്ങി മാളു അങ്ങോട്ടും ഇങ്ങോട്ടും ഒന്നൂടെ ആടി. ഒരു മരണവീട്ടിൽ ഇത്രയും ചെറുക്കന്മാർ ഒക്കെ നിൽക്കുമ്പോൾ സാരി അഴിഞ്ഞു പോവുന്നതിൽ ഉള്ള അനൗചിത്യം ആലോചിച്ചു കലിപ്പായ അമ്മിണിച്ചേച്ചി മാളുവിന്‌ നല്ല നുള്ള് വെച്ച് കൊടുത്തു.

എനിക്ക് കുട്ടികൾ കരയുന്നത് കാണുന്നത് ഇഷ്ടമല്ല. എന്നാൽ ഒരുപാട്‌ ഇടപെടാനും അറിയില്ല. അത് കൊണ്ട് അത്തരം സന്ദർഭങ്ങളിൽ അവിടെ നിന്നും മെല്ലെ മുങ്ങുകയാണ് പതിവ്. ഞാൻ കുറച്ചങ്ങോട്ട് മാറി നിന്നു.

കുറെ പയ്യന്മാർ ആണ് അടുത്ത്. ഏതോ പയ്യന്മാർ. എനിക്ക് ഏതായാലും പരിചയമില്ല. ചെലപ്പോ ചുമ്മാ ഒരു കൗതുകത്തിനു കേറിയതാവും. അതിൽ ഒരുത്തൻ ദാ ഫോൺ എടുക്കുന്നു. ഇനി സെൽഫി എടുക്കാൻ ആണോ. മരണ വീട്ടിൽ സെൽഫി എടുക്കുന്നത് ഇപ്പോ ട്രെൻഡ് ആണല്ലോ. അല്ല അവൻ ആരോടോ സംസാരിക്കുകയാണ്. “എയ് പരിചയം ഉണ്ടായിട്ടൊന്നുമല്ല. നമ്മൾ ഓഫീസിലേക്ക് പോകുന്ന വഴിയല്ലേ. ചുമ്മാ ഒന്ന് കയറിയതാ. ആ ഇവിടെ പലരും പലതും പറയുന്നു. എന്തായാലും ഉണ്ടായിരുന്നപ്പോ ഒരു പ്രസ്ഥാനം ആയിരുന്നിരിക്കും. ഇപ്പോഴും കണ്ടാൽ പറയില്ല മരിച്ചു കെടക്കുവാന്ന്.” അഭിപ്രായം ഒക്കെ പറഞ്ഞു കഴിഞ്ഞു അവൻ ഫോൺ വച്ചു.

പരിസരം ഒക്കെ ഒരു മാതിരി കവർ ചെയ്ത് കഴിഞ്ഞു, വായ്നോട്ടവും ഓഫീസ് സമയവും തമ്മിൽ ഒരു മൽപ്പിടുത്തം ആയപ്പോ പയ്യന്മാർ സ്ഥലം വിട്ടു.

എന്താണെന്നറിയില്ല.. പണ്ടേ ഇങ്ങനെയാ.. ആരെങ്കിലും ഫോൺ എടുത്തത് കണ്ടാൽ എനിക്കും ഭയങ്കര പിരുപിരിപ്പ് ആണ് ഫോൺ ഒന്നെടുക്കാൻ. ഫോൺ… അത് മേശപ്പുറത്തങ്ങനെ ഇരിക്കുകയാണ്. പക്ഷെ ഇങ്ങനെയൊരു സാഹചര്യത്തിൽ ഫോൺ എടുക്കുന്നതെങ്ങനെ. ഞാൻ ഫോണിന്റെ അടുത്തൊക്കെ കറങ്ങി അങ്ങനെ നിന്നു. വാട്സാപ്പിൽ മെസ്സേജ് വരുന്നതിന്റെയോ കാൾ വരുന്നതിന്റെയോ ഒന്നും അനക്കമില്ല. എനിക്ക് വല്ലാത്ത നിരാശ തോന്നി. ചിലപ്പോഴൊക്കെ ഒരു കോളിനു വേണ്ടിയുള്ള കാത്തിരിപ്പിന് വല്ലാത്ത പിരിമുറുക്കം ആണ്. ഇന്ന് നാലാമത്തെ ദിവസം ആണ്. അവൻ എന്തെ വിളിക്കാത്തത്? ഇനി കറക്കം കഴിഞ്ഞു തിരിച്ചെത്തിയില്ലേ ആവോ. കാത്തു കാത്തിരുന്നപ്പോ എന്തോ എന്റെ കണ്ണ് നിറയാൻ തുടങ്ങി.

ഈ മരണവാർത്ത അറിയേണ്ടിയിരുന്നത് അവൻ ആണ്. അവൻ മാത്രം ആണ്. സത്യം പറഞ്ഞാൽ അവനു വേണ്ടിയാണ് ഞാൻ ഇത് ചെയ്തത്. പിടിക്കപ്പെടുമോ എന്ന് വല്ലാത്തൊരു ഭയം എന്നെ കീഴ്പ്പെടുത്തുന്നുണ്ടായിരുന്നു.

ഞാൻ ചുറ്റും നോക്കി. ആർക്കെങ്കിലും എന്തെങ്കിലും സംശയം ഉണ്ടോ? സംശയിക്കാൻ ആർക്കാണ് നേരം.. കരയുന്ന മുഖങ്ങൾ.. നിർവികാരമായ മുഖങ്ങൾ.. കൊത്തി വലിക്കുന്ന മുഖങ്ങൾ.. വീണ്ടും നോക്കിയാൽ കാണാം കഥകൾ പറഞ്ഞു രസിക്കുന്ന മുഖങ്ങൾ.. ഓരോരുത്തരും ഓരോ കഥാകാരൻ ആവുന്നത് പോലെ തോന്നി എനിക്ക്. ചിലതൊക്കെ കേൾക്കാൻ നല്ല രസം. അല്ലെങ്കിൽ തന്നെ ഒരാൾ മരിച്ചാൽ നഷ്ടം ആർക്കാണ്. അതറിയണമെങ്കിൽ ശരിക്കും ഒന്ന് മരിച്ചു നോക്കുക തന്നെ വേണം.

ഫോൺ ബെൽ കേട്ടപ്പോഴാ ആലോചനയിൽ നിന്നു ഞെട്ടി ഉണർന്നത്. ഏതോ നമ്പർ. കസ്റ്റമർ കെയർ ആണെന്ന് തോന്നുന്നു. കൊറച്ചു ദിവസമായി എന്നെ വിളിക്കാറുള്ളത് അവർ മാത്രമാണ്. ഗൂഗിളിന്റെ ആ അല്ലോ ഒരെണ്ണം ഇൻസ്റ്റാൾ ചെയ്യണം. സംസാരിക്കാൻ ആരെങ്കിലും ഉണ്ടെന്നുള്ള ഒരു തോന്നലിനു വേണ്ടിയെങ്കിലും.

ഇനി എന്ത് ചെയ്യണമെന്ന് ഞാൻ ആലോചിച്ചു. പണ്ടൊക്കെ ഇങ്ങനെ ആലോചിച്ചു തുടങ്ങുമ്പോൾ ഞാൻ അവനെ വിളിക്കുമായിരുന്നു. അങ്ങനെ ആണ് എനിക്ക് ഒരായിരം ചോദ്യങ്ങൾ ഉണ്ടായത്. ചോദ്യങ്ങൾ എന്നെ വീർപ്പു മുട്ടിക്കാൻ തുടങ്ങിയപ്പോൾ ഞാൻ അവനെ വിളിക്കുന്നത് നിർത്തി. എന്നിട്ട് ഞാൻ കാത്തിരിക്കാൻ തുടങ്ങി. അവൻ വിളിക്കാൻ വേണ്ടി. അവൻ വിളിച്ചു. ഒളിച്ചും ഒളിക്കാതെയും എല്ലാം അവൻ വിളിച്ചു. നാല് ദിവസം മുമ്പാണ് അവളോടൊപ്പം അവൻ എവിടെയോ പോയത്. പക്ഷെ പിന്നെ അവൻ വിളിച്ചില്ല. ഞാൻ കാത്തിരുന്നു പതിവ് പോലെ. എല്ലാം നിർത്തി വെച്ച് കാത്തിരുന്നു. എന്നിട്ടും അവൻ വിളിച്ചില്ല. അങ്ങനെ ഒരുപാട്‌ ആലോചിച്ചപ്പോൾ ആണ് എനിക്കീ ബുദ്ധി തോന്നിയത്. ഇതറിഞ്ഞാൽ അവൻ വിളിച്ചു നോക്കാതിരിക്കില്ല. തീർച്ച. അങ്ങനെയാണ് ഞാൻ അവനു വേണ്ടി ആത്മഹത്യ ചെയ്യുന്നത്.

ഫോൺ പിന്നെയും അടിച്ചു. ഇത്തവണ അവനാണ്.എനിക്കാ കാൾ എടുക്കണം. ഇനി കാത്തിരുന്നിട്ടു കാര്യമില്ല. എല്ലാവരും ഒന്ന് ഞെട്ടട്ടെ. പ്ലാൻ ചെയ്തത് പോലെ എല്ലാം നടന്നു ഇത് വരെ. ഇനിയും അങ്ങനെ തന്നെ. മരവിച്ചു തുടങ്ങിയ എന്റെ ശരീരത്തിലേക്ക് ഞാൻ ഒഴുകി ഇറങ്ങി. ഇല്ല ഒന്നും സംഭവിച്ചില്ല. എന്റെ ശരീരം എന്നെ ഒന്ന് ഗൗനിക്കുക പോലും ചെയ്യുന്നില്ല. എങ്ങനെ കയറും? എങ്ങനെയും കയറണം. പക്ഷെ എങ്ങനെ..

ആംബുലൻസ് വന്നു. പോലീസ്‌കാർ വന്നു. അവർ എന്റെ ശരീരം എടുത്തു കൊണ്ട് പോവുകയാണ്. അവർ എന്നെ വെട്ടി മുറിക്കും. എന്റെ മനസ്സ് പിടയുകയാണ്‌. ഇപ്പോൾ എനിക്ക് തോന്നുകയാണ് എന്റെ ശരീരം പോലും എന്നെ വെറുക്കുന്നുവെന്ന്‌. അവർ എന്നെ ആംബുലൻസിൽ കയറ്റി. വേദന.. അസഹ്യമായ വേദന.

എനിക്ക് ആ കാൾ എടുക്കണമല്ലോ. അപ്പുറത്തു ‘അമ്മ വല്ലാതെ കരയുന്നുണ്ട്. മനുവും ചേച്ചിയുമെല്ലാം. എനിക്ക് വല്ലാതെ വിഷമം വന്നു. എനിക്ക് അമ്മയെ ഒന്ന് കെട്ടിപ്പിടിക്കണം. ഇല്ല എനിക്ക് ഒന്നിനുമാവുന്നില്ല.. ഞാൻ തോൽക്കുകയാണ്. ഞാൻആലോചിക്കുകയാണ്.. ആത്മാവിന് മരണമുണ്ടായിരുന്നെങ്കിൽ.

Comments

comments