പത്രോഡ – ഒരു പലഹാരത്തിന്റെ കഥ – Vinod N

117
  

Author : Vinod N

Company : Zafin

*പത്രോഡ – ഒരു പലഹാരത്തിന്റെ കഥ

“ഏട്ടൻ ഇന്ന് വീട്ടിൽ വരുമല്ലോ അല്ലെ?”  അനൂപിന്റെ ചോദ്യം ആണ് അയാളെ ചിന്തയിൽ നിന്നുണർത്തിയത്.

ടീമിൽ പുതിയതായി ജോയിൻ ചെയ്തതാണ് അനൂപ്. ഒരു അവധി ദിവസമായിട്ടും ചെയ്തു തീർക്കേണ്ട ഒരു പ്രോജക്ടിന്റെ ഭാഗമായി ഓഫീസിൽ വന്നതായിരുന്നു വെങ്കിടേഷ്. ഒപ്പം ടീമിലെ അനൂപ് ഉൾപ്പടെയുള്ള നാലഞ്ച് പേരും ഉണ്ട്. കഴിഞ്ഞ കുറെ നാളുകളായി അനൂപ് എല്ലാവരെയും വിളിക്കുന്നു, പലപല തിരക്കുകൾ കൊണ്ട് അതങ്ങു നീണ്ടു പോവുകയായിരുന്നു. സ്വഭാവങ്ങളിലെ സമാനത കൊണ്ടോ, ജോലിയിലെ ആത്മാർത്ഥത കൊണ്ടോ അനൂപ് ഇതിനോടകം തന്നെ അയാളുടെ ശ്രദ്ധ പിടിച്ചു പറ്റിയിരുന്നു. അത് കൊണ്ട് തന്നെ പറ്റില്ല എന്ന് പറയാനും വയ്യ! പോരാത്തതിന് ഇപ്പോൾ 4 മണി ആകുന്നതേ ഉള്ളൂ താനും, അതുകൊണ്ടു തന്നെ സമയം ഇല്ല എന്നും പറയാൻ വയ്യ. തനിച്ചാണ് താമസം എന്നറിയാവുന്നത് കൊണ്ട് വീട്ടുകാരുടെ പേര് പറഞ്ഞു ഒഴിയാനും വയ്യ!

“ഞാൻ വരാം അനൂപ്, നമുക്ക് ഒരുമിച്ചിറങ്ങാം”, വെങ്കിടേഷ് പറഞ്ഞു.

അങ്ങിനെ വെങ്കിടേഷിന്റെ വണ്ടിയിൽ അനൂപ്, സുധി, വികാസ് തുടങ്ങിയവർ അനൂപിന്റെ വീട്ടിലേക്കിറങ്ങി.

“ഇന്ന് ഒരു സ്പെഷ്യൽ ആയിട്ടുള്ള പലഹാരം ആണ് നിങ്ങൾക്കായിട്ട് ഉണ്ടാക്കിക്കാണുക” അനൂപ് പറഞ്ഞു.

“അതെന്താണ് ആ പലഹാരം” – സുധിയും, വികാസും ഒരുമിച്ചാണ് ചോദിച്ചത്.

“എന്തായാലും അങ്ങോട്ട് പോകുകയല്ലേ? കുറച്ചു ക്ഷമിക്കൂ” വെങ്കിടേഷ് പറഞ്ഞു.

അവർ അനൂപിന്റെ വീട്ടിൽ എത്തി. അനൂപിന്റെ ‘അമ്മ പുഞ്ചിരിയോടെ അവരെ എതിരേറ്റു.

“അച്ഛൻ എവിടെ?” വെങ്കിടേഷ് ചോദിച്ചു.

“പെട്ടെന്ന് ഒരു ആവശ്യം വന്നത് കൊണ്ട് അച്ഛൻ ഇന്നലെ രാത്രി നാട്ടിലേക്ക് പോയി” അനൂപ് പറഞ്ഞു.

“എല്ലാവരും ഇരിക്കൂ, ഞാൻ ഇപ്പോൾ വരാം” അനൂപ് അമ്മയുടെ കൂടെ അടുക്കളയിലേക്ക് പോയി.

ഒരു കുഞ്ഞു വാടക വീടാണ് അനൂപിന്റേത്. ഈ നഗരത്തിൽ ഇതിനു പോലും ഒരുപാടാകാം വാടക, വെങ്കിടേഷ് ആലോചിച്ചു. വളരെ വൃത്തിയായും ഭംഗിയായും സൂക്ഷിച്ചിരിക്കുന്നു. മുറ്റത്തെ കോലം അവർ ബ്രാഹ്മണരാണെന്നു സൂചിപ്പിച്ചു. അയാൾ ആലോചിച്ചു, അനൂപ് ഒരിക്കലും ഇതേക്കുറിച്ചൊന്നും പറഞ്ഞിട്ടില്ലല്ലോ എന്ന്, പിന്നെ അയാൾ സ്വയം തിരുത്തി, അല്ല താനൊന്നും ചോദിച്ചിരുന്നില്ലല്ലോ!

“ഇത് ചേമ്പില കൊണ്ടുള്ള ഒരു പലഹാരം ആണ് – പത്രോഡ എന്നാണ് ഞങ്ങൾ ഇതിനെ പറയാറ്” – അനൂപിന്റെ അമ്മയുടെ സ്വരം ആണ് അയാളെ ചിന്തയിൽ നിന്നും ഉണർത്തിയത്.

“ഇത് ഞങ്ങളുടെ ഇടയിൽ മാത്രം ആണ് കൂടുതലായും ഉണ്ടാക്കുന്നത്, ഒരു പക്ഷെ പുറത്തു നിന്നും കിട്ടാൻ ഇടയില്ലാത്ത ഒരു പലഹാരം” – അനൂപ് പറഞ്ഞു.

നല്ല ഹൃദ്യമായ സുഗന്ധം! സുധിയും, വികാസും കഴിച്ചു തുടങ്ങിക്കഴിഞ്ഞു! പക്ഷെ വെങ്കിടേഷിന്റെ ചിന്തകൾ 12 കൊല്ലം പുറകോട്ടു സഞ്ചരിക്കുകയായിരുന്നു!
———————————————————————————————————–
12 വർഷങ്ങൾക്കു മുൻപുള്ള ഒരു കർക്കിടകമാസത്തെ ഒരു ദിവസം. അന്നാണ് വെങ്കിടേഷിന്റെ വല്യമ്മ അവരുടെ വീട്ടിലേക്ക് പോകാം എന്ന് പറഞ്ഞിരുന്നത്. ഉച്ചക്ക് ഊണ് കഴിച്ചിട്ട് പോകാം എന്ന് വെങ്കിടേഷും, അച്ഛനും നിർബന്ധിച്ചത് കൊണ്ട് അത് കഴിച്ചിട്ട് പോകാനിരിക്കുകയായിരുന്നു അവർ!

“ഞാൻ 2 മണിക്കുള്ള ബസ്സിൽ പോകാം, വൈന്നേരം മഴ പെയ്യുംന്നാ തോന്നണേ”, വല്യമ്മ പറഞ്ഞു.

“വായിനു രുചിയായിട്ടു എന്തെങ്കിലും കഴിക്കണെങ്കിൽ അക്കാൾ** വരണം”, വെങ്കിടേഷിന്റെ അച്ഛൻ പറഞ്ഞു.

“അതിനു ഇപ്പോഴല്ലേ അച്ഛന്റെ പഥ്യം കഴിഞ്ഞുള്ളു, വല്യമ്മ പോയാല് ഞാൻ ഉണ്ടാക്കണതെ ഉള്ളൂട്ടോ”, വെങ്കിടേഷ് പറഞ്ഞു.

“അതെ, അതാണല്ലോ ഞാനും പറഞ്ഞത്” അച്ഛൻ പറഞ്ഞു.

“നിങ്ങള് വെറുതെ വഴക്കടിക്കണ്ട, വെങ്കിടേഷ് കുഴപ്പം ഇല്ലാതെ ഭക്ഷണം ഉണ്ടാക്കുന്നുണ്ട്, അവന്റെ അമ്മ നന്നായിട്ടു പറഞ്ഞു കൊടുത്തിട്ടുണ്ട്, പിന്നെ ഞാനും വരാം പത്തിരുപത് ദിവസം കഴിഞ്ഞിട്ട്” വല്യമ്മ പറഞ്ഞു.

വെങ്കിടേഷിന്റെ അമ്മ അതിനും ഒന്നര വർഷം മുൻപാണ് മരിച്ചത്. അപ്രതീക്ഷിതമായ ആ മരണം അച്ഛനെയും വല്ലാതെ തളർത്തി. അമ്മ മരിച്ചു കഴിഞ്ഞു 8 മാസങ്ങൾക്കിപ്പുറം അച്ഛന്റെ തളർന്നു പോയ ഹൃദയത്തെ ഡോക്ടർ കണ്ടുപിടിച്ചപ്പോൾ വെങ്കിടേഷ് ശരിക്കും തളർന്നു പോയി. പിന്നെ കടുത്ത ഓട്ടമായിരുന്നു. അമ്മ വീട്ടുകാരുടെ നല്ല പിന്തുണ ഒന്ന് കൊണ്ട് മാത്രമാണ് വെങ്കിടേഷ് പിടിച്ചു നിന്നത്. ശാന്തിക്കാരനായിരുന്ന അച്ഛന്റെ ശാന്തി ഏറ്റെടുക്കേണ്ടി വന്നു, ആധുനിക വൈദ്യശാസ്ത്രം ഈ രോഗം വീണ്ടും വന്നേക്കാം എന്ന മുന്നറിയിപ്പ് നൽകിയതിനാൽ പാരമ്പര്യ വൈദ്യമായിരുന്നു അവർ തിരഞ്ഞെടുത്തത്. ചുരുങ്ങിയ കാലയളവിൽ ആരോഗ്യകാര്യങ്ങളിൽ ഉണ്ടായ പുരോഗതിയാകട്ടെ അത്ഭുതാവഹവും ആയിരുന്നു. വീണ്ടും അച്ഛന് പഴയ ജോലിക്കു പോകാൻ കഴിയും എന്ന പ്രതീക്ഷയിൽ മറ്റൊരു കമ്പ്യൂട്ടർ കോഴ്സിന് ഒരാഴ്ച കഴിഞ്ഞു ചേരാൻ വെങ്കിടേഷും തയ്യാറെടുക്കുകയായിരുന്നു. ഒരുപാട് പണം ഉണ്ടായിരുന്നില്ലെങ്കിലും പട്ടിണി ഇല്ലാതെയാണ് വെങ്കിടേഷ് വളർന്നത്. കുഞ്ഞുന്നാളിൽ തന്നെ കുടുംബത്തിന്റെ അവസ്ഥ അറിഞ്ഞത് കൊണ്ടാകണം അയാൾ ഒന്നിനും ഒരു പിടിവാശിയും കാണിച്ചിരുന്നില്ല. മറ്റു കുട്ടികൾ വാശി പിടിച്ചു വാങ്ങാൻ ശ്രമിക്കുന്ന ഒന്നിനും അയാൾ അമിതമായി ആഗ്രഹിച്ചിട്ടും ഇല്ലായിരുന്നു.

“നല്ല സാമ്പാർ, മെഴുക്കനും നന്നായിട്ടുണ്ട് –  അവൾ ഉണ്ടാക്കുന്നത് പോലെ തന്നെ!” – അച്ഛൻ പറഞ്ഞു. അവസാന ഭാഗം എത്തിയപ്പോൾ ആ തൊണ്ട ഇടറിയോ എന്നൊരു സംശയം! ചുണ്ടത്ത് ഉപ്പുരസം നുണഞ്ഞപ്പോൾ തന്റെ കണ്ണിലും കണ്ണീർ പൊടിഞ്ഞു എന്ന് വെങ്കിടേഷിന് മനസ്സിലായി.

“അല്ലങ്കിലും അതങ്ങനെയാ, പ്രിയപ്പെട്ടവരുടെ ഓർമ്മകൾ അവരുടെ ഗന്ധമായും, അവരുണ്ടാക്കിത്തരുന്ന ഭക്ഷണമായും, അവരുടെ ചിത്രങ്ങളായും നമുക്ക് ചുറ്റുംണ്ടാവും. അവൾക്ക് ഭാഗ്യല്ല്യാ, എന്താ ചെയ്യാ”, വല്യമ്മ പറഞ്ഞു.

അച്ഛൻ കൈ കഴുകി എണീറ്റപ്പോൾ പുറത്തു മഴ തുടങ്ങിയിരുന്നു.

“എന്താ മഴ!, ആ ചേമ്പില നിക്കണത് കണ്ടോ, പത്രോഡ ഇണ്ടാക്കായിരുന്നു!” അടുക്കളപ്പറമ്പിലെ ചേമ്പിനെ കണ്ടു പറഞ്ഞ അച്ഛന്റെ വാക്കുകൾ!

“ശ്ശൊ! ഞാൻ ഇന്ന് പോവാണല്ലോ, അടുത്ത പ്രാവശ്യം വന്നിട്ട് ഇണ്ടാക്കിത്തരാം”, വല്യമ്മടെ വാക്കുകൾ!

“ആ, സാരല്യ! ഞാൻ പറഞ്ഞൂന്നേ ഉള്ളൂ” – അച്ഛൻ

പിന്നെ വല്യമ്മ വരുമ്പോൾ വാഴയിലയിൽ കിടത്തിയിരിക്കുകയായിരുന്നു അച്ഛനെ!

വല്യമ്മ പോയതിന്റെ പിറ്റെന്നാൾ മാറ്റി വെച്ച ഹെർണിയയുടെ ശസ്ത്രക്രിയക്കായി ഡോക്ടറെ കാണാൻ ഉച്ചക്ക് പോയതായിരുന്നു അച്ഛൻ. അമ്പലത്തിലെ ശാന്തി ഉള്ളത് കൊണ്ട് വെങ്കിടേഷിന് പോകാൻ കഴിഞ്ഞില്ല. ഡോക്ടർക്ക് വളരെ തിരക്കുള്ളതിനാൽ കഴിഞ്ഞയാഴ്ച രാവിലെ ചെന്ന് വൈകീട്ട് 6 മണി വരെ ഇരുന്നിട്ട് ഇനി വയ്യാന്നും പറഞ്ഞിട്ട് തിരിച്ചു പോന്നതിനു അച്ഛനെ വെങ്കിടേഷ് കുറെ ചീത്ത പറഞ്ഞതാണ്.  അത് കൊണ്ട് ഇത്തവണ ഒരു കൂട്ടുകാരനെക്കൊണ്ട് രാവിലെ തന്നെ ടോക്കൺ വാങ്ങി വെപ്പിച്ചു, എന്നാലും വൈകീട്ടാവും കാണാൻ എന്നതിനാൽ ഉച്ചക്ക് കാർ പറഞ്ഞു വെച്ചു. ഷിബുവിനെ കൂടെ കൂട്ടട്ടെ എന്ന് അച്ഛൻ ചോദിച്ചിരുന്നു, പക്ഷെ ഷിബുവിനോടുള്ള  ദേഷ്യം കൊണ്ട് “വേണ്ട, ആരും വേണ്ട, തനിയെ പോയാൽ മതി” എന്നാണ് അയാൾ പറഞ്ഞത്! അത് കൊണ്ട് തന്നെ ഇറങ്ങാൻ നേരത്തു വന്ന തന്റെ പ്രിയസുഹൃത്തിനെയും അയാൾ പോകാൻ അനുവദിച്ചില്ല. നാവിൽ ഗുളികൻ കയറുക എന്നത് വെറും വാക്കല്ല എന്നയാൾക്ക് ബോധ്യമായത് വൈകീട്ട് അച്ഛൻ ICUവിൽ അഡ്മിറ്റ് ആയി എന്ന വാർത്ത അറിഞ്ഞപ്പോൾ ആയിരുന്നു.

പോകും വഴി ബ്ലഡ് ടെസ്റ്റ് നടത്തിയതിന്റെ റിസൾട്ട് പറയാൻ വെങ്കിടേഷ് അച്ഛനെ വിളിച്ചിരുന്നു, “ഹീമോഗ്ലോബിൻ കൂടിയിട്ടുണ്ട്, ഇനി കുറച്ചു കൂടെ ആയാൽ സാധാരണ പോലെ ആകും” എന്ന് പറഞ്ഞപ്പോൾ “ഇപ്പോൾ സമാധാനമായി, എന്റെ കുട്ടന് ജോലിക്കോ, പഠിപ്പിനോ ഒക്കെ പോകാല്ലോ” എന്നായിരുന്നു അച്ഛൻ മറുപടി പറഞ്ഞത്. പക്ഷെ പിന്നെ വെങ്കിടേഷിന് അച്ഛനോടോ, അച്ഛന് വെങ്കിടേഷിനോടോ ഒന്നും പറയാൻ പറ്റിയില്ല, വെന്റിലേറ്ററിൽ കിടക്കുന്ന അച്ഛനെ വെങ്കിടേഷ് കാണുമ്പോൾ ആ ശരീരം തണുത്തു തുടങ്ങിയിരുന്നു. അച്ഛന് ഒരുപാടിഷ്ടമായിരുന്നു പത്രോഡ!

പിന്നീട് പ്രവാസകാലം ആയിരുന്നു, അച്ഛനും, അമ്മയും പോയതോടെ അയാൾ ആ നാട് വിട്ടു. കൊച്ചിയിലും, മദ്രാസിലും പല വർഷങ്ങൾ. ഇപ്പോൾ ബാംഗ്ലൂരിൽ.

“അല്ലാ, മോൻ ഇതുവരെ കഴിച്ചു  തീർന്നില്ലാലോ”, അനൂപിന്റെ അമ്മയുടെ വാക്കുകൾ വെങ്കിടേഷിനെ ചിന്തയിൽ നിന്നും ഉണർത്തി.

“എന്താ മോനെ കണ്ണിൽ നിന്നും വെള്ളം വരുന്നുണ്ടല്ലോ, എരിവ് കൂടിപ്പോയോ?”  അമ്മ ചോദിക്കുകയാണ്.

“അല്ലമ്മേ, ഇത്, ഇത് എന്റെ അച്ഛന് ഏറ്റവും ഇഷ്ടമുള്ള പലഹാരമാ” വെങ്കിടേഷ്.

“ഇപ്പൊ അച്ഛൻ എവിടെ?”

“അച്ഛൻ ഇപ്പൊ ജീവിച്ചിരിപ്പില്ല”, അത് പറഞ്ഞപ്പോൾ വെങ്കിടേഷിന്റെ തൊണ്ട ഇടറി.

“ഓ, അത് ഞാൻ അറിഞ്ഞിരുന്നില്ല”, അനൂപ് പറഞ്ഞു. അമ്മയും വല്ലാതായി.

“ഇറ്റ്സ് ഓക്കേ അനൂപ്, ഞാൻ പത്രോഡ കഴിക്കാറില്ല. മറ്റൊന്നും കൊണ്ടല്ല എനിക്ക് ഇത് കാണുമ്പോൾ അച്ഛനെയും, അദ്ദേഹം അവസാനം പറഞ്ഞ ഒരു വാചകവും ഓർമ വരും, അതാണ്. ഇതിന്റെ മണം കൊണ്ട് തന്നെ ഇത് എന്റെ അമ്മ ഉണ്ടാക്കാറുള്ളത് പോലെ തന്നെ എന്ന് മനസ്സിലാവുന്നുണ്ട്, ബട്ട് സോറി ” – വെങ്കിടേഷ് പറഞ്ഞു.

സുധിയും, വികാസും അന്തംവിട്ടു നോക്കിയിരിക്കുകയാണ്!

“നിങ്ങൾ കഴിച്ചിട്ട് വാ, ഞാൻ ഈ ചായ കുടിക്കാം, പിന്നെയൊരിക്കൽ ഞാൻ ഊണ് കഴിക്കാൻ വരാം അനൂപ്” – വെങ്കിടേഷ് പറഞ്ഞു.

തിരിച്ചിറങ്ങുമ്പോൾ ഇവർക്ക് എവിടെ നിന്ന് കിട്ടീ ഈ ചേമ്പില എന്നാലോചിച്ചു അത്ഭുതം പൂണ്ടു വെങ്കിടേഷ്. ഒപ്പം മറന്നു കൊണ്ടിരുന്ന ഒരു നഷ്ടം അയാളെ വീണ്ടും മുറിവേൽപ്പിക്കാനും തുടങ്ങി. നമുക്ക് ആരൊക്കെ ഉണ്ടായാലും സ്വന്തം അച്ഛനും അമ്മയും ഇല്ലെങ്കിൽ നമ്മളൊക്കെ അനാഥർ തന്നെയെന്നയാൾ ഓർത്തു.

“വേണ്ട, ആരും വേണ്ട, തനിയെ പോയാൽ മതി” ഈ വാക്കുകൾ അയാളുടെ ചെവിയിൽ വീണ്ടും മുഴങ്ങിക്കൊണ്ടിരുന്നു. ഒരു മനുഷ്യായുസ്സു മുഴുവൻ ഓർത്തു ദുഃഖിക്കാൻ ഇടയാക്കിയ തന്റെ സ്വന്തം വാക്കുകൾ.

മനുഷ്യർ എപ്പോഴും അങ്ങിനെയാണ്, ആലോചിക്കാതെ ഓരോന്ന് ചെയ്തുകൂട്ടി പിന്നെ അതിനെക്കുറിച്ച്  ആലോചിച്ചിരുന്നു ദുഃഖിക്കും. അല്ലെങ്കിലും മരിക്കുന്നവർക്ക് ചുമ്മാ മരിച്ചു പോയാൽ മതി, ജീവിച്ചിരിക്കുന്നവർക്കാണല്ലോ മരിച്ചവരെക്കുറിച്ചുള്ള ആധി!

*പത്രോഡ – ചേമ്പില, ഉഴുന്ന് പരിപ്പ്, തുവരപ്പരിപ്പ്, മല്ലി, ചുവന്നമുളക് എന്നിവയെല്ലാം കൊണ്ട് ഉണ്ടാക്കുന്ന ഒരു പലഹാരം. സാധാരണ തുളു/കൊങ്കിണി ബ്രാഹ്മണർ ആണ് കൂടുതലും ഈ പലഹാരം ഉണ്ടാക്കാറ്.

** അക്കാൾ – ഏടത്തി എന്നതിന് ബഹുമാന സൂചകമായി വിളിക്കുന്ന ഒരു പേര്.

Comments

comments