പെയ്യാതെ പോയ മഴ – Prasoon S

0
  

Author : Prasoon S

Company : Siroco Techonologies Pvt Ltd

പെയ്യാതെ പോയ മഴ

 

പെരുവിരലിൽ നിന്നും മസ്തിഷ്കത്തിലേക് അരിച്ചു കയറുന്ന വേദന എന്റെ ചിന്തകളെ പോലും മരവിപ്പിക്കുന്നു. ഈ വേദനയിലാണ് എന്റെ ജീവന്റെ നിലനിൽപുപോലും ഒരൊറ്റ നിമിഷം മതി എല്ലാം തകർന്നു വീഴാം. ഇന്ന് ഈ വേദന എനിക്ക് ആവേശമാണ്. അസുഖം അതിന്റെ മൂര്ധന്യാവസ്ഥയിൽ എത്തിയിരിക്കുകയാണ്. മരവിച്ച കാലുകൾ നിലത്തുറക്കുനില്ല. ഒരടി പോലും നടക്കാൻ വയ്യ. പിഞ്ചു കുഞ്ഞിന്റെ അവസ്ഥ. ചേതനയറ്റ പോലെ ഈ കട്ടിലിൽ കിടക്കുമ്പോൾ ഞാൻ ഏതൊക്കെ അവസ്ഥകളിലൂടെയാണ് ജീവിക്കുന്നത്. ഓർമ്മകൾ പോലും എന്നെ കൈവെടിയുന്നു. ഞാൻ നടന്ന ഊടുവഴികൾ, എന്റെ ഉയർച്ചയും താഴ്ചയും എല്ലാം എനിക്കന്യമാകുന്നു. എന്റെ യുവത്വത്തിന് വാർദ്ധക്യം ബാധിച്ചു. ഇനിയൊരു ഉയര്തെഴുനെല്പില്ല. ചിന്തകളും വാക്കുകളും ഈ ചുവരുകൾകുളിൽ തടവുകാർ. എന്തിനേറെ മനസിന്റെ പ്രണയം പോലും മൗനത്തോടാണ്. മൗനം സത്യത്തിൽ നിന്നുള്ള ഒളിച്ചോട്ടമാണോ? ചിലപ്പോൾ അത് സത്യത്തിനു നേരെയുള്ള ഒരായുധമാകും. മറ്റു ചിലപ്പോൾ അത്  സത്യത്തിന്റെ കാവൽക്കരനും. പ്രണയത്തിന്റെ മൂർത്തഭാവം മൗനത്തിലധിഷ്ഠിതമാണ്. എന്റെ മൗനത്തിനു പ്രണയത്തിന്റെ ഭാഷയാണ്. തളിർകാനും പൂകാനും കായ്ക്കാനും ഒരുപാടു കാലം വെള്ളവും വളവും നൽകി മനസ്സിൽ സൂക്ഷിച്ച പ്രണയം പെട്ടന്ന് ഒരു ദിവസം പിഴുതെറിയുക അത്ര എളുപ്പമല്ല. പിന്നെ വിരഹത്തിന്റെ കടൽ ആണു. എന്റെ വാക്കുകൾക്കു വിരഹം ബാധിച്ചിരിക്കുന്നു. (എത്ര കാലമായ് മനസ് തുറന്നു ആരോടെങ്കിലും സംസാരിച്ചിട്, വാക്കുകൾ വായയിൽ തടവുകാരാവുന്നു.) എത്ര കഥാപാത്രങ്ങൾക്കു നിറം നല്കിയതാണെന്റെ ഭാഷ. ഇപ്പോൾ ഒരു വാക്കുപോലും എഴുതാൻ പറ്റുന്നില്ല. ചിലപ്പോൾ ഈ രോഖവസ്ഥയായിരിക്കും കാരണം. എന്തിനാണ് സംസാരിക്കുന്നത് എന്നെ മനസിലാക്കാൻ ആരും തന്നെ ഇവിടെ ഇല്ല. ആരുമില്ല എന്ന് പറഞ്ഞാൽ കള്ളമായിരിക്കും. മനസ്സിൽ തെളിഞ്ഞു വരുന്നത് അമ്മയുടെ ചിത്രമാണ്. അമ്മ സ്നേഹമെന്ന വൃക്ഷമാണ്, തണലും തണുപ്പും, വെള്ളവും വസ്ത്രവും നൽകി. പക്ഷെ താൻ ഒരിക്കലും അമ്മയോട് നീതിപുലർത്തിയില്ല. ആർക്കൊക്കെയോ പകുത്തു നൽകിയ സ്നേഹം ഇത്തിരി ആ അമ്മക്ക് നൽകിയിരുന്നെങ്കിൽ എന്റെ അസുഖം ഇന്ന് അതിന്റെ ഔന്നത്യത്തിൽ എത്തില്ലായിരുന്നു. അസുഖത്തിനു നേരെയുള്ള മരുന്നും മന്ത്രവുമാണ് അമ്മ. അതിൽ നിന്നൊക്കെ ഒളിച്ചോടുകയായിരുന്നു ഞാൻ. പക്ഷെ കാതങ്ങൾക്കിപ്പുറത്തിരുന്നും ആ  സ്നേഹത്തിന്റെ ശക്തി തിരിച്ചറിയുന്നു. ജീവത്തായ പ്രശ്നങ്ങൾക്കു നടുവിൽ വീർപ്പുമുട്ടുന്ന അച്ഛന്റെ ജീവരഥതിനുമുന്നിൽ താൻ ഒരു വിലങ്ങുതടിയാണ്‌. താതന്റെ വീഴ്ചകൾക്ക്   കാരണം താൻ എന്ന ചിന്ത മനസ്സിൽ ആഴത്തിൽ തറച്ചിരിക്കുന്നു. കുറ്റബോധം കൊണ്ട് മനസ് നീറുകയാണ്. എന്തൊക്കയോ ചിന്തകൾ മനസിലേക്ക് കടന്നു വരുന്നു. ചിന്തകളുടെ വേലിയേറ്റം. അനന്തതയിലേക്ക് കൺതുറന്നു നിൽക്കുന്ന ജനൽ പാളികളിലൂടെ വിദൂരതയിൽ നിന്നും ഒരു മന്ദമാരുതൻ എന്നെ പുൽകി മറഞ്ഞു. ചിന്തകൾക്ക് നേരെ മനസിന്റെ വാതിൽ കൊട്ടിയടച്ചു.

വേദനമാറുന്നില്ല. ഈയിടെയായി എന്റെമിക്ക രാത്രികളും ഇതുപോലെയാണ്. ചിന്തകളുടെ തോണിയിലേറി ഒഴികിപ്പോകും, ഒടുവിൽ ഒരു പേമാരി വന്നു എങ്ങോട്ടേക്കെന്നില്ലാതെ തകർത്തെറിയപ്പെടും. സ്ലീപ്പിങ് പിൽസിന്റെ  ശക്തിയിൽ ഉറക്കം തഴുകും. വേദന കുറഞ്ഞാൽ കാലിന്റെ മരവിപ്പ് മാറും പിന്നെ നടക്കാൻ ബുദ്ധിമുട്ടില്ല. ഈ വേദന എവിടുന്നാണെന്നു കണ്ടെത്താൻ പറ്റുന്നില്ല. മിന്നൽപിണർപോലെ ശരീരത്തിൽ  എവിടൊക്കയോ തുളച്ചു കയറുന്നു. ആത്മഹത്യ ചെയ്താലോ എന്ന് വരെ തോന്നിയിട്ടുണ്ട്. ആത്മഹത്യ ഒരു ശാശ്വത പരിഹാരമല്ല(തന്നെ സ്നേഹിക്കുന്നവർക് അതൊരു തീരാ ദുഖമായിരിക്കും. ) അതൊരു തോൽവിയാണു, ജീവിതത്തിൽ നിന്നുള്ള ഒളിച്ചോട്ടമാണ്. ഒളിച്ചോടാൻ തയാറല്ല എന്ന് പറയുന്നതിലും ഉചിതം ഞാൻ തോൽക്കാൻ തയാറല്ല എന്ന് പറയുന്നതാവും. എന്റെ ജീവിതം തോൽവിയുടെ തേരോട്ടമാണ്.  തന്റെ വിയർപ്പിന്റെ ഉപ്പ് ആയി നിന്ന, തന്റെ മനസിന്റെ താങ്ങും തണലുമായ അമ്മയുടെ സ്നേഹത്തിനു മുന്നിൽ, എന്റെ ജീവിതത്തിന്റെ നെടുംതൂണായ അച്ഛന്റെ മുന്നിൽ, വാക്കുകൾ ഉറച്ചു പറയാൻ അറിയാത്ത കാലത്തു നക്ഷത്രലോകത്തേക്കുള്ള ഗോവണികൾ കയറി പോയ സഹോദരന് മുന്നിൽ, ഒരു ജീവായുസ്സു മുഴുവൻ തോൽവികൾ ഏറ്റു വാങ്ങേണ്ടി വന്ന മനസിന് മുന്നിൽ, ഒരു ബീജത്തിന്റെ സ്മാരകമായി തളർന്നു തണ്ടൊടിഞ്ഞു കട്ടിലിൽ കിടക്കുന്ന എന്റെ വിറങ്ങലിച്ച ശരീരത്തിന് മുന്നിൽ, പാഴ് വസ്തുവായി ഉപേക്ഷിച്ചു ഉയർച്ചയുടെ പടവുകൾ തേടി പോയ സ്വന്തം കാമുകിക്ക് മുന്നിൽ (ജീവിതം തോൽവിയുടെ വിജയഗാഥ പാടുകയാണോ ?) എന്നിട്ടും ഒന്നിനുമുന്നിലും പകച്ചു നില്കാതെ യാത്ര തുടരുന്ന എന്റെ മനസ്, അതാണ് എന്നെ ജീവിക്കാൻ പ്രേരിപ്പിക്കുന്നത്. ദുഃഖത്തിന്റെ ആഴക്കടലിലേക്കു എറിയപ്പെടുകയാണോ? സന്തോഷം എന്ന അദ്ധ്യായം ആരോ വെട്ടിമാറ്റിയിരിക്കുന്നു. മനസ് തുറന്നു സന്തോഷിച്ച കാലം ഉണ്ടായിരുന്നു, സ്വപ്‌നങ്ങൾ പങ്കിട്ട കാലം, ഹോസ്റ്റൽ മുറിയിൽ തളച്ചിട്ട എന്റെ മനസിന് സ്വപ്നം കാണാൻ അറിയാമായിരുന്നു. ആ സ്വപ്നങ്ങൾക്കു പ്രതീക്ഷയുടെ നിറം നൽകിയപ്പോൾ ഒരു ക്യാൻവാസിലെന്നപോലെ മനസ്സിൽ തെളിഞ്ഞു വന്നത് അവളുടെ ചിത്രമാണ്. (ഡിഫറെൻസിയേഷനും ഇന്റഗ്രേഷനും ഊതി വിട്ട പുകയിൽ നീറുമ്പോൾ എന്റെ മനസ് ഏതോ ഒരു മോഹപ്പക്ഷിയുടെ പാട്ടിനു പിന്നാലെ പറന്നകലുകയായിരുന്നു.  പക്ഷെ ചേക്കേറാൻ കൂടു തേടിയിറങ്ങിയ ദേശാടനപ്പക്ഷിയായിരുന്നോ??)

എന്താണ് എന്നെ അവളിലേക്ക്‌ അടുപ്പിച്ചത്? പ്രകാശമുള്ള അവളുടെ മിഴികൾ ആണോ? കോതിയൊതുക്കിയ കോലൻ മുടിയാണോ? ആർദ്രതയുള്ള ആ മനസാണോ? എന്റെ മനസ് യാഥാർഥ്യങ്ങളോട് പൊരുത്തപെടാതെ സ്വപ്നലോകത്തേക്കു ഒളിച്ചോടുകയായിരുന്നോ? അല്ല ഒരിക്കലുമല്ല, എന്റെ പ്രണയം വിപ്ലവമായിരുന്നു. അംഗവൈകല്യം സംഭവിച്ച രക്തധമനികൾ പെറ്റുപെരുകുന്ന എന്റെ ശരീരത്തോടുള്ള യുദ്ധമായിരുന്നു. എന്റെ തേരാളി അവൾ ആയിരുന്നു. ജീവരഥത്തിനു മുന്നിലെ പ്രതിബന്ധങ്ങളെ വെട്ടി നിരത്താൻ എന്റെ മനസ്സിൽ പ്രകാശം ചൊരിഞ്ഞത് അവൾ മാത്രമാണ്. അവളുടെ കണ്ണിലെ കറുത്തപൊട്ടു നോകിയെത്ര നേരം ഞാൻ അരികിൽ ഇരുന്നിട്ടുണ്ട്. അവൾ എനിക്കുവേണ്ടി ഇമവെട്ടാതെ മിഴികൾ തുറന്നുവെച്ചു. കൈകൾ കോർത്ത് ജീവിതത്തിലെ കുരുക്കുകൾ ഒന്നൊന്നായി മറികടക്കാൻ തുടങ്ങി. പക്ഷെ ഉള്ളിലെവിടെയോ ഒരു ഭയം. എനിക്ക് മറ്റൊരു ലോകത്തിന്റെ കവാടം തുറന്നുവെച്ചത് എന്റെ ശരീരം വിളിച്ചു പറയാൻ തുടങ്ങി. അസുഖത്തിന്റെ വിത്തുകൾ എന്റെ ശരീരത്തിൽ ആഴത്തിൽ തറച്ചു. ഞരമ്പുകൾ പൊട്ടി ചോരവാർന്ന അന്നാണ് യാഥാർഥ്യത്തെ തിരിച്ചറിഞ്ഞത്. എന്നെ സ്വപ്‌നങ്ങൾ കാണാൻ പഠിപ്പിച്ച സുന്ദരി, അവളെകുറിച്ചോർത് ഞാൻ വ്യാകുലപ്പെട്ടു. അപ്പോഴേക്കും യാഥാർഥ്യബോധം അവളുടെ മനസിലും ഇടം നേടിയിരുന്നു. തന്റെ ജീവിതത്തിൽ പ്രതീക്ഷയുടെ നിറദീപം തന്ന അവളുടെ മിഴികളിലെ തിളക്കം എനിക്കുനേരെ പതിയെ പതിയെ അണയാൻ തുടങ്ങി. വളരെ വൈകിയാണ് ഞാൻ അത് മനസിലാകുന്നത് അപ്പോഴേക്കും അവൾ യാഥാർഥ്യത്തോട് പൊരുത്തപ്പെട്ടിരുന്നു. എന്നോടുള്ള അകൽച്ചയുടെ കാരണം തിരക്കിയപ്പോൾ മൗനത്തിന്റെയൊരു പർവതം എന്റെ നേരെയെറിഞ്ഞു അവൾ ഓടിമറഞ്ഞു. പുസ്തകത്തിൽ മുഖം പൂഴ്ത്തിയും കൂട്ടുകാരികളോട് കളിപറഞ്ഞും അവൾ അവളുടെ ലോകത്തേക്ക് തിരിച്ചെത്തി. അസുഖത്താൽ വെന്തുരുകിയ ശരീരവും എവിടോ നഷ്ടപെട്ട മനസുമായി ജീവിതം എന്റെ മുന്നിൽ വലിയൊരു ചോദ്യചിന്നമായി. പ്രണയം ഒരുതരം വാശിയാണ്. കൈമോശം വന്ന പ്രണയത്തോടുള്ള വാശി തീർക്കാൻ എന്റെ മരുന്നുകളോട് ഞാൻ സമരം പ്രഖ്യാപിച്ചു. മുടങ്ങാതെ കഴിക്കണം എന്നുപറഞ്ഞു ഡോക്ടർ തന്ന മരുന്നുകളത്രയും തന്റെ ഊഴവും കാത്തു പെട്ടിക്കുളിൽ എന്നെ കാത്തിരിപ്പുണ്ട്. എല്ലാത്തിലും ഉപേക്ഷിക്കപ്പെട്ട ഞാൻ നെരൂദയിലും, സച്ചിദാനന്ദനിലും, ചുള്ളികാടിലും അഭയം പ്രാപിച്ചു. എന്റെ ജീവിതത്തിന്റെ താളവും നിശബ്ദസംഗീതവുമായി കവിതകൾ മാറിക്കഴിഞ്ഞു. എങ്കിലും എന്റെ മനസിന്റെ ആർദ്രതയ്ക്കുളിൽ എവിടെയോ അവളുടെ ചിത്രം  പറിച്ചുമാറ്റാനാവാത്തവിധം ആഴത്തിൽ തറഞ്ഞിരിക്കുന്നു. പ്രൊഫഷണൽ കോഴ്‌സിന്റെ ചൂട് തലയിൽ തട്ടി പ്രണയത്തെയും, ഞങ്ങൾ കണ്ട സ്വപ്നങ്ങളെയും അവൾ മറന്നുകഴിഞ്ഞു. ഇത്രയൊക്കെയായിട്ടും അവൾക്ക്‌  ചിരിക്കാൻ കഴിയുന്നതെങ്ങനെയെന്നു ഞാൻ അത്ഭുതപ്പെട്ടു. എനിക്ക് എല്ലാം നഷ്ടമാകുന്നു. ഞങ്ങൾ ഒരുമിച്ചു നടന്ന വഴികൾ, വയ്യ എന്ന് പറയുമ്പോൾ എന്നെ ആശ്വസിപ്പിക്കുന്ന വാക്കുകൾ, അവൾ എപ്പോഴും എന്റെ കൂടെ ഉണ്ടാകും എന്ന് പറഞ്ഞ നിമിഷങ്ങൾ എല്ലാം ഒന്ന് തിരിച്ചുകിട്ടിയിരുനെങ്കിൽ എന്ന് ഞാൻ ആശിച്ചു പോകുന്നു. നിദ്രാദേവിയുടെ തലോടലേറ്റ് സുഷുപ്തിയിൽ ലയിച്ചുറങ്ങുന്ന പുല്കൊടികളോട് തുഷാരബിന്ദുക്കൾ പറയുന്നൊരു കഥയുണ്ട്, സ്വപ്‌നങ്ങൾ കൂട്ട ആത്മഹത്യ ചെയ്ത കഥ!!

വര്ഷങ്ങള്ക്കിപ്പുറമിരുന്ന് ഓർത്തു നെടുവീര്പെടാൻ മാത്രം സംഭവിച്ചതാകാം ഇതത്രെയും. നോവിച്ചും നോവിക്കാതെയും  എത്ര എത്ര മുഖങ്ങൾ….കുഴഞ്ഞു വീഴുമ്പോൾ ഒരു കൈത്താങ്ങു തന്നവർ, കൂടെ നിന്ന് കുതികാല് വെട്ടിയവർ, നന്നായി വരണമെന്ന് പ്രാർത്ഥിച്ചവർ, പുഴുത്തുപോകുമെന്നു ശപിച്ചവർ…ഇങ്ങനെ എത്ര എത്ര മുഖങ്ങൾ…ആകൃതി നഷ്ടപെട്ട രക്ത കോശങ്ങളും പച്ച ഇറച്ചിയിൽ മൊട്ടുസൂചി കുത്തിയിറക്കുന്ന കണക്കു ശരീരത്തിൽ ഓടി നടന്നു വേദനപിപ്പിക്കുന്നവനെയും പേറി മൃതിയെലേക്കു ഇനി എത്ര നാൾ. മരിക്കാതെ മരിച്ചുതീർക്കുന്ന ഓരോ നിമിഷങ്ങൾ…

ചലനമറ്റുപോയാലും എന്റെ ശേഷിപ്പുകൾ വേണം എന്ന പ്രേരണയാൽ, എന്തെങ്കിലും കുത്തികുറിക്കണം എന്ന് തോന്നിയിട്ട് നാളുകളേറെയായി. എന്തിനെകുറിച്ചാണ് എഴുതേണ്ടത്? ജീവിക്കാതെ ജീവിച്ചുതീർത്ത വര്ഷങ്ങളെപറ്റിയോ, മനസെന്ന ഭിക്ഷാപാത്രത്തിൽ പ്രണയത്തിന്റെ സ്മാരകമായ അവളുടെ കണ്ണിലെ കറുത്തപാടിനെ കുറിച്ചോ, ഫീസടക്കാൻ കഴിയാതെ ക്ലാസ്റൂമിൽ നിന്നും പുറത്താക്കപ്പെട്ടപ്പോൾ ആരോടൊക്കയോ ആയി കടം വാങ്ങിച് സാരിത്തുമ്പിൽ ചുറ്റിപിടിച്ചു നൂറ്റിഅൻപത് രൂപയുമായി, കലങ്ങിയ കണ്ണുകളാലും വിറക്കുന്ന കാലുകളാലും സ്കൂളിന്റെ പടവുകൾ കയറി വന്ന അമ്മയുടെ സ്നേഹത്തെപ്പറ്റിയോ, അവളുടെ വീട്ടുകാരുടെ മുന്നിൽ മദ്യപാനിയെന്നു തിലകം ചാർത്തിതന്ന് കൂടെ നിന്നു കൂടു വെട്ടിയ കൂട്ടുകാരനെ പറ്റിയോ, കപടതയുടെ മുഖംമൂടിയണിഞ്ഞ സത്യങ്ങളെ കുറിച്ചോ…ഇല്ല എനിക്ക് എഴുതാനാവില്ല ഒന്നിനെ കുറിച്ചും. ജോലി സമയങ്ങളിൽ എപ്പോഴോ ഒരിക്കൽ അവൾക്കു വേണ്ടി കുത്തിക്കുറിച്ച വരികളുണ്ട്. ഇത് അവൾക്കായി സമർപ്പിക്കുന്നു

“ഈ മരച്ചുവട്ടിൽനിന്നുമാറിപോവുക
നിന്റെ നീണ്ട മുടിയും കൈയും
ചെറിയ ചുണ്ടുകളും വലിയകണ്ണുകളും
വസന്തത്തെ ഓർമിപ്പിക്കുന്നു.
എന്റെ ശിഖിരങ്ങളിൽ തീയാളിതുടങ്ങുന്നു,
പോകൂ പ്രിയപ്പെട്ട പക്ഷി,
നിന്റെ ചിറകിനെ ചാരമാക്കും മുമ്പ്
കൂട്ടുകൂടാൻ  ഇനിയൊരു വസന്തമില്ല
അതും കാർന്നു തിന്നു,
ക്യാന്സറിന്റയൊരു കൊച്ചു ഭ്രൂണം”

Comments

comments