പ്രതീക്ഷ – Alphonsa Kurian

62
  

Author: Alphonsa Kurian

Company : Infosys

പ്രതീക്ഷ

അന്നും അയാൾ പതിവുപോലെ ഓഫീസിൽ നിന്നും ഇറങ്ങി. ഇന്നും മനസ്സ് അസ്വസ്ഥമാണ്. കോർപ്പറേറ്റ് ജീവിതത്തിന്റെ അഞ്ചക്കശമ്പളത്തിനും  മോഡേൺ  സുഖസൗകര്യങ്ങൾക്കും മനസ്സിനെ സന്തോഷിപ്പിക്കാനാവില്ല  എന്ന തിരിച്ചറിവ് വന്നിട്ട് കുറച്ചുകാലങ്ങളായി.

പതിവായി  താൻ നോക്കിയിരിക്കുന്ന കമ്പ്യൂട്ടർ മോണിറ്ററിനു   തന്നെ നോക്കി നിശ്ചലമായി  ഇരിയ്ക്കുവാൻമാത്രമേ കഴിയൂ എന്നോർക്കുമ്പോൾ ,ഒരായിരം കുട്ടികളെ പഠിപ്പിച്ചയക്കുന്ന, അവരുടെ  സ്നേഹവും ബഹുമാനവും സ്വന്തമാക്കുന്നഅധ്യാപകരോടും, ഓരോ പ്രഭാതത്തിലും  താൻ നട്ട ചെടിയിലെ പൂക്കളുടെയും ,ഫലങ്ങളുടെയും വളർച്ച നോക്കി ആസ്വദിക്കുന്ന കർഷകരോടും എല്ലാം അസൂയ തോന്നുന്നു .അവർക്കു നാളെയെ കുറിച്ചു പുത്തൻ പ്രതീക്ഷകളാണ്.

പതിവിനു വിപരീതമായി അയാൾ ഓട്ടോയിൽ യാത്ര ചെയ്യാൻ തീരുമാനിച്ചു. ഡ്രൈവ് ചെയ്യാൻ ഒരു മൂഡ്തോന്നുന്നില്ല. സ്വന്തമായി ,ബുള്ളറ്റും കാറും എല്ലാം ഉണ്ടായിട്ടും  ഇന്ന് ഒന്നിനും സമയമില്ല.

എന്തായാലും കയറിയ ഉടനെ ഓട്ടോ ഡ്രൈവർ “എവിടേക്കാണ് സർ ?” എന്ന് ചോദിച്ചു. ‘സർ’ എന്ന ആ വിളിയിൽ ഒരുബഹുമാനവും കലർന്നിട്ടുണ്ട്. നാല്പതിനോടടുത്തു പ്രായം തോന്നിക്കുന്ന, മാന്യമായി വസ്ത്രം ധരിച്ച ,അഭ്യസ്തവിദ്യനായ തന്നെ കണ്ടിട്ട് സർഎന്ന് വിളിച്ചതിൽ തെറ്റില്ല.പക്ഷെ കോർപ്പറേറ്റ് വേൾഡ് ൽ നിന്ന് അന്യം നിന്ന് പോയ വാക്കാണ് ‘സർ’ എന്ന് അയാൾക്കറിയില്ലല്ലോ!

“വഞ്ചിയൂർ” ,ഒറ്റ വാക്കിൽ മറുപടി നൽകി.

” വഞ്ചിയൂരിൽ എവിടെ സർ? എന്റെ വീടും അവിടെ തന്നെയാണ് ” , അയാൾ കൂടുതൽ വാചാലനായി.

“സിറ്റി യിൽ തന്നെ”. ഗൗരവം വിടാതെ അയാൾക്ക്  മറുപടി നൽകി.

അല്ലെങ്കിലും മറുപടി ചെറിയ വാക്കുകളിൽ ഒതുക്കുവാൻ താൻ എന്നേ പഠിച്ചു കഴിഞ്ഞു!

സമയം 6.30 കഴിഞ്ഞിട്ടേയുള്ളു. എങ്കിലും രാത്രി ആയതിന്റെ ഒരു പ്രതീതി. വീട്ടിൽ എത്താനായി ധൃതി  പിടിക്കുന്ന ഒരു കൂട്ടം ആളുകൾ.പകൽമാറിയിട്ട് രാത്രിയുടെ ഇരുട്ട് ആസ്വദിക്കാനായി പുറത്തേക്ക് ഇറങ്ങിയിരിക്കുന്ന മറ്റൊരു വിഭാഗം.

തന്റെ ജീവിതത്തിൽ ഇന്ന് പകലും രാത്രിയും ഒന്നായി മാറികൊണ്ടിരിക്കുകയാണെന്നു അയാൾക്ക് പൂർണ ബോധ്യം ഉണ്ടായിരുന്നു. ഒരിക്കലും പരാതി പറയാത്ത കമ്പ്യൂട്ടർ സ്‌ക്രീനിന്റെ മുമ്പിൽ മണിക്കൂറുകളോളം ഇരുന്നിട്ട് തല ചായ്ക്കുമ്പോൾ രാത്രിയാണോ, പകൽ ആണോ എന്നൊന്നും അയാൾ ചിന്തിക്കാറില്ല.

“നാളെ എന്നത് ഇന്നിന്റെ  തുടർച്ച മാത്രം!”.

ജീവിതത്തിന് ഒരു സ്വപ്നം വേണം,പ്രതീക്ഷ വേണം. എന്നാൽ മാത്രമേ നമുക്കതിൽ തൃപ്തി  കണ്ടെത്താൻ കഴിയൂ! പഠിക്കുന്നകാലത്തു ജോലിയെക്കുറിച്ചുള്ള  സ്വപ്‌നങ്ങൾ, ജോലിയായാൽ  കൂടുതൽ ഉയരങ്ങളെ കുറിച്ചുള്ള പ്രതീക്ഷ ,അതിലുപരി ജീവിതത്തെക്കുറിച്ചുള്ള സ്വപ്ങ്ങൾ. പഠനവും ജോലിയുമെല്ലാം തന്റെ ജീവിതത്തിൽ പൂവണിഞ്ഞ സ്വപ്‌നങ്ങൾ തന്നെയായിരുന്നു. ചോര തിളയ്ക്കുന്ന  പ്രായത്തിൽകിട്ടിയ ജോലിയിൽ നൂറ് ശതമാനം ആത്മാർത്ഥത  കാണിച്ചതുകൊണ്ടുതന്നെ ഇന്നതിന്റെ  ഔന്നിത്യത്തിൽ എത്തുവാൻ കഴിഞ്ഞു. പക്ഷെമുന്നോട്ടു കുതിക്കും തോറും ഒരു തിരിച്ചറിവ്  വന്നു.

“സ്വപ്നങ്ങൾക്കു പകരമാകാൻ പണത്തിന് ഒരിക്കലും കഴിയില്ല എന്ന തിരിച്ചറിവ്!”.

മുപ്പത്തി അഞ്ചാം  വയസിൽ അമ്മയില്ലാത്ത ഒരു കുഞ്ഞിനെ വളർത്തുവാൻ ബുദ്ധിമുട്ടുള്ളതുകൊണ്ടല്ല മകനെ നാട്ടിലേക്ക്അയച്ചത്.അമ്മയുടെ വേർപാടിന്റെ വിഷമം അവനെ അറിയിക്കരുത് എന്ന് നിർബന്ധം ഉണ്ടായിരുന്നു.അമ്മയുടെസ്നേഹവും,വാത്സല്യവുമെല്ലാം മുത്തശ്ശിയിൽ നിന്നെങ്കിലും ലഭിക്കട്ടെ  എന്ന് കരുതി. അതിനപ്പുറം കോർപ്പറേറ്റ് ലൈഫിൽ തനിക്കവന്കൊടുക്കാൻ കഴിയുന്ന സമയത്തിന് പരിമിധികളുണ്ടായിരുന്നു.

“സാർ,ഈ വഴിയരികത്താണ് എന്റെ വീട്. വണ്ടി നിർത്തി ഒരു സാധനം വീട്ടിൽ എല്പിച്ചോട്ടെ?”

ഡ്രൈവർ വിനയം വിടാതെ ചോദിച്ചു.

“ശരി “. ആ രണ്ടക്ഷരത്തിൽ പരിപൂർണ സമ്മതം കണ്ടു കൊണ്ട് അയാൾ വണ്ടി വഴിയോരത്തു നിർത്തി.

വളരെ ചെറിയ ഒരു വീടായിരുന്നു അയാളുടേത്. ആ വീട്ടിൽ നിന്ന് ഹോൺ അടി കേട്ട് ഒരു കുട്ടി ഓടി പുറത്തേക്കു വന്നു.

” അമ്മേ…… അച്ഛൻ വന്നു!”

അവന്റെ ശബ്ദത്തിൽ അളക്കാനാവാത്ത സന്തോഷം ഉണ്ടായിരുന്നു.

ഓടി എത്തിയ കുട്ടിയുടെ കൈകളിൽ അയാൾ ഒരു ചെറിയ പൊതി ഏല്പിച്ചു. ഒരു വീട്ടിലേക്കുള്ള അത്യാവശ്യ സാധനങ്ങൾമാത്രമാണ് അതിലുള്ളത് എന്ന് ആ വെളുത്ത പ്ലാസ്റ്റിക് കവർ പുറം ലോകത്തെ അറിയിച്ചു കൊടുത്തു.

അത് വാങ്ങിയിട്ട്, നിറഞ്ഞ മനസ്സോടെ “അച്ഛൻ നേരത്തെ വരുമോ?” എന്ന് ചോദിച്ചു കൊണ്ട് നിൽക്കുന്ന ആ പത്തു വയസ്സുകാരന്റെകവിളിൽ ഒരു തലോടലും, വീടിനു മുന്നിൽ പുഞ്ചിരിയോടെ നിൽക്കുന്ന അവന്റെ അമ്മയ്ക്ക് ഒരു മറു ചിരിയും സമ്മാനിച്ചിട് അയാൾ തിരിച്ചു വണ്ടിയിൽ കയറി. അപ്പോൾ അയാളുടെ മുഖത്തു ഒരു സംതൃപ്തി ഉണ്ടായിരുന്നു. അയാളുടെ കണ്ണുകളിൽ ഒരു പ്രതീക്ഷ ഉണ്ടായിരുന്നു .

ഓട്ടോ മുൻപോട്ടു നീങ്ങി തുടങ്ങി. മുത്തശ്ശിയോടൊപ്പം നിൽക്കുന്ന തന്റെ മകന്റെ  മുഖം അയാൾക്ക്  ഓർമ്മ  വന്നു. വില പിടിച്ച സമ്മാനങ്ങളുമായെത്തുന്ന അവന്റെ അച്ഛനെയും അവൻ ഇതുപോലെ കാത്തിരിക്കുന്നുണ്ടാവുമോ?

ഇല്ല!  വല്ലപ്പോഴും കാണുന്ന തന്നോട് അടുക്കാൻ തന്നെ അവൻ സമയം എടുക്കാറുണ്ട്.

സാധാരണ ഭക്ഷണം  കഴിച്ചിട്ടാണ് ഓഫീസിൽ  നിന്നിറങ്ങുന്നത് . ഇന്നല്പം നേരത്തെ ഇറങ്ങിയത് കൊണ്ട് അതു നടന്നില്ല .എതിരെ കാണുന്ന ഹോട്ടലിൽ കയറിയാലോ? ഒരു നിമിഷം മനസ്സിൽ ആലോചിച്ചു.

“അല്ലെങ്കിൽ വേണ്ട ! വിശപ്പു തോന്നുന്നില്ല. പോരാത്തതിന് നല്ല ക്ഷീണവുമുണ്ട്. നേരെ റൂമിലെത്തി ഉറങ്ങാം”.

അയാൾ ഫ്ലാറ്റ് ലക്ഷ്യമാക്കി നടന്നു.

അപ്പോഴാണ്‌ അടുത്തുള്ള തട്ടുകടയുടെ മുന്നിൽ നിന്ന് ഒരു പയ്യൻ തന്നെ വിളിക്കുന്നത് അയാളുടെ ശ്രദ്ധയിൽ  പെട്ടത്.

“ഭക്ഷണം കഴിക്കാനാവും!”.  ചിലപ്പോൾ  താൻ ആ  ഹോട്ടലിലേക്ക്  നോക്കുന്നത്  ആ പയ്യൻ കണ്ടിട്ടുണ്ടാവണം. ഇനി തന്റെ കൈയിൽ പണമില്ല എന്നവൻ കരുതിയിട്ടാവുമോ?

ഇല്ല!തന്നെ കണ്ടാൽ അങ്ങനെ തോന്നാൻ വഴിയില്ല.

എന്തായാലും സാരമില്ല. സ്വന്തം വീട്ടിലെ പട്ടിണി മാറ്റുവാൻ കടയിലേക്ക് ആൾക്കാരെ വിളിക്കാൻ നിശ്ചയിക്കപ്പെട്ട ആ ബാലന്റെ മുന്നിൽ ഒന്ന്ചെറുതായാലും സാരമില്ല.

ഇവിടെ നിന്ന് ഭക്ഷണം കഴിക്കണോ? ഒരു നിമിഷം അയാൾ ആലോചിച്ചു. വ്യത്തിഹീനമായ ഭക്ഷണമാണ് തട്ടുകടകളിലേത്  എന്നാണ് കേട്ട്കേൾവി .എന്നാൽ ഒരു മലയാളി ഒരു തവണ  എങ്കിലും തട്ടുകടയിൽ നിന്ന് ഭക്ഷണം കഴിക്കണം എന്നാണ് മറ്റൊരു വിഭാഗത്തിന്റെ വാദം.

ഇതിലിത്ര ആലോചിക്കാനോ? പാർസൽ വാങ്ങി വീട്ടിലെത്തിയിട്ട് തീരുമാനിക്കാം .അയാൾ ഒരു നിഗമനത്തിൽ എത്തി.

തട്ടുകടയിലെ സ്ത്രീ പാർസൽ കെട്ടുന്ന തിരക്കിലാണ്. അവരുടെ അടുത്തായി  ഒരു കൊച്ചു കുട്ടി നിൽപ്പുണ്ട്. അവരുടെ കുട്ടി ആവും.ദാരിദ്ര്യത്തിലായാലും അമ്മയോടൊപ്പം ജീവിക്കാൻ ഭാഗ്യം ചെയ്ത കുട്ടി!. തന്റെ മകനെയും  അവന്റെ അമ്മയെയും കുറിച്ചു ഓർക്കുമ്പോൾ   അയാളുടെ മനസ്സിൽ ഭൂതകാലത്തിലെ മനോഹരമായ ഓർമ്മകൾ  വേദനയുടെ രൂപത്തിൽ കടന്നു വന്നു.

ഇതിനിടയിൽ ആ സ്ത്രീ ഒരു ദോശ എടുത്ത് അടുത്തു നിൽക്കുന്ന കുഞ്ഞിന്റെ കൈവശം കൊടുത്തു. അതുമായി പുറത്തേക്ക് നടന്നകുട്ടി അതു   പകുതിയായി വീതിച്ചിട്ട് ,ഒരു കഷണം സമീപത്തു നിൽക്കുന്ന നായക്ക്  ഇട്ടു കൊടുത്തു.

എല്ലും തോലുമായി നിൽക്കുന്ന ആ നായ വിശപ്പുകൊണ്ടാവുമോ ,താൻ ഒരു മംസഭോജി ആണെന്ന് നടിക്കാതെ അത് ചവക്കുന്നുണ്ടായിരുന്നു.

തന്റെ മൊബൈലിലേക്ക്  കുറച്ചു നാളുകൾക്ക് മുൻപ് വന്ന ഒരു ചിത്രം അയാളുടെ ഓർമ്മയിൽ വന്നു.

“വിശന്നു  വലഞ്ഞ ഒരു കുട്ടി ആർത്തിയോടെ ഭക്ഷണം കഴിക്കുന്ന ചിത്രം എടുക്കാനായി രണ്ടു ലോലിപോപ്പ്  കുട്ടിയുടെ നേരെവച്ച് നീട്ടുന്ന ഫോട്ടോഗ്രാഫർക്ക്  ഒരു ലോലിപോപ് തിരിച്ചു സ്നേഹത്തോടെ നൽകുന്ന കുട്ടിയുടെ രൂപം”.

ഇതൊക്കെ വെറും കെട്ടുകഥകൾ  മാത്രമാണെന്നാണ് ഇതുവരെ  കരുതിയിരുന്നത്. പക്ഷെ ഇതൊക്കെ ഇന്നിന്റെ യാഥാർഥ്യങ്ങൾ ആണെന്ന് തന്റെമുന്നിൽ നിൽക്കുന്ന കുട്ടി തെളിയിച്ചിരിക്കുന്നു.

പട്ടണിയിലും ഉള്ളത് പങ്കുവയ്ക്കുവാനും, മനസ് തുറന്നു പുഞ്ചിരിക്കുവാനും കഴിയുന്ന ഈ പാവങ്ങളും, നിഷ്കളങ്കമായി സ്നേഹിക്കാൻ കഴിയുന്ന ഈ കുഞ്ഞുങ്ങളുമെല്ലാം മനസുകൊണ്ട് സമ്പന്നരാണ്.

ആ സായാഹ്നം അയാളെ പലതും പഠിപ്പിച്ചു. ഇല്ലായ്മകളിലും തന്റെ മകന്റെ പുഞ്ചിരിയിൽ സംതൃപ്തി  കണ്ടെത്താൻകഴിയുന്ന ആ ഓട്ടോകാരനും , പ്രതിഫലം പ്രതീക്ഷിക്കാതെ  സഹജീവിയെ സ്‌നേഹിയ്ക്കാൻ  കഴിയുമെന്നു തെളിയിച്ച ആ കൊച്ചുകുട്ടിയുമെല്ലാം അയാൾക്ക് പുത്തൻ അനുഭങ്ങൾ പകർന്നവരായിരുന്നു.

ഒരു നിമിഷം കൊണ്ട്  ആർക്കും പുതിയൊരാളാവാൻ കഴിയില്ല. പക്ഷെ ചില നിമിഷങ്ങൾക്ക്  മാറ്റത്തിന്റെ  തുടക്കം കുറിക്കുവാൻ കഴിയും.

ജീവിതത്തിനു അർഥം നൽകുന്നത് നാം തന്നെയാണെന്നുള്ള തിരിച്ചറിവ്  അയാളിൽ വന്നു കഴിഞ്ഞിരുന്നു. അവിടെ നിന്ന് നടന്നു നീങ്ങുമ്പോൾഅയാൾ മനസ്സിൽ പലതും ഉറപ്പിച്ചു. നാളെ തന്നെ തന്റെ കുഞ്ഞിനെ ഇവിടേക്ക് കൊണ്ടുവരണം. തന്റെ ഒപ്പം നിർത്തണം. ജീവിക്കാൻ കഴിയാതെ പോയ ഇന്നലെകളെ  തിരികെ കൊണ്ടുവരണം.ജീവിതത്തിൽ എന്തൊക്കെയോ  പ്രതീക്ഷ ഉള്ളതുപോലെ…..!”.

Comments

comments