ബന്ധനം – Sibin Koshy

1
  

Author : Sibin Koshy

Company : IBS Software Services

ബന്ധനം 

 

ഒന്ന്

മുറിയിലെ ഫാൻ വിശ്രമമില്ലാതെ കറങ്ങിക്കൊണ്ടിരിക്കുന്നു.  ഓടിന്റെ വിടവിലൂടെ നിലാവെളിച്ചം മുറിക്കുള്ളിലേക്ക് അരിച്ചിറങ്ങുന്നുണ്ടായിരുന്നു.. അടച്ചിട്ട ജനാലയ് ക്കപ്പുറം നിഴലും വെളിച്ചവും കൂടിക്കലർന്ന ഒട്ടനവധി രൂപങ്ങൾ.  അയാൾ ഫാനിലേക്കു തന്നെ നോക്കിക്കിടന്നു. പിന്നിലേക്കു കറങ്ങുന്ന ഫാനിനൊപ്പം അയാളുടെ ഓർമകളും കാലങ്ങൾക്കപ്പുറത്തേക്കു പോയി.

വീടിന്റെ ഉത്തരത്തിലെ ആ വലിയ ചിലന്തിവലയിൽ ആ കുരുന്നു കണ്ണുകളുടക്കി.

“വീടു മുഴുവൻ പൊടിയും മാറാലയും. ഈ അമ്മയെന്താ ഇങ്ങനെ?”. അവന്റെ ചിന്ത സഞ്ചരിച്ചത് ആ വഴിക്കാണ്. അതേ ചോദ്യം അവന്റെ അമ്മയുടെ കാതുകളിലെത്തി. ചോദ്യത്തിന്റെ ഉറവിടം വേറൊന്നായിരുന്നു എന്നു മാത്രം.

“നിയ്യ് അവിടുത്തെ പൊടി കണ്ടില്ലേ ദേവകിയേ ?”

ദേവകി എന്ന സാധു സ്ത്രീ ഓടി വന്നു പൊടി തുടച്ചു മാറ്റി.

“അശ്രീകരം..ഒരു വൃത്തിയും വെടിപ്പുമില്ല”. മനയ്ക്കലെ കൊച്ചമ്മയുടെ ശകാരം. ദേവകിയുടെ കണ്ണിൽ നിന്ന് ഒരിറ്റു കണ്ണീർ  പൊടിഞ്ഞു.അവൾ സ്വയം സമാധാനിപ്പിച്ചു. അവളുടെ മനസ്സിൽ വിശന്നു വലഞ്ഞു തന്നെ കാത്തിരിക്കുന്ന മകനായിരുന്നു.

അമ്മ മുറിയിലെത്തിയത് അവൻ അറിഞ്ഞില്ല. “ഉണ്ണീ” എന്നുള്ള വിളി കേട്ട് അവനൊന്നു ഞെട്ടി. തിരിഞ്ഞു നോക്കിയപ്പോൾ അമ്മ. സാരിയിൽ എന്നത്തേയും പോലെ നിറയെ കരിയും പൊടിയും അഴുക്കും മാത്രം..നെറ്റിയിലെ വിയർപ്പു കണങ്ങളിൽ അങ്ങിങ്ങായി രാവിലെ തേച്ച ചന്ദനതുണ്ടുകൾ പറ്റിപ്പിടിച്ചിരിക്കുന്നു. നന്നേ ക്ഷീണിതയാണെന്നു മുഖം കണ്ടാലറിയാം.

“അമ്മ എന്തെങ്കിലും ഉണ്ടാക്കിത്തരാം ” എന്നും പറഞ്ഞ് അമ്മ അടുക്കളയിലേക്കു പോയി.

ദൂരെ, എവിടേക്കോ പായുന്ന ട്രെയിനിന്റെ ചൂളം വിളി അയാളെ ചിന്തയിൽ നിന്നുണർത്തി.. ആ ശബ്ദം നേർത്തു നേർത്തു ഒടുവിൽ ഇല്ലാതായി. അയാൾ വീണ്ടും തന്റെ ഓർമകളിലേക്ക് തന്നെ തിരിച്ചു പോയി.

ഒരു മഴക്കാലത്തായിരുന്നു അമ്മയുടെ മരണം. തന്റെ തൊട്ടടുത്തു കിടന്ന്. രാത്രിയിൽചിലപ്പോൾ എന്നെ വിളിച്ചിട്ടുണ്ടാവില്ലേ, അമ്മ..അറിയില്ല. അറിയാവുന്നത് ഒരു കാര്യം മാത്രം. പോയത് ‘അമ്മ മാത്രമല്ല. എന്റെ, ‘തനിച്ചല്ല’ എന്ന വിശ്വാസം കൂടിയാണ്.

സഹതാപ ശരങ്ങൾ വേർപാടുണ്ടാക്കിയ ശൂന്യതയോടു പൊരുതി പരാജയപ്പെട്ടു.നഷ്ടങ്ങൾ തന്റേതു മാത്രമാണ്. തന്റേതു മാത്രം. ഒരു വേദനയോടെയല്ലാതെ ഇന്നും അമ്മയെ ഓർക്കാൻ കഴിയില്ല

രണ്ട്

നഗരത്തിലേക്കുള്ള ചേക്കേറൽ അയാൾക്കൊരു പുതുജീവൻ തന്നെയായിരുന്നു.കോൺക്രീറ്റ് കാടുകൾക്കിടയിലൂടെ ഉറുമ്പുകളെപ്പോലെ അരിച്ചരിച്ചു നീങ്ങുന്ന മനുഷ്യർക്കിടയിലേക്ക് അയാളും. ഇവിടെ ആർക്കും ഒന്നിനും സമയമില്ല. എതിരെ വരുന്നവന്റെ മുഖത്തേക്കു നോക്കാൻ പോലും.ഇവിടെയുണ്ട് എല്ലാ കഥാപാത്രങ്ങളും.

പണക്കൊഴുപ്പിന്റെ ദുർമേദസ്സിനു മുകളിൽ കപടമായൊരു പുഞ്ചിരിയുടെ മേലാടയണിഞ്ഞു നടക്കുന്ന ധനികവർഗം, എന്നും പൊള്ളയായ വാഗ്‌ദാനങ്ങൾ മാത്രം നൽകി അധികാരമെന്ന തേൻകുടത്തിൽ വീണു ശയിക്കുന്ന രാഷ്ട്രസേവകർ , തെരുവു വേശ്യകളിൽ നിന്ന് പോലും പങ്കു ചോദിച്ചു വാങ്ങാൻ തക്ക വണ്ണം ഉളുപ്പില്ലാത്ത അധികാരി വർഗം , വേഗമേറിയ നഗരത്തിനൊപ്പം ഓടിയെത്താൻ കിതയ്ക്കുന്ന ഇടത്തരക്കാർ, പിന്നെ ബഹളങ്ങളിൽ നിന്നെല്ലാം ഒഴിഞ്ഞ് നിരങ്ങി നീങ്ങുന്നവരും. അയാൾക്ക് അതെല്ലാം ശീലമായിക്കഴിഞ്ഞിരുന്നു.

എല്ലാം അയാൾ തന്റെ കുടുസ്സുമുറിയോടു പങ്കു വെച്ചു. സ്വപ്നങ്ങളും അമർഷവും പ്രതീക്ഷകളും ദുഖവുമെല്ലാം ആ നാലു ചുവരുകൾക്കുള്ളിൽ അന്യോന്യം കൂട്ടിമുട്ടി.

ആളൊഴിഞ്ഞ കടൽക്കരയിൽ പോയിരിക്കാൻ അയാൾ താല്പര്യപ്പെട്ടു. കറുത്തിരുണ്ടതും മേഘാവൃതവുമായ ആകാശമായിരുന്നു തെളിഞ്ഞതിനേക്കാൾ അയാളുടെ മനസിന് ആശ്വാസമേകിയത്. അതിനു അയാൾ തന്നെത്തന്നെ സമാധാനിപ്പിക്കാൻ കണ്ടെത്തിയ ഒരു കാരണവുമുണ്ടായിരുന്നു. പെട്ടെന്നു  പെയ്തൊഴിഞ്ഞു തീരാൻ വെമ്പി നിൽക്കുന്നവയാണല്ലോ അനന്തമായ കാത്തിരിപ്പിനേക്കാൾ നല്ലത്.

അത്തരമൊരു സായാഹ്നത്തിൽ ഒരു കൂട്ടം ചിന്തകളെ മേയാൻ വിട്ടുകൊണ്ട് അയാൾ ഇരുന്നു.

“അണ്ണാ”. അയാളുടെ ചിന്തകളെ മുറിച്ചു കൊണ്ട് ഒരു കുട്ടിയുടെ ശബ്ദം. അയാളുടെ പുരികക്കൊടി ഒരു ചോദ്യചിഹ്നം പോലെ വളഞ്ഞു മുകളിലേക്കുയർന്നു.

“കടല വേണോ ?” എട്ടൊമ്പതു വയസ്സു തോന്നിക്കുന്ന ഒരു പയ്യന്റെ ക്ഷീണിച്ച ചോദ്യം. വേണ്ടെന്നു അയാൾ തലയാട്ടി. ചെക്കൻ വിടുന്ന മട്ടില്ല. ” അണ്ണാ. ഒരു പൊതി കൂടിയേ ബാക്കിയുള്ളു. വീട്ടില് അമ്മേം അനിയനും ഒണ്ട്”.  അയാൾ വേണ്ടെന്നു വീണ്ടും തലയാട്ടി. എന്തൊക്കെയോ പിറുപിറുത്തു കൊണ്ട് ചെക്കൻ പോയി. അയാൾ ഉയർന്നു താഴുന്ന തിരകളെത്തന്നെ നോക്കി നിന്നു. അവയോടൊപ്പം കുറച്ചു നേരം മുമ്പ് അയാൾ ഒഴുക്കിവിട്ട ഗാന്ധിത്തലയോടു കൂടിയ ഒരു കടലാസുതോണിയും ആഴങ്ങളിലേക്കു മറഞ്ഞു.

കുറച്ചു കാലം മുമ്പ് വരെ അയാൾക്ക് സംസാരിക്കാൻ ഒരു കൂട്ടു കിട്ടിയിരുന്നു. ഒരു ചാവാലിപ്പട്ടി. ഇന്നത്തെ ഭാഷയിൽ പറഞ്ഞാൽ തെരുവുനായ. എവിടെ നിന്നോ വന്നു കയറി. ഒരു പിടി ചോറിന്റെ നന്ദിയെന്നോണം വിട്ടു പോകാതെ നിന്നു. കൂറു കാട്ടാനെന്നോണം അയാളുടെ പുലഭ്യങ്ങൾക്കൊപ്പിച്ചു വാലാട്ടി. പട്ടി വന്നതോടു കൂടി അയാൾ പല കഥകളും അതിനോടു പങ്കു വെച്ചു. ആ സാധുമൃഗം എല്ലാം മൂളിക്കേട്ടു. ഇടയ്ക്കെപ്പോഴോ പുറത്തേക്കു പോയ നായ പിന്നീട് തിരിച്ചു വന്നില്ല. അതിനു വേണ്ടി മാറ്റി വെച്ച ഉരുള അയാൾ ദൂരേക്ക് വലിച്ചെറിഞ്ഞു. വീണ്ടും അയാൾ തനിച്ചായി.

പഴയകാലങ്ങളിലൂടെയുള്ള യാത്രയിൽ അവ്യക്തമായ ഒരു രൂപം ഇടയ്ക്കിടെ വന്നും പോയുമിരുന്നു. എത്ര ശ്രമിച്ചിട്ടും ആ മുഖം തെളിയുന്നില്ല.പക്ഷെ ആ നടത്തം പരിചിതം തന്നെ. അയാൾ ഓർത്തെടുത്തു. പുഴക്കരയിലേക്കിറങ്ങുന്ന പടിക്കെട്ടിൽ ഇരിക്കുന്ന തന്റെ ചിത്രം. പുഴയിൽ നിന്ന് അലക്കും കുളിയും കഴിഞ്ഞു ആടിയാടി ഒരാൾ വരുന്നു. അയാളുടെ ഇടത്തേ തോളിൽ അലക്കിയ തുണികൾ നിറച്ച ഒരു ബക്കറ്റുണ്ട്. ആ കൈയിൽ തന്നെ പിടിച്ച ഒരു വടിയും കുത്തിപ്പിടിച്ചാണ് നടപ്പ്. രണ്ടു കാലുകളും വളഞ്ഞിരിക്കുന്നു. വലത്തേ കൈ വളരെയേറെ ശോഷിച്ചതും ഒറ്റ നോട്ടത്തിൽ തന്നെ സ്വാധീനമില്ലാത്തതാണെന്നു മനസിലാക്കാൻ കഴിയുന്നതുമാണ്.. ആ മനുഷ്യൻ ഏറെ നേരത്തെ പരിശ്രമത്തിനൊടുവിൽ ആ പടിക്കെട്ടിന്റെ ഏറ്റവും താഴെയെത്തി.. ഇനിയുള്ളത് പടികയറ്റമാണ്. അത് ഏറെക്കുറെ അസാധ്യമാണെന്ന് തോന്നിച്ചത് കൊണ്ട് ആ മനുഷ്യനോട് താൻ ചോദിച്ചു. ” ഞാൻ ആ ബക്കറ്റ് എടുത്തു മുകളിൽ കൊണ്ടു വയ്ക്കട്ടെ.?”. വന്നയാൾ മുഖം തെല്ലൊന്നുയർത്തി. എന്നിട്ടു പറഞ്ഞു. ” വേണ്ട”. ഒരു നിമിഷത്തെ മൗനത്തിനു ശേഷം അയാൾ തുടർന്നു.

” ഇതൊക്കെ ഇപ്പൊ ഒരു ശീലായി.. പെമ്പ്രന്നോത്തി ഉള്ളതിന് വയ്യ. വട്ടാണ്. വീട്ടിലാണേൽ കിണറുമില്ല. പഞ്ചായത്ത് പൈപ്പിൽ വെള്ളം അതിനു തോന്നിയ സമയത്താ വരവ് “. പിന്നീട് അവ്യക്തമായ ചില പിറുപിറുക്കലുകൾ.. ആ മനുഷ്യൻ വീണ്ടും ബക്കറ്റ് കൊണ്ട് പടി കയറാൻ തുടങ്ങി. ഒടുവിൽ വേച്ചു വേച്ചു വീഴുമെന്നായപ്പോൾ താൻ എഴുന്നേറ്റു ചെന്ന്, അയാളുടെ സമ്മതത്തിനു കാത്തു നിൽക്കാതെ ആ ബക്കറ്റ് എടുത്തു കൊണ്ട് ഏറ്റവും മുകളിലത്തെ പടിയിൽ കൊണ്ടു വെച്ചു.

“ആരോടു ചോദിച്ചിട്ടാ നീ അതവിടെ കൊണ്ടു വെച്ചത്?”. ആ ചോദ്യത്തെ നേരിടാനാവാതെ തന്റെ നാവു എവിടെയോ ഒളിച്ചിരുന്നു. ” എടാ..ഒരു വണ്ടി തട്ടിയതു കൊണ്ടാ.. സഹായിക്കാൻ വന്നിരിക്കുന്നു..വേണ്ടടാ നിന്റെയൊക്കെ സഹായം”. തന്റെ കണ്ണിൽ ഇരുട്ടു കയറുന്നു. ഒരാളുടെ ആത്മാഭിമാനത്തിനു മേലുള്ള കടന്നു കയറ്റത്തിനാണ് ശക്തമായ തിരിച്ചടി കിട്ടിയിരിക്കുന്നത്. എന്തു കൊണ്ടെന്നാൽ, എല്ലാവരും സഹതാപം പ്രതീക്ഷിക്കുന്നില്ല. താൻ നീട്ടിയ സഹതാപസുമത്തെ വെറുമൊരു പുൽക്കൊടിയെ പോൽ ചവിട്ടി മെതിച്ചു കൊണ്ടാണയാൾ നടന്നകന്നത്.

അയാളുടെ മനസ് വീണ്ടും കലുഷിതമായി. നിദ്രയുടെ ഏതോ ഒരു ഘട്ടത്തിൽ എന്തോ ഒന്ന് തന്നെ വരിഞ്ഞു മുറുക്കുന്നതായി അയാൾക്ക് തോന്നി. നഖങ്ങൾ ആഴ്ന്നിറങ്ങുന്നു.. അദൃശ്യമായ എന്തോ ഒന്ന് ഒരു പുതപ്പു പോലെ അയാളെ മൂടുന്നതു പോലെ. അയാൾ ശ്വാസം കഴിക്കാൻ നന്നേ ബുദ്ധിമുട്ടി. തന്റെ മേൽ പിടിമുറുക്കിയ വ്യാഘ്രത്തിൽ നിന്നു രക്ഷപെടാൻ അയാൾ വളരെ പണിപ്പെട്ട് കണ്ണുകൾ വലിച്ചു തുറന്നു.

ഒന്നുമില്ല… മുകളിൽ കറങ്ങുന്ന ഫാൻ മാത്രം. തൊണ്ട വരളുന്നു. ഒരിറ്റു വെള്ളം വേണം. അയാൾ എഴുന്നേറ്റു ഒരു മൂലയിലേക്ക് നടന്നു. നടന്നിട്ട് എത്തുന്നില്ല. എന്തോ ഒന്ന് വീണ്ടും തന്നെ പിന്നിലേക്കു പിടിച്ചു വലിക്കുന്നതു പോലെ. അയാൾ ആഞ്ഞു ശ്രമിച്ചു.. ഇത്തവണ വീണു പോയി. അപ്പോഴും അയാളുടെ കാലിനെ ബന്ധിച്ച ചങ്ങല അയാളെ വിടാതെ മുറുക്കെ പിടിച്ചിട്ടുണ്ടായിരുന്നു.

ശുഭം

Comments

comments