രേഖാചിത്രം-Resmi Priya T

5
  

Author : Resmi Priya T

Company : Infosys

രേഖാചിത്രം

പ്രതിയുടെ രേഖാചിത്രം പൊലീസ് പുറത്തു വിട്ടു .എങ്ങുമെത്താത്ത കൊലപാതക കേസിൽ , പല ആഴ്ചകൾ കഴിഞ്ഞപ്പോൾ ഈ വാർത്ത പുറത്തു വന്നു.
കൊലപാതകം നടന്ന നാട്ടിൽ, ഡി. ജി. പി യുടെ സംഘത്തിലുള്ള എസ് .പി യും മറ്റു പൊലീസുകാരും രേഖാചിത്രവുമായി എത്തി. രക്തപരിശോധനക്കും വിരലടയാള പരിശോധനക്കും പങ്കെടുത്തു സഹകരിച്ച നാട്ടുകാർ , ഇനി അടുത്തത് എന്ത് എന്നാലോചിച്ചു , ഓടിക്കൂടി .
ജീപ്പിൽ നിന്നും പുറത്തിറങ്ങിയ വനിതാ എസ് .പി യും പൊലീസുകാരും ഓടിക്കൂടിയ ആളുകളെ എല്ലാം സൂക്ഷ്മമായി നിരീക്ഷിച്ചു.പണിയെടുത്തു വിയർത്തൊലിച്ചു നിൽക്കുന്ന തൊഴിലാളികൾ , കടയുടമസ്ഥർ ,കുഞ്ഞുങ്ങളെ ഏന്തി നിൽക്കുന്ന അമ്മമാർ , ഒരു പുതിയ സെൽഫിക്കും ഫേസ്ബുക് പോസ്റ്റിനും സാധ്യത ഉണ്ടോ എന്നറിയാൻ വന്ന പയ്യന്മാർ , എല്ലാവരും ഓടിക്കൂടിയവരിൽ ഉണ്ടായിരുന്നു.
“ഇല്ല, ഇവർക്കൊന്നും ആ ഛായ ഇല്ല ”
എസ് .പി പോക്കറ്റിൽ നിന്നും ഒരു പേപ്പർ എടുത്തു നിവർത്തി. ഒരു കളർ പ്രിന്റ് .
“പ്രതിയുടെ രേഖാചിത്രം”
അത് വരെ ബഹളം വച്ച് നിന്ന ആൾക്കൂട്ടം പെട്ടെന്ന് നിശബ്ദം ആയി .
അടക്കിപ്പിടിച്ച പിറുപിറുക്കലുകൾ ഉയർന്നു.
എസ് .പി ചോദിച്ചു . “ഇയാളെയോ ഈ ഛായയിൽ ഉള്ള ആരെയെങ്കിലുമോ നിങ്ങള്ക്ക് ആർക്കെങ്കിലും പരിചയം ഉണ്ടോ ?”
“ഈ നാട്ടിൽ എവിടെയെങ്കിലും ഇയാൾ താമസിച്ചിരുന്നോ? ആരെങ്കിലും ഇയാളുടെ കൂടെ പണി എടുത്തിട്ടുണ്ടോ ?”
“മടിച്ചു നിൽക്കാതെ പറയൂ”

പിറുപിറുക്കലുകൾ പോലും നിർത്തി ആൾക്കൂട്ടം നിശബ്ദം ആയി.
“ആർക്കും ഒന്നും പറയാനില്ലേ ? എല്ലാവരും സഹകരിക്കൂ പ്ളീസ് ”
നിരാശയോടെ എസ്. പി ചിത്രം ഉയർത്തി കാണിച്ചു വീണ്ടും ചോദിച്ചു .
“എല്ലാരും ഒന്നും കൂടി നോക്കൂ ..നിങ്ങടെ ..അല്ല നമ്മുടെ അനിയത്തിയെ കൊന്നു എന്ന് കരുതുന്ന ആളിന്റെ ചിത്രം ആണിത് ..നമുക്ക് എത്രയും വേഗം ഇവനെ പിടിക്കണ്ടേ?”

പെട്ടെന്ന് , ആള്ക്കൂട്ടത്തിൽ നിന്നും ഒരു ശബ്ദം ഉയർന്നു .”എനിക്കറിയാം . ഈ മാമനെ എനിക്കറിയാം .”
എല്ലാവരും ഞെട്ടിത്തിരിഞ്ഞു നോക്കി ..
അമ്മയുടെ തോളിൽ കയറി നിന്ന് എത്തി നോക്കികൊണ്ടു അഞ്ചു വയസ്സുകാരൻ അപ്പുണ്ണി വിളിച്ചു പറയുന്നു …

.”എനിക്കറിയാം . ഈ മാമനെ എനിക്കറിയാം .”
കൃഷ്ണൻ കുട്ടിയുടെ മകൻ അപ്പുണ്ണി. അവന് എങ്ങനെ അറിയാം ഇയാളെ .ആളുകൾ വീണ്ടും ചിന്തിക്കാനും പിറു പിറുക്കാനും തുടങ്ങി.
” ഇനി കൃഷ്ണൻ കുട്ടീടെ ആരെങ്കിലും ആണോ കൊലയാളി ”
എസ്. പി യും മറ്റു പൊലീസുകാരും, ആളുകളെ വകഞ്ഞു മാറ്റി , അതി വേഗം , അപ്പുണ്ണിയുടെ അടുത്തെത്തി

എസ് . പി ചോദിച്ചു
” പറ മോനെ , മോൻ എവിടെയാ ഈ മാമനെ കണ്ടെ?”

അപ്പുണ്ണി പേടിച്ചു പോയി. സിനിമയിൽ മാത്രം കണ്ടിട്ടുള്ള പൊലീസുകാർ. വല്യ ഒരു പൊലീസ്
ആന്റിയും പൊലീസ് മാമന്മാരും തൊട്ടു മുന്നിൽ നിൽക്കുന്നു. മോഹൻലാലിൻറെ സിനിമയിൽ മോഹൻലാലിനെയും ഒരു കൊച്ചു ചേച്ചിയെയും ഇടിച്ചു ശരി ആക്കിയ പൊലീസുകാരെ അപ്പുണ്ണി ഓർത്തു. നല്ല പോലെ ഇടിക്കാൻ പറയുന്ന പൊലീസ്ആന്റിയെയും . ഇവർ എന്നെയും ഇടിക്കുമോ? അപ്പുണ്ണി പേടിച്ചു അമ്മയുടെ തോളിലേക്ക് മുഖം ചായ്ച്ചു ഉറക്കെ നിലവിളിച്ചു കരയാൻ തുടങ്ങി.
എസ് . പി അടുത്ത് ചെന്നു ” മോൻപേടിക്കാതെ , പറയൂ , മോൻ എവിടാ കണ്ടത് ?”
അപ്പുണ്ണി നിലവിളി ശബ്ദം ഉയർത്തി.
ഒരു പൊലീസ് അടുത്തുള്ള കടയിൽ നിന്ന് ഒരു ചോക്കലേറ്റ് വാങ്ങി വന്നു. എസ് . പി അത് വാങ്ങി  അപ്പുണ്ണിക്ക്‌ നേരെ നീട്ടി. അപ്പുണ്ണി നോക്കി.. ഫൈവ് സ്റ്റാർ.. ഒരെണ്ണം കഴിച്ചിട്ട് കൊറച്ചു നാൾ ആയി.. അപ്പുണ്ണി കയ് നീട്ടി വാങ്ങി.

എസ്. പി ചോദിച്ചു ..” ഇനി പറ മോനെ”

പൊലീസ് ആന്റിയുടെ മുഖത്തേക്ക് സംശയത്തോടെ നോക്കി കൊണ്ട് ,അപ്പുണ്ണി കരഞ്ഞു കൊണ്ട് പറഞ്ഞു
“വീട്ടിൽ.. വീട്ടിൽ.. പടം ഉണ്ട് ..”
“വീട്ടിലോ ? “..എസ്. പി ചോദിച്ചു.
അത് കേട്ട് അപ്പുണ്ണി വീണ്ടും ഉറക്കെ നിലവിളിക്കാൻ തുടങ്ങി

“നമുക്ക് എത്രയും പെട്ടെന്ന് ഈ കുട്ടിയുടെ വീട്ടിൽ പോകാം” എസ്. പി ഉത്തരവിട്ടു

പേടിച്ചു വിരണ്ട അപ്പുണ്ണിയും പെട്ടെന്നുണ്ടായ സ്ഥിതി വിശേഷത്തിൽ പകച്ചു പോയ അപ്പുണ്ണിയുടെ അമ്മയും എല്ലാം കണ്ടു പരിഭ്രമിച്ച നാട്ടുകാരും പൊലീസുകാരും കൂടി ഒരു ജാഥ ആയി അപ്പുണ്ണിയുടെ വീട്ടിലേക്കു നടന്നു.

വീട്ടിലെത്തിയപ്പോൾ ,അപ്പുണ്ണിയെയും അമ്മയെയും മാത്രം അകത്തു കയറ്റി ,എസ്. പി , വീടിന്റെ വാതിൽ അടച്ചു.
മേസ്തിരിപ്പണിക്ക് പോയ കൃഷ്ണൻ കുട്ടി വിവരം കേട്ടറിഞ്ഞു , പണി പാതി വഴിയിലിട്ടു ,ഓടിക്കിതച്ചു വീട്ടിലെത്തി, അടഞ്ഞ വാതിലിന്റെ വെളിയിൽ പേടിച്ചു വിറച്ചു നിന്നു.

അകത്തു കയറിയ എസ്. പി പറഞ്ഞു

” മോനെ..ആന്റി ഒന്നും ചെയ്യില്ല ..ഇനിയും എത്ര മിഠായി വേണമെങ്കിലും തരാം. മോൻ പറ, എവിടെയാ ആ മാമന്റെ പടം ഉള്ളത് ?”

” അത് …അത്. …അച്ഛൻ…”, പേടിച്ചു പേടിച്ചു അപ്പുണ്ണി പറയാൻ തുടങ്ങി..

” അച്ഛനോ …?” അപ്പുണ്ണിയുടെ അമ്മ ഞെട്ടലോടെ ചോദിച്ചു.

” കുട്ടി പറയട്ടെ..നിങ്ങൾ മിണ്ടാതിരിക്കൂ  “…എസ്. പി..കടുത്ത സ്വരത്തിൽ അമ്മയ്ക്ക് താക്കീത്‌ നൽകി.

” അല്ല …അച്ഛൻ കൊണ്ട് വന്ന പുസ്തകത്തിൽ ആ മാമൻ ഉണ്ട് ” അപ്പുണ്ണി പറഞ്ഞു.

“മോൻ ആ പുസ്തകം എടുത്തു കൊണ്ട് വരുമോ ?”  എസ്. പി ചോദിച്ചു

പൊലീസ് ആന്റിയെയും അമ്മയേയും മാറി മാറി നോക്കിയ ശേഷം അപ്പുണ്ണി പതുക്കെ നടന്ന് ആ പുസ്തകം എടുത്തു കൊണ്ട് വന്ന് തുറന്നു കാണിച്ചു.

എസ്. പി നോക്കി .” അതെ പോലത്തെ കണ്ണുകൾ..ചുരുണ്ട ഇട തൂർന്ന മുടി ..,അതേ ചുവന്ന ചുണ്ടുകൾ , മീശ , വെളുത്ത നിറം ”

എസ്. പി വേഗം വീട്ടിൽ നിന്നിറങ്ങി , മറ്റു പൊലീസുകാരെയും വിളിച്ചു , ജീപ്പിൽ കയറി ചീറിപ്പാഞ്ഞു പോയി.

ഒന്നാം ക്ലാസ്സിൽ പോകാൻ അച്ഛൻ മേടിച്ചു കൊണ്ട് വന്ന മലയാള പാഠ പുസ്തകം ഒരു കയ്യിലും മറ്റേ കയ്യിൽ പൊലീസ് ആന്റി തന്ന ചോക്കലേറ്റും പിടിച്ചു അപ്പുണ്ണി നിന്നു.

തറ
  —- തല
നോക്ക്… തല….ഈ പടത്തിലെ മാമന്റെ കാര്യമാ ഞാൻ പറഞ്ഞത്…
എല്ലാരും നോക്കി..അപ്പുണ്ണി പറഞ്ഞത് അക്ഷരാർത്ഥത്തിൽ ശരിയാണ്…

.” അതെ പോലത്തെ കണ്ണുകൾ..ചുരുണ്ട ഇട തൂർന്ന മുടി ..,അതേ ചുവന്ന ചുണ്ടുകൾ , മീശ , വെളുത്ത നിറം “

Comments

comments