വളർത്തു മൃഗം – Sam Jose

0
  

Author : Sam Jose

Company : Oracle

വളർത്തു മൃഗം

 

നേരം സന്ധ്യയായി. തൊഴുത്ത്‌ പൂട്ടിയിട്ട് കിട്ടുണ്ണി പോയി. തിന്നാൻ ഒരു പിടി വൈക്കോൽ ഇട്ടിട്ടുണ്ട്. കുറച്ച വാടിയ പുല്ലും.തിന്നാൻ തോന്നുന്നില്ല. വിശപ്പില്ലാഞ്ഞിട്ടല്ല. ഈയിടെയായി താല്പര്യം തോന്നുന്നില്ല.പ്രായം ആയതിന്റെ ആയിരിക്കും.. നാണിതള്ള പിറുപിറുക്കുന്നത് കേട്ടിട്ടുണ്ട്, വയസ്സായാൽ പിന്നെ കഴിപ്പൊക്കെ കാണാക്കാണെന്നു.കഴിഞ്ഞ മാസം അവര് ചത്ത് പോയി.

കിട്ടുണ്ണിയുടെ നീക്കിയിരുപ്പിൽ മൃഗമായിട്ട് ബാക്കി ഉള്ളതിനി നീലി മാത്റമേ ഒള്ളു. പത്തു പന്ത്രണ്ടു വര്ഷം മുൻപ് വാങ്ങിയ ഒരു പശു.വൈകുന്നേരത്തെ കൊതുകിന്റെ ശല്യം കഴിഞ്ഞ ഉറങ്ങാൻ കിടക്കുകയാണ് നീലി. അപ്പോഴാണ് ചിന്തിച്ചും മൂളിയും ഓർമകളിലേക്ക് അവളുടെ കാട് കയറ്റം.

ഒരു വയസ്സ് തികയും മുൻപേ വിലക്ക് വാങ്ങി കൊണ്ട് വന്ന് ഈ തൊഴുത്തിൽ കെട്ടിയതാണ് കിട്ടുണ്ണി .അന്ന് അമ്മയുടെ അടുത്ത് നിന്ന് വലിച്ചകറ്റി കൊണ്ട് പോയപ്പോ, കുറെ കരഞ്ഞു. വഴി നീളെ.ഇവിടെത്തിയിട്ടും. പല രാത്രികളിലും തീറ്റ തിന്നാതെ, കുടിക്കാതെ അമറിക്കരഞ്ഞു പ്രതിഷേധിച്ചു നോക്കി.ആരും കരുണ കാണിച്ചില്ല.അമ്മയെ കാണിച്ച തന്നില്ല. പതിയെ പതിയെ അമ്മയും, ജനിച്ച തൊഴുത്തുമൊക്കെ ഓര്മ ആയി. പിന്നെ മറന്നു.

വളർന്നു വലുതായപ്പോഴേക്കും ഒരു കൂട്ടാഗ്രഹിച്ചു . കൊതിച്ചതെല്ലാം വിധിക്കണമെന്നില്ലല്ലോ. പ്രണയം തോന്നിയ ഒരാളെ കണ്ടപോഴേക്കും അയാളെയും വലിച്ചകറ്റി കൊണ്ട് പോയി, മനുഷ്യർ. അറക്കാൻ ആണത്രേ. കൊന്നു തിന്നാൻ.. കരഞ്ഞിട്ട് കാര്യമില്ലെന്നറിയാവുന്നത് കൊണ്ട് അതിനു തുനിഞ്ഞില്ല.

മുരടിച്ച ജീവിതമെന്തിന് എന്ന് കരുതിയ നാളുകളിലൊന്നിൽ, ഉള്ളിൽ ജീവന്റെ തുടിപ്പറിഞ്ഞു. മനുഷ്യന്റെ വിചിത്ര വിദ്യ.സ്നേഹവും വികാരങ്ങളുമൊക്കെ തൊഴുത്തിന് പുറത്തു. മൃഗങ്ങൾക്ക് എന്ത് വികാരം. ആവശ്യത്തിന് തീറ്റി. അത് പോരെ?

കുഞ്ഞുണ്ടാവാൻ മറ്റു വിദ്യകൾ. മരുന്നോ മന്ത്രമോ എന്തോ.. എന്തായാലും സമയം തികഞ്ഞപ്പോ ഒരു ഓമന കിടാവ് ഉണ്ടായി. അവനെ നക്കി തുടച്ചു പാല് കൊടുത്തപ്പോ, ജീവിതത്തിനു എന്തോ അർഥം വന്നത് പോലെ തോന്നി.ഏറെ കഴിഞ്ഞില്ല, അവനെ പിടിച്ചു മാറ്റി കിട്ടുണ്ണി ബാക്കി പാൽ കറന്നെടുത്തു.പിന്നീട് അഴിച്ചു വിട്ട കുട്ടിക്ക് വേണ്ടി ചുരത്താൻ നോക്കിയപ്പോ കഴിഞ്ഞത് ഏതാനും തുള്ളികൾ. മതി വരാതെ എന്റെ മുഖത്തു നോക്കിയ മകന്റെ നോട്ടം കണ്ടപ്പോ അകിട് വേദനിച്ചു, മനസ്സും.

അതും അങ്ങനെ ശീലങ്ങളിലൊന്നായി. വിശക്കാതെ നോക്കുന്നതല്ലേ കിട്ടുണ്ണി? അയാളുടെ കുട്ടികൾക്ക് കുടിക്കാൻ എന്റെ മകന്റെ അവകാശത്തിലൊരു പങ്കു പകുത്തു കൊടുത്തതായി കരുതി സമാധാനിച്ചു.

എങ്കിലും ഒരിക്കൽ അവന്റെ ചോദ്യത്തിന് മുന്നിൽ പകച്ചു. ചക്കിപ്പൂച്ചയുടെ മക്കൾക്കെല്ലാം വയറു നിറയെ പാല് കിട്ടുന്നുണ്ടല്ലോ .. എനിക്ക് മാത്രമെന്താ ഇങ്ങനെ? അവരൊക്കെ പുണ്യം ചെയ്തവരായിരിക്കണം എന്ന് ഒരു വിധം മറുപടി പറഞ്ഞൊപ്പിച്ചു.

അവന്റെ വളർച്ച കണ്ടു ദിനങ്ങൾ കടന്നു പോയി. സന്തോഷം നിറഞ്ഞ കാലം. അതിനിടക്കും മനസ്സിലെവിടെയോ ഒരു പേടി തോന്നിയിരുന്നു.ഒരിക്കലും സത്യം ആവരുതേ എന്നാശിച്ചു കുഴിച്ചു മൂടാൻ ശ്രമിച്ചിരുന്ന പേടി. ഒരിക്കൽ രാവിലെ പുറത്തു മേയാൻ വിടാൻ കൂട്ടിൽ നിന്നറക്കിയപ്പോ, വേറെ രണ്ടു മനുഷ്യർ വന്നു അവനെ കയറിൽ മുറുക്കെ വലിച്ചു പിടിച്ചു കൊണ്ട് നടന്നു. എന്റെയും അവന്റെയും മുറവിളി കേട്ട കിട്ടുണ്ണിയുടെ മുഖം ഒരു നിമിഷം കനത്തതായി തോന്നിയെങ്കിലും, അതിൽ കവിഞ്ഞൊരു പ്രതികരണം അയാളിൽ നിന്നുണ്ടായില്ല.കടലാസ് കഷണങ്ങൾ നോക്കുന്ന തിരക്കിലായിരുന്നു പിന്നീടയാൾ. എന്റെ കിടാവിനു പകരം, ആ രണ്ടു മനുഷ്യരിൽ ഒരാൾ കൊടുത്തത്.അവന്റെ വില.

അന്ന് വരെ അറിഞ്ഞ വേദനകൾ ഒന്നുമല്ലായിരുന്നെന്നു അറിഞ്ഞ ദിവസം. ദിവസങ്ങൾ ആഴ്ചകളായി.മാസങ്ങളും. മനുഷ്യന്റെ മന്ത്ര വിദ്യ വീണ്ടും. ഒരു കിടാവും കൂടെ. ഇതിനെ എങ്കിലും എന്നിൽ നിന്ന് അകറ്റില്ല എന്ന വെറുതെ ആണെങ്കിലും ആഗ്രഹിച്ചു. വളർത്തു മൃഗത്തിന്റെ ആഗ്രഹത്തിനെന്തു വില! ചങ്ക് പറിയുന്ന ഈ അനുഭവങ്ങളുടെ ആവർത്തനം വീണ്ടും നടന്നു. പല തവണ. അല്പമെങ്കിലും ആശ്വാസം തോന്നിയത് വീട്ടിലെ കോഴിപെണ്ണ് പറഞ്ഞത് കേട്ടപ്പോഴാണ്. ആശ്വാസമല്ല, പക്ഷെ താൻ മാത്രമല്ല ഈ ദുരവസ്ഥ അനുഭവിക്കുന്നത് എന്ന് അറിഞ്ഞപ്പോഴുള്ള നിർവികാരത. കുഞ്ഞുങ്ങൾ ഉണ്ടാവാൻ വേണ്ടി നൊന്ത് ഇടുന്ന മുട്ടകൾ ഒന്നൊഴിയാതെ മനുഷ്യൻ കൊണ്ട് പോകും.അയാൾ ആണല്ലോ ഭൂമിയിലെ എല്ലാറ്റിനും അവകാശി. ഒരിക്കൽ ഒളിച്ചു അടയിരുന്നു വിരിയിച്ച കുഞ്ഞുങ്ങളെ വളർത്തി കൊത്തിയകറ്റി അവരുടെ സ്വന്തം കുടുംബം ഉണ്ടാക്കാൻ പറഞ്ഞു വിട്ടപ്പോഴേക്കും അവരുടെ വില്പന ആയി. കൂട്ടത്തിൽ മുഴുത്തവനെ കൺ മുന്നിൽ വെചു കഴുത്തറുത്ത് കൊന്നു. അതിൽ കൂടുതലൊന്നുമില്ലല്ലോ.

കാലം കടന്നു പോയി. കോഴി പെണ്ണ് ചത്തു . ചക്കിപ്പൂച്ചയും ചത്തു . കിട്ടുണ്ണിയുടെ കുട്ടികൾ മാത്റം വളർന്നു.

എനിക്കും പ്രായമായി. ഇനി കുട്ടികൾ ഉണ്ടാവില്ലത്രേ. പാലും ഇനിയില്ല. എന്നെയും ഇനി അറക്കാൻ കൊടുക്കുമായിരിക്കും. ആ ജീവിച്ചിട്ടെന്തിന്? ജീവിക്കുകയാണെങ്കിൽ മനുഷ്യൻ ആയി ജീവിക്കണം. വളർത്തു മൃഗത്തിന് ജീവിതമില്ല.

അതാ കിട്ടുണ്ണി വരുന്നുണ്ട്. അയാളുടെ കൂട്ടുകാരൻ ഒരു മനുഷ്യനും.എന്റെ വിലയിടുകയാവണം.

“എന്താ കിട്ടുണ്ണി.. നിങ്ങളുടെ ജീവിതത്തിനെന്താ ഒരു കുറവ് ..? സമ്പാദിച്ചു .. സുഖമായി ഉണ്ട് ഉറങ്ങി …മക്കൾ എല്ലാം നല്ല നിലയിലെത്തി.”

“എന്ത് ജീവിതമെഡോ .. ഒരു മൃഗത്തെ പോലെ പണിയെടുത്തു എന്തൊക്കെയോ സമ്പാദിച്ചു.ആർക്കു വേണ്ടി? ബന്ധുക്കളും കൂട്ടുകാരെന്നു നടിച്ചവരും ഒക്കെ ഞാൻ ജീവിക്കുകയാണെന്നു ഒരു തോന്നൽ ഉണ്ടാക്കി. തോന്നൽ മാത്രമായിരുന്നെന്നു തിരിച്ചറിയാൻ വൈകി. ഒരു വളർത്തു മൃഗത്തെ പോലെ അവരെന്നെ കാലം കഴിപ്പിച്ചു. അവരുടെ ആവശ്യങ്ങൾക്ക് വേണ്ടി. പശുവിന്റെ പാലും കോഴിയുടെ മുട്ടയുമൊക്കെ നമ്മൾ എടുക്കുന്ന പോലെ എന്റെ സമയവും അധ്വാനവും അവരെടുത്തു. പകരം പശുവിനു വൈക്കോലും കാടിയുമെങ്കിലും ..എനിക്ക് …???

Comments

comments