വിചാരണ – LEENA R S

3
  

Author : LEENA R S

Company : CONSCIENCE BUSINESS SOLUTIONS

വിചാരണ

സ്വർഗ്ഗവാതിലിനു മുന്നിലെ വലിയ തിരക്കുകൾക്കും മുറവിളികൾക്കുമിടയിലൂടെ ദൈവം നടന്നു നീങ്ങി.  അവിടെ അകത്തേയ്ക്കു പോകുവാനുള്ള തിക്കും തിരക്കുകളുമാണെങ്കിൽ തെല്ലകലെ നരകവാതിലിന്‍റെ  അകത്തളങ്ങളിൽ നിന്നും ഭീതിതമായ കരച്ചിലുകളും അപേക്ഷകളും ഉയർന്നു കേൾക്കാം.  ബധിരനെപ്പോലെ നടന്നു നീങ്ങവെ കുറച്ചകലെ തിരക്കുകളിൽപ്പെടാതെ ഒരു യുവതി നിൽക്കുന്നത് അദ്ദേഹം കണ്ടു.  ശാന്തമായി നിൽക്കുന്ന ആ പെണ്കുട്ടിയ്ക്കരികിലേയ്ക്കദ്ദേഹം നടന്നെത്തി.  അവളുടെ വെളുത്ത വസ്ത്രത്തെക്കാൾ വെണ്മയുണ്ടായിരുന്നു ആ മുഖത്തിനു.  അതിമനോഹരമായ കണ്ണുകളിൽ അഗാധമായ ദുരിതങ്ങൾ  പേറിയതിന്‍റെ അടയാളമായ കണ്ണുനീരിന്‍റെ  നനവുണ്ടായിരുന്നു.  അവളുടെ ഹൃദയത്തിലാഴത്തിലേറ്റ മുറിവുകളുടെ  ചോര കിനിയുന്നത് കണ്ടപ്പോൾ  അവളോടദ്ദേഹം ചോദിച്ചു “നീ മാത്രമെന്തിനിവിടെ മാറി നിൽക്കുന്നു?.” അവൾ അദ്ദേഹത്തിന്‍റെ മുഖത്തേയ്ക്കു നോക്കി.  “എനിയ്ക്കു സ്വർഗ്ഗം വേണ്ട, നരകവാതിൽ തുറക്കുന്നത് കാത്തു നിൽക്കുകയാണു ഞാൻ.”  ദൈവം പുഞ്ചിരിച്ചു.  “സ്വർഗ്ഗവാതിലിനു മുന്നിലെ തിരക്കു നീ കാണുന്നില്ലേ.  എല്ലാവരും അവിടേക്ക് പോകുവാൻ മുറവിളി കൂട്ടുമ്പോൾ  നീയെന്തിനു നരകത്തിന്‍റെ വാതിലിൽ മുട്ടുന്നു.”  അവൾ അദ്ദേഹത്തിനരികിലേക്കു നീങ്ങി നിന്ന് ആ മുഖത്തേക്കു നോക്കി ചോദിച്ചു.  “ജിവിച്ചിരുന്നപ്പോൾ നീയെനിക്കു നൽകാതിരുന്ന ഏതു സുഖവും സന്തോഷവും ലഭിക്കുവാനാണു ഞാൻ നിന്‍റെ സ്വർഗ്ഗവാതിലിൽ മുട്ടേണ്ടതു?”  അവളുടെ ചോദ്യത്തിനു കുപ്പച്ചില്ലിന്‍റെ മൂർച്ചയുണ്ടായിരുന്നു.  ദൈവം ഒരു നിമിഷം അവളുടെ മുഖത്തേക്കു നോക്കി.  അവിടെ സങ്കടത്തിന്‍റെ ഇരുട്ടുകനക്കുന്നതദ്ദേഹം കണ്ടു.  തളർന്ന കണ്ണുകളിൽ തീ തിളയ്ക്കുന്നത് കാണാം.  അവൾ പറഞ്ഞു എനിക്കു നിന്നോടു ചോദിയ്ക്കുവാനേറെയുണ്ട് ദൈവമേ.  താൻ നിൽക്കുന്നതെവിടെയെന്ന ഒാർമ്മയിൽ ഉയർന്നുവന്ന ദ്വേഷമടക്കി അവൾ  ശാന്തമായി ചോദിച്ചു.  “ജിവിച്ചിരുന്നപ്പോൾ ഞാൻ ചെയ്ത പാപമെന്തായിരുന്നു.  ഏതു കർമ്മത്തിനുള്ള ശിക്ഷയായിരുന്നു നീ എനിക്കു തന്നത്.  ഞാൻ ഭൂമിയിൽ വന്ന ദിവസം തന്നെ നീ എന്‍റെ മാതാവിന്‍റെ ജന്മം തിരിച്ചെടുത്തു.  ആ അമ്മയുടെ ജീവൻ അന്ന് നീ എടുക്കമ്പോൾ ചോരക്കുഞായിരുന്ന എന്നെ നീ ഏതു പാപത്തിന്‍റെ ഫലം തരാനായിരുന്നു ജീവിപ്പിച്ചത്‌?. മുലപ്പാലിന്‍റെ ഒരു തുള്ളി എന്‍റെ നാവിലിറ്റിക്കനായി എന്തുകൊണ്ടാണു നീ എനിക്കമ്മയെ ഒരു ദിവസമെങ്കിലും തരാതിരുന്നത്?”. ഹൃദയത്തിൽ സഹതാപത്തോടെ നിശബ്ദനായി ദൈവം കേട്ടു നിന്നു.  അവൾ തുടർന്നു , “ഞാൻ വളർന്നപ്പോൾ നീ വീണ്ടുമെനിക്ക് കർമ്മപാപത്തിൻറെ ശിക്ഷ തന്നുകൊണ്ടേയിരുന്നു.  ആവശ്യത്തിലധികം സൗന്ദര്യവും വളർച്ചയും എന്റെ ശരീരത്തിന് നീ നൽകിയപ്പോൾ എന്റെ മനസിന്റെ വളർച്ച നീ മുരടിപ്പിച്ചു. ബാല്യത്തിന്റെ നിദ്രയിൽ ഞാനതറിഞ്ഞിരുന്നില്ല.  അവിടുന്നോരികലും ഉണരാൻ നീ എനിക്കവസരം തന്നതുമില്ല.  മറ്റുള്ളവർക്കു ഭാരമായി ഞാൻ ജീവിച്ചുകൊണ്ടേയിരുന്നു.  എന്റെ വീട്ടിലൊരിക്കലും നീ സമാധാനത്തിന്റെ വെളിച്ചം കടന്നു വരാനനുവദിച്ചില്ല.  മദ്യത്തിനടിമകളായ സഹോദരങ്ങളുടെ ഉത്തരവാദിത്വമില്ലായ്മയും അമ്മയെ കൊന്നുകൊണ്ടു ജനിച്ച മകളോടുള്ള പക മനസ്സിൽ കൊണ്ട് നടന്ന അച്ഛനെയും നീ എനിക്ക് തന്നു.  ശാപങ്ങളുടെ സുരക്ഷിതത്വമായിരുന്നു അച്ഛൻ തന്നതെങ്കിലും അത് ഒരു വലിയ തണലായിരുന്നു.  അവിടുന്നു അദ്ദേഹത്തെ തിരിച്ചു വിളിച്ചുകൊണ്ട് നീ എന്നെ പൊള്ളുന്ന വെയിലിലിറക്കിവിട്ടു.  ആ വാതിലും നീ എനിക്കു മുന്നിലടച്ചു.  ബുദ്ധിവളർച്ചയില്ലായിരുന്ന ഞാൻ ഏതു പാപത്തിന്റെ ശിക്ഷയായിരുന്നു ദൈവമേ അനുഭവിച്ചത്?” അവളുടെ ചോദ്യങ്ങൾക്കുത്തരമില്ലാതെ ദൈവം നിശബ്ദനായി നിന്നു.

 

“എന്നും നീ എന്റെ മനസിന്റെ പുറത്തായിരുന്നു.   നീ എന്താണെന്നെനിക്കറിയില്ലായിരുന്നു.  എങ്കിലും ആരോ പഠിപ്പിച്ച വാചകങ്ങളായി ഞാൻ ഓരോ ദിനവും നിന്നെ വിളിച്ചു കൊണ്ടിരുന്നു.  സ്വന്തം പേരു പോലും പറയാനറിയാതെ ഞാൻ പിന്നെയും വളർന്നു.  എനിക്കു മുന്നിലെ വലിയ ലോകത്തിലെ കപടതകൾ ഒന്നും എനിക്ക് തിരിച്ചറിയാൻ കഴിഞ്ഞില്ല .  മഴയുള്ളൊരുച്ചനേരത്താണ് എന്നെ ഇവിടേക്കു കൊണ്ടുവരാൻ നീ തയാറെടുത്തതെന്നെനിക്കിപ്പോൾ അറിയാം.  വിജനമായ വഴിയിലൂടെ നടന്നു പോയ എന്നെ അവർ വലിച്ചിഴച്ചു കൊണ്ട് പോയപ്പോൾ ഞാൻ നിലവിളിച്ചിരുന്നു “ദൈവമേ എന്ന് രക്ഷിക്കണേ” എന്ന്.  നീ എന്റെ കരച്ചിൽ അന്നും കേട്ടില്ല.  കുറെ മൃഗങ്ങൾക്കിടയിൽ ഞാൻ മുറിവേറ്റു പിടഞ്ഞപ്പോഴും നിന്നെ ആർത്തു വിളിച്ചിരുന്നു . നിനക്കറിയാം ഒടുവിലൊരു കീറിയ കടലാസ് പോലെ വീട്ടിലെത്തുമ്പോൾ എന്റെ പ്രജ്ഞയിൽ പേടിയുടെ ആരവങ്ങൾ മാത്രമായിരുന്നു.  ഓർമ്മയിൽ ഭീകരത മാത്രം ജനിപ്പിച്ചിരുന്ന ആ ദിവസം എന്റെ ജീവിതത്തിന്റെ അവസാനത്തിന്റെ ആരംഭമായിരുനെന്നു അപ്പോഴും ഞാനറിഞ്ഞില്ല.  നീ കൊണ്ട് പോയ എന്റെ അമ്മയുണ്ടായിരുന്നെങ്കിൽ അന്നത്തെ എന്റെ ദുരിതങ്ങൾ തൊട്ടറിഞ്ഞേനെ.  അമ്മമാരറിയുന്നപോലെ ആരറിയും ദൈവമേ.   നീ പോലുമറിയില്ല.  എന്റെ ശരീരത്തിന്റെ മാറ്റങ്ങൾ ഞാനോ എനിക്ക് ചുറ്റുമുള്ളവരോ അറിഞ്ഞില്ല. അല്ലെങ്കിൽ തന്നെ ആരായിരുന്നു എന്നെ അറിഞ്ഞിരുന്നത്. തുന്നലുകൾ കീറിയ ഒരു ജോഡി വസ്ത്രം എന്റെ വീടിന്റെ മൂലയിലൊരു അയയിൽ തൂങ്ങിയത് മറ്റാരും കണ്ടില്ല.

പക്ഷെ ഒരു പനിയുടെ രൂപത്തിൽ അത് അതിന്റെ ഭീകരതയോടെ പുറത്തു വന്നു.  നീ എനിക്ക് തന്ന ശിക്ഷയുടെ അടുത്ത ഘട്ടം അവിടെ തുടങ്ങി.  ലോകമറിയാത്ത എന്റെ ഉള്ളിൽ മറ്റാരുടെയൊക്കെയോ കർമ്മപാപത്തിന്റെ വിത്ത് കൊടിയ ശിക്ഷയായി നീ മുളപ്പിച്ചിരുന്നു.  അതിന് എട്ടു മാസത്തിന്റെ വളർച്ചയുണ്ടായിരുന്നു.  പിന്നീടുള്ള ദിവസങ്ങൾ ഉൾപ്പെടിയോടെയേ ഓർക്കാൻ കഴിയുന്നുള്ളു.  ആ വിത്തിന്റെ ഉറവിടം തേടി എല്ലാവരും നടന്നു.  ചോദ്യങ്ങളും പരിഹാസങ്ങളും ശാപങ്ങളും തല്ലും തീരാത്ത കണ്ണുനീരും.  അതിനായി ഞാൻ ചെയ്ത വലിയ പാപമെന്തായിരുന്നു ദൈവമേ ?.  ദയയില്ലാത്ത ഈ ലോകത്തിൽ ഒന്നും മനസിലാവാതെ വലിയ വയറും താങ്ങി ഞാൻ പകച്ചു നിന്നപ്പോഴും ഞാൻ നിന്നെ വിളിച്ചു, നീ അത് കേട്ടില്ല.  മറ്റുള്ളവരുടെ ചോദ്യങ്ങൾക്കു മറുപടിയായി ആ വിത്തിന്റെ ഉറവിടം പറയാൻ എനിക്ക് നീ  ബുദ്ധി തന്നില്ല, അല്ലെങ്കിൽ തന്നെ ആരായിരുന്നു അവർ?.  ഇപ്പോഴും എനിക്കതറിയില്ല.  മാംസവും ചോരയും പച്ചയ്ക്കു തിന്നുന്ന കുറെ കാട്ടുമൃഗങ്ങൾ.  അവരിന്നും എവിടെയോ ജീവിച്ചിരിക്കുന്നു. അവർ പിന്നെയും ഇരകളെ മുറിവേല്പിച്ചിരിക്കാം. ബുദ്ധിവളർച്ച പോലുമില്ലാത്ത ഒരു പെണ്ണിന്റെ സ്വഭാവശുദ്ധിയെ ചോദ്യം  ചെയ്യാൻ ആർത്തികാണിച്ച സമൂഹം അവരെ കണ്ടതേയില്ല . കണ്ടാലും അറിഞ്ഞാലും അവർ ഒന്നും ചെയുകയും ഇല്ല. എനിക്ക് ശേഷവും എത്രയോ പെൺകുട്ടികൾ….ഒരു നിയമവും ആരെയും രക്ഷിക്കുവാനല്ല, അത് ആ നിയമങ്ങൾ ഉണ്ടാക്കിയവർക്ക് ജീവിക്കുവാൻ മാത്രമാണ്‌.

നിന്ദ്യമായ സാഹചര്യങ്ങളിൽ ഒറ്റപ്പെട്ടാണ് ഞാൻ എന്റെ കുഞ്ഞിനെ പ്രസവിച്ചത്.  സമപ്രായക്കാരോടൊപ്പം പറന്നു നടക്കേണ്ട പ്രായത്തിൽ ഞാൻ അമ്മയായി. ഞാനെന്റെ അമ്മയെ കണ്ടിട്ടില്ല, നിനക്കറിയാം.  ഞാൻ ജീവിച്ചിരിക്കുമ്പോൾ അതേ ശിക്ഷ നീ എന്റെ കുഞ്ഞിനും വിധിച്ചു.  ഞാനവൾക്കു ഒരിക്കലും മുലപ്പാലൂട്ടിയില്ല. അവളെ സ്നേഹത്തോടെ എടുത്തില്ല. എന്നെ വെറുത്തവർ പക്ഷെ അവൾക്കു കാവൽ നിന്നു.  അവർ അവൾക്കു വേണ്ടി എന്നോട് യാചിച്ചു. അവളെ സ്നേഹിക്കാൻ, അവൾക്കു ജീവന്റെ അമൃത് നല്കാൻ. പക്ഷെ എന്റെ മാറിടം അവൾക്കു വേണ്ടി ചുരന്നതേയില്ല.  ദിവസങ്ങൾ പ്രായമുള്ള കുഞ്ഞിനെ നോക്കി ശൂന്യതയോടെയിരുന്ന ഒരു രാത്രിയിലാണ് പ്രജ്ഞയുടെ തിരി വെളിച്ചം നീ എനിക്ക് തന്നത്.  അത് അടുത്ത ദുരന്തത്തിന്റെ മുന്നോടിയാണെന്നു പിന്നീട് മനസിലായി. സമൂഹം എന്നെ പിഴച്ചവളെന്നു വിളിച്ചതിന്റെ പൊരുൾ  മനസിലായതപോഴാണ്.  ആ വിളിയുടെ ഭാരം ചുമന്നു ഞാൻ കരഞ്ഞു.  ഉറങ്ങാത്ത രാത്രീകളിൽ എന്റെ അടക്കിയ വിലാപങ്ങളൊന്നും സർവദുഃഖങ്ങളെയും ശമിപ്പിക്കുന്ന നീ കേൾക്കാഞ്ഞതെന്താണ് ദൈവമേ?.

അങ്ങനെയൊരു പകലിലാണ് ബുദ്ധിയുടെ കുടിലത നീ എന്നിൽ പ്രവർത്തിപ്പിച്ചത്.  ഒരു കുപ്പി മണ്ണെണ്ണയിലാണ് തിരിച്ചറിവിന്റെ സന്തോഷം ഞാൻ ആഘോഷിച്ചത്  എന്റെ പിഞ്ചു മകളുടെ തൊട്ടിലിനു  മുന്നിലാണ് ഞാൻ ആളിപടർന്നതു.  അവിടുന്നങ്ങോട്ട് ജനിച്ച പാപത്തിന്റെ ശിക്ഷ മനസ്സിൽ നിന്നും ശരീരത്തിലേക്കായിരുന്നു. ഓർമ്മയുടെയും മറവിയുടെയും ഇടവേളകളിൽ എന്റെ കുഞ്ഞിന്റെ മുഖം മായാതെ  നിന്നു. അവളെ ഞാൻ സ്നേഹിച്ചു തുടങ്ങി.  അവൾക്കു വേണ്ടി ജീവിക്കുവാൻ ആഗ്രഹിച്ചു.  മറ്റുള്ളവരോടു യാചിച്ചു.  എന്റെ ജീവൻ രക്ഷിക്കണമെന്ന്നു, എന്റെ മകളെ കാണണമെന്ന്. എന്റെ മാറു ചുരന്നു.  അതിന്റെ നനവിൽ പൊള്ളിയ ദേഹത്തെ മുറിവുകൾ പഴുത്തു. ആ തീവ്രവേദന എത്രയെന്നു പറയാൻ കഴിയില്ല.  ഒന്ന് പിടയുവാനുള്ള ശക്തിയില്ലാതെ വേദനിച്ചു വേദനിച്ചു ഞാൻ പുലരുമ്പോൾ എന്നെ ആ വിധിയിലെത്തിച്ചവർ പുതിയ ഇരയുടെ മേൽ വിശപ്പു ശമിപ്പിക്കുകയായിരുന്നിരിക്കാം . അടുത്തൊരു വെളുപ്പാന്കാലത്തു നീ എന്നെ ഇവിടെ എത്തിച്ചു.  എന്റെ പൊന്നുമകളെ ഞാൻ അവസാനമായി കണ്ടതേയില്ല.  ജനിക്കുമ്പോൾ കൈകാലുകളിളക്കി കരഞ്ഞിരുന്ന ഞാൻ കിടന്ന കട്ടിലിൽ ചേർത്തു കെട്ടപ്പെട്ട നിലയിലായിരുന്നു മരിച്ചതു.  ജീവനോടെ കഴുത്തറുത്ത ബലിമൃഗമായാണ് ഞാനിവിടെയ്ക്ക് വന്നത്.  നീയിപ്പോൾ എന്നെ സ്വർഗ്ഗത്തിലേക്ക് വിളിക്കുന്നു.  ജീവിച്ചിരുന്നപ്പോൾ എന്ത് കൊണ്ടായിരുന്നു നീ എന്റെ നിലവിളികൾ നിരാകരിച്ചത്?.  എന്തിനാണ് നീ ഭൂമിയിൽ മനുഷ്യരെ മൃഗങ്ങളാക്കുന്നത്?  ദുരിതത്തിൽ നിന്നെ വിളിക്കുമ്പോൾ നിന്റെ കണ്ണുകളും ചെവികളും നീ അടച്ചു പിടിക്കുന്നതെന്തുകൊണ്ടാണ്? എന്താണ് നിന്റെ തെറ്റും ശെരിയും?.  നീയാണ് വിധിയെങ്കിൽ ഭൂമിയിലെ കിരാതനിയമങ്ങളവർക്കു വിധേയമാക്കിയതാരാണ്?”  ചോദ്യങ്ങൾക്കൊപ്പം തന്നെ മറച്ചു പിടിച്ച ആ വെള്ള വസ്ത്രമവൾ അഴിച്ചെറിഞ്ഞു.  ദൈവം നടുങ്ങിപ്പോയി.  തൊലികൾ വെന്തു മാറിപ്പോയി കടലാസ് പോലെയായി ഒരു രൂപം.  അതിലവിടവിടെ മാംസമിളകി ഇപ്പോൾ വീഴുമെന്നവിധത്തിലിരിക്കുന്നു.  കുഞ്ഞിനുവേണ്ടി ചുരത്തുന്നുവെന്നവൾ പറഞ്ഞ മാറിടം അവിടെയില്ല. പൊള്ളിയടർന്ന വെളുത്ത പ്രതലത്തിൽ നിന്നും ചോരയും മുലപ്പാലും ഇടകലർന്നൊഴുകുന്നു.  അവളുടെ തീയെരിയുന്ന കണ്ണുകളിൽ നിന്നൊഴുകുന്ന കണ്ണീരുപോലെ……

ഹൃദയത്തിനുമേൽ ഈർച്ചവാളുകൊണ്ടു കീറിയത് പോലെയുള്ള ആ ചോദ്യങ്ങൾക്കു മുന്നിൽ വാക്കുകൾ കിട്ടാതെ ദൈവം വിഷണ്ണനായി നിന്നു.  ഒന്നും സംസാരിക്കുവാൻ സാധിക്കുന്നില്ല.  ഒരു പ്രപഞ്ചത്തിന്റെ കണ്ണീരൊപ്പുന്ന ആ വല്യ ചൈതന്യത്തിന്റെ കണ്ണുനീർ വാക്കുകൾക്ക് പകരമായി ഒഴുകിത്തുടങ്ങി. അവ അദ്ദേഹത്തിന്റെ മനസാക്ഷിക്ക് വേണ്ടി സംസാരിച്ചു.  പക്ഷെ അത് കേൾക്കുവാൻ ആ പെൺകുട്ടിയുടെ ആത്മാവിനു സാധിക്കുമായിരുന്നില്ല .അത് പ്രതിഷേധത്തോടെ നടന്നകന്നു.  പ്രപഞ്ചത്തിന്റെ നിവേദനകളും പരിവേദനങ്ങളും കേട്ടു കേട്ടു ക്ഷീണിച്ച ദൈവത്തിന്റെ മനഃസാക്ഷിക്കുമേൽ ആഴത്തിലൊരു മുറിവ് പാകി നടന്നു പോയ അവളുടെ ചോദ്യങ്ങൾ ആ ചെവികളിലലയടിച്ചുകൊണ്ടിരുന്നു. ” എന്തുകൊണ്ട് എന്നെ നീ കേട്ടില്ല?”  കണ്ണീരോടെ ദൈവം പിന്തിരിഞ്ഞു നടന്നു…പുതിയ ഭാരം തേടി…

സമർപ്പണം:  ഒരിക്കൽ ജീവിച്ചിരുന്ന പ്രിയപ്പെട്ടൊരാളുടെ ഓർമയ്ക്കുമുന്നിൽ..

 

……..ശുഭം…..

Comments

comments