വിദ്യാലയം – HariRajan Ambattumyalil

2
  

Author : HariRajan Ambattumyalil

Company : zafin

വിദ്യാലയം

 

നിതിൻ കാർ  ഓടിക്കുന്നുണ്ടെങ്കിലും അയാളുടെ മനസ്സ് വേറെവിടെയോ ആണ്. അയാൾ പഠിച്ച സ്കൂളിലേക്കാണ് യാത്ര.  എല്ലാവരെയും പോലെ അവിടം അയാൾക്ക്‌ എന്നും പ്രിയപ്പെട്ടതായിരുന്നു. ഇപ്പോഴും അയാൾ മനസ്സിലിട്ടു താലോലിക്കുന്ന ഒരു സുവർണ കാലഘട്ടം സമ്മാനിച്ച ഇടമാണ് അയാളുടെ സ്കൂൾ. അയാളെ ഒരു നല്ല മനുഷ്യനായി ജീവിക്കാൻ പഠിപ്പിച്ച, ഒരു പിടി നല്ല സുഹൃത്തുക്കളെ കൊടുത്ത, അങ്ങനെ ഒരുപാട് വിശേഷണങ്ങൾ ഉള്ള അവിടേക്കുള്ള യാത്ര അയാളുടെ മനസ്സിൽ ചിന്തകളുടെ ഒരു ഉരുൾപൊട്ടൽ തന്നെ സൃഷ്ടിച്ചു.

2 മണിക്കൂറോളം വരുന്ന കാർ യാത്രക്കൊടുവിൽ അയാൾ അവിടെ എത്തി. “ഗവണ്മെന്റ് സ്കൂൾ – മലമ്പുഴ, പാലക്കാട് “.  ആ ബോർഡിലേക്ക് നോക്കിനിന്ന അയാളുടെ അടുത്തേക്ക് സെക്യൂരിറ്റി വന്നു എന്താണ് കാര്യമെന്ന് തിരക്കി. അവിടുത്തെ ഒരു പൂർവ്വ വിദ്യാർത്ഥിയാണെന്നും , ഹെഡ്മിസ്ട്രെസ്സിനെ ഒന്ന് കാണാൻ വന്നതാണെന്നും പറഞ്ഞപ്പൊ സെക്യൂരിറ്റി സന്തോഷത്തോടെ ഗേറ്റ് തുറന്നുകൊടുത്തു. അയാൾ  കാർ അകത്തേക്ക് കയറ്റി.

കാർ പാർക്ക്  ചെയ്ത ഇറങ്ങി അയാൾ സ്കൂളും പരിസരവുമൊക്കെ ഒന്ന് കണ്ണോടിച്ചു നോക്കി. പതിനഞ്ച് വർഷം ഒരു കാലയളവാണെങ്കിലും പക്ഷെ ഇന്ന് ഇവിടെ നിൽക്കുമ്പോൾ അയാൾ ആ പഴയ സ്കൂൾ വിദ്യാർത്ഥിയായപോലെ അയാൾക്ക്‌ തോന്നി.  അയാൾ അവിടെ ഉള്ള ഒരു ഞാവൽ മരത്തിന്റെ അടിയിൽ പോയി ഇരുന്നു. അവിടെ ഇരുന്നു ആ സ്കൂളിലേക്ക് നോക്കുമ്പോൾ അയാളുടെ മനസ്സിൽ ഒരായിരം ചിത്രങ്ങൾ മിന്നിമറഞ്ഞു. അയാൾ ആദ്യമായി മീശ വടിച്ചു ക്ലാസ്സിലേക്ക് കേറിയപ്പോ എല്ലാരും അയാളെ കളിയാക്കിയത്, പല സുഹൃത്തുക്കളുടെയും പ്രേമം ശെരിയാക്കാൻ അയാൾ തന്റെ ക്ലാസ്സിലെ തന്നെ പെൺപിള്ളേരോട് സംസാരിച്ചതും, മാർക്ക് കുറഞ്ഞ ഉത്തരക്കടലാസിൽ അച്ഛന്റേതെന്നു പറഞ്ഞു സ്വയം ഒപ്പിട്ടു ടീച്ചറെ കാണിച്ചപ്പോൾ അവർ അത് കയ്യോടെ പിടിച്ചതും, ഇന്റർ സ്കൂൾ ബാസ്കറ്റ്ബാൾ, കബഡി, ബാഡ്മിന്റൺ മത്സരങ്ങൾ സ്വന്തം സ്കൂളിൽ നടത്തിയപ്പോൾ അതിൽ കളിച്ചു കപ്പ് കിട്ടിയതും, അയാളുടെ ആദ്യത്തെ പ്രണയം.. അങ്ങനെ ഒരുപാട് ഓർമ്മകൾ. ഓരോന്നാലോചിച്ചിരുന്ന അയാളെ സെക്യൂരിറ്റി വന്നു വിളിച്ചപ്പോഴാണ് അയാൾ ഓർമകളിൽ നിന്ന് മടങ്ങിയത്.  അയാൾ പതുക്കെ എണീറ്റ് പ്രിൻസിപ്പലിന്റെ റൂം ലക്ഷ്യമാക്കി നടന്നു.

നിതിനെ പണ്ട് പഠിപ്പിച്ച ഒരു ടീച്ചർ ആണ് അവിടുത്തെ ഇപ്പോഴത്തെ പ്രിൻസിപ്പൾ. അയാൾ അവരുടെ റൂമിലേക്ക് കേറി ചെന്നു. പണ്ട് പഠിപ്പിച്ച ഒരു വിദ്യാർത്ഥിയെ കണ്ട അവർക്കും, സ്കൂളിൽ തന്നെ പഠിപ്പിച്ച ടീച്ചറെ കണ്ട നിതിനും സന്തോഷം തോന്നി. അവർ സംസാരിക്കുന്നതിനോടൊപ്പം തന്നെ നിതിൻ ഫോമുകളൊക്കെ പൂരിപ്പിച്ചു കൊടുത്തു. സ്കൂളൊക്കെ ഒന്ന് നടന്നു കാണാനുള്ള അനുവാദം വാങ്ങി അയാൾ അവിടെ നിന്നിറങ്ങി. ഒരു പൂർവ  വിദ്യാർത്ഥി അവിടെ സർ ആയി വരുന്നതിൽ സ്കൂളിനും മാനേജ്മെന്റിനും അതിയായ സന്തോഷമുണ്ടെന്ന് പ്രിൻസിപ്പൽ അയാളോട് പറഞ്ഞു.

പ്രിൻസിപ്പലിന്റെ മുറിയിൽ നിന്നിറങ്ങിയ രഘുറാം ഒരു ക്ലാസ്റൂമിന് മുൻപിൽ വന്നു നിൽക്കുന്നു. ആ റൂമിനു മുകളിലായി  “XI A ” എന്ന് എഴുതിയിട്ടുണ്ട്. അയാൾ ഒരു നിമിഷം അവിടെ നിന്നതിനു ശേഷം അവിടെ നിന്ന് താഴേക്ക് നോക്കുന്നു. അയാൾ ഓരോന്നാലോചിച്ചങ്ങനെ നിന്ന് പോയി.

“നിതിൻ  .. !!”

നിനച്ചിരിക്കാതെ ഉള്ള ആ വിളികേട്ട് അയാൾ ഒരു ഞെട്ടലോടെ തിരിഞ്ഞുനോക്കി.  അടുത്തുനിൽക്കുന്ന യുവതിയെ കണ്ടു ഒരു നിമിഷത്തേക്ക് ഒരു സംശയം തോന്നിയ അയാളുടെ മുഖത്തു ഒരു ചെറിയ ചിരി പൊടിഞ്ഞു.

“എന്നെ മനസ്സിലായോ? ” അവൾ ചോദിച്ചു

“പിന്നെ. എന്താ മനസ്സിലാവാതെ? രേണു!!” അയാൾ നിസ്സംശയം മറുപടി പറഞ്ഞു.

“ഹ്മ്മ്മ്മ്മ് .. ചുമ്മാ തട്ടി വിട്ടതാണെങ്കിലും …  … ”

“പിന്നെ .. 2001 ബാച്ചിലെ  രേണുനെ അറിയാത്ത ആരാ ഉള്ളത്” അവൾ പറഞ്ഞു തീർക്കുന്നതിന് മുൻപ് തന്നെ അവൻ ഇടയ്ക്കു കേറി  പറഞ്ഞു.

“അതെനിക്കിഷ്ടപെട്ടു… ” അവൾ  ചിരിച്ചുകൊണ്ട് മറുപടി പറഞ്ഞു. അവൾ വീണ്ടും തുടർന്നു . “പ്രിൻസിപ്പൽ പറഞ്ഞു നീ വന്നിട്ടുണ്ടെന്ന്. നമ്മൾ ഒരു ബാച്ച് ആണോ എന്ന് ഉറപ്പില്ലായിരുന്നു. ”

“ഇത്രേം കാലമായില്ലേ .. ഓർമ്മ കാണണമെന്നില്ല”  രഘു അവരെ ന്യായീകരിച്ചു.

അവർ പതുക്കെ നടന്നു താഴേക്കിറങ്ങി ഗ്രൗണ്ട്-ന്റെ അടുത്തേക്ക് നടന്നു. അയാൾ ഒന്നും സംസാരിക്കില്ലെന്ന് മനസ്സിലാക്കിയ അവൾ തന്നെ ഒരു സംഭാഷണത്തിന് തുടക്കം കുറിച്ച്.

“നീ  എവിടെയായിരുന്നു? ആരോട് ചോദിച്ചാലും ഒരു വിവരോം ഇല്ല”

“പഠനം ജോലി ഒക്കെ ആയി കേരളത്തിനും ഇന്ത്യക്കും പുറത്തായിരുന്നു. ” അയാൾ  അവളെ നോക്കാതെ മറുപടി പറഞ്ഞു.

“ഫാമിലി ? ”

“അച്ഛൻ , ‘അമ്മ  വീട്ടിൽ ഉണ്ട്. അനിയത്തി കല്യാണം കഴിഞ്ഞു.”

വിവാഹം ആയിട്ടില്ലെന്ന് അയാളുടെ  മറുപടിയിൽ നിന്ന് മനസ്സിലായെങ്കിലും അവൾ അത് എടുത്തു ചോദിച്ചു.

“കെട്ടിയില്ലേ? ”

“ഇത് വരെ ഇല്ല ”  ഒരു ചെറിയ പുഞ്ചിരിയോടെ അയാൾ അവളുടെ സംശയം തീർത്തുകൊടുത്തു.

അവൾ വിവാഹിതയാണെന്നും രണ്ടു പിള്ളേരുണ്ടെന്നും ചോദിക്കാതെ തന്നെ അവൾ പറഞ്ഞു.

“ഭർത്താവെന്ത്‌  ചെയുന്നു? ”

“ഇവിടെ എഞ്ചിനീയറിംഗ് കോളേജിൽ പഠിപ്പിക്കുന്നു”

അവർ വീണ്ടും ഗ്രൗണ്ടിന്റെ സൈഡിലൂടെ നടത്തം തുടർന്ന്.

“നീ വേറെ ആരായിട്ടും  ഒരു contact -ഉം ഇല്ലേ? ആരോട് ചോദിച്ചാലും നിന്നെ  കുറിച്ച് ഒരു ന്യൂസും ആർക്കും  ഇല്ല”. അവൾ ഒരു പരിഭവം പ്രകടിപ്പിച്ചു

“കുറച്ചു പേരായിട്ട് ഉണ്ട് ”   അവന്റെ മറുപടി കേട്ട് അവൾ അവനെ നോക്കി. അവൻ  എന്താണെന്ന ഭാവത്തിൽ അവളെയും.

“പാർവതി?? ”

അയാൾ  നടത്തം  ഒന്ന് നിർത്തി അവളെ  ഒന്ന് നോക്കി, ഒന്നും മിണ്ടാതെ വീണ്ടും നടത്തം തുടരുന്നു.

“കല്യാണം ഉറപ്പിച്ചതിനു ശേഷം പിന്നെ കണ്ടിട്ടില്ല. ഒരു വിവരോം ഇല്ല ” അയാൾ നടന്നു കൊണ്ട് അവൾക്കു മറുപടി കൊടുത്തു.

അവൾ പതുക്കെ നടത്തം നിർത്തി അങ്ങനെ നിന്ന്. അയാൾ  തിരഞ്ഞു അവളെ നോക്കി.  അവൾ അയാളുടെ അടുത്തേക്ക് നടന്നു വരുന്നു ” ആ കല്യാണം നടന്നില്ല”

അയാൾ  അത് കേട്ടത് പെട്ടന്ന് “പിന്നെ? ”

അവൾ തുടർന്നു – “എന്തൊക്കെയോ ഫാമിലി പ്രശ്നം ആയിരുന്നു. അവൾ പിന്നെ കല്യാണം കഴിച്ചില്ല. അവളുടെ അമ്മയും അച്ഛനും മരിച്ചു. അവൾക്കു ഒരു ചേട്ടൻ ഉണ്ട്. പുള്ളി അവളെ അമേരിക്കക്ക് കുറെ വിളിച്ചതാണ്. അവൾ പോയില്ല . ഇപ്പൊ അവളുടെ വീട്ടിനടുത്തു തന്നെ ഒരു നഴ്സറി നടത്തുന്നു. ”

അയാൾക്ക്‌  അത് കേട്ടപ്പോ വല്ലാതായി. അയാൾ പക്ഷെ അത് പ്രകടിപ്പിച്ചില്ല.

അവർ തിരിച്ചു നടന്നു കാറിനടുത്തെത്തി. അയാൾ അസ്വസ്ഥനാണെന്നു അവൾക്കു മനസ്സിലായി.

അവൾ അയാളുടെ മുഖത്തേക്ക് നോക്കി.

” എനിക്ക് പോണം. ഒരാളെ കാണാൻ ഉണ്ട്. ഇനി ജോയിൻ ചെയ്തിട്ട് കാണാം ”   അയാൾ യാത്ര പറഞ്ഞു.

അയാൾ കാറിൽ കേറി ഡ്രൈവ് ചെയ്തു തുടങ്ങി . ഗേറ്റിനു പുറത്തു കടന്നപ്പോൾ കാർ  ഒരു സൈഡിൽ നിർത്തി അയാൾ ഒന്ന് തിരിഞ്ഞു നോക്കി . “എന്റെ പ്രിയ വിദ്യാലയമേ . ഞാൻ തിരിച്ചു വരുകയാണ് . പുതിയ തലമുറയെ വാർത്തെടുക്കുക എന്ന എന്റെ സ്വപ്നവുമായി, കൂടെ പുതിയ ജീവിത പ്രതീക്ഷകളുമായി. മനസ്സിലിട്ടു താലോലിക്കാനായി ഒരു പുതിയ കാലഘട്ടം കൂടെ നീ എനിക്ക് സമ്മാനിക്കുമെന്ന് പ്രതീക്ഷയോടെ ”

അയാൾ ഒരു ചെറു പുഞ്ചിരിയോട് കൂടെ വണ്ടി വീണ്ടും ഓടിക്കാൻ തുടങ്ങി

Comments

comments