വൈകി വന്ന വിവേകം – Anoop TS

24
  

Author : Anoop TS

Company : Quest Global

വൈകി വന്ന വിവേകം

 

കാറിന്റെ സ്റ്റീരിയോയിൽ നിന്നും കൈലാഷ് ഖേറിന്റെ സൂഫി സംഗീതം പതിഞ്ഞ ശബ്ദത്തിൽ പാടിക്കൊണ്ടിരുന്നു. ഞാൻ റിയർ വ്യൂ മീറ്റർ തിരിച്ച് നോക്കി. പുറകിലെ സീറ്റിൽ തന്റെ അമ്മയുടെ മടിയിൽ കിടന്ന് മോൾ ശാന്തമായി ഉറങ്ങുന്നു. അമ്മയും ചെറിയ മയക്കത്തിൽ ആണെന്ന് തോന്നുന്നു. സാധാരണ അത് പതിവില്ലാത്തതാണ്. കാറിൽ കയറിയാൽ പിന്നെ ഇറങ്ങുന്നത് വരെ അമ്മയ്ക്ക് ഭയങ്കര വെപ്രാളമാണ്. മയക്കത്തിലും തന്റെ മോളെ ചേർത്ത് പിടിച്ചിരിക്കുന്ന അമ്മയെ കണ്ടപ്പോൾ മനസ്സിൽ എന്തെന്നില്ലാത്ത കുറ്റബോധവും തന്നോടു തന്നെ പുച്ഛവും തോന്നി. തനിക്ക് എപ്പോളാണ് പിഴച്ചത്? ഇതുവരെ ചെയ്ത തെറ്റുകൾ എന്തുകൊണ്ടാണ് മനസ്സിലാകാതിരുന്നത്? അത് മനസ്സിലാക്കാൻ തനിക്ക് എത്ര വലിയ വിലയാണ് കൊടുക്കേണ്ടി വന്നത്.

അമ്മയുടെ ചുണ്ടിൽ ഒരു പുഞ്ചിരി നിറഞ്ഞു നിൽക്കുംപോലെ. എത്ര നാളായി അമ്മ ഒന്ന് ചിരിച്ചു കണ്ടിട്ട്? അച്ഛന്റെ അസുഖവും, പെട്ടെന്നുണ്ടായ മരണവും മാത്രമല്ല അമ്മയെ ചിരിക്കാൻ മറന്ന സ്ത്രീ ആക്കിയത്, തനിക്കും അതിൽ സുപ്രധാന പങ്കുണ്ടായിരുന്നെന്ന് ഇപ്പോൾ ഞാൻ തിരിച്ചറിയുന്നു.

സമീപത്തെ സീറ്റിൽ ഉറക്കം തൂങ്ങുന്ന ഭാര്യയെ നോക്കി. പാവം. കഴിഞ്ഞ രണ്ടു ദിവസംകൊണ്ട് അവൾ പകുതി ആയപോലെ. ഉറങ്ങട്ടെ. എല്ലാവരും ഉറങ്ങട്ടെ. എല്ലാം തന്റെ തെറ്റ് ആയിരുന്നല്ലോ? എന്തൊക്കെയോ ആയിത്തീരാനുള്ള ആവേശത്തിൽ എല്ലാത്തിനെയും താൻ പണം കൊണ്ടാണ് അളന്നത്. ലാഭം മാത്രം ആണ് നോക്കിയത്. സ്വന്തം അമ്മയുടെ ചിലവുകൾക്ക് വരെ താൻ വിലയിട്ടു. എന്നിട്ടെന്തായി? എന്ത് നേടി? ഓർമ്മകൾ ദിവസങ്ങൾക്ക് മുൻപുള്ള ഒരു രാത്രിയിലേക്ക് നയിച്ചു. അതായിരുന്നല്ലോ തുടക്കം.

“ഏട്ടാ, ഏട്ടാ, എണീക്കേട്ടാ. അവൾക്ക് പനി ഉണ്ടെന്നു തോന്നുന്നു.”

ഞാൻ പതിയെ കണ്ണ് തുറന്നു നോക്കി. അവൾ എഴുന്നേറ്റ് കുഞ്ഞിനേയും നോക്കി ഇരിപ്പുണ്ട്. മോൾ ഉറക്കത്തിൽ ഞരങ്ങുന്നുണ്ട്. ഞാൻ കുഞ്ഞിന്റെ നെറ്റിയിൽ കൈ തൊട്ടുനോക്കി. ചൂട് ഒന്നുമില്ല.

“നിനക്ക് വേറെ പണിയൊന്നുമില്ലേ? അവൾക്ക് പനിയൊന്നുമില്ല. ചുമ്മാ മനുഷ്യന്റെ ഉറക്കം കളയാൻ”. ഞാൻ ദേഷ്യപ്പെട്ടു വീണ്ടും കിടന്നു.

“അല്ല ഏട്ടാ, അവൾ എന്തൊക്കെയോ പറഞ്ഞോണ്ട് ഞെട്ടി എഴുന്നേറ്റതാ, ഞാൻ നോക്കുമ്പോൾ വിറക്കുന്നുണ്ടായിരുന്നു. ദേ ഇപ്പോളും അവൾ എന്തോ പറയുന്നുണ്ടല്ലോ”

“അവള് വല്ല സ്വപ്നവും കണ്ടതാകും. ശല്യം. നീ ആ ലൈറ്റ് ഓഫ് ചെയ്തേ”. ഞാൻ ദേഷ്യത്തിൽ പുതപ്പെടുത്തു മുഖം മൂടി.

അവൾ ലൈറ്റ് ഓഫ് ചെയ്തു കിടന്നു. “ശല്യം. ഒരു കണക്കിനാ ഒന്ന് ഉറങ്ങിക്കിട്ടുന്നത് അപ്പോളേക്കും വിളിച്ചു ഉണർത്തിക്കോളും. ഉണർന്നാൽ പിന്നെ എന്ത് പാടാ ഒന്ന് വീണ്ടും ഉറങ്ങിക്കിട്ടാൻ. നൂറു നൂറു കാര്യങ്ങളാ നാളെയൊക്കെ ചെയ്യാനുള്ളത്. അതൊക്കെ ഓർത്താൽ ഇനി ഉറക്കമേ വരില്ല”.

മോൾ ഉറക്കത്തിൽ എന്തെല്ലാമോ പറയുന്നുണ്ട്. ഇരുട്ടിൽ അവളുടെ നെറ്റിയിൽ ഒന്ന് തലോടി. ചൂടില്ല. സ്വപ്നം വല്ലതും ആയിരിക്കും. പെട്ടെന്നാണ് അവൾ ഉച്ചത്തിൽ ഇല്ലാ, ഇല്ലാ എന്നും പറഞ്ഞു കരഞ്ഞത്. ഞങ്ങൾ രണ്ടു പേരും ചാടി എഴുന്നേറ്റു. ഭാര്യ തിടുക്കത്തിൽ ലൈറ്റ് ഇട്ടു. ഞാൻ അവളെ കുലുക്കി വിളിച്ചു. അവൾ കണ്ണ് തുറന്നു ഞങ്ങളെ തുറിച്ചു നോക്കി. പാവം. ഏങ്ങി ഏങ്ങി കരയുന്നുണ്ട്. ഞാൻ അവളെ ചേർത്തുപിടിച്ചു.

“സാരമില്ലടാ, കുഞ്ഞ് സ്വപ്നം കണ്ടതാ. പേടിക്കണ്ടാട്ടൊ.”

അവൾ എന്നെ ബലത്തിൽ കെട്ടിപ്പിടിച്ചു. അച്ഛേ, അച്ഛേ എന്നും പറഞ്ഞു ഏങ്ങി കരയുന്നുണ്ടായിരുന്നു. പതിയെപതിയെ അവൾ നല്ല മയക്കത്തിലേക്ക് വീണു. അവൾ നല്ല ഉറക്കത്തിലായിട്ടും ഞങ്ങൾ രണ്ടുപേരും ലൈറ്റ് ഓഫ് ചെയ്യാതെ അവളെത്തന്നെ നോക്കി കിടന്നു. കുറെ കഴിഞ്ഞു ഭാര്യ ലൈറ്റ് ഓഫ് ചെയ്തു. എനിക്ക് എന്തെല്ലാമോ ചോദിക്കാനോ പറയാനോ ഉണ്ടായിരുന്നു. പക്ഷെ ഒന്നും മിണ്ടിയില്ല.

“ഏട്ടാ, ഞാൻ ഒരു കാര്യം പറയട്ടെ?”

“ഹമ്”

“അവൾക്ക് എന്താ പറ്റിയത്? ഞാൻ രണ്ടു ദിവസമായി ശ്രദ്ധിക്കുന്നു. അവൾക്കെപ്പോളും സങ്കടമാണ്. എന്ത് പറഞ്ഞാലും കരയും. ഇന്നലെ രാത്രിയിലും എന്തൊക്കെയോ പറയുന്നുണ്ടായിരുന്നു.നമുക്ക് നാളെ ഒന്ന് ജേക്കബ് ഡോക്ടറെ കാണിച്ചാലോ?”

“കരയുന്നതിനൊക്കെ എന്തിനാ ഡോക്ടറെ കാണിക്കുന്നത്? അവൾക്ക് പനി ഒന്നും ഇല്ലല്ലോ. വെറുതേ പോയി വേണ്ടാത്ത മരുന്നൊന്നും മേടിച്ചു കേറ്റണ്ട. നീ ഓഫീസിൽ നിന്നും വന്നു കഴിഞ്ഞിട്ട് ഈ മൊബൈലിൽ കുത്തിക്കൊണ്ടിരിക്കാതെ കുറച്ചുനേരം അവളുടെ കൂടെ കളിച്ചാൽ മതി. ഇത് നീ അവളെ ശ്രദ്ധിക്കാത്തത് കൊണ്ടുള്ള വിഷമം ആണ്. എപ്പോൾ നോക്കിയാലും ഓൺലൈനാ. ഞാൻ പറയണം പറയണം എന്ന് വിചാരിച്ചതാ. ഇതിപ്പോ നീയായിട്ട് പറയിപ്പിച്ചതാ.”

“ഞാൻ കുറച്ചുനേരം നെറ്റ് നോക്കിയതാണോ ഇപ്പോൾ കുറ്റം? ഏട്ടൻ വന്നാലും ഇത് തന്നെയല്ലേ പണി. ഞാൻ എന്ത് ചെയ്താലും കുറ്റം.”

“ഞാൻ വരുമ്പോൾ തന്നെ എട്ട്, ഒൻപത് മണിയാകും. അതുപോലാണോ നിന്റെ കാര്യം? ആകെ കൂട്ടുകാരുമായി ഒന്ന് ബന്ധപ്പെടുന്നത് വന്നു കഴിഞ്ഞുള്ള കുറച്ചു സമയമാ.”

“ഈ എട്ടു മണി കഴിഞ്ഞു വന്നിട്ടാണെങ്കിലും ഏട്ടന് അവളുടെ കൂടെ കുറച്ചുനേരം കളിക്കാമല്ലോ? ഞാൻ വന്നു കഴിഞ്ഞിട്ട് അവളുടെ കൂടെ കളിക്കുന്നില്ലെന്ന് രാത്രി വരുന്ന ഏട്ടനെങ്ങനെ അറിയാം.”

“അത് പിന്നെ, നിന്നെ എപ്പോൾ നോക്കിയാലും ഓൺലൈൻ കാണുമ്പോൾ അറിഞ്ഞുകൂടേ?”

“ഹമ്. ഓൺലൈൻ!” അവളുടെ അടക്കിപ്പിടിച്ച ഒരു വിതുമ്പൽ കേട്ടു.

“ശല്യം. ആരായിട്ടും മനഃസമാധാനം തരില്ല.” ഞാൻ മനസ്സിൽ പിറുപിറുത്തു.

രാവിലെ എഴുന്നേറ്റപ്പോൾ തന്നെ അവൾ മുന്നിൽ വന്നു.

“എന്തായാലും കുഞ്ഞിനെ ഡോക്ടറെ കാണിക്കണം. ഏട്ടൻ പോയി അപ്പോയ്‌മെൻറ് എടുക്കണം.”

“ഹമ്. ശരി.” ഞാൻ വണ്ടിയുടെ താക്കോലുമായി പുറത്തേക്കിറങ്ങി.

ഡോക്ടർ ജേക്കബ് മിടുക്കനായ പീഡിയാട്രീഷ്യൻ ആണ്. മോളെ സ്ഥിരം കാണിക്കുന്ന ആളായകൊണ്ട് പുള്ളിക്ക് നമ്മളെയൊക്കെ അത്യാവശ്യം നന്നായി അറിയാം. ഒരു കുഴപ്പമേ ഉള്ളൂ. അനാവശ്യ വാചകമടി. അതുകൊണ്ട് സാധാരണ കൊച്ചിനെയും കൊണ്ട് അകത്തേക്ക് ഞാൻ കയറാറില്ല. ഇന്നെന്തായാലും ഭാഗ്യത്തിന് രാവിലേ തന്നെ അപ്പോയ്‌മെൻറ് കിട്ടി.

മോളെയും കൊണ്ട് വീട്ടിൽ നിന്നും ഇറങ്ങുമ്പോൾ ഞാൻ അവളോട് ചോദിച്ചു.

“ഇന്നലെ എന്തുപറ്റി മോളൂ? സ്വപ്നം കണ്ടാ?”

അവൾ ഉം എന്ന് മൂളി.

ശരിയാണ്. മോൾക്ക് നല്ല ക്ഷീണം ഉണ്ട്. അവൾ ആകെ വാടിയപോലെ. എപ്പോളും നല്ല ബഹളം വെച്ച്, പാട്ടൊക്കെ പാടി നടന്നിരുന്നവളാ. ഇപ്പോൾ ആകെ തൂങ്ങിയ പോലെ.

ഡോക്ടറോട് ഭാര്യ കാര്യങ്ങൾ എല്ലാം വിശദീകരിച്ചു കഴിഞ്ഞപ്പോൾ അദ്ദേഹം മോളെ നല്ല പോലെ പരിശോധിച്ചു. പ്രത്യേകിച്ച് ഒന്നും ഉള്ളതായി കണ്ടില്ല. വീണ്ടും ഓരോന്ന് ചോദിക്കുന്ന കൂട്ടത്തിൽ ഭർത്താവ് വന്നിട്ടുണ്ടെങ്കിൽ ഒന്ന് വിളിക്കാൻ പറഞ്ഞു. ഞാൻ ഒരു വളിച്ച ചിരിയോടെ കയറിച്ചെന്നു.

“അത്യാവശ്യം ആയി ഓഫീസിൽ നിന്നൊരു ഫോൺ വന്നു.” ഞാൻ ന്യായീകരിച്ചു.

ഡോക്ടർ ചിരിച്ചുകൊണ്ട് കാര്യത്തിലേക്ക് കടന്നു.

“മോൾക്ക് വിശേഷിച്ച് കുഴപ്പങ്ങൾ ഒന്നും കണ്ടില്ല. സാധാരണ കുട്ടികൾ പല തരക്കാരാണ്. മിസ്സിസ് പറയുന്നത് വെച്ചാണെങ്കിൽ മോൾ നല്ല ആക്റ്റീവ് നേച്ചർ ആണ്. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ആണ് ഗ്ലൂമി ആയതായി ഫീൽ ചെയ്യുന്നത്. അല്ലേ? കുട്ടിയെ അങ്ങനെ ബാധിക്കുന്ന എന്തെങ്കിലും അടുത്തിടെ ഉണ്ടായോ? ഐ മീൻ നിങ്ങൾ തമ്മിൽ എന്തെങ്കിലും??”

ഞങ്ങൾ പരസ്പരം നോക്കി.

“ഏയ്, അങ്ങനൊന്നും ഉണ്ടായിട്ടില്ല. ഈയിടെയായി ഞങ്ങൾ ഓഫീസിൽ നിന്നും വന്നു കഴിഞ്ഞിട്ട് അവളോട് കളിക്കാൻ അധികം സമയം ചിലവഴിക്കുന്നില്ല എന്ന് തോന്നാറുണ്ട്. പക്ഷേ വീട്ടിൽ ഇതുവരെ വഴക്കൊന്നും ഉണ്ടായിട്ടില്ല.”

“ങാ. അതിപ്പോൾ വളരെ സാധാരണമാണ്. കുട്ടികൾ വളരെ ശ്രദ്ധ ആഗ്രഹിക്കുന്ന പ്രായം ആണിത്. അത് ലഭിക്കാനായി അവർ ശ്രമിക്കാറുണ്ട്. ചില കുട്ടികൾ മാതാ പിതാക്കളുടെ ശ്രദ്ധ കിട്ടാനായി അസുഖം അഭിനയിക്കാറ് വരെ ഉണ്ട്. ബട്ട് ഇവൾ തീരെ കുഞ്ഞല്ലേ? തന്നെയുമല്ല, ശ്രദ്ധ കിട്ടാത്തതിനാൽ ഉറക്കത്തിൽ ഞെട്ടി എഴുന്നേൽക്കേണ്ട കാര്യമില്ല. അവളുടെ മൈൻഡിനെ ഹർട്ട് ചെയ്യുന്ന എന്തോ സംഭവിച്ചിട്ടുണ്ടാകും. മോളെ ഡേ കെയറിലോ മറ്റോ വിടുന്നുണ്ടോ?”

“ഇല്ല. അടുത്ത വർഷം മുതൽ വിടാമെന്ന് വിചാരിക്കുന്നു. ഇപ്പോൾ ഒരു മെയ്ഡ് വരുന്നുണ്ട്. പകൽ അവർ നോക്കിക്കോളും.” ഭാര്യ പറഞ്ഞു.

“അല്ല, ഞാൻ ചോദിച്ചത്, ചില ഡേ കെയറുകാർ ചിലപ്പോൾ കുട്ടികളുടെ മനസിനെ ഹർട്ട് ചെയ്യുന്ന രീതിയിൽ പെരുമാറാറുണ്ട്.മുൻപ് എനിക്ക് അറിയാവുന്ന ഒന്ന് രണ്ടു ഡേ കെയറുകളേ ഇവിടെ ഉണ്ടായിരുന്നുള്ളൂ. ഇപ്പോൾ ഇരുപതിന്‌ മുകളിൽ ഈ കഴക്കൂട്ടത്ത് തന്നെ ഉണ്ട്. ഈ മെയ്ഡ് എങ്ങനെ?”

“മെയ്ഡ് പുതിയ ആളാ. മുൻപ് നാട്ടിൽ നിന്നും ഒരു സ്ത്രീ ഉണ്ടായിരുന്നു. അവര് പോയശേഷം ഈയിടക്കാണ് ഇപ്പോളത്തെ പെണ്ണിനെ കിട്ടിയത്. വൈകിട്ട് ഇവൾ ഓഫീസിൽ നിന്നും വരുന്ന വരെ അവൾ കൊച്ചിനെ നോക്കിക്കോളും. വലിയ കുഴപ്പം ഒന്നും തോന്നിയിട്ടില്ല.”

“പുതിയ ആളെന്ന് പറയുമ്പോൾ വല്ല ഏജൻസി വഴി ആണോ?”

“അല്ല. വീടിന്റെ ഓണർ വഴി കിട്ടിയതാ. ഇവിടുത്തെ ഏതോ ഒരു യൂണിയൻ നേതാവിന്റെ ഭാര്യ ആണെന്നാ പറഞ്ഞത്.”

“ഹമ്. ഞാൻ പറഞ്ഞു വന്നത്. ഇപ്പോൾ നിങ്ങളുടെ കേസിൽ കുട്ടിയുടെ മൈൻഡിനെ ഹർട്ട് ചെയ്ത എന്തോ ഒന്ന് സംഭവിച്ചിട്ടുണ്ടാകണം. അല്ലാതെ ഫിസിക്കലി കുഞ്ഞ് ഹെൽത്തി ആണ്.”

വീട്ടിലേക്കുള്ള യാത്രയിൽ ഭാര്യ മോളോട് പല രീതിയിൽ ചോദ്യങ്ങൾ ചോദിക്കുന്നുണ്ടായിരുന്നു.

“നിന്നെ ആരെങ്കിലും ഉപദ്രവിച്ചോ? മോളെന്തിനാ പേടിക്കുന്നത്? അമ്മയോടും അച്ഛനോടും പറ. ആന്റി വല്ലതും പറഞ്ഞോ?”

അവൾ ഒന്നും പറയാതെ അവളുടെ തോളിൽ ചേർന്ന് കിടന്നു.

“ഏട്ടാ, ഞാൻ ഇന്ന് ലീവ് എടുത്തു നിൽക്കാം. അവളുടെ കൂടെ ഇന്ന് ഞാൻ നിൽക്കാം. ഏട്ടൻ ഇന്ന് നേരത്തെ ഇറങ്ങ്, നമുക്ക് ശംഖുമുഖത്തോ മറ്റോ അവളുമായി ഒന്ന് പോകാം.”

“നീ ഇന്ന് ലീവ് എടുത്തു നിന്നാൽ പ്രശ്നങ്ങൾ തീരില്ലല്ലോ. ആ മെയ്ഡ് വല്ലതും ചെയ്തിട്ടാണെങ്കിൽ അത് നീ നിൽക്കുമ്പോൾ അവർ ചെയ്യുമോ? എത്ര ദിവസം എന്ന് വെച്ച് നീ ലീവ് എടുക്കും.”

“പിന്നെ എന്ത് ചെയ്യണം? ഇതിപ്പോ എന്താ സംഭവം എന്നറിയണ്ടേ?”

“നമുക്ക് ഒരു കാര്യം ചെയ്യാം. നമ്മുടെ ലാപ്ടോപ്പിലെ ക്യാമറ ഓൺ ആക്കി, റെക്കോർഡിങ് ആക്കി വെച്ചിട്ട് പോകാം. വീട്ടിൽ എന്താ സംഭവിക്കുന്നത് എന്ന് അറിയാമല്ലോ? എന്റെ ലാപ്പ് ഹാളിലും നിന്റെ ലാപ്പ് ബെഡ്റൂമിലും വെക്കാം. അവൾ ശ്രദ്ധിക്കില്ല. സ്ക്രീൻ ഓഫ് ചെയ്തിട്ടു പോകാം.”

“അതിനു അവൾ തന്നെ ആണ് കാരണം എന്ന് എന്താ ഉറപ്പ്? ഇനി വേറെ ആരെങ്കിലും അവളെ?? എനിക്ക് ആകെ പേടി ആകുന്നു ഏട്ടാ.”

“അതിനു വേറെ ആരാ അവളുമായി ഇടപെടുന്നതു. അവൾ നമ്മളുടെ കൂടെ അല്ലാതെ പുറത്തിറങ്ങുന്നില്ലല്ലോ? അപരിചിതർ ആരും വന്നിട്ടുമില്ല. നമുക്ക് എന്തായാലും ക്യാമറ വെച്ച് നോക്കാം.”

വീട്ടിൽ എത്തിയപ്പോൾ ഭാഗ്യത്തിന് സീന വന്നിട്ടുണ്ടായിരുന്നില്ല. ഞാൻ ഉടൻ തന്നെ ഹാളിലും ബെഡ് റൂമിലും ലാപ്ടോപ്പിൽ വീഡിയോ റെക്കോർഡിങ് മോഡിൽ ആക്കി സ്ക്രീൻ ഓഫ് ആക്കി വെച്ചു.

വൈകിട്ട് ഒരു മീറ്റിങ്ങിൽ ഇരിക്കുമ്പോളാണ് ഭാര്യയുടെ ഫോൺ വന്നത്. ഫോൺ എടുത്തതും ഒരു അലർച്ചയായിരുന്നു

“ഏട്ടാ, നമ്മുടെ മോളെ ആ രാക്ഷസി….”

കരച്ചിലിൽ അവളുടെ വാക്കുകൾ മുറിഞ്ഞു. എന്റെ ശരീരത്തിൽ രോമങ്ങൾ എല്ലാം എഴുന്നേറ്റു വന്നു. എന്തോ അപകടം സംഭവിച്ചിരിക്കുന്നു.

“വേഗം വാ ഏട്ടാ. അവളെ വിടരുത് ഏട്ടാ”. ഭാര്യയുടെ സ്വരം കനത്തു.

ഞാൻ വേഗം വണ്ടി എടുത്ത് വീട്ടിലെത്തി. മുറിയിൽ മോളെ കെട്ടിപ്പിടിച്ചു തഴുകി, കരഞ്ഞുകൊണ്ടിരിക്കുന്ന ഭാര്യ.

ഞാൻ വേഗം ചെന്ന് ലാപ്ടോപ്പ് ഓൺ ആക്കി.

“അത് കാണണ്ട ഏട്ടാ, നമ്മുടെ മോളെ ആ തേവിടിശ്ശി…. പോലീസിനെ വിളിക്ക് ഏട്ടാ. നിങ്ങളുടെ പരിചയത്തിലെ ആരോ ഇവിടുത്തെ സ്റ്റേഷനിൽ ഉണ്ടെന്നല്ലേ പറഞ്ഞത്. അവളെ ഇന്ന് തന്നെ ജയിലിൽ ആക്ക് ഏട്ടാ.”

ഞാൻ റെക്കോർഡിങ്‌സ് ഫോൾഡറിൽ നോക്കി. ഇനി ഇവൾ എങ്ങാനും മോളെ ലൈംഗികമായി??അതായിരിക്കും ഭാര്യ ഞാൻ വീഡിയോ കാണണ്ട എന്ന് പറഞ്ഞത്. അവളെ തേവിടിശ്ശി എന്ന് വിളിക്കുകയും ചെയ്തല്ലോ.

ഞാൻ വീഡിയോ ഓപ്പൺ ചെയ്തു.

ഹാളിലെ വീഡിയോ ആണ്.

ഞാൻ പോയിക്കഴിഞ്ഞ് ഭാര്യ യാത്ര പറഞ്ഞിറങ്ങുന്നു. അമ്മ പോകുന്നതും നോക്കി മോൾ കുറെ നേരം നിൽക്കുന്നു. പെട്ടെന്ന് അവൾ മോളെ വലിച്ച് അകത്താക്കി വാതിൽ അടച്ചു. അതോടെ മോൾ പേടിച്ചു ഒരു കസേരയുടെ സമീപത്തായി താഴെ ഇരിക്കുന്നു. അവൾ അടുക്കളയിലേക്ക് പോയി. പറയുന്നതൊന്നും വ്യക്തമല്ല. കുറച്ചു കഴിഞ്ഞു ഒരു പാത്രത്തിൽ എന്തൊക്കെയോ കൊണ്ട് വന്നു ആ കസേരയിൽ ഇരുന്ന് കുഞ്ഞിന്റെ വായിൽ തള്ളി കയറ്റുന്നു. മോൾ തല തിരിക്കുമ്പോളൊക്കെ ബലമായി താടിക്കു പിടിച്ച് ഞെക്കി തുറന്നു വായിലേക്ക് ഭക്ഷണം കുത്തി കയറ്റുന്നു. കുറെ കഴിഞ്ഞു അവൾ മോളെ ഒരു കയ്യിൽ തൂക്കി എടുത്ത് അടുക്കളയിലേക്ക് പോകുന്നു. മറു കയ്യിൽ പാത്രവും. കുറെ കഴിഞ്ഞു കുഞ്ഞു വന്നു പഴയ പോലെ കസേരയുടെ സമീപം നിലത്ത് ഇരുപ്പായി. സമയം പതിനൊന്നു കഴിഞ്ഞപ്പോൾ അവൾ വന്നു വാതിൽ തുറന്നു. ജീൻസ് ധരിച്ച മെലിഞ്ഞ ഒരു ചെറുപ്പക്കാരൻ അകത്തേക്ക് കയറി. കുഞ്ഞിനെ നോക്കി എന്തൊക്കെയോ പറഞ്ഞു.  അവൾ കുഞ്ഞിനെ ദേഷ്യത്തിൽ എന്തോ പറഞ്ഞു ചവുട്ടാനായൊക്കെ ഓങ്ങുന്നു. തടയാൻ ചെന്ന ചെറുപ്പക്കാരനെ ചുറ്റിപ്പിടിച്ചു ചിരിച്ച് എന്തൊക്കെയോ പറഞ്ഞുകൊണ്ട് ഞങ്ങളുടെ ബെഡ്റൂമിലേക്ക് കയറി. കുഞ്ഞു പേടിയോടെ അകത്തേക്ക് നോക്കുന്നുണ്ട്. വാതിൽ അടച്ചിട്ടില്ല. കുറെ കഴിഞ്ഞു കുഞ്ഞു ചെന്ന് വാതുക്കൽ ചെന്ന് എന്തോ പറയുന്ന കണ്ടു. അപ്പി ഇടാൻ ആണെന്ന് തോന്നുന്നു. കുറച്ചു കഴിഞ്ഞപ്പോൾ അവൾ പോട്ടി പാത്രവുമായി കുഞ്ഞിന്റെ നേരെ പാഞ്ഞു ചെല്ലുന്ന കണ്ടു. കുഞ്ഞിനെ ബലമായി പൊക്കിയെടുത്തു പോട്ടിയിലിരുത്തി ഞെക്കുന്നു. കുഞ്ഞു കരയുന്നുണ്ട്. അവൾ ഇപ്പോൾ ശരീരത്തിൽ തന്റെ ഒരു മുണ്ടാണ് പുതപ്പുപോലെ പൊതിഞ്ഞിരുന്നത് എന്ന് അപ്പോളാണ് ശ്രദ്ധിച്ചത്. അവൻ പോകാൻ നേരം കുഞ്ഞിനെ നോക്കി എന്തൊക്കെയോ പറയുന്നുണ്ടായിരുന്നു. അവനെ യാത്രയാക്കിയിട്ട് അവൾ ഓടിപ്പോയി അടുക്കളയിൽ നിന്നും മുളകുപൊടി പാത്രം എടുത്തുകൊണ്ടു വന്നു  ഒരു വിരൽ മുക്കി കുഞ്ഞിന്റെ വായിൽ കുത്തി കയറ്റാൻ ശ്രമിക്കുന്നു. പറഞ്ഞാൽ കണ്ണിൽ തേക്കും എന്ന ഡയലോഗ് മാത്രം മനസ്സിലായി. കൂടുതൽ കാണാൻ ശക്തിയില്ലാതെ ഞാൻ ലാപ്ടോപ്പ് മടക്കി. ശക്തിയായി കിതക്കുന്നുണ്ടായിരുന്നു. നേരേ ചെന്ന് അവളുടെ വീട് കണ്ടുപിടിച്ചു ചവുട്ടി കൊല്ലാൻ ആണ് ആദ്യം തോന്നിയത്.

ഞാൻ ഇപ്പൊ വരാം എന്നും പറഞ്ഞു പുറത്തേക്ക് കുതിച്ച എന്നെ ഭാര്യ ഓടി വന്നു പിടിച്ചു.

“എങ്ങോട്ടാ?”

“ഞാൻ ചെല്ലട്ടെ..ആ %$^$  @$#@$#@$#@ നെ എനിക്കൊന്നു കാണണം.”

“വേണ്ടാ, ഏട്ടൻ പോകണ്ട. നമുക്ക് പോലീസിനെ വിളിക്കാം. ഏട്ടൻ അവളെ ഒന്നും ചെയ്യണ്ട. പോലീസ് വരട്ടെ. എനിക്ക് പേടിയാ. കുഞ്ഞിനും എനിക്കും വേറെ ആരുമില്ല.” അവൾ കരഞ്ഞു പറഞ്ഞു.

ഞാൻ അകത്തേക്ക് കയറി മോളെ എടുത്തു. അവൾ ഭയന്നു ഇരിക്കുകയാണ്. ഞാൻ അവളെ എടുത്തു കൊണ്ട് ഹാളിനുള്ളിൽ നടന്നു.

“മോൾ പേടിക്കേണ്ട കേട്ടോ. ആ ഭയങ്കരിയെ പോലീസ് മാമന്മാർ കൊണ്ടുപോയി ശരിയാക്കും. ഇനി അവൾ മോളെ തൊടാൻ പോലും വരില്ല കേട്ടോ. അച്ഛൻ നോക്കിക്കോളാം. മോൾക്ക് വാ എരിയുന്നുണ്ടോ?”

അവൾ ഇല്ല എന്ന് തലയാട്ടി.

പെട്ടെന്ന് തന്നെ കൂട്ടുകാരൻ പ്രേമിനെയും വിളിച്ച് കഴക്കൂട്ടം സി ഐ യുടെ ഓഫീസിൽ എത്തി കാര്യം പറഞ്ഞു. രണ്ടു ലാപ്ടോപ്പിലെ വിഡിയോകളും കാണിച്ചു. സി ഐ ഉടൻ തന്നെ ഓണറെ വിളിച്ചു അവളുടെ ഡീറ്റെയിൽസ് മേടിച്ചു. ഞാൻ ഇരിക്കുമ്പോൾ തന്നെ പോലീസ് അവളെ സ്റ്റേഷനിൽ എത്തിച്ചു. വനിതാ പോലീസുകാരുടെ മുന്നിൽ വെച്ച് തന്നെ സി ഐ അവളുടെ കരണത്തിട്ട് പൊട്ടിച്ചു. “നീയും ഒരു അമ്മയല്ലേടീ” എന്ന് അലറിക്കൊണ്ട്.

എന്നിട്ട് എന്നോട് പറഞ്ഞു,

“അവളുടെ കെട്ടിയോൻ ആദ്യം നിയമം പറഞ്ഞു തുടങ്ങിയതാ. ഞാൻ നിങ്ങൾ തന്ന രണ്ടാമത്തെ വീഡിയോ കുറച്ചു കാണിച്ചു കൊടുത്തു. അവസാനം അവളെ അവന്റെ കയ്യിൽ നിന്നും രക്ഷിച്ചുകൊണ്ടാ ഇപ്പൊ സ്റ്റേഷനിലേക്ക് വന്നത്. എന്തായാലും നമുക്ക് ശിശു സംരക്ഷണ വകുപ്പിന്റെ കീഴിലും ഒരു പരാതി കൊടുത്തേക്കാം. ഇവളൊന്നും അടുത്തകാലത്ത് പുറത്തിറങ്ങരുത്.

നിങ്ങളുടെ അവസ്ഥയൊക്കെ എനിക്ക് മനസ്സിലാകും. ടെക്‌നോ പാർക്കിൽ ജോലി ചെയ്യുന്ന മിക്ക ദമ്പതികളും നേരിടുന്ന പ്രശ്നമാണ് ബേബി സിറ്റിംഗ്. എന്തായാലും കുറച്ചു നാളേക്ക് നിങ്ങളുടെയോ വൈഫിന്റെയോ പേരന്റ്സിനെ കൂടെ നിർത്തിക്കോളൂ. മോൾക്ക് അതൊരു ആശ്വാസം ആകും. അപരിചിതരെ ഉടൻ വിളിക്കുന്നത് കുട്ടിക്ക് ബുദ്ധിമുട്ട് സൃഷ്ടിച്ചേക്കാം.”

സി ഐ പറഞ്ഞത് മനസ്സിൽ തറഞ്ഞു കയറി. പോരുമ്പോൾ പ്രേം ചോദിച്ചു. “നിന്റെ അമ്മ നാട്ടിൽ തനിച്ചല്ലേ? അമ്മയോട് കുറച്ചു ദിവസം ഇവിടെ വന്നു നില്ക്കാൻ പറ. ”

ശരിയാണ്. അമ്മ കൂടെ ഉണ്ടായിരുന്നെങ്കിൽ ഇതൊന്നും സംഭവിക്കില്ലായിരുന്നു. ഒരു പക്ഷെ താൻ അമ്മയോട് കാണിച്ചതിനുള്ള കൂലി ആയിരിക്കും ഈ കിട്ടിയതൊക്കെ. അച്ഛന്റെ മരണശേഷം താൻ വിളിച്ചപ്പോൾ കൂടെ വരാൻ അമ്മയ്ക്ക് ബുദ്ധിമുട്ടൊന്നും ഉണ്ടായിരുന്നില്ല. പക്ഷെ ഇവിടെ വന്നു കഴിഞ്ഞ് അമ്മ പറയുന്ന ബുദ്ധിമുട്ടുകൾ തനിക്ക് ഒരു ബാധ്യത ആയിത്തീർന്നു. വാടക വീട്ടിൽ കട്ടിൽ ഇല്ലാത്തതിനാൽ താഴെ ബെഡ് ഇട്ടായിരുന്നു കിടത്തം. അമ്മയ്ക്ക് അത് വാതത്തിന്റെ പ്രശ്നങ്ങൾ കൂടാൻ കാരണമായി. അങ്ങനെ ആണ് അമ്മയെ ആശാകിരണത്തിൽ ആക്കാൻ തീരുമാനിച്ചത്. അമ്മയുടെ അവിടത്തെ ചിലവും, ഒരു വേലക്കാരിയെ വീട്ടിൽ നിർത്തുന്ന ചിലവും കൂട്ടിയാലും അതിനേക്കാൾ രണ്ടായിരം രൂപ കൂടുതൽ വാടകയ്ക്ക് നാട്ടിലെ വീട് കൊടുത്ത് ആ കച്ചവടവും താൻ ലാഭകരമാക്കി.

വീട്ടിലെത്തി ആദ്യം ചെയ്തത്, കുറച്ചു ദിവസം നാട്ടിൽ പോയി നിൽക്കാനുള്ള തീരുമാനം എടുക്കലായിരുന്നു. ഇപ്രാവശ്യത്തെ ഓണം നാട്ടിൽ ആകാം. വാടകക്കാർ വെക്കേഷന് പോയ കൊണ്ട് വീട് ഒഴിഞ്ഞു കിടക്കുകയാണ്. പോകുന്ന വഴി അമ്മയെയും കൂട്ടണം. തിരികെ പോരുമ്പോൾ അമ്മയെയും കൊണ്ടുപോരണം. കുറച്ചുകൂടെ വലിയ ഒരു വീട് നോക്കണം. ഫർണിച്ചർ ഉള്ള ഒരെണ്ണം. അപ്പോൾ പിന്നെ അമ്മയ്ക്ക് പ്രശ്നം ഒന്നും ഉണ്ടാകില്ല.

തന്റെ മനസ്സിനും എന്തെന്നില്ലാത്ത ഒരു ഭാരമില്ലായ്‌മ അനുഭവപ്പെടുന്നപോലെ. നാട്ടിലെത്തിയാൽ വീട്ടിലെ കുളത്തിൽ മുങ്ങിക്കുളിച്ചിട്ട് വന്നു ശരിക്കും ഒന്ന് കിടന്നുറങ്ങണം.  ക്ഷീണം എല്ലാം മാറും.

വീട്ടിലെ പോർച്ചിൽ വണ്ടി നിർത്തി ഇറങ്ങി നടു നിവർത്തി. ഭാര്യയോട് മോളെ എടുക്കാൻ പറഞ്ഞു. അമ്മയോട് വീടെത്തി എന്ന് വിളിച്ചോർമ്മിപ്പിച്ചു. മോളെ വിളിക്കാൻ പുറകിലെ വാതിൽ തുറന്ന ഭാര്യ മോളെ എടുത്തു, അമ്മയെ വിളിച്ചു.

“ഏട്ടാ, അമ്മ…” ഒരു നിലവിളി കാറിനുള്ളിൽ മുഴങ്ങി.

എന്റെ അടി വയറ്റിലൂടെ ഒരു മിന്നൽ പാഞ്ഞു. ഞാൻ വേഗം ഡോർ തുറന്നു അമ്മയെ പിടിച്ചു. അമ്മ അതേ ഇരുപ്പു തന്നെ. ശരീരം നന്നായി തണുത്തിരിക്കുന്നു. ചുണ്ടിൽ ഇപ്പോളും ആ പുഞ്ചിരി.

Comments

comments