ശേഷം – Kannan Prabhakaran

5
  

Author : Kannan Prabhakaran

Company : Infosys Ltd

ശേഷം

ഇന്നലെ രാത്രി മുഴുവൻ കനത്ത മഴയായിരുന്നു. കൊടുംവേനലിനൊടുവിലെത്തിയ ഒരു കുളിർമഴ. രാവിലെ ആണ് മഴ ഇത്തിരി ഒന്ന് ശമിച്ചത്. തെക്കേത്തൊടിയിൽ മഴയിൽ കുളിച്ചു, ഇളം കാറ്റിൽ ഇലകൾ വീശി, പൂമൊട്ടുകൾ വിടരാൻ കാത്തുനിന്നിരുന്ന മാവിനരികിലേക്കു കുറച്ചുപേർ നടന്നു നീങ്ങുന്നുണ്ടായിരുന്നു. എനിക്കും ആ മാവിനും ഒരേ പ്രായമാണെന്ന് അമ്മ ഇടയ്ക്കിടയ്ക്ക് പറയുമായിരുന്നു. മുപ്പത്തിയഞ്ചു വർഷം കടന്നുപോയത് അറിഞ്ഞതേയില്ല.  ക്ലാസ്സിൽ മാമ്പഴം എന്ന കവിത പഠിപ്പിച്ച ദിവസം, ആ മാവിൽ ആദ്യമായുണ്ടായ പൂങ്കുലയും നുള്ളി ഞാൻ അമ്മയുടെ അരികിലെത്തി. എന്റെ പ്രതീക്ഷകൾക്ക് വിപരീതമായി അന്ന് അമ്മ എന്നെ കുറെ തല്ലി. വിടരാൻ കൊതിച്ച ആ പൂമൊട്ടുകൾ എന്റെ ഇളം കൈയുടെ ഞെരുക്കത്താൽ ഓരോന്നോരോന്നായി നിലത്തേക്ക് ഉതിർന്നുവീണുകൊണ്ടേയിരുന്നു, എന്റെ കണ്ണിൽനിന്നുതിർന്നു വീണുകൊണ്ടിരുന്ന കണ്ണുനീർതുള്ളികൾപോലെ. അമ്മ മാമ്പഴം എന്ന കവിത പഠിച്ചിട്ടില്ലെ എന്നും, ഞാൻ മരിച്ചുപോയാൽ അമ്മ കരയില്ലെ എന്നുമൊക്കെ എന്റെ കുഞ്ഞുമനസ്സിലെ ചിന്തകൾ കാടുകയറി. ആ ചോദ്യങ്ങൾക്കുള്ള ഉത്തരം എനിക്കിന്നാണ് അറിയാൻകഴിഞ്ഞത്. വെള്ളപുതപ്പിച്ച എന്റെ ശരീരത്തിനരികിലിരുന്ന് അമ്മ തേങ്ങിക്കരയുകയായിരുന്നു. വെട്ടേറ്റ് ഒരു വലിയ നിലവിളിയോടെ തെക്കേത്തൊടിയിൽ ആ മാവ് നിലംപതിച്ചു. ഹാ കഷ്ടം, എനിക്കും നിനക്കും ഒരേ ആയുസും ഒരേ മരണവും. ഇപ്പോഴിതാ നാമൊരുമിച്ച്‌ എരിഞ്ഞടങ്ങാൻ പോകുന്നു. പൊത്തിലൊളിച്ച അണ്ണാൻകുഞ്ഞിനു നീ അഭയം നൽകി, ചേക്കേറിയ പക്ഷികൾക്കു നീ തണൽ നൽകി, നിന്റെ ജീവിതം എത്രെയോ ധന്യം, പക്ഷെ എന്റെയോ?

അമ്മയുടെ തേങ്ങൽ, അതെന്റെ കാതുകളിലേക്ക് ആഴ്ന്നിറങ്ങുകയായിരുന്നു. അതെനിക്ക് സഹിക്കാനാവുന്നില്ല. ഇന്നലെ രാത്രിയിൽ പെരുമഴയത്തു  വെട്ടേറ്റുകിടന്നു പിടയുമ്പോൾ, എന്തുകൊണ്ടോ അവസാനമായി അമ്മയെ ഒന്നു കാണണമെന്നാണ് എന്റെ മനസ്സാഗ്രഹിച്ചത്. അമ്മയുടെ സ്വപ്നങ്ങളും ആശകളുമായിരുന്നു എന്നും എന്റെ വ്യാകുലതകൾ, അതുകൊണ്ടാവാം. ആ മടിയിൽ ഒന്നു തലചായ്ച്ചുറങ്ങുവാൻ ഇനി ഒരവസരം, അതില്ലല്ലൊ.

എന്നും ഉമ്മറത്തിടാറുള്ള ചാരുകസേര അച്ഛനിന്ന് മുറ്റത്ത് ഒരൊഴിഞ്ഞകോണിൽകൊണ്ടുചെന്നിട്ട് മിഴികൾ പൂട്ടിയിരിക്കുകയായിരുന്നു. അച്ഛൻ കണ്ണുകൾ തുറക്കാൻ ഭയക്കുന്നതുപോലെ എനിക്കു തോന്നി.കൺപോളകളെ ഭേദിച്ച് പുറത്തേക്കൊഴുകുവാൻ വെമ്പൽകൊള്ളുന്ന മിഴിനീർ എനിക്ക് അച്ഛന്റെ കണ്ണുകൾക്കുള്ളിൽ വ്യക്തമായി കാണാമായിരുന്നു.

എല്ലാവരും എതിർത്തിട്ടും എന്റെ മനസ്സുചെന്നെത്തിയത് രാഷ്ട്രീയം എന്ന നിഗൂഢതയിലേക്കായിരുന്നില്ല, മറിച്ച് രാഷ്ട്രീയം എനിക്ക് സഹജീവികളിലേക്ക് ഇറങ്ങിച്ചെല്ലുവാനുള്ള ഒരു വാതിൽ മാത്രമായിരുന്നു. എന്റെ മനസ്സും ശരീരവും പൂർണമായും ഞാനതിനുവേണ്ടി സമർപ്പിച്ചിരുന്നു, പക്ഷെ……

എന്റെയൊപ്പം ഇറങ്ങിവരാൻ അവൾ കാണിച്ച ധൈര്യം, അതവൾക്ക് നഷ്ടപ്പെടുത്തിയ പലതും ഒരിക്കലും അവളെന്നോട് തിരികെ ആവശ്യപ്പെട്ടിട്ടില്ല. എന്നാൽ ഞാൻ നെഞ്ചിൽ കരുതിയ സ്നേഹം പൂർണമായും അവൾക്കുനൽകുവാൻ കഴിഞ്ഞൊ എന്നും എനിക്ക് നിശ്ചയമില്ല. അവൾ ഒന്നു പൊട്ടിക്കരഞ്ഞിരുന്നുവെങ്കിൽ എന്ന് ഞാൻ ആശിച്ചു.

മരണം എന്താണെന്നറിയാത്ത പ്രായം, അവൻ അവളുടെ അരികിൽ പറ്റിച്ചേർന്നിരിക്കുകയായിരുന്നു. കുഞ്ഞുങ്ങൾ എല്ലാം പെട്ടെന്നു മറക്കും. ഈ അച്ഛൻ അവനൊരു കളിപ്പാട്ടംപോലും വാങ്ങിക്കൊടുത്തിട്ടില്ല എന്ന സത്യവും എന്റെ മകൻ മറക്കട്ടെ. നാളേക്ക് മാറ്റിവെച്ച സ്നേഹത്തിന്  അല്പംപോലും ആയുസ്സുണ്ടായിരുന്നില്ലല്ലോ ദൈവമേ…

ചിതയിലേക്കുള്ള യാത്രക്കു സമയമായിരിക്കുന്നു. നാലാളുകൾ കൂടിയാണ് എന്നെ ചിതയിലേക്കു കൊണ്ടുപോകുന്നത്. അവനെന്റെ കാലുകളിലാണ് പിടിച്ചിരിക്കുന്നത്. എന്റെ സുഹൃത്ത്, എന്റെ സഹപ്രവർത്തകൻ, അവന്റെ കണ്ണിൽനിന്ന് ഒരുതുള്ളി കണ്ണുനീർ എന്റെ പാദങ്ങളിൽ പതിച്ചു. അതൊരു മാപ്പുചോദിക്കലായിരുന്നോ?, എനിക്കറിയില്ല. അവന്റെ കൈകൾ വിറക്കുന്നുണ്ടായിരുന്നു. പക്ഷെ ഇന്നലെരാത്രിയിൽ കഠാര പിടിച്ചിരുന്ന അവന്റെ കൈകൾ ഒട്ടും വിറച്ചിരുന്നില്ല. മിന്നലിന്റെ വെളിച്ചത്തിൽ അവന്റെ മുഖം കണ്ടപ്പോൾ ഞാൻ വെളിച്ചത്തെത്തന്നെ ശപിച്ചുപോയി. അതവനായിരിക്കരുതേ എന്ന് ഒരുനിമിഷം ഞാൻ ആഗ്രഹിച്ചു.

ഇന്ന് രാഷ്ട്രീയം അതിനതിർവരമ്പുകൾ സൃഷ്ടിച്ചിരിക്കുന്നു. വലിയ കരിങ്കൽ ഭിത്തികൾ അതിനു ബലമേകുന്നു. സാധാരണജനങ്ങളുടെ നിലവിളി, കരിങ്കൽ ഭിത്തികളിൽത്തട്ടി ചിന്നിച്ചിതറി ഇല്ലാതാവുന്നു. ആ അതിരുകൾ ഭേദിക്കാൻ ശ്രമിച്ച ഞാൻ ചക്രവ്യൂഹത്തിലകപ്പെട്ട അഭിമന്യുവിനെപോലെ നിന്നു. ചിലപ്പോഴൊക്കെ രക്തസാക്ഷികൾ സൃഷ്ടിക്കപ്പെട്ടെ മതിയാവൂ, അതാണ് രാഷ്ട്രീയത്തിൽ ശരി, നിനക്കതു നേടിക്കൊടുക്കുവാൻ സാധിച്ചുവല്ലോ.
ഞാൻ കേട്ടിട്ടുണ്ട് രാഷ്ട്രീയത്തിൽ ശാശ്വതമായി ശത്രുക്കളോ മിത്രങ്ങളോ ഇല്ല എന്ന്. അതോ, ഞാൻ കേൾക്കേണ്ടിയിരുന്നത് രാഷ്ട്രീയത്തിൽ ശത്രുക്കൾ മാത്രമേ ഉള്ളു എന്ന സത്യമായിരുന്നൊ?, അറിയില്ല. അഗ്നിജ്വാലകൾ ആളിപ്പടരാൻ തുടങ്ങിയിരിക്കുന്നു, അവ ആകാശത്തിലേക്കു പറന്നുയർന്നുകൊണ്ടേ ഇരുന്നു. എനിക്കുശേഷം എല്ലാം സാധാരണനിലയിലേക്ക് എത്തുവാൻ തുടങ്ങുന്നു. ഇവിടെ ഞാനില്ല എന്ന ഒരു വ്യത്യാസം മാത്രം.

Comments

comments