അജിനോ മോട്ടോ – Adeeb A Karim

2
  

Author : Adeeb A Karim

Company : McFadyen

അജിനോ മോട്ടോ

ബംഗാളിലെ ഏതോ ഉൾ ഗ്രാമത്തിൽ നിന്നും ഖാദിർ ഖാൻ ജോലി തേടി കേരളത്തിൽ വന്നിട്ട് ഏതാണ്ട് രണ്ടു വര്ഷം കഴിഞ്ഞിട്ടുണ്ടാകും. കഴിഞ്ഞ നവംബറിൽ രാജേഷ് ചേട്ടനാണ് അയാളെ എന്റെ കടയിലേക്ക് ജോലിക്കായി അയച്ചു തന്നത്. രാജേഷ് ചേട്ടൻ അറിയപ്പെടുന്ന ഒരു മനുഷ്യക്കടത്തുകാരനായിരിക്കുന്നു. കൂലിപ്പണിയിൽ നിന്നും, കപ്പലണ്ടികച്ചവടത്തിൽ നിന്നും മാറി ബംഗാളികളെ ഇറക്കുമതി ചെയ്യുന്ന പണി തുടങ്ങിയിട്ട് വര്ഷം രണ്ടു മൂന്ന് ആയെന്നു തോന്നുന്നു. ഖാദിർ ഖാന്റെ ശമ്ബളളതിൽ നിന്ന്, അയാൾ ഒരു പങ്കു പറ്റുന്നുണ്ടാകും.

മൈലാഞ്ചി കൊണ്ട് ചുവപ്പിച്ച താടിയും കിന്നരികളുള്ള തൊപ്പിയും ഖാദിർഖാനെ എന്റെ കടയുടെ ലക്ഷണമാക്കി മാറ്റാൻ  അധികം വൈകിയില്ല. അയാളുടെ ബീഫ് ഫ്രൈയും  അതിന്റെ മാസ്മരിക ഗന്ധവും ഇല്ലാത്ത കട കഴിഞ്ഞയാഴ്ച വരെ എനിക്ക് ചിന്തിക്കുവാൻ കഴിഞ്ഞിരുന്നില്ല.

വെളുത്ത നിറമുള്ള ഒരു പെൺകുട്ടി സ്ഥിരമായി കടയിൽ വരുമായിരുന്നു. എന്നും അവൾ ബീഫ് ഫ്രൈ വാങ്ങികഴിച്ച ശേഷം ഖാദിർ ഖാനെ പച്ച മലയാളത്തിൽ വഴക്കു പറയുമായിരുന്നു; എന്തെങ്കിലും ഒരു കാരണം എന്നും അവൾ കണ്ടു പിടിക്കുമായിരുന്നു. എങ്കിലും മുടങ്ങാതെ അവൾ ബീഫ് ഫ്രൈ കഴിച്ചു കൊണ്ടിരുന്നു. മാംസഭക്ഷണം അഴയിലൊരിക്കലൊക്കെ പോരെ എന്നെനിക്കു അവളോട് ചോദിക്കണമെന്നുണ്ടായിരുന്നു, എന്റെ ലാഭേച്ഛ എന്നെ അതിൽ നിന്നും തടഞ്ഞു.

എന്തോ അന്ന് അവളുടെ വഴക്കു എനിക്ക് അസഹ്യമായി തോന്നി, ഞാൻ ഖാദിർഖനോട് ദേഷ്യപ്പെട്ടു. അയാൾ ഒന്നും മിണ്ടിയില്ല, പക്ഷെ പിറ്റേ ദിവസം മുതൽ അയാളെ കാണാനുണ്ടായിരുന്നില്ല. ബാക്കിയുള്ള ശമ്പളം പോലും അയാൾ വാങ്ങിയിട്ടുണ്ടായിരുന്നില്ല. രാജേഷ് ചേട്ടൻ പറഞ്ഞു, ചിലർ അങ്ങനെയാണ്. “നാളെ മുതൽ വേറൊരാളെ അയക്കാം.”

ആ പെൺകുട്ടി പിന്നെയും കുറെ ദിവസം കൂടി കടയിൽ വന്നു. ഒരുദിവസം അവളെന്നോട് ചോദിച്ചു “ആ ചുവന്ന താടിക്കാരനെവിടെ ?”. “അയാൾ പോയി, പുതിയ പാചകക്കാരൻ വന്നിട്ടുണ്ട്. ബീഫ് ഫ്രൈ പറയട്ടെ?”. എന്റെ ചോദ്യത്തിന് വേണ്ട എന്നർത്ഥത്തിൽ തല കുലുക്കിയിട്ടു അവൾ എന്തോ നഷ്ടപ്പെട്ടതുപോലെ എന്നെ നോക്കിയശേഷം വെളിയിലേക്കു നടന്നു. പിന്നീടവളെ ഞാൻ കണ്ടിട്ടില്ല. അങ്ങനെയിരിക്കെ, വെയ്റ്റർ തോമസിനോട് ഞാൻ അവളെക്കുറിച്ചു ചോദിച്ചു. അയാൾ പറഞ്ഞു, “ഖാദിർ ഖാൻ അവൾക്കു അജിനോ മോട്ടോ ചേർക്കാതെ എരിവ് കുറച്ചു ബീഫ് ഫ്രൈ ഉണ്ടാക്കി കൊടുക്കുമായിരുന്നു, എങ്കിലും അയാൾ എന്തെങ്കിലും അയാൾ കുഴപ്പമുണ്ടാക്കും, മനപ്പൂർവ്വം, അയാൾക്കവൾ കയർത്തു സംസാരിക്കുന്നതു കേൾക്കാൻ വളരെ ഇഷ്ടമായിരുന്നു. അയാൾ പോയതിനു ശേഷം അവൾ അങ്ങനെ വാരാറില്ല”. കടയിലെ അകെ ഉണ്ടായിരുന്ന ഹിന്ദി വിദ്വാൻ, ജീവൻ പറഞ്ഞു, “അയാൾക്ക്‌ അവളുടെ പ്രായമുള്ള ഒരു മകളുണ്ട്”.

വീണ്ടും എന്റെ മനസ്സ് കാടുകയറിത്തുടങ്ങി. അയാൾ അവളിൽ അയാളുടെ മകളെ കണ്ടിട്ടുണ്ടാകുമോ? അവൾക്കു സ്വാതന്ത്ര്യത്തോടെ വഴക്കു പറയാവുന്ന അച്ഛനെപ്പോലെ അയാളെ തോന്നിയിട്ടുണ്ടാവുമോ ? ഭാഷയും നിറവും വേഷവുമൊന്നും ഇടയിലില്ലാത്തിരുന്ന നിഷ്കളങ്കമായ ഒരു ബന്ധം ഞാനാണോ തകർത്തത് ? അറിയില്ല. “ചില കാര്യങ്ങൾ അജിനോ മോട്ടോ പോലെയാണ്; കാഴ്ച്ചയിൽ അറിയില്ല”, ഞാൻ പിറുപിറുത്തു. പുതിയ ബംഗാളിയെ ഞാൻ അർത്ഥമില്ലാതെ നോക്കി.

Comments

comments