ഉദകക്രിയ – Vineeth Krishnan

0
  

Author : Vineeth Krishnan

Company : Infoblox Inc – India

ഉദകക്രിയ 

 

“നമ്മടെ പുഴ മരിച്ചൂത്രേ അപ്പൂ …!!” – സ്കൂള്‍ വിട്ടു വന്നു പാലു കുടിക്കുമ്പോളാണ് അമ്മ വിതുമ്പിക്കൊണ്ട് പറഞ്ഞത്.

കേട്ടതിന്റെ ഞെട്ടലില്‍ ഒരു നിമിഷം നിന്ന്, അപ്പു ഓടിപ്പോയി, പുഴയുടെ മരണക്കിടക്കയുടെ അടുത്തേക്ക് .

“ഒരു തുള്ളി വെള്ളം പോലും കിട്ടാതെയാത്രേ പാവം മരിച്ചേ” – ആരോ അടക്കം പറയുന്നത് കേട്ടു.

പുഴ കിടന്നിരുന്നിടത്ത് മണല്‍ വിരിച്ചിരിക്കുന്നത് കണ്ടു, പക്ഷെ പുഴയുടെ മൃതദേഹം മാത്രം കണ്ടില്ല

ശവദാഹം ആഘോഷിക്കാന്‍ വന്ന, പൌരപ്രമുഖരും, രാഷ്ട്രീയക്കാരുമടങ്ങിയ പുഴയെ വിറ്റവരും ,വാങ്ങിയവരും,ഭോഗിച്ചവരുമെല്ലാം ഹതാശരായി.

അപ്പു പുഴയുടെ അടുത്ത് ഒരു പാറക്കല്ലിന്മേല്‍ ഇരുന്നു. താന്‍ പുഴയോടും,പുഴ തന്നോടും പറഞ്ഞ കഥകള്‍ ഓര്‍ത്തുകൊണ്ട്..

മലയായിരുന്നത്രേ പുഴയുടെ അമ്മ, മഴയച്ഛനും!! അവര്‍ ഒരിക്കലും പിരിയാന്‍ പറ്റാത്തത്ര സ്നേഹിച്ചിരുന്നുവത്രേ !! ഒരു കാലത്ത് പുഴയുടെ അമ്മക്ക്, നിലം തൊടുന്നത്ര, നീണ്ട,ഇടതൂര്‍ന്ന അതിമനോഹരമായ മുടിയുണ്ടായിരുന്നത്രെ. പുഴയുടെ അച്ഛന്‍ എപ്പോഴും അമ്മയുടെ ആ മുടിക്കെട്ട്‌ തൊട്ടുരുമ്മി, താലോലിച്ചിരിക്കുമായിരുന്നത്രേ

യുഗങ്ങളോളം നീണ്ട അവരുടെ പ്രണയത്തില്‍ എപ്പോഴോ ആണ് പുഴ പിറന്നത്രെ. പിന്നെപ്പോഴോ കുറെ പക്ഷികളും,മൃഗങ്ങളും,പിന്നെ മനുഷ്യനും.

ഒരിക്കല്‍ പുഴ അമ്മയോട് തനിക്കു പുറം ലോകം കാണണമെന്ന് പറഞ്ഞു യാത്ര പുറപ്പെട്ടൂ..,അമ്മക്ക് ഇഷ്ടമാല്ലതിരുന്നിട്ടു കൂടി ! അങ്ങനെ കുറെയേറെ യാത്ര ചെയ്ത്‌ ചെയ്ത് പുഴ  തന്റെ നാഥന്റെ അടുത്തു ചെന്നെത്തി – കടല്‍ !! അപ്പോഴാണത്രേ പുഴ തിരിച്ചറിഞ്ഞത്, ഒരു തിരിച്ച്ചുപോക്കില്ലാത്ത യാത്രയാണ് താന്‍ തുടങ്ങിയതെന്ന്. ‘ഖസാക്കിന്റെ ഇതിഹാസ’ത്തിലെ രണ്ടു ജീവബിന്ദുക്കളുടെ യാത്ര ഓര്‍മ്മ വന്നു അപ്പുവിന്‌.

അമ്മ പിണക്കമായിരുന്നെങ്കിലും, അച്ഛന്‍ കാണാന്‍ വരാറുണ്ടായിരുന്നു,ഇടയ്ക്കിടക്ക്.

ആയിടക്ക്‌, പട്ടണത്തില്‍ നിന്ന്‍ കുറെ പേര്‍,താന്‍ മക്കളെന്നു വിളിച്ച കുറെ പേര്‍ വന്നു മലയുടെ മുടി വെട്ടി മുറിച്ചത്രേ, തീയിട്ടത്രേ, തല മൊട്ടയടിച്ചു പുള്ളി കുത്തിയത്രെ !!! കൂടം കൊണ്ടടിച്ചു, വെടിമരുന്ന് നിറച്ചു പൊട്ടിത്തെറിപ്പിച്ചത്രേ  !!!!.

പൊട്ടിക്കരഞ്ഞുകൊണ്ട് അന്ന് പോയതാണത്രെ അച്ഛന്‍ അവിടെ നിന്ന്… സ്വന്തം മക്കളാല്‍ മരണം കാത്തു കിടക്കുന്ന അമ്മയെ കാണാന്‍ അച്ഛന്‍ പിന്നെ പോയിട്ടില്ലത്രേ…. യുഗങ്ങളോളം നീണ്ട പ്രണയത്തിന്‍റെ മരണം… പ്രകൃതിയുടെ മരണം !!

അമ്മ മരിച്ചതില്‍ പിന്നെ അച്ഛനും വരാറില്ലായിരുന്നത്രെ പുഴയെ കാണാന്‍. കുറെ കഴിഞ്ഞപ്പോള്‍ പുഴയും ക്ഷീണിക്കാന്‍ തുടങ്ങി. അച്ഛനുമമ്മയും ഇല്ലാത്ത ഈ ലോകത്ത് തനിക്കധികം കാലമില്ലെന്നു പുഴ പറഞ്ഞതോര്‍ത്തു അപ്പു.

അങ്ങനെ അവസാനം പുഴയും മരിച്ചു.

താനറിയാതെ ഒരു തുള്ളി കണ്ണുനീര്‍ മണ്ണിലേക്ക് വീണു, മലയ്ക്കായ്,മഴയ്ക്കായ്, മരിച്ച പുഴക്കായ് …..

പുഴ ഒരിക്കല്‍ കൂടി ഭൂമിയില്‍ നിന്നും വന്ന ഒരു ചെറു നീര്‍ച്ചാലായ് അവന്റെ കാല്‍ നനച്ചു, അന്തര്‍ദ്ധാനം ചെയ്തു, തനിക്കു വേണ്ടി ചെയ്ത ആ ഉദകക്രിയ സ്വീകരിച്ചുകൊണ്ട്.

ഒരു തുള്ളിനീര്‍ തലയില്‍ പതിച്ചതിന്റ അദ്ഭുതത്തോടെ അപ്പു മുകളിലേക്ക് നോക്കി …..

പുഴയുടെ അച്ഛന്‍ !!!

Comments

comments