തിരുത്തൽ – Nithin P

Google+ Pinterest LinkedIn Tumblr +

Author : Nithin P.
Company : IIITM-K
Email: nithinp.ktr@gmail.com

തിരുത്തൽ

“ഉത്തരം ”

വെശണ്ണി, സ്വന്തം പേരായിട്ടുകൂടി ഇതിന്റെ ലിഖിതരൂപം അവൻ കണ്ടിട്ടില്ല. മാസാമാസം അരിയും മണ്ണെണ്ണയും പഞ്ചസാരയും വീട്ടിലെത്തിക്കുന്ന റേഷൻ കാർഡിൽ ഈ പേരല്ല. കലൂക്കാരൻ രാവുണ്ണിനായർ അയാളുടെ സ്വന്തം അനന്തരവന്റെ അരഞ്ഞാണംകെട്ടിനിട്ട പേരും ഇതല്ല. എന്നിട്ടുപോലും അവൻ അടയാളപ്പെടുത്തപ്പെട്ടത് ഈ വെറുക്കപ്പെട്ട വാക്ക് നീട്ടിയും കുറുക്കിയും ഒക്കെ വിളിക്കപ്പെട്ടപ്പോഴാണ്. ഇതു രണ്ടാം ജന്മമാണെന്നു മറ്റാരേക്കാളും നന്നായി അറിയാമായിരുന്നിട്ടുകൂടി ഈ പേരുപയോഗിച്ച് ആൾക്കൂട്ടം അവന്റെ മുൻപിൽ ഛർദിച്ചത് എപ്പഴോ അവനെ പിന്തുടർന്നാക്രമിച്ചു തുടങ്ങിയിരിക്കുന്ന ഭൂതകാലമാണ്. പീടികവരാന്തകളിൽ ഇരുന്നു പുക-ചിരികൊണ്ടും കവലക്കോണുകളിൽ നിന്ന് മുറുക്കാൻ ചുണ്ടുകൊണ്ടും അവന്റെ ചെവിയിലേക്ക് പലരും തുപ്പിയത് ഈ മൂന്നക്ഷരങ്ങളാണ്.

മരക്കപ്പയുടെ കവട്ടക്കമ്പുകൊണ്ട് സൈക്കിൾ ടയർ നിയന്ത്രിച്ചോടിക്കുന്നതിൽ സമർഥൻ, വിരലുകൊണ്ട് വിസിലടിക്കുന്നതിൽ വിരുതൻ, വെട്ടുവഴി തോടിന്റെ മുക്കും മൂലയും മുങ്ങിത്തിരഞ്ഞവൻ തുടങ്ങി അദ്ധ്വാനംകൊണ്ടാർജ്ജിച്ച പരിവേഷ-വിശേഷണങ്ങൾ ഉണ്ണിയിൽ നിന്നിറങ്ങിപ്പോയത് കാമുകിക്കൊപ്പം അവന്റെ അച്ഛൻ നാടുവിട്ടെന്നു ആയിരം നാക്കുകളും അമ്മയുടെ നെഞ്ചത്തിടിയും പറഞ്ഞ അതേ വൈകുന്നേരം തന്നെയാണ്. പണ്ട് ഭർത്താവും, അയാൾ പോയപ്പോൾ നിസ്സഹായതയും കൂട്ട് വന്ന ഉണ്ണിയുടെ അമ്മയ്ക്ക് രഹസ്യകാമുകന്മാരെ ഉണ്ടാക്കി നാട് രസിച്ചു. രണ്ടു നൂറ്റാണ്ടിലധികം പഴക്കമുള്ള നായർ തറവാടിന്റതിനേക്കാൾ കീഴ്ജാതിക്കാരന്റെ കൂരയുടെ ചെങ്കൽ ഭിത്തികളോട് ഉറപ്പും മതിപ്പും തോന്നിയ ഒരുവളെ തേടി ആരും വന്നില്ല. മനസ്സു ക്ഷയിച്ച അമ്മയുടെ വലങ്കാൽ തളരുന്നത് ഉണ്ണിയിലെ പതിമൂന്നുകാരന് വിഷമം കലർന്ന വിസ്മയത്തോടെ നോക്കി നിൽക്കാനേ കഴിയുമായിരുന്നുള്ളൂ.

വീട്ടിലെ ദാരിദ്ര്യം ശരീരം വിളംബരം ചെയ്തുതുടങ്ങാൻ ആരംഭിച്ചപ്പോഴാണ് പഠനം ഒമ്പതാം ക്ളാസ്സിലെ പുസ്തകങ്ങളോടൊപ്പം അടുക്കളയിലെ പഴകിയ മരത്തട്ടിൽ ഉപേക്ഷിച്ചത്. അത്ര മിടുക്കനല്ലാത്തതുകൊണ്ട് തുടർന്നു പഠിക്കണം എന്നാവശ്യപ്പെട്ടു ആരേയും വീട്ടിലോട്ടു കണ്ടില്ല. ചിരിയും ചുറുചുറുക്കും പേരറിയാത്ത ആർക്കോ, എന്തിനോ പണയംവെച്ച ഉണ്ണി “വെശണ്ണി” ആകുന്നത് ഇരുപത്തിരണ്ടിന്റെ ആദ്യപകുതിയിൽ ആണ്.പത്രക്കാരൻ പയ്യനിൽ തുടങ്ങി ഇന്ത്യൻ കോഫിഹൗസിലെ വെയിറ്ററിലൂടെ സ്വകാര്യപ്രസ്സിലെ സഹായി എന്ന യുവാവിലെത്താൻ കഠിനമായ എട്ടൊമ്പത് വർഷങ്ങളെടുത്തു. മോഷണം, അപഥസഞ്ചാരം, കൊലപാതകം തുടങ്ങിയ പൊറുക്കാവുന്ന തെറ്റുകൾ ഉണ്ണി ഒന്നും ചെയ്തില്ല. പിതൃശൂന്യത, ജാതിരാഹിത്യം, വേശ്യാപുത്രൻ തുടങ്ങി അവൻ വരുത്തിയ മൂന്നു ഗുരുതരമായ വീഴ്ചകൾ അവന്റെ കുറ്റങ്ങളായി ആരോപിക്കപ്പെട്ടു.

ആത്മാർഥമായ ഒരു നോട്ടമോ സ്പർശനമോ ഒക്കെ വിദൂരസ്വപ്നങ്ങളാണെന്ന തിരിച്ചറിവുണ്ടായ ഒരു പുലർച്ചെ, വിഷത്തിന്റെ രുചിയറിയാൻ അവൻ നടത്തിയ ഒരു ശ്രമം. അതായിരുന്നു അവസാനത്തേതും ആഘോഷിക്കപ്പെട്ടതുമായ അവന്റെ നാലാമത്തെ മഹാപാതകം. അമ്മയുടെ, നനവില്ലാത്ത നിലവിളിയും ആ ഒച്ചയിലെ ഭീകരതയും നാടു കുലുക്കി. സർക്കാർ ആശുപത്രിയിൽ, തന്നെ എത്തിച്ചവരുടെ പ്രാക്കിനെക്കൾ ഭയാനകമായിരുന്നു വിഷം കഴുകിക്കളയാൻ ആശുപത്രിക്കാർ അവലമ്പിച്ച രീതി. ലോകത്തിലെ തന്നെ പ്രാചീന ആചാരങ്ങളിൽ ഒന്നായിരിക്കും അതെന്നു അയാൾക്ക്‌ തോന്നി. ആത്മഹത്യ എന്ന തീരുമാനത്തോട് ആയിരുന്നില്ല മറിച്ച്, അതിനു താൻ കണ്ടെത്തിയ മാർഗ്ഗത്തോടായിരുന്നു അയാളുടെ പുച്ഛം. സ്വന്തം ശരികളുടെ ന്യായീകരണത്തിന് കേൾവിക്കാരില്ലാത്തതിനാൽ ഉണ്ണിക്ക് ആരെയും ഒന്നും ബോധിപ്പിക്കാനും ഇല്ലായിരുന്നു. പക്ഷെ പൊതുവികാരം അയാൾക്കൊരു പേരിട്ടു “വിഷം ഉണ്ണി”. സ്ഥിരമായ ചൂഷണംമൂലം തേയ്മാനം സംഭവിച്ച പേര് “വെശണ്ണി” എന്ന പുതുരൂപം പ്രാപിക്കുന്നതോടൊപ്പം നന്നായി പ്രചരിപ്പിക്കപ്പെടുകയും ചെയ്തു.

മകളുടെ ഒളിച്ചോട്ടക്കഥ മറക്കാൻ വിവാഹദല്ലാളായി ചമഞ്ഞുതെണ്ടുന്ന ബ്രോക്കർ ദിവാകരൻ ഉണ്ണിയെ കാണുമ്പോഴൊക്കെ നീ മരിക്കേണ്ടവനായിരുന്നു എന്നും, പുതുജന്മത്തിന്റെ കടപ്പാട് എന്നോടുംകൂടി ആവണം എന്നു നിർബന്ധിച്ചു ഓർമ്മിപ്പിച്ചുകൊണ്ടേയിരുന്നു. മൂന്നാം ക്ളാസ്സിൽ പഠിക്കുമ്പോ വെള്ളത്തുണി വലിച്ചുകെട്ടി ചാർളി ചാപ്ളിനെ കാണിച്ചപ്പോഴുണ്ടായ കൂട്ടച്ചിരി, വേറൊരു രീതിയിൽ അവന്റെ വഴികൾക്കിരുവശവും ചിതറിത്തെറിച്ചുകൊണ്ടേയിരുന്നു. തീവണ്ടി തന്നേയാണ്‌ കൂവുന്നതെന്നും, പ്രിന്റിംഗ് പ്രസ്സിലെ കൂറ്റൻ യന്ത്രം തനിക്കു പറ്റിയ പിഴവിനെ പരിഹസിക്കുന്നതായും, കുടുസ്സുമുറിയിലെ ഒരു പല്ലി മറ്റൊരു പല്ലിയോടു ഒരാത്മഹത്യയും അതിന്റെ തമാശയും വിവരിച്ചുകൊടുക്കുന്നതായും അവൻ അറിഞ്ഞു . മറ്റാരോ ആയി മറ്റെവിടെയോ ജനിച്ചാൽ മതിയായിരുന്നു എന്നൊന്നും ഉണ്ണിക്കു തോന്നിയതേ ഇല്ല. ഇനിയൊരു ജന്മം ഉണ്ടെങ്കിൽ, ഞാൻ അതിൽ നിന്നും ഒഴിവായിരിക്കട്ടെ എന്നു മാത്രം ആഗ്രഹിച്ചു.

ഇങ്ങനെയൊരാൾക്കു ഇവിടെ ഇടം ഉണ്ടാകേണ്ടതില്ല എന്നതിനേക്കാൾ മുകളിലായിരുന്നു രണ്ടാമൂഴം വിജയകരമാകണം എന്ന മോഹം. ടൌണിലെ സിനിമാശാലയിൽ നിന്നൊരു പടം കാണുക. മാസങ്ങളായി മനസ്സ് സൂക്ഷിക്കുന്ന ഈ ഇച്ഛ അടക്കിയിട്ടാവണം യാത്ര. വെയിലും മഴയും വേർതിരിച്ചെടുക്കാനാവാത്ത ആ ചൊവ്വാഴ്ച്ച രാവിലെ അവൻ ഉണർന്നുടനെ അന്വേഷിച്ചത് അച്ഛനെന്നയാൾ മറന്നുവെച്ചുപോയ തകരപ്പെട്ടിയാണ്. അതിലെ കഞ്ഞിമുക്കിയ മുണ്ടും ഷർട്ടും ഒരു തവണ മാത്രമേ ഇട്ടിട്ടുള്ളൂ. ഇന്ത്യൻ കോഫിഹൗസിലെ അഭിമുഖത്തിന് പോയ അന്നു മാത്രം. “ഞാൻ വരാൻ വൈകും. വാതിലടച്ചു കിടക്കണം” എന്ന മരണമൊഴി രേഖപ്പെടുത്തി പുറത്തേക്കിറങ്ങുമ്പോൾ അമ്മയുടെ ഉത്തരവും, മുറ്റത്തെ ഊഞ്ഞാൽമരവും മൌനമായിരുന്നു.

സ്റ്റോപ്പിൽ ബസ്സ് കാത്തു നിൽക്കുമ്പോൾ ബഷീറിന്റെ ചായക്കടയിൽ അമേരിക്ക ആരു ഭരിക്കണം എന്നതിനെപ്പറ്റിയുള്ള അന്തിമഘട്ട ചർച്ച നടക്കുകയായിരുന്നു. ബസ്സിറങ്ങിയ ഉടനെ കുറേപ്പേരെ വകഞ്ഞുമാറ്റി കാലുകൾ നടന്നുകയറിയത് വളം വിൽക്കുന്നഒരു കടയിലേക്കാണ്. കുരുടാൻ എന്നു കടയിലെ കുറിയ മനുഷ്യനോടു പറയുമ്പോൾ ഉണ്ണി പുഞ്ചിരിച്ചു. അയാൾ ചോദിക്കാനിട്ടുകൂടി എലിയെ കൊല്ലാനാണെന്നു പുഞ്ചിരിയോടൊപ്പം തുന്നിച്ചേർത്തു. പത്രക്കടലാസ്സിൽ ഒളിച്ചുവെച്ച മരണം എന്ന തീരുമാനം കൈപ്പറ്റുമ്പോൾ “കുട്ടികളുടെ കയ്യെത്തുന്നിടത്ത് വെക്കരുത്” എന്ന മുന്നറിയിപ്പ് മാത്രമാണ് കടക്കരാൻ നല്കിയത്.

തിയേറ്ററിനോട് ചേർന്നുള്ള ചെറിയ കിളിവാതിലിൽക്കൂടി കിട്ടിയ തുണ്ടുകടലാസ്സു വാതിലിൽ നിലക്കുന്നയാളെ ഏൽപ്പിക്കുമ്പോൾ, ഗൗരവമായ നോട്ടവും ഔപചാരികതയും ചേർത്തു ആ മനുഷ്യൻ അത് വലിച്ചുകീറി. ആളൊഴിഞ്ഞ മൂലയിൽ ഒരു ഇരുപ്പിടം കണ്ടെത്തി. മരം കോച്ചുന്ന തണുപ്പ്. എടുത്തെറിയപ്പെട്ടപോലെ അങ്ങിങ്ങായി വീണിരിക്കുന്ന രണ്ടോ മൂന്നോ പേരുടെ കൂട്ടങ്ങൾ. രണ്ടു മണിക്കൂറിന്റെ ഇരുട്ട് മുതലാക്കാൻ എത്തിയവരുമുണ്ട് കൂട്ടത്തിൽ. മുമ്പിലെ സ്വർണ്ണവെളിച്ചത്തിൽ പേരറിയാത്ത കുറച്ചുപേർ ചിരിച്ചും കലഹിച്ചും പാടിയും തല്ലിയും ചുംബിച്ചും മാറുന്നു. ഉറക്കമായി മാറിയ വിരസതയിൽ നിന്നും ഉണ്ണി ഉണർന്നത്, ആദ്യ പകുതി അവസാനിച്ചു എന്ന മണി ബഹളം വച്ചപ്പോഴാണ്. ഇപ്പോൾ ഇടവേളയാണ്. ആരും അകത്തില്ല. അയാള്ക്കൊന്നു ഉറക്കെ ചിരിക്കണം എന്ന് തോന്നി. അടക്കിവാണവർക്കുള്ള മറുപടി ആദ്യം ചിരിയായും പതിയെ അട്ടഹാസമായും മാറി. കടിയും കുടിയുമായി ഓരോരുത്തർ അകത്തേക്ക് പ്രവേശിച്ചപ്പോൾ നിന്നു. രണ്ടാം പകുതിയുടെ തുടക്കത്തിൽ നായികാനായികാന്മാർ ഒരുമിച്ചുള്ള പുതുജീവിതത്തിനു തീരുമാനമെടുക്കുന്നിടത്തു, ഉണ്ണി കൈയ്യോടും, കൈ മടിക്കുത്തിനോടും ഒരു പൊതി . അഭ്രപാളിയിലെ ആരവം ദഹിപ്പിക്കുന്നതിനിടയിൽ ആ നാലു ചുവരുകൾ അയാളെ അയാളുടെ വെപ്രാളങ്ങളോടൊപ്പം കുഴിച്ചുമൂടി. ശുഭം എന്നെഴുതി തിരശീല വീണു അല്പനേരം കഴിഞ്ഞപ്പോൾ “വെശണ്ണി” വിജയിച്ചതറിയിക്കാൻ തിയറ്റർ തൂപ്പുകാരാൻ ചൂലും ഉയർത്തിപ്പിടിച്ചു പുറത്തേക്കോടി.

Comments

comments

Share.
Gallery