വിവരസാങ്കേതിക ജോലിയുടെ ഗുണങ്ങൾ, കാലദൈർഘ്യം, വിരാമ ജീവിതം – Bimal Raj

Google+ Pinterest LinkedIn Tumblr +

Author : Bimal Raj N.
Company : Zafin Software Center of Excellance
Email : bimal.varkala@gmail.com

വിവരസാങ്കേതിക ജോലിയുടെ ഗുണങ്ങൾ, കാലദൈർഘ്യം, വിരാമ ജീവിതം

ആധുനിക സമൂഹത്തിൽ ഏറെ ചർവ്വിത ചർവ്വണം ചെയ്യപ്പെട്ടുകൊണ്ടിരിക്കുന്ന ഒരു പദമാണ് വിവര സാങ്കേതിക വിദ്യ എന്നത്. ജീവിതത്തിന്റെ ഒരുവിധമെല്ലാ വശങ്ങളെയും സ്വാധീനിക്കുവാൻ കഴിവുള്ളതായി വിവരസാങ്കേതികവിദ്യ മാറി എന്നും സാമാന്യ ജീവിതത്തിൽ ഒഴിച്ചു നിർത്താനാകാത്ത ഒന്നായി അത് വളർന്നു എന്നും പറയുന്നത് ഒരിക്കലും അതിശയോക്തി ആയിരിക്കില്ല. ഒരു ദശാബ്ദത്തിനപ്പുറം, സാക്ഷരത എന്നത് കേവലം അക്ഷര ജ്ഞാനത്തിന്റെ അളവുകോൽ മാത്രമായിരിന്നപ്പോൾ ഇന്നത് വിവരസാങ്കേതികവിദ്യയുടെ അറിവിനെ ആധാരമാക്കി ആകുന്നു എന്നത് തികച്ചും വസ്തുത മാത്രമാണ്.

ഇത്രയേറെ പ്രാധാന്യമുള്ള ഈ ശാഖയിലെ ജോലിയെക്കുറിച്ചോ അതിന്റെ ഗുണദോഷവശങ്ങളെക്കുറിച്ചോ അതിൽ തൊഴിലെടുക്കുന്നവരുടെ തൊഴിൽ പരമായ സവിശേഷതകളെക്കുറിച്ചോ സേവനവ്യവസ്ഥകളെയും നിർബന്ധിതമായോ സ്വാപധികമായോ തൊഴിലിൽ നിന്നും വിരമിക്കുവാനുള്ള ഉപാധികളെയും അതിനു ശേഷം എപ്രകാരം ജീവിതയാത്ര സുഗമമായി നീക്കുവാനാകും എന്നതിനെയോ ഒക്കെ കുറിച്ച് വസ്തു നിഷ്ഠമായ ഒരു വിലയിരിത്തലോ പഠനങ്ങളോ അധികം ഉണ്ടാകുന്നില്ല എന്നതാണു വൈചിത്ര്യം. നിറപ്പകിട്ടാർന്നതും ഊതിപ്പെരുപ്പിച്ചതും മുൻ വിധികളുടെ ചരടിൽ കോർത്തതുമായ കുറെ അബദ്ധ ധാരണകളിൽ സമൂഹം ഇന്നും ഈയൊരു തൊഴിലിനേയും ആ തൊഴിൽ സമൂഹത്തെയും കെട്ടിയിട്ടിരിക്കുന്നു എന്ന് തന്നെ പറയേണ്ടിയിരിക്കുന്നു. ടെക്നോപാർക്കിൽ ജോലി ചെയ്തിരിന്ന രണ്ടുപേർ തമ്മിൽ വിവാഹേതര ബന്ധത്തിലേർപ്പെടുകയും അതിന്റെ അനുബന്ധമായി സ്വന്തം കുഞ്ഞിനെയടക്കം കൊല ചെയ്യാൻ തക്ക മനുഷ്യത്വമില്ലായ്മയിലേക്കു കാര്യങ്ങൾ ചെന്ന് നിന്നപ്പോൾ സമൂഹം ഇതേ മുൻ ധാരണയുടെ
കണ്ണുകളിലൂടെ ടെക്നോപാർക്കിൽ ജോലി ചെയ്യുന്ന എല്ലാപേരെയും കാണുവാൻ ശ്രമിച്ചത് സമീപകാലത്തു തന്നെയാണ് .

ഇത്തരമൊരു പഠനത്തിന്റെ സ്വാഭാവികമായ ആവശ്യകതയിലേക്ക് വിരൽ ചൂണ്ടുന്ന പ്രാഥമിക വസ്തുതളാണിത്. എന്താണു മറ്റു തൊഴിൽ മേഖലകളിൽ നിന്നും ഇതിനെ വ്യതിരിക്തമാക്കുന്നത്, എന്ത് കൊണ്ട് കൂടുതൽ കൂടുതലായി ആളുകൾ ഇന്നും ഈ തൊഴിൽ മേഖലയെ തിരഞ്ഞെടുക്കുന്നു, എന്താണ് ഈ തൊഴിലിന്റെ കാലദൈർഘ്യം, തൊഴിൽ നഷ്ടപ്പെടുവനുള്ള സാധ്യതകൾ, വിരമിക്കൽ, അതിനു ശേഷമുള്ള ജീവിതം എപ്രകാരം ആയിരിക്കണം…. ഇവയൊക്കെ തന്നെ സവിശേഷ പ്രാധാന്യമർഹിക്കുന്ന വിഷയങ്ങൾ തന്നെയാണ്.

സൗകര്യാർത്ഥം ഈ ലേഖനത്തെ നമുക്ക് മൂന്നു ഭാഗങ്ങളായി തിരിക്കാം,

1. തൊഴിൽ എന്ന നിലയിൽ വിവര സാങ്കേതിക വിദ്യയുടെ ഗുണങ്ങൾ
2. ഈ തൊഴിലിന്റെ ശരാശരി കാലദൈർഘ്യം
3. തൊഴിലിൽ നിന്നും വിരമിച്ചതിനു ശേഷമുള്ള ജീവിതം

1. വിവര സാങ്കേതിക വിദ്യയുടെ ഗുണങ്ങൾ
പരമ്പരാഗത തൊഴിലുകളിൽ നിന്നും വിവര സാങ്കേതികവിദ്യയെ വേർതിരിച്ചു നിർത്തുന്ന ആകർഷക ഘടകങ്ങളിലേക്കൊന്നു കണ്ണോടിച്ചു നോക്കാം.
a.) ആകർഷകമായ ശമ്പളവും മറ്റ് ആനുകൂല്യങ്ങളും
ഏതൊരാളെയും ആകർഷിക്കത്തക്ക ശമ്പളവും ആനുകൂല്യങ്ങളും നൽകാൻ ഈ മേഖലയിലെ ചെറുകിട കമ്പനികൾ പോലും തയ്യാറാകുമ്പോൾ ഒരു പ്രാഥമിക വിലയിരുത്തലിൽ അത് തന്നെയാണു ഇവിടെയ്ക്ക് തൊഴിലന്വേഷകരെ ആകർഷിച്ചു നിർത്തുന്ന പ്രധാന ഘടകം. ജീവിതച്ചെലവുകൾ കുത്തനെ ഉയർന്നു കൊണ്ടിരിക്കുന്ന ഇക്കാലത്ത് ശമ്പളത്തിനു പുറമേ കിട്ടുന്ന മറ്റാനുകൂല്യങ്ങളും വിവര സാങ്കേതിക മേഖലയിലുള്ള ജോലിയെ ആകർഷണീയമാക്കുന്ന ഒരു കാര്യമാണ്. ആരൊഗ്യപരിചരണത്തിനു ചെലവുകൾ ഏറി വരുന്ന സാഹചര്യത്തിൽ കോർപ്പരേറ്റ് ഹെൽത്ത് ഇൻഷ്വരൻസ് പോളിസികൾ ഇത്തരത്തിൽ ഉള്ള ആനുകൂല്യങ്ങളിൽ പ്രധാനപ്പെട്ടതും ഏറെ ഉപയോഗപ്രദമായതും ആണ്.
b.) ജോലിയുടെ അനായാസ ലഭ്യത
ജോലി ലഭിക്കുന്നതിന് അധികം നിയന്ത്രണങ്ങളില്ലാത്തതും പ്രവൃത്തി പരിചയത്തിന്റെ നിർബന്ധിത ആവശ്യകതയില്ലായ്മയും ഒരു തുടക്കക്കാരന് എളുപ്പത്തിൽ ജോലി ലഭിക്കുവാനുള്ള അനുകൂലഘടകങ്ങളുമൊക്കെ വിവര സാങ്കേതിക വിദ്യയെ വേര്തിരിച്ചു നിർത്തുന്ന പ്രമുഖ ഘടകങ്ങളാണു. ഔപചാരികമായ പരിശീലനങ്ങളൊന്നുമില്ലാതെ തന്നെ ഈ മേഖലയിലേക്ക് പ്രവേശിക്കുവാൻ സാധിക്കുന്നു എന്നത് ഒരു തുടക്കക്കാരനെ സംബന്ധിച്ചിടത്തോളം പ്രധാന കാര്യമാണ്.

c.) പ്രവർത്തന അന്തരീക്ഷത്തിന്റെ ഊഷ്മളത
ഒരു വെള്ളക്കോളർ ജോലി മനസ്സിൽ കാണുന്ന എല്ലാവർക്കും ഏറ്റവും അഭികാമ്യമായി തോന്നുന്ന അന്തരീക്ഷമാണു ഈ മേഖലയിൽ ഒരുക്കിയിട്ടുണ്ടാകുക. ശീതീകരിച്ച കാബിനുകളിൽ പ്രത്യേകമായ ഡ്രസ്സ്‌ കോഡുകളോടെ ആരോഗ്യകരമായ അന്തരീക്ഷത്തിൽ ജോലി ചെയ്യാൻ കഴിയുക ഒപ്പം ദേഹാദ്ധ്വാനത്തിന്റെ പൂർണ്ണമായ അഭാവവും ഈ മേഖലയെ പ്രിയങ്കരമാക്കുന്നു.

d.) ചെയ്യുന്ന ജോലിയുടെ വൈവിദ്ധ്യവും മടുപ്പില്ലായ്മയും
എന്നും ഒരെ തരം ജോലികൾ ചെയ്യുന്നതിലൂടെയുണ്ടായേക്കാവുന്ന മടുപ്പ് ഈ മേഖലയിൽ ജോലി ചെയ്യൂന്നവർക്ക് പരമാവധി ഒഴിവാക്കാൻ കഴിയുന്നു എന്നതാണു മറ്റൊരു പ്രധാന ഗുണം. വിവിധങ്ങളായ ജോലികള തിരഞ്ഞെടുക്കുവാനുള്ള അവസരം കിട്ടുന്നു എന്നതും മറ്റു ജോലികളിൽ നിന്നും ഈ മേഖലയ്ക്കുള്ള വ്യത്യാസമായി കാണാവുന്നതാണ്.

e.) തൊഴിൽ ദാതാവിനെ മാറുവാനുള്ള അവസരം
ചെയ്തു കൊണ്ടിരിക്കുന്ന തൊഴിലിലോ തൊഴിൽ സാഹചര്യങ്ങളിലൊ പൊരുത്തപ്പെടാതെ വരുമ്പോഴോ അതുമല്ലെങ്കിൽ മെച്ചപ്പെട്ട വരുമാനത്തിനു വേണ്ടിയോ സ്വന്തം നാട്ടിൽ ജോലി ചെയ്യാൻ വേണ്ടിയോ ഒക്കെ ഇഷ്ടാനുസരണം കമ്പനി മാറാനുള്ള അവസരം ആണ് ഈ മേഖലയെ മറ്റു തൊഴിൽ മേഖലകളിൽ നിന്നും വേർതിരിച്ചു നിർത്തുന്ന വളരെ പ്രധാനമായ മറ്റൊരു ഘടകം.

പലവിധ വിപരീത ഘടകങ്ങൾക്കുമിടയിലും കോർപ്പരെറ്റുകൾക്കിടയിലെ പതിവ് ദോഷങ്ങൾക്കും സമ്മർദ്ദങ്ങൾക്കുമിടയിൽ വിവര സാങ്കേതിക മേഖല ഒരു തൊഴിൽ എന്ന നിലയിൽ ഇന്നും പ്രിയങ്കരമായി തുടരുന്നതിൻറെ പ്രാഥമികമായ കാരണങ്ങളാണു നമ്മളിവിടെ പരിശോധിച്ചത്. ഇനി നമുക്ക് ഈ തൊഴില മേഖലയുടെ സ്വാഭാവിക കാലദൈർഘ്യത്തെക്കുറിച്ച് നോക്കാം.

2. ശരാശരി കാലദൈർഘ്യം

നിയതമായ ഒരു കാല ദൈർഘ്യമോ റിട്ടയർമെന്റ് കാലാവധിയോ സാധാരണയായി ഈ മേഖല കാത്തു സൂക്ഷിക്കുന്നില്ല എന്നതാണ് വാസ്തവം. സർക്കാർ ജോലികളിൽ നിഷ്കർഷിക്കപ്പേടാറുള്ള പോലെ കൃത്യമായ ഒരു റിട്ടയർമെന്റ് പ്രായം ഇവിടെ ഉണ്ടാകുന്നില്ല. കമ്പനികൾക്ക് വേണ്ടുന്ന കാര്യക്ഷമത തൊഴിലാളിയിൽ നഷ്ടമായി എന്ന് തോന്നുമ്പോഴോ, മറ്റെന്തെങ്കിലും കാരണങ്ങളാലോ അച്ചടക്ക നടപടി എന്നാ രീതിയിലോ നോട്ടീസ് നൽകിയോ നൽകാതെയോ നിശ്ചിതമായ നഷ്ടപരിഹാരം നൽകിയോ നൽകാതെയോ കമ്പനികൾക്ക് തൊഴിലാളികളെ യഥേഷ്ടം ഏതു സമയത്തും പിരിച്ചയക്കാനാകും.

ഒപ്പം, ഈ മേഖലയിൽ താത്‌പര്യം നഷ്ടപ്പെടുകയോ അവിടെത്തെ സാഹചര്യങ്ങളുമായി പൊരുത്തപ്പെടാനാകാതെ വരികയോ സമ്മർദ്ദം താങ്ങാനാകാതെയും മറ്റു തൊഴിൽ മേഖലയിലേക്കോ മറ്റൊരു രാജ്യത്തിലേക്കു തന്നെയോ കുടിയേറാനോ ആരോഗ്യപരമായ കരണങ്ങളാലോ ഒക്കെ ഒരു തൊഴിലാളിക്ക് എപ്പോൾ വേണമെങ്കിലും സേവനത്തിൽ നിന്നും വിരമിക്കാവുന്നതാണ്. കുടുംബ പരമായ കാരണങ്ങളാലോ കുട്ടികളുടെ സൗകര്യാർഥമോ ഒക്കെ സ്ത്രീകൾ ഇടക്കു വെച്ച് ജോലിയിൽ നിന്നും പിരിഞ്ഞു പോകുന്നത് ഒരു സ്ഥിരം കാഴ്ചയുമാണ്.
ഇപ്രകാരം നോക്കുമ്പോൾ കാലദൈർഘ്യം എന്നത് എല്ലാവർക്കും നിശ്ചിതമായി വെച്ചിരിക്കുന്ന ഒന്നല്ല എന്നും തികച്ചും ആപേക്ഷികമായ ഒന്നാണെന്നും കാണുവാൻ സാധിക്കും.പലവിധത്തിൽ ഉള്ള വ്യക്തിപരമായ കഴിവുകളെയും സാഹചര്യങ്ങളെയും കമ്പനികളുടെ അതാത് കാലങ്ങളിലെ നിലപാടുകളെയും മേലധികാരികൾക്ക്‌ കീഴുദ്യോഗസ്ഥനോടുള്ള പ്രീതിയെയും പോലെയുള്ള നിരവധി ഘടകങ്ങളെ ആശ്രയിച്ചിരിക്കുന്നു വിവര സാങ്കേതികവിദ്യയിലെ തൊഴിൽ കാലദൈർഘ്യം എന്ന് പറയാം.

3. വിരമിച്ചതിനു ശേഷമുള്ള ജീവിതം

മുൻപ് സൂചിപ്പിച്ചതു പോലെ എപ്പോൾ വേണമെങ്കിലും വിരമിക്കൽ എന്ന സംഗതി കടന്നു വരാം എന്നിരിക്കെ സ്വാഭാവികമായും ഈ മേഖലയിൽ ജോലി ചെയ്യുന്നവർ ചിന്തിച്ച് തീരുമാനമെടുത്ത് വെയ്ക്കേണ്ട ഒരു സുപ്രധാന കാര്യമാണ് വിരമിച്ചതിനു ശേഷം എങ്ങനെ ജീവിക്കും എന്നത്. മെച്ചപ്പെട്ട ശമ്പളവും അതിനൊത്ത ജീവിത സാഹചര്യങ്ങളുമായി ജീവിതം നയിച്ചു വരവേ പൊടുന്നനവെ ഒരു അശനിപാതം പോലെ പിരിച്ചു വിടലോ റിട്ടയർമെണ്ടൊ കടന്നു വരികയും നിശ്ചിത വരുമാനത്തിനുള്ള ഉപാധി പെട്ടെന്ന് നിലക്കുകയും ചെയ്യുമ്പോൾ അതിനെ ശാന്തമായി നേരിടണമെങ്കിൽ കൃത്യമായ ഒരു മുൻകരുതൽ ഇക്കാര്യത്തിൽ ഉണ്ടായിരുന്നാൽ മാത്രമേ കഴിയൂ.

മിക്കപ്പോഴും ഇത് ഉണ്ടാകാറില്ല എന്നതാണ് വാസ്തവം. വിരമിക്കേണ്ട സാഹചര്യത്തെക്കുറിച്ച് ഒരിക്കലും ചിന്തിക്കാതെ വർത്തമാന കാല ജീവിതത്തിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിച്ചു പോകുകയും പൊടുന്നനവെ ഇത്തരമൊരു സാഹചര്യത്തെ നേരിടെണ്ടി വരുമ്പോൾ പാടെ തളർന്നു പോകുകയും ചെയ്യുന്നവർ തന്നെയാണ് ഏറെയും. നമ്മുടെ സമൂഹത്തിൻറെ പൊതുവിലുള്ള മാനസിക നില എന്നും ഒരു സർക്കാർ ജോലിക്കാരന്റെത് ആയതിനാൽ അതിന് അകാലത്തിലെ വിരമിക്കൽ സങ്കൽപിക്കാൻ കഴിയുന്നില്ല എന്ന് തോന്നുന്നു. ചിന്താഗതിയിൽ സാരമായ മാറ്റം വന്നു തുടങ്ങിയെങ്കിലും വിരമിച്ചതിന് ശേഷമുള്ള ജീവിതത്തെ
തയ്യാരെടുക്കുന്നതിൽ വഞ്ചി ഇന്നും തിരുനക്കര വിട്ടിട്ടില്ല എന്നത് തന്നെയാണു യാഥാർത്ഥ്യം.

കൃത്യമായ ആസൂത്രണത്തോടെ ജീവിതത്തെ നോക്കിക്കാണുക എന്നത് തന്നെയാണ് ഇത്തരുണത്തിൽ ഏറ്റവും അഭികാമ്യമായിട്ടുള്ളത്. വ്യക്തമായൊരു ലക്ഷ്യവും പ്ലാനും ആദ്യം തന്നെയുണ്ടായിരിക്കണം. വിരമിച്ചതിന് ശേഷം കാര്യങ്ങൾ ആസൂത്രണം ചെയ്യുകയോ നടപ്പിൽ വരുത്തുകയോ ചെയ്യുന്നതിന് പകരം ജോലിയിൽ ഇരിക്കവേ തന്നെ സമാന്തരമായി മറ്റെന്തെങ്കിലും വരുമാനമാർഗ്ഗങ്ങളിൽ ഏർപ്പെടുകയും വ്യക്തമായ ആസൂത്രണത്തോടെ ചിന്തിച്ച് നിക്ഷേപ പദ്ധതികളിൽ പങ്കു ചേരുകയും ചെയ്യാവുന്നതാണ്. വിരമിക്കലിന് ശേഷം സജീവമായി തന്നെ മുൻപ് തുടങ്ങി വെച്ച പാതയിലൂടെ മുന്നോട്ടു പോകുന്നതിലൂടെ മടുപ്പിനെയും പൊടുന്നനെയുള്ള ശൂന്യതയെയും ഒഴിവാക്കാനാകും എന്നതിനൊപ്പം ഇഷ്ടമുള്ള തൊഴിലിൽ ഏർപ്പെട്ട് മാനസ്സിക സന്തോഷത്തോടെ കുടുംബവുമായി കൂടുതൽ സമയം ചിലവഴിച്ച് ഉല്ലാസമായി കഴിയുവാനാകും.

വ്യക്തമായ സാമ്പത്തിക അച്ചടക്കം പാലിക്കുക എന്നതാണിവിടെ ഏറ്റവും പ്രധാനമായിട്ടുള്ളത്. വരവിനോത്ത് ചിലവാക്കുക എന്നത് ഒട്ടു മിക്ക പേരും മറന്നു പോയൊരു മന്ത്രമാണ്. ക്രെഡിറ്റ് കാർഡുകളും വിവിധങ്ങളായ ലോണുകളും അനാവശ്യ ചിലവുകളും ഒക്കെ ചേർന്ന് മാസ വരുമാനത്തിന്റെ സിംഹഭാഗവും കരണ്ടു തിന്നുകയും വലിയൊരു കടബാദ്ധ്യതയുടെ ഉടമസ്ഥനാക്കുകയും ചെയ്യുമ്പോൾ നിക്ഷേപ മാർഗ്ഗങ്ങളെ സൌകര്യപൂര്വ്വം മറന്നു പോകുകയും ചുരുക്കത്തിൽ ഒന്നുമാകാതെ ഒന്നും സമ്പാദിക്കാതെ പോകുകയും ചെയ്യുന്നത് ഈ മറവിയിലൂടെയാണ്. വരവിന്റെ പകുതി എങ്കിലും ഭാവിയിലേക്ക് നീക്കി വെച്ചാൽ മാത്രമേ ഇന്നത്തെക്കാലത്ത് വിരമിച്ച ശേഷമുള്ള
ജീവിതത്തെ കരുപ്പിടിപ്പിക്കാനാകൂ.
ഒരു മനുഷ്യൻ സാമ്പത്തികമായി മാത്രമല്ല ഒപ്പം സാമൂഹികമായും കൂടി വളരേണ്ടതുണ്ട്. തികച്ചും ഒരു സമൂഹ ജീവിയായ നമുക്ക് പലപ്പോഴും നിവര്ത്തിക്കാനാകാതെ പോകുന്ന ഒന്നാണ് സമൂഹത്തോടുള്ള നമ്മുടെ കടമ എന്നത്. ജോലിത്തിരക്കുകൾ, ജോലിയിലെ സ്ഥിരം സമ്മർദ്ദങ്ങൾ തുടങ്ങി നിരവധി കാരണങ്ങളും ഒഴിവുകഴിവുകളും നിരത്താനാകും . വിരമിക്കലിന് ശേഷമുള്ള കാലം ഫലപ്രദമായി വിനിയോഗിച്ചാൽ പല നല്ല കാര്യങ്ങളും നമുക്ക് സമൂഹത്തോട് ചെയ്തു തീർക്കാനാകും. സാമൂഹ്യ സംഘടനകളുമായി ചെര്ന്നും അല്ലാതെയും ഇത്തരം നല്ല നല്ല ജീവ കാരുണ്യ പ്രവർത്തനങ്ങളിലും സാമൂഹ്യ പ്രവർത്തനങ്ങളിലും പങ്കു ചേരാനാകും. ഇപ്രകാരം നോക്കുമ്പോൾ വിരമിച്ചു വിശ്രമിക്കുക എന്നതിന് പകരം മനസ്സിനിഷ്ടമുള്ള കാര്യങ്ങലിലേക്ക് കൂടുതൽ സജീവമാകുക എന്നതാണ് കൂടുതൽ ശരിയായ വസ്തുത എന്ന് തോന്നുന്നു.

Comments

comments

Share.
Gallery