Skip to main content

ലോകമുലയൂട്ടൽ വാരം - ജീവനക്കാരായ അച്ഛനമ്മമാരും പ്രസവാവധിയും പാരന്റിങ് ഫ്രണ്ട്ലി തൊഴിലിടങ്ങളും.

maternity leave

ലോകാരോഗ്യ സംഘടനയുടെയും യുനസ്കോയുടെയും ഈ വർഷത്തെ ലോകമുലയൂട്ടൽ വാര സ്ലോഗനുകൾ ശമ്പളത്തോട് കൂടിയ മെറ്റേണിറ്റി, പെറ്റേണിറ്റി ലീവുകൾ, പാരന്റിങ് ഫ്രണ്ട്ലി തൊഴിലിടങ്ങൾ എന്നിവയാണ്.

2017 ലെ ഭേദഗതിയിൽ ഇൻഡ്യയിൽ സ്വകാര്യ മേഖലയിലെ വനിതാ ജീവനക്കാർക്ക് 26 ആഴ്ച ശമ്പളത്തോട് കൂടിയുള്ള പ്രസവാവധി നിലവിൽ വന്നു. മുമ്പ് അത് 12 ആഴ്ച ആയിരുന്നു. ദീർഘ നാളായുള്ള ക്യാമ്പയിനുകളും സ്ത്രീ സംഘടനകളുടെ നിരന്തര ഇടപെടലുമാണ് അത്തരത്തിൽ ഒരു മാറ്റം കൊണ്ട് വന്നത്. വളരെ സൗകര്യപ്രദമായ ഒരു മാറ്റമായിരുന്നു അത്, പ്രത്യേകിച്ചും നമ്മുടെ ഐ ടി സെക്ടറിൽ. ആദ്യമാസങ്ങളിൽ നവജാത ശിശുവിനു മുലപ്പാൽ മാത്രം നൽകുക എന്ന ആരോഗ്യകരമായ ശീലം നടപ്പിലാക്കാൻ സാധിക്കുന്നു. അമ്മമാർക്കും ശാരീരികവും മാനസികവുമായ ആരോഗ്യം വീണ്ടെടുക്കാനും ഈ കാലയളവിലുള്ള അവധി വളരെ സഹായകമാകുന്നു.

സ്ത്രീകൾക്ക് പ്രസവാനന്തരവും തൊഴിൽ തുടരാനും, കുഞ്ഞുങ്ങളുടെ ആരോഗ്യകരമായ പരിരക്ഷയ്ക്കും, പ്രസവത്തോടനുബന്ധിച്ച് ഉണ്ടാകുന്ന സാമ്പത്തിക ചിലവുകൾ തരണം ചെയ്യാനുമൊക്കെ ശമ്പളത്തോട് കൂടിയ പ്രസവാവധി സഹായിക്കുന്നു. എന്നാൽ നിരവധി ഐ ടി കമ്പനികൾ ഈ ആനുകൂല്യം നല്കാതിരിക്കുകയോ പ്രെഗ്നന്റ് ആണെന്നറിയുമ്പോൾ വനിതാ ജീവനക്കാരിയെ പറഞ്ഞു വിടാൻ ശ്രമിക്കുകയോ ചെയ്യുന്നുണ്ട്. വ്യാവസായികവും അല്ലാതെയും ഉള്ള തൊഴിലിടങ്ങളിലേയ്ക്ക് സ്ത്രീകൾ കടന്ന് വന്ന് വളരെക്കാലം കഴിഞ്ഞാണ്, നിരവധി സമരങ്ങൾക്ക് ശേഷം ശമ്പളത്തോട് കൂടിയ പ്രസവാവധി നിലവിൽ വന്നത്. ഇൻഡ്യയിൽ 1961 ലാണു സർക്കാർ ഓഫീസുകളിലും, ഫാക്ടറികൾ, പ്ലാന്റേഷനുകൾ, ഷോപ്പ് ആന്റ് എസ്റ്റാബ്ലിഷ്മെന്റിനു‌ കീഴിൽ വരുന്ന സ്ഥാപങ്ങൾ എന്നിവിടങ്ങളിൽ സ്ത്രീ ജീവനക്കാർക്ക് ശമ്പളത്തോട് കൂടിയ പ്രസവാവധി നൽകുന്നതിനുള്ള നിയമം നിലവിൽ വന്നത്

കുട്ടികളുടെ വളർച്ചാകാല ഘട്ടത്തിലും ജനിച്ചു ആദ്യ ദിവസങ്ങളിലുമൊക്കെ അച്ഛന്റെ സമീപ്യവും സഹായവും കുട്ടിയ്ക്കും കുടുംബത്തിനും ആവശ്യമാണ്. പക്ഷേ ഇന്ത്യൻ തൊഴിൽ നിയമത്തിലെങ്ങും തന്നെ ഇത് വരെ പ്രൈവറ്റ് സെക്റ്ററിലെ പെറ്റേണിറ്റി ലീവ് നെക്കുറിച്ച് പരാമർശം ഇല്ല. സർക്കാർ ജീവനക്കാർക്ക് 15 ലീവുകൾ അനുവദനീയമാണ്. വിവിധ കമ്പനികൾ 1 മുതൽ 15 ദിവസം വരെ ശമ്പളത്തോട് കൂടിയ പെറ്റേണിറ്റി ലീവ് അനുവദിക്കുന്നുണ്ട്.

തൊഴിലിടങ്ങളോട് ചേർന്ന് ശിശുപരിപാലന യൂണിറ്റുകൾ വേണമെന്ന് നിയമം മൂലം ശുപാർശ ഉണ്ടെങ്കിലും വളരെ വിരളമായെ അത് ഐ ടി യിൽ കാണുന്നുള്ളൂ. തൊഴിലിടത്തോട് ചേർന്ന് ശിശുപരിപാലന കേന്ദ്രം ഉണ്ടാകുമ്പോ അമ്മയ്ക്കും കുഞ്ഞിനും ഇടയിലെ ശാരീരികവും മാനസികവുമായ അടുപ്പം കൂടുതൽ മെച്ചപ്പെടാൻ ഇടയാകും. കുട്ടികൾക്ക് ഇടനേരങ്ങളിൽ മുലപ്പാൽ നൽകുന്നതിനും കുട്ടിയുടെ അവസ്ഥ നേരിൽ ബോധ്യപ്പെടുന്നതിനും അമ്മയ്ക്ക് സാധിക്കുന്നതിനാൽ അമ്മമാരുടെ മാനസിക സമ്മർദ്ദം തുലോം കുറയുകയും അത് കൊണ്ട് തന്നെ ഉത്പാദന ക്ഷമത കൂടുകയും ചെയ്യും. തൊഴിലിടത്തോട് ചേർന്ന് ശിശുപരിപാലന കേന്ദ്രങ്ങൾ ഉറപ്പാക്കുന്നതിനു സർക്കാരിന്റെ ഭാഗത്ത് നിന്നും കമ്പനികളുടെ ഭാഗത്ത് നിന്നും ബോധപൂർവ്വമായ ഇടപെടൽ ഉണ്ടാകേണ്ടതുണ്ട്.

ശമ്പളത്തോട് കൂടിയ പ്രസവാവധി എല്ലാ സ്ത്രീ തൊഴിലാളികളുടെയും അവകാശമാണ്. അത് അവർക്ക് ലഭ്യമാകുന്നു എന്ന് ഉറപ്പു വരുത്തേണ്ടതും അതിനായി സഹായിക്കേണ്ടതും നമ്മളോരുത്തരുടെയും കടമയാണ്.

പ്രതിധ്വനി വനിതാ ഫോറം താഴെ പറയുന്ന കാര്യങ്ങൾ ഉറപ്പാക്കണമെന്ന് ഗവണ്മെന്റുകളോട് അഭ്യർത്ഥിക്കുന്നു......

1.ശമ്പളത്തോട് കൂടിയ പ്രസവാവധി വനിതകൾക്ക് എല്ലാ കമ്പനികളും നൽകുന്നുണ്ട് എന്ന് ഉറപ്പു വരുത്തുക

2.പാറ്റേണിറ്റി ലീവ് കുറഞ്ഞത് 10 ദിവസമാക്കുക

3.കൂടുതൽ ജീവനക്കാരുള്ള കമ്പനികൾ ഒറ്റയ്ക്കും ചെറിയ കമ്പനികൾ കൂട്ടായും ക്രഷ് ഫെസിലിറ്റി ഉറപ്പു വരുത്തുക.