Skip to main content
Srishti-2022   >>  Poem - Malayalam   >>  മഴപ്പക്ഷിയുടെ പാട്ട്

Anand Madhu

Tata Elxsi Limited

മഴപ്പക്ഷിയുടെ പാട്ട്

ഇനിയും തുറക്കാത്തതെന്തേ നിൻ വാതിൽ സഖി,

ഇരുളണഞ്ഞീടുന്നു ഈ പാതയോരം...

ഈ മരച്ചില്ലയിൽ നിൻ ദർശനത്തിനായ്,

ഈറനാം കണ്ണുകളോടെ ഈ മഴപ്പക്ഷി!

 

ഇന്നു ഞാനോർക്കുന്നു നാം ഒരുമിച്ചന്നു,

ഇടറാതെ നടന്നൊരീ വഴികളെല്ലാം വസന്തങ്ങളായിരുന്നു...

ഇരുളിലെ വാനിൽ വിളങ്ങിയ ചന്ദ്രനും,

ഇടയ്ക്കിടെ വന്നു പോയ് മറഞ്ഞൊരീ മഴകളും,

ഇലകളെ തഴുകുന്ന മഞ്ഞുതുള്ളികളും,

ഇളംകാറ്റും എൻ പ്രിയതമയ്ക്കിഷ്ടമായിരുന്നു.

 

ഇടവേളകളില്ലാതെ നാം നീങ്ങിയ പാതയിൽ,

ഇണക്കവും പിണക്കവും പതിവായിരുന്നു.

ഇമയടയ്ക്കാതെ നാം കണ്ട സ്വപ്നങ്ങളിൽ,

ഇരുവരും രാജ്ഞിയും രാജാവുമായി.

ഇടതെറ്റി വന്നൊരാ ഇടിമിന്നൽ നമ്മുടെ,

ഇടനെഞ്ചു പിളർക്കുകയായിരുന്നോ!

ഇടറുന്ന ശബ്ദത്തിൽ അന്നു നാം ചൊല്ലി,

ഇനി വരും ജന്മത്തിൽ ഒന്നായിടാം.

 

ഇഴഞ്ഞു പോയ് കാലവും കുറേയങ്ങനെ,

ഈ മണ്ണിൽ ഞാനും പുനർജനിച്ചു.

ഈ മഴപ്പക്ഷിയ്ക്ക് മതമൊന്നേയുള്ളു സ്നേഹം,

ഇണയായ് എന്നിലേയ്ക്കണയൂ നീ വേഗം.

ഇനി വരും ജന്മമെൻ പ്രിയേ നീയെന്നിൽ,

ഇടമഴയായ് പെയ്തു ചേർന്നിടേണം.

ഇനിയും തുറക്കുമോ നിൻ വാതിൽ മമ സഖി,

ഈ മരച്ചില്ലയിൽ കേഴുന്നീ മഴപ്പക്ഷി.