Skip to main content
Srishti-2022   >>  Poem - Malayalam   >>  നിശാഗന്ധി

Roshini Abraham

QuEST Global

നിശാഗന്ധി

സന്ധ്യയുടെ ഏഴാം യാമമായ് 

നിശതൻ  കാലൊച്ച 

പൂക്കൾ തൻ സിരകളിലുതിരവേ 

അറിയുന്നു ഞാനിന്ന് 

പ്രശാന്തിയുടെ തീരങ്ങളിലേക്കൊരു 

പകൽ ദൂരം മാത്രം 

 

സപ്തമണി നാദം മുഴങ്ങുന്നു 

യക്ഷ ഗാനങ്ങൾ കാറ്റിലുലയുന്നു

അപ്സര  സുന്ദരിതൻ  പാദസര 

മൊഴികൾ കാതിൽ മുഴങ്ങുന്നു 

 

അകലങ്ങളിലെങ്ങോ 

അലയടിക്കും  തിരമാലകൾ 

ഹൃദയത്തിൻ താഴ്‌വരയിൽ 

പ്രകമ്പനം കൊളളുന്നു 

 

ചിതലെടുക്കുമീ ചിന്തകളെ 

സ്വപ്നമായ്  മാറുമീ  രാവുകളെ 

പുണരാൻ കൊതിക്കുമെൻ 

ഉള്ളിൽ മയങ്ങും ബാല്യം 

 

ഇന്നലകളിലേക്കെങ്ങോ 

യാത്രയായ് മനം 

അറിയാതെ മന്ത്രിക്കും, 

തിരിച്ചറിവിൻ നേരമായിതാ 

 

ധരിത്രിയെ  സ്നേഹിക്കും 

മണൽത്തരിയായ്  മാറുവാൻ നേരമായ് 

മഞ്ഞായ്  രാവിൽ പെയ്തിറങ്ങാൻ 

കാറ്റായ്  പൂവിനെ തഴുകിയകലാൻ 

നേരമായിതാ...

 

ബാഹ്യരൂപത്തിനുള്ളിൽ മയങ്ങും 

കാവ്യസങ്കല്പങ്ങൾ  ഉണരും 

സമയമിതാ ആഗതമായ് 

രാവിൻ  ആലിംഗനമേറ്റ്  ഉണരും 

ചന്ദ്രകാന്ത പ്രതിബിംബം പോൽ ഞാൻ......