Skip to main content
Srishti-2022   >>  Short Story - Malayalam   >>  അനുക്കുട്ടിയും ദേവോപ്പോളും കഥകളും

Vineetha Anavankot

Infosys

അനുക്കുട്ടിയും ദേവോപ്പോളും കഥകളും

"വാസുമാമേ..."

"എന്തേ അനുക്കുട്ടീ..."

"വാസുമാമ മഴത്തുള്ളികള് സ്കൂളിൽപ്പോണ കണ്ട്ണ്ടോ..."?

"ഇല്ല്യല്ലോ... അതെവിടെയാ കാണണേ?..."

"ഞാൻ പറഞ്ഞേരാന്നെ.. ഇവിടിരിക്കൂ... പിന്നെ അരളിപ്പൂക്കമ്മലു രണ്ടും നാളെ രാവിലെന്നെ തരണംട്ടോഇല്ലെങ്കി പറഞ്ഞുതരില്ല്യ... "

"അതുപിന്നെ ചോയ്ക്കാനുണ്ടോ...വേഗം കഥ  പറഞ്ഞോളൂ... അമ്മായി അവിടെ ഊണുകഴിക്കാൻ വിളിക്കിണ്ട്... ചായകുടിക്കേണ്ട സമയായി... ഇനിം പോയില്ലെങ്കി ചീത്തകേക്കുംട്ടോ... "

 

"യ്യോ അമ്മായീടെ മോരിൻറെ പുളി!! ഓർത്തിട്ട് വായില് കപ്പലോടുണു...

ഇതുംകൂടി പറഞ്ഞിട്ട് ഓടിവരാട്ടോ ..മ്മാ..യീ.....

 

ഉം അപ്പൊ കേക്കൂ വാസ്വാമെ...

ഇത് ഞാൻ പാലക്കാട്ട് അമ്മമ്മടെകൂടെ ഇരുന്ന് കണ്ടതാട്ടോ...

 

നമ്മളെപ്പോലെയല്ല   തുള്ളിക്കുട്ട്യോൾക്ക് മഴക്കാലത്തു മാത്രേ സ്കൂളുള്ളു.

 ഒരു മഴതുടങ്ങി വഴിമുഴോനും വെള്ളം നിറയുമ്പോ അടുത്തതായി വീഴണ മഴത്തുള്ളികളാണീ സ്കൂളിൽപോവ്വ്വാ..

കുഞ്ഞിത്തുള്ളികൾ ഒന്നാമത്തെമുതൽ അഞ്ചാമത്തെവരെ ക്ലാസ്സുകളിൽഅതിലും വല്ല്യോരു വലിയ ക്ലാസ്സുകളിൽ.

ഏറ്റോം വല്ല്യോരാ ടീച്ചർമാരാവ്വ്വാ!

അവരെല്ലാരുംകൂടി കലപിലന്നനെ നടന്നും 

ചാടീം അങ്ങനെ പൂവും 

 

വെള്ളമൊഴുകി അറ്റത്തെത്തണോടത്താ സ്കൂൾ. 

പഠിത്തൊക്കെക്കഴിഞ്ഞിട്ട് വൈന്നേരാവുമ്പോ അവരിതുപോലെന്നെ 

തിരിച്ചും നടക്കും.

 

 പോണ വഴിക്കാ അവരേം നോക്കിനോക്കി ചായകുടിച്ചോണ്ട് 

ഞാനിരുന്നിട്ടിങ്ങനെ കുഞ്ഞിപ്പലഹാരക്കഷ്ണങ്ങൾ 

ഓരോരുത്തർക്ക് വീതംവച്ചു കൊടുക്ക്വാ... “

 

"ഹഹ അതസ്സലായി... എന്നാലും പാവം കുട്ട്യോള്.. എപ്പളും സ്കൂളിൽപോവാൻ പറ്റില്യല്ലോ..."

 

"അയിനെന്താ സുഖല്ലേ അവർക്ക് കളിച്ചുനടക്കാല്ലോ... പിന്നെ വാസുമാമ സ്കൂളിന്ന് പോന്നിട്ട് ഇപ്പവടെ അത്രരസോന്നുല്യാന്നേ... 

ഇന്നലീംകൂടി നന്ദന പറഞ്ഞു വാസുമാഷടെ കഥകള് കേക്കാൻ തോന്നുണൂന്ന് "

 

"അമ്പടി കേമീ...

അല്ല അനുക്കുട്ടീ അപ്പൊ  കല്ലടിക്കോട്ടെ മഴ കാണാൻ രസോന്നൂല്യെ? "

 

"ഇണ്ടല്ലോ... അത് നല്ല രസായിട്ടു ദേവ ഓപ്പോള് എഴുതീത് വാസുമാമ കണ്ടിട്ടില്ല്യേഒറ്റ മിനിറ്റേ ഞാനിപ്പോ എടുത്തിട്ടുവരാം....

                                                                                *******************

 

 “നനഞ്ഞ വെട്ടുകൽപ്പടവുകൾ  

 കരിങ്കൽപടവുകൾ 

 തോടരികിലെ കുഞ്ഞൻപാറ 

 കൊലുന്നനെ കിടക്കുന്ന വരമ്പുകൾ

 ഉലഞ്ഞാടുന്ന പിങ്ക് ചെമ്പരത്തികളും 

 മുളകുപൂക്കളും  

 വീശിയടിക്കുന്ന കാറ്റും 

 ചാഞ്ഞുകളിക്കുന്ന പനകളും മരങ്ങളും 

 ഇറയത്തുന്നു വെള്ളംവീഴുന്ന ശബ്ദംകേട്ടിരിക്കാറുള്ള 

 കോണിച്ചുവടും നിലത്തെ തണുപ്പും 

 പഞ്ഞിക്കിടക്കയുടെ ചെറുചൂടും മൃദുത്വവും 

 നീളൻമഴസൗന്ദര്യം നോക്കിനിൽക്കാറുള്ള ജനാലകളും

 മിന്നലിൽതെളിയുന്ന മഴനൂലുകളും 

 ഒടുവിൽ മഴതോരുമ്പോൾ പിറ്റേന്നുരാവിലെ 

 തുള്ളിത്തലപ്പാവുമേന്തി ചിരിച്ചുനിൽക്കുന്ന പുൽനാമ്പുകളും...

 ചോ...യെന്നു പെയ്യുന്ന എന്റെ കല്ലടിക്കോടൻ മഴയേ !!!!!! “


ഈ ഓപ്പോൾക്ക് ഇവിട്ത്തെ മഴാച്ചാ പ്രാന്താ.. ദേവോപ്പോൾടെ എഴുത്തു  നല്ല രസാ ലെ വാസുമാമേ... ചിലതു പക്ഷെഎനിക്ക് 

ഒന്നും മനസിലാവില്ല്യ...

സാഹിത്യാ…. ത്രേ...”

 

"അത് അനുക്കുട്ടി വലുതാവുമ്പോ മനസിലാവുട്ടോ.. ന്നാ ഇനി സമയംകളയണ്ടഓടിപ്പോയി കഴിച്ചിട്ട് വരൂ..."

                                                                                                                 ***********

അനുക്കുട്ടിയും വാസുമാമയും വർത്തമാനം പറഞ്ഞു രസിക്കണ കേട്ടോണ്ട് ദേവിക ഉച്ചമയക്കംകഴിഞ്ഞു എഴുന്നേറ്റു...

'എന്തൊരു സ്വപ്നമായിരുന്നു ദൈവമേ അത്... ഇത്രയും മനോഹരമായൊന്നു ഞാനിതുവരെ കണ്ടിട്ടില്ലല്ലോ...' അവൾഓർത്തെടുക്കുവാൻ ശ്രമിച്ചു.

 

‘ഒരു കാട്.. മൃഗങ്ങളില്ലാത്ത..പക്ഷികളും പൂക്കളും മരങ്ങളും പൂമ്പാറ്റകളും മാത്രമുള്ളവെളിച്ചം ബുദ്ധിമുട്ടിരത്നക്കല്ലുകൾപോലെ നിലത്തുവീഴുന്ന കാട്.. സ്ഫടികംപോലത്തെ വെള്ളമുള്ള കാട്ടരുവികൾകലങ്ങിമറിയുന്നവെള്ളച്ചാട്ടങ്ങൾ പതിയ്ക്കുന്ന പുഴകൾമയിലുകൾ വെള്ളംകുടിയ്ക്കാൻ വരുന്ന കാട്ടാറുകൾഅവിടെമനുഷ്യജീവിയായി താൻമാത്രംതനിക്ക് കാടിന്റെയും അവളുടെ മക്കളുടെയും ഭാഷ അറിയില്ലഅവർക്കു തൻ്റേയുംഎന്നിരുന്നാലും പരസ്പരം ഉപദ്രവിക്കാതെ കഴിഞ്ഞുപോകുന്നു.

നീർച്ചോലയിൽ നീന്തിനിലാവത്തു നക്ഷത്രങ്ങളെനോക്കി തീകാഞ്ഞിരിക്കുമ്പോൾ സ്വന്തം പാട്ടുമാത്രമേകൂട്ടുണ്ടായിരുന്നുള്ളൂ. തേനും പഴങ്ങളും ഭക്ഷിച്ചും തെളിനീരു കുടിച്ചും ഒരിടത്തും സ്ഥിരതാമസമാക്കാതെഅങ്ങനെയങ്ങനെ…

 

കാടിന്റെ അങ്ങേയറ്റത്തു വലിയൊരു മലയുണ്ട്അതു കയറിക്കയറിപ്പോയാൽ നക്ഷത്രങ്ങളേയും മേഘങ്ങളേയുംചന്ദ്രനേയും തൊട്ടടുത്തുന്നു കാണാംമഴതുടങ്ങുന്നതു കാണാംഅടിവാരത്തിൽനിന്നു നോക്കിയാൽ മഴ കാറ്റിന്റെകൈപിടിച്ച് മലയിറങ്ങുന്നതു കാണാം

രാത്രികൾ കറുപ്പും വെളുപ്പും മാത്രം തിളങ്ങുന്നതല്ല.... മിന്നുന്ന പലനിറത്തിലുള്ള ചിറകുകളണിഞ്ഞ പക്ഷികളുംപൂമ്പാറ്റകളും നൃത്തംവയ്ക്കാൻ ഇറങ്ങുന്ന സമയമാണത്. കാണാൻ താൻ പോയിട്ടും അവർ തന്നിൽനിന്ന് അകന്നുപോയില്ല. പകരം പൂന്തേൻ നിറച്ച പുഷ്പചഷകങ്ങൾ നീട്ടി. എന്തു മധുരമായിരുന്നെന്നോ അതിന്!!!അങ്ങനെ ചുവപ്പുംനീലയുംമഞ്ഞയുംവെള്ളയുംവയലറ്റും നിറങ്ങളുള്ള പുഷ്പചഷകങ്ങൾ താൻ കുടിച്ചുവറ്റിച്ചപ്പോൾ അവർക്കു തന്നെ ഇഷ്ടമായി. അവസാനം വെള്ളിയും സ്വർണവും നിറത്തിൽ മരതകപ്പച്ചഅരികുകളുള്ള പൂംചഷകം അവർ തനിക്കു നീട്ടി. അതിലെ തേൻ കുടിച്ചതോടെ തനിക്കതാ ചിറകുകൾമുളയ്ക്കുകയായി.. ശരീരം ഭാരം കുറഞ്ഞതായി... തലമുടി കരിനീലപ്പട്ടുപോലെ മിനുസമുള്ളതായി...  കണ്ണുകൾനിലാവുവീഴുമ്പോൾ തിളങ്ങുന്ന വെള്ളാരംകല്ലുപോലെ ആയി... 

താൻ പറക്കുവാൻ തുടങ്ങുന്നു...

എവിടേക്ക് ?

അവരുടെ കൂട്ടത്തിലൊരാളായോ

ഒരിക്കലുമല്ല...

ദൂരെ ദൂരെ....

തന്റെ പുതിയ ആകാശങ്ങളിലേക്ക്...

ഒറ്റയ്ക്ക്.....

 

"ദേവോപ്പോളേ തൊടീലു പൂവാൻ വായോ...". അനു ആണ്.

"ദാ വരണു അനൂട്ടീ..."

 

എന്തായാലും മറക്കുന്നതിനു മുന്നേ ഒന്ന് എഴുതിയിടട്ടെ..

നല്ല സ്വപ്നങ്ങളെ വെറുതേ കളയരുതെന്നാ.....