Skip to main content
Srishti-2022   >>  Short Story - Malayalam   >>  അവനവൻ കടമ്പ

Sajith Joseph K

Experion Technologies

അവനവൻ കടമ്പ

"എനിക്ക് തീരെ വയ്യെടാ.. ഇന്നലെ തൊട്ടു തുടങ്ങിയ പനിയാ ഇന്നൊന്നു ഹോസ്പിറ്റലിൽ പോണം. നീയൊന്നു കൂടെ വരാവോ?" മഹേഷ്കട്ടിലിൽ നിന്ന് തിരിഞ്ഞു കിടന്നു മനുവിനെ നോക്കി.

മനു വായിൽ നിന്ന് പേസ്റ്റ് പത വാഷ്ബെസിനിലേക്ക് തുപ്പി. "ഇപ്പോൾ പറ്റില്ലെടാ... ഈസ്റ്റെറിനു നാട്ടിൽ പോകാനോ പറ്റിയില്ല... പക്ഷേ ഇന്ന് പള്ളിയിൽ പോക്ക് ഒഴിവാക്കാൻ പറ്റില്ല. നീ അപ്പുറത്തെ റൂമിൽ നിന്ന് രാജേഷിനെ വിളിച്ചോണ്ട് പോ.. " വാഷ് ബേസിനിൽ വെള്ളമൊഴിച്ച് പെട്ടെന്ന് ഡ്രസ്സ്എടുത്തിട്ട് മനു പോകാൻ റെഡി ആയി.

"എന്നാൽ നീ കുറച്ചു വെള്ളം സ്റ്റൗവിൽ വച്ചിട്ട് പോ... എനിക്ക് കുറച്ചു ചൂടുവെള്ളം കുടിക്കണം.""അതിനൊന്നും സമയമില്ലെടാ ഇപ്പോൾ ഇറങ്ങിയാൽ എനിക്ക് സുനിലിന്റെ ഒപ്പം പോയി പള്ളിയുടെ മുൻപിൽ ഇറങ്ങാം. അവനിന്ന് നാട്ടിൽ പോകുന്നുണ്ട്. സ്വന്തം കാറിനാ.. " മനു പെട്ടെന്ന് പേഴ്സ് ഉം പോക്കെറ്റിൽ ഇട്ടു ഇറങ്ങി.

കുർബാന കഴിഞ്ഞപ്പോൾ 10 മണി കഴിഞ്ഞു. മനു റോഡ്സൈഡിലേക്കു മാറി നിന്നു. "നല്ല വെയിൽ പള്ളിയിൽ നിന്ന് വരുന്ന ഏതെങ്കിലും വണ്ടിക്കു കൈ കാണിക്കാം " അവൻ മനസ്സിൽ കരുതി. 3 -4 കാറുകൾക്ക് കൈ കാണിച്ചെങ്കിലും അവ സ്പീഡിൽ കടന്നു പോയി. "അല്ലെങ്കിലും കാറ് കാരന്മാർക്കു അന്യായ അഹങ്കാരമാണ്. നമുക്കെന്താ കാറൊന്നും ഇല്ലാത്തതു പോലെ "പിന്നാലെ വന്ന 2 -3 ബൈക്കുകൾക്ക് കൈ കാണിച്ചപ്പോൾ ഒരെണ്ണം നിർത്തി. മനു ഓടി വന്നു പിന്നിൽ കയറി. "പള്ളിയിൽ നിന്നും വരികയാണോ ചേട്ടാ?"ബൈക്ക് ഓടിക്കൊണ്ടിരിക്കുമ്പോൾ മനു കുശലം ചോദിച്ചു. "ഏയ്അല്ല. ഞാൻ പള്ളിയിലും അമ്പലത്തിലും ഒന്നും പോകാറില്ല. അതിനൊക്കെ എവിടാ സമയം?" ബൈക്കുകാരൻ ചിരിച്ചു. "പള്ളിയിൽ പോകുന്ന ചില തെണ്ടികളെക്കാൾ ഇവനൊക്കെ എത്ര ഭേതം " മനു മനസ്സിൽ വിചാരിച്ചു.

"അതാ ബസ്സ്റൊപ്പിന്റെ അടുത്ത് നിർത്തിയേക്കു ".. വണ്ടി ബസ്സ്റൊപ്പിന്റെ സൈഡിൽ നിർത്തിയപ്പോൾ മനു താങ്ക്സ് പറഞ്ഞിറങ്ങി. മൊബൈൽ ബെല്ലടിച്ചു. രാജേഷാണ്... "എന്തുവാടാ?""ഡാ മഹേഷിനു കുറച്ചു സീരിയസ് ആണ് അവനെ അഡ്മിറ്റ്ചെയ്തു. ഇന്ന് രാത്രി ആരെങ്കിലും കൂടെ നിക്കണം. എനിക്ക് ഒന്ന് ഓഫീസ് വരെ പോണം നാളെ ഡെഡ് ലൈൻ ഉള്ള ഒരു വർക്ക്ഉണ്ട്. നിനക്കൊന്നു നിൽക്കാമോ അവന്റൊപ്പം?""ഇന്ന് വൈകിട്ട് പറ്റില്ലെടാ... 6 മുതൽ 12 വരെ പള്ളിയിൽ ആരാധന ഉണ്ട്. നീ നമ്മുടെ ഉമ്മച്ചനോടൊന്നു ചോദിച്ചേ ""ശരിയെടാ ഞാൻ നോക്കട്ടെ " രാജേഷ്ഫോണ്വച്ചു.

ബസ്വന്നു അരികിൽ നിർത്തിയപ്പോൾ മനു ചാടി കയറി... " മഹേഷിന്റെ കാര്യം കഷ്ടം തന്നെ... "അവൻ മനസ്സിലോർത്തു.