Skip to main content
Srishti-2022   >>  Short Story - Malayalam   >>  ഇരുട്ടിൽ നിന്നും വെളിച്ചത്തിലോട്ട്

Gokul G R

UST Global

ഇരുട്ടിൽ നിന്നും വെളിച്ചത്തിലോട്ട്

എന്റെ ജീവിതത്തിൽ  ഞാൻ ഏകാന്തത  അനുഭവിച്ചുകൊണ്ടിരിക്കുകയാണ്. ആരോ  എന്നെ  ശക്തമായി ബന്ധിച്ചിരിക്കുന്നു . എവിടെയാണ്  ഞാൻ എന്നുപോലും  എനിക്ക്  മനസ്സിലായില്ല . ബന്ധനം പൊട്ടിക്കുവാൻ തിരിഞ്ഞും മറിഞ്ഞും  ഒക്കെ ഞാൻ പരിശ്രമിച്ചു  .പക്ഷെ അത് സാധ്യമായിരുന്നില്ല .നാളുകൾ കടന്നുപോയി , എങ്ങനെ ഇരുട്ടിൽ നിന്നും മുക്തമാകും   എന്നതായിരുന്നു എന്റെ ചിന്ത മുഴുവനും .

 

 

                     അങ്ങനെയിരിക്കെ ഒരു ദിവസം പുറത്തു വലിയൊരു നിലവിളി ഞാൻ കേട്ടു .  നിലവിളി എന്റെ കാതുകളിൽ തുളച്ചുകയറി . അതുവരെ എനിക്ക് ഉണ്ടായിട്ടില്ലാത്ത  ഒരു അസ്വസ്ഥത എനിക്ക് അനുഭവപ്പെട്ടു  തുടങ്ങി . ആരാണ് നിലവിളിക്കുന്നത് ? ഒച്ച വച്ചു നോക്കിയാലോ ? ആരെങ്കിലും വന്നു രക്ഷിക്കാതിരിക്കില്ല എന്ന് എനിക്ക് തോന്നി . ആശ്ചര്യം തന്നെ ആരോ എന്നെ  ബന്ധനത്തിൽ നിന്നും രക്ഷപെടുത്താൻ നോക്കുന്നു . അയാൾ  എന്നെ കെട്ടിയിട്ടിരുന്ന ചരട്  മുറിച്ചുമാറ്റി .സന്തോഷം കൊണ്ടാണോ സങ്കടം കൊണ്ടാണോ എന്ന് എനിക്ക് അറിയില്ല ഞാൻ പൊട്ടിക്കരയുകയായിരുന്നു സമയം .നാളുകൾക്കു ശേഷം ആദ്യമായി  സൂര്യൻ എന്നെ തഴുകുന്നത് എനിക്ക്  അനുഭവപ്പെട്ടു.

 

                     പുറത്തേയ്ക്കു  വന്ന  എനിക്ക്  സന്തോഷമായെങ്കിലും  , പല ചോദ്യങ്ങൾ  ഇപ്പോഴും എനിക്ക്  ബാക്കിയാണ് .ആരാണ്  ?

എന്തിനാണ്  എന്നെ ബന്ധിച്ചത് ? . ചോദ്യങ്ങളുടെ ഉത്തരം തേടി ആയിരുന്നു പിന്നെ എന്റെ സഞ്ചാരം .

 

                   ഇത്രെയും  നാളത്തെ ഒറ്റപെട്ട ജീവിതത്തിൽ നിന്നും വന്ന  എന്നോട് കാണുന്നവർക്ക് ഒക്കെ സ്നേഹം മാത്രമായിരുന്നു .പലരും എന്നെ സന്തോഷത്തോടെ കെട്ടിപിടിച്ചു ,മുത്തങ്ങൾ തന്നു . ഇത്രെയും  നാളത്തെ ഒറ്റപ്പെടൽ കൊണ്ടാണോ എന്ന് എനിക്ക് അറിയില്ല, അവർ പറയുന്നതും ചോദിക്കുന്നതും ഒന്നും എനിക്ക്  മനസ്സിലാക്കാൻ  പറ്റിയിരുന്നില്ല , തിരിച്ചു പ്രതികരിക്കാനും . കുറച്ചുകാലം എടുത്തെങ്കിലും ബാക്കിയുള്ളവർ പറയുന്നത് മനസ്സിലാക്കാൻ   ഞാൻ  ശ്രമിച്ചു തുടങ്ങിയിരുന്നു .  

                എന്റെ ചോദ്യങ്ങളുടെ ഉത്തരവുമായി രണ്ടുപേർ എന്റെ ജീവിതത്തിലോട്  കടന്നുവന്നു . അവർ എന്നോട് അവരാണ് എന്നെ ബന്ധിച്ചിരുന്നത് എന്ന സത്യം തുറന്നു  പറഞ്ഞു . എന്തെന്നറിയില്ല അവരോടു ദേഷ്യമായിരുന്നില്ല എനിക്ക് തോന്നിയത് മറിച്ചു സ്നേഹം മാത്രമായിരുന്നു .

 

                    പിന്നെയും  ഒരു ചോദ്യം  ബാക്കിയായിരുന്നു എന്തിനായിരുന്നു എന്നെ ബന്ധിച്ചത്?.അതിനുള്ള ഉത്തരം അവർ പറഞ്ഞത് അവരെയും രണ്ടുപേർ ബന്ധിച്ചിരുന്നു  അതുകൊണ്ടാണ് എന്നെ ബന്ധിച്ചരുന്നത്  എന്നായിരുന്നു . അതൊക്കെ അന്ന്   എനിക്കൊരു കൗതുകമായി  തോന്നി .

          പിന്നീടങ്ങോട്ട്  അവർ എന്നെ കൈപിടിച്ച് അക്ഷരങ്ങളുടെ ലോകത്തോട്ട് കൊണ്ട് പോയി. അവിടെ ഞാൻ കണ്ടത് എന്നെ  പോലെ ബന്ധനത്തിൽ നിന്ന്  മോചിതരായ കുറച്ചു സുഹൃത്തുക്കളെയായിരുന്നു. അക്ഷരങ്ങൾ പറഞ്ഞു  തന്നവരിൽനിന്നും  എന്നെ  ബന്ധനത്തിൽ  നിന്നും മോചിപ്പിച്ച ദൈവത്തിന്റെ മാലാഖമാരെ പറ്റി  ഞാൻ പഠിച്ചു .

 

    പിന്നെ സൗഹൃദങ്ങൾ വളർന്നു . സുഹൃത്തുക്കളോട് സംസാരിക്കുന്നതിനിടയിലാണ് ഞാൻ മനസ്സിലാക്കിയത്  ഞാൻ   അമ്പലത്തിൽ കാണുന്ന ആളെ എന്റെ ചില സുഹൃത്തുക്കൾ ചർച്ചിലും ചിലർ പള്ളിയിലും കാണാറുണ്ടെന്ന്

ദൈവം എന്ന നാമത്തിൽ അദ്ദേഹത്തിനെയും  പല സ്ഥലങ്ങളിലായി  ബന്ധിച്ചിരിക്കുന്നു എന്ന് എനിക്ക് അന്ന് മനസിലായി . മതങ്ങൾ എന്ന മതിലുകൾ ഞാൻ അറിയാതെ അവിടെ വളരുന്നുണ്ടായിരുന്നു .

 

                 കാലങ്ങൾ കടന്നുപോയി. പിന്നെ  അങ്ങോട്ട്മത്സരങ്ങളായി , ജീവിതത്തിൽ ആരോടൊക്കെയോ ഞാൻ  മത്സരിച്ചു തുടങ്ങി . ഞാനറിയാതെ  ഞാൻ ചില ശത്രുക്കളെ ഉണ്ടാക്കി .ഇതിനിടയിൽ എന്നെ ബന്ധിച്ചിരുന്നവരെ അറിഞ്ഞുകൊണ്ടല്ലാതെ ഞാൻ എപ്പോഴൊക്കെയോ  വേദനിപ്പിച്ചു .

ഞാൻ വേദനിപ്പിച്ചതൊന്നും പക്ഷെ  അവർ മനസ്സിൽ വച്ചിരുന്നില്ല എന്നതാണ് കൗതുകം  . അവർ എന്റെ ആഗ്രഹങ്ങൾ ഓരോന്നായി വീണ്ടും  വീണ്ടും  സാധിച്ചുതന്നു

          എന്റെ സന്തോഷത്തിലും ദുഖങ്ങളിലും  അവർ പങ്കുചേർന്നു . എന്റെ നന്മയ്ക്കുവേണ്ടി അവർ കഷ്ടപെട്ടുകൊണ്ടേയിരുന്നു .

ഇന്ന് അവരാണ് എന്റെ ദൈവം

 

          ഇരുട്ടിൽ നിന്നും വെളിച്ചത്തിലോട്ടു വന്നു  എന്ന് ചിന്തിച്ചിരുന്ന എനിക്ക് തെറ്റുപറ്റിയിരുന്നു . നീണ്ട പത്തു മാസത്തോളം എന്നെ ബന്ധിച്ചിരുന്ന  പൊക്കിള്ക്കൊടിയും  ,അമ്മയുടെ ഗർഭപാത്രവും  അന്ധകാരം അല്ലായിരുന്നു എനിക്ക്  നൽകിയത് എന്ന്  ഞാൻ  മനസ്സിലാക്കി കഴിഞ്ഞിരിക്കുന്നു  .

അവിടെ ആയിരുന്നു ഞാൻ ഏറ്റവും സുരക്ഷിതൻ .അവിടെയായിരുന്നു നന്മയും .