Skip to main content
Srishti-2022   >>  Short Story - Malayalam   >>  കര്യാത്തൻ

കര്യാത്തൻ

വെള്ളാട്ട് തിറയുടെ ചെണ്ടമേളം ഇപ്പോൾ മുറുകുന്നുണ്ടാവും.ശബ്ദം നേർത്ത്  നേർത്ത് വരുന്നു.ചെവി വട്ടം പിടിച്ചു നോക്കി.ഇല്ല, കേൾക്കുന്നില്ല. ജീപ്പിന്റെ ടയറിന്റെ ശബ്ദം മാത്രം. ശശിയേട്ടൻ മുന്നിൽ നിന്ന് എന്തോ പറഞ്ഞ് ചിരിക്കുന്നു.അടുത്ത തിറയ്ക്കുള്ള ഒരുക്കങ്ങൾ നടക്കുന്നുണ്ടാവുമിപ്പോൾ. കരിയാത്തനാണ് ഇവിടുത്തെ ദൈവ സങ്കല്പം. ചെറുപ്പത്തിൽ അമ്മയുടെ കൂടെയായിരുന്നു തിറയ്ക്ക് പോവുക.പിറ്റേന്ന് രാവിലെയെ തിരിച്ചു വരൂ.വലിയ കുരങ്ങ് ബലൂണുകളും പീപ്പികളും നോക്കി കുറേ നിന്നിരുന്നാലും അമ്മ വാങ്ങിതരില്ലതോറ്റം പാട്ടിന്റെ ശബ്ദം ഉച്ചസ്ഥായിലെത്തിയോ? കരിമ്പാലന്മാർ ഉറയാൻ ആരംഭിച്ചു കാണണം. ഉറഞ്ഞു തുള്ളുന്ന കരിമ്പാലർ ഒരു പ്രത്യേക സമയത്ത് ഇരുട്ടിലേക്ക് തുറിച്ച് നോക്കി ഓടും. അവരെ പിടിക്കാൻ വേണ്ടി തടിമിടുക്കുള്ള കുറച്ചു പേർ ഉണ്ടാകും. പിടിച്ചിട്ടു കിട്ടിയില്ലേൽ അവർ കല്ലായി പോവുമെത്രെ. അമ്മ പറഞ്ഞതാണ്. അങ്ങനെയുള്ള കല്ലുകൾ കണ്ടാൽ തിരിച്ചറിയാൻ പറ്റുമെത്രെ. അമ്മ പക്ഷെ ഇതുവരെ കണ്ടിട്ടില്ല. എല്ലാം ചെറുപ്പത്തിൽ കേട്ടതാണ്. ഞാൻ കണ്ടപ്പോഴെക്കെ എല്ലാവരെയും പിടികിട്ടിയിരുന്നു. പിന്നീട് അവരെ ഇളനീർത്തറയിൽ കൊണ്ടുപോകും ഉറയൽ തീർക്കും.

 

 "എടാ നീ ഇനി എന്നാ തിരിച്ച്പ്രമോദിന്റെ ചോദ്യം എന്നെ ചിന്തയിൽ നിന്നുണർത്തി . ഞാൻ തിരിച്ചൊന്നും പറഞ്ഞില്ല. "നീ വരുമ്പോൾ കുറേ ബോളും രണ്ട് ബാറ്റും കൊണ്ടുവരണം". ഞാൻ  വെറുതെ ചിരിച്ചു

വീണ്ടും ഞാൻ ചിന്തയിലേക്കമർന്നു. "നമുക്ക് രണ്ട് ജീവിതമാണുണ്ടാവുക. ഒന്ന് കല്യാണത്തിനു മുൻപ് . ഒന്ന് അതിനുശേഷവും". അടുത്ത വീട്ടിലെ ദാമോദരേട്ടൻ അച്ഛനോട് പറയുന്നത് ഞാൻ കേൾക്കാറുണ്ടായിരുന്നു. "ചിലപ്പോ ആദ്യത്തെ ആയിരിക്കും നല്ലത് ചിലപ്പോൾ മറ്റേത് . രണ്ടും നന്നാവുക ചുരുക്കാ".  എന്നാൽ ഇപ്പോ ഒന്നൂടെ ഉണ്ട് ദാമോദരേട്ടാ എന്നെനിക്ക് തോന്നി. രണ്ടും കൂടാതെ മറ്റൊരു ജീവിതം. മറുനാടൻ ജീവിതം. ഇതറിയാൻ ദാമോദരേട്ടൻ ഇന്നില്ല.

 

 അവൻറെ കോളേജിലെ അടിപിടി ആണ് എല്ലാം മാറ്റിമറിച്ചത്. ന്യായം അവൻറെ പക്ഷത്ത് ആണത്രേ. എന്ത് പറയാൻ. പോലീസ് കേസായി സാക്ഷികളും ഉണ്ട്. ഒതുക്കിതീർക്കാൻ എട്ട് ലക്ഷമാണ് പോലീസും മറ്റുള്ളവരും മുന്നോട്ടുവച്ചത് . അത് പിന്നീട് ഗോപിയേട്ടൻ ഇടപെട്ട് അഞ്ച് ലക്ഷത്തിൽ എത്തിച്ചേർന്നുഇത്രേം തുക ഞങ്ങളുടെ കയ്യിലുള്ളത് മൊത്തം വിറ്റാൽ കിട്ടുമോന്ന് സംശയമാണ്. അച്ഛൻ , അച്ഛൻറെ ടാക്സി പെർമിറ്റ് വിറ്റിട്ടും  അമ്മയുടെ കയ്യിലുള്ളതെല്ലാം വിറ്റിട്ടും രണ്ട് ലക്ഷത്തിന് അടുപ്പിച്ച് ഉണ്ടാക്കി. അമ്പതിനായിരം അവനും കൂട്ടുകാരൊക്കെ ചേർന്ന് കൊണ്ടുവന്നു തന്നു. ഇനിയും വേണം രണ്ടരലക്ഷം. ഞങ്ങളുടെ കുടുംബത്തിൽ കുറച്ചെങ്കിലും പണക്കാരൻ  എന്ന് പറയുന്നത് അച്ഛൻറെ വകയിലൊരു മാമൻ ആയിരുന്നു. ഉണ്ണി മാമൻ

 

 "ഡാ  ഇവിടെ കിട്ടുന്ന മീൻ എല്ലാം അവിടെ കിട്ടും. നമ്മളെപ്പോലെ അവരുടെയും പ്രധാന കറി മീനാണ്" . പ്രമോദ് തന്റെ അറിവ്  അറിയിക്കാൻ ശ്രമിച്ചു. ഉണ്ണി മാമൻ ഞങ്ങളുടെ ചെറുപ്പത്തിലെ കൽക്കട്ടയിലേക്ക് പോയതാണ്. വല്ലപ്പോഴുമേ നാട്ടിൽ വരാറുള്ളൂ. ഭാഗ്യത്തിന് (അതോ എൻറെ ദൗർഭാഗ്യത്തിനോ) സമയത്ത് നാട്ടിലുണ്ടായിരുന്നു. മാമനോട് പോയി ചോദിക്കാൻ അമ്മയാണ് പറഞ്ഞത്. "അറുത്ത കൈക്ക് ഉപ്പു തേക്കാത്തവനാ അവൻ. അവനോടു ചോദിച്ചിട്ട് ഒരു കാര്യമില്ല. അല്ലേലും  അത്രയൊന്നും  ആരും കടം തരില്ല". അച്ഛൻ ഓരോ കാരണം പറഞ്ഞു പോകാൻ മടിച്ചു. "നിങ്ങൾ പോയി  ചോദിച്ചുനോക്കൂ അത്രയില്ലെങ്കിലും കുറച്ചെങ്കിലും  തരാതിരിക്കില്ല. ബോംമ്പെൽ  പോകുന്നതിനുമുമ്പ് അവൻ നിങ്ങളുടെ വീട്ടിൽ നിന്നല്ലേ പഠിച്ചത്". ബോംമ്പേലല്ല കൽക്കട്ട എന്ന് എനിക്ക് പറയാൻ തോന്നിയെങ്കിലും മിണ്ടിയില്ല.

 

 എന്നെയും കൂട്ടിയാണ് അച്ഛൻ ഉണ്ണി മാമൻറെ അടുത്തേക്ക് പോയത്. അച്ഛൻ കാര്യമെല്ലാം  ഒരുവിധത്തിൽ അവതരിപ്പിച്ചെങ്കിലും  ഇനിയെത്ര രൂപയുടെ കുറവ് ഉണ്ടെന്ന് മാത്രമാണ് പറഞ്ഞത്. ഉണ്ണി മാമന് കാര്യമെന്തായാലും മനസ്സിലായി. മാമൻറെ ഭാര്യ ചായപ്പൊടി ഒന്ന് തുറന്നു തരുമോ എന്ന് പറഞ്ഞു  മാമനെ അകത്തേക്ക് വിളിച്ചു. "പഴയ തോന്നും ഓർത്ത് വിഡ്ഢിത്തം ഒന്നും ചെയ്യല്ലേ എന്ന്  ഉപദേശിക്കാനായിരിക്കുമെന്ന്" അച്ഛൻ എന്നോട് പറഞ്ഞു. ഞാൻ വെറുതെ പുഞ്ചിരിച്ചു.മാമൻ പുറത്തേക്ക് വന്നു കുറച്ചുനേരം മിണ്ടാതിരുന്നുപിന്നീട് എന്നെ കുറിച്ച് ചോദിച്ചു ഞാൻ ബിഎസ്സി കഴിഞ്ഞ പോസ്റ്റ് ഗ്രാജ്വേഷൻ തയ്യാറെടുക്കുകയായിരുന്നു. മാമൻ വീണ്ടും മൗനത്തിലേക്ക് വഴുതി. ചായ കുടിച്ച് ഇറങ്ങാൻനേരം അച്ഛനോട് മാമൻ "ഞാൻ ഒന്നാലോചിക്കട്ടെ. രണ്ടുദിവസം കഴിഞ്ഞ് ഞാൻ അങ്ങോട്ട് വരാം" എന്ന് പറഞ്ഞ് യാത്രയാക്കി.

 

  "അവൻ വരാനൊന്നും പോകുന്നില്ല" അച്ഛൻ വരുന്നവഴിക്ക് എന്നോട് പറഞ്ഞു  "എങ്ങനെ ഉണ്ടാക്കുടാ രണ്ടരലക്ഷം" അച്ഛൻ എന്നോട് സങ്കടത്തോടെ ചോദിച്ചു. ഞാനൊന്നും മിണ്ടിയില്ല അഞ്ഞൂറ് രൂപ പോലും എൻറെ കയ്യിൽ ഇല്ല "പൈസ കൊടുത്തില്ലേ അവൻറെ ഭാവി പോവുല്ലെ പിന്നെ അവൻ എന്തു ചെയ്യും" അച്ഛൻ വീടെത്തും വരെ പറഞ്ഞുകൊണ്ടിരുന്നു എൻറെ മനസ്സിൽ ഒരു വഴിയും തോന്നിയില്ല

 

 അച്ഛന് തെറ്റി. ഉണ്ണി മാമ രണ്ടുദിവസം കഴിഞ്ഞ് വീട്ടിൽ വന്നു അച്ഛൻ ഇപ്പോ മറ്റൊരു വണ്ടിയിൽ ഡ്രൈവറായി പോകുന്നു. ഇതുവരെ എത്തിയില്ല. അവൾ അനിയത്തി സ്കൂളിൽനിന്നും വന്നതേയുള്ളൂ. അച്ഛൻ എത്താൻ എട്ട് മണിയെങ്കിലും ആവും ."ദാ ഇപ്പൊ വരും ഇപ്പൊ വരും" എന്ന് പറഞ്ഞ് അമ്മ ഉണ്ണി മാമനെ എട്ടുമണിവരെ പിടിച്ചിരുത്തി. അച്ഛൻ വന്ന ഉടനെ തന്നെ മാമൻ കാര്യം പറയാൻ തുടങ്ങി "രണ്ടു ലക്ഷം രൂപ ഞാൻ തരാം. പക്ഷെ ഒരു കണ്ടീഷൻ " അമ്മയ്ക്ക് കണ്ടീഷൻ എന്നതിൻറെ അർഥം മനസ്സിലായില്ലെങ്കിലും  പണയം എന്തോ ആവശ്യപ്പെടുകയാണ് എന്ന് മനസ്സിലായി. മാമൻ തുടർന്നു. "കമ്പനിയിൽ ഒരു വേക്കൻസി ഉണ്ട്. ഇവൻ അതിനു തയ്യാറാണെങ്കിൽ..." മാമൻ നിർത്തി  എന്നെ നോക്കി.  "കണ്ടീഷൻ എന്താച്ചാ  രണ്ടുവർഷം ശമ്പളം ഉണ്ടാവില്ല. അല്ല തീരെ ഇല്ലെന്നല്ല ഭക്ഷണത്തിനുള്ള കാശ് കിട്ടും. തമസോം". താമസം എന്നുവെച്ചാൽ മറ്റുള്ള എംപ്ലോയിസ്ന്റെ കൂടെ. മാമന്റെ കണ്ടീഷൻ തീർന്നില്ല "അഞ്ച് വർഷം എന്തായാലും ജോലി ചെയ്യണം. രണ്ടുവർഷത്തിനുശേഷം പിനീടുള്ള മാസങ്ങളിൽ ശമ്പളം കിട്ടും മുഴുവനായും. ഇത് സമ്മതാച്ചാൽ രണ്ടുലക്ഷം രൂപ ഒരാഴ്ചയ്ക്കുശേഷം ഞാൻ എത്തിക്കും. എൻറെ കൂടെ അവന് അങ്ങോട്ട് വരാം ആലോചിച്ച് പറഞ്ഞ മതി". മാമൻ തൻറെ നീളൻ ടോർച്ചുമായി മുറ്റത്തേക്കിറങ്ങി.

  അച്ഛൻ അമ്മയ്ക്ക് വിശദമായി കാര്യങ്ങൾ പറഞ്ഞു കൊടുത്തു അമ്മയുടെ മുഖഭാവം എനിക്ക് മനസ്സിലായില്ല. ഒരുപക്ഷേ അനിയൻറെ പ്രശ്നവും തീരും എനിക്കൊരു ജോലിയും കിട്ടി എന്ന ചിന്തയായിരിക്കും അമ്മയ്ക്ക്. അതോ ബാക്കിയുള്ള അമ്പത് എങ്ങനെ ഉണ്ടാക്കുമെന്നോ? അച്ഛന് പക്ഷേ എൻറെ മനോഭാവം മനസ്സിലായി എം എസ്സി യ്ക്കുള്ള എൻറെ അഡ്മിഷൻ ശരിയായിരിക്കുകയായിരുന്നു. ബിഎസ്സി ഞാൻ നല്ല മാർക്കോടെയാണ് പാസായത്. എനിക്ക് ഒരുപാട് ആഗ്രഹങ്ങൾ ഉണ്ടായിരുന്നു അത്  ഞാൻ അച്ഛനോട് പറഞ്ഞിരുന്നു എന്നെ പഠിപ്പിക്കാൻ അച്ഛൻ ഒരുപാട് കഷ്ടപ്പെടുകയും ആഗ്രഹിക്കുകയും ചെയ്തിട്ടുണ്ടായിരുന്നു. പക്ഷേ അച്ഛൻ ഇപ്പോൾ ഒന്നും മിണ്ടിയില്ല ഞാൻ തീരുമാനിക്കട്ടെ എന്നായിരിക്കും അച്ഛൻ ചിന്തിക്കുന്നത്.

 

  "നിൻറെ ആഗ്രഹങ്ങളൊക്കെ എനിക്കറിയാം മോനേ നിനക്ക് താഴെ ഒരു പെൺകുട്ടി ഉള്ളതോണ്ടാണ്. ഇല്ലേൽ  ഞാനിത് പണയംവെച്ച്..." . അച്ഛന്റെ കണ്ണ് നിറയുന്നത് ഞാൻ ശ്രദ്ധിച്ചു. പകരം എന്നെ പണയംവെച്ചു അല്ലെ അച്ഛാ എന്ന് ഞാൻ ചോദിച്ചില്ല. ജീപ്പ് ഏതോ ഗട്ടറിൽ വീണു വല്ലാതെ കുലുങ്ങി. "മര്യാദയ്ക്ക് നോക്കി ഓടിക്കെടാ" സജീവനെ ശശിയേട്ടൻ ചീത്തവിളിച്ചു. ഉണ്ണി മാമൻറെ കൂടെ എനിക്ക് പോകാൻ കഴിഞ്ഞില്ല. ഒരാഴ്ച കൂടി കഴിഞ്ഞു വരാം എന്ന് ഞാൻ പറഞ്ഞു. അഡ്മിഷന് കൊടുത്ത സർട്ടിഫിക്കറ്റ് തിരിച്ചു മേടിക്കണം. അതിലുപരി കര്യാത്തൻ തിറയായിരുന്നു മനസ്സിൽ. ഇത് വരെ മുടക്കിയിട്ടില്ല.. ഒരു പക്ഷെ ഇതായിരിക്കും അവസാനത്തെ. " ഡാ നിന്റെ മാമന് ഒരു മോളില്ലെ. നിന്റെ പഴയ കളിക്കൂട്ടുകാരി".   ശശിയേട്ടൻ ഒരു സിനിമയ്ക്കു കഥയുണ്ടോന്നു നോക്കി. മാമന് പക്ഷെ കുട്ടികളേ ആയിട്ടില്ല. വീട്ടിൽ നിന്നും ഇറങ്ങുമ്പോൾ ആരുടെയും മുഖത്ത് നോക്കാതിരിക്കാൻ ഞാൻ ശ്രമിച്ചു. അമ്മയുടെയും അനിയത്തിയുടെയും മുഖത്ത് എന്നെ പിരിയുന്ന സങ്കടമായിരുന്നു . അനിയൻറെ മുഖത്തെ നിസ്സഹായത ഞാൻ കണ്ടു. അവന് ശരിക്കും വിഷമം ഉണ്ട് അവന്റെ മുഖത്ത് ഞാൻ നോക്കിയില്ല. അച്ഛന്റെ  മുഖത്തെ കുറ്റബോധം ആയിരിക്കുമോ ഞാൻ നോക്കിയില്ല . എൻറെ വികാരം പോലും  എനിക്ക് മനസ്സിലാക്കാൻ കഴിയുന്നില്ല. ചെണ്ടകൊട്ട് അടുത്തുവരുന്നു അമ്മ വടക്കേ കോലായിൽ പോയി നോക്കിയിട്ട് പറഞ്ഞു. "ഇളനീർകുല വരുന്നുണ്ട് കരിയാത്തന് കറുപ്പ് കൊടുത്തിട്ടേ പോകാവൂഞാനും വരാം." തിറയുടെ അന്ന് രാത്രിയായിരുന്നു ട്രെയിൻ ടിക്കറ്റ് കിട്ടിയത്. വെള്ളാട്ട് തിറ തുടങ്ങിയിട്ടില്ല. മുന്നൂറ്റൻ വേഷം കെട്ടിയാടുന്നു. അടുത്ത് വന്നപ്പോൾ മുന്നൂറ്റനോട് അമ്മ എല്ലാം പറഞ്ഞു. മുണ്ട് കൊടുക്കുമ്പോൾ എന്റെ കൈപിടിച്ച് മുന്നൂറ്റൻ പറഞ്ഞു " ഏടപ്പോയാലും പോയാലുംഞാനുണ്ടാവും.ധൈര്യായി പോയിക്കോ ഞാനുണ്ടാവും കൂടെ ". കെട്ടിയാടുന്നവർ കര്യാത്തനാന്നെന്നാണ് സങ്കല്പം

 റെയിൽവെ സ്റ്റേഷനിലേക്ക് വേറെ ആരും വരേണ്ടന്ന് ഞാൻ തന്നെയാണ്പറഞ്ഞത്. വയ്യ യാത്ര പറയാൻ വയ്യ. ജീപ്പ് സ്റ്റേഷന്റെ അരികിലെ റോഡിൽ നിരങ്ങി നിന്നു.

 

                            ***

 

 എനിക്ക് എൻറെ വികാരത്തെ അടക്കാനാവുന്നില്ല. വീട്ടിലെ ബംഗാളിയായ ബാസു ദേബിനോട് ബംഗാളി സംസാരിക്കാൻ പഴയ ബാഗിൽ തപ്പിയപ്പോഴാണ്  പണ്ടത്തെ ഡയറി കിട്ടിയത്. എന്റെമ്മേ. ഇരുപത്തി മൂന്ന് വർഷം മുമ്പുള്ള....  പത്തൊമ്പത് വയസ്സുള്ളപ്പോൾ എഴുതിയത്. കൽക്കട്ടയിലെ എത്തിയപ്പോൾ ആദ്യ കുറെ നാളുകൾ. ജോലിയിൽ പ്രവേശിച്ച പാടുള്ള നാളുകളിൽ എനിക്ക് വല്ലാത്ത ശ്വാസം മുട്ടുന്ന പോലെയായിരുന്നു . അന്നത്തെ പ്രധാന ആശ്വാസം എഴുത്തായിരുന്നു. ആലോചിക്കാൻ പോലും വയ്യ . അന്നത്തെ പത്തൊമ്പത്കാരനിൽ നിന്നും ഇന്ന് ഞാൻ ഒരുപാട്  ഒരുപാട് സഞ്ചരിച്ചിരിക്കുന്നു. കൽക്കത്തയിൽ നിന്നു വന്നിട്ടു തന്നെ പതിമൂന്ന് വർഷമാകുന്നു. കഴിഞ്ഞവർഷമാണ് അച്ഛൻ പോയത്. മാമന്റെ കമ്പനിയിൽ ഞാൻ നാല് വർഷം ജോലി ചെയ്തു. അഞ്ച് വർഷം  എന്നായിരുന്നു എഗ്രിമെൻറ് എങ്കിലും എൻറെ ഫീലിംഗ്സ് മനസിലാക്കി മാമൻ നാല് വർഷം കഴിഞ്ഞപ്പോൾ  എൻറെ ഇഷ്ടംപോലെ ചെയ്തോളാൻ പറഞ്ഞു പിന്നീട്  ജോലിയിൽ നിന്നും രാജിവെച്ച് ആറുമാസം പി ജി എൻട്രൻസ് പ്രിപ്പയർ ചെയ്തു  കൽക്കത്തയിലെ പ്രസിഡൻസി യൂനിവേഴ്സിറ്റിയിൽ - എത്രയോ മഹാൻമാർ പഠിച്ചിറങ്ങിയകെമിസ്ട്രി പിജിക്ക് ചേർന്നു അവിടെനിന്ന് റിസർച്ചിന് പുറത്തേയ്ക്ക്... ഒരുപക്ഷേ എന്റെ പഠിത്തത്തിൽ എന്നേക്കാൾ കൂടുതൽ സന്തോഷം ആയത് അച്ഛനായിരുന്നു. അച്ചനോട് എനിക്ക് ആദ്യമൊക്കെ വല്ലാത്ത ദേഷ്യമായിരുന്നു. എല്ലാ ചടങ്ങുകളിലും ഞാനവരെ കൽക്കട്ടയിലേക്ക് കൊണ്ടുവന്നിരുന്നു. ഒരുപാട് കാലം കഴിഞ്ഞിരിക്കുന്നു

 

 ചെണ്ടമേളം മുറുകുന്നു. മോനെയും കൂട്ടി കരിയാത്തനെ കാണാൻ തിടുക്കത്തിൽ ഞാനിറങ്ങിതിറ നടക്കുന്ന കാവിനു മാത്രം ഒരു മാറ്റവുമില്ല . അവിടെ നിൽക്കുമ്പോൾ അമ്മ അടുത്ത് വന്ന് കൈ പിടിക്കുന്നതു പോലെ തോന്നും... കര്യാത്തൻ ഉറഞ്ഞാടുകയായിരുന്നു. "ധൈര്യമായി പോയിക്കോ ഞാനുണ്ടാവും കൂടെ". കരിയാത്തന്റെ ശബ്ദം കാതിൽ  കേൾക്കുന്നതു പോലെ.