Skip to main content
Srishti-2022   >>  Poem - Malayalam   >>  കൃത്യം

കൃത്യം

മിസ്റ്റർ കരുണൻ, കടം വാങ്ങിയ ഒരു തീപ്പെട്ടിക്കൊള്ളിയുടെ ബന്ധമേ നമ്മൾ തമ്മിലുണ്ടാകുമായിരുന്നുള്ളു; ആ മിനുക്കത്തിൽ നിന്റെ മുഖം നിന്നെ ഒറ്റിയില്ലായിരുന്നെങ്കിൽ.

 

തിരിച്ചേൽപ്പിക്കാതെ  കായലോളങ്ങളിലേക്ക് ഞാനാ തീപ്പെട്ടി വലിച്ചെറിയുമ്പോൾ കാലിയായിരുന്നോ എന്ന് നീ നെറ്റി ചുളിച്ചില്ല. 

ഒരപകടവും ഭാവിച്ചില്ല.

എന്നെ അവഗണിച്ച് നീ നിന്റെ പുറന്തോടിനുളളിലെ നിഗൂഢതകളിലേയ്ക്ക്  ഊളിയിട്ടു പോയി. 

തികച്ചും സ്വാർത്ഥമായത്.

അപരിചിത സാന്നിദ്ധ്യത്തിന്റെ  നിരുപദ്രവകരമായ പര്യവസാനം എന്നു നീ.

നീറും മനോവ്യഥയ്ക്കിതാ പര്യവസാനം എന്ന് ഞാൻ.

 

ഒരേ തോണിയിൽ യാത്ര ചെയ്യാൻ 

സമയം തെറ്റിയെത്തിയ രണ്ട് യാത്രക്കാർ. 

രാത്രിയിൽ മുടിക്കെട്ടഴിഞ്ഞു പോയൊരു പുഴയും കാത്തിരിക്കും കാമുക ശിൽപം പോലൊരു കടവും.

ഓളങ്ങളിൽ വീണു തെന്നിപ്പോകുന്ന വെളിച്ചത്തുണ്ടുകൾക്കിപ്പുറം

 മൗനം പുകച്ചു തള്ളുന്ന രണ്ട് കരിങ്കുറ്റികൾ നമ്മൾ പുറം തിരിഞ്ഞിരിക്കുന്നു.

അകലങ്ങളിൽ ബോട്ടിന്റെ തുരുമ്പു വെളിച്ചം.  

ലക്ഷ്യമടുത്തു എന്നു നീയും ഏറെയടുത്ത് എന്ന് ഞാനും.

 

നിന്റെ ചിന്തകളും ബോട്ടുലഞ്ഞ ഓളപ്പരപ്പും ഒപ്പമാണ്...

വ്യതിചലനങ്ങളിൽ നിന്നെ വായിക്കാനുള്ള 

എന്റെ എല്ലാ ശ്രമങ്ങളും പരാജയപ്പെടുമെന്ന് 

നീ വൃഥാ മോഹിക്കുന്നു.

മിസ്റ്റർ കരുണൻ, നിന്റെ മുഖം തിരിച്ചുള്ള ഇരിപ്പിനും എന്റെ കാത്തിരിപ്പിനും 

ഈ നിമിഷം അടിസ്ഥാനമില്ലാതാവുകയാണ്.

 

കാറ്റിലുലയുന്ന ഓലത്തുമ്പിലും

ഓളത്തിലലയുന്ന പലകത്തുണ്ടിലും ദ്രുതം പാഞ്ഞടുക്കുന്ന നിന്റെ ജാഗ്രത.

കൗശലത്തിന്റെ പിൻ ക്യാമറ.

കുഞ്ഞുപെൺകരുത്തിനെ കശക്കി 

ഞെരിച്ചാഹ്ളാദിച്ച നിന്റെ ദൃഢ പേശികൾ.

പച്ച രക്തം നുണയുന്ന പല്ലിന്റെ ക്രൗര്യം.

ഇവയ്ക്കൊന്നും എന്റെ വേഗത്തെ  ചെറുക്കാനാവില്ല.

 

ഒരു കുതിപ്പ്. 

 

അടിതെറ്റിയ നിന്റെ ശിരസ്, ചവിട്ടുപലകകൾക്കടിയിൽ

ദാ ഇങ്ങനെ കായലിൽ മുക്കിപ്പിടിക്കാൻ എനിക്ക് അര നിമിഷം മതി. 

ഉലയുന്ന ഇരുട്ടിൽ ഉയരട്ടെ

അലർച്ചകൾ,

ആയിരം പൂത്തിരികൾ പതഞ്ഞു പരക്കട്ടെ.

പ്രണയ പ്രവാഹത്താൽ ഉളളം 

നിറയട്ടെ.

നന്നായി തണുക്കട്ടെ,

നിന്റെ കാമനകൾ.

 

വെയിലായിരുന്നെങ്കിൽ,

കുഞ്ഞ് കുമിളകളിൽ ഒഴുകിപ്പറന്ന്, നീ മാരിവില്ലുകൾ വിരിയിക്കുമായിരുന്നോ?

പകലിന്റെ ഉടലിനെ ത്രസിപ്പിക്കുമായിരുന്നോ?

അവൾ ചിരിക്കട്ടെ...

സ്ഥലനാമം മാത്രമുള്ള പെൺകിടാവ്.

ഒരു വെയിൽപ്പാതിയിൽ, നീ ഊതിപ്പറപ്പിച്ച അവളുടെ 

ചിരി മുത്തുകളിലൊന്ന് 

പാറി വീണുടഞ്ഞത് 

എന്റെ ഹൃദയത്തിലാണ്.

 

മിസ്റ്റർ കരുണൻ, ഇത് അവൾക്ക് വേണ്ടി ഞാൻ അന്നേ കടം കൊണ്ട  തീക്കൊള്ളി.

ആ ഒരു ബന്ധമേ നമ്മൾ തമ്മിലും ഉണ്ടായിരുന്നുള്ളൂ.