Skip to main content
Srishti-2022   >>  Short Story - Malayalam   >>  ചേലങ്ങാടിലെ ചിത്രശലഭം

Rahul Raveendran

Tata Elxsi

ചേലങ്ങാടിലെ ചിത്രശലഭം

                "ആഹാ നിങ്ങള് രാവിലെ തന്നെ എത്തിയോ?" പൂമുഖത്തേക്കു കേറി വരുന്ന അതിഥികളെ നോക്കി മാത്തച്ചൻ ചോദിച്ചു.

"ഹാ അതെങ്ങനാന്നെ, ഡെയ്സി മോളെ പെണ്ണ് കാണാൻ വരുവല്ലയോ. അപ്പൊ നമ്മളൊക്കെ നേരത്തെതന്നെ ഇങ്ങേത്തണ്ടേ! പിന്നെ സ്കൂൾ അടച്ചത് കൊണ്ട് പിള്ളേരേം കൊണ്ട് തലേദിവസം തന്നെ ഇങ്ങു  പോന്നേക്കാമെന്നും വച്ചു." പടികൾ കേറുന്നതിനിടയിൽ ആൻസി മാത്തച്ചനെ നോക്കി പറഞ്ഞു.  

"അല്ലാ... ഡെയ്സി മോളെന്ന് പറയുമ്പോ മാത്തച്ചൻറെ...." കസേരയിലിരുന്ന് പാക്ക് ചവച്ചുകൊണ്ടിരുന്ന രാഘവൻ പൊടുന്നനെ ചോദിക്കുകയുണ്ടായി.

"എൻറെ ഇളയവനില്ലയോ, അവൻറെ ഏക മകളാ." ഉമ്മറത്തെ ചാരുകസേരയിൽ ചാരി ഇരുന്നുകൊണ്ട് മാത്തച്ചൻ പറഞ്ഞു. അടുത്തേക്ക് ചിരിച്ചുകൊണ്ട് വന്ന കൊച്ചുമക്കളെ അയാൾ പതിയെ താലോലിച്ചു. "ആൻസിയെ, നീ പിള്ളേരേം വിളിച്ചോണ്ട് അകത്തുപോയി അവർക്കു വല്ലോം കഴിക്കാൻ കൊടുക്ക്. നിൻറെ അമ്മച്ചിയും സാറാമ്മയും ചേർന്നു രാവിലെ തന്നെ അപ്പവും മുട്ടക്കറിയും ഉണ്ടാക്കീട്ടുണ്ട്."

പിള്ളേരേം കൊണ്ട് അകത്തേക്കു പോകുന്നതിനിടയിൽ ആൻസിയെ നോക്കി മാത്തച്ചനുറക്കെപ്പറഞ്ഞു "എടിയേ നീ ഡേയ്സിയോട് ഒന്നിങ്ങു വരാൻ പറഞ്ഞെ."

"അപ്പൊ രാവിലെതന്നെ ഇവിടെ അപ്പമൊക്കെ റെഡിയായല്ലേ! ഞാനാണേൽ ഇങ്ങോട്ടു എത്താനുള്ള വെപ്രാളത്തിനിടയിൽ ഒട്ടും കഴിച്ചതുമില്ല!" തൻറെ കഷണ്ടിത്തലയിൽ പതിയെ തടവിക്കൊണ്ട് ഒരിളിച്ച ചിരിയുമായി രാഘവൻ പറഞ്ഞു.

"ഹാ അപ്പൊ ഇയാള് ബാക്കി പറഞ്ഞതൊന്നും കേട്ടില്ലേ? എപ്പോഴും തീറ്റ എന്നൊരു വിചാരം മാത്രേ ഉള്ളു! ഇയാളുടെ കുടവയറു കണ്ട ഇപ്പൊ ഇരട്ടക്കുട്ടികളെ പെറും എന്ന് തോന്നുമല്ലോ! എടോ ഒന്നെണീച് നിന്നാൽ ഇയാൾക്കു തൻറെ കാലിന്റെ തള്ള വിരലെങ്കിലും കാണാൻ പറ്റുമോ?"

"ഹോ അങ്ങനൊന്നും പറയല്ലേ മാത്തച്ചാ. നമ്മളീ പണിയൊക്കെ ചെയ്യുന്നത് വയറു നിറയ്ക്കാനല്ലേ? ഞാൻ കുറച്ചു കൂടുതൽ നിറയ്ക്കുന്നൂന്നു മാത്രം, അത്രേം വിചാരിച്ചാൽ മതി." തൻറെ മുഖത്തുള്ള ഇളിഭ്യത മറച്ചുവയ്ക്കാതെ തന്നെ രാഘവൻ പറഞ്ഞു.

"ഹൂം.. ഉവ്വ ഉവ്വ! തറയിൽ വീണ ഒരു പേന കുനിഞ്ഞെടുക്കാനുള്ള ആരോഗ്യം എങ്കിലും സൂക്ഷിക്കെടോ. എന്നെ കണ്ടില്ലെയോ, കഴിഞ്ഞ മാസം അറുപത്തിയെട്ടു കഴിഞ്ഞു. എന്നാലും എല്ലാ ദിവസവും അതിരാവിലെ തന്നെ നമ്മുടെ പറമ്പിൽ ഓടാൻ പോകും. കുഞ്ഞുന്നാളിലെയുള്ള ശീലമാ. അത്കൊണ്ടെന്നാ ഇപ്പോഴും ഉരുക്കുപോലല്ലയോ ഇരിക്കുന്നെ." തൻറെ മേനിയെപ്പറ്റിയുള്ള പ്രൗഢി മാത്തച്ചൻറെ കണ്ണുകളിൽ  തിളങ്ങുന്നത് രാഘവൻ കണ്ടു.

"വല്യപ്പൻ എന്നെ അന്വേഷിച്ചായിരുന്നോ?" ഡെയ്സിയുടെ ശബ്ദം കേട്ട് മാത്തച്ചൻ പതിയെ പിറകിലേക്ക് തിരിഞ്ഞുനോക്കി.

"ആഹ്...നീ ഇങ്ങോട്ടൊന്ന് വന്നേ. രാഘവ, ഇതാ നമ്മുടെ ഡെയ്സിമോള്. എൻറെ ഇളയവൻ മാത്യൂന് മൂന്ന് പിള്ളേരാ. മൂത്തവൻ ഡേവിഡ് ഇപ്പൊ എൻറെയും ജോമോൻറെയും കൂടെ നമ്മുടെ ഫാക്ടറിയും തോട്ടവും ഒക്കെ നോക്കിനടപ്പാ. പിന്നെ രണ്ടാമത് ഇവളാ. ഇവൾക്ക് താഴെ ഒരുത്തനുണ്ട്, ഡാനിയേൽ. അവനിപ്പോ സിറ്റിയിലുള്ള ഒരു കോളേജില് ഡിഗ്രിക് പഠിക്കുവാ." ഒറ്റ ശ്വാസത്തിൽ തന്നെ മാത്തച്ചൻ തൻറെ അനിയൻറെ കുടുംബവിവരണം നടത്തി. "സ്വർഗത്തിലോട്ടു പോകുന്നെന് മുൻപേ എന്റപ്പച്ചൻ ഇവൾടെ പേരിൽ കുറച്ച് സ്ഥലം എഴുതി വെച്ചിട്ടുണ്ടായിരുന്നു. ഇവൾടെ കല്യാണാവശ്യങ്ങൾക്കുവേണ്ടി സ്ഥലം അങ്ങോട്ട് വിൽകാമെന്ന് ഞാനങ്ങു കരുതി. അതിനായിട്ടാണെന്നേ രാവിലെതന്നെ രാഘവനെ ഇങ്ങോട്ടു വിളിച്ചുവരുത്തിയെ." മാത്തച്ചൻ പറഞ്ഞുനിർത്തി.

രാഘവൻ പതിയെ ഡെയ്സിയെ ഒന്നടിമുടി നോക്കി. നീളൻ മുടിയും ചുവന്നു തുടുത്ത കവിളും പാലിൻറെ നിറമുള്ള മേനിയും. ലക്ഷണമൊത്ത നല്ലസ്സല് അച്ചായത്തിപ്പെണ്ണ്! "മോളിപ്പോ പഠിക്കുവാണോ?" ഡേയ്സിയില് നിന്ന് കണ്ണെടുക്കാതെ തന്നെ രാഘവൻ ചോദിച്ചു.

"അല്ല, ഞാനിപ്പോ എഞ്ചിനീയറിംഗ് കഴിഞ്ഞ് ബാംഗ്ലൂരിലെ ഒരു കമ്പനിയിൽ വർക്ക് ചെയ്യുവാ." പതിഞ്ഞ സ്വരത്തിൽ ഡെയ്സി മറുപടി പറഞ്ഞു.

"അല്ല ഇവളിപ്പോ ജോലിക്കു കേറിയിട്ട് അധികം കാലമൊന്നുമായിട്ടില്ലന്നെ. വീട്ടിലെ പെമ്പിള്ളേര് ജോലിക്കു പോയി ജീവിക്കേണ്ട ഗതികേടൊന്നും ചേലങ്ങാട് കുടുംബത്തിലെ ആമ്പിള്ളേർക് ഉണ്ടായിട്ടില്ല. എന്നാലും ഇവൾടെ ആഗ്രഹം ആയോണ്ട് മാത്രാ ജോലിക്ക് വിട്ടെ. ഇനിയിപ്പോ കല്യാണമൊക്കെ കഴിച്ച് ചെക്കൻറെ വീട്ടുകാരെയൊക്കെ നോക്കി ജീവിക്കട്ടേന്ന്."

"അതത്രെ ഉള്ളു. പക്ഷേങ്കില് ഇക്കാലത്തു പെമ്പിള്ളേർക് കുറച്ചു പഠിപ്പൊക്കെ ഉള്ളത് നല്ലതാ."  വായ്ക്കകത്തുള്ള പാക്ക് പരമാവധി ചവച്ചാസ്വദിച്ചു കൊണ്ട്തന്നെ രാഘവൻ പറഞ്ഞു.

" എന്ത് പഠിപ്പു? അല്ലേലും പഠിപ്പു കൂടുമ്പോഴാ പെമ്പിള്ളേർക് അനാവശ്യ തന്റേടമൊക്കെ ഉണ്ടാകുന്നെ. അല്ലയോ ഡേയ്സിമോളെ?" തലയുയർത്തി ഡേയ്സിയിയെ നോക്കികൊണ്ട് ഒരു പുച്ഛഭാവത്തിൽ മാത്തച്ചൻ ചോദിച്ചു. "വേറൊരു തമാശ കേൾക്കണോ രാഘവാ? ഇവൾക്ക് ഒരു എന്തിരോപ്പയറ് ആകണം എന്നാണ് സ്വപ്നം പോലും." ഒന്ന് വിടർത്തി ചിരിച്ചുകൊണ്ട് മാത്തച്ചൻ മൊഴിഞ്ഞു.

"എന്തിരോപയറോ? എന്ന് വച്ച എന്തോന്നാ?" ഒരാശ്ചര്യഭാവത്തോടെ രാഘവൻ തിരക്കി.

"എന്തിരോപയറല്ല...എന്റർപ്രെന്യൂർ അഥവാ സ്വയം വ്യവസായ സംരംഭക. അതാ വല്യപ്പൻ ഉദ്ദേശിച്ചെ!" ചാരുകസേരയിലിരിക്കുന്ന മാത്തച്ചനെ തുറിച്ചുനോക്കികൊണ്ട് ഡെയ്സി ഉറക്കെപറഞ്ഞു.

"ഓഹ്, അതന്നെ അതന്നെ. അല്ലേ ജോലിക്കു വിട്ടതേ കൂടിപ്പോയെന്നാ ഞാൻ വിചാരിക്കണേ, അപ്പോഴാ ഇത്!" ഉച്ചത്തിൽ ചിരിച്ചുകൊണ്ട്തന്നെ മാത്തച്ചൻ പറഞ്ഞു. മാത്തച്ചനോടൊപ്പം രാഘവനും ചിരിക്കുന്നത് ഡെയ്സി ശ്രദ്ധിച്ചു.

"തീർന്നിട്ടില്ലാന്നേ, ഇവൾക്ക് വേറെയും കുറച്ചാഗ്രഹങ്ങളുണ്ട്. അതൊക്കെ കേട്ടാൽ പിന്നെ ചിരിക്കാനേ നേരം കാണൂന്നെ! രാഘവന് കേൾക്കണോ.."

"വല്യപ്പാ, മമ്മ എന്നെ അടുക്കളയിൽ തിരക്കുന്നുണ്ടായിരുന്നു. ഞാനങ്ങോട്ട് പൊയ്ക്കോട്ടേ?" ഉള്ളിലെ അമർഷം അടക്കിപ്പിടിച്ചുകൊണ്ടു ഡെയ്സി ചോദിച്ചു.

"ആഹ് എന്നാ ശെരി. മോള് പൊയ്ക്കോ." മാത്തച്ചൻ വാചകം പറഞ്ഞു നിർത്തുന്നതിനു മുൻപുതന്നെ ഡെയ്സി തിരിഞ്ഞകത്തേക് നടന്നിരുന്നു. വീടിനകത്തേക് കേറുമ്പോഴും ഉമ്മറത്ത് മാത്തച്ചനും രാഘവനും തൻറെ മോഹങ്ങളെപ്പറ്റി പരിഹസിച്ചു ചിരിക്കുന്നത് അവൾക്കു കേൾക്കാമായിരുന്നു.

അടുക്കളയിലേക്ക് ഡെയ്സി കയറിച്ചെല്ലുമ്പോൾ അവിടെ മാത്തച്ചൻറെ ഭാര്യ ശോശാമ്മയും സാറാമ്മയും പിന്നെ ആൻസിയും വീട്ടുകാര്യങ്ങൾ പറഞ്ഞു നില്പുണ്ടായിരുന്നു. മറുവശത്തു സിങ്കിനടുത്തു മീന പാത്രങ്ങൾകഴുകിക്കൊണ്ടിരുന്നു.

"മീനെച്ചി നമ്മുടെ താരയില്ലേ ... പുള്ളിക്കാരി നമുക്ക് വേണ്ടി കുറച്ചു മട്ടൺ കറി മാറ്റിവച്ചിട്ടുണ്ടെന് പറഞ്ഞായിരുന്നു. അതൊന്നു വാങ്ങീട്ടു വരാമോ?" ഡെയ്സിയുടെ വാക്ക് കേട്ടതും തലയാട്ടിക്കൊണ്ട് മീന പുറത്തേക്കിറങ്ങി.

"ഹാ, നീ ഇതെന്നതാടി പറയണേ? അതിനു താര അവളുടെ കെട്ടിയോനുമായി ഇന്നലെ രാത്രി ഡൽഹിക്കു പോയേക്കുവല്ലേ. പിന്നെങ്ങനാ അവള് കറി മാറ്റിവയ്ക്കണേ?" താടിയിൽ കൈ വച്ചുകൊണ്ടു ശോശാമ്മ ചോദിച്ചു.

"ഞാൻ സാധനത്തിനെ എങ്ങനേലും ഇവിടെന്നു മാറ്റി നിർത്താൻ വേണ്ടി പറഞ്ഞതാ. അത് ശെരിക്കും ഒരു ഓൾ ഇന്ത്യ റേഡിയോ പോലാ. എന്തേലും കേട്ടാൽ അത് നാട്ടിൽ ഫുൾ പാട്ടാക്കും..... അല്ല വല്യപ്പനെന്നാ എന്നെ എല്ലാരേം മുൻപിൽ നാണം കെടുത്തിയാലേ മതിയാകു?" അതുവരെ ഉള്ളിൽ അടക്കിവച്ച അമർഷം പുറത്തിറക്കുകയായിരുന്നു ഡെയ്സി.

"നിന്നോട് ഞാൻ ഇന്നലെതന്നെ പറഞ്ഞതല്ലേ മാത്തച്ചായനോട് ഉടക്കാൻ പോകല്ലേന്? പുള്ളിക്കാരന്റെ സ്വഭാവം നിനക്കറിയാവുന്നതല്ലേ ഡെയ്സി? കുടുംബത്തിലുള്ള എല്ലാവർക്കും പുള്ളിക്കാരൻ പറഞ്ഞതനുസരിച്ചേ ശീലമുള്ളൂ. പിന്നെ നീ കേറി ഉടക്കാൻ നിന്നാൽ ഇച്ചായൻ ചുമ്മാതിരിക്കുമോ?" പരമാവധി ശബ്ദം അടക്കിപ്പിടിച്ച്    ശോശാമ്മ ഡേയ്സിയോട് പറഞ്ഞു.

"ഇതെന്നതാ പറയണേ? ഒരു ദിവസം രാവിലെ വിളിച്ചു 'നിൻറെ കല്യാണം ഉറപ്പിക്കാൻ പോകുവാ, ഉടനെ നാട്ടിലേക്കു വന്നോ' എന്നൊക്കെ പറഞ്ഞാ? കഷ്ടപ്പെട്ടു പഠിച്ചു കിട്ടിയ ജോലി കളഞ്ഞ് പെട്ടെന്നൊരു ദിവസം ഇതുവരെ കാണാത്തൊരുത്തന്റെ  മുൻപിൽ ചമഞ്ഞുകേറി നിൽക്കണം എന്ന് പറയുന്നത് എവിടുത്തെ ന്യായമാ? ഇതെന്നതാ വെള്ളരിക്കാപ്പട്ടണം ആന്നോ? എൻറെ ആഗ്രഹങ്ങൾക്കൊന്നും ഒരു വിലയുമില്ലേ ഇവിടെ? മമ്മയ്ക്കെങ്കിലും എന്തേലുമൊക്കെ പറയായിരുന്നില്ലേ?" ഡേയ്സിയുടെ ശ്രദ്ധ പതിയെ സാറാമ്മയിലേക്കു നീങ്ങി.

"എടി ഞാനും മാത്യുച്ചായനും ചേർന്നു പലവട്ടം ആവർത്തിച്ചു പറഞ്ഞതാ ഇച്ചായനോട് ഇപ്പം കല്യാണം വേണ്ട, നിനക്ക് കുറച്ചുകൂടി സാവകാശം കൊടുക്കാൻ. പക്ഷെ പുള്ളി ഒറ്റ പിടിവാശിയിലാ. ഒരു കാര്യം നടത്തണം എന്ന തീരുമാനിച്ച പിന്നെ അതീന്നു മാറത്തില്ല. നീയും വീട്ടിൽത്തന്നെയല്ലേ വളർന്നത്. ഇതൊക്കെ നിനക്കും അറിയാവുന്ന കാര്യമല്ലേ." ഡെയ്സിയുടെ കവിളിൽ പതിയെ തലോടിക്കൊണ്ട് സാറാമ്മ അവളെ സാന്ത്വനപ്പെടുത്താൻ ശ്രമിച്ചു.

"പക്ഷെ എനിക്കെൻറെ സ്വപ്നങ്ങളെ വലിച്ചെറിഞ്ഞു അങ്ങനെ വരാൻ പറ്റുകേല മമ്മ. ഞാനിത്രേം കാലം ഉറക്കമിളച്ചു പഠിച്ചതൊക്കെ വേറൊരാളുടെ അടുക്കളേൽ ഒതുങ്ങിക്കൂടാൻ വേണ്ടി അല്ല. അതിനെപ്പറ്റി ഓർക്കുമ്പോഴേ നെഞ്ചിൽ തീയാ. എനിക്കതു പറ്റുകേലാ എന്ന് പറഞ്ഞാ പറ്റുകേല."

"ഡെയ്സി നീയൊന്നു പതുക്കെ പറ. ഡേവിഡ് അപ്പുറത്തെ മുറിയിലിരിപ്പുണ്ട്. അവനിതെങ്ങാനും കേട്ട പിന്നെ അതുമതി." അവളെ അനുനയിപ്പിക്കാൻ ആൻസിയും ഒരുവശത്ത് നിന്ന് പരമാവധി ശ്രമിക്കുന്നുണ്ടായിരുന്നു.

"അവരൊക്കെ കേൾക്കട്ടെ. എനിക്കാരെയും പേടിയില്ല. എൻറെ ആഗ്രഹങ്ങളെയും എൻറെ ജീവിതത്തെയും വിലകല്പിക്കാത്ത ആൾക്കാരെ ഞാൻ എന്നാത്തിനാ പേടിക്കുന്നെ?"

"എന്തുവാടി നിനക്കിനിയും ആഗ്രഹങ്ങൾ ഉണ്ടോ? അതോ ഇന്നലെ പറഞ്ഞ മറ്റേ ആഗ്രഹം തന്നെയാണോ?" എന്നുറക്കെ കൊട്ടിഘോഷിച്ചുകൊണ്ടു അടുക്കളവാതിലിൽകൂടി ഡേവിഡ് കയറിവരുന്നത് ആൻസിയും ശോശാമ്മയും ഒരു നെടുവീർപ്പോടെ കണ്ടു.

"ഒരു സാധാ പെൺകുട്ടി വിചാരിക്കുന്നതും ആഗ്രെഹിക്കുന്നതും പോലാണോ ഇവളും ചെയ്യണേ? പുറത്തു നാട്ടുകാർ അറിഞ്ഞാൽ പ്രാന്ത് ആണെന്നും പറഞ്ഞു ചങ്ങലയ്ക്കിടാൻ പറയും. മര്യാദയ്ക്കു അടങ്ങിയും ഒതുങ്ങിയും വല്യപ്പൻ പറയുന്നതും കേട്ട് നിന്നാൽ നിനക്കു കൊള്ളാം." ഡേയ്സിക്ക് നേരെ വിരൽ ചൂണ്ടിക്കൊണ്ട് ഡേവിഡ് പറഞ്ഞു.

"അതെന്താ എനിക്കാഗ്രഹിക്കാൻ പാടില്ലേ? അതോ ഒരു പെണ്ണായതു കൊണ്ടാണോ? അതുമല്ല കുടുംബത്തിലെ ഒരു പെണ്ണായി ജനിച്ചതുകൊണ്ടാണോ?"

"ഒന്നടങ്ങു ഡെയ്സി." പല്ലുകൾ കടിച്ചുകൊണ്ട് ദേഷ്യം കടിച്ചമർത്തി ഡേവിഡ് പറഞ്ഞു. "നീ കരുതുംപോലെ നിന്നെ ചുമ്മാ എങ്ങോട്ടേക്കോ വല്യപ്പൻ തള്ളി വിടുകയല്ലനമ്മുടെ കുടുംബത്തിന് ചേർന്ന അന്തസ്സും പണവുമുള്ള വീട്ടിലേക്കാ നിന്നെ പറഞ്ഞു വിടുന്നെ. ഇതെല്ലം നിൻറെ നല്ലതിന് വേണ്ടിയാ."

"പിന്നെ....നല്ലതിന് വേണ്ടി പോലും. നിങ്ങളുടേം വല്യപ്പന്റേം ബിസിനസ് വിപുലീകരിക്കാനുള്ള കൈക്കൂലി ആയിട്ടല്ലേ എന്നെ നിങ്ങൾ കെട്ടിച്ചു വിടുന്നെ? അതിനെപ്പറ്റിയെല്ലാം എനിക്കറിയാം. എന്നിട്ടെന്റെ നല്ലതിനുവേണ്ടി ആണുപോലും!" എല്ലാവരുടെയും മുൻപിൽ ഡേവിഡിനെ അവഹേളിച്ചുകൊണ്ടവൾ കയർത്തു.

"എടീ കൂടുതലിങ്ങോട്ട് ഉണ്ടാക്കല്ലേ! കരണക്കുറ്റിയ്ക് നോക്കി ശെരിക്കൊന്നു തന്നാലുണ്ടല്ലോ പിന്നെ നാളെ പെണ്ണ് കാണാൻ വരുന്ന ചെക്കന് മുൻപിൽ ഇളിച്ചു കാണിക്കാൻ പല്ലുണ്ടാകില്ല. അവസാനമായി പറയുവാ, അടങ്ങി ഒതുങ്ങി ഇരുന്നോണം." വീണ്ടും ഡേയ്സിക്കുമേൽ വിരൽ നിവർത്തിക്കൊണ്ട് ഡേവിഡ് സംസാരിച്ചു.

"ഇല്ലേൽ ഇച്ചായൻ എന്നാ ചെയ്യും? പറഞ്ഞ പോലെ അടിച്ചു പല്ലു താഴെ ഇടുമോ? എന്നാ ചെയ്യെന്നെ! അങ്ങനെ എങ്കിലും ഇതൊന്നു മുടങ്ങിക്കിട്ടുമല്ലോ!" ഉറക്കെ ആക്രോശിച്ചു കൊണ്ട് ഡെയ്സിയും ഡേവിഡിനൊപ്പം തന്നെ നിന്നൂ.

"നിങ്ങളിങ്ങനെ വഴക്കു കൂടി ആൾക്കാരെ വിളിച്ചു കൂട്ടാതെ. ഡാ നീ ഒന്ന് പുറത്തു പോയെ!" കാര്യങ്ങൾ കൈവിട്ടു പോകുന്നതിനു മുൻപേ തൻറെ മക്കളെ തമ്മിൽ അകറ്റാൻ സാറാമ്മ ശ്രമിക്കുന്നുണ്ടായിരുന്നു.

"മമ്മ ഒന്ന് മിണ്ടാതിരുന്നേ. നിങ്ങളൊക്കെ കൂടിയാ ഇവളെ ഇങ്ങനെ വഷളാക്കിയേ. ഇപ്പൊ കണ്ടില്ലേ അഹങ്കാരം മൂത്തു വീട്ടിലുള്ള ആണുങ്ങളുടെ മെക്കിട്ടുതന്നെ ഇവള് കേറിത്തുടങ്ങി. ജോമോനെങ്ങാനും ഇവിടെ ഉണ്ടായിരുന്നേൽ ഇവളെ ചവുട്ടിക്കൂട്ടി പുറത്തിട്ടേനെ."

"ഇച്ചായൻ എന്തിനാ മമ്മയോട് ചൂടാവുന്നെ. പറയാനുള്ളതെല്ലാം എന്നോട് പറഞ്ഞാൽ മതി." ഡേവിഡിനെ പിറകിലോട്ട് തള്ളി മാറ്റി ഡെയ്സി നിലവിളിച്ചു.

"മേത്തുതൊട്ടു സംസാരിക്കുന്നോടി." എന്നലറിക്കൊണ്ട് ഡേവിഡ് കൈയോങ്ങിയതും പിന്നിൽ നിന്നും ഗാംഭീര്യമുള്ള ഒരു ശബ്ദം അവൻ കേട്ടു.

"ഡേവിഡേയ്!!" മാത്തച്ചനെ കണ്ടതും അവൻ കൈതാഴെ ഇട്ടു പിറകിലോട്ടു മാറി. മാത്തച്ചൻറെ കണ്ണുകൾ പതിയെ സാറാമ്മയുടെ അടുത്തേക്ക് നീങ്ങി.

"സാറാമ്മേ , നിന്നോടും മാത്യൂനോടും ഞാൻ അന്നേ പറഞ്ഞതാ ഇവളെ സിറ്റിയിലുള്ള ഹോസ്റ്റലിൽ നിർത്തി പഠിപ്പിക്കണ്ടാന്നു. ഇവിടെനിന്നു മാറി നിന്നതുമുതൽ ഇവളുടെ സ്വഭാവം ഇങ്ങനാ. പ്രായത്തിനു മുതിർന്നവരോടും വീട്ടുകാരോടും ഇവളിപ്പോ പെരുമാറുന്നത് കണ്ടപ്പോ മതിയായില്ലേ നിനക്ക്." മാത്തച്ചൻറെ വാക്കുകൾ കേട്ടു തലകുനിച്ചു നിൽക്കാനേ സാറാമ്മയ്ക്കു കഴിഞ്ഞുള്ളു. പിറകിലിരുന്ന ശോശാമ്മയുടെ കണ്ണിൽ നിന്നും പതിയെ കണ്ണുന്നീർ പൊടിഞ്ഞു തുടങ്ങിയിരുന്നു.

"മമ്മയും പപ്പയും ഒരു തെറ്റും ചെയ്തിട്ടില്ല. ഞാൻ വാശി പിടിച്ചത് കൊണ്ടാണ് അവർ എന്നെ ഹോസ്റ്റലിൽ ചേർത്തത്. എൻറെ ആഗ്രഹങ്ങളും പഠിപ്പും നടക്കാൻ വേണ്ടിയാ അവർ എനിക്ക് വേണ്ടി വാദിച്ചത്." തെല്ലും ഭയമില്ലാതെ ഡെയ്സി മാത്തച്ചൻറെ മുഖത്തു നോക്കി പറഞ്ഞു. എന്നാലയാളുടെ മുഖം വിദ്വേഷം മൂലം ചുവക്കുന്നത് കണ്ടവൾ പതിയെ കണ്ണുകൾ താഴ്ത്തി.

"എടി കൊച്ചെ, നീ ഇവളെ കണ്ടോ?" അടുത്തുനിന്നിരുന്ന ആൻസിയെ ചൂണ്ടി മാത്തച്ചൻ അലറി. "ഇവളും നിൻറെ അതേ പ്രായം കഴിഞ്ഞു വന്നവളാ. ഇവൾക്കുമുണ്ടായിരുന്നു നിന്നെ പോലെ മോഹങ്ങൾ. പക്ഷെ ഞാൻ പറഞ്ഞപ്പോ അവളതെല്ലാം മറന്നു, കുടുംബത്തിന് വേണ്ടി. നമ്മുടെ കുടുംബത്തിന് വേണ്ടി. അവളെന്റെ മകളാണെന്നോ നീ മാത്യൂന്റെ മകളാണെന്നോ എന്ന വേർതിരിവൊന്നും എനിക്കില്ല. ചേലങ്ങാട് കടുംബമാണ് എനിക്ക് വലുത്. ഞാൻ ചെയ്യുന്നതും പറയുന്നതുമെല്ലാം കുടുംബത്തിന് വേണ്ടിയാണ്. മനസ്സിലായോ?" വലതു കൈ പതുക്കെ ഉയർത്തിക്കൊണ്ട് മാത്തച്ചൻ തുടർന്നു. "ഇനി വീട്ടിൽ നിന്ന് ഒരു ചെറിയ ശബ്ദം പോലും പുറത്തു പോകാൻ പാടില്ല. മുറിക്കകത്തു കേറിപ്പൊടി!"

ഡേവിഡിനെയും സാറാമ്മയെയും മാറി മാറി നോക്കി തൻറെ കണ്ണുകൾ തുടച്ചുകൊണ്ടു ഡെയ്സി അവിടെ നിന്നും ഓടി. തൻറെ മുറിക്കകത്തു കയറി വാതിലടച്ചതിനു ശേഷം അവൾ കട്ടിലിനരികിലിരുന്നു. ഒരു സ്ത്രീ എന്ന രീതിയിൽ തൻറെ ആഗ്രഹങ്ങളും അഭിലാഷങ്ങളും എല്ലാവരും അടിച്ചമർത്തുകയാണെന്ന് അവൾക്കനുഭവപ്പെട്ടു. ഇനി എന്ത് ചെയ്യണമെന്ന കൃത്യമായ ധാരണ അവൾക്കുണ്ടായിരുന്നു. തീഷ്ണത അവളുടെ കണ്ണുകളിൽ തിളങ്ങുന്നുണ്ടായിരുന്നു.

അതേസമയം അവളുടെ ജനാലയ്ക്കടുത്തുള്ള മരത്തിന്റെ ഒരു തണ്ടിൽ ദിവസങ്ങളോളം പറ്റിക്കിടന്നിരുന്ന ഒരു ശലഭകോശം മെല്ലെ ഒന്നനങ്ങി.

                                                                  f    f   f    f    f    f    f    f    f    f    f

             രാവിലെ എണീക്കുമ്പോൾത്തന്നെ കാപ്പി കുടിക്കുന്നത് ഡേയ്സിക്ക് എന്നും ഒരു പതിവായിരുന്നു. അത്കൊണ്ട് തന്നെ ഡെയ്സി വീട്ടിലുള്ള ദിവസങ്ങളിൽ മീന രാവിലെ നല്ല ആവിപാറുന്ന കാപ്പി കൊണ്ട് കൊടുക്കാറുണ്ടായിരുന്നു. അന്നും രാവിലെ പതിവുപോലെ മീന കാപ്പിയുമേന്തി പടികൾക്കേറി ഡേയ്സിയുടെ മുറിയുടെ അടുത്തേക്ക് നീങ്ങി.

"ഡേയ്സിക്കൊച്ചേ, ഇത് ഞാനാ മീന. ദേണ്ടെ ബെഡ്കോഫി റെഡി. വേഗം എണീറ്റുവന്നു ഇതൊന്നു കുടിച്ചാട്ടെ!" ഡേയ്സിയുടെ മുറിയുടെ മുന്നിൽവന്ന് മീന ഉറക്കെവിളിച്ചു. കുറച്ച് നേരമായിട്ടും മറുപടിയൊന്നും ഇല്ലാത്തതുകൊണ്ട് മീന വീണ്ടും കതകിൽ തട്ടിക്കൊണ്ട് പറഞ്ഞു. "ശെടാ, കോച്ച് എണീറ്റില്ലെയോ? ഡേയ്സിമോളെ കതകു തുറന്നാട്ടെ." തൻറെ രണ്ടാമത്തെ തട്ടിൽ കതകു പതിയെ പിറകോട്ടു തുറക്കുന്നതുകണ്ട്മീനു ഒന്നമ്പരന്നു.

"അല്ല ഡേയ്സിമോള് ഇന്നലെ രാത്രി കതകടയ്ക്കാതെയാണോ കിടന്നേ?" പതിയെ വാതിൽ തള്ളിത്തുറന്ന് മീന അകത്തേക്ക് കയറി. എന്നാൽ മുറിക്കുള്ളിൽ അവൾക് ഡേയ്സിയെ കാണാൻ കഴിഞ്ഞിരുന്നില്ല. " കതക്കൊക്കെ തുറന്നിട്ടിട്ട് കൊച്ചിത് രാവിലെ എങ്ങോട്ടാ പോയെ?"

പുറത്തേക്കു തിരിഞ്ഞു പോകുന്നതിനിടയിൽ ഒരു കാര്യം അവളുടെ കണ്ണിൽപ്പെട്ടു. കട്ടിലിനടുത്തുള്ള തീന്മേശയ്ക്കുമേൽ ഒരു ചെറിയ കഷ്ണം കടലാസ്സ് മടക്കിവച്ചിട്ടുണ്ടായിരുന്നു. പറന്നുപോകാതിരിക്കുവാൻ അതിന്റെമേൽ ഒരു ഡയറിയും വച്ചിരിക്കുന്നത് അവൾ ശ്രദ്ധിച്ചു. മീന പതിയെ തീന്മേശയ്ക്കടുത്തുചെന്ന് വെള്ളക്കടലാസ്സ്തുറന്നു നോക്കി. അതിലെ അക്ഷരങ്ങൾക്കുമേൽ കണ്ണോടിച്ചപ്പോൾ അവളുടെ കണ്ണിൽ ചെറിയൊരമ്പരപ്പുണ്ടായി.

"അല്ല, എഴുതാനും വായിക്കാനുമറിയാത്ത ഞാനിതു നോക്കീട്ടു എന്നാ ചെയ്യാനാ?" താടിയിൽ കൈവച്ചു കൊണ്ട് മീന പറഞ്ഞു. അവൾ പതിയെ മുറി ചുറ്റും പരതിനോക്കി. എന്നിട്ട് വേഗം ചെന്ന് മറുവശത്തിരിക്കുന്ന അലമാര തുറന്നുനോക്കി.

"രാവിലെപ്പോലും മുറി അകത്തിട്ടു പൂട്ടുന്ന കൊച്ചാണെൽ ഇപ്പൊ വാതില് തുറന്നിട്ടേക്കുന്നു. കൊണ്ടുവന്ന ബാഗും പിന്നെ അലമാരയിലുണ്ടായിരുന്ന ഡ്രെസ്സും ഒന്നും കാണാനുമില്ല. പിന്നെ ദേണ്ടെ മനുഷ്യന് വായിക്കാൻപറ്റാത്ത കൈയ്യക്ഷരത്തിൽ ഒരു കത്തും." കടലാസ്സുതുണ്ട് നീട്ടിക്കൊണ്ട് മീന പറഞ്ഞു. "ഡേയ്സിക്കൊച്ച് ഒളിച്ചോടിപ്പോയതാണെന് മനസിലാക്കാൻ എനിക്ക് വിദ്യാഭ്യാസമൊന്നുമാവശ്യമില്ല. ഇതുപോലെ എത്ര ഒളിച്ചോട്ടം കണ്ടതാ മീന! എന്നാലും ആയ കാലത്തു ഇസ്കൂളിൽ പോയി പഠിച്ചിരുന്നേൽ ഇപ്പൊ ഇതൊക്കെ ഒറ്റയ്ക്കിരുന്നു വായിച്ചു രസിക്കായിരുന്നു!" കടലാസ്സുതുണ്ട് തിരിച്ചു തീന്മേശയ്ക്കുമേൽ വച്ചിട്ട് മീന തിരിഞ്ഞുനിന്നു.

"ഹയ്യോ മുതലാളി നമ്മുടെ ഡേയ്സിക്കൊച്ച്...." പതിഞ്ഞ സ്വരത്തിൽ മീന പറഞ്ഞു. "അല്ലേൽ അതുവേണ്ട....അതിലൊരു ഗുമ്മില്ല. എൻറെ ഡേയ്സിമോള് പോയെന്നും പറഞ്ഞുതുടങ്ങാം. ഹോ, ഇന്ന് ഞാനൊരു കലക്ക് കലക്കും." കുണുങ്ങി ചിരിച്ചുകൊണ്ട് അവൾ വാതിലിനുപുറത്തേക്ക് മന്ദവേഗതയിൽ നടന്നു. മുറിയുടെ പുറത്തിരുവശത്തേക്കും നോക്കി ആരുമില്ലാന്ന് ഉറപ്പുവരുത്തിയശേഷം ഉറക്കെ നിലവിളിച്ചുകൊണ്ട് മീന താഴേക്കോടി. "അയ്യോ എൻറെ ഡേയ്സിമോള് ഒളിച്ചോടിപ്പോയെ! എൻറെ മാത്യൂസാറും സാറക്കൊച്ചമ്മയും ഇതെങ്ങനെ സഹിക്കുമോ.........അയ്യോ!!" ജനാലയ്ക്കടുത്തുള്ള ശലഭകോശം കുറച്ചുകൂടി ശക്തിയായി ആടിത്തുടങ്ങിയിരുന്നു.

അധികം വൈകാതെ തന്നെ ഡെയ്സി വീടുവിട്ടുപോയ കാര്യം നാടാകെ കാട്ടുതീപോലെ പടർന്നു. ഒരു വ്യക്തിയിൽ നിന്ന് മറ്റൊരു വ്യക്തിയിലേക്ക് വാർത്ത കൈമാറുമ്പോൾ അതിനു പിന്നിലുള്ള കഥകളും വ്യാഖ്യാനങ്ങളും മാറിക്കൊണ്ടേയിരുന്നു.

"എടിയേ നീയറിഞ്ഞോ? നമ്മുടെ ചേലങ്ങാട് വീട്ടിലെ ഡേയ്സികൊച്ചില്ലെയോ? അവള് കൂടെ പഠിച്ച ഒരു ചെക്കൻറെ കൂടെയിറങ്ങി പോയെന്ന്! അവിടെ വേലയ്ക്കു നിക്കണ മീനയില്ലയോ, അവളാ പറഞ്ഞെ!" എറിക്കുംമൂട് വീട്ടിലെ സ്റ്റെല്ലക്കുട്ടി തൊട്ടപ്പുറത്തെ വീട്ടിലെ മേരിയോട് പറഞ്ഞു.

തൊട്ടപ്പുറത്തെ വീട്ടിലെ മേരിയാണെങ്കിലോ അവളുടെ കെട്ടിയോൻ റാഫയലിനോടിങ്ങനെ പറഞ്ഞു. "മനുഷ്യാ നിങ്ങള് വല്ലോം അറിഞ്ഞോ? ചേലങ്ങാട് വീട്ടിലെ ഡേയ്സിക്കൊച്ച് കൂടെ ഓഫീസില് ജോലി ചെയ്യണ ഒരു പയ്യൻറെകൂടെ ഇറങ്ങിപോയെന്നു."

രാവിലെ സിഗരറ്റ് വാങ്ങിക്കാൻ ചെന്നപ്പോൾ ജംഗ്ഷനില് കട വച്ചേക്കുന്ന ചന്ദ്രപ്പനോട് റാഫേൽ പറഞ്ഞതോ - "എടാ ചന്ദ്രപ്പൊ നീയറിഞ്ഞോ? നമ്മുടെ ചേലങ്ങാട് വീട്ടിലെ മാത്യൂൻറെ മോള് ഡെയ്സി ഇല്ലയോ? അവള് വീട്ടുകാരെയെല്ലാം വിട്ടെറിഞ്ഞു ഇന്നലെകണ്ടൊരുത്തൻറെ കൂടെ ഇറങ്ങിപോയെന്ന്. എന്നാലും ഇപ്പഴത്തെ പെമ്പിള്ളേർടെ ഒരു കാര്യമേ!"

ചന്ദ്രപ്പനുണ്ടോ വിടുന്നു? രാവിലെ മീൻ വിൽകാനിറങ്ങിയ കുഞ്ഞുമേരിയെ കടയിലേക്ക് വിളിച്ചുവരുത്തി അവനാ ചൂടുള്ള വാർത്ത ചോർന്നുകൊടുത്തു. "എൻറെ കുഞ്ഞുമേരി, മറ്റേ ചേലങ്ങാട് വീട്ടിലെ മാത്തച്ചൻറെ അനിയൻ മാത്യൂൻറെ മകളില്ലേ ഡെയ്സി, അവള് ഇന്നലെ വീട്ടിൽ പെയിന്റ് അടിക്കാൻവന്ന ഒരുത്തൻറെ കൂടെ ഇറങ്ങിപ്പോയെന്ന്. അല്ലേലും ഇപ്പഴത്തെ പിള്ളേർക് എല്ലാം പെട്ടെന്നു വേണം, അത് കല്യാണമായാലും പ്രേമമായാലും. അല്ല കുഞ്ഞുമേരിയെ  വഴി അധികം കാണാറില്ലലോ ഇപ്പൊ?"

കുഞ്ഞുമേരിയും വിട്ടുകൊടുത്തില്ല. മീൻ വിൽക്കാൻ ചെന്ന വീട്ടിലെ  എൺപത്തിയഞ്ചുവയസ്സും കേൾവിക്കുറവുമുള്ള അന്നക്കുട്ടിയോട് കുഞ്ഞുമേരി കുറച്ചുകേറ്റിപ്പറഞ്ഞു. "എന്നാലും എൻറെ പൊന്നമ്മച്ചി ചേലങ്ങാട് വീട്ടിലെ ഡേയ്സിക്കൊച്ച് പ്ലമ്പറുടെ കൂടെ ഒളിച്ചോടിപ്പോകുമെന്നു ഞാൻ സ്വപ്നത്തിൽപ്പോലും കരുതീല!"

"എടാ ജോയി, നീ ഇത് വല്ലതും അറിയുന്നുണ്ടോ? ആനിയുടെ കൊച്ചുമോളില്ലെയോ മോളി, അവളാ തെക്കേതിലെ സോമൻറെകൂടെ ഒളിച്ചോടിയെന്നു." തൻറെ കൊച്ചുമകൻ ജോയിയോട് അന്നക്കുട്ടി പറഞ്ഞു. "തെക്കേതിലെ സോമൻ അല്ല, കിളവിയെ തെക്കോട്ടു എടുക്കേണ്ട സമയമായി. കുഴിലോട്ടു കാലുംനീട്ടി ഇരിക്കുവാ എന്നാലും കുശുമ്പിനും കുന്നായ്മയ്ക്കും ഒരു കുറവുമില്ല. അല്ല ഇതിനുമാത്രം ഗോസിപ്പ് നാട്ടിലെവിടുന്നെന്നാ ഞാൻ ആലോചിക്കണേ!" കൊച്ചുമകൻ ജോയിയുടെ വഴക്കുകേട്ടതും ത്രേസ്യ "ഹും" എന്നുപറഞ്ഞ് മുഖം വെട്ടിച്ചു.

ഇതേസമയം ചേലങ്ങാട് വീടിൻറെ മുറ്റത്തു മാത്തച്ചൻറെ ജീപ്പ് വന്നിറങ്ങി. ജീപ്പിൽ നിന്നും ആദ്യം മാത്തച്ചനും പിറകെ ഡേവിഡും ജോമോനും ശോശാമ്മേടെ സഹോദരൻ വർക്കിയും പുറത്തേക്കിറങ്ങി. വീടിനുമുൻപിൽ ഒരു ചെറിയ ജനക്കൂട്ടം തങ്ങിനിൽപുണ്ടായിരുന്നു. എന്നാൽ അവരെയാരും തന്നെ ഗൗനിക്കാതെ മാത്തച്ചനും ഡേവിഡും ജോമോനും വീടിനകത്തേക്ക് കയറി.

"അല്ല നിങ്ങളിതിത്രേം നേരം എവിടെയായിരുന്നു? വീട്ടിലിങ്ങനെയൊരു സംഭവം നടക്കുമ്പോ നിങ്ങളൊക്കെ ഇവിടെയല്ലേ വേണ്ടത്?" പടികൾ കയറാൻ തുനിഞ്ഞ വർക്കയോട് പഞ്ചായത്തു പ്രസിഡന്റ് കൃഷ്ണപിള്ള ചോദിച്ചു.

"എന്തോ പറയാനാ പ്രെസിഡെൻറെ? നമ്മള് മറ്റേ സ്ഥലം വില്കുന്നതിനെ പറ്റി പറഞ്ഞില്ലായിരുന്നോ? അതിൻറെ പിറകെ പോയതാ രാവിലെത്തന്നെ. അതിനിടയ്കീ ഒരുമ്പെട്ടോള് ഇങ്ങനെയൊരു പണി ചെയ്തു വയ്ക്കുമെന്ന് ആരേലും വിചാരിച്ചോ? ...എല്ലാ കുടുംബത്തിലും  അന്തസ്സ് കളയാൻവേണ്ടി ഇതുപോലൊരെണ്ണം കാണും. സംഭവമറിഞ്ഞപ്പോ മാത്തച്ചൻറെ മുഖമൊന്നു കാണണമായിരുന്നു എൻറെ പ്രസിഡെൻറെ! ചോര കിടന്നു തിളയ്ക്കുവല്ലായിരുന്നോ. കർത്താവിനാണെ എൻറെ ഉള്ളിലാകെ ഒരു വിറയലായിരുന്നു അപ്പൊ. എന്തായാലും ഞാനൊന്നു അകത്തേക്ക് പോയേച്ചും വരം. പ്രസിഡൻറ് ഇവിടെത്തന്നെ ഉണ്ടാവണേ." വർക്കിച്ചൻ പതിയെ പടവുകൾ കേറി മുൻവശത്തെ വാതിലിനടുത്തേക്കു നടന്നു.

മാത്തച്ചൻ ഹാളിലേക്ക് കയറിച്ചെല്ലുമ്പോൾ സാറാമ്മയും ശോശാമ്മയും സോഫയിൽ ഇരിക്കുന്നുണ്ടായിരുന്നു. അവരുടെ പിറകിലായി ആൻസിയുമുണ്ടായിരുന്നു. ഒരുപാട് കരഞ്ഞതിനാലാകണം സാറാമ്മയുടെ കണ്ണുകൾ ചോരയിൽ മുക്കിയെടുത്തപോലെ ചുവന്നിട്ടുണ്ടായിരുന്നു. അവരുടെ മുഖത്ത് ഒരേസമയത്ത് വിദ്വെഷവും ദുഖവും പ്രകടമായിരുന്നു. വലതുവശത്തുള്ള ചുമരിൽ ചാരി മാത്യു നിൽക്കുന്നത് മാത്തച്ചൻ കണ്ടു.

"നിനക്ക് തൃപ്തിയായല്ലോ അല്ലെ മാത്യു? സ്വന്തം മകള് അങ്ങ് സിറ്റിലുള്ള കോളേജിലാ പഠിക്കുന്നേനും പറഞ്ഞു നീ പണ്ട് കുറെ കൊട്ടിഘോഷിച്ചതല്ലേ? കണ്ടവൻറെകൂടെ ഒളിച്ചോടാനായിരുന്നെല്ലിയോ അവളീ പ്രസംഗമെല്ലാം നടത്തിയേ! ഇപ്പൊ എന്നാ, ഒന്നും പറയാനില്ലെയോ?" മാത്യൂനെ നോക്കി മാത്തച്ചൻ അട്ടഹസിച്ചു. "ഇക്കണ്ടകാലമെല്ലാം നമ്മുടെ അപ്പനപ്പൂപ്പന്മാര് സ്വന്തം ജീവൻ കൊടുത്തും കാത്തുസൂക്ഷിച്ച ചേലങ്ങാട് കുടുംബത്തിൻറെ അന്തസ്സാ അവളോരൊറ്റ ദിവസം കൊണ്ട് നശിപ്പിച്ചത്. മക്കളെ നിർത്തേണ്ടടുത്ത് നിർത്തിയില്ലേൽ അവര് ചിലപ്പോ സ്വന്തം അപ്പന്റേം അമ്മേടേം കാലു വാരീന്നും വരും. ഇതൊക്കെ മുന്നിൽക്കണ്ടാ നിന്നോട് ഞാൻ അന്നേ പറഞ്ഞെ അവളുടെ ഇഷ്ടത്തിന് വിടരുതെന്ന്. ഇനി എങ്ങനാടാ ഉവ്വേ ഞാൻ നാട്ടുകാരുടെ മുൻപിൽ തലകുനിക്കാതെ നടക്കുന്നെ? ഇപ്പൊ അനുശോചിക്കാനെന്നും പറഞ്ഞു വന്നേക്കുന്ന മറ്റവന്മാരുപോലും എൻറെ പിറകെ നടന്നോണ്ട് പറയും വീട്ടിലെ പെൺപിള്ളേരെ അടക്കിനിർത്താനുള്ള കഴിവ്പോലും ഇല്ലാത്തവനാ മാത്തച്ചനെന്ന്!" മാത്യുവിന്റെ മുഖം സങ്കടംകൊണ്ടും പേടികൊണ്ടും വിളറി വെളുത്തിട്ടുണ്ടായിരുന്നു.

"ഇച്ചായൻ എന്നെ എന്തോ വേണേലും പറഞ്ഞോ! പക്ഷെ ഇപ്പൊ എങ്ങനേലും ഡേയ്സിയെ കണ്ടുപിടിക്കണം." ഇരുകൈകളും കൂപ്പിക്കൊണ്ട് മാത്യു പറഞ്ഞു. അപ്പോഴത്തെ ബഹളം കേട്ട് ഡാനിയേലും ഹാളിലേക്ക് കേറിവന്നിരുന്നു.

"അവളെ ഞാൻ കണ്ടുപിടിക്കുമെടാ! എനിക്കും കുടുംബത്തിനും ചീത്തപ്പേര് ഉണ്ടാക്കിയേച്ചുപോയ അവളെ അങ്ങനെയൊന്നും ഞാൻ വിടത്തില്ല. എടാ ജോമോനെ, നീ ഡേവിഡിനെയും ഡാനിയേലിനെയും പിന്നെ നമ്മുടെ കുറച്ച് പിള്ളേരേം കൊണ്ടുപോയ്ക്കോ. ഇന്ന് സൂര്യനസ്തമിക്കുന്നതിനുമുൻപ് അവള് തിരിച്ചീ വീട്ടിലെത്തുകേം വേണം പിന്നെ അവളെ വീട്ടിൽ നിന്നും ഇറക്കിക്കൊണ്ടുപോകാനുള്ള തന്റേടം കാണിച്ചവൻ ആരായിരുന്നാലും ശെരി അവനെ നമ്മുടെ തോട്ടത്തിനടുത്തുള്ള കുറ്റിക്കാട്ടിൽ കുഴിച്ചിടുകേം വേണം!” ജോമോനെ നോക്കിക്കൊണ്ടു മാത്തച്ചൻ അലറി.      

"എന്നാത്തിനാ ഇച്ചായാ കൊല്ലാനൊക്കെ പോകുന്നെ? അവര് ചെറിയൊരബദ്ധം കാണിച്ചതായി കണ്ടാൽപ്പോരേ? നമ്മുടെ ഡെയ്സി മോളല്ലേ?" തൻറെ മകൾ ഒളിചോടിപ്പോയ വിഷമത്തെക്കാളും മാത്തച്ചൻ എന്ത് ചെയ്യുമെന്ന ഭയമായിരുന്നു മാത്യൂവിന്റെയുള്ളിൽപണ്ടൊരിക്കൽ ആൻസിയെ ഇഷ്ടമാണെന്നു പറഞ്ഞു വന്ന ഒരു പാവപ്പെട്ട ചെക്കനെ നടുറോഡിൽവച്ചു തല്ലിച്ചതച്ച മാത്തച്ചനെ അയാളോർത്തു. തൻറെ കുടുംബത്തിൻറെ പേരിനു തിരുത്താൻ കഴിയാത്ത കളങ്കം വന്നു എന്ന് മനസിലാക്കിയ  നിമിഷം മുതൽ മാത്തച്ചൻറെ പെരുമാറ്റം പ്രവചനാതീതമായിരിക്കുമെന്നും മാത്യു മനസിലാക്കി.

"പപ്പയോന്നു മിണ്ടാതിരുന്നേ! ഇവിടെ എന്നാ ചെയ്യണമെന്ന് തീരുമാനിക്കാൻ വല്യപ്പനുണ്ട്. ഇതിൻറെ പിറകെ ആരായിരുന്നാലും അവനെ ഡേവിഡ് ചുമ്മാ വിടുകേല. എടാ ഡാനിയേലെ, നീയാ കത്തൊന്നു വായിച്ചേ. പുന്നാരമോള് ഏതവന്റെകൂടെയാ എങ്ങോട്ടാ പോയെന്നു വല്ലോം ഉണ്ടോന്നു നോക്കിയേ." ഒരറ്റത്തിരുന്നു മീശ പിരിച്ചുകൊണ്ടു നിന്ന ഡാനിയേൽ പെട്ടെന്നൊന്നമ്പരന്നു.

"ഞാനോ? അതിപ്പോ ഞാനെങ്ങനാ നിങ്ങളുടെ എല്ലാരുടെയും മുൻപിൽ ഡെയ്സിചേച്ചി എഴുതിവച്ചിട്ടുപോയ കത്ത് വായിക്കുന്നെ? മാത്രമല്ല അതെന്നതാ ഉപന്യാസമോ? കുറെയുണ്ടല്ലോ! "

"അതെന്താടാ നിനക്ക് വായിച്ചാല്? ഒളിച്ചോടിപ്പോയ അവൾക്കു നാണമില്ലേൽ പിന്നെ നിനക്കെന്താടാ കുഴപ്പം? നീ ഉറക്കത്തന്നെ വായിക്കണം. അതീമുറിയിലുള്ള എല്ലാരും കേൾകുവേം വേണം." ചൂണ്ടുവിരൽ ഡാനിയേലിനു നേരെ നീട്ടിക്കൊണ്ട് ഡേവിഡ് ആക്രോശിച്ചു.

ഡാനിയേൽ പതുക്കെ മുറിയുടെ നടുക്കുള്ള തീന്മേശയ്ക്കടുത്ത് ചെന്ന് ഡേയ്സിയുടെ കത്തെടുത്തു വായിക്കുവാൻ തുടങ്ങി.

പ്രിയപ്പെട്ട മമ്മയ്ക്കും പപ്പയ്ക്കും,

വീട്ടിൽ എനിക്ക് പ്രിയപ്പെട്ടവരായി നിങ്ങൾ മാത്രമേയുള്ളു. അതുകൊണ്ടാണ് നിങ്ങൾ രണ്ടുപേർക്കും മാത്രമായി ഞാൻ കത്തെഴുതുന്നത്. ആദ്യമേ പറയട്ടെ, ഞാൻ ഒരു കിഴങ്ങൻറെ കൂടെയും ഒളിച്ചോടിപോയിട്ടില്ല. അതിനും മാത്രമുള്ള ഗതികേട് എനിക്കില്ല. എൻറെ ആഗ്രഹങ്ങളെപ്പറ്റി പറയുമ്പോൾ പുഛിക്കുകയും താല്പര്യങ്ങളെ പരമാവധി അടിച്ചമർത്താനും ശ്രമിക്കുന്ന ഒരു പിന്തിരിപ്പൻ കുടുംബത്തിൽ നിന്ന് രക്ഷപ്പെട്ടതാണെന്നുമാത്രം കരുതിയാൽ മതി. ഇനിയും അവിടെ നിന്നാൽ ഒരുപക്ഷെ നിങ്ങൾക്കു നിങ്ങളുടെ മകളെ എന്നന്നേക്കുമായി നഷ്ടപ്പെട്ടേക്കാം.

നമ്മുടെ കുടുംബത്തിൽ പണ്ട് മുതലേ ആണുങ്ങൾക്കും പെണ്ണുങ്ങൾക്കും രണ്ട് നിയമങ്ങളാണ്. പപ്പയും മമ്മയും നമ്മളെ വളർത്തിയതും അങ്ങനെ തന്നെയാണ്. ഡേവിഡിച്ചായനും ഡാനിയേലിനും എപ്പോ വേണേലും പുറത്തുപോകാം. രാത്രി എത്ര വൈകിയാലും വീട്ടിൽ എത്തിയാൽ മതി. കൂട്ടുകാരുടെ കൂടെ എങ്ങോട്ടു വേണമെങ്കിലും പോകാം. ജീവനോടെ തിരിച്ചെത്തിയാൽ മാത്രം മതി. പക്ഷെ എനിക്കോ? രാത്രിയായാൽ പുറത്തിറങ്ങാൻ പാടില്ല. ഒറ്റയ്ക്കൊരിടത്തും പോകാൻ പാടില്ല. പെണ്ണായതു കൊണ്ട് അധികം ചുറ്റിക്കറങ്ങാനും പാടില്ല.

ഭൂമിയിലേക്ക് പിറന്നുവീഴുന്ന പെൺകുഞ്ഞുങ്ങൾ മാലാഖമാർ ആണെന്ന് മമ്മ പണ്ട് പറഞ്ഞിട്ടില്ലെ? എന്നാലീ മാലാഖകൾ വളർന്നു വലുതാകുമ്പോൾ എങ്ങനെയുള്ള ജീവിതമാണ് അവർക്കു താൽപര്യമെന്ന് എത്ര പേര് ചോദിച്ചിട്ടുണ്ടാകും? അവരോട് സ്വന്തം കാലിൽ ഉറച്ചു നിന്ന് സ്വന്തമായ തീരുമാനങ്ങളെടുത്ത് ജീവിതം പടുത്തുയർത്താൻ എത്ര മാതാപിതാക്കൾ പറഞ്ഞിട്ടുണ്ടാകും? ഇതേപോലൊരു മാലാഖയായി ജനിച്ചാൽ കല്യാണം കഴിയുന്നതുവരെ വീട്ടുകാരും ബന്ധുക്കളും പറയുന്നതുംകേട്ടു സ്വന്തം ആഗ്രഹങ്ങളും സ്വപ്നങ്ങളും ഉള്ളിലൊതുക്കി ജീവിക്കണം. ഇനി കല്യാണം കഴിഞ്ഞാലോ കെട്ടുന്നവന്റെ വീട്ടുകാരും ബന്ധുക്കളും പറയുന്നതും കേട്ട് ജീവിക്കണം. ഇതിനിടയിൽ എവിടെയെങ്കിലുംവച് മറുത്തുപറഞ്ഞാൽ അവൾ അഹങ്കാരി, തന്നിഷ്ടക്കാരി, കുടുംബത്തിന്റെ അന്തസ്സ് കളയുന്നവൾ! നമ്മുടെ രാജ്യത്തും നാട്ടിലുമെല്ലാം നൂറ്റാണ്ടിൽപോലും ഇങ്ങനെ എല്ലാമുള്ളിലൊതുക്കി ജീവിക്കുന്ന മാലാഖാമാരുണ്ടെന്നുള്ളത് വൈകിയാണെങ്കിലും ഞാൻ മനസിലാക്കി. അതുപോലെയൊരു മാലാഖയായി എനിക്ക് ജീവിക്കേണ്ട മമ്മ!

ഒരു കുടുംബമൊക്കെ ആകുന്നതിനു മുൻപ് എനികെന്റെതായ സ്വപ്നങ്ങളും താല്പര്യങ്ങളുമെണ്ടെന്നും അതൊക്കെ ചെയ്തുതീർക്കണമെന്നു പറഞ്ഞപ്പോൾ എല്ലാരുമെന്നെ കളിയാക്കി, പപ്പയൊഴികെ. എന്നാൽ അന്ന് പപ്പാ പറഞ്ഞത് നമ്മുടെ നാട് സ്ത്രീകൾക്കൊട്ടും സുരക്ഷിതമല്ലെന്നും, എന്നെപ്പോലൊരുത്തിക്ക് അതൊന്നും ഒറ്റയ്ക്കു സാധിക്കില്ലെന്നുമല്ലേ? ശെരിയായിരിക്കാം. നമ്മുടെ നാട്ടിൽ ഓരോ ദിവസവും സ്ത്രീകൾ അക്രമിക്കപെട്ടുകൊണ്ടിരിക്കുകയാണ്. രാത്രി ഒറ്റയ്ക്കു നടക്കാനിറങ്ങുമ്പോ ഓരോ മൂലയിലും തങ്ങളെ അപായപ്പെടുത്തുവാൻ ആരോ നില്പുണ്ടെന്ന ഭയം മിക്ക സ്ത്രീകളിലുമുണ്ട്. എന്നാൽ വളർന്നു വരുന്ന പെൺകുട്ടികളോട് 'രാത്രി ഇറങ്ങുമ്പോൾ പേടിക്കണം, ശല്യപ്പെടുത്താൻ വരുന്നവരെ അവഗണിക്കണം, ഒറ്റയ്ക്കു ഒരിടത്തും പോകരുത്' എന്ന ഭയവും ശാസനയും കൊടുത്ത വളർത്താതെ 'ശല്യപ്പെടുത്താൻ വരുന്നവന്റെ കരണക്കുട്ടി നോക്കി കൊടുക്കണം, ഒറ്റയ്ക്കായാൽപ്പോലും ഏതു പ്രതിസന്ധിയെയും ധൈര്യപൂർവം നേരിടണം' എന്നൊക്കെ ചൊല്ലിക്കൊടുത്തു വളർത്തിയിരുന്നേൽ ഇന്നാട്ടിൽ അനുവാദമില്ലാതെ പെണ്ണിന്റെ ദേഹത്തു കൈവയ്ക്കാൻ ഏതവനുമൊന്നു മടിച്ചേനെ. നമ്മുടെ നാടൊട്ടും ശെരിയല്ലേൽ മാറ്റേണ്ടത് നമ്മുടെ നാടിനെത്തന്നെയല്ലേ പപ്പാ? പിന്നെ ആണായാലും പെണ്ണായാലും ഒരു കാര്യം ചെയ്തു തീർക്കണമെന്ന് തുനിഞ്ഞിറങ്ങിയാൽ അവരതു ചെയ്തിരിക്കും. ചരിത്രം നമ്മളെ പഠിപ്പിക്കുന്നതും അതുതന്നെയല്ലേ?

ഇപ്പൊ പപ്പയും മമ്മയും വിചാരിക്കുന്നുണ്ടാകും, ഇത്രെയും കാലം കഷ്ടപ്പെട്ട് വളർത്തിയിട്ട് സ്വന്തം മകളുടെ കാര്യത്തിൽ തീരുമാനങ്ങൾ എടുക്കുന്നതിനുള്ള അർഹതയില്ലെ എന്ന്? സ്വന്തം മക്കളെ ഒരുപരിധിയിൽക്കൂടുതൽ നിയന്ത്രിക്കുന്നതിനുമപ്പുറം അവരുടെ തീരുമാനങ്ങളെ മാനിച്ചുകൊണ്ട് തെറ്റുകൾ തിരുത്തുകയും എങ്ങനെയാണു നല്ലൊരു ജീവിതം നയിക്കുകയും ചെയ്യേണ്ടതെന്ന് കാണിച്ചുകൊടുക്കേണ്ടവരല്ലേ മാതാപിതാക്കൾ? എന്നാൽ നല്ല മാർക്കുണ്ടായിട്ടും ഇഷ്ടമുള്ള കോളേജിൽ പഠിക്കുവാൻ എനിക്കീ വീട്ടിൽ നിരാഹാരമിരിക്കേണ്ടിവന്നു. വീട്ടിൽ താമസിക്കുമ്പോൾ പലതവണയായി എല്ലാവരും കൂടിചേർന്നെന്നെ ശ്വാസംമുട്ടിക്കുന്നപോലെ തോന്നിയിട്ടുണ്ട്. എല്ലാ മാലാഖകൾക്കും ദൈവം ചിറകു കൊടുത്തതുപോലെ എനിക്കും ചിറകുകൾ തന്നിരുനെൽ ഞാനെന്നേ  ഇവിടെനിന്നു പറന്നുപോയേനെ.

മേൽപറഞ്ഞതെല്ലാം എൻറെ സ്വന്തം അഭിപ്രായങ്ങളും നമ്മുടെ നാടിനെപ്പറ്റിയുള്ള എൻറെ കാഴ്ച്ചപ്പാടുമാണ്. അതാരുടെയും മേൽ അടിച്ചെൽപ്പിക്കുന്നതോ ഞാൻ തിരഞ്ഞെടുത്ത വഴി ശരിയാണെന്നു  വാദിക്കുന്നതോ അല്ല. മറിച്ച് എന്നെ തീരുമാനമെടുക്കാൻ പ്രേരിപ്പിച്ച ഘടകങ്ങളെപ്പറ്റിയാണ് ഞാൻ വിവരിച്ചത്. പണ്ടൊരിക്കൽ ദുൽഖർ സൽമാൻ ഏതോ ഒരു സിനിമേൽ പറഞ്ഞപോലെ 'എൻറെ ജീവിതം, എൻറെ തീരുമാനങ്ങൾ' അതാണെൻറെ  മുദ്രാവാക്യം. ഒരുപക്ഷെ അതെന്നെ തെറ്റായ വഴിയിലൂടെ നയിച്ചേക്കാം, എന്നാലും അവസാന ശ്വാസം വരെയും ഞാനതിൽ നിലകൊള്ളും.

ഇത്രെയും സാഹിത്യമൊക്കെ വലിച്ചുവാരി എഴുതീട്ടും പപ്പയുടേം മമ്മയുടേം മനസ്സുമാറിയില്ലേൽ ഞാൻ ചെയ്തതിനെല്ലാം ഒരർത്ഥവുമില്ലാതാകും. നിങ്ങളെ വേദനിപ്പിച്ചുകൊണ്ട് എനിക്കധികം മുൻപോട്ടു പോകാൻ കഴിയില്ല. ഞാനെൻറെ ബാംഗ്ലൂരിലുള്ള കൂട്ടുകാരി ഷഹാനയുടെ വീട്ടിലുണ്ടാകും. നിങ്ങളെന്നെ അംഗീകരിച്ചാൽ ഞാൻ പറഞ്ഞതുപോലെ നല്ല അന്തസ്സായി ജോലി ചെയ്തുകൊണ്ടുതന്നെ എൻറെ  'ഭ്രാന്തൻ' ആഗ്രഹങ്ങൾ ഓരോന്നായി സഫലീകരിക്കും. വൈകാതെ തന്നെ ബാംഗ്ലൂരിൽ എൻറെതായ ബിസിനസ് പടുത്തുയർത്തും. ഇതിനകം തന്നെ അതിനുവേണ്ടിയുള്ള ഒരുക്കങ്ങൾ ഞാനും എൻറെ കൂട്ടുകാരും ചേർന്നു തുടങ്ങിക്കഴിഞ്ഞു. ഇനിയഥവാ നിങ്ങളെന്നെ അംഗീകരിച്ചില്ലേൽ അടുത്ത ദിവസം തന്നെ ഞാൻ ചേലങ്ങാട് വീട്ടിൽ തിരിച്ചെത്തിയിരിക്കും. നിങ്ങളുടെ തീരുമാനമെന്തായാലും അതെന്നെ അറിയിക്കുക. അതിനു വേണ്ടി ഷഹാനയുടെ വീട്ടിൽ ഒരു സൈഡിൽ ഫോണും മറ്റേ സൈഡിൽ അവളുടെ അമ്മയുണ്ടാക്കുന്ന ചെമ്മീൻ ബിരിയാണിയുമായി ഞാൻ കാത്തുനിൽക്കും. അതിനുമുൻപ്എൻറെ പോങ്ങന്മാരായ ആങ്ങളമാരോട് എന്നെയന്വേഷിച്ചു വരരുതെന്ന് പറയണം.

"ഇച്ചായാ, ദേണ്ടെ അവള് നമ്മളെ പോങ്ങന്മാരെന്നു വിളിക്കുന്നു." പൊടുന്നനെ കത്ത് വായിക്കുന്നത് നിർത്തിക്കൊണ്ട് ഡാനിയേൽ ഡേവിഡിനോട് പറഞ്ഞു.

"മുഴുവനും വായിച്ച് തീർക്കെടാ. ഡേവിഡാരാണെന്നു അവൾക്കു ഞാൻ കാണിച്ചുകൊടുക്കുന്നുണ്ട്." ഡേവിഡിനെ പേടിച്ചിട്ടായിരിക്കണം ഡാനിയേൽ പെട്ടെന്നുതന്നെ തലതിരിച്ചു കത്തിലെ അവശേഷിക്കുന്ന ഉള്ളടക്കം വായിച്ചുതുടങ്ങി.

പിന്നെ വല്യപ്പനോട് പറയണം എനിക്ക് പുള്ളിയോട് ദേഷ്യമോ വൈരാഗ്യമോ ഇല്ലായെന്ന്. അന്നുമിന്നും എനിക്ക് വല്യപ്പനോട് സ്നേഹവും ബഹുമാനവും മാത്രമേയുള്ളു. കുടുംബത്തിന്റെ അന്തസ്സും പേരും നിലനിർത്താനുള്ള ഓട്ടത്തിനിടയിൽ വീട്ടിലുള്ളവരുടെ സന്തോഷത്തെപ്പറ്റിയും താല്പര്യങ്ങളെപ്പറ്റിയും വല്യപ്പൻ എപ്പോഴും മറക്കാറുണ്ട്. ഒരു പെട്ടിയിലാക്കി നമ്മളെ ആറടി മണ്ണിനടിയിലേക്ക് താഴ്ത്തുമ്പോൾ പേരും അന്തസ്സും ഒന്നും ആരും വകവയ്ക്കില്ല, മറിച് നല്ല നാളേക് ഒരു വഴി തുറന്ന് ഒരുപിടി നല്ല ഓർമ്മകൾ ബാക്കി വച്ചാൽ കാലവും വരും തലമുറയും നമ്മളെ അഭിമാനത്തോടെ നോക്കും.

പിന്നെ 2018ലും ജോസ് പ്രകാശിൻറെ കാലത്തുള്ളവരുടെ മനസികാവസ്ഥയോടുകൂടി ജീവിക്കുകയും കാലത്തിനൊപ്പം സഞ്ചരിക്കാതെ മറിച്ച് കാലത്തെയും യുവ തലമുറയെയും തങ്ങളുടെ മുഷിപ്പൻ ചിന്താഗതികൾ വച്ച് പിടിച്ചു നിർത്താൻ നോക്കുന്ന നമ്മുടെ നാട്ടിലെ തലമുതിർന്ന കാരണവന്മാർക്കും(വല്യപ്പനൊഴികെ) പ്രേത്യേകിച്ച് വർക്കിയങ്കിളിനും എൻറെ നടുവിരൽ നമസ്കാരം!

പോകുന്നിടത്തോക്കെ ഒറ്റയ്ക്കു പോകാനുള്ള മടികൊണ്ട് ഡാനിയേലിൻറെ ക്ലാരയെയും കൂട്ടിനു ഞാൻ കൊണ്ടുപോകുന്നു.

എന്ന് സ്വന്തം

  ഡെയ്സി

"എൻറെ കർത്താവേ, അവളെൻറെ ക്ലാരയെയും കൊണ്ടാ മുങ്ങിയേക്കുന്നെ!" കത്ത് വായിച്ച് തീർത്തയുടനെ തലയിൽ കൈ വച്ചുകൊണ്ട് ഡാനിയേൽ കരഞ്ഞു.

"അതാരാടാ ഉവ്വേ നമ്മളാരും അറിയാത്ത നിന്റെയൊരു ക്ലാരാ?" എല്ലാം കേട്ടുകൊണ്ട് ഒരുവശത്തേക്കു മാറിനിന്നിരുന്ന വർക്കി പെട്ടെന്ന് ചോദ്യമുന്നയിച്ചു.

"ഹാ, അതെൻറെ ബുള്ളെറ്റിൻറെ പേരാന്നെ! വെയിലടിച്ചാൽ പെയിന്റ് പോകും മഴ കൊണ്ടാൽ തുരുമ്പടിക്കും എന്നൊക്കെ ശ്രദ്ധിച്ച് പൊന്നുപോലെ നോക്കിക്കൊണ്ടു വന്ന എൻറെ ക്ലാരയെയാ അവള് ഒറ്റ രാത്രികൊണ്ട് അടിച്ചു മാറ്റിക്കൊണ്ട് പോയെ! "

"ബൈക്കിനു ആരേലും  ക്ലാരാ എന്ന് പേരിടുമോടെ? ശെരിക്കും അവളല്ല നീയാ കുടുംബത്തിന് ചീത്തപ്പേര് ഉണ്ടാക്കുന്നെ." ഡാനിയേലിന്റെ കളിയാക്കിച്ചിരിച്ചുകൊണ്ടു വർക്കി മുൻപോട്ടു വന്നു.

"ദേ...എൻറെ ക്ലാരയെ പറഞ്ഞാലുണ്ടല്ലോ വല്യപ്പൻറെ അളിയനാണെന്നു നോക്കുകേല."

"ചെലച്ചോണ്ടു നിൽക്കാതെ പോയി വണ്ടി എടുക്കാൻ നോക്കെടാ. ജോമോനെ നീ ഡാനിയേലിനെയും പിന്നെ ജോസിനെയും കൊണ്ട്പോയി ഇവിടുന്ന്  ബാംഗ്ലൂരിലേക്കുള്ള റൂട്ട് കവർ ചെയ്യണം. അവൾ ഏതുവഴിയിൽക്കൂടി ബാംഗ്ലൂര് കടക്കാൻ നോക്കിയാലും അവളവിടെ എത്തും മുൻപേ പിടിച്ചിരിക്കണം. ഞാൻ നമ്മുടെ പോലീസ് സ്റ്റേഷൻ വരെ ഒന്ന് പോകുവാ. എസ്സയ്യോട് പറഞ്ഞാൽ സ്റ്റേറ്റ് ചെക്ക്പോസ്റ്റ് കടക്കും മുൻപ് അവളെ നമുക്ക് ചിലപ്പോ പിടിക്കാൻ പറ്റിയേക്കും. പുള്ളി നമ്മുടെ ആളല്ലേ." ജോമോൻറെ തോളിൽ കൈവച്ചുകൊണ്ട് ഡേവിഡ് പറഞ്ഞുനിർത്തി.

അതിനു പിന്നാലെ മൂവരും വേഗം വീടിന്റെ മുറ്റത്തേക്ക് നടന്നിറങ്ങി. അവർക്കു പിന്നാലെ മാത്തച്ചൻ ആരോടും മിണ്ടാതെ ഉമ്മറത്തേക്കും വന്നിരുന്നു. മുറ്റത്തേക്ക് കയറിവന്ന രണ്ടു വാഹനങ്ങളിലായി ഡേവിഡും ജോമോനും ഡാനിയേലും കേറുന്നതുകണ്ട മാത്തച്ചൻ പതിയെ മുണ്ടു മടക്കിക്കുത്തി.

അപ്രതീക്ഷിതമായ ഒരലർച്ച കേട്ട് മാത്തച്ചൻ പെട്ടെന്നു പിറകോട്ടു നോക്കി.

"വണ്ടീന്നിറങ്ങടാ" എന്ന് ആക്രോശിച്ചുകൊണ്ട് സാറാമ്മ തൻറെ  മുന്നിൽ കൂടി മുറ്റത്തേക്ക് ഇറങ്ങിപ്പോകുന്നത് മാത്തച്ചൻ ഒരമ്പരപ്പോടെ നോക്കിനിന്നു.

"എടാ ഡേവിഡേ, നിന്നോടാ പറഞ്ഞെ വണ്ടീന് പുറത്തിറങ്ങടാ!" വീടിനു പുറത്തു തിങ്ങിക്കൂടി നിന്ന ആൾക്കൂട്ടത്തെ മാനിക്കാതെ സാറാമ്മ വീണ്ടുമലറി. സാറാമ്മയുടെ അലർച്ച കേട്ട് ഡേവിഡ് ജീപ്പിൽ നിന്നും പുറത്തേക്കിറങ്ങി.

"എടാ വീട്ടീക്കേറിപോടാ! അവളെന്നോടാ അനുവാദം ചോദിച്ചേ. അവളുടെ മമ്മയോട്. ഞാൻ പറയുവാ അവളിനിമുതൽ അവളാഗ്രഹിച്ച പോലെ ജീവിക്കും. അവളുടെ സ്വപ്നങ്ങൾ തകർക്കാനോ തടസ്സം നിൽക്കണോ ഞാനിനി ഒരുത്തനേം അനുവദിക്കത്തില്ല." സാറാമ്മയുടെ വാക്കുകൾ അവിടെ നിന്നിരുന്ന എല്ലാരിലും അതിശയമുണർത്തി.

"മമ്മ ഇതെന്നതാ പറയണേ? അവളെന്താണ്ടൊക്കൊയോ എഴുതീട്ടും പോയീന്നും വച്ച് അവളെ ചുമ്മാ അങ്ങ് പോകാൻ വിടണോ? എനിക്കതു പറ്റത്തില്ല. എണ്ണി അരദിവസത്തിനകം ഞാനവളെ ഇവിടെ തന്നെ തിരിച്ചുകൊണ്ടെത്തിക്കും." ഒട്ടും അയഞ്ഞുകൊടുക്കാൻ ഡേവിഡും തയ്യാറല്ലായിരുന്നു.

"കിടന്നട്ടഹസിക്കാതെ അകത്തേക്ക് കേറിപ്പോടാ! എൻറെയും ഡേയ്സിയുടെയും വാക്കിന് വിലകല്പിക്കാതെ നീയെങ്ങാനും വണ്ടിയെടുത്തു അവളെ തിരയാൻ പോയാൽ......ചെറുപ്പത്തിൽ തോന്ന്യാസം കാണിക്കുമ്പോ ചന്തിക്കിട്ടടിക്കാൻ ഉപയോഗിച്ച ചൂരല് ഇപ്പഴും ഞാൻ മാറ്റിവച്ചിട്ടുണ്ട്. അതിപ്പോ ഞാനെടുത്തോണ്ടു വരും... നാട്ടുകാരുടെ മുമ്പിൽ വച്ചുതന്നെനിന്നോടും കൂടിയാടാ പറയണേ.." ഡേവിഡിനെ ശാസിക്കുന്നതിനിടെ ഡാനിയേലിനു നേരെയും വിരൽ ചൂണ്ടിക്കൊണ്ട് സാറാമ്മ ഗർജ്ജിച്ചു.

"മമ്മ ഇതെന്നതൊക്കെയാ വിളിച്ച് പറയണേ? നമ്മുടെ കുടുംബത്തിൻറെ പേര് കളയാതെ നോക്കാനാ ഞാനും വല്യപ്പനും ഇതൊക്കെ ചെയ്യുന്നേ. അവളെ ചുമ്മാതങ്ങോട്ടു വിട്ടാൽ നാട്ടുകാരെന്നാ പറയും മമ്മ?"

"അവള് നിൻറെ കൂടെപ്പിറപ്പാ! അത് കഴിഞ്ഞേച്ചുമതി വീടും വീട്ടുപേരുമെല്ലാം. പിന്നെ ആരാടാ നാട്ടുകാര്? ദേ ഇവന്മാരോ?" വലതുവശത്ത് കൂടിനിന്ന ആളുകളെ ചൂണ്ടിക്കൊണ്ട് സാറാമ്മ തുടർന്നു. "സ്വന്തം വീട്ടിലുള്ള പെണ്ണുങ്ങളെ അന്തസ്സായി നോക്കാൻ കെല്പില്ലാത്തവന്മാരാണോ എൻറെ കൊച്ചെങ്ങനെ ജീവിക്കണമെന്ന് തീരുമാനിക്കേണ്ടത്? മറ്റുള്ളവരുടെ വാക്കുകൾക്കു അടിമയാകാതെ സ്വന്തം തീരുമാനങ്ങൾക്ക് പ്രാധാന്യം കൊടുത്തുകൊണ്ട് ജീവിക്കാൻ തീരുമാനിച്ച അവളെപ്പറ്റി എനിക്കഭിമാനം മാത്രമേയുള്ളു. ഇതിൻറെ പേരും പറഞ്ഞു പോകുന്ന അന്തസ്സെ വീടിനുള്ളെങ്കിൽ അങ്ങ് പോട്ടെന്നു വയ്ക്കും ഞാൻ!" നെഞ്ചത്തു കൈ തട്ടിക്കൊണ്ടു സാറാമ്മ പറഞ്ഞുതീർത്തു

"സാറാമ്മേ!" പിറകിൽ നിന്ന് മാത്തച്ചന്റെ ശബ്ദം കേട്ട് സാറാമ്മ താഴോട്ട് നോക്കി.

"ഇച്ചായൻ ഇനി ഇതിൽ ഇടപെടരുത്. ഇതും ഞാനും എൻറെ മക്കളും തമ്മിലുള്ള പ്രേശ്നമാ. പണ്ട് മമ്മയില്ലാതെ പുറത്തിറങ്ങില്ലായിരുന്നു ദേ  ഡേവിഡ്. അവൻറെ പപ്പാ കൊടുക്കുന്ന പൈസയ്ക്ക് ആദ്യം മമ്മയ്ക് എന്ത് വേണമെന്ന് പറഞ്ഞു ചോദിച്ചു വന്നിരുന്ന ചെക്കനാ. ഇച്ചായന്റെ കൂടെ കേറിയേൽപ്പിന്നെ ഇവൻ മമ്മ എന്ന് വിളിച്ചോണ്ടുവരുന്നത് ആഹാരം വിളമ്പാൻ മാത്രമാ!" കണ്ണുകളിൽ നിന്ന് ഊർന്നിറങ്ങിയ കണ്ണുനീർ തുടച്ചുകൊണ്ട് സാറാമ്മ പറഞ്ഞു. "ഇനിയെൻറെ മകളെയും എന്നിൽനിന്നകറ്റാൻ ഞാൻ സമ്മതിക്കേല."

"എടാ മാത്യു നിൻറെ കെട്ടിയോള് പറയുന്നതുകേട്ടു ചുമ്മാ നില്ക്കുവാണോ?" ഒരറ്റത്തായി മാറിനിന്നിരുന്ന മാത്യു മെല്ലെ മാത്തച്ചന്റെയടുത്തേക്കു നടന്നുവന്നു.

"എൻറെ ഡേയ്സിമോള് കത്തിൽ പറഞ്ഞത് ഇച്ചായൻ കെട്ടില്ലായിരുന്നോ? പപ്പയും മമ്മയുമുള്ള വീട്ടിൽ നിൽക്കുമ്പോൾ അവൾക്കു ശ്വാസം മുട്ടുവാന്ന്‌. സ്വന്തം മകള് ഇങ്ങനെ പറയുവാണേൽ ഒരച്ഛനെന്ന രീതിയിൽ ഞാനൊരു പരാജയമല്ലേ ഇച്ചായാ? .....അവള് പോട്ടെ ഇച്ചായാ. നശിച്ച വീട്ടീന്ന് അവളെങ്കിലും രക്ഷപ്പെട്ടേച് പോട്ടെ!" തൻറെ അനിയൻറെ കണ്ണുകൾ നിറയുന്നത് വേദനയോടെ മാത്തച്ചൻ നോക്കിനിന്നു.

"നിങ്ങളാരുമെന്താ ഞാൻ പറയുന്നത് മനസിലാക്കാത്തെ? അവളെങ്ങോട്ടൊക്കെയാ പോകുന്നെന്ന് അറിയാമല്ലോ എല്ലാവർക്കും? നമ്മുടെ രാജ്യത്ത് അവളെ ഒറ്റയ്ക്കങ്ങോട്ടു കറങ്ങാൻ വിടണമെന്നാണോ പപ്പയും മമ്മയും പറയുന്നേ?" മാത്യൂന്റെയും സാറാമ്മയുടെയും മനസ്സുമാറ്റാനുള്ള അവസാന അടവായി മുന്നിൽക്കണ്ട് ഡേവിഡ് ഉറക്കെപ്പറഞ്ഞു.

അതിനുത്തരമെന്നോണം സാറാമ്മ വീണ്ടും മുറ്റത്തേക്ക് തിരിഞ്ഞുകൊണ്ടാലറി. "ആണുങ്ങളില്ലാതിരുന്ന സമയത്ത് വീട്ടിലുള്ള പെണ്ണുങ്ങളെ കേറി പിടിക്കാൻവന്ന ബ്രിട്ടീഷുകാരുടെ കാലു വെട്ടിയെടുത്ത കൊച്ചുത്രേസ്യയുടെ ചോരയാടാ അവള്. ഒരുത്തനും അവളുടെ ദേഹത്ത് കൈ വയ്ക്കാൻ വരുകേല, അഥവാ വന്നാലും പിടി വീഴുന്നതിനു മുൻപേ അവൻറെ അഞ്ചു വിരലും അവൾ അരിഞ്ഞു താഴേക്കിടും. അക്കാര്യത്തിൽ ഒരു പേടിയും വേണ്ടടാ നിനക്ക്."

"എന്നാലും മമ്മ.."

"മമ്മയുടെ ബീപ്പീകൂട്ടാതെ അകത്തോട്ടു കേറിപ്പോടാ!" മാത്യുവിന്റെ അന്ത്യശാസന കൂടി കേട്ടതോടെ ഡേവിഡ് തളർന്നു. ഇനി സ്വന്തം വീട്ടിലൊരു സംഘർഷമുണ്ടാക്കാതെ മുൻപോട്ടു പോകാൻ കഴിയില്ലെന്നവൻ മനസിലാക്കി.

"ഇനി എന്നാന്നുവച്ചാ ചെയ്തോ! അവളെ തലേക്കൊണ്ടു നടക്കുവോ അഭിമാനംകൊണ്ടു പുളയുവോ എന്നാന്നുവച്ച ചെയ്തോ! ഡേവിഡ് ഇനി ഇതിൻറെ പിറകെ പോകത്തില്ല!" ജീപ്പിന്റെ വാതിൽ ആഞ്ഞടച്ചതിനു ശേഷം ഡേവിഡ് വീട്ടിനകത്തേക്കുള്ള പടവുകൾ കയറി.

"എടാ ജോമോനെ നിന്നോടിനി പ്രേത്യേകം പറയണോ?" സാറാമ്മയിൽ നിന്ന് പ്രചോദനമുൾക്കൊണ്ട് ശോശാമ്മയും മുൻപോട്ടു വന്നു. മാത്തച്ചനിൽ നിന്നും ഒരു എതിർപ്പും ഇനിയുണ്ടാകാൻ പോകുന്നില്ലെന്ന് അയാളുടെ മുഖം കണ്ടപ്പോഴേ  ജോമോന് മനസിലായി.

"വോ വേണ്ട. എനിക്കുള്ള ചൂരല് ഞാൻ പണ്ടേ എടുത്തു കിണറ്റിൽ എറിഞ്ഞതാ. ഇനി അതും പറഞ്ഞോണ്ട് വരണ്ട. ഞാൻ ഒരിടത്തും പോണില്ല! ഇനി എന്നാത്തിനാ എല്ലാരും ഇവിടെ കൂടി നിക്കുന്നെ? എല്ലാരും അവരവരുടെ വീട്ടിൽ പോയെ!" കൂടിനിന്നവരോട് കൈകൾ ഉയർത്തിക്കൊണ്ട് ജോമോൻ ഉറക്കപ്പറഞ്ഞു.

"മമ്മ, അപ്പൊ എൻറെ ക്ലാരയോ?" അതുവരെ ശബ്ദം ഉയർത്താതെ എല്ലാം കേട്ടുകൊണ്ട്നിന്ന ഡാനിയേൽ ചോദ്യമുന്നയിച്ചു.

"അവൻറെ ഒരു ക്ലാര! കോളേജിലെ പെൺപിള്ളേർടെ മുന്നിൽ ഷോ കാണിക്കാനല്ലെടാ നിനക്ക് ബുള്ളറ്റ്? ഇനി നീ പപ്പയുടെ ബൈക്ക് എടുത്തോണ്ട് കോളേജിൽ പോയാ മതി!"

"അതിലുംബേധം വല്യപ്പന്റെ പഴേ സൈക്കിൾ എടുത്തോണ്ട് പോകുന്നതാ!" പിറുപിറുത്തുകൊണ്ടു ഡാനിയേലും വീടിനുള്ളിലേക്ക് നീങ്ങി.

"എന്നതൊക്കെ കാണിച്ചാലും അവള് കുറച്ചു ബഹുമാനമൊക്കെയുള്ള കൂട്ടത്തിലാ. കണ്ടില്ലെയോ കത്തിൽ എൻറെ പേരെടുത്ത് പറഞ്ഞു നമസ്കാരമൊക്കെ ഇട്ടേക്കണേ. അല്ല എന്നതാടാ നടുവിരൽ നമസ്കാരം?" അകത്തേക്ക് കേറിപോകുന്നതിനിടയിൽ ഡാനിയേലിനോട് വർക്കിച്ചൻ തിരക്കി.

"ഒന്ന് പോ കിളവ. ഇവിടെ ക്ലാര പോയതിനെക്കുറിച്ചോർത്ത് വിഷമിച്ചിരിക്കുവാ അപ്പോഴാ അങ്ങേരുടെ നടുവിരൽ നമസ്കാരം."

"ഒളിച്ചോടിപ്പോയാ പെണ്ണിനുള്ള മര്യാദപോലും നിനക്കില്ലല്ലോടാ! ശെടാ എന്നാലും എന്നതാ നടുവിരൽ നമസ്കാരം? പിള്ളേരുടെ ഓരോ പുതിയ കണ്ടുപിടിത്തങ്ങളെ!" സ്വയം പുലമ്പിക്കൊണ്ട് വർക്കിച്ചനും വീട്ടിനകത്തേക്ക് കേറി.

ഇതിനിടയിൽ ജനാലയ്ക്കടുത്തുള്ള ശലഭകോശം രണ്ടായിപിളർന്നിരുന്നു. അതിൽനിന്നും ത്രിവര്ണങ്ങളാൽ അലങ്കരിക്കപ്പെട്ട ചിറകുകൾ വിടർത്തി അതീവമനോഹരമായ ഒരു ചിത്രശലഭം പുറത്തുവന്നു. ചുറ്റുമുള്ള ലോകത്തെ തൻറെ ഭംഗിയുള്ള ചിറകുകൾ കാട്ടി പൂമ്പാറ്റ പൂവുകൾക്കിടയിൽക്കൂടി പറന്നുനടന്നു.

                                                                                                              f    f   f    f    f    f    f    f    f    f    f

"ഹമ്പോ!! ഇത്രയ്ക്കും സംഭവബഹുലമായിരുന്നോ തൻറെ ജീവിതം? ഇതൊക്കെ നടന്നതുതന്നെയാണോ?" കൊടുംത്തണുപ്പകറ്റാൻ തീയിലേക്ക് കൈകാണിച്ചുകൊണ്ട് രാഹുൽ ചോദിച്ചു.

"അല്ല.....അതുപിന്നെ .....എൻറെ ജീവിതകഥയല്ലേ? അതിപ്പോ എനിക്കിഷ്ടമുള്ള രീതിയിലല്ലേ പറയാൻ പറ്റൂ. അവിടേം ഇവിടേം ഇച്ചിരി മസാല ചേർത്തൂന്നു മാത്രം, എന്നാലല്ലേ കഥയ്ക്കൊരു പഞ്ച് കിട്ടു." തൻറെ ചന്തമുള്ള നുണക്കുഴി എടുത്തുകാട്ടി ഡെയ്സി രാഹുലിനെ നോക്കിച്ചിരിച്ചു.

"എന്നാലും തൻറെ മമ്മയെ സമ്മതിച്ചു കേട്ടോ! വൈകിയാണേലും തൻറെ മകൾക് വേണ്ടി വീട്ടുകാർക്കും നാട്ടുകാർക്കുമെതിരെയും ശബ്ദമുയർത്താൻ കാണിച്ച തന്റേടമുണ്ടല്ലോ, അത് സമ്മതിച്ചുകൊടുത്തെ പറ്റൂ!"

"എൻറെ മമ്മ കിടുവ. മമ്മ പണ്ടേ പോലീസിൽ ചേരാൻ ടെസ്റ്റൊക്കെ എഴുതി നിന്നതാ. സമയത്തതാണ് പപ്പയുടെ പ്രൊപ്പോസലുമായി വല്യപ്പൻ വന്നത്. പിന്നെ അപ്പച്ചൻ ഒന്നും നോക്കീല, മമ്മയെ അങ്ങ് കെട്ടിച്ചു വിട്ടു. അല്ലേൽ ഇപ്പോഴേ വല്ല നല്ല പോസ്റ്റിലും ഇരുന്നേനെ. ഇക്കാലത്തും ഇതേപോലെ കല്യാണത്തിന്റെ പേരും പറഞ്ഞു പല പെൺകുട്ടികളുടെയും കരിയറിന് കേടുവരുത്താറുണ്ട്." തൻറെ ഇരുകൈകളും ഉരസിക്കൊണ്ടു ഡെയ്സി മറുപടിപറഞ്ഞു.

"ശേ...ഇപ്പൊ ആൾക്കാരുടെ ചിന്താഗതികൾ ഒരുപാട് മാറി. സ്ത്രീകൾ കുട്ടികളെയുംനോക്കി വീട്ടിലിരിക്കണമെന്നു ആരും പറയാറില്ല."

"എന്തൊക്കെ പറഞ്ഞാലും റോഡിലൂടെ പോകുമ്പോൾ ഒരു സ്ത്രീ വണ്ടിയിൽ ഓവർടേക്ക് ചെയ്താൽ രക്തം തിളയ്ക്കുന്ന ആൾക്കാരുടെ നാടാ ഇത്. അങ്ങനെയൊന്നും ചിന്താഗതികൾ മാറില്ല. അല്ലേലും ചെറിയൊരംശം സ്ത്രീകൾക്ക് മാത്രമാണ് അതിനുള്ള സ്വാതന്ത്ര്യവും  ഭാഗ്യം കിട്ടുക. നമ്മുടെ രാജ്യത്തു ഇപ്പോഴും പല ഉൾപ്രദേശങ്ങളിലും നാടുകളിലും എല്ലാമുള്ളിലൊതുക്കി ജീവിക്കുന്ന സ്ത്രീകൾ ഒരുപാടുണ്ട്. അവർക്കാണ് ശെരിക്കും അവകാശങ്ങൾ വേണ്ടത്."

അവൾ പതിയെ തൻറെ സ്വെറ്റർ ഉള്ളംകൈയിൽ നിന്നും മുകളിലേക്ക് മടക്കിവച്ചു. അവളുടെ കൈപ്പത്തിയുടെ താഴോട്ട് ചേർന്നു ത്രിവർണ ചിറകുകളുള്ള ഒരു ചിത്രശലഭത്തിന്റെ ടാറ്റൂ പതിപ്പിച്ചിരിക്കുന്നത് രാഹുൽ ശ്രദ്ധിച്ചു.

"വൗ! ഇവിടെവച്ചു ഒരു മലയാളി പെണ്ണിനെ കണ്ടുമുട്ടുമെന്നു ഞൻ ഒട്ടും വിചാരിച്ചില്ല. അതും തന്നെപ്പോലൊരുപെണ്ണിനെ! താനൊരു സംഭവമാണ് കേട്ടോ. ചോദിക്കുന്നതുകൊണ്ടൊന്നും വിചാരിക്കരുത്. നിങ്ങളൊരു ഫെമിനിസ്റ്റ് ആണോ? നിങ്ങൾക്ക് ആണുങ്ങളോട് വെറുപ്പുണ്ടോ?" അതിനുത്തരമെന്നോണം ഡെയ്സി പുഞ്ചിരിച്ചു.

"ഒരു പെണ്ണെന്ന നിലയിൽ സ്വന്തം കാലിൽ നിൽക്കുകയും, സ്വന്തം തീരുമാനങ്ങൾക്കും ആഗ്രഹങ്ങൾക്കും മുൻഗണന കൊടുക്കുന്നവരെയുമാണ് ഫെമിനിസ്റ്റ് എന്ന് വിളിക്കുന്നതെങ്കിൽ  അതെ ഞാനുമൊരു ഫെമിനിസ്റ്റ് ആണ്. പിന്നെ ആണുങ്ങളോട് എനിക്ക് വെറുപ്പാണെന്ന് ആര് പറഞ്ഞു? ഒരാണ് തന്നെയാണ് എന്നെ വീട്ടിൽ നിന്ന് രക്ഷപെടുത്തിയത്. അപ്പോളെങ്ങനെ എനിക്കവരെ വെറുക്കാൻ പറ്റും?" ഡേയ്സിയുടെ ഉത്തരം രാഹുലിന്റെയുള്ളിൽ ആശയക്കുഴപ്പമുണ്ടാക്കി.

"കൺഫ്യൂഷൻ ആയല്ലേ? കൊട്ടാരം പോലുള്ള വീട്ടിൽ നിന്ന് ഞാൻ ഒറ്റയ്ക്കു എങ്ങനാ രാത്രിയിൽ ഇറങ്ങിപോകുന്നെ? അതും അഞ്ചെട്ടു  തടിമാടന്മാരുള്ള വീട്ടിൽ!"

"ഹമ്മോ...അത് വലിയൊരു ട്വിസ്റ്റ് ആണല്ലോ? ആരാടോ തന്നെ    സഹായിച്ചത്? ഡാനിയേലോ?.... പപ്പയോ? ... അതോ ജോമോനോ?.... ദൈവമേ...... ഇനി ഡേവിഡ് തന്നെയാണോ തന്നെ രക്ഷപ്പെടുത്തിയത്?" കൗതുകംമൂത്ത് രാഹുൽ ഡേയ്സിക്കടുത്തേക്കു നീങ്ങി.

"അത് മാത്രം ഞാൻ പറയത്തില്ല. പുള്ളിക്ക് ഞാൻ വാക്ക് കൊടുത്തതാണ് ആരോടും പറയത്തില്ലെന്ന്. മറ്റുള്ളവരുടെ മുൻപിൽ അഭിനയിക്കാൻ പുള്ളി പണ്ടേ മിടുക്കനാ, എന്നാൽ എന്നോട് ഏപ്പോഴും സ്നേഹം മാത്രമേ ഉണ്ടായിരുന്നുള്ളു. പുള്ളി പറഞ്ഞിട്ട് തന്നെയാ ഞാൻ കത്തെഴുതിയതും. അത് വായിച്ചു കഴിയുമ്പോ മമ്മ പ്രതികരിക്കുമെന്നും പുള്ളിക്കുറപ്പായിരുന്നു." ഡേയ്സിയുടെ ചുണ്ടിലെ ചിരി കൂടുതൽ വിടർന്നു.

"നല്ല ആടാറു ഫാമിലി തന്നെ! വീടുവിട്ടിറങ്ങിപ്പോയ പെണ്ണിനെ പിന്തുണയ്ക്കുന്ന അമ്മയും, പെണ്ണിനെ ഇറങ്ങിപ്പോകാൻ സഹായിച്ചതോ കുടുംബത്തിലെ ഒരാണും. ആട്ടെ, ഇനിയും ഇതുപോലത്തെ ആഗ്രഹങ്ങളുണ്ടോ തനിക്ക്?" പുറത്ത് കാറ്റിന്റെ വേഗത  കൂടുന്നതിനിടയിൽ ശബ്ദമുയർത്തിക്കൊണ്ടു രാഹുൽ ചോദിച്ചു.

"ഹിഹി...ഇതൊക്കെയൊരു തുടക്കം മാത്രമല്ലേ. ഇനിയും നിറയെ ചെയ്തു തീർക്കാനുണ്ട്. എൻറെ കഥയും ആഗ്രഹങ്ങളുമൊക്കെ കേട്ടത് മതി. ഇനി താൻ ഇവിടെങ്ങനെയെത്തി എന്നുപറ."

"എൻറെ കഥയിൽ ഇത്രയ്ക്കു സസ്പെൻസോ ട്വിസ്റ്റോ ഒന്നുമില്ലെന്നേ. കുറച്ചു ട്രാജഡിയും പിന്നെ......"

അവിടെയുണ്ടായിരുന്ന ബാക്കി ആളുകൾടിയിടയിൽ അവരുടെ സംഭാഷണവും പതിയ അലിഞ്ഞു ചേർന്നു. ശക്തമായ മഞ്ഞുവീഴ്ച്ചയും കാറ്റും താണ്ഡവമാടിക്കൊണ്ടിരുന്ന എവറെസ്റ്റിന്റെ ബേസ് ക്യാമ്പിൽ അവരിരുവരും രാത്രിയിലുടനീളം കഥകൾ കൈമാറിക്കൊണ്ടിരുന്നു.