Skip to main content
Srishti-2022   >>  Short Story - Malayalam   >>  തിരികെ

Surya C G

UST Global

തിരികെ

നന്നേ പ്രായമായിരുന്ന ബസ് ഞരങ്ങിയും മൂളിയും ഒരു നീണ്ട നെടുവീർപ്പോടെ നിന്നപ്പോഴാണ് അവൾ ഉറക്കമുണർന്നത്. പതിവുകളൊന്നും തെറ്റിയിട്ടില്ല. അവൾ മന്ദഹസിച്ചു. അധികം ബാഗുകൾ ഒന്നുമില്ല.. വേണ്ടെന്നു വച്ചിട്ടാണ്.  ശ്രദ്ധയുള്ള നാട്ടുകാരുടെ സ്നേഹസംഭാഷണങ്ങളെ ഭയന്നിട്ടോ, പിന്നിൽ ഉപേക്ഷിക്കാൻ തീരുമാനിച്ച ജീർണിച്ചുതുടങ്ങിയ ജീവിതത്തിന്റെ ശേഷിപ്പുകൾ ഇനിയും താങ്ങാൻ ആഗ്രഹമില്ലാതിരുന്നിട്ടോ..?  അവൾക്കു നിശ്ചയമില്ല.

 ജീവിതത്തിനുള്ളിൽ കയറി സൂക്ഷ്മമായി നിരീക്ഷിക്കുന്ന കണ്ണുകളെയൊന്നും പരിചയം ഭാവിക്കാതെ അവൾ നടപ്പിന് വേഗത കൂട്ടി. ഉത്തരങ്ങൾ ഒന്നും പറഞ്ഞു പഠിച്ചു വച്ചിട്ടില്ല.. അതാണ് ശീലം.

പോകുന്നത് സ്വന്തം വീട്ടീലേക്കല്ല. മുത്തശ്ശിയുടെ വീട്ടിലേക്കാണ്.കാടും പടലും പിടിച്ചു കിടക്കുകയാണ് അവിടം. നീണ്ട നാല്പതു വർഷങ്ങൾക്ക്‌ ശേഷവും ഇന്നുംഅവൾ സ്വപ്നത്തിൽ 'വീട്' ആയി കാണുന്നത് ഈ തറവാടാണ്. അതിനൊരു കാരണമുണ്ട്. ഇവിടെ അവൾക്ക് അഭിനയിക്കേണ്ടതില്ല. മനസ്സ് തുറന്നു ജീവിക്കാൻ പോന്ന ഭൂമിയിലെ ഒരേ ഒരിടം.  

വളരെ പ്രായമായി മുത്തശ്ശിക്ക്. ഓർമ്മ നശിച്ചുതുടങ്ങിയിരിക്കുന്നു എന്നാണു കേട്ടത്. 'എങ്കിലും എന്നെ മറക്കുകയില്ല'  അവൾ മനസ്സിൽ ഒരു കുസൃതിച്ചിരിചിരിച്ചു.

ഇടുങ്ങിയ നടപ്പാത ആണ്. കഷ്ടിച്ച് ഒരു കാറിനു കടന്നുപോകാം. ഈ വഴി കടക്കുമ്പോൾ, എന്നും ഒരുനൊമ്പരമാണ്.. തെല്ലു സുഖമുള്ള ഒരു നൊമ്പരം.. എത്തിപ്പിടിക്കാനാകാത്ത വിധം, ദൂരെയെങ്ങോ മാഞ്ഞുപോയ ബാല്യത്തിന്റെ  അവശേഷിപ്പുകൾ നാമ്പുകൾ പൊട്ടിവിടരാൻ വെമ്പി നിൽക്കുന്ന വഴിത്താരകൾ. നേർത്ത വിഷാദം കലർന്ന പുഞ്ചിരിയോടെ അവൾനടന്നു.

കുട്ടിക്കാലത്തു ഇവിടെ വരുമ്പോൾ, ഓടി വന്നു കൗതുകത്തോടെ നോക്കി നിൽക്കുന്ന ഒരുപാട് മുത്തശ്ശിമാർ ഉണ്ടായിരുന്നു. മുത്തശ്ശിക്ക് സഹായത്തിനു നിന്നവരാണ്. ഇന്നവരാരുമില്ല. വീട് നിശ്ചലമായത്പോലെ.

നേരെ ചെന്നത് മുത്തശ്ശന്റെ കല്ലറയിലേക്കാണ്.അല്ല... അതൊരു കല്ലറയല്ല. മുത്തശ്ശനെ ദഹിപ്പിച്ചസ്ഥലമാണ്. അവിടെ ഇന്നൊരു കൂറ്റൻ തെങ്ങു വളർന്നു നിൽക്കുന്നു. ആ വൃക്ഷം ഇന്നവൾക്കു മുത്തശ്ശനാണ്. എല്ലാവരും മറന്നു തുടങ്ങിയിരിക്കുന്നു. അയല്പക്കത്തെ കുട്ടികൾ അത് വഴി ഓടി കളിക്കുന്നുണ്ടായിരുന്നു. അവളെ കണ്ടു തെല്ലു നാണത്തിൽ സംശയത്തോടെ അവർ അങ്ങനെ നിന്നു. അവരെ നോക്കി കുസൃതിയോടെ അവൾ ചിരിച്ചു. ഇത് അവരുടെ കളിസ്ഥലം അല്ലെന്നു മനസിലായിട്ടാകണം, അവർ അല്പം അകന്നു നിന്നു.

ഒരു പക്ഷെ, ഇന്നും മുത്തശ്ശനെ ഓർക്കുകയും, സ്വകാര്യമായി സംസാരിക്കുകയും ചെയ്യുന്നത് അവൾ മാത്രമായിരിക്കണം. മുട്ട് കുത്തി നിന്നു അവൾ മുത്തശ്ശനോട് എന്തോ സ്വകാര്യം പറഞ്ഞു. ഒരിറ്റു കണ്ണുനീർ അവളുടെ കണ്ണുകളിൽ പൊടിഞ്ഞു. അകലെ മാറി നിന്ന കുട്ടികൾ അമ്പരന്നു പരസ്പരം നോക്കി. അവൾ വീണ്ടും ചിരിച്ചു. കണ്ണുകൾ ഇറുക്കിയടച്ചു 'വെറുതെ' എന്ന് ആംഗ്യം കാണിച്ചു.

ഒരുപാട് പറയാനുണ്ട് മുത്തശ്ശിയോട്. ബോധമണ്ഡലത്തിലെങ്ങോ ഇനി നാമ്പുകൾ മുളക്കാത്ത വണ്ണം കുഴിച്ചു മൂടിയ ഓർമ്മകൾ.. ആരെയും തുറന്നു കാണിക്കാൻ ആഗ്രഹിക്കാത്ത, ജീവിതം പോറി വരച്ചിട്ട വിങ്ങുന്നൊരധ്യായം. മുത്തശ്ശിക്ക് ഉൾക്കൊള്ളാൻ കഴിയാത്ത ഒടുവിലത്തെ സമ്മാനം. എല്ലാം ആരോടെങ്കിലും തുറന്നു പറഞ്ഞു പൊട്ടിക്കരയാൻ കഴിഞ്ഞിരുന്നെങ്കിലെന്നു പലപ്പോഴും ആഗ്രഹിച്ചിട്ടുണ്ട്. കഴിയില്ല... കരിങ്കല്ലിനെക്കാൾ കാഠിന്യമേറിയ ഒരു മനസ്സാണ് ജീവിതം അവൾക്കുസമ്മാനിച്ചത്..'ഒരു പക്ഷെ, എല്ലാം മുത്തശ്ശിയോട്പറയാൻ കഴിഞ്ഞേക്കും'. അവൾ ഒരു നെടുവീർപ്പോടെ ചിന്തിച്ചു.

മുത്തശ്ശി ശകാരിക്കും,'ബുദ്ധിയില്ലാത്ത പെണ്ണ്' എന്ന് പറഞ്ഞ തലയ്ക്കു കിഴുക്കും, എല്ലാംസഹിക്കുവാൻ ഉപദേശിക്കും. എന്നിട്ടും എല്ലാം മുത്തശ്ശിയോട് പറയാൻ ആഗ്രഹിക്കുന്നത്, മറ്റാരുടെയും ശകാരം ഏറ്റു വാങ്ങാൻ ശക്തിയില്ലാത്തതു കൊണ്ടാണ്.

പതിവ് പോലെ പടിപ്പുരവാതിൽ തുറന്നാണ് കിടക്കുന്നത്. മറ്റാരുമില്ലെന്നു ഉറപ്പു വരുത്താൻ മെല്ലെ അവൾ വാതിൽ തുറന്നെങ്കിലും, വയസ്സേറിയ വിജാഗിരികൾ അവൾക്കു നേരെ അടക്കി ചിരിച്ചു. അറുപതു വർഷങ്ങൾ പഴക്കമുള്ള വീടാണ്. അറുപതുവർഷങ്ങളുടെ ഓർമ്മകൾ പേറുന്ന ചുമരുകൾ..

കിടപ്പുമുറിയിൽ ഞരങ്ങിയും മൂളിയും വ്യസനിച്ചു ഫാൻ കറങ്ങുന്നുണ്ടായിരുന്നു. മുത്തശ്ശി തിരിഞ്ഞു കിടന്നു ഉറങ്ങുകയാണ്. ഇനിയൊന്നും പ്രതീക്ഷിക്കാനില്ലാത്ത ദൈന്യഭാവം... അവൾ മെല്ലെ നടന്നു മുത്തശ്ശിയുടെ കാൽക്കൽ ഇരുന്നു. അസുഖം ബാധിച്ച കാലുകളിൽ മെല്ലെ വിരലോടിച്ചു. "ആരാത്..?" അവൾ മുത്തശ്ശിയെ താങ്ങിയെഴുന്നേല്പിച്ചു. 

              ഒരായിരംസ്വപ്‌നങ്ങൾ സാക്ഷാത്കരിച്ച ഭാവം! അവളെ ചേർത്ത് നിർത്തി മുത്തശ്ശി ചോദിച്ചു.."നീ എവിടെയായിരുന്നുഎന്റെ കുട്ടീ...? എന്തേ മുത്തശ്ശിയെ കാണാൻ വരാതിരുന്നത്..??"

അതിനവൾക്കു മറുപടി ഉണ്ടായിരുന്നില്ല. ഇടറുന്ന വാക്കുക്കൾ പുറപ്പെടുവിക്കാൻ അവൾ മുതിർന്നില്ല. ഒന്നും മിണ്ടാതെ അവൾ മുത്തശ്ശിയുടെ മടിയിൽ തലചായ്ച്ചു കിടന്നു.

മുത്തശ്ശി ശകാരിച്ചില്ല, എന്തേ എന്റെ കുട്ടി കരയുന്നത് എന്ന് ചോദിച്ചില്ല, എല്ലാം സഹിക്കുവാൻ ഉപദേശിച്ചില്ല. അവളുടെ മുടിയിഴകൾ തലോടിക്കൊണ്ട് മുത്തശ്ശി പറഞ്ഞു, "എന്റെ കുട്ടി ഇനി തിരികെപോകണ്ട.." അവളുടെ കണ്ണുകൾ നിറഞ്ഞൊഴുകി മുത്തശ്ശിയുടെ മടിമേൽ വീണു കൊണ്ടിരുന്നു.