Skip to main content
Srishti-2022   >>  Poem - Malayalam   >>  ബുള്‍ഡോസര്‍

Jithesh RV

Oracle

ബുള്‍ഡോസര്‍

തെരുവ്. 

വഴികള്‍ സൊറ  പറയാനിരിക്കുന്നത്
തെരുവിലെ വിളക്ക് കാലിനു കീഴിലാണ്.
പക്ഷെ ഉന്മത്തനായ ഒരു മദ്യക്കുപ്പി 
വിളക്ക് തകര്‍ത്തു  തിരികെ വീഴുമ്പോള്‍ 
വഴികള്‍  പരസ്പരം പറഞ്ഞു,
ഇനി നമുക്ക് സ്വല്പ നേരം ഇരുട്ടത്തിരിക്കാം.
ശേഷം വഴികള്‍  പരസ്പരം പുണര്‍ന്നു കിടന്നു. 

അച്ഛന്‍.
നിര നിരയായി വെച്ച മിട്ടായി പാക്കറ്റുകള്‍ക്കും 
തട്ടുകള്‍ക്കുമിടയില്‍  ചലിക്കുന്ന നിഴല്‍.  
ഇടയില്‍ നിഗൂഡഭാവത്തോടെ 
അകത്തേക്ക് പോവുന്ന രൂപം.
തിരിച്ചു വരുമ്പോള്‍ കയ്യില്‍ മുറുക്കി പിടിച്ച കടലാസ് കെട്ട്‌.
കൈ മാറുമ്പോള്‍ കിട്ടുന്ന നോട്ടുകള്‍. 
ഒളിക്കച്ചവടത്തിന്റെ പ്രതിഫലങ്ങള്‍.

അവന്‍.
ആകസ്മികതകളുടെ കുത്തൊഴുക്കില്‍ ആണ്.
ചില സംഭവങ്ങള്‍ നമുക്കിടയില്‍  വന്നു  ചാടുന്നത്. 
അവസരങ്ങള്‍,
ചിലവ വേഷപ്പകര്‍ച്ചകളാണ്.   
അച്ഛനില്ലാത്ത നേരം 

അതൊരു ചില്ലുപാത്രത്തിന്റെ രൂപത്തിലുമാവാം.

ഭാഗ്യത്തിന്റെ മുഖംമൂടി മാറ്റുമ്പോള്‍ 
നീണ്ടു നില്‍ക്കുന്ന തേറ്റകള്‍.
തിരുത്താന്‍ പറ്റാത്ത കയ്യബദ്ധങ്ങള്‍   
പൊട്ടിപ്പോയ ചില്ലു കഷണങ്ങള്‍ പെറുക്കുമ്പോള്‍
മണ്ണില്‍ പുതഞ്ഞ നിരാശകള്‍.
തൊലിയില്‍ ഉണങ്ങിയ മുറിപ്പാടുകള്‍, 
അവയുടെ ഉള്ളു തുരന്നു വരുന്ന ശിക്ഷയുടെ ഭയപ്പാടുകള്‍.

ബുള്‍ഡോസര്‍.

തെരുവിന്റെ  ഒരു  വശത്ത്  നിന്നും നിര നിരയായി
രണ്ടു ചക്രങ്ങളുടെ മുരള്‍ച്ചയില്‍ 
എല്ലാത്തിനെയും തകര്‍ക്കുന്ന നിസംഗത
ചിലത് ചെറിയ ചെറുത്തു നില്‍പ്പോടെ. 
ചിലതോ നെടുവീര്‍പ്പോടെ.
തെറ്റും ശരിയും തകര്‍ക്കാനും കുഴിച്ചു മൂടാനും 

അതിനു  ക്ഷണ നേരം മതി.  


ഭയം.  
ബുള്‍ഡോസര്‍  ആണു ആദ്യമെങ്കില്‍ 
അവനു പേടിക്കാനില്ല.  
പൊട്ടിതകര്‍ന്ന മേല്‍ക്കൂരയ്ക്കുള്ളില്‍
അവന്റെ കൈപ്പിഴയുടെ കഷണങ്ങള്‍  
എങ്ങനെ പെറുക്കാനാണ്? 

എമ്പാടും തെറ്റുകള്‍ അടിഞ്ഞ തെരുവില്‍ 
 ഒരു തെറ്റ് ആര് ഗൌനിക്കാനാണ്?

എങ്ങാനും അച്ഛനാണ് ആദ്യമെങ്കിലോ
എന്റമ്മേ,യടിയുറപ്പ്!