Skip to main content
Srishti-2022   >>  Short Story - Malayalam   >>  മണ്ണിന്റെ മനുഷ്യൻ

Ansu Sabu

EY

മണ്ണിന്റെ മനുഷ്യൻ

ഞാൻ മധു. ഇത് എൻ്റെ കഥ. ഞാനൊരു ആദിവാസിയായിരുന്നു. മണ്ണിൻ്റ പുത്രൻ. അമ്മയും  സഹോദരിയും ആണ് എനിക്ക് ആകെ ഉണ്ടായിരുന്നത്. ജീവിതത്തിൽ സംഭവിച്ച പലതും എന്റെ മനസിന്റെ താളം തെറ്റിച്ചപ്പോൾ വീടും നാടും ഉപേക്ഷിച്ച എനിക്ക് ഓടി പോകേണ്ടി വന്നു. കാടിന് നടുവിൽ ഇരുട്ട് മൂടിയ ഒരു ഗുഹയായിരുന്നു എന്റെ വാസ സ്ഥലം. ആരോരും അറിയാതെ ആരോരുമില്ലാതെ ഞാൻ അവിടെ താമസിച്ചു. എങ്ങനെയൊക്കെയോ ഭക്ഷണത്തിനുള്ള വഴി ഞാൻ കണ്ടെത്തിയിരുന്നു. പക്ഷെ പിന്നീട് മാര്ഗങ്ങളെല്ലാം തടസ്സപ്പെട്ടപ്പോൾ ഞാൻ പട്ടിണിയായി. വിശപ്പും ദാഹവും എന്നെ വല്ലാതെ അലട്ടി. " വയറുവേദന സഹിക്കാനാകുന്നില്ല. തല കറങ്ങുന്ന പോലെ. എനിക്ക് വിശക്കുന്നു. " എന്റെ കണ്ണുകൾ നിറഞ്ഞൊഴുകി. കണ്ണുനീർ തുടക്കുവാൻ ആരുമില്ലാതെ പോയി. വേദനയും വിശപ്പും സഹിക്കാൻ വയ്യാതെ ഞാൻ ഓടി, എങ്ങോട്ടെന്നില്ലാതെ. അവശനായി തളർന്നു വീണു. ദീർഘനേരം ബോധരഹിതനായി ഞാൻ കിടന്നു. മഴ പെയ്യുന്നു. കണ്ണിൽ വന്നു പതിച്ച മഴ തുള്ളികൾ എന്നെ എഴുന്നേൽപ്പിച്ചു. മഴവെള്ളം കുടിച്ച ദാഹമകറ്റാം, പക്ഷെ... വിശപ്പ്??? ഞാൻ വേച്ചു വേച്ചു നടന്നു. കാട് അവസാനിച്ചു. വർണ നിറമുള്ള വസ്ത്രങ്ങളണിഞ്ഞ കുറെ മനുഷ്യർ. അർദ്ധ നഗ്നനായ എന്നെ അവർ സസൂക്ഷ്മം നോക്കുന്നതും നിരീക്ഷിക്കുന്നതും ഞാൻ ശ്രധിച്ചു. എന്താണിങ്ങനെ? ഞാനും അവരെ പോലെ ഒരു മനുഷ്യനല്ലേ? പക്ഷെ... എന്റെ കണ്ണുകൾ ഉടക്കിയത് ഒരു പലചരക്ക് കടയിലാണ്. ആരും അറിയാതെ കുറച്ച അരി ഞാൻ അവിടെ നിന്ന് മോഷ്ടിച്ചു. മോഷണം ഒരു കുറ്റമാണ്, സമയത് അതൊന്നും എനിക്ക് ചിന്തിക്കാനായില്ല. എങ്ങനെയും വിശപ്പകറ്റണം എന്ന ചിന്ത മാത്രം. ഞാൻ അവിടെ നിന്ന് രക്ഷപെടാൻ ശ്രമിക്കവേ, ഒരു കൂട്ടം മനുഷ്യർ എന്നെ പൊതിഞ്ഞു. എന്റെ കൈയിലെ അരി അവർ പിടിച്ചെടുത്തു. എന്നെ കെട്ടിയിട്ടു, മർദിച്ചു. ഞാൻ വീണു. ജീവൻ നഷ്ടമാകുന്നത്പോലെ തോന്നി. കണ്ണുകൾ മെല്ലെ അടഞ്ഞു. ഒടുവിൽ ഞാൻ തിരിച്ചറിഞ്ഞു. ഇല്ല.... ഞാൻ ഇനി ലോകത് ജീവനോടെയില്ല.കുറച്ച ഭക്ഷണം മോഷ്ടിച്ചതിന് എല്ലാവരും കൂടി എന്നെ കൊന്നു. ഒരു തരത്തിൽ എനിക്ക് സന്തോഷിക്കാം., ഇനി എനിക്ക് വിശക്കില്ല... എനിക്ക് മോഷ്ടിക്കേണ്ടി വരില്ല. ഇതുപോലെയുള്ള സമൂഹത്തിൽ ജീവിക്കുന്നതിനു ഇനി എനിക്ക് തലകുനിക്കേണ്ടി വരില്ല. എന്നെ പുതിയൊരു ലോകത്തേക് പറഞ്ഞുവിട്ട നിങ്ങളോട് ഒരു വാക്കു... 

വിശന്നിട്ടാ ചേട്ടന്മാരെ ഞാൻ കട്ടത്.. അതിനു എന്നെ കൊല്ലണമായിരുന്നോ ????""