Skip to main content
Srishti-2022   >>  Short Story - Malayalam   >>  മധുര പ്രതീക്ഷ

മധുര പ്രതീക്ഷ

ശേഖരൻ തമ്പി ഉറ്റു  നോക്കിക്കൊണ്ടിരുന്നു.ആദ്യം മൂന്നാലെണ്ണേ ഉണ്ടായിരുന്നുള്ളൂ. പിന്നെ എണ്ണം കൂടിക്കൂടി വന്നു.ഇപ്പോ ഒരു പത്ത് പതിനഞ്ചെണ്ണം കാണും.തമ്പിയുടെ കണ്ണുകളിൽ ഒരു കുട്ടിക്കൗതുകം നിറഞ്ഞു നിന്നു. മൂന്നു നാലു തുള്ളി ചായ ടീ പോയിയിൽ വീണു കിടന്നു.അതിനു ചുറ്റും ഉറുമ്പുകൾ നിരന്നു നിന്നു തല കുമ്പിട്ട് ചായ ഊറ്റിയൂറ്റി കുടിച്ചു കൊണ്ടു നിന്നു.ഏകനായ് വിരസചിത്തനായ് ഇരുന്ന ഏതൊക്കെയോ ദിവസങ്ങളിൽ അനിമൽ പ്ലാനറ്റ് വച്ചപ്പോൾ കണ്ട, കാട്ടുകുളത്തിനരികിൽ  നീളമുള്ള കാലുകൾ കവച്ചു വച്ച് കഷ്ടപ്പെട്ട് നിന്ന് വെള്ളം കുടിച്ചിരുന്ന ജിറാഫിൻ കൂട്ടത്തെ തമ്പിക്ക് ഓർമ്മ വന്നു.തമ്പിക്ക് ചിരി വന്നു.കുഞ്ഞനുറുമ്പുകളെ കണ്ടപ്പോൾ ഒത്തിരി ഉയരമുള്ള ജിറാഫിനെ ഓർമ്മ വന്നതിൽ.

                        
ഒന്ന് ഊതിയാൽ പറന്നു പോകുന്ന നേർത്ത ശരീരമുള്ള ഒരു പ്രത്യേകതരം ഉറുമ്പുകൾ.കടിച്ചു നോവിക്കുന്ന നെയ്യുറുമ്പിനെ പോലെയല്ല ഇവ.വളരെ സാധുക്കളാണ്.പഞ്ച പാവങ്ങൾ.തമ്പിനോക്കിയിരിക്കേ അവ ചായക്കുളം കുടിച്ച് വറ്റിച്ചു.തമ്പിയുടെ കൗതുകം തീരാഞ്ഞതിനാൽ അയാൾ മേശമേൽ തന്റെ ഭാര്യയായ കുമുദം തനിക്കായ് എടുത്ത് വച്ച ഫ്ലാസ്ക്കിലെ കട്ടൻ ചായ യിൽ നിന്ന് ഒരു തുള്ളി ടീ പോയി മേൽ ഉറ്റിച്ചു.ഒന്നു രണ്ട് ഉറുമ്പുകൾ വന്ന് തല കുമ്പിട്ട് നാക്ക് അതിൽ തൊട്ടു.പക്ഷെ അവ തിരിച്ചു നടക്കുകയാണ് ഉണ്ടായത്.അതിനു ശേഷവും മധുര പ്രതീക്ഷയിൽ രണ്ടു മൂന്നെണ്ണം വന്നു.തല താഴ്ത്തി നാവ് മുട്ടിച്ച് തിരിച്ചു പോയി.ടീ പോയി മേൽ അങ്ങുമിങ്ങും വഴിതെറ്റിയ പോലെ അലഞ്ഞു തിരിഞ്ഞ ഉറുമ്പുകളെ കട്ടനിലേക്ക് വഴിതിരിച്ചു വിടാനായി തമ്പി അയാളുടെ വിരലുകൾ തട വച്ച് ഒരു വിഫല ശ്രമം നടത്തി.ഉറുമ്പുകൾ മധുരം ചേർത്ത ചായയേ കൂടിക്കൂ എന്ന തിരിച്ചറിവ് അതോടെ തമ്പിക്ക് ഉണ്ടായി.

                        
തമ്പിയും കുമുദവും ആരൊക്കെയാണെന്ന് പരിചയപ്പെടുത്തേണ്ട സമയം അധികരിച്ചു. ഇനി  നീട്ടുന്നില്ല. വാട്ടർ അഥോറിറ്റിയിൽ നിന്ന് വിരമിച്ച എക്സിക്യൂട്ടീവ് എൻജിനീയർ ആണ് തമ്പി.തൊടുപുഴയിലാണ് ഔദ്യോഗിക ജീവിതത്തിന്റെ അവസാന കാലത്ത് സേവനമനുഷ്ഠിച്ചത്.
ഔദ്യോഗിക കാലഘട്ടം കഴിയുന്നതിന് ഏകദേശം മൂന്നു കൊല്ലം മുമ്പു തന്നെ ഒരു ഡോക്ടർ തമ്പിയുടെ രക്തത്തിൽ പഞ്ചാരയുടെ അളവ് കൂടുതലാണെന്ന കണ്ടെത്തൽ നടത്തിയിരുന്നു.അതോടെ കുമുദം തന്റെ ഭർത്താവിന്റെ ഭക്ഷണക്രമത്തിൽ നിയന്ത്രണങ്ങളേർപ്പെടുത്തി.തമ്പിക്ക് വളരെ ചെറുപ്പകാലത്ത് തന്നെ, കൃത്യമായി പറഞ്ഞാൽ ബിരുദത്തിന് പഠിക്കുമ്പോൾ തന്നെ കഷണ്ടി കയറിയതാണ്. മുപ്പതുകളുടെ പകുതിയായപ്പോഴേക്കും ബാക്കി യുണ്ടായിരു ന്ന  മുടിയിഴകളിൽ വെള്ളി കെട്ടി തുടങ്ങുകയും കൊടവയർ ചാടുകയും ചെയ്തു.ചുരുക്കിപ്പറഞ്ഞാൽ കാഴ്ചയിൽ ഉള്ളതിനേക്കാൾ പത്തുവയസ്സധികം തോന്നും.

                       
കുമുദം വിദ്യാഭ്യാസവകുപ്പിൻ കീഴിലെ ഡയറക്ടറേറ്റ് ഓഫ് ടെക്നിക്കൽ എഡ്യുക്കേഷനിലെ പരീക്ഷാ വിഭാഗത്തിലെ ഉദ്യോഗസ്ഥയാണ്.കുമുദത്തിന് ഇനിയും പത്തുവർഷം ബാക്കിയുണ്ട്   റിട്ടയർമെന്റിന്. ഇടതൂർന്ന് ചന്തി മറഞ്ഞ് കിടക്കുന്ന മുടിയിഴകളിൽ ഒന്നിനു പോലും വെളുത്ത നിറമില്ല. പ്രസവിക്കാത്തതിനാൽ ശരീരത്തിനിതു വരെ ഒരു ഉടവും തട്ടിയിട്ടില്ല.ഉരുളി കമിഴ്ത്തിനോക്കിയിട്ടും കുട്ടിയുണ്ടാകാത്തതിനാൽ ഉരുളിക്കല്ല കുഴപ്പമെന്ന് അവർ കണ്ടെത്തി.ശേഖരൻ തമ്പിയാണ് ഇക്കാര്യത്തിൽ കുഴപ്പക്കാരൻ എന്ന് പക്ഷേ ഡോക്ടർ കണ്ടെത്തിയിരുന്നു. ദമ്പതികൾ അക്കാര്യത്തെക്കുറിച്ചങ്ങ് ബോധപൂർവ്വം മറന്നു.ഇരുവരും സന്തോഷത്തോടെയങ്ങ്  ജീവിച്ചു.

                    
കൂടുതൽ സമയവും വീടിന്റെ നാലു ചുമരുകൾക്കുള്ളിൽ കഴിഞ്ഞു കൂടുന്ന തമ്പി വായനയും ടിവി കാണലുമൊക്കെയായി നേരം പോക്കി.ദിവസവും വൈകുന്നേരങ്ങളിൽ കുറച്ച് നടക്കാൻ നേപ്പിയർ മ്യൂസിയത്തിൽ പോകും.നടത്തം കഴിഞ്ഞാൽ അവിടെയുള്ള തുരുമ്പിച്ച കസേരകളിൽ ഒന്നിൽ ഇരിക്കും. സ്ഥിരം കണ്ടു കണ്ട് പിന്നെ പരിചയപ്പെട്ട് അടുത്ത സുഹൃത്തുക്കളായി മാറിയ ചിലരോടൊത്ത് കൊച്ചുവർത്തമാനങ്ങളും രാഷ്ട്രീയവും ഒക്കെ പറഞ്ഞ് സായാഹ്നം സമ്പുഷ്ട മാക്കും. കുമുദം വീട്ടിൽ എത്തുമ്പോഴേക്കും തമ്പിയുമെത്തും.ഇതാണ് തമ്പിയുടെ റിട്ടയർമെന്റ് ജീവിതം.

                     
അന്നും പതിവുപോലെ തമ്പി നേപ്പിയർ മ്യൂസിയത്തിലെ തുരുമ്പിച്ച കസേരകളിലൊന്നിൽ ഇരുന്നു.അപ്പോഴാണ് വളരെ യാദ്യച്ഛികമായി തിരുവനന്തപുരത്തെ വാട്ടർ അഥോറിറ്റി ഓഫീസിൽ ജോലി ചെയ്തിരുന്ന കാലത്ത് ഒപ്പമുണ്ടായിരുന്ന ചന്ദ്രമോഹനെ കണ്ടത്.വർഷങ്ങൾ കുറച്ച് കഴിഞ്ഞെങ്കിലും ഒറ്റ നോട്ടത്തിൽ സുഹൃത്തുക്കൾ തിരിച്ചറിഞ്ഞു. കുറച്ചു നേരം ഒരുമിച്ച് ഇരുന്ന് അവർ പഴങ്കഥകൾ പറഞ്ഞു.അക്കൂട്ടത്തിൽ ചന്ദ്ര മോഹൻ പറഞ്ഞ ഒരു കാര്യമാണ് നമ്മുടെ കഥാനായകന്റെ ജീവിതത്തിന്റെ ഒഴുക്കിന് ദിശാമാറ്റം സംഭവിപ്പിച്ചത്.
           
ചന്ദ്രമോഹൻ പറഞ്ഞു: കഴിഞ്ഞയാഴ്ച ഞാൻ തമ്പിയെക്കുറിച്ചോർത്തതേയുള്ളൂ. ദാ.... തമ്പിമുന്നിലെത്തിയിരിക്കുന്നു.
           
തമ്പി: ചുമ്മാതങ്ങനെ ഓർത്തോ?
           
ചന്ദ്രമോഹൻ: കഴിഞ്ഞ വെള്ളിയാഴ്ച ഞാൻ സ്റ്റാച്യുവിലൂടെ കാറിൽ പോകുമ്പോൾ തമ്പീടെ ഭാര്യയെ കണ്ടു.ഒരാൾ കൂടെയുണ്ടായിരുന്നു.അപ്പോഴാണ് തമ്പിയെ ഓർത്തത്.
           
തമ്പി: ഏയ്.നിങ്ങൾക്ക് ആളു മാറിപ്പോയതായിരിക്കും. അവൾ സമയത്ത് ഓഫീസിലായിരിക്കും.
           
ചന്ദ്രമോഹൻ: അല്ലല്ല. എനിക്ക്കുമുദത്തെ കണ്ടാലറിയില്ലേ.അതു കുമുദം തന്നെ.

 
വർഷങ്ങൾ കഴിഞ്ഞിട്ടും തന്റെ ഭാര്യയുടെ പേരു പോലും മറന്നിട്ടില്ലല്ലോ കൊശവൻ എന്നയാൾ മനസ്സിലോർത്തു.

             
തിരിച്ചു വീട്ടിലേക്ക് ഡ്രൈവ് ചെയ്യുമ്പോൾ ചിന്തകളിൾ മുഴുവൻ സ്റ്റാച്ചുവിലൂടെ റോഡ് മുറിച്ച് കടന്ന് പോകുന്നകുമുദവും ഒരാളുമായിരുന്നു.

             "
കുമൂ, ഇന്ന് പഴയ ചന്ദ്രമോഹനെ കണ്ടു.''
             "
ഏത് ചന്ദ്രമോഹൻ?"
             "
എന്റെ കൂടെ വാട്ടറഥോറിറ്റീലുണ്ടാരുന്ന''
             ''
,... പൊക്കോള്ള ചുരുണ്ട മുടിയുള്ള വെളുത്ത..... ല്ലേ?"
 ''
ഇത്രയെല്ലാം ഇവളോർത്തു വച്ചിരിക്കുന്നോ" എന്ന് ചിന്തിച്ച തമ്പി പറഞ്ഞു."ചന്ദ്രമോഹൻ നിന്നെ കഴിഞ്ഞ വെള്ളിയാഴ്ച സ്റ്റാച്യുവിൽ വച്ച് കണ്ടെന്ന് പറഞ്ഞു.ആരോ കൂടെയുണ്ടാരുന്നൂന്നും പറഞ്ഞു.
              "
അയാൾക്ക് ആള് തെറ്റീതാ.. ഞാൻ ഓഫീസിൽ തന്നെയായിരുന്നു.അന്നാണേ നല്ല ജോലിത്തിരക്കുമായിരു ന്നു."
            
തമ്പിയുടെ മനസ്സിൽ കുമുദത്തെ ക്കുറിച്ച് സംശയങ്ങളൊന്നുമില്ലെങ്കിലും വെറുതെ  ചിന്തകൾ നുരഞ്ഞു പതഞ്ഞു.സ്റ്റാച്യുവിലൂടെ നടന്നു പോകുന്ന കുമുദവും പിന്നെ ഒരാളും.

           
വീണ്ടും സൂര്യനുദിച്ചു. കുമുദം മറ്റെല്ലാരെയും പോലെ രാവിലെ ചെയ്യുന്ന കാര്യങ്ങളൊക്കെ ചെയ്തു.പിന്നെ അടുക്കളയിലേക്ക് കയറി.പണിക്കാരിയെ നിർത്തുന്നത്കുമുദത്തിന് ഇഷ്ടമല്ല.എല്ലാം സ്വയം ചെയ്യണം.തമ്പിക്ക് ഇടക്ക് കുടിക്കാൻ വേണ്ട മധുരമിടാത്ത കട്ടൻചായഫ്ലാസ്ക്കിലാക്കി ടീ പോയി മേൽ വച്ചു.ഉച്ചക്ക് കഴിക്കാനുള്ള ചോറും കറികളും പാത്രത്തിലാക്കി തീൻ മേശയിൽ വച്ചു. പ്രാതൽ തീൻമേശയിൽ ഇരുന്നു കഴിച്ച ശേഷം കുമുദം സോഫയിൽ വന്നിരുന്ന് പത്രവാർത്തകൾ ടീ പോയി മേൽ വച്ച ഗ്ലാസ്സിലെ മധുരമുള്ള ചായ യോടൊപ്പം അലിയിച്ചിറക്കി.രണ്ടു മൂന്നു തുള്ളി മധുരച്ചായ ടീപ്പോയി മേൽ വീണു.ഉറുമ്പുകൾ വന്നു.ചായക്കുളം വറ്റിച്ചു."എത്ര പെട്ടെന്നാണ് മധുരം തേടി ഉറുമ്പുകൾ വരുന്നത്.അവക്കൊന്നും ഷുഗറൂല്ല, പഞ്ചാരേമില്ല."തമ്പി ചിന്തിച്ചു.

            
കുമുദം ഓഫീസിലേക്ക് പോയിക്കഴിഞ്ഞപ്പോൾ തമ്പിഒറ്റയ്ക്കായി.തമ്പി പഴയ കാര്യങ്ങളെ കുറിച്ച് ചിന്തിച്ചു. വർഷങ്ങൾക്കു മുൻപ് കുഞ്ഞിക്കാല് കാണണമെന്ന് അമിതമായി ആഗ്രഹിക്കുകയും അതിനായ് പ്രയത്നിക്കുകയും ചെയ്ത നാളുകൾ.താൻ ഒരു പരാജയമാണെന്ന തമ്പിയുടെ തിരിച്ചറിവിന്റെ നാളുകൾ.അന്നൊരിക്കൽ കുമുദം ടി വി കണ്ടു കൊണ്ടിരിക്കുകയായിരുന്നു. ഒത്തിരി ഇഷ്ടപ്പെട്ട് കണ്ടിരിക്കുന്നതിനിടയിലാണ് ഇരുട്ട് വ്യാപിപ്പിച്ചു കൊണ്ട് വൈദ്യുതിയുടെ പ്രവാഹം നിന്നത്." കറണ്ടും നിങ്ങളും ഒരുപോലാ."

             
കുമുദത്തിന്റെ ഉപമയുടെ സാരം തമ്പിക്ക് പെട്ടെന്ന് പിടികിട്ടീല.എന്നാൽ കുമുദം തുടർന്നപ്പോൾ പൂർണ്ണമായും പിടി കിട്ടി." ഇഷ്ടപ്പെട്ട ഒരു സിനിമ കണ്ടു കണ്ട് ഹരം പിടിച്ച്, ക്ലൈ മാക് സെത്തുമ്പോൾ ഇപ്പോപ്രതീക്ഷിച്ചത് സംഭവിക്കും.എന്ന അവസ്ഥയെത്തുമ്പോ... കട്ട്.. ദാ പോയി... കറണ്ട്."

             
തമ്പിയോർത്തു.കുമുദം തന്നേക്കാൾ പതിമൂന്ന് വയസ്സിനിളയതാണ്.പോരാത്തതിന് ഇപ്പോഴും നല്ല ആരോഗ്യവും സൗന്ദര്യവും ചുറുചുറുക്കും.ഒള്ളതിലും ഒരു പത്തു വയസ്സുകൊറവേ തോന്നൂ.എന്നിട്ടും അവൾ പരാതി പറയുകയോ മോശമായി പെരുമാറുകയോ ചെയ്യുന്നില്ല.ദിവസങ്ങൾ വരുന്നു. വരുന്നതിലും വേഗം പോകുന്നു. ഒരു ദിവസം ഉച്ച തിരിഞ്ഞപ്പോൾ തമ്പിയുടെ ഉച്ചമയക്കത്തിന്റെ കൂർക്കം വലിക്ക് മേലെ മൊബൈൽ മണിനാദം മുഴങ്ങി.അങ്ങേത്തലയ്ക്കൽ നിന്ന് തമ്പിയുടെ ചിരകാല സുഹൃത്തായ നാഗേന്ദ്രന്റെ ശബ്ദം മുഴങ്ങി.ഒരരമണിക്കൂറിനുളളിൽ ഞാൻതമ്പിയണ്ണന്റെ വീട്ടിലെത്തും ഒരുങ്ങിനിന്നോണം. എന്റെ കൂടെ ഒരു പർച്ചേസിന് വരണം.
"
ശ്ശോ.. എന്തിനാടോ ഞാൻ വരുന്നേ?"
"
തമ്പിയണ്ണന് സൂസൻ മരിയയെ ഓർമ്മയില്ലേ?"
"
ഏത് സൂസൻ?"
"
എന്റെ ഓഫീസിലെ...തമ്പിയണ്ണനറിയാം.. ഒരിക്കേ ഓണാഘോഷത്തിന് കനകക്കുന്നില്  ഞങ്ങളുടെ ഓഫീസിന്റെ വക സ്റ്റാളിട്ടപ്പോ.... ഓർക്കുന്നോ.... അന്ന് പരിചയപ്പെടുത്തീത്.അവര് നാളെ പെൻഷനാകുന്നു. ഒരു ഗിഫ്റ്റ് കൊടുക്കണം.അത് വാങ്ങേണ്ട പണി എന്റെ തലേല് വീണു.

             
നാഗേന്ദ്രൻ നിർബന്ധിച്ചപ്പോ പിന്നെ തമ്പിയെ തിർത്തില്ല.അങ്ങനെയാണ് തമ്പി അന്ന് നഗരത്തിലെ വലിയ ഷോപ്പിങ് മാളിൽ എത്തിച്ചേർന്നത്.രണ്ടു പേരും ചേർന്ന് ഒരോരോ നിലകളിലായി സൂസന് ഗിഫ്റ്റ് കൊടുക്കാൻ പറ്റുന്ന സാധനം തേടി നടന്നു.ഇതിനിടയിൽ തമ്പിയുടെ നോട്ടം മാളിലെ ഒരു കണ്ണാടിയിൽ പതിഞ്ഞു.അതിൽ കണ്ട മഞ്ഞ സാരിയുടുത്ത സ്ത്രീയുടെ പിൻഭാഗത്തിന് കുമുദത്തിന്റെ പിൻഭാഗവുമായി നല്ല ഛായ., പിൻ ഛായ. കുമുദം ഉടുത്തത് മഞ്ഞസാരിയായിരുന്നോ? തമ്പിക്ക്  ഓർത്തെടുക്കാനായില്ല.കണ്ണാടിയിലെ പ്രതിരൂപത്തിന്റെ അവകാശിയെ കണ്ടെത്താൻ തമ്പി ശ്രമിച്ചെങ്കിലും നടന്നില്ല. മാളിലെ അനവധി കണ്ണാടികളും പ്രതിരൂപങ്ങളും ചേർന്ന് അയാളെ കബളിപ്പിച്ചു.തമ്പി ഒരോ സ്ത്രീകളെയും മാറി മാറി നോക്കി." ഇതൊക്കെ നിർത്തിക്കൂടേ ഇനി" എന്ന നാഗേന്ദ്രന്റെ വാക്കുകൾക്ക് മറുപടിയായി ഒരു ഇളിഭ്യച്ചിരി ചിരിക്കാനേ തമ്പിക്കായുള്ളൂ.

       
അന്ന് വൈകിട്ട് കുമുദം വരാനായി തമ്പി കാത്തിരുന്നു. സാരിയുടെ നിറം മഞ്ഞ തന്നെയാണോ എന്ന് കണ്ടെത്തണം.തമ്പി ടിവി കണ്ടിരുന്നു. ഗേറ്റിന്റെ ശബ്ദം. പിന്നെ വാതിലിന്റെ പിടിതാണു.വാതിൽ തുറക്കപ്പെട്ടു.മഞ്ഞ സാരിയിൽ കുമുദം പതിവിലും സുന്ദരിയായി കാണപ്പെട്ടു.
"
എന്താ ഇങ്ങനെ നോക്കുന്നേ?"കുമുദം ചോദിച്ചു.
"
ഇന്ന് നീ കൂടുതൽ സുന്ദരിയായിരിക്കുന്നു."അവർ ഒരു ചെറുമന്ദഹാസം ചൊരിഞ്ഞ് അകത്തേക്ക് പോയി.തമ്പി വിഷയത്തിലേക്ക് കടക്കാനായി തക്കം പാർത്തു.പിന്നെ പറഞ്ഞു."ഇന്ന് നിന്നെ പോലെ ഒരു സ്ത്രീയെ ഞാൻ കണ്ടു."
"
എന്നെ പോലെയെന്ന് പറഞ്ഞ് ഒരോ പെണ്ണുങ്ങളെ നോക്കി അടി മേടിച്ചു കൂട്ടണ്ട." എന്ന് പറഞ്ഞ് അവൾ വശ്യമായ ഒരു പുഞ്ചിരി പൊഴിച്ചു. ചിരിയിൽ ഇത്ര നാൾ കാണാത്ത ഒരു വശ്യത ഒളിഞ്ഞിരിക്കുന്നതായി തമ്പിക്ക് അനുഭവപ്പെട്ടു.

"
ഇത്  കുമു തന്നെയോ?അതോയക്ഷിയോ? കുമുദത്തിന്റെ ദേഹത്ത് വല്ല യക്ഷിയും കയറിക്കൂടിയോ.അയാളുടെ മനസ്സിലൂടെ ഒരു മിന്നൽ പാഞ്ഞു.അന്ന് രാത്രി തമ്പി പലവട്ടം ഞെട്ടിയെണീറ്റു. കുമുദത്തിന്റെ നഖങ്ങൾ നീളുന്നുണ്ടോയെന്നും ദംഷ്ട്രകൾ ഇറങ്ങിവരുന്നുണ്ടോയെന്നും നോക്കി.തുറന്നിട്ട ജനാലയിലൂടെ കടന്നുവന്ന രാവിന്റെ നീല വെളിച്ചത്തിൽ കുമുദത്തിന്റെ ചുണ്ടുകളുടെ വശ്യതയിൽ അയാളുടെ കണ്ണുകൾ കോർത്തു.അപ്പോൾ വായുവിൽ മുല്ലപ്പൂ ഗന്ധം നിറഞ്ഞു.

           
എന്തായാലും ഇതിങ്ങനെ വിട്ടാൽ പറ്റില്ല.എന്തായാലും കണ്ടു പിടിച്ചിട്ടു തന്നെ കാര്യം.അയാളുടെ മനസ്സിലൊരു കുറ്റാന്വേഷകൻ ഉണർന്നു പ്രവർത്തിച്ചു.ചന്ദ്ര മോഹൻ കണ്ടതും താൻ മഞ്ഞസാരിക്കാരിയെ കണ്ടതും ഒരു ഉച്ച നേരത്താണ്.അതിനാൽ ഉച്ച നേരത്ത് തന്നെ അന്വേഷണം തുടങ്ങാം എന്ന് തീരുമാനിച്ചു.അന്ന്  കുമുദം രാവിലെ ഓഫീസിലേക്കിറങ്ങിയപ്പോൾ തമ്പി  പതിവിലും വിപരീതമായി അവളുടെ സാരിയേതെന്ന് നോക്കി.നീലയും കറുപ്പും നിറങ്ങളിലുള്ള ഷിഫോൺ സാരി. ഉച്ചയൂണിന് ശേഷം തമ്പി തന്റെ കാറിൽ കുമുദത്തിന്റെ ഓഫീസിന്റെ പരിസരത്തിലൂടെയൊക്കെ കറങ്ങി.ചുറ്റുവട്ടത്തെ കടകളിൽ കയറി അനാവശ്യമായി സാധനങ്ങൾക്ക് വില പേശി.

             
സമയം രണ്ടര.കുമുദത്തിന്റെ ഓഫീസിന്റെ മുന്നിലെ വഴിയിലൂടെ നീലയും കറുപ്പും കലർന്ന സാരി." അത്  കുമു തന്നെ".ഞൊടിയിടയിൽ അവൾ ഒരു ഓട്ടോയിൽ കയറി സ്ഥലം വിട്ടത് അയാൾ കണ്ടു.തമ്പി തന്റെ കാറിൽ പിന്തുടർന്നു.കാറ് പാളയത്തെത്തും വരെആ ഓട്ടോയെ കണ്ടിരുന്നു.പിന്നെ ഇടയ്ക്ക് കാഴ്ച മുറിഞ്ഞു.നേപ്പിയർ മ്യൂസിയത്തിനടുത്ത് എത്തിയപ്പോൾ വീണ്ടും ഓട്ടോ കണ്ടു.തമ്പി പിന്തുടർന്നു വെള്ളയമ്പലത്തെ ഒരുഅപ്പാർട്ട് മെന്റിലേക്ക് ഓട്ടോ കയറിപ്പോകും വരെ .തമ്പിയേറെ ശ്രമിച്ചെങ്കിലുംനീലസാരിക്കാരിയുടെ മുഖം കാണാനൊത്തില്ല.വൈകിട്ട് തമ്പി ടിവി കാണുകയായിരുന്നു. കുമുദം വന്നു.തമ്പിക്ക് ഒരു വശ്യമായ പുഞ്ചിരി സമ്മാനിച്ചുകൊണ്ട് അവൾ അകത്തേക്ക് പോയി.

               
ഇന്ന് ജോസ് സാറിന് പ്രൊമോഷൻ കിട്ടിയ വകയിൽ പാർട്ടിയുണ്ടായിരുന്നു. കുറെ മധുരം കഴിച്ചു.കുറെ ബാക്കിയായി. ഇങ്ങു കൊണ്ടു വന്നിട്ടും കാര്യമില്ലല്ലോ, കുമുദം പറഞ്ഞു.   മധുരം കഴിക്കാൻ പറ്റാത്തവർ മധുരത്തെ കുറിച്ച് ചിന്തിക്കരുത്,പറയരുത്, കൊതിക്കരുത്. തമ്പിയോർത്തു.അത് കഴിക്കുന്നവർ കഴിക്കട്ടെ.മധുര പ്രതീക്ഷയില്ലാത്ത തമ്പി അന്ന് സുഖമായുറങ്ങി.