Skip to main content
Srishti-2022   >>  Short Story - Malayalam   >>  ഹ്രസ്വം സുന്ദരം

ഹ്രസ്വം സുന്ദരം

"ഇയാള് ശരിക്കും യങ് ആണ്..തല ഫുള്ളും മുടിയും..എന്റച്ഛനും ഏട്ടനുമൊക്കെ നല്ല കഷണ്ടിയാ.."   അവൾ സ്ക്രീനിലെ ഫോട്ടോയിൽ കണ്ണോടിച്ചു  നോക്കികൊണ്ട്പറഞ്ഞു.

 

അങ്ങേത്തലക്കൽ നിന്നൊരു പൊട്ടിച്ചിരി.

 

"നേരിട്ട് കാണുമ്പോൾ അഭിപ്രായമൊക്കെ മാറുവോ?. പിന്നെ.. ഞാനാ ഫോട്ടോയിൽ കാണുന്നത്ര കളർ ഒന്നുമല്ല കേട്ടോ..ഫോട്ടോഷോപ്പ് കുറച്ചു പഠിച്ചിട്ടുണ്ട്..അതിന്റെ കൈവിരുതാണാ ഫോട്ടോയിൽ.." വീണ്ടും ചിരി

 

 

"അറിയില്ല..എനിക്കിഷ്ടമാണ് ഇയാളെ..ചിലപ്പോ ഇയാളുടെ പാട്ടുകൾ കേട്ട് കേട്ട് ഇഷ്ടം കൂടിയതായിരിക്കും..എപ്പോഴും ഇയാളുടെ പാട്ട് കേട്ട് കൊണ്ടിരിക്കണം.അങ്ങനെയൊരു തോന്നൽ..ക്ലാസ്സിലൊക്കെ ഇരിക്കുമ്പോൾ സാർ കാണാതെ ഹെഡ്സെറ്റ് വെച്ച് ഞാൻ കേൾക്കും റെക്കോർഡിങ്സ്.." കിടയ്ക്കക്കരികിലെ ടേബിൾ ലാമ്പ് അണയ്ക്കുകയും കത്തിക്കുകയും ചെയ്തു കൊണ്ട് അവൾ തുടർന്നു.. "എനിക്ക് വേണ്ടി പാട്ട് ഒന്നുകൂടി പാടാമോ ഇപ്പോൾ?"

 

"ഏത്?ദേവാങ്കണങ്ങളോ..?" അയാൾ ചോദിച്ചു.

 

"അല്ല നമ്മുടെ പാട്ട്.."

 

"കാതിൽ തേന്മഴയായി..?"

 

"ഉം.."

 

"ഒരുപാടു വട്ടായിതു പാടുന്നു.. മടുക്കത്തില്ലേ തനിക്ക്." കിടക്കയിൽ മലർന്നു കിടന്നു കൊണ്ട് അയാൾ ചോദിച്ചു.

 

"ഇല്ല..ഒന്ന് പാടൂ പ്ളീസ്.." അവൾ കെഞ്ചി ചോദിച്ചു.

 

"ഉം..തൊണ്ടയിൽ കിച്ച് കിച്ച് ആണ്..ഇന്ന് തണുത്ത വെള്ളം ഒരുപാടു കുടിച്ചു..  " അയാളുടെ ഔപചാരികത.

 

"ദേ..ജാഡ കാണിക്കാതെ പാടുന്നുണ്ടോ??" അവൾ സ്വരം കടുപ്പിച്ചു..അതിലൊരു കൊഞ്ചലിന്റെ ധ്വനിയുണ്ട്.

 

"അയ്യോ.. ഇന്നാ പിടിച്ചോ..കാതിൽ തേന്മഴയായി അല്ലെ??"

 

"ufff.. അതേ..ഒന്ന് പാടൂന്നെ.."

 

"ഉം..  ഓക്കേ.." ശബ്ദമൊക്കെ ശരിയാക്കാൻ ശ്രമിച്ചു കൊണ്ട് പാടി തുടങ്ങുന്നു അയാൾ.

 

"തഴുകുന്ന നേരം പൊന്നിതളുകള്കൂമ്പുന്ന..

മലരിന്റെ നാണം പോല്അരികത്തു നില്ക്കുന്നു നീ.. (തഴുകുന്ന..)

ഒരു നാടന്പാട്ടായിതാ....

ഒരു നാടന്പ്രേമത്തിന്റെ നിലയ്ക്കാത്ത പാട്ടായിതാ..

കടല്ത്തിരയാടുന്നിതീ മണലില്‍..

 

കാതില്തേന്മഴയായ്പാടൂ കാറ്റേ.. കടലേ..  "

 

പാട്ട് അവസാനിപ്പിച്ചു കൊണ്ട് അയാൾ ചോദിച്ചു.."പോരെ..?"

 

അങ്ങേത്തലയ്ക്കൽ നിശബ്ദത..

 

"പാട്ട് കേട്ട് ഓടിയോ..?" ആത്മഗതം പോലെ അയാൾ.

 

അല്പ നേരത്തെ നിശ്ശബ്ദതയ്ക്കൊടുവിൽ അവൾ "ഇയാളെ പിടിച്ചു ഞാൻ അങ്ങ് തിന്നട്ടോ..?അതാമ്പോ എനിക്കെപ്പഴും പാട്ട് കേൾക്കാല്ലോ.." ഒന്ന് നിർത്തിയിട്ടു തുടരുന്നു.." റിയലി ലവ് യു സോ മച്ച്.."

 

"എന്നെയോ ? അതോ എന്റെ പാട്ടിനെയോ?" അയാൾ ചോദിച്ചു.

 

"പാട്ടുകാരനെയും..അയാളുടെ പാട്ടുകളെയും.." അവൾ നാണംകൊണ്ടു.          

 

"ഞാൻ ഒരു ദിവസം അങ്ങ് ഊമയായാലോ..?" വീണ്ടും ഔപചാരികത.

 

"ദേ..ഇടി മേടിക്കും കേട്ടോ..എനിക്കിഷ്ടല്ല അങ്ങനൊക്കെ പറയുന്നത്.." അവൾ കോപിച്ചു..

 

"..പിണങ്ങണ്ട..ഒന്ന് ദേഷ്യം പിടിപ്പിച്ചൂന്നെ ഉള്ളു.."  സമാധാനിപ്പിച്ചു കൊണ്ട് അയാൾ തുടരുന്നു .."പിന്നെ.. അത്രയ്ക്കിഷ്ടായെങ്കിൽ പതിവ് അങ്ങ് തെറ്റിക്കണ്ട.."

 

"എന്ത് പതിവ് ?" അവൾ നിഷ്കളങ്കയായി.

 

"ങേ..  എന്ത് പതിവാന്നോ....ഇനി പാടാൻ പറയ്കേട്ടോ..?" അയാൾ ഭീഷണിപ്പെടുത്തി.

 

"അയ്യോ ഞാൻ ചുമ്മാ പറഞ്ഞതാ..തരാം.."

 

"ഞാനിതെപ്പോഴും ചോദിക്കണോ..?"

 

"ഉം..ഉം..കുറച്ചു കഴിഞ്ഞു പോരെ.." അവൾ കൊഞ്ചുന്നു.

 

"വേണ്ട ഇപ്പോ വേണം.." അയാൾ വാശിപിടിച്ചു.

 

"എങ്കിൽ.. ഫോൺ വെയ്ക്കാൻ നേരം തരാം.." അവൾ ഒന്നുകൂടി അപേക്ഷിച്ചു നോക്കി.

 

"വേണ്ടാ.." അയാൾ കർക്കശിച്ചു.

 

"എങ്കില്.. കുറച്ചു കഴിഞ്ഞു തരാം .." അവൾ വട്ടംകറക്കി.

 

"ദേ ഇപ്പോ തന്നില്ലേൽ ഞാൻ എം ഡി-യെ വിളിക്കും.."  

 

 "ങേ..അതാരാ എം ഡി ?" അവൾ ആശ്ചര്യപ്പെട്ടു.

 

 "..അത് ലാലേട്ടന്റെ ഒരു നമ്പർ അല്ലെ.."

 

" എനിക്കറിയാം വന്ദനം സിനിമയിലല്ലെ?" അവൾ ചോദിച്ചു.

 

"തേങ്ങാക്കൊല..ഇയാള് ഉമ്മ തരുന്നുണ്ടോ ഇപ്പോ?" അയാൾ ദേഷ്യപ്പെട്ടു.

 

അവൾ പൊട്ടിച്ചിരിച്ചു. പിന്നെ ലജ്ജയോടെ പതിയെ ആരാഞ്ഞു "എവിടെ വേണം? കണ്ണിലോ നെറ്റിയിലോ?"                  

 

"ചുണ്ടില്.."

 

"ഉം.. " അവൾ ഫോണിലെ മൈക്കിനോട് ചുണ്ടു ചേർത്ത് വെച്ചു ചുംബിച്ചു. "ഉമ്മാ.. "

 

അല്പ നേരം നിശബ്ദത.

 

"കണ്ണടച്ചേ.." അയാൾ ആജ്ഞാപിച്ചു.

 

അവൾ അനുസരിച്ചു കൊണ്ട് മൂളുന്നു  "ഉം.."  

 

അയാൾ തുടരുന്നു : "എന്റടുത്തേക്കു വന്ന് ഇരിക്ക്.."

 

"അപ്പൊ ഞാൻ തട്ടി വീഴില്ലേ.." അവൾ കൊഞ്ചി ചോദിച്ചു.

 

"വീഴില്ല.." അയാളുടെ ദൃഢസ്വരം

 

"എങ്കിൽ ഇരുന്നു.." അവൾ യാന്ത്രികമായി മൊഴിഞ്ഞു.

 

"എന്റെ തോളിൽ തലവെച്ചു കിടക്ക്.."

 

"കിടന്നു.."

 

"തലയുയർത്തി എന്റെ ചുണ്ടിൽ മുത്തം വെയ്ക്ക്.." അയാൾ കേണു.

 

  അവൾ അനുസരിച്ചു : "ഉമ്മാ.."

 

സംഭാഷണങ്ങൾ അവരെ തരംഗങ്ങളാക്കി..ഏതോ ടവറിന്മേൽ വച്ച് അവർ സന്ധിച്ചു..ചുംബനങ്ങൾ തൊടുത്തു..ഹൃദയങ്ങൾ കൈമാറി..നാണമൊഴിഞ്ഞു, നഗ്നരായി.. ഗർഭം പേറാൻ അവളും, ദാനം നൽകാൻ അവനും മുതിർന്നു..

 

പ്രയത്നങ്ങൾക്കൊടുവിൽ തരംഗങ്ങൾ വീണ്ടും മനുഷ്യരായി മാറി ..അവർ തളർന്നു..ശ്വാസങ്ങൾ നിശ്വാസങ്ങളായി..അവ സ്പീക്കറിൽ ചിതറി വീണു..

 

മൗനത്തെ പിഴുതെറിയാൻ അവളുടെ നാണത്തിനാകില്ലെന്നു അയാൾക്കറിയാം. അയാൾ അവളുടെ അഭിമാനത്തെ മാനിക്കുന്നു.

 

"തളർന്നോ?" അയാൾ ചോദിച്ചു.

 

"ഉം.." നാണം തളംകെട്ടി നിൽക്കുന്നു.

 

" ലവ് യു.." അവളെ കംഫോര്ട് ആക്കാൻ ശ്രമിക്കുന്നു.

 

" ലവ് യു റ്റൂ.."

 

വീണ്ടും നിശബ്ധത.

 

"അതേയ് ഞാനിപ്പോ വരാം.." അവൾ അനുവാദം വാങ്ങുന്നു..അതൊരു പതിവാണ്.

 

"അവളെ കാത്തു നിൽക്കുന്ന നേരത്തു അയാൾ ഒരു വരി മൂളി..

 

"പറയാതെയോര്ത്തിടും അനുരാഗ ഗാനം പോലെ.."

 

സ്പീക്കറിലൂടെയുള്ള പൊട്ടലുകൾക്കും ചീറ്റലുകൾക്കുമൊടുവിൽ അവളുടെ സ്വരം അങ്ങേതലക്കൽ നിന്നു. "എനിക്കിയാളെ കാണണം.."

 

"എന്റെ ഫോട്ടോയില്ലേ കൈയിൽ.." അയാൾ പരുങ്ങി.

 

"ഫോട്ടോയുണ്ട്..പക്ഷെ എനിക്ക് നേരിട്ട് കാണണം.." അവൾ വ്യക്തമാക്കി.

 

"നേരിട്ട് കണ്ടാൽ ഇഷ്ടം പോകുവോ?" അയാൾ പരിഭ്രമം അറിയിച്ചു.

 

"ഇല്ല പോവില്ല..എനിക്ക് ശരിക്കും ഇഷ്ടാണ്.. ഫോട്ടോയിൽ ഉള്ള ആളല്ലെങ്കിൽ തന്നെയും എനിക്കിഷ്ടമാണ്..സത്യം പറഞ്ഞാൽ ഇയാളെനിക്കൊരു..എന്താ പറയാ..എനിക്കൊരു ഭ്രാന്താണ്‌.. " അവളുടെ സ്വരത്തിൽ ആത്മാർത്ഥത കലർന്നിരുന്നു.

 

അയാൾ ഒരു നിമിഷം ചിന്താമഗ്നനായി.

 

"എനിക്ക്..എനിക്ക്..ഞാൻ താനുദ്ദേശിക്കുന്ന പോലൊരാളല്ല

.. ഞാൻ കറുത്തിട്ടാണ്..താൻ ഒരുപാട്ഒരുപാട് സുന്ദരിയും..പിന്നെ.. ജസ്റ്റ് ടേൺഡ് തേർട്ടി.. ആൻഡ് യു ആർ ഒൺലി നൈൻറ്റിൻ.. " അയാൾ ഒഴിഞ്ഞുമാറാൻ ശ്രമിച്ചു.

 

"പ്ലീസ് അങ്ങനൊന്നും പറയല്ലേ...എനിക്ക് കാണണം..എനിക്കീ റിലേഷൻ  എപ്പഴും വേണം.. എന്നും ഇങ്ങനെ ഒഴിഞ്ഞു മാറല്ലേ.." അവൾ കേണു.

 

"ഞാൻ ഇനി എന്താ പറയാ..മനസിലാക്കെടോ താൻ.." അയാൾ അവസാനമായി ഒഴിഞ്ഞുമാറാൻ ഒരു ശ്രമം കൂടി നടത്തി.                                  

 

"പറ്റില്ല.. എനിക്ക് കാണണം..കണ്ടേ പറ്റുള്ളൂ..നാളെ ഞാൻ ക്ളാസ് കട്ട് ചെയ്യാം.. ഇവിടെ അടുത്തെങ്ങും വെച്ചു വേണ്ട.. ദൂരെ എവിടേലും വച്ച് മീറ്റ് ചെയ്യാം.." അവൾ വ്യക്തമാക്കി.

 

"ശൊ..തന്റെ കാര്യം..ഇതൊക്കെ പ്രശ്നാവും തനിക്ക്.." അയാൾ പറഞ്ഞു നോക്കി.

 

"ഒരു പ്രശ്നവുമില്ല..ഇയാൾക്ക് പൊൻമുടിയിൽ വരാൻ പറ്റുവോ?" അവൾ ചോദിച്ചു.

 

"പൊന്മുടിയിലോ..?" അയാൾ അന്ധാളിച്ചു.

 

"അതെ പൊൻമുടിയിൽ..ഞാൻ ആക്ടീവയിൽ വന്നോളാം..ഇയാള്  അവിടെ ടോപ്പിൽ വെയിറ്റ് ചെയ്താൽ മതി.." അവൾ രൂപരേഖ തയ്യാറാക്കി കഴിഞ്ഞിരുന്നു.                        

 

അവളോട് പറഞ്ഞു ജയിക്കാൻ തനിക്കാവില്ലെന്നു ബോധ്യപ്പെട്ടപ്പോൾ, ഒടുവിൽ അയാൾക്ക് സമ്മതിക്കേണ്ടി വന്നു. അങ്ങനെ അവർ പരസ്പരം നേരിൽ കാണുവാൻ തീരുമാനമാകുന്നു.

 

രണ്ട്

 

എത്ര ഒരുങ്ങിയിട്ടും അവൾക്കു തൃപ്തി വന്നില്ല. കമ്മലുകൾ മാറി മാറി പരീക്ഷിച്ചു. ഇല്ല ചേരുന്നില്ല. ഇട്ടിരിക്കുന്ന ചുവന്ന ചുരിദാർ ആണ് പ്രശ്നം. അവൾ അത് മാറി. ജേഷ്ടന്റെ വിവാഹത്തലേന്ന് അണിഞ്ഞിരുന്ന നീലയും ഇളംപച്ചയും കലർന്ന ചുരിദാർ ധരിച്ചു. വലിപ്പത്തിലുള്ള തൂക്കുകമ്മൽ തീർച്ചപ്പെടുത്തി. കണ്മഷി പതിവിൽ നിന്ന് പരിമിതപ്പെടുത്തി.

"ഓവർ ആയോ ? ഏയ് ഇല്ല..സുന്ദരിയാണ്.." ആത്മഗതം.

 

ഇതിനിടയിൽ അമ്മ പലപ്പോഴായി മുറിയിൽ വന്നു പോയിരുന്നു. ഇടയ്ക്കു സംശയവും പ്രകടിപ്പിച്ചു "നീ പ്രോജക്ടിന് തന്നെയാണോ പോകുന്നത് അതോ ടൗണില് കൂട്ടുകാരുടെ കൂടെ കറങ്ങാനോ?"

 

"അല്ല പെണ്ണുകാണാൻ ഒരുങ്ങുവാ..ഞാനെന്തു ചെയ്താലും അമ്മയ്ക്ക് സംശയവാ.."അവൾ ഒരു ഭാവമാറ്റവും കൂടാതെ പ്രതിവചിച്ചു.

 

അമ്മ മറുത്തൊന്നും  ചോദിക്കാൻ നിന്നില്ല.

 

ഇറങ്ങാൻ നേരം മാത്രം അവളോടായി "പ്രോജക്ടിന് കാശ് ഇന്ന് തന്നെ കൊടുക്കണോടി?"

 

"അഞ്ഞൂറ് മതി..ബാക്കി അടുത്തമാസം."

 

അമ്മ അകത്ത് പോയി പണവുമായി തിരികെ വന്നു. "അറുനൂറുണ്ട്..നൂറു പെട്രോളടിക്കാൻ..കഴിഞ്ഞാഴ്ചയും അച്ഛൻ പറഞ്ഞതെ ഉള്ളു..അടിച്ചിട്ടിരിക്കുന്ന പെട്രോൾ മുഴുവൻ നീയാ തീർക്കുന്നതെന്ന്.."    

 

അവൾ കാശ് വാങ്ങിച്ചു പേഴ്സിൽ വച്ചിട്ട് ഹെൽമറ്റ് എടുത്തു തലയിൽ ചൂടി. ശേഷം അമ്മയെ കെട്ടിപിടിച്ചു കവിളിൽ ഉമ്മ കൊടുത്തു കൊണ്ട്  "അപ്പൊ പോയിട്ട് വരാമേ.."

 

ഗേറ്റ് കടന്നു പോകുന്ന മകളെ നോക്കി കൊണ്ട് നിൽക്കുന്ന അമ്മ. പൊടുന്നനെയാണ് ബോധം വീണത്.."അയ്യോ..തോരഞ്ഞ് കരിഞ്ഞു കാണും". അവർ അകത്തേക്കോടി.

 

മൂന്ന് 

 

ആദ്യ ഹെയർ പിന്നിനു വളരെ മുൻപ് തന്നെ അവൾക്കു മെസ്സേജ്  കിട്ടിയിരുന്നു "നൗ ഇൻ ബസ്. ജസ്റ്റ് പാസ്ഡ് 10th ഹെയർപിൻ.   വിൽ ബി ദെയർ ആഫ്റ്റർ 22nd ഒൺ.."

 

വിജനമായിരുന്നു വഴി. ഒരു വാഹനം പോലും തന്നെ കടന്നു പോയതായി അവളുടെ ഓർമ്മയിലില്ല. "സീസൺ അല്ലായിരിക്കും" അവൾ ഓർത്തു. വീട്ടിൽ നിന്നിറങ്ങാൻ നേരത്തുണ്ടായിരുന്ന ധൈര്യം പകുതിയും ചോർന്നുപോയിരിക്കുന്നു. " യാത്ര കുഴപ്പംപിടിച്ചതായിരിക്കുമോ?" ആദ്യമുണ്ടായിരുന്ന ആവേശം മെല്ലെ തണുക്കാൻ തുടങ്ങി. അവൾ ചിന്താകുഴപ്പത്തിലായി.

 

മുഖത്തേക്ക് പതിക്കുന്ന തണുത്ത ഇളംകാറ്റും സൂര്യകിരണങ്ങളെ  മറച്ചു പിടിച്ചിരിക്കുന്ന ഇലകളുടെ പച്ചപ്പും അവളുടെ മനസ്സിനെ ശാന്തമാക്കി..ഹെൽമെറ്റിന് പുറത്തേക്കു വീണു കിടന്നിരുന്ന മുടിച്ചുരുളുകൾ അവളുടെ കാതുകളിൽ തത്തികളിച്ചു കൊണ്ടിക്കിളികൂട്ടി. അരികത്തായി, കവിളിനോരത്തായി ആരോ ഒരീണം മൂളുന്ന പോലെ അവൾക്കു തോന്നി..അവളതു കേൾക്കാൻ കാതുകൂർപ്പിച്ചു..അയാളുടെ സ്വരം..

 

" തഴുകുന്ന നേരം പൊന്നിതളുകള്കൂമ്പുന്ന..

മലരിന്റെ നാണം പോല്അരികത്തു നില്ക്കുന്നു നീ.."

 

അവളുടെ വദനം ചുവന്നു തുടുത്തു നാണത്താൽ..ഹൃദയസ്പന്ദനം കുതിച്ചു  മോഹത്താൽ..

 

ഹെയർപിൻ വളവുകളിൽ കുത്തിനിർത്തിയിരിക്കുന്ന മഞ്ഞ ത്രികോണങ്ങളിൽ അക്കങ്ങൾ മാറിക്കൊണ്ടിരുന്നു..15/22 ..16/22 ..17/22..18/22..

 

ഇരുപത്തിരണ്ടാമത്തെ സൈൻബോര്ഡിനു ചുവട്ടിലായി വണ്ടി നിന്നു. അവൾ മുന്നിലേക്ക് നോക്കി. മുന്നിലൊരു വളവാണ്‌. അതിനപ്പുറത്തെവിടെയും അയാളെ പ്രതീക്ഷിക്കാം. അവൾ വണ്ടിയിൽ നിന്നിറങ്ങി ഹെൽമെറ്റ് ഊരി. ഇരുകൊമ്പുകളായി വളർന്നു നിൽക്കുന്ന കണ്ണാടികഷ്ണങ്ങളിൽ ഒന്നിൽ കുനിഞ്ഞുനോക്കി. മുടി കൈകൊണ്ടു ചീകി ഒതുക്കി. പൊട്ടു അവിടെത്തന്നെയുണ്ട്. സ്ഥാനം തെറ്റി കിടന്ന ഷോൾ നേരെയാക്കി. ശേഷം ഹെൽമെറ്റ് വണ്ടിക്കുള്ളിലാക്കി സീറ്റ് അടച്ചു അതിന്മേൽ കയറിയിരുന്നു.

"അവന്..അല്ല അയാൾക്ക്..തന്നെ ബോധിക്കുമോ..?" ആത്മഗതം.

 

വണ്ടി മുന്നോട്ടു ചലിച്ചു.

 

രണ്ടുമൂന്നു വളവു തിരിഞ്ഞപ്പോൾ വിദൂരത്തായി, നിരത്തിനോരത്തായി താഴ്വാരത്തിനഭിമുഖമായി ഉറപ്പിച്ചു നിർത്തിയിരിക്കുന്ന ബെഞ്ചിൽ ആരോ ഇരിക്കുന്നത് പോലെ അവൾക്കു തോന്നി. രൂപം അവ്യക്തം. അവൾ വണ്ടി നിർത്തി ഇറങ്ങി മുന്നോട്ടു നടക്കുന്നു..അല്പം നടക്കാനുണ്ട്.. ഹൃദയമിടിപ്പു ഏറുന്നു..

 

അവളെ തിരിച്ചറിഞ്ഞ അയാൾ ബെഞ്ചിൽ നിന്നു എഴുന്നേറ്റു നിലത്ത് കാലുകുത്തി.

അടുത്തേക്ക് നടക്കും തോറും അവന്റെ വലിപ്പം കൂടുമെന്ന അവളുടെ ധാരണ തകിടംമറിഞ്ഞു. ബെഞ്ചിനരികത്തായി പുഞ്ചിരിതൂകി നിൽക്കുന്ന ഉയരം കുറഞ്ഞ കുഞ്ഞു മനുഷ്യന്റെ രൂപം അവൾ ഞെട്ടലോടെ ദർശിച്ചു.. അവളുടെ നെഞ്ച് പൊട്ടിച്ചിതറി.. അവൾ പുഞ്ചിരി വരുത്താൻ ശ്രമിച്ചു കൊണ്ട് അയാളുടെ മുന്നിൽ വന്നു നിന്നു. അവളുടെ കാലുകളുടെ ഉയരം മാത്രമുള്ള അയാളെ കുനിഞ്ഞു നോക്കി കൊണ്ട് അഭിവാദ്യം ചൊല്ലി.. "ഹെലോ"

 

അവളുടെ സൗന്ദര്യത്തിൽ മയങ്ങി നിന്ന അയാൾ ഉണർന്നു. "ഹലോ"

 

എന്തുപറയണമെന്നു നിശ്ചയമില്ലാതെ നിൽക്കുന്ന അവളോടായി അയാൾ: "ഒടുവിൽ നമ്മൾ കണ്ടുമുട്ടി.."

 

അവൾ തലകുലുക്കുക മാത്രം ചെയ്തു.

 

"വരൂ..ബെഞ്ചിലിരുന്നു സംസാരിക്കാം." അയാൾ ക്ഷണിച്ചു.

 

അവന്റെ പിറകെ അവൾ യാന്ത്രികമായി നടന്നു ചെന്ന് ബെഞ്ചിലിരുന്നു.   ബെഞ്ചിലേക്ക് കയറാൻ ശ്രമിക്കുന്ന അയാളെ നോക്കി ഇരുന്നപ്പോൾ അവളുടെ കണ്ണുകളിലെ കൃഷ്ണമണികളിൽ തിളക്കം കൊണ്ടു. അതൊരു നീർതുള്ളിയാവാതിരിക്കാൻ അവൾ മുഖം തിരിച്ച് തന്റെ മുന്നിലുള്ള അനന്തതയിലേക്കു ദൃഷ്ടി പായിച്ചു. അവളുടെ മനസ്സിൽ കാർമേഘങ്ങൾ കുമിഞ്ഞുകൂടാൻ തുടങ്ങി.

 

"എന്താ മിണ്ടാത്തെ..വലിയ വായാടി ആയിരുന്നല്ലോ?" ബഞ്ചിൽ ചാരിയിരുന്നു കൊണ്ടു അയാൾ.

 

ചോദ്യം കേട്ട് ഞെട്ടി സ്വബോധത്തിലേക്കു മടങ്ങിയ അവൾ എന്തെങ്കിലും ചോദിക്കണമെന്ന മട്ടിൽ : "ഒരുപാട് നേരായോ വന്നിട്ട്?"

 

"ഒരു പതിനഞ്ചു മിനിറ്റ് ആവും.. "

 

പിന്നെ ചോദ്യങ്ങളൊന്നും അവളിൽ നിന്ന് വന്നില്ല. അവളുടെ മെല്ലെയാടുന്ന കമ്മലും ദൂരേയ്ക്ക് നോക്കുന്ന നയനവും നീണ്ട കൺപീലികളും അയാളുടെ ഉള്ളിൽ അനല്പമായൊരു സന്തോഷം ഉളവാക്കി..അയാൾ തന്റെ കുഞ്ഞു കൈ പതിയെ നിരക്കി അവളുടെ കൈയിനരികത്തായി കൊണ്ടുവെച്ചു. മൗനിയായി ഇരിക്കുന്ന അവളെ ഉണർത്താൻ എന്ന മട്ടിൽ തന്റെ ചെറുവിരൽ കൊണ്ടു അവളുടെ വിരലുകളെ പതിയെ സ്പർശിച്ചു. അവൾ ഞെട്ടി. ശേഷം ഒന്നുമറിയാതെ കൈ പിൻവലിച്ചു.

 

"എന്ത് പറ്റി..? എന്താ ഒന്നും മിണ്ടാതെ ഇരിക്കുന്നത്?  എന്നെ കണ്ടപ്പോൾ വരണ്ടായിരുന്നു എന്ന് തോന്നിയോ? " ചിരിച്ചു കൊണ്ടാണയാൾ ചോദിച്ചത്.

 

"ഏയ്..അതൊന്നുമല്ല..എന്റെ ഏട്ടന്റെ ഫ്രണ്ട്സ് കാണുമോ എന്ന പേടിയുണ്ട്..അതുകൊണ്ടാ.."

 

"ഹഹഹ..അതുകൊള്ളാം ഇയാളല്ലേ പൊൻമുടിയിൽ വെച്ച് കാണാമെന്നൊക്കെ തീരുമാനിച്ചത്.."

 

"അതല്ല...അമ്മയോട് കള്ളമൊക്കെ പറഞ്ഞിട്ടാ ഇറങ്ങിയത്..ഫ്രണ്ടിന്റെ വീട്ടിൽ പോയിട്ട് പെട്ടെന്ന് വരാമെന്നു പറഞ്ഞിരുന്നു." അവൾ പറഞ്ഞൊപ്പിച്ചു.

 

അവളുടെ മുഖഭാവം ശ്രദ്ധിച്ച അയാൾക്ക് അവളെ അവിടെ നിന്നും രക്ഷിക്കണമെന്ന് തോന്നി "എനിക്കും പോയിട്ട് ധൃതിയുണ്ട്.. ഞാൻ വന്ന ബസ് ഇപ്പൊ തിരിച്ചു പോരും.."

 

അതുകേൾക്കാൻ കാത്ത് നിന്ന അവൾ പൊടുന്നനെ എഴുന്നേറ്റു പറഞ്ഞു "ഞാൻ വേണമെങ്കിൽ ഡ്രോപ്പ്.."

 

"വേണ്ട..എനിക്ക് ഒന്ന് രണ്ടു സ്ഥലങ്ങളിൽ കൂടി പോവാനുണ്ട്.." പുഞ്ചിരിയോടെ വലതു കൈ നീട്ടി കൊണ്ടു അയാൾ തുടർന്നു .." എന്നാ വിട്ടോളു..ബസ് ഇപ്പൊ വരാറായി കാണും.."

 

അവളുടെ മുഖത്ത് ആശ്വാസം. അവൾ കുഞ്ഞുകൈയിൽ തന്റെ കരംചേർത്തു  പ്രത്യഭിവാദ്യം നൽകി. അവളുടെ കൈക്കുള്ളിൽ പിഞ്ചു കൈ ഒതുങ്ങി നിന്നു.

 

"ഞാൻ വീട്ടിലെത്തിയിട്ടു വിളിക്കാം.."

 

"ആയിക്കോട്ടെ.." അത് പറയുമ്പോഴും അയാൾ പുഞ്ചിരിച്ചിരുന്നു.

 

കണ്മുന്നിൽ നിന്നു അവളുടെ വാഹനം വളവുതിരിഞ്ഞു അപ്രത്യക്ഷമാകും വരെ അയാൾ അവിടെ തന്നെ നിന്നു. അവളിനി തന്നെ വിളിക്കാൻ പോകുന്നില്ല എന്നയാൾക്ക്ഉറപ്പുണ്ടായിരുന്നു. അയാളുടെ ഹൃദയത്തിൽ ഒരു ഘനം അനുഭവപ്പെട്ടു..അതൊരു വീർപ്പുമുട്ടലായി..കണ്ണുകൾ നിറഞ്ഞു. തെളിമ നഷ്ടപ്പെട്ട കാഴ്ചയിൽ തന്നെ കടന്നു പോകുന്ന ബസ് അയാൾ ശ്രദ്ധിച്ചു. ആളുണ്ടെന്ന് ഉറക്കെ വിളിക്കണമെന്ന് തോന്നിയെങ്കിലും വാക്കുകൾ സ്വരമായി പുറത്ത് വന്നില്ല. അയാൾ ബെഞ്ചിൽ പിടിച്ചു നിന്ന് തേങ്ങി. അവനവളെ ആത്മാർത്ഥമായി സ്നേഹിച്ചിരുന്നു..അവന്റെ കുറവുകൾ തന്റേടിയായ അവൾക്കു ഒരു പ്രശ്നമാകില്ല എന്ന് കിനാവ് കണ്ടിരുന്നു.

 

തന്റെ അമ്മ ബാല്യത്തിൽ പറഞ്ഞു തന്നിരുന്ന ഒരു കഥ അയാളുടെ ഓർമ്മയിൽ വന്നുനിറഞ്ഞു. തെന്നലിനെ സ്നേഹിച്ച സൂര്യകാന്തി പൂവിന്റെ കഥ. തന്നെ തൊട്ടു തഴുകി പോകുന്ന തെന്നലിനോട് സൂര്യകാന്തി പൂവിനു അടങ്ങാത്ത സ്നേഹം. പലവട്ടം അവളതു അറിയിക്കാൻ ശ്രമിച്ചു. അവളുടെ ഗന്ധം മാത്രം  കവർന്നു കടന്നു പോകുന്ന തെന്നൽ ഒരിക്കൽ പോലും അവളോട് മിണ്ടിയില്ല. ഒടുവിൽ അവനോടു ചേരാൻ വേണ്ടി സ്വയം ഞെട്ടറ്റു വീണു കൊടുത്ത അവളെ നിലത്തുപേക്ഷിച്ചു കടന്നുപോയി തെന്നൽ..മറ്റൊരു പൂവിൻ ഗന്ധം കവരാൻ..

 

 അയാൾ നിരത്തിലിറങ്ങി നടന്നു..

 

നാല്  

 

ഉച്ചവെയിൽ വന്നു വീണുതുടങ്ങിയിരിക്കുന്നു. അയാൾ നടക്കുകയാണ്. ഒരു വാഹനം പോലും ഇതുവരെ കടന്നു പോയിട്ടില്ല. ക്ഷീണിതനായ അവന്റെ കാലുകൾ ആയാസപ്പെട്ട് ചലിച്ചു.

 

 നിരത്തിന്റെ ഇടതുവശത്തായി പാറക്കെട്ടുകളും അതിൽ നിന്നൊഴുകിവരുന്ന അരുവിയും കാണാം. സമീപത്തായി പൊട്ടിയകന്നൊരു കമ്പിവേലിയിൽ  'പ്രവേശനം നിരോധിച്ചിരിക്കുന്നു' എന്നൊരു താക്കീതു തൂക്കിയിട്ടിരിക്കുന്നു. നിരത്തിനു വലതുവശം വ്യൂ പോയിന്റ് ആണ്. അവിടെനിന്നു താഴേക്കു നോക്കിയാൽ കാടുകളും അങ്ങിങ്ങായി ചിന്നി ചിതറി കിടക്കുന്ന കുന്നുകളും കാണാം.

 

ആവർത്തനം മയക്കത്തിലേക്ക് നയിക്കും. അവിടെനിന്നു ഓർമ്മകളിലേക്കും..  ഇടയ്ക്കിടയ്ക്കായി വന്നുപതിക്കുന്ന കാറ്റ് അവനെ അവളെ കുറിച്ചുള്ള ഓർമ്മകളിലേക്ക് ക്ഷണിച്ചു.. നീലയും പച്ചയും കലർന്ന അവളുടെ വസ്ത്രം അവളെ ഒരു പെണ്മയിലായി തോന്നിപ്പിച്ചു.. അവളുടെ നീണ്ട ഇടതൂർന്ന കൺപീലികൾ.. ചുവന്ന അധരങ്ങൾ.. മുഖത്തിന് യോഗ്യമായ മൂക്ക്. മഞ്ഞളിന്റെ നിറം.. അയാൾ ഓർത്തു "എന്തൊരു സൗന്ദര്യമാണ് പെണ്ണിന്.."

 

തന്റെ ഉയരക്കുറവിനെയും പിരാകി കൊണ്ട് നടക്കുന്നതിനിടയിൽ പെട്ടന്നതാ എവിടെ നിന്നോ ഒരു കരച്ചിൽ കേട്ടു. അയാൾ ഒന്ന് നിന്നു..ഇല്ല തോന്നിയതാകണം.. നടക്കാൻ ഭാവിച്ചപ്പോൾ വീണ്ടും അതേ ശബ്ദം.. അവൻ കാതുകൂർപ്പിച്ചു ചുറ്റും നോക്കി..അതൊരു പെണ്ണിന്റെ കരച്ചിലാണെന്നു അയാൾക്ക്  ബോധ്യപ്പെട്ടു..കരച്ചിലിനിടയിൽ എന്തൊക്കെയോ പറയുന്നുണ്ട്..അയാൾ  നിരത്തു കടന്നു വലതു വശത്തേക്ക് നടന്നു താഴേക്കു നോക്കി..സമനിരപ്പിൽ നിന്നു താഴ്ന്ന കുത്തനെയുള്ള ചെരുവിൽ മുള്ളുകൾനിറഞ്ഞ കുറ്റിച്ചെടികൾ. അതവാസിനിക്കുന്ന അതിരിനപ്പുറത്ത് നിന്നാണാ കരച്ചിലെന്നു അയാൾക്ക് മനസിലായി. അതൊരു ദീനസ്വരമായിരുന്നു..കേണപേക്ഷിക്കലായിരുന്നു.. അവൻ പൊടുന്നനെ ഞെട്ടി. അതവളുടെ സ്വരമാണെന്നു തിരിച്ചറിഞ്ഞു. പിന്നെ മറ്റൊന്നും ചിന്തിക്കാതെ അയാൾ ചെരുവിലേക്കു ചാടിയിറങ്ങി.. തന്നോളം  ഉയരമുള്ള മുള്ളുനിറഞ്ഞ നീണ്ട പുല്ലുകളെ വകഞ്ഞു മാറ്റി, വേദന ഗൗനിക്കാതെ അയാൾ മുന്നോട്ടു കുതിച്ചു. പായുന്നതിനിടയിൽ പുല്ലുകൾക്കിടയിൽ വീണു കിടക്കുന്ന അവളുടെ  ആക്ടീവ കണ്ടയാളുടെ ചങ്കു കത്തി. അയാൾ വേഗത കൂട്ടി. അതിരിനടുത്തായി നിൽക്കുന്ന ചെറിയൊരു മരത്തിൽ പിടിച്ചയാൾ താഴേക്കു നോക്കി.. അയാളുടെ നെഞ്ച് പിടഞ്ഞു.. അറ്റുപോകാറായൊരു വേരിൽ തൂങ്ങി പിടിച്ചു കിടക്കുന്ന അവൾ. അയാളെ കണ്ടതും അവൾ ഒച്ചകൂട്ടി കരയാൻ തുടങ്ങി..

 

 

"പ്ളീസ് എന്നെ രക്ഷിക്കണേ..പ്ളീസ്.." കരച്ചിലിനിടയിൽ മുറിഞ്ഞു പോകുന്ന വാക്കുകൾ.

 

കാഴ്ച കണ്ടു സ്തംഭിച്ചു നിൽക്കുന്ന അയാൾക്ക്എന്ത് ചെയ്യണമെന്ന് നിശ്ചയമില്ലായിരുന്നു. അയാൾ ചുറ്റും നോക്കി..വള്ളിയോ ശിഖരങ്ങളോ ഒന്നും തന്നെയില്ല. അയാൾ ഒരുകൈ കൊണ്ട് മരത്തിൽ പിടിച്ചു മറുകൈ എത്തിച്ചു നോക്കി. നീളം കുറഞ്ഞ കുഞ്ഞു കൈ എങ്ങനെ എത്താനാണ്?.

 

"പേടിക്കണ്ട.." അയാൾ സമാധാനിപ്പിച്ചു കൊണ്ട് അരികത്തുള്ള ചെറിയ മരത്തിൽ കൈകൾ ചുറ്റി, നിലത്തുകിടന്നു കാലുകൾ എത്തിച്ചു കൊടുക്കാൻ ശ്രമിച്ചു. ഇല്ല പാതികൈയുടെ നീളം കൂടി അനിവാര്യമാണ്.

 

തിരിച്ചു കയറിയ അവൻ വീണ്ടും ചുറ്റും നോക്കി..ഒന്നും കിട്ടാനില്ല സഹായത്തിനു എന്ന് ബോദ്ധ്യമായപ്പോൾ മറ്റൊന്നും ചിന്തിക്കാതെ തന്റെ പാൻറ്സ്  ഊരി കാലുകളിൽ ചേർത്ത് കെട്ടി. ശേഷം മരത്തിൽ കൈകൾ ചുറ്റി താഴേക്കു കിടന്നു. പാന്റ്സിന്റെ തുമ്പ്; വേരിൽ പിടിയമർന്ന അവളുടെ കൈകൾക്കു സമീപത്തായി വന്നു വീണു.

 

"അതിൽ പിടിക്ക്..പേടിക്കണ്ട.." താഴേക്കു, ദയനീയമായി തന്നെ നോക്കുന്ന അവളോടായി അയാൾ പറഞ്ഞു.

 

അവൾ പാടുപെട്ടു ഒരു കൈ നീട്ടി പാൻറ്സിൽ മുറുകെ പിടിച്ചു. ബലമുണ്ടെന്നുറപ്പ് തോന്നിയപ്പോൾ മറുകൈ വേരിൽ നിന്നയച്ച് പാൻറ്സിൽ പിടിച്ചു. അവളുടെ ഭാരം കാരണം അയാളുടെ കുഞ്ഞു കാലുകളും ഉടലും വലിഞ്ഞു മുറുകി. അയാൾ മരത്തെ മുറുക്കെ പിടിച്ചു.

 

"അതിൽ പിടിച്ചു പിടിച്ചു മുകളിലോട്ടു കയറു പെട്ടെന്ന്.." അയാൾ  വേദന സഹിച്ചു അലറി.

 

 

അവൾ പാൻറ്സിൽ നിന്ന് അയാളുടെ  കാലുകളിലേക്കും പിന്നെ ശരീരത്തിലൂടെയും അള്ളി പിടിച്ചു മുകളിലേക്ക് കയറി ഭൂമിയിൽ പതിച്ചു. ശേഷം അവനെ വലിച്ചു കയറ്റി.

 

 

നിലത്തിരുന്നു ഏങ്ങിയേങ്ങി കരയുന്ന അവളുടെ സമീപത്തു ഇരുന്നുകൊണ്ടയാൾ കാലിലെ പാൻറ്സ് അഴിച്ചു മാറ്റി.

 

"കരയല്ലേ.." അയാൾ പാൻറ്സ് ഇടുന്നതിനിടയിൽ ആശ്വസിപ്പിക്കാൻ ശ്രമിച്ചു .

 

നീണ്ട സമാധാനിപ്പിക്കലിനൊടുവിലായി അവരിരുവരും നടന്നു ചെന്ന് പണിപ്പെട്ടു അവളുടെ ആക്ടീവ ഉന്തി നിരത്തിൽ കയറ്റി.

 

 അതിനിടയിലെ സംഭാഷണത്തിൽ അവൾ സംഭവങ്ങൾ വ്യക്തമാക്കി..അയാളെ പിരിഞ്ഞു പോകവേ അവൾ വ്യൂപോയിന്റിൽ വണ്ടി നിർത്തിയതും.. തനിക്കു പറ്റിയ അബദ്ധമോർത്തു വിലപിച്ചതും(വിലപിച്ചു എന്ന് മാത്രം പറഞ്ഞു)..മടങ്ങാൻ തുടങ്ങവേ  റോഡ് കടക്കാൻ ശ്രമിക്കുമ്പോൾ പാഞ്ഞെത്തിയ ബസിനെ കണ്ടു പേടിച്ചു വാഹനം വെട്ടിച്ചതും..ഒടുവിൽ നിയന്ത്രണം വിട്ടു താഴേക്കു പതിച്ചതും..ഹെൽമെറ്റ് ഉണ്ടായിരുന്നത് കൊണ്ട് തലയ്ക്കു ക്ഷതമേൽക്കാത്തതും..

 

"താൻ പേടിക്കോന്നും വേണ്ടടോ..നെറ്റിയിലും കൈമുട്ടുകളിലും ചെറുതായി ഒന്ന് മുറിഞ്ഞിട്ടുണ്ട്..അത് പോകുന്ന വഴിക്കു ടൌൺ-ലെ ആശുപത്രിയിൽ കയറി ഒരു റ്റീറ്റീ എടുത്താൽ മതി..അമ്മയോട് ഇനിയും കുറച്ചു കള്ളം പറയേണ്ടി വരും.. അത് ഓർത്തെടുത്താൽ മതി.." അയാൾ പതിവ് ശൈലിയിൽ പുഞ്ചിരിച്ചു കൊണ്ട് പറഞ്ഞു.

 

അപ്പോഴേക്കും മറ്റൊരു ബസ് വളവു തിരിഞ്ഞു വരുന്നത് കാണുന്നു അയാൾ.

 

"ഞാൻ ടൗണിൽ കൊണ്ടാക്കാം ചേട്ടനെ.." അവൾ അപേക്ഷിച്ചു.

 

"വേണ്ടടോ..(കൈചൂണ്ടികൊണ്ട്) ദാ ബസ് വരുന്നുണ്ട്..ഇത് തിരിച്ചു പോരുമ്പോ അതിൽ കയറി പൊയ്ക്കൊള്ളാം..താൻ വിട്ടോ.." അയാൾ ആത്മവിശ്വാസത്തോടെ പറഞ്ഞു.

 

"എങ്കിൽ ഞാൻ.." അവൾ വണ്ടിയിൽ കയറാൻ തുടങ്ങുന്നു..പുഞ്ചിരിച്ചു കൊണ്ട് നിൽക്കുന്ന അയാളുടെ മുഖം കണ്ടപ്പോൾ അവളുടെ  കണ്ണുകൾ നിറഞ്ഞു തുളുമ്പി.

 

പൊടുന്നനെ വണ്ടിയിൽ നിന്നിറങ്ങി അവൾ അയാളുടെ അടുക്കലേക്കു വന്നു..നിലത്തു മുട്ട് മടക്കി ഇരുന്നു കൊണ്ട് അയാളെ കെട്ടി പിടിച്ചു പറഞ്ഞു "താങ്ക്സ്..ചേട്ടൻ ഇല്ലായിരുന്നെങ്കിൽ.." മുഴുമിക്കും മുൻപേ അവൾ വിങ്ങി പൊട്ടി പോയി..

 

അയാൾ തന്റെ കുഞ്ഞു കൈകൊണ്ട് അവളെ തലോടി ആശ്വസിപ്പിക്കാൻ മുതിരവേ.. അവൾ തുടർന്നു "ഇതിന്റെ പേരിൽ എന്നോട് ഒന്നും ആവശ്യപ്പെടരുതേ..എനിക്ക് ഇഷ്ടമാണ് ഒത്തിരി..ഞാൻ എന്നും നല്ലൊരു ഫ്രണ്ട് ആയിരിക്കും ചേട്ടന്റടുത്ത്.." അയാളുടെ കൈ പിൻവാങ്ങുന്നു.

 

അവൾ എഴുന്നേറ്റു ആക്ടീവയിൽ കയറി.. കണ്ണുകൾ തുടച്ചു കൊണ്ട് പുഞ്ചിരിക്കാൻ ശ്രമിച്ചു..പോകുന്നു എന്നനുവാദം വാങ്ങുന്നപോലെ തലയാട്ടി..അനുവാദം കൊടുത്തുകൊണ്ട് അയാളും തലയാട്ടി..

 

വളവു തിരിഞ്ഞവൾ മാഞ്ഞപ്പോൾ എന്തോ ഉള്ളിലൊരു നീറ്റലുണ്ടായി അയാൾക്ക്.. ഇപ്രാവശ്യം അയാൾ വിതുമ്പിയില്ല..പകരം തൻ്റെ സ്വതസിദ്ധമായ ശൈലിയിൽ പുഞ്ചിരിപൊഴിച്ചു. മനസ്സാൽ നൂറായിരം മംഗളാശംസകൾ നേർന്നു..

 

പിന്നിലെവിടെയോ വിദൂരത്തു നിന്നാ ബസിന്റെ ഹോൺവിളികേട്ടു. അയാൾ നിരത്തു കടന്നു ചെന്ന് കാത്തു നിന്നു..ഇടയ്ക്കു ഏതോ രാഗത്തിൽ ഒരു വരിയും മൂളി.