Skip to main content
Srishti-2022   >>  Poem - Malayalam   >>  #MeToo ഒരു അഗാധ ഗർത്തമാണ്.

Githanjali Krishnan

Zafin Labs

#MeToo ഒരു അഗാധ ഗർത്തമാണ്.

#MeToo ഒരു അഗാധ ഗർത്തമാണ്.
ആ‍രും അതിൽ വീണുപോകാം.

അടുത്ത ബന്ധുക്കൾ, അധ്യാപകർ, 
വഴിയിലും ബസ്സിലും കണ്ട സഹയാത്രികർ,
ഒപ്പം പണിയെടുത്ത സഹപ്രവർത്തകർ.
ആരും ആ ഗർത്തത്തിൽ വീണുപോകാം.

ഇതിലാരെയാണുൾപ്പെടുത്തേണ്ടതെന്നറിയില്ല.
കുട്ടിയായിരുന്നപ്പോൾ തൊട്ടുനോവിച്ചവർ,
ബസ്സിൽ തട്ടിയും മുട്ടിയും സ്നേഹിച്ചവർ,
ഇടവഴികളിൽ പിന്തുടർന്നവർ,
സ്പർശത്തെ വെറുക്കാൻ പഠിപ്പിച്ചവർ!

അവന്റെ അറയ്ക്കുന്ന ആ അവയവം 
ശരീരത്തിൽ തൊടുമോ എന്നു ഭയന്നാണ് 
തിരക്കുള്ളയിടങ്ങളിലെ നിൽപ്പ്.
ബസ്സിൽ, ട്രെയ്നിൽ, എന്തിന് അമ്പലത്തിൽ പോലും!

രണ്ട്
--------

ഇത്രനാളും മിണ്ടാഞ്ഞത് പുശ്ചം കൊണ്ടാണ്.
പണിയെടുക്കാതെ, ഭിക്ഷചോദിക്കുന്നവനോടുള്ള
അതേ പുശ്ചം, നാണമില്ലാത്ത യാചകൻ.
മടിയൻ, മോഷ്ടാവ്, വിഡ്ഡി.
കെണിയൊരുക്കുന്ന കുറുക്കൻ.
ഇരന്നു തിന്നുന്ന കഴുതപ്പുലി.

സ്ത്രീയുടെ സ്നേഹത്തിനായി അദ്ധ്വാനിക്കണം.
കാത്തിരിക്കണം, പണിയെടുക്കണം.
ഒരിക്കലെങ്കിലും സ്നേഹത്തിനുള്ളിൽ രമിച്ചവൻ
മറ്റൊരുവളെ സ്പർശിക്കുമോ?
ബലാത്സംഗം രതിയല്ലെന്നറിയുമോ?

മൂന്ന്
----------
കത്തുന്ന തീയിലേക്കെടുത്തു ചാടിയപ്പോൾ 
സീതാദേവി പറഞ്ഞില്ലേ?#MeToo എന്ന്?
“ പടുരാക്ഷസ ചക്രവർത്തിയെൻ 
ഉടൽ മോഹിച്ചതു ഞാൻ പിഴച്ചതോ?* “ എന്ന്?

ദുശ്ശാസനൻ വസ്ത്രം വലിച്ചു കീറിയപ്പോൾ
പാഞ്ചാലിയും പറഞ്ഞില്ലേ #MeToo?
നിന്റെ നെഞ്ചിലെ രക്തം പുരണ്ടിട്ടേ
ഞാനീ അഴിഞ്ഞ തലമുടി കെട്ടൂ എന്ന്?

രേണുക, അഹല്യ, സത്യവതി, മാധവി.
ഇവരെല്ലാം തന്റേതല്ലാത്ത കുറ്റത്തിനു
#MeToo എന്നു പറഞ്ഞ് ഇടം നേടിയോർ.
വികാരമില്ലാതെ കല്ലായോർ.

#MeToo ഒരു അഗാധ ഗർത്തമാണ്.
ആ‍രും അതിൽ വീണുപോകാം.


*കുമാരനാശാൻ: ചിന്താവിഷ്ടയായ സീത