Skip to main content
Srishti-2019   >>  Article - Malayalam   >>  ആചാരാനുഷ്ഠാനങ്ങളും ഇന്ത്യൻ ഭരണഘടനയും

ആചാരാനുഷ്ഠാനങ്ങളും ഇന്ത്യൻ ഭരണഘടനയും

Written By: Sajith Joseph K
Company: Experion Technologies

Total Votes: 0

ആചാരാനുഷ്ഠാനങ്ങളും ഇന്ത്യൻ ഭരണഘടനയും

----------------------------------------------------------------------

ആചാരങ്ങളും അനുഷ്ഠാനങ്ങളും എന്തു തന്നെയായാലും അത് ഭരണഘടനക്കുള്ളിൽ തന്നെ നിൽക്കണം. അതായതു ഇന്ത്യൻ ഭരണഘടനക്കുള്ളിൽ നിൽക്കുന്ന ആചാരങ്ങൾ മാത്രം മതി ഇന്ത്യൻ പൗരന് എന്ന് സാരം.

 

അതങ്ങനെ തന്നെയേ ആകാൻ പാടുള്ളു താനും. എന്നിരുന്നാലും ചില കാര്യങ്ങൾ പ്രാധാന്യം അർഹിക്കുന്നു. ആചാരങ്ങളുടെ വ്യാപ്തിയും അതിൽ ഭരണഘടന ഇടപെട്ടാൽ ഉണ്ടാകാവുന്ന പരിണിത ഫലങ്ങളും നോക്കണം.  ആചാരാനുഷ്ഠാനങ്ങളിൽ യുക്തിയുടെ അളവുകോൽ വച്ച് ഇടപെടുന്നതു തന്നെ യുക്തി രഹിതമാണ്‌. അതായതു വിശ്വാസപരമായ കാര്യങ്ങളിൽ ഇടപെടുമ്പോൾ ഒരു വകതിരിവ് കാണിക്കേണ്ടതുണ്ട്.

 

ഉദാഹരണമായി നമ്മുടെ വീടിനടുത്തു ഒരു പ്രത്യേക തരം മതവിശ്വാസികൾ ഉണ്ടെന്നു കരുതുക. അവരുടെ വിശ്വാസം അനുസരിച്ചു ചില പ്രത്യേക ദിവസങ്ങളിൽ പ്രത്യേക യാമങ്ങളിൽ ജനിക്കുന്ന കുട്ടിയെ ദൈവത്തിനു ബലി അർപ്പിക്കേണ്ടതുണ്ടെന്നും അവർ അങ്ങനെ ചെയ്യുന്നുണ്ടെന്നും കരുതുക. നിങ്ങൾ ഒരു വിശ്വാസിയോ അവിശ്വാസിയോ മറ്റാരുമോ ആകട്ടെ, ഇതിൽ ഇടപെടുക തന്നെ വേണം. കാരണം അവിടെ ഒരു കുറ്റ കൃത്യം നടന്നിരിക്കുന്നു. എന്ത് വില കൊടുക്കേണ്ടി വന്നാലും ഇത് നിർത്തലാക്കുക തന്നെ വേണം.

 

ഇനി മറ്റൊരു കാര്യം പരിഗണിക്കാം. ഒരു കൂട്ടം വിശ്വാസികൾ ഒരു പ്രത്യേക സ്ഥലത്തു ഒരു പ്രതിഷ്ഠ വച്ചാരാധിക്കുന്നു. 20 നും 30 നും ഇടയിൽ പ്രായം ഉള്ളവർക്കേ അവിടേക്കു പ്രവേശനം ഉള്ളു. അല്ലാത്തവർ പ്രവേശിച്ചാൽ അവിടുത്തെ പ്രതിഷ്ഠയുടെ ചൈതന്യം നഷ്ടപ്പെടുമെന്നവർ ഉറച്ചു വിശ്വസിക്കുന്നു. ഇവിടെ ഒരു 18 വയസ്സ് കാരന് കയറാൻ ആഗ്രഹം തോന്നുന്നു. ഒരു സപ്പോർട്ടിനായി അവൻ പൊതു സമൂഹത്തെ സമീപിക്കുന്നു. ഇവിടെ എന്താവണം നമ്മുടെ നിലപാട് ? പോകേണ്ടവർ പോകട്ടെ എന്ന് പറയാനൊക്കുമോ? ഇല്ലെന്നു തന്നെ പറയേണ്ടി വരും.

 

ഒരു വിശ്വാസിക്കോ അവിശ്വാസിക്കോ ഇത്തരം സാഹചര്യങ്ങളിൽ ഏതു മതത്തോടും തിരുത്തലുകൾ നിർദേശിക്കാവുന്നതാണ്. പക്ഷെ തീരുമാനം അവരുടേതാവണം. അവർ അംഗീകരിച്ചില്ലെങ്കിൽ നിങ്ങൾക്ക് നിങ്ങളുടെ ആശയങ്ങൾ എല്ലാം സമന്വയിപ്പിച്ചു മറ്റൊരു മതം തുടങ്ങാൻ സ്വാതന്ത്ര്യം ഉണ്ടല്ലോ? നിങ്ങൾ ആണ് ശരിയെങ്കിൽ അത് കാലം തെളിയിക്കും. ക്രിസ്തുവും ബുദ്ധനുമെല്ലാം ചെയ്തത് മറ്റൊന്നല്ല. അതല്ലാതെ അവിടെ പോയി പ്രശ്ങ്ങൾ ഉണ്ടാക്കുന്നത് ഒരു ജനാധിപത്യ രാജ്യത്തിന് ഭൂഷണം അല്ല. 

 

ഉദാഹരണമായി നിങ്ങൾ ഫുട്ബോൾ കളിയ്ക്കാൻ പോയപ്പോൾ കൈമുട്ട് കൊണ്ട് കൂടെ ഗോൾ അടിക്കാൻ അനുവദിച്ചാൽ നല്ലതാണല്ലോ എന്ന് നിങ്ങൾക്ക് തോന്നുന്നു. ഈ നല്ല ആശയം നിങ്ങൾ ഫുട്ബാൾ അധികൃതരുമായി പങ്കു വക്കുന്നു. അവർ അത് അംഗീകരിച്ചാൽ നല്ലതു. ഇല്ലെങ്കിൽ നിങ്ങൾ കൈമുട്ട് കൊണ്ട് ഗോൾ അടിക്കാൻ പറ്റുന്ന മറ്റൊരു കളി ഉണ്ടാക്കണം അത് വിജയിപ്പിച്ചു കാണിക്കണം. അതല്ലേ നല്ലത്? അതല്ലേ മര്യാദ? അല്ലാതെ മാന്യമായി പോകുന്ന ഒരു കളിയെ ബലമായി പരിഷ്കരിച്ചു നശിപ്പിക്കുന്നത് വ്യക്തികൾക്കോ സമൂഹത്തിനോ ഗുണം ചെയ്യുമോ?

 

ഇന്ത്യയിലെ പരമോന്നത കോടതി അവിടെ എത്തിയ തെളിവുകളുടെയും വാദങ്ങളുടെയും അടിസ്ഥനത്തിൽ ഒരു വിധി പ്രസ്താവിച്ചാൽ അതനുസരിക്ക്കാനുള്ള ബാധ്യത ഓരോരുത്തർക്കും ഉണ്ട്. ആ വിധി നടപ്പിലാക്കാൻ ഭരിക്കുന്ന സർക്കാരുകൾക്ക് ബാധ്യത ഉണ്ട്. എന്നിരുന്നാലും ഒരു വലിയ വിഭാഗം ജനങ്ങൾ സ്ഥിതി ഗതികൾ കൈവിട്ടു പോകുന്ന രീതിയിലേക്ക് പ്രതിഷേധവുമായി മുൻപോട്ടു പോയാൽ അത് ഫലപ്രദം ആയി കൈകാര്യം ചെയ്യാനുള്ള വിവേകം ഒരു ഭരണാധികാരി കാണിക്കുകയും വേണം. കാരണം ഇത് നാനാത്വങ്ങളുടെ ഇന്ത്യ ആണ്. ഇന്ത്യൻ പൗരന്മാരിൽ വിവരം കൂടിയവരും കുറഞ്ഞവരും ഉണ്ട്. പ്രകോപനം ഉണ്ടാക്കുന്നവരും സമാധാന പ്രിയരും ഉണ്ട്. എല്ലാവരെയും ഒരുപോലെ മുന്നോട്ടു നയിക്കുന്നവരത്രെ നല്ല ഭരണാധികാരികൾ. അതിനു പ്രാപ്തി ഇല്ലാത്തവർ കഴിവുള്ള മറ്റൊരു നേതൃത്വത്തിന് വഴി മാറട്ടെ.

Comment