Skip to main content
Srishti-2022   >>  Poem - Malayalam   >>  ചിത്രഗുപ്തൻറെ ദുഃഖം

Visakh Soman

QBURST TECHNOLOGIES

ചിത്രഗുപ്തൻറെ ദുഃഖം

കർമ്മനിരതനാം ചിത്രഗുപ്തൻ ഞാൻ, ബ്രഹ്‌മാവ്‌ പണ്ട് പടച്ചുവിട്ടോൻ

പാപഭാരംപേറി ആത്മാക്കളെത്രയെൻ കൈകളിലൂടെക്കടന്നുപോയി.

നാരായമേന്തിയിക്കാലമത്രയും കണക്കുകൾ കൃത്യമായ് കുറിച്ചുവച്ചു

ആശയുണ്ടവധിയെടുക്കുവാനെങ്കിലും, ഏൽപ്പിച്ചു പോകുവാൻ ആരുമില്ല.

 

വന്നവർ വന്നവർ പറഞ്ഞുകേട്ടെത്രയോ ഭൂമിതൻ സൗന്ദര്യമൊന്നു വേറെ തന്നെ

മനോഹരമത്രേ പൂക്കളും, പുഴകളും, കാട്ടിൽ വിലസുന്ന പക്ഷിമൃഗാദിയും

കാണണം, അറിയണം, ഒരുവട്ടമെങ്കിലും മാനവൻ വാഴുമാവിശിഷ്ടഗ്രഹം

സവിനയമുണർത്തിച്ചു യമദേവനോടായ്, ശങ്കകൂടാതെയെൻ ഇങ്കിതങ്ങൾ.

 

തൽക്ഷണം അനുവാദമേകിയദ്ദേഹം, പോയ്‌വരൂ സോദരാ എന്നനുഹ്രഹിച്ചു.

വിശാലമാം ഭൂമിയിൽ എവിടേക്കു പോകണം? ഒരു പകലും രാവുമേ കയ്യിലുള്ളൂ.

ദൈവത്തിൻ സ്വന്തം നാടത്രേ കേരളം, അതുതന്നെ ഉചിതമെന്നോർത്തുപോയി

വൃശ്ചികമാസം പുലർന്നൊരാവേളയിൽ സന്തോഷത്തോടെ ഞാൻ യാത്രയായി.

 

മനോഹരമീ സുപ്രഭാതവും, അർക്കരശ്മികൾ ചിന്നിച്ചിതറിയ സാഗരവും

തിരമാലകൾ പുൽകിയ പുളിനങ്ങളിൽ കടൽപ്പക്ഷികൾ എന്തിനോ കാത്തുനില്പ്പൂ.

വലയിൽ കുടുങ്ങിയ മീനങ്ങളുംപേറി തോണികൾ ഒന്നൊന്നായടുത്തിടുന്നു

അണയുന്നു മാനവർ ആമോദത്തോടെ, ഓടിയൊളിക്കുന്നൂ ഞണ്ടുകൾ അങ്ങുമിങ്ങും.

 

പാലപ്പൂവിൻ ഗന്ധം വഹിച്ച മാരുതൻ എന്നെയും ആശ്ലേഷിച്ചു കടന്നുപോയി

മഴത്തുള്ളികൾ എന്നിൽ വീണലിഞ്ഞ നേരം അറിയാതെ കോരിത്തരിച്ചുപോയി

കാണുന്നു ദൂരെ മേഘങ്ങൾ മകുടമണിയിച്ച മലനിരകളും ഭൂരുഹങ്ങളും

പറയാതെ വയ്യാ, ഭാഗ്യവാന്മാർ ഇവർ, സ്വർഗ്ഗതുല്യം ഈ ലോകത്തു ജനിച്ചുവല്ലോ.

 

എന്താണെന്നറിയീല മാനുഷർ ആരും സന്തോഷവാന്മാരായ് കാണുന്നീല

പുഞ്ചിരിയാം മൂടുപടത്തിനുള്ളിൽ കാണുന്നു പ്രകടമായ് ഭയവും ജിജ്ഞാസയും

സുന്ദരദൃശ്യങ്ങൾ കാണുവാനാരും അന്ധമാം മിഴികൾ തുറക്കുന്നീല

പാപപുണ്ണ്യങ്ങൾ എനിക്കന്ന്യമല്ലെങ്കിലും വിചിത്രമായ് തോന്നുന്നു ഇവരുടെ ജീവിതം.

 

തിളങ്ങുന്ന താലങ്ങൾ കൈകളിലേന്തി നോക്കിനിൽക്കുന്നൂ ചിലർ കണ്ണെടുക്കാതെ

മൃത്യുഭയം തെല്ലുമില്ലാതെ ശകടങ്ങൾ മിന്നൽപ്പിണർ പോലെ പാഞ്ഞിടുന്നു

അദൃശ്യനായ് ഇവകണ്ടു നിന്നൊരെൻ നേർക്ക് ചുഴറ്റിയെറിഞ്ഞാരോ ആ ധവളവസ്തു

ദുർഗന്ധം വമിക്കുന്ന മാലിന്യമാണത്, പഴകിയ മാംസമോ അതോ വിസർജ്യമോ?

 

തീർത്ഥാടനത്തിനായ് പോകുന്നു ഭക്തർ, ശരണം വിളികളാൽ ഭൂമി മുഖരിതമായ്

ആവില്ലെനിക്കിനി അയ്യപ്പദർശനം, പോകാനൊരുങ്ങി ഞാൻ ആ കൂട്ടരോടൊപ്പം

തേങ്ങയില്ല, മലരില്ല, പൂക്കളില്ല, ഇരുമുടിക്കെട്ടിൽ കല്ലും കഠാരയും

ഭയന്നുപോയ് ഞാൻ ഒരു മാത്ര നേരം, ആക്രമിക്കുന്നൂ അവർ സ്ത്രീകളേയും.

 

ഇതിൻ പൊരുൾ എന്തെന്നറിയുവാനായില്ല, എങ്കിലും ‘തത്ത്വമസി’ അവർ മറക്കയാണോ?

പോകുവാൻ എനിക്കു നേരമായി, പ്രാർത്ഥിച്ചൂ ഞാൻ ലോകനന്മക്കായി.

കാണും ഞാൻ ഒരു നാൾ ഏവരെയും, കല്ലെറിഞ്ഞവരും ഏറുകൊണ്ടവരും

വരുമവിടെ മതവും വിദ്വേഷവുമില്ലാതെ, മറ്റൊരു പ്രളയം വിദൂരമല്ല...