Skip to main content
Srishti-2022   >>  Article - Malayalam   >>  സിനിമയും സ്ത്രീയും

സിനിമയും സ്ത്രീയും

സിനിമയും സ്ത്രീയും 
--------------------------

സിനിമ കാണുന്നത് മനുഷ്യന് ഒരുപാട് ആനന്ദങ്ങൾ നൽകുന്നു, മറ്റെല്ലാ കലകളേയുംകാൾ കൂടുതൽ. സാഹിത്യം, സംഗീതം, അഭിനയം, ചിത്രകല, നൃത്തം, ഫോട്ടോഗ്രഫി, ചിത്രസംയോജനം ഇവയുടേയെല്ലാം ഒപ്പം  സാങ്കേതികവിദ്യയും ഉൾപ്പെട്ട ഒരു സമ്മേളനമാണത്. കൂടാതെ, ‘കാലാതീതമായ’ ഒരു കലാമൂല്യം അതിനുണ്ട്. ഡിജിറ്റൽ സാങ്കേതികവിദ്യയുടെ ഇക്കാലത്തും, “ബാറ്റിൽഷിപ്പ് പൊട്ടംകിൻ“ പോലുള്ള നിശബ്ദ സിനിമകളും  ചാർളി ചാപ്ലിൻ സിനിമകളും,  ആദ്യകാല ക്ലാസിക്ക് സിനിമകളും നമുക്ക് ഇപ്പോഴും കണ്ടുരസിക്കാൻ പറ്റുന്നത്  കലാമൂല്യം കൊണ്ടാണ്. ബോധപൂർവ്വം സ്ക്രീനിൽ കാണിക്കപ്പെടുന്ന കാഴ്ച്ചകൾ പ്രേക്ഷകനിലേക്ക് സംവഹിച്ചാണ് സിനിമ അതിന്റെ ധർമ്മം നിർവഹിക്കുന്നത്. കാഴ്ച്ചയുടേയും (ചലച്ചിത്രം : അനേകം നിശ്ചലചിത്രങ്ങൾ അനിസ്യൂതമായി കാണിക്കുന്നത് ചലനം എന്ന മിഥ്യാധാരണ സൃഷ്ടിക്കുന്നു) മനോവ്യാപാരങ്ങളുടേയും തന്മയീഭാവത്തിന്റേയും (സിനിമാകൊട്ടക എന്ന ഇരുട്ടുമുറി, അതിലെ ഏകാന്തത) ഒരു കൂട്ടുൽപ്പന്നം. അനേകം അനേകം പിന്നണി പ്രവർത്തകരുടെ പ്രയത്നം അതിൽ കടന്നുവരുന്നു. കഥ രൂപപ്പെടുന്നതുമുതൽ പ്രദർശിപ്പിക്കപ്പെടുന്ന ഹാളിലെ അന്തരീക്ഷം വരെ സിനിമയെ സ്വാധീനിക്കുന്നു. സിനിമക്ക് ഒരേ സമയം കല, തൊഴിൽ, വ്യവസായം എന്നീ രൂപങ്ങളിൽ നിലനിൽക്കപ്പെടേണ്ടതുണ്ട്. വൻ മുടക്കുമുതൽ, പണലാഭം, താരമൂല്യം എന്നിവയെല്ലാം സിനിമാവ്യവസായത്തിന്റെ ബഹുമുഖങ്ങൾ. അഭിനയിക്കുന്ന നടീനടന്മാർ കഥാപാത്രങ്ങളെ ഉൾക്കൊള്ളാനുള്ള ഉപകരണങ്ങൾ ആണെന്നിരിക്കിലും പ്രേക്ഷകരുടെ കാഴ്ച്ചയെ സ്വാധീനിക്കുന്നതിൽ അവർ വലിയ പങ്കുവഹിക്കുന്നു. സമാന്തര സിനിമ, കച്ചവട സിനിമ,  പൊരുത്തപ്പെട്ട സിനിമ എന്നിങ്ങനെ സിനിമയിൽ വകഭേദങ്ങളും നിലനിൽക്കുന്നു. 

പുരുഷന്റെ സാമ്പ്രദായിക നോട്ടങ്ങൾക്കും മനോവ്യാപാരങ്ങൾക്കും അടിമപ്പെട്ടതാണ് സിനിമയും ചിത്രകലയും.  സിനിമയാണ് അതിന്റെ ഭാരവും വൈകല്യവും താങ്ങേണ്ടിവരുന്ന പ്രധാന മാധ്യമസരണി. ക്യാമറയുടെ നോട്ടം ഇതു വെളിപ്പെടുത്തുന്നു. ക്യാമറ സത്യം പറയുന്നത് യന്ത്രം ഉപയോഗിക്കുന്നയാൾ സത്യം ഒപ്പിയെടുക്കുമ്പോഴാണ്. കാഴ്ച്ചയുടെയും കാണുന്നതിലെ ആനന്ദവും ആണ് സിനിമയുടെ വിപണനമൂല്യം. കാണിക്കപ്പെടുന്നതിനെ പകർത്തിവയ്ക്കുക മാത്രമാണു ക്യാമറ ചെയ്യുന്നത്.  ക്യാമറക്കുപിന്നിൽ പുരുഷനായിരിക്കുന്നിടത്തോളം അത് അവന്റെ കാഴ്ച്ചകളേയേ പകർത്തൂ. പുരുഷതൃഷ്ണകളെ സംതൃപ്തിപ്പെടുത്തുന്നതിനെ മാത്രമേ അവനു പ്രസക്തമെന്നു തോന്നൂ. കാഴ്ച്ചയുടെ അടിമയാണു പുരുഷൻ. സ്ത്രീ ശരീരമാണ് അവന്റെ കാമനകളെ തൃപ്തിപ്പെടുത്തുന്ന പ്രധാന കാഴ്ച്ച വസ്തു. ഇത് അവന്റെ ലൈംഗിക ചോദനയുമായി ബന്ധപ്പെട്ടിരിക്കുന്നു. പരസ്യത്തിലും, വിപണിയിലും, മറ്റ് മാധ്യമങ്ങളിലും ചിത്രകലയിലുമെല്ലാം സ്ത്രീശരീരത്തിന്റെ പ്രയോഗങ്ങൾക്ക് പ്രാധാന്യം വരാൻ കാരണം,  വിപണിയിലെ പ്രധാന വിൽപ്പനച്ചരക്ക് പുരുഷന്റെ കാമനയാണെന്നുള്ളതാണ്. മനുഷ്യനിൽ മറ്റുപല ജീവജാലങ്ങളിലുമെന്ന പോലെ, പുരുഷപ്രകൃതിയിൽ ലൈംഗികാസക്തി കൂടിയിരിക്കുന്നു. പണത്തിനേയും സമ്പത്തിനേയും കയ്യടക്കുന്തോറും ഇത് അധികരിച്ചുമിരിക്കും. ക്രിക്കറ്റുകളിക്കും മറ്റു കളികൾക്കും കൊഴുപ്പുകൂട്ടാനും ( ചീർ ഗേൾസ്) , ഉന്നതപദവിയിലുള്ള മന്ത്രിമാരെയും മറ്റും  സ്വീകരിക്കാനും (താലപ്പൊലി) സ്ത്രീകളെ നിയോഗിക്കാറില്ലേ? വിമാനക്കമ്പിനികൾ കുറച്ചുവസ്ത്രം നൽകി എയർഹോസ്റ്റസ്സുമ്മാരെ അയക്കുന്നു. ഇവരോടൊപ്പമുള്ള പുരുഷസ്റ്റൂവാർട്ടുകൾ കോട്ടും സൂട്ടുമിട്ടാണുവരുന്നത്. കാഴച്ചയാണ് പുരുഷന്റെ ആസക്തി. അതിലെ സ്ത്രീവിരുദ്ധത സിനിമയിൽ മാത്രമായി ഒഴിവാക്കപ്പെടുന്നില്ല. പക്ഷേ സ്ത്രീവിരുദ്ധം എന്നാൽ ജനാധിപത്യവിരുദ്ധം കൂടിയാണ്. അതായത് ഭരണഘടനാ വിരുദ്ധം. അധികാരവും പണവും പുരുഷനു ഒപ്പമുള്ളിടത്തോളം കാലം സ്ത്രീവിരുദ്ധത തുടരുമായിരിക്കും. അത് ഇല്ലാതായി കഴിഞ്ഞാൽ മാറും. അത്തരം നന്മകൾ പുതിയതലമുറയിൽ കാണുന്നുണ്ട്.

സിനിമയും സ്ത്രീയും എന്ന വിഷയത്തിനു ഒരുപാടു മാനങ്ങളുണ്ട്. ലോകസിനിമയിലോ, ഇന്ത്യൻ സിനിമയിലോ, മലയാളസിനിമയിലോ ഒരേ രൂപത്തിലാണോ സ്ത്രീകൾ പ്രതിനിധാനം ചെയ്യപ്പെടുന്നത്? സ്ത്രീപക്ഷ സിനിമകൾ എന്നുവിളിക്കേണ്ടുന്നത് സ്ത്രീ കേന്ദ്രകഥാപാത്രമായ സിനിമകളെയാണോ? അതോ സ്ത്രീകളുടെ ജീവിതവും ചിന്തയും പ്രതിനിധാനം ചെയ്യുന്ന “സീക്രട്ട് സൂപർസ്റ്റാർ“( അമീർ ഖാൻ) പോലുള്ള  സിനിമകളെയാണോ? മലയാളത്തിലെ ന്യൂജെൻ സിനിമകൾ, മഹേഷിന്റെ പ്രതികാരം, തൊണ്ടിമുതലും ദൃക്ക് സാക്ഷിയും , റ്റേക്ക് ഓഫ്   പോലുള്ളവ നിഷ്പക്ഷമായ സമീപനം പുലർത്തുന്നു. അതേസമയം 1990 മുതൽ 2014 വരെ പുറത്തുവന്ന്, താരരജാക്കന്മാർക്കുവേണ്ടി തിരക്കഥ രചിച്ച പല മലയാളസിനിമകളും സ്ത്രീവിരുദ്ധതയുടേയും അന്തമില്ലാത്ത പുരുഷാധിപത്യത്തിന്റേയും കഥകളാണു പറയുന്നത്. ( ഹിറ്റ്ലർ, നരസിംഹം, മീശ മാധവൻ, ആറാം തമ്പുരാൻ, ദേവാസുരം, രാവണപ്രഭു, ദി കിംഗ് :- പട്ടിക ധാരാളം) . സ്ത്രീകളുടെ മേൽ തട്ടിക്കയറുന്നതും അവരെ നിലയ്ക്കു നിർത്തുന്നതും സിനിമയിലെ ജനപ്രിയ മസാലച്ചേരുവകൾ! സാഹിത്യത്തിലും നാടകവേദിയിലും മാറ്റങ്ങളുണ്ടാവുമ്പോഴും മലയാളസിനിമ പുറം തിരിഞ്ഞുതന്നെ നിൽക്കുന്നു. ‘ദംഗൽ, സീക്രട്ട് സൂപർസ്റ്റാർ, പിങ്ക് , ലിപ്സ്റ്റിക് അണ്ഡർ മൈ ബുർക്ക, ഇംഗീഷ് വിംഗ്ലിഷ്, ക്യൂൻ' മുതലായ ഹിന്ദി സിനിമകളുടെ നിലവാരത്തിൽ മലയാളത്തിൽ ‘ടേക്ക് ഓഫ്”മാത്രമേയുള്ളൂ. (ക്യൂൻ സിനിമയുടെ സംവിധായകൻ #മിടൂ അപവാദത്തിൽ പെട്ടു എന്നു കേൾക്കുന്നു.)

മലയാളസിനിമയെ ആധാരമാക്കി ചിന്തിക്കാം. 

സ്ത്രീകൾക്കു സ്വാതന്ത്ര്യം കൂടുതലുള്ള , ധാരാളം സ്ത്രീകൾ സിനിമയുടെ പിന്നണിയിൽ പ്രവർത്തിക്കുന്ന, ഹോളിവുഡ്ഡിലും #മീടു വിൽ കുരുങ്ങി വിറക്കുന്നത് നമ്മൾ കാണുന്നു. ഇത്തവണ സാഹിത്യത്തിനുള്ള നോബൽ സമ്മാനം മാറ്റിവയ്ക്കാൻ കാരണവും #മീടു തന്നെ. മാധ്യമങ്ങളിലും ബോളിവുഡ്ഡിലും ഇത് കൊടുങ്കാറ്റുകൾ സൃഷ്ടിക്കുമ്പോൾ, കേരളത്തിൽ, സധൈര്യം മുന്നോട്ടുവന്ന് കൊച്ചിയിലെ ലൈംഗികാക്രമണത്തെ പുറത്തുപറഞ്ഞ നടിയേയും കൂട്ടുകാരികളേയും ഒറ്റപ്പെടുത്താനാണ് ഇവിടത്തെ സിനിമാലോകം തയ്യാറായിരിക്കുന്നത്. മലയാളിസമൂഹത്തിൽ  മറ്റൊരു പ്രവണത കൂടിയുണ്ട്. ഇരയെക്കാൾ, കുറ്റവാളിയോടൊപ്പം നിൽക്കാനുള്ള  പ്രവണത.  (മലയാളി സമൂഹം പുരോഗതിയിൽ വല്ലാത്ത ഇരട്ടത്താപ്പു രൂപങ്ങളാണ് കാഴചവയ്ക്കുന്നത്. പ്രളയശേഷം ശബരിമല എന്നതുപോലെ. നടൻ ദിലീപിനും ബിഷപ്പ് ഫ്രാങ്കോ മുളക്കലിനും ജാമ്യം നൽകിയതുപോലെ. വിദ്യാഭ്യാസമുണ്ടെങ്കിലും, മലയാളി കാലഹരണപ്പെട്ട അന്ധവിശ്വാസങ്ങളേയും അനാചാരങ്ങളേയും പിന്തുടരും. തൊഴിലും വിദ്യാഭ്യാസവും നേടിയ സ്ത്രീകളുണ്ടെങ്കിലും പീഡനങ്ങൾക്കും ബലാത്സംഗങ്ങൾക്കും കേരളം ഒന്നാമത്.  മനുഷ്യ വികസനത്തിൽ രാജ്യത്ത് മുന്നിലെങ്കിലും ആളൊഹരി വരുമാനത്തിൽ കുറവ്. ) പീഡനക്കാര്യം പുറത്തുപറഞ്ഞ നടിക്കും അവളോടൊപ്പം നിന്നവർക്കും ( പാർവതി, റീമാ കല്ലിംഗൽ, പത്മ പ്രിയ, രേവതി) സിനിമയിൽ അവസരങ്ങൾ ഇല്ലാതായപ്പോൾ, പീഡകനും അയാളുടെ കൂട്ടാളികൾക്കും പിറകേ ഇപ്പോഴും ഫാൻസ് അസ്സോസിയേഷനുകൾ. അവർക്കു പുതിയ അവസരങ്ങൾ, സിനിമകൾ. ജാമ്യത്തിലിറങ്ങിയ നടന്റെ സിനിമകൾ ആഘോഷിക്കപ്പെടുന്നു. കേരളത്തിലെ നിനിമാവ്യവസായം  മുഴുവനും ഒറ്റ മാഫിയാ സംഘമാണോ എന്ന് ഇവിടത്തെ ചിന്തിക്കുന്ന സ്ത്രീകൾക്കു തോന്നിപ്പോകും!

ലൈംഗിക അധികാരശ്രേണിയിൽ വൈജാത്യങ്ങളുള്ള ഒരു സമൂഹത്തിൽ, സക്രിയനായ പുരുഷനും വിധേയയായ സ്ത്രീക്കുമാണ് സ്വീകാര്യത. കാഴ്ച്ചയുടെ അധികാരി പുരുഷനാണ്. വസ്ത്രധാരണത്തിലും പെരുമാറ്റത്തിലും,  കാണപ്പെടാനും പ്രദർശിപ്പിക്കാനുമുള്ള വസ്തുക്കളായി സ്ത്രീകൾ തരം താഴ്ത്തപ്പെടുന്നു. (Loraa Mulvay : Visual pleasure and narrative cinema, 1975) . ഐറ്റം ഡാൻസും ആട്ടവും പാട്ടും  കഥയോട് ഒരു ബന്ധവും ഇല്ലാത്ത കുത്തി തിരുകലുകളും ആഖ്യാനസിനിമയിൽ പതിവാണല്ലോ. അവയവങ്ങളുടെ ക്ലോസപ്പുകൾ, ശരീരമനക്കലുകൾ, അല്പവസ്ത്രങ്ങൾ എന്നിവ കച്ചവടസിനിമയുടെ പ്രത്യേകതകൾ. ഒരിക്കലും നൃത്തം ചെയ്യുന്ന പുരുഷനെ അല്പവസ്ത്രനായോ വിവസ്ത്രനായോ സിനിമയിൽ കണ്ടിട്ടില്ല.  ഒരു പുരുഷനും വിവസ്ത്രനായ പുരുഷനെ കാണാൻ ആഗ്രഹിക്കുന്നുമില്ല. ഒരു ബാക്ഡ്രോപ് ആയി സ്ത്രീ ശരീരങ്ങളാണ് പല ഐറ്റം നംബറുകളിലും കാണുക. (പുരുഷന്റെ കാമാർത്തിയല്ലേ ഇവിടെ പണമുണ്ടാക്കാനായി ഉപയോഗിക്കപ്പെടുന്നത്?). പിതൃമേധാവിത്വമാർന്ന നമ്മുടെ വ്യവസ്ഥിതിയിലെ ആൺ നോട്ടങ്ങളും ആൺ ആരാധനകളുമാണ് സിനിമയുടെ പ്രധാന വിപണനലക്ഷ്യങ്ങൾ.  അവിടെ സ്ത്രീശരീരങ്ങളും മാടമ്പിത്തരങ്ങളും അശ്ലീലപ്രയോഗങ്ങളുമൊക്കെയാണ്  അസംസ്കൃതവസ്തുക്കൾ. അതിലാണ് ഈ വ്യവസായം നിലനിൽക്കുന്നത്. മസാല എന്നു വിളിക്കുന്ന അടി, പിടി, സെക്സ്, അധോലോകം മുതലായവ. വിപണിയാഗ്രഹിക്കുന്നത് വിൽക്കപ്പെടുന്നു. ഇതിൽ ലോകസിനിമപോലും വ്യത്യസ്തമല്ല.

മറ്റൊരു സമൂഹത്തിലും ഇല്ലാത്തവണ്ണം വീരാരാധനയും താരാരാധനയും ഇന്ത്യൻ സമൂഹത്തിന്റെ പ്രത്യേകതകൾ. നടീനടന്മാർ രാഷ്ട്രീയക്കാരാവുകയും അവർക്ക് സ്വീകാര്യതയും നീണ്ട അധികാരകാലവും  കിട്ടുകയും ചെയ്യുന്നു. തങ്ങളുടെ ജീവിത വിഹ്വലതകളെ കെട്ടിയിടാനുള്ള നങ്കൂരങ്ങളായാണ് ചെറുപ്പക്കാർ സിനിമയേയും സിനിമാതാരങ്ങളേയും കാണുന്നത്. താരത്തിന്റെ തിരശ്ശീല ജീവിതം തന്റെ ജീവിതമായി കാണുന്നു. കഥാപാത്രത്തിന്റെ  വിജയം തന്റെ വിജയമായും. താരത്തിന്റെ കഥയിലേക്ക് തന്നെത്തന്നെ പ്രേഷണം ചെയ്യുന്നു. സമൂഹത്തോടുള്ള കാഴ്ച്ചപ്പാടും മാനസികനിലയും ഏറെക്കുറേ ഉറപ്പുള്ളതായ പാശ്ചാത്യ യുവത്വവും മാനസികനിലയും, കാഴ്ചപ്പാടും വഴങ്ങുന്ന രീതിയിലുള്ള ഇന്ത്യൻ യുവത്വവും തമ്മിൽ ഏറേ വ്യത്യാസമുണ്ടെന്ന് ഇതേക്കുറിച്ച് പഠനം നടത്തിയ ഒസേല്ലേമാർ ചുണ്ടിക്കാണിക്കുന്നുണ്ട്. (Malayali young men and their movie heroes :  Caroline & Filippo Osella, SOAS & University of Sussex. April 2002). 

തൊഴിലിടത്തിലെ മാന്യത ഒരിക്കലും സൂക്ഷിക്കാത്ത കുപ്രസിദ്ധി സിനിമാവ്യവസായത്തിനുണ്ട്. താരപരിവേഷമനുസരിച്ച് മാന്യത മാറിക്കൊണ്ടിരിക്കും. കാസ്റ്റിംഗ് കൌച്ചും, #മീടൂ ഒക്കെ നമ്മളിപ്പോഴല്ലല്ലോ അറിഞ്ഞു  തുടങ്ങുന്നത്. പണ്ടേ, സിനിമാ ഫീൽഡിലുള്ള സ്ത്രീകൾ തേവിടിശ്ശികൾ എന്നാണു വയ്പ്പ്. നടിയുടെ ശരീരം, അവൾ കഥാപാത്രമാക്കി കാസ്റ്റ് ചെയ്യുന്നതുകൊണ്ട്, പൊതുസ്വത്താണെന്ന ധാരണ.  പക്ഷേ അതിത്ര പരസ്യമായി പുറത്തുവരുന്നത് കൊച്ചിയിലെ നടി ആക്രമിക്കപ്പെട്ട സംഭവത്തിനു ശേഷമാണ്. വളരെ മാന്യൻ‌മാരെന്ന് സമൂഹം കരുതുന്നവരിൽ നിന്നുപോലും ദുരനുഭവങ്ങൾ സ്ത്രീകൾ പറഞ്ഞു കഴിഞ്ഞു. മൂത്രപ്പുര  സൌകര്യം പോലുമില്ലാത്ത  സിനിമാ സെറ്റുകളും, ഷൂട്ടിംഗ് ലൊക്കേഷനുകളും. സ്ത്രീകൾക്ക്  ലൊക്കേഷനുകളിൽ താമസ സൌകര്യം അനുവദിക്കാൻ മടിച്ച് അവരെ ജോലിക്കെടുക്കാതിരിക്കുന്ന മാനേജർമാർ. സംവിധായികമാരായാലും എഡിറ്റർമാരായാലും, ഛായാഗ്രാഹകരായാലും എല്ലാം ഒരുപോലെ.  അവസരം നൽകുകയില്ല. സംരക്ഷണവും ചിലവും അധികമാകുമെന്ന് ഭയന്ന് ജോലി നൽകുകയില്ല, എത്ര പ്രഗൽഭരായാലും.  

പൊതുഇടങ്ങളും പണവും കൈയ്യടക്കി വച്ചിരിക്കുന്നത്  പുരുഷാധിപത്യ മൂല്യങ്ങൾ ആണ്. പൊതുഇടത്തിൽ സിനിമാ കാണാനായി പണം മുടക്കുന്ന പ്രധാനപ്രേക്ഷകൻ പുരുഷനാണ്. സിനിമയുണ്ടാക്കാനായി പണം മുടക്കുന്നതും പുരുഷനാണ്. സിനിമക്ക് കഥയും, കഥക്ക് തിരക്കഥയും, തിരക്കഥക്ക് സംവിധാനവും ഛായാഗ്രഹണവും സംയോജനവും എല്ലാം പുരുഷന്മാർ തന്നെ നിർവഹിക്കുന്നു. സാഹിത്യം, സംഗീതം, നൃത്തം എന്നീ കലാരൂപങ്ങളിൽ നിന്നു വ്യത്യസ്തമായി സിനിമയെ നിയന്ത്രിക്കുന്നതും ഈ പ്രത്യേകത തന്നെ. ഇന്ത്യൻ സിനിമയിൽ ഒരു മഹാശ്വേതാ ദേവിയോ, എം.എസ്. സുബ്ബുലക്ഷ്മിയോ , മൃണാളിനി സാരാബായിയോ ഇനി ജനിക്കാനിരിക്കുന്നതേയുള്ളൂ. ക്യാമറക്കു പിന്നിൽ അവർ - സ്ത്രീകൾ വന്നിട്ടില്ല, അധികമായി. അഞ്ജലി മേനോനും ബീനാ പോളും വിധു വിൻസെന്റുമെല്ലാം അടുത്തകാലത്തു മാത്രം കേട്ടു തുടങ്ങിയ പേരുകൾ.  

മലയാള സിനിമയിൽ ചിന്തിക്കേണ്ട മറ്റു ചില കാര്യങ്ങൾ കൂടിയുണ്ട്. മഞ്ജു വാര്യര്‍ എന്ന പ്രതിഭാധനയായ അഭിനേത്രി ഒരുനീണ്ട ഇടവേളക്കു ശേഷം അഭിനയരംഗത്തേക്ക് തിരികെ വന്നതിനൊപ്പം  ചേര്‍ത്തു വായിക്കേണ്ട അനേകം കാര്യങ്ങളുണ്ട്.  സര്‍ഗ്ഗശേഷിയുള്ള സ്ത്രീകളുടെ ശവപ്പറമ്പാണോ കുടുംബം? കുടുംബജീവിതവും കലാപ്രവര്‍ത്തനവും ഒരുമിച്ച് കൊണ്ടുപോകാന്‍ സ്ത്രീകള്‍ക്ക് സാധിക്കയില്ലേ? എന്തുകൊണ്ട് “ചാരിത്ര്യവിശുദ്ധി” എന്ന മിഥ്യ സ്ത്രീകള്‍ക്കു മാത്രം ബാധകമാവുന്നു? എന്തുകൊണ്ട് വീട്ടിലേക്കോടിപ്പോയ ഈ നടികളുടെ ഭര്‍ത്താക്കന്മാര്‍ സിനിമാരംഗത്ത് ഇപ്പോഴും തുടരുന്നു? എന്തുകൊണ്ട് ശോഭന, നീനാ പ്രസാദ്, ലതാമങ്കേഷ്ക്കര്‍, ഗായത്രി (ഗായിക) , പത്മാ സുബ്രഹ്മണ്യം മുതലായവര്‍ കുടുംബം നിര്‍മ്മിക്കുന്നതില്‍ നിന്നും വിട്ടുനിന്ന് തങ്ങളുടെ കലാസപര്യയില്‍ മുഴുകുന്നു?  ഒരു പക്ഷേ, സ്ത്രീകളുടെ സര്‍ഗ്ഗപ്രസരത്തിന്റെ ഊര്‍ജ്ജം താങ്ങാന്‍ കുടുംബത്തിനു ശേഷിയില്ലാ‍ത്തതാവുമോ കാരണം? ഗംഗാപ്രവാഹത്തെ  താങ്ങാന്‍ സാക്ഷാല്‍ പരമശിവന്‍ തന്നെ വരണമല്ലോ. എന്നാല്‍ എന്തുകൊണ്ട് നടി, നര്‍ത്തകി, ഗായിക, ഇവര്‍ക്കെല്ലാം തങ്ങളുടെ പ്രൊഫഷനില്‍ തുടരുന്നത് പ്രയാസമാകുന്നു? ഒരു നടനും കല്യാണം കഴിച്ചു എന്ന കാരണം കൊണ്ട് അഭിനയം നിര്‍ത്തുന്നില്ല. ചാന്‍സ് കിട്ടാതിരിക്കുന്നുമില്ല. അറുപതു കഴിഞ്ഞാലും മകളുടെ പ്രായമുള്ള ചെറുപ്പക്കാരുമായി അഭിനയിക്കാം .  എന്നാല്‍ വിശുദ്ധിയേയും കളങ്കഭീതിയെയും കുറിച്ചുള്ള വേവലാതികള്‍ സമൂഹത്തിനു സ്ത്രീകളുടെ കാര്യത്തില്‍  കൂടുതൽ ഉണ്ട്.

മറ്റൊന്ന് , മലയാള സിനിമയില്‍  അഭിനേത്രികളേയുള്ളു, അവര്‍ക്കിടയില്‍ താരങ്ങളില്ല. സൂപ്പര്‍ താരങ്ങള്‍ ഒട്ടുമില്ല. ഇവിടെ നടിയുടെ അഭിനയശേഷിക്ക് എന്തു പ്രസക്തി? ഐറ്റം ഡാന്‍സില്‍ ആടിപ്പാടാനും, വിവസ്ത്രയാവാനും  അഭിനയശേഷി വേണമെന്നില്ലല്ലോ. എന്തൊകൊണ്ടാണ് നടന്മാരെ നമുക്കു മടുക്കാത്തത്? നിത്യഹരിത നായകനെപ്പൊലെ ഒരു നിത്യഹരിത നായിക വരാത്തതെന്ത്? മമൂട്ടി, മോഹന്‍ലാല്‍, തുടങ്ങി തമിഴ് നടന്‍ വിജയ്നു വരെ കേരളത്തില്‍ ഫാന്‍‌സ്  അസ്സോസിയേഷനുകള്‍ ഉണ്ട്.  താരസിനിമയുടെ ലക്ഷണമാണ്, എതിര്‍ താരത്തിന്റെ ഫാന്‍സ് അസ്സോസിയേഷന്റെ കൂക്കല്‍. താരരാജാവ് വെള്ളിത്തിരയിലേക്ക് വരുമ്പോള്‍ കയ്യടി. അനുയായികള്‍  തീയേറ്റര്‍ മുഴുവനും ബുക്ക് ചെയ്ത് മറ്റാരെയും സിനിമ കാണാന്‍ അനുവദിക്കാതിരിക്കുക. പുരുഷ മേധാവിത്തമുള്ള വന്‍ കുടുംബകഥകളാണ് താരസിനിമകളിലെ പ്രമേയം. താരരാജാക്കന്മാര്‍ അവതരിപ്പിക്കുന്ന കഥാപാത്രങ്ങള്‍ സ്ത്രീകളായ സഹകഥാപാത്രങ്ങളുടെ മേല്‍ മെക്കിട്ടു കയറുകയും അവരെ അടക്കി ഭരിക്കയും ചെയ്തുകൊണ്ട്, പ്രേക്ഷകന് ഗൂഢമായ ആനന്ദം നല്‍കുന്നു.  ആഢ്യത്തം നിറഞ്ഞ അകത്തളങ്ങള്‍, പ്രമാണിയായ കുടുംബനാഥന്‍ ‍, പൂണൂല്‍, ആന, അമ്പാരി, പ്രശ്നം വയ്പ്പ്.. അങ്ങനെ നിത്യ ജീവിതത്തില്‍ നിന്നകന്ന അഭ്രകാഴ്ച്ചകള്‍. ഇവക്ക് ഓഛാനിച്ച് നില്‍ക്കുന്ന സ്ത്രീകളും കുട്ടികളും മറ്റു പ്രജകളും. (ന്യൂ ജെൻ സിമിമകളിൽ മാറ്റം വരുന്നത് അശ്വാസമേകുന്നു).

ഫാന്‍സ് അസ്സോസ്സിയേഷനുകളുടെ രസതന്ത്രം നോക്കുക. എല്ലാത്തിലും അംഗങ്ങള്‍ ചെറുപ്പക്കാരായ പുരുഷന്മാരാണ്. തൊഴില്‍ പരമായും സാമ്പത്തികമായും ഉയര്‍ന്ന ശ്രേണിയിലുള്ളവര്‍ ഫാന്‍സ് അസ്സോസിയേഷനുകളിലില്ല. സ്ത്രീകള്‍ക്ക്  ഇവയില്‍ പൊതുവേ അംഗത്വം  ഇല്ല. ( ഈയ്യിടെ 2018ലെ വെള്ളപ്പൊക്കകാലത്ത് മഞ്ജു വാര്യർ ഫാൻസ് അസ്സൊസ്സിയേഷൻ പ്രവർത്തിക്കുന്നു എന്നു കണ്ടിരുന്നു.) ഈ അസ്സോസിയേഷനുകള്‍ താരത്തിന്റെ പേരില്‍ സാമൂഹ്യ പ്രവര്‍ത്തനം നടത്തുന്നു.   എതിര്‍ ലിംഗത്തില്‍പ്പെട്ടവരോട് സ്നേഹമോ സൌഹൃദമോ നമ്മുടെ യാഥാസ്ഥിതിക സമൂഹം അനുവദിച്ചിട്ടീല്ല. അതുകൊണ്ടുതന്നെ സ്ത്രീകളെ അംഗീകരിക്കാന്‍ പുരുഷന്മാര്‍  വിമുഖരുമാണ്. ഒരു കാരണവുമില്ലതെ പുരുഷന്മാര്‍ക്ക് സ്വാഭാവിക സൌഹൃദങ്ങള്‍ പ്രയാസം.  താരാരാധന അവരുടെ സൌഹൃദക്കൂട്ടായ്മക്ക് കാരണമാവുന്നുണ്ട്. അതേസമയം സ്വന്തമായി തൊഴിലെടുത്തും കുടുംബം പുലര്‍ത്തിയും,  ചിന്തിച്ചും, സൌഹൃദങ്ങളില്‍ മുഴുകിയും  ഇക്കാലത്തെ സ്ത്രീകള്‍ മുന്നേറുന്നു ആ ജൈത്രയാത്രക്ക് സിനിമയിലൂടെയെങ്കിലും  തടയിടാന്‍ കഴിയട്ടെ എന്ന സമൂഹ മനസാക്ഷിയുടെ ആഗ്രഹമാണ് ഈ താര സിനിമകളും ഫാന്‍സ് അസ്സോസ്സിയേഷനുകളും വെളിപ്പെടുത്തുന്നത്. യഥാര്‍ഥ ജീവിതത്തില്‍ പുരുഷ മേല്‍ക്കോയ്മയുടെ പ്രാധാന്യം കുറഞ്ഞു വരുമ്പോഴും, പൊതുഇടങ്ങളില്‍ സ്ത്രീകള്‍ പണ്ടത്തെക്കാളേറെ കടന്നുവരുമ്പോഴും, പോപ്പുലര്‍ സിനിമക്ക് ഇതൊന്നും വിഷയമേ അല്ല. (മഞ്ജുവിനുവേണ്ടി എഴുതുന്ന തിരക്കഥകൾ “ഹൌ ഓൾഡ് ആർ യൂ : മാറുന്നുണ്ട്.) സമൂഹത്തില്‍ പൊതുവിലും, സിനിമയില്‍ രൂക്ഷമായും ഉള്ള പുതിയ പുരുഷാധിപത്യ പ്രവണതകളുടെ പ്രത്യക്ഷങ്ങള്‍ മാത്രമാണിവ. കേരളത്തിലെ സ്ത്രീകള്‍ വിദ്യാസമ്പന്നകളാണെന്നത്  ശരി. സിനിമയെന്ന മാധ്യമത്തില്‍ അവള്‍ പ്രതിനിധീകരിക്കപ്പെടുന്നത്  ബുദ്ധിയോ വകതിരിവോ ഇല്ലാത്ത ‘ഫെതര്‍ ഹെഡ്” (ഒരുങ്ങി ചമഞ്ഞ സുന്ദരിക്കോത ) ആയിട്ടാണ്.

റീമ കല്ലിംഗലും സംയുക്ത വർമ്മയും  ഒന്നും അഭിനയശേഷിയില്‍ പിന്നിലല്ല. എന്നാല്‍ വിവാഹം നടിയുടെ ജീവിതത്തിനു തിരശീലയിടുന്നു.  ഒരു നടിക്ക് ദീര്‍ഘകാലം മലയാളസിനിമാ അഭിനയരംഗത്ത് തുടരണമെങ്കില്‍ അവര്‍ ചെയ്യുന്നത് നായികാവേഷമാവരുത് . ലളിതയേയും സുകുമാരിയേയും നോക്കുക. അമ്മ വേഷങ്ങളും സഹനടി വേഷങ്ങളുമാവാം. അല്ലെങ്കില്‍ വിവാഹമോചനം നേടി തിരികെ അഭിനയരംഗത്തേക്ക് വരാം, ഉര്‍വശിയെപ്പോലെ, കാവ്യയെപ്പോലെ.  ഉടല്‍ പുറത്തുകാണുന്ന, സ്പര്‍ശിച്ച് അഭിനയിക്കുന്ന രംഗങ്ങള്‍ ഭതൃമതികള്‍ക്ക് വിലക്കാണ്. പണ്ട്, സീമ, ജയഭാരതി, ഷീല മുതലായവര്‍ക്ക് ഇത്തരം പ്രശ്നങ്ങള്‍ ഉണ്ടായിരുന്നില്ല. നമ്മുടെ സമൂഹം സ്ത്രീ പദവിയില്‍ അതിവേഗം പിന്നാക്കം പൊയ്ക്കോണ്ടിരിക്കുന്നുവെന്ന് സിനിമയെന്ന ഈ മുഖ്യധാരാ മാധ്യമം വെളിവാക്കുന്നു.  വിവാഹിതരായ നടന്മാര്‍ മറ്റു നടികളുമായി ആടിപ്പാടുന്നത് സമൂഹം അംഗീകരിക്കുന്നു.  നടനു നഷ്ടപ്പെടാത്തത് എന്താണ് നടിക്കു നഷ്ടപ്പെടാനുള്ളത്? ഭതൃമതിയായിക്കഴിഞ്ഞാല്‍, അഭിനയിക്കാനായി അന്യപുരുഷന്‍ സമീപിക്കുന്നത് പാപമാണ് എന്ന വികല സങ്കല്‍പ്പം. അതിസുന്ദരിയും ഭതൃമതിയും ആയിരുന്ന പഴയകാല ഹിന്ദി നടി വഹീദാറഹ്‌മാന്‍ ‍, തന്റെ ചലച്ചിത്രങ്ങള്‍ മക്കള്‍ കാണുന്നത് ഇഷ്ടപ്പെട്ടിരുന്നില്ലത്രെ. അമ്മ മറ്റൊരു പുരുഷനോടൊപ്പം ആടിപ്പാടുന്നത് മക്കള്‍ക്ക് സഹിച്ചില്ലെങ്കിലോ? മമ്മൂട്ടി, മോഹൻലാൽ , ജയറാം ഇവരുടെയെല്ലാം കുടുംബത്തിലും ഇതേ പ്രശ്നങ്ങള്‍ ഉണ്ടാവാറില്ലെ?. അവര്‍ക്കുമുണ്ടല്ലോ മക്കളും മരുമക്കളും!

ഉടലുകളല്ല, സ്ത്രീ എന്ന് തെളിയിച്ച അഭിനേത്രികള്‍ മലയാളത്തില്‍ എത്രയോ  ഉണ്ട്! എതാണ്ട്  1980തു കളിലാണ് ഏപ്രില്‍ പതിനെട്ടിലൂടെ ശോഭനയും, മുന്താണെ മുടിച്ച് എന്ന തമിഴ് സിനിമയില്‍ കൂടി ഉര്‍വശിയും, മഞ്ഞില്‍ വിരിഞ്ഞ പൂക്കളിലൂടെ പൂര്‍ണിമയും വെള്ളിത്തിരയിലേക്ക് വന്നത്. പിന്നീടുവന്ന മഞ്ജുവും മീരാ ജാസ്മിനും, സംയുക്തയും കരുത്തുള്ള കഥാപാത്രങ്ങളെ  നമുക്കു നല്‍കിയിട്ടില്ലെ? എത്ര കഥാപാത്രങ്ങളെ ശ്രീവിദ്യ അനശ്വരമാക്കി! നടന്മാരെപ്പോലെ നടികള്‍ നീണ്ട കാലയളവ് അരങ്ങില്‍ നിറഞ്ഞുനിലക്കുന്നില്ല. അതുകൊണ്ടുതന്നെ താരപരിവേഷം അവര്‍ക്കു ലഭിക്കുന്നില്ല. ആരും അവര്‍ക്ക് സ്തുതി പാടുന്നില്ല. അതുകൊണ്ട് അവര്‍ക്ക് സൂപ്പര്‍താര പദവി ലഭിക്കാറില്ല.  അതായത്, നടന്‍ 25 മുതല്‍ 50 വയസ്സുവരെ ചെറുപ്പക്കാരനായി, നായകനായി  അഭിനയിക്കുമ്പോള്‍, വിവാഹം, പ്രസവം എന്നീ ജൈവ ഉത്തരവാദിത്തങ്ങള്‍ നടിയെ രംഗത്തുനിന്ന് നിഷ്ക്കാസനം ചെയ്യിക്കുന്നു. ( ഹിന്ദി സിനിമയിലെ കജ്ജോള്‍, ഐശ്വര്യാ റായ് എന്നിവര്‍ക്കൊന്നും ഈ മലയാളി ശാഠ്യങ്ങള്‍ ബാധകമല്ല. വിവാഹിതരായിട്ടും അമ്മയായിട്ടും ഐശ്യര്യയും കജ്ജോളും അഭിനയം തുടരുന്നു.)

പ്രേക്ഷകര്‍ക്കുമടുത്തിട്ടാണോ ഈ ഒരോ നടികളും  അഭിനയരംഗത്തുനിന്നും വിരമിച്ചത്? അല്ലേയല്ല.  നടി എന്ന നിലയില്‍ ഒന്നും ചെയ്യാനില്ലാത്ത സിനിമകള്‍ ഉണ്ടാ‍വാത്തതിന് ആരാണ്  ഉത്തര വാദികള്‍? കലാമൂല്യമുള്ള സിനിമകളില്‍ മാത്രമാണ് അഭിനേതാവിന് എന്തെങ്കിലും ചെയ്യാനുള്ളത്. കലാമൂല്യമുള്ളവക്ക് വിതരണക്കാരെയും തീയേറ്ററും ലഭിക്കീല്ലാ എന്ന ചിന്തയാണ് അതില്‍ മുതല്‍മുടക്കാന്‍ നിര്‍മാതാ‍ക്കളെ പിന്തിരിപ്പിക്കുന്നത്ത്. എങ്കിലും, നല്ല സിനിമ ഓര്‍മ്മിക്കപ്പെടുന്നത് അതിലെ കലാംശം കൊണ്ടാണ്.  പ്രേക്ഷകന്‍  നടിയുടെ ഉടലിനെയും നടന്റെ വ്യക്തിത്തത്തേയും ആരാധിക്കുന്നു.

സിനിമയും സ്ത്രീകളും എന്ന ഈ വിഷയത്തിൽ നടൻ മമ്മൂട്ടിയുടേയും നടി പാർവതിയുടേയും കാര്യം തന്നെ എടുക്കാം. 

അഭിനയശേഷിയുടെ കാര്യത്തിൽ നടി പാർവതിയുമായി ഒരു തരത്തിലും താരതമ്യം ചെയ്യാൻ കഴിവില്ലാത്ത ഒരാളാണു മമ്മൂട്ടി. പാർവതിയുടെ ഓരോ കഥാപാത്രങ്ങൾക്കും ഓരോ മുഖഛായയാണ്.ഓരോ ശരീരഭാഷയാണ്. കാഞ്ചനമാലയല്ല റ്റേക്ക് ഓഫിലെ സമീറ. ബാംഗ്ലൂർ ഡെയ്സിലെ സാറയല്ല ചാർലിയീലെ റ്റെസ്സാ. ചിത്രം കണ്ട് അത്ഭുതപ്പെടും, ഇത് പാർവതി തന്നെയോ എന്ന്. ഇത് വെറും അഭിനയമല്ല. അതാണു പരകായ പ്രവേശം. (രണ്ടാംനിര നടന്മാരായ തിലകൻ, ജഗതി, ഒടുവിൽ ഉണ്ണിക്കൃഷ്ണൻ ഇവരോടൊക്കെതാരമ്യം ചെയ്താൽ മമ്മൂട്ടി അഭിനയ ശേഷിയിൽ പിന്നിലാണ്.)

മമ്മൂട്ടി കഴിഞ്ഞ 40 വർഷമായി സിനിമയിൽ സജ്ജീവമായുണ്ട്. ഒരൊറ്റ ശരീരഭാഷ മാത്രം പ്രകടിപ്പിക്കുന്ന ഒരു നടൻ! ഡയലോഗ് നന്നായി പറയും. (രാജമാണിക്യം). പോലീസ് ഓഫീസർ, സി.ബി.ഐ ഓഫീസർ തുടങ്ങിയ റോളുകൾ നന്നായി ചെയ്യും. പഴശ്ശി രാജാ, വീരഗാഥ ചന്തു ഇത്തരം വേഷങ്ങളും ചേരും. മൂന്ന് ദേശീയ അവാർഡുകളും അനേകം സംസ്ഥാന അവാർഡുകളും കിട്ടിയെന്നതു ശരിതന്നെ. സൂപ്പർ താരമെന്നതും ശരിതന്നെ. പക്ഷേ കഥാപാത്രങ്ങൾക്ക് വൈവിധ്യം ഇല്ല. (ഡാനി, പൊന്തന്മാട, മതിലുകൾ ഇവയൊക്കെ നോക്കുക). തിരക്കഥാകാരൻ എഴുതിക്കൊടുക്കുന്ന സ്ത്രീ വിരുദ്ധമായ ഡയലോഗുകൾ വെള്ളം തൊടാതെ കാച്ചാൻ കാശുവാങ്ങുന്നയാൾ. അത് അഭിനയിച്ചു ഫലിപ്പിച്ച് ഭാര്യക്കും മക്കൾക്കും ചിലവിനു കൊടുക്കുന്നയാൾ. സാമൂഹ്യബോധവും ഉത്തരവാദിത്തവും ഇല്ലാത്ത നടൻ. ക.സ.ബ. (2016) യിൽ മഹാരഷ്ട്രക്കാരിയായ പൂനം പഥക് എന്ന ഐ.പി.എസ്. ഓഫീസറുടെ മുന്നിലേക്ക് സിഗററ്റ് വലിച്ചുകൊണ്ട് കടന്നു വരികയാണു മമ്മൂട്ടിയുടെ രാജൻ സക്കറിയാ. ഇവിടെ പുകവലിക്കാൻ പാടില്ലെന്ന് അവർ പറയുന്നു. ( പൊതുസ്ഥലങ്ങളിൽ സിഗരറ്റുവലി കുറ്റകൃത്യമാണ്. അതു നടപ്പിലാക്കേണ്ട പോലീസ് കഥാപാത്രം കുറ്റകൃത്യം ചെയ്യുന്നു. നമ്മുടെ സിനിമയിലെ ധാർമ്മികത!) ഉന്നത പദവിയുള്ള തന്റെമുന്നിൽ സല്യൂട്ട് ചെയ്യാൻ മറന്നത് എന്തുകൊണ്ട് എന്ന് പൂനം ചോദിക്കുമ്പോൾ സിഗററ്റ് ചുമരിൽ കുത്തിക്കെടുത്തി അവരുടെ കയ്യിൽ വച്ചുപിടിപ്പിച്ച് ‘ഇത് എവിടെയെങ്കിലും കൊണ്ടുപോയി കള’ എന്നു രാജൻ സക്കറിയാ. ദേഷ്യം വന്ന പൂനം "Fuckyou" എന്നു പറയുന്നു. "നോക്കാം" എന്നു പറഞ്ഞ് തിരിയുന്ന രാജൻ സക്കറിയാ. “What?" എന്നു പൂനം. തിരിച്ചു വന്ന് സക്കറിയാ പൂനം പഥക്കിന്റെ അരക്കെട്ടിലെ ബെൽറ്റിൽ കൈ കടത്തിക്കൊണ്ട് പറയുന്നു, “I will make it up to you. And I bet, you will walk wrong for a week." അധികാരത്തിലിരിക്കുന്ന സ്ത്രീയോട് കീഴ്ജീവനക്കാരനായ പുരുഷന്റെ പെരുമാറ്റം ഇതാണ്, ഇങ്ങനെയാണ്. ഇതാണു സിനിമാ നൽകുന്ന മാതൃക. ബലാത്സംഗം ചെയ്യുമെന്നു തന്നെയാണ് അയാൾ ഉദ്ദേശിച്ചത്.

ഇപ്പോൾ അനേകം സ്ത്രീകൾ ഉത്തരവാദിത്തമുള്ള സ്ഥാനങ്ങളിൽ ജോലിചെയ്യുന്നുണ്ട്. കളക്ടറും, ചീഫ് സെക്രട്ടറിയും ഡി.ജി.പിയും പ്രോജക്റ്റ് മാനേജറും, ഡയറക്ടറുമൊക്കെ ആയി ഇന്ന് സ്ത്രീകളുണ്ടാവും. ഒപ്പം കീഴ്ജീവനക്കാരായി എത്രയോ പുരുഷന്മാർ ജോലിചെയ്തുകൊണ്ടിരിക്കുന്നു. ഇപ്പോൾ പ്രതിരോധവകുപ്പുമന്ത്രി ഒരു വനിതയാണ്. വിദേശവകുപ്പു മന്ത്രിയും വനിതയാണ്. ഇങ്ങനെയാണോ ഉത്തരവാദിത്തമുള്ള സ്ഥാനത്തിരിക്കുന്ന ഒരു വനിതയോട് പുരുഷന്മാർ പെരുമാറേണ്ടത്? അതാണോ  ക.സ.ബ സിനിമ നൽകുന്ന സന്ദേശം? അതു പുറത്തു പറഞ്ഞതാണോ പാർവതിക്കുനേരെ ട്രോളുകളിളക്കി ആൺകോയ്മ ചന്ദ്രഹാസമിളക്കുന്നത്? വീട്ടകം വിട്ട് പുറത്തുവരുന്ന സ്തീകളെ ഭയപ്പെടുത്തി ഓടിക്കുക്കുക. അതാണ് പരിഭ്രാന്തമായി പുരുഷന്മാർ ഒന്നടങ്കം ചെയ്തുകൊണ്ടിരിക്കുന്നത്. 

സമൂഹത്തിനു നിലനില്‍ക്കാന്‍ കുടുംബവും രാഷ്ട്രീയവും കൃഷിയും സാങ്കേതികവിദ്യവും മാത്രം പോരാ. കലയും സിനിമയും സാഹിത്യവും സംഗീതവും നടനവും എല്ലാം വേണം. സമൂഹം നിരന്തരം പുനർനിർമ്മിച്ചുകൊണ്ടിരിക്കണം. സ്ത്രീയെന്നോ പുരുഷനെന്നോ വ്യത്യാസമില്ലാതെ പ്രതിഭാനുഗ്രമുള്ളവര്‍ എല്ലാം സമൂഹത്തിന്റെ സമ്പത്താണ്. എല്ലാവര്‍ക്കും വളരാനും വികസിക്കാനുമുള്ള അവസരമുണ്ടാവണം.