Skip to main content
Srishti-2022   >>  Short Story - Malayalam   >>  ഫ്രീ പീരീഡ്

Kannan Prabhakaran

Infosys

ഫ്രീ പീരീഡ്

തുറന്നു കിടന്നിരുന്ന കതകിൽ ചൂരൽ കൊണ്ടുള്ള അടിയുടെ ശബ്ദം കേട്ടാണ് ഞാൻ ക്ലാസ്സ്മുറിയുടെ വാതിലിലേക്ക് ഞെട്ടിത്തിരിഞ്ഞു നോക്കിയത് .  അതാസാക്ഷാൽ ലക്ഷ്മി ടീച്ചർ,ഞങ്ങളുടെ ക്ലാസ് ടീച്ചർ, ഒരു വലിയ ചൂരലുമായി പ്രത്യക്ഷപ്പെട്ടിരിക്കുന്നുടീച്ചറിൻറെ കണ്ണുകൾ രോഷം കൊണ്ട് ചുവന്നിരുന്നു. തുടരെ തുടരെയുള്ള ഇടിമുഴക്കങ്ങൾപോലെയായിരുന്നു ചൂരൽ കൊണ്ടുള്ള വാതിലിലെ പ്രഹരത്തിൻറെ ശബ്ദം ഞങ്ങൾക്ക് അനുഭവപ്പെട്ടത്അതുവരെ അങ്ങ് കവലവരെ കേട്ടുകൊണ്ടിരുന്ന ക്ലാസ്സിനുള്ളിലെ ബഹളം,ഒരുനിമിഷം കൊണ്ട് ഒരു മൊട്ടുസൂചി വീണാൽപ്പോലും കേൾക്കാവുന്നത്ര നിശബ്ദതയിലേക്കു വഴുതിവീണു.

 

ഞാൻ ചുറ്റും കണ്ണോടിച്ചുകഴിഞ്ഞ രണ്ടു പീരീഡുകളിലെ തുടർച്ചയായുള്ള മലയാള സാഹിത്യവും ഇഗ്ലീഷ് സാഹിത്യവും കേട്ട് പാതിമയങ്ങിയ കണ്ണുകൾമരുഭൂമിയിലെ മരുപ്പച്ചകണ്ടതുപോലെ ഒന്ന് തിളങ്ങിയത്ആകസ്മികമായി കണക്കുടീച്ചറിന് പെട്ടെന്ന് വീട്ടിലേക്കു പോകേണ്ടിവന്നപ്പോൾ വീണുകിട്ടിയ  ഫ്രീ പീരീഡിലാണ്ആദ്യത്തെ പീരീഡിനു ശേഷംമലയാളം കോമ്പോസിഷൻ ബുക്ക് ഞങ്ങളുടെ കയ്യിൽനിന്നും ശേഖരിച്ച് സ്റ്റാഫ് റൂമിൽ വെക്കാൻ പോയ ക്ലാസ് ലീഡർ വിഷ്ണുകണക്കുടീച്ചർ ബാഗുമെടുത്ത് പത്തുപത്തിനുള്ളലീനാമോൾ ബസ് പിടിക്കാൻ ധൃതിയിൽ നടന്നു പോകുന്നത് കണ്ടു എന്ന വാർത്തഞങ്ങളോട് വന്നു പറയുമ്പോൾ അവൻറെ മുഖത്തുണ്ടായ തിളക്കംഒരു അരണ്ട വെളിച്ചം തളം കെട്ടിനിന്നിരുന്ന ക്ലാസ്സ്മുറിയെ പ്രകാശമയമാക്കിആൺകുട്ടികളും പെൺകുട്ടികളും ഫ്രീ പീരീഡിൽ വീണുകിട്ടിയ സ്വാതന്ത്ര്യം നന്നായി ആഘോഷിക്കുകയായിരുന്നു.

 

എൻറെ തൊട്ടടുത്തിരിക്കുന്ന ആയിഷ പുറകിലെ ബെഞ്ചിലിരിക്കുന്ന ബിന്ദുവിൻറെ കയ്യിൽനിന്നും വാങ്ങിയ ബാലമാസികയിലെ ചിത്രകഥ വായിച്ച്‌ പൊട്ടിച്ചിരിച്ചുകൊണ്ടിരിക്കുകയായിരുന്നുടീച്ചറിനെ കണ്ടയുടൻ അവൾ ബാലമാസിക പുറകിലേക്ക് എറിഞ്ഞുകൊടുത്ത് ഞാനൊന്നുമറിഞ്ഞില്ലേ എൻറെ പടച്ചോനെ എന്നമട്ടിൽ ഇരുന്നുഞാൻ എൻറെവലതുകൈയ്യിലെ കരിവളകൾ ഒന്നുകൂടി എണ്ണിത്തിട്ടപ്പെടുത്തുന്നതിനിടയിലായിരുന്നു ടീച്ചർ പ്രത്യക്ഷപ്പെട്ടത്

 

ക്ലാസ്സ്മുറിയുടെ ഒരു മൂലയിൽ ഡസ്റ്റർ എറിഞ്ഞു കളിച്ചുകൊണ്ടിരുന്ന സുബിൻ ടീച്ചറിനെ കണ്ടപ്പോൾത്തന്നെ ഓടിപ്പോയി തൻറെ സീറ്റിൽ ഇരുന്നുഡസ്റ്റർ കൈകളിൽ അകപ്പെട്ടുപോയക്ലാസ് ലീഡർ വിഷ്ണു, പതിയെ തലതാഴ്ത്തി ഡസ്റ്റർ മേശമേൽ കൊണ്ടുപോയി വെച്ച് വിനയാന്വിതനായി തൻറെ സീറ്റിനു നേരെ നടന്നുബാക്ബെഞ്ചിൽ ഇരിക്കുന്ന സരസ്വതിയുടെവീട്ടിൽ ഇന്നലെ വൈകുന്നേരം കറണ്ട് പോയതിനാൽഞായറാഴ്ച ദൂരദർശനിൽ നാലുമണി സിനിമക്കു ശേഷം വരുന്ന മൗഗ്ലിയുടെ സാഹസിക കഥ പറഞ്ഞുകൊടുത്തുകൊണ്ടിരുന്നവിനയൻടീച്ചറിനെ കണ്ട് ഓടിവന്ന്   ഒഴിഞ്ഞുകിടന്നിരുന്ന ഒരു സീറ്റിൽ വന്നിരുന്നുഅത് തൻറെ സീറ്റാണെന്നു  മനസ്സിലാക്കിയ വിഷ്ണു ആദ്യം ഒന്ന് പതറിപിന്നെ തൊട്ടടുത്തബെഞ്ചിൽ ഒഴിഞ്ഞു കിടന്നിരുന്ന ഒരു സീറ്റിൽ പോയി ഇരുന്നു.

 

മനുവിനോടൊപ്പം ഡസ്കിനുമുകളിൽ തങ്ങളുടെ പേനകൊണ്ട് യുദ്ധം ചെയ്തുകൊണ്ടിരുന്ന സാബുമനുവിൻറെ പേനകൊണ്ടുള്ള ഉജ്ജ്വല പ്രഹരത്തിൽ പിടിച്ചുനിൽക്കാനാവാതെ,ഡസ്കിനു മുകളിൽനിന്നും തെറിച്ചു തറയിൽവീണ്  കിരീടവും ചെങ്കോലും നഷ്ടപ്പെട്ട് അവശനായിക്കിടക്കുന്ന തൻറെ പുത്തൻ റെയ്നോൾഡ്സ് പേനയെ നോക്കി സഹതപിച്ചു.  

 

മനോജിനൊപ്പമുള്ള സംഘട്ടനത്തിനിടയിൽ തെറിച്ചുപോയ തൻറെ യൂണിഫോം ഉടുപ്പിൻറെ ബട്ടൺസ് തിരയുകയായിരുന്നു  കിരണിൻറെ രണ്ടു വലിയ ഉണ്ടക്കണ്ണുകൾ.

 

ഉച്ചതിരിഞ്ഞുള്ള പീരീഡിൽ ചൊല്ലിക്കേൾപ്പിക്കേണ്ട ഹിന്ദി കവിത മനഃപാഠമാക്കുകയായിരുന്ന ഗ്രീഷ്മയും സീതയും ടീച്ചറിനെ കണ്ടപ്പോൾ, തങ്ങളീ  നാട്ടുകാരെ അല്ല എന്നമുഖഭാവത്തിൽ പുസ്തകത്താളുകൾ വെറുതെ മറിച്ചുകൊണ്ടിരുന്നു.

 

പുറകിലെ ബെഞ്ചിലേക്ക് തിരിഞ്ഞു ജന്മദിനാഘോഷത്തിന് വാങ്ങിയ പുതിയ ചുരിദാറിൻറെ നിറവും ഭംഗിയും വിവരിച്ചുകൊണ്ടിരുന്ന കവിതവാതിലിലെ ചൂരൽ പ്രഹരത്തിൻറെശബ്ദം കേട്ട് ചെവികൾ രണ്ടും  പൊത്തി നേരെ ഇരുന്നു.  

 

തൻറെ ലേഡി ഫാൻസിന് പാട്ടു പാടിക്കൊടുത്തുകൊണ്ടിരുന്ന  അവിനാഷ്സ്വർഗ്ഗത്തിലെ കട്ടുറുമ്പ് എന്നപോലെ പ്രത്യക്ഷപ്പെട്ട ടീച്ചറിനെ ഒന്നു രൂക്ഷമായി നോക്കി.   

 

തൻറെ മനസ്സിൽ മൊട്ടിട്ട പ്രണയം തുറന്നുപറയാനാവാതെകൂട്ടുകാരിയുടെ കൈവെള്ളയിലിട്ട മൈലാഞ്ചിയുടെ ചന്തം ആസ്വദിച്ചുകൊണ്ടിരുന്ന അമൃതയെക്ലാസ്സ്മുറിക്കുള്ളിലെ കോലാഹലങ്ങൾക്കിടയിലും ഇമവെട്ടാതെ നോക്കിക്കൊണ്ടിരുന്ന ഗോകുലും, വാതിലിലെ  ടീച്ചറിൻറെ ചൂരൽ പ്രഹരത്തിൻറെ ശബ്ദം കേട്ട് സ്വപ്നലോകത്തുനിന്നും ഞെട്ടിയുണർന്നു.

 

അങ്ങനെ അങ്ങനെ വിവിധതരം ജോലികളിൽ ഏർപ്പെട്ടു ഫ്രീ പീരീഡ്‌ ആസ്വദിച്ചുകൊണ്ടിരുന്ന എൻറെ ക്ലാസ്സിലെ കുട്ടികൾ ടീച്ചറുടെ മുഖത്തു നോക്കാൻ കഴിയാതെ തലതാഴ്ത്തിഅച്ചടക്കത്തോടെ ഇരുന്നുഇതിനെല്ലാം സാക്ഷിയായി ഞാനുംഅല്ലെങ്കിൽത്തന്നെ ഞാനെന്തിനാണ് ഭയപ്പെടുന്നത്ഞാൻ അച്ചടക്കമുള്ള കുട്ടിയാണെന്ന് ടീച്ചറിന് അറിയാവുന്നതല്ലെ.ഞാൻ എൻറെ വലതുകൈയ്യിലെ കരിവളകൾ ഒന്നുകൂടി എണ്ണിത്തിട്ടപ്പെടുത്തി

 

"ആൾ സ്റ്റാൻഡ് അപ്പ് "

 

പെട്ടെന്നായിരുന്നു ടീച്ചർ ആജ്ഞ പുറപ്പെടുവിച്ചത്.

 

"ഇതെന്താ ചന്തയൊ?, ഹൈ സ്കൂളിൽ ആയി എന്ന ഒരു വിചാരം പോലുമില്ല പിള്ളേർക്ക്ടീച്ചർ ഇല്ലാത്ത പീരീഡിൽ നലക്ഷരമെടുത്തു വായിച്ചുകൂടെ?, നിങ്ങൾ എൻറെ ക്ലാസ്സിലെകുട്ടികളാണെന്നു പറയാൻ തന്നെ എനിക്കിപ്പോൾ നാണക്കേടാണ്".

 

അതുവരെ മേശയിൽ ചാരിനിന്നിരുന്ന ടീച്ചർ പതിയെ നടന്ന് ആൺകുട്ടികളുടെ സൈഡിൽ ആദ്യത്തെ ബെഞ്ചിൽ അവസാനമിരിക്കുന്ന സുബിൻറെ മുൻപിലെത്തി

 

"ഉം.....കൈ നീട്ട്....."

 

ടീച്ചറിൻറെ ഉച്ചത്തിലുള്ള ആജ്ഞ കേട്ട് എൻറെ കൂട്ടുകാരി ആയിഷ അവളുടെ വലതുകൈ കൊണ്ട് എൻറെ ഇടതുകൈയ്യിൽ പിടിച്ചു.  അവളുടെ കൈ ഭയത്താൽ തണുത്തുമരവിച്ചിരുന്നുഞാനെപ്പോഴും ധൈര്യം കൈവിട്ടിരുന്നില്ലടീച്ചർ എന്നെ അടിക്കില്ലടീച്ചർക്ക് എന്നെ അറിയാവുന്നതല്ലെഅതിനിടയിൽ ടീച്ചറിൻറെ കയ്യിലെ ചൂരൽ ആയത്തിൽ സുബിൻറെ വലതുകൈവെള്ളയിൽ പ്രഹരമേല്പിച്ചു കടന്നുപോയിരുന്നു. അവൻ കൈ കുടഞ്ഞു പതിയെ ഇരുന്നു.

 

ഓരോ അടിയും ഓരോരുത്തരുടെയും വെളുത്ത കൈവെള്ളകളിൽ നേർത്തുമെലിഞ്ഞു  നീളത്തിലുള്ള ഒരു ചുവന്ന പാട് അവശേഷിപ്പിച്ചു കടന്നുപോയ്കൊണ്ടിരുന്നു.

 

വിനയൻ കൈവലിച്ച് ടീച്ചറിൻറെ ആദ്യത്തെ അടിയിൽനിന്നും വിദഗ്ധമായി രക്ഷപെട്ടു അടി പാവം ഡസ്കിനാണ് കൊണ്ടത്അടുത്ത അടിയിൽ അവൻ വേദനകൊണ്ടു പുളഞ്ഞു

 

ക്ലാസ് ലീഡർ വിഷ്ണുവിന് ഒരടിക്കു മറ്റൊന്ന് ഫ്രീ എന്ന കണക്കെ തുടരെ തുടരെ രണ്ട് അടി നൽകിയതിന് ശേഷംഅവൻറെ മുഖത്തു ഡസ്റ്റർ വന്നുപതിച്ചപ്പോൾ വെള്ളപൂശിയതുപോലെപറ്റിപ്പിടിച്ചിരിക്കുന്ന ചോക്കുപൊടികൾ കഴുകിക്കളയാൻടീച്ചർ അവനെ പുറത്തേക്കു പറഞ്ഞയച്ചു

 

രമേഷ്, ബഹളം വെക്കുന്നത് തൻറെ അവകാശമാണെന്ന മുഖഭാവത്തോടെ സധൈര്യം കൈനീട്ടിഅടികിട്ടിയതിനുശേഷം, വേണമെങ്കിൽ ഒന്നുകൂടി അടിച്ചോ എന്നമട്ടിൽകുറച്ചുനേരംകൂടി അവൻ കൈനീട്ടി തന്നെ നിന്നുപിന്നെ പതിയെ ഇരുന്നു.

 

ആൺകുട്ടികൾക്കെല്ലാവർക്കും ശിക്ഷ നൽകിയതിനുശേഷം ടീച്ചർ പെൺകുട്ടികളുടെ അടുത്തെത്തി.

 

ആദ്യത്തെ അടി ആനി മാത്യു ഏറ്റുവാങ്ങിഎൻറെ പപ്പാ പോലും എന്നെ നുള്ളിനോവിച്ചിട്ടില്ല എന്ന് വീട്ടുകാരുടെ പൊന്നോമനയായ അവൾ ആലോചിച്ചിട്ടുണ്ടാവണംപിന്നെ വിനീത,ഷീലമൃദുല അങ്ങനെ ഓരോരുത്തരുടെയും കൈകൾ ടീച്ചറിൻറെ മുൻപിൽ മിന്നിമാഞ്ഞു പൊയ്ക്കൊണ്ടിരുന്നു.

 

അടികൊണ്ടപ്പോൾ ചിലർ പ്രത്യേകതരം ശബ്ദങ്ങൾ പുറപ്പെടുവിച്ചു. ചിലർക്ക് കരയണമെന്നുണ്ടായിരുന്നു. അവർ ശബ്ദം പുറത്തുവരാതെ രണ്ടുതുള്ളി കണ്ണുനീരിൽ ആ വേദന കടിച്ചമർത്തി. ചിലർ കൈകൾ കൊണ്ട് നൃത്തം ചെയ്തു.

 

ഞാൻ കണ്ണുകൾ മുറുക്കി അടച്ചുദീപാവലി ദിവസം എൻറെ ചേട്ടൻ ഒന്നിന് പിറകെ ഒന്നായി ഓലപ്പടക്കങ്ങൾ എറിഞ്ഞു പൊട്ടിക്കുന്നതുപോലെചുറ്റിനും ചൂരലും കൈവെള്ളയിലെമൃദുമാംസവും ശക്തിയിൽ ഉരഞ്ഞുണ്ടാകുന്ന ശബ്ദംഅതെൻറെ കാതുകളുടെ ആഴങ്ങളിലേക്ക് തുളച്ചു കയറിക്കൊണ്ടിരുന്നു.

 

അവസാനം ടീച്ചർ എൻറെ മുൻപിലും എത്തിപെൺകുട്ടികളുടെ സൈഡിൽ ആദ്യത്തെ ബെഞ്ചിലെ അവസാനത്തെ കുട്ടിയായ എനിക്കായിരുന്നു, ഫ്രീ പീരീഡിലെ സംസാര സ്വാതന്ത്ര്യം, അങ്ങനെ ഒന്നില്ല എന്ന് ഞങ്ങളെ മനസിലാക്കി തരുവാനുള്ള ശിക്ഷാനടപടി അവസാനിപ്പിക്കുവാനുള്ള കാർത്തവ്യം.

 

"ഉം.....കൈ നീട്ട്....."

 

ടീച്ചർ അതുവരെ അടങ്ങിയിട്ടില്ലാത്ത രോഷത്തോടെ തന്നെ പറഞ്ഞു.

 

അടികിട്ടില്ല എന്ന് അതുവരെ ഉണ്ടായിരുന്ന എൻറെ എല്ലാ ആത്മവിശ്വാസവുംനെഞ്ചിനുള്ളിൽനിന്നുവന്ന ഒരു ദീർഘ നിശ്വാസത്തോടൊപ്പം പുറത്തേക്കു പോയി.

 

ഞാൻ പതിയെ കൈനീട്ടിക്ഷണനേരം കൊണ്ട് സ്കൂൾ ജീവിതത്തിൽ എനിക്കാദ്യമായി കിട്ടിയ അടി ഞാൻ ഏറ്റുവാങ്ങിഎൻറെ വലതുകൈയ്യിൽ കിടന്നിരുന്ന കരിവളകളിൽ ഒരെണ്ണംചൂരൽ പ്രഹരമേറ്റു പൊട്ടിച്ചിതറിഭാഗ്യം കൈ മുറിഞ്ഞിട്ടില്ലഞാൻ ഇടതുകൈ കൊണ്ട് വലതു കൈവെള്ളയിൽ തലോടിപിന്നെ നിലത്തു ചിന്നിച്ചിതറി കിടക്കുന്ന കരിവളകഷണങ്ങളെ നോക്കി സഹതപിച്ചുപതിയെ ഇരുന്നുഞാൻ എൻറെ വലതുകൈയ്യിലെ കരിവളകൾ ഒന്നുകൂടി എണ്ണിത്തിട്ടപ്പെടുത്തി.

 

ടീച്ചർ ശിക്ഷാ നടപടികൾക്ക് ശേഷം തിരികെപ്പോയി ചൂരൽ മേശമേൽ വെച്ച് മേശയിൽ ചാരിനിന്നുനീണ്ട നിശബ്ദത അപ്പോഴും ക്ലാസ്സ്മുറിക്കുള്ളിൽ തളം കെട്ടി നിന്നിരുന്നു.ടീച്ചറിൻറെ രോഷം അല്പം ശമിച്ചതുപോലെ എനിക്ക് തോന്നിടീച്ചർ കണ്ണട ഊരി സാരിത്തുമ്പുകൊണ്ട് കണ്ണുകൾ തുടച്ചു

 

"ടീച്ചർ..."

 

ക്ലാസ്സ്മുറിക്കുള്ളിലെ നീണ്ട നിശബ്ദതയെ ഭേദിച്ചുകൊണ്ട് എൻറെ കൂട്ടുകാരി ആയിഷ എഴുന്നേറ്റു നിന്നുടീച്ചർ കണ്ണട തിരികെ കണ്ണുകളിൽ വെച്ച് ആയിഷയെ നോക്കി.

 

"ടീച്ചർ....ടീച്ചർ ജാനകിയേയും അടിച്ചു...."

 

അവൾ വിഷമത്തോടെ എന്നെ ചൂണ്ടിക്കാട്ടിക്കൊണ്ട് ടീച്ചറിനോട് പറഞ്ഞുഇതുകേട്ട്  ഞാൻ അവളുടെ ഇടതുകൈയ്യിൽ നുള്ളിഅവൾ കൈ വലിച്ചു.

 

ടീച്ചറിൻറെ കണ്ണുകൾ ആയിഷയിൽനിന്നു തെന്നിമാറി എന്നിൽവന്നു പതിച്ചുഞാൻ ഒരു ചെറു പുഞ്ചിരിയോടെ ടീച്ചറിനെ നോക്കിടീച്ചറിൻറെ രോഷം ശമിച്ച കണ്ണുകൾ കുറേനേരംഎന്നെത്തന്നെ നോക്കിനിന്നു.   കണ്ണുകൾ നിറയുന്നതുപോലെ എനിക്കുതോന്നിടീച്ചർ എൻറെ അടുത്തേക്ക് വന്നുമുഖത്തെ പുഞ്ചിരി മായ്ക്കാതെ ഞാൻ പതിയെ എഴുന്നേറ്റുടീച്ചർഎൻറെ ഇരുകൈകളും ടീച്ചറിൻറെ കൈക്കുള്ളിലാക്കി കുറേനേരം തലതാഴ്ത്തി നിന്നു.

 

"നിൻറെ ടീച്ചറല്ലെ........അറിയാതെ അല്ലെ.......... ദേഷ്യം കാരണം കണ്ണുകണ്ടില്ല.......പോട്ടെ......."

 

എന്നെ ആശ്വസിപ്പിക്കുമ്പോൾ ടീച്ചറിൻറെ ശബ്ദം ഇടറുന്നുണ്ടായിരുന്നുഎൻറെ കണ്ണുകളും നിറഞ്ഞു.

 

"എനിക്ക് ഏറ്റവും സന്തോഷം നിറഞ്ഞ ദിവസം ഇന്നാണ് ടീച്ചർഞാൻ സംസാരിച്ചതിന്ഉച്ചത്തിൽ ബഹളം ഉണ്ടാക്കിയതിന്കൂട്ടുകാരോട് കഥപറഞ്ഞിരുന്നതിന്എനിക്ക് ആദ്യമായിശിക്ഷ കിട്ടിയ ദിവസംഇത് സത്യമായിരുന്നെങ്കിൽ എന്ന് ഞാൻ ആശിച്ചുപോവുകയാണ് ടീച്ചർ."

 

എനിക്കിങ്ങനെ ടീച്ചറിനോടും ക്ലാസ്സിലെ എൻറെ കൂട്ടുകാരോടും ഉച്ചത്തിൽ വിളിച്ചുപറയണം എന്നുണ്ടായിരുന്നു

 

പക്ഷെഎനിക്കതിനു കഴിയില്ലല്ലൊ.

 

ടീച്ചർ എൻറെ കൈകളെ സ്വതന്ത്രമാക്കി ക്ലാസ്സ്മുറിയുടെ പുറത്തേക്കു നടന്നുഞാൻ കണ്ണുകൾ തുടച്ചുപതിയെ ഇരുന്നു.

 

കുറച്ചുനേരത്തെ നിശബ്ദമായ ഇടവേളയ്ക്കു ശേഷം എൻറെ കൂട്ടുകാർ അവരവരുടെ ചെറിയ ചെറിയ ജോലികളിൽ മുഴുകിഎല്ലാത്തിനും മൂക സാക്ഷിയായി ഞാനുംഞാൻ എൻറെവലതുകൈയ്യിലെ കരിവളകൾ ഒന്നുകൂടി എണ്ണിത്തിട്ടപ്പെടുത്തി.