Skip to main content
Srishti-2022   >>  Poem - Malayalam   >>  മരം ഒരു വരം

മരം ഒരു വരം

നമസ്കാരം,

നാം ഇന്നു ജീവിക്കുന്ന ഈ ആധുനിക യുഗത്തില്‍ ത്യാഗത്തിനും സ്നേഹത്തിനും വില കല്‍പ്പിക്കുന്ന വളരെ കുറച്ചു ആള്‍ക്കാര്‍ മാത്രം ഉള്ള ഈ ലോകത്തില്‍ അനശ്വരമായ സ്നേഹം എന്തെന്നറിയുവാന്‍ നമുക്കു മുന്നില്‍ പ്രകൃതി തന്നെ കാണിച്ചു തരുന്ന ഒരു വലിയ ഉദാഹരണമാണ്‌ നമ്മുടെ വൃക്ഷ സമ്പത്ത്.  നമ്മുടെ ചില പ്രവര്‍ത്തികള്‍ കൊണ്ട് ഈ പ്രകൃതി തന്നെ നമ്മോടു കലഹിക്കുന്ന ഒരു സാഹചര്യമാണ് ഇന്നു നിലനില്‍ക്കുന്നത്. നമ്മളില്‍ നിന്നു ഒന്നുമേ പ്രതീക്ഷിക്കാതെ ഭൂമിയുടെ നിലനില്പിനായ്  സ്വജീവിതം മാറ്റി വച്ച വൃക്ഷ സമ്പത്തിനെ നമ്മള്‍ നശിപിച്ചു കൊണ്ടിരിക്കുന്ന ഈ കാലഘട്ടത്തില്‍ ഈ ചെറിയ കവിത മറന്നു പോയ നമ്മുടെ ഉത്തരവാദിത്തം ഓര്‍മിക്കുവാന്‍ ഉള്ള അവസരം നല്‍കട്ടെ  എന്ന് ആഗ്രഹിച്ചുകൊണ്ട്‌  ഈ കവിത ഞാന്‍ സമര്‍പ്പിക്കുന്നു. തെറ്റുകള്‍ സദയം ക്ഷമിക്കണമെന്നു അപേക്ഷിക്കുന്നു.

മരം ഒരു വരം

പ്രകൃതിയാം അമ്മതന്‍ മടിത്തട്ടില്‍ കിടന്നുറങ്ങി നീ

കാലം ചൊരിഞ്ഞു പേമാരി നിന്‍ നേര്‍ക്കു

സൂര്യന്‍ തന്‍ കിരണങ്ങളാല്‍ നല്‍കി നിനക്കു ജീവനും ഊര്‍ജവും

ഉണര്‍ന്നു നീ ഒരു നാള്‍ ദീര്‍ഘ സുഷുപ്തിയില്‍ നിന്നു

അറിഞ്ഞു നീ പ്രകൃതിയാം അമ്മ തന്‍ സ്നേഹവും വാത്സല്യവും

 

വളര്‍ന്നു നീ മാനം മുട്ടുമൊരു വട വൃക്ഷമായ് ഈ നഗരമധ്യത്തില്‍

നുകര്‍ന്നു നീ മനുഷ്യര്‍ പുറം തള്ളും വിഷ വായുവിനെ

പകരം നല്‍കി നീ കുളിരേകും തണലും ശുദ്ധവായുവും

 

കാലങ്ങള്‍ ഓരോന്നും നിന്നെ തലോടി കടന്നുപോയി 

പിന്നെ വന്നൂ വസന്ത കാലവും നിന്‍  ജീവനില്‍

ചൊരിഞ്ഞു  നീ ചുറ്റും പൂക്കളും സുഗന്ധവും

അണഞ്ഞു വണ്ടുകള്‍ കുതുകത്തോടെ നിന്‍ അരികത്തായ്

നുകര്ന്നൂ അവര്‍ നിന്‍ പൂന്തേന്‍ ആവോളം

 

കൊടുത്തു സ്നേഹത്തോടെ നിന്‍ കൈത്തണ്ടുകള്‍ പറവകള്‍ക്കു

പടുത്തുയര്‍ത്തി അവകള്‍ മനോഹരമാം ഭവനങ്ങള്‍ നിനക്കു മേല്‍

നല്കീ നീ സുരക്ഷ പക്ഷി കിടാങ്ങള്‍ക്ക് ഒരു അമ്മയെന്നപോല്‍

 

എടുത്തു നിന്‍ കരങ്ങളെ മനുഷ്യകുലം

പിന്നെ പടുത്തുയര്‍ത്തി രമ്യമാം ഹര്‍മ്യങ്ങള്‍

അപ്പോഴും ചൊരിഞ്ഞു നീ ഞങ്ങള്‍ക്കു

സ്നേഹത്തോടെ നിന്‍ കുളിരും ശുദ്ധവായുവും

 

ദാനം നല്‍കി നിന്‍ മേനി മനുഷ്യര്‍ക്കു

നിര്‍മിച്ചു അവര്‍ വര്‍ണാഭമാം കടലാസു താളുകള്‍

വെട്ടി നശിപ്പിച്ചു കൊണ്ടിരിക്കുന്നു നിന്‍ കുലത്തെ

അവര്‍ സ്വാര്‍ത്ഥ താല്‍പര്യത്തിനായ്....

അപ്പോഴും നല്‍കുന്നു നീ കുളിരും ശുദ്ധവായുവും

 

തിരികെ ഒന്നുമേ പ്രതീക്ഷ വെയ്ക്കാതെ നല്‍കുന്നു

നിന്നാലാം വിധം സഹായങ്ങള്‍ ലോകത്തിനു

 

ഹേ മനുഷ്യാ..... ചിന്തിക്കൂ നിങ്ങള്‍ ഒരു വട്ടം

എന്തു നല്‍കീ നിങ്ങള്‍ തിരികെ ഈ ജീവജാലങ്ങള്‍ക്കു

നല്‍കീ അവര്‍ നിങ്ങള്‍ക്കു വിലയേറുമീ ജീവിത സന്ദേശം

"പരോപകാരമീ പ്രണവ പ്രപഞ്ചം"

 

നിങ്ങളാണു ശ്രേഷ്ഠമാം ഈശ്വര സൃഷ്ടി

നിങ്ങളില്ലാതെ  നിലനില്‍കയില്ല ഈ പ്രപഞ്ചം

 

നട്ടു വളര്‍ത്താം ഒരു വൃക്ഷം നമുക്ക് ഭവനങ്ങളില്‍

പകര്‍ന്നു നല്‍കാം ജീവവായു പുതു തലമുറയ്ക്ക്

 

ഓര്‍ക്കുന്നു ഞാന്‍ നിന്‍ ത്യാഗപൂര്‍ണമാം ജീവിതം

കാക്കും നിന്നെ എന്‍ ജീവനില്‍ അവസാന നാള്‍ വരെ ...........