Priya Koranchirath
Allianz
പാലപ്പൂക്കൾ
പാല പൂത്തിട്ടുണ്ട് ;
കാറ്റ് പറഞ്ഞതാണ് .
അത് ഒരോര്മപെടുത്തൽ ആയിരുന്നുവോ ?
മനസ് അസ്വസ്ഥമാകുന്നു .
കിനാവിന്റെ താഴ്വരകളിൽ മഞ്ഞുരുകി തുടങ്ങിയിരിക്കുന്നു .
നമ്മുടെ മനസ്സുകൾ പരസ്പരം പുറംതിരിഞ്ഞിരിക്കുന്നുവെങ്കിലും
എനിക്കു ചുറ്റിലും നിന്റെ മണമാണ്.
ഒറ്റപ്പെടലുകൾ മനസ്സുമടുപ്പിക്കുമ്പോൾ ഞാൻ-
നിന്നെ ഗാഢമായി ശ്വസിക്കുന്നു
നിന്നിലൂടിന്നൊരുന്മാദത്തിനായി.
ഇന്നലെകളിലെ രാജകുമാരൻ ഓർമ്മക്കോട്ടയിലെ-
പാലമരത്തിലേക് ഓടി മറഞ്ഞപ്പോൾ എവിടെയോ ഒരു-
ഒരു നേർത്ത വെള്ളിടിവെട്ടി .
തിരസ്കരിക്കപ്പെട്ടവന്റെ നിരാശ,
വഞ്ചിക്കപെട്ടവന്റെ ആത്മനിന്ദ,
എല്ലാം തലയ്ക്കുമുകളിൽ വട്ടമിട്ട് പറക്കുന്ന പോലെ
എങ്കിലും മനസ്സ് പുതു സ്വപ്നം പടിയിറങ്ങി.
ഈ അഴികൾക്കപ്പുറത് കനത്ത ആകാശം
ചങ്ങലകൾ പൊട്ടിച്ചെറിഞ്ഞ ഭ്രാന്തിയെപ്പോലെ-മഴ
കറുത്തിരുണ്ട മാനം നിറയെ പെയ്തോഴിയാത്ത സ്വപ്നങ്ങളോ ;
അറിയില്ല ;
അവനു ചിരി ഇഷ്ടമായിരുന്നു മഴയും വൈകുന്നേരങ്ങളും .
മഴ കനത്തു, ഇത് തുലാവർഷം
മഴകാണണം മുറ്റത്തേക്കിറങ്ങണം
പക്ഷേ;
മുറ്റം നിറയെ പാലപ്പൂക്കൾ.