Skip to main content
Srishti-2022   >>  Article - Malayalam   >>  കലാസൃഷ്ടികളിലെ ആവിഷ്കാര സ്വാതന്ത്ര്യം

Jinish Kunjilikkattil

Allianz Technology

കലാസൃഷ്ടികളിലെ ആവിഷ്കാര സ്വാതന്ത്ര്യം

കല എന്ന ആശയം അത് മനുഷ്യജീവിതത്തിലുടനീളം ബന്ധപ്പെട്ടു കിടക്കുന്ന ഒന്നാണ്. മനുഷ്യരാശിയുടെ വികാസത്തില്‍ കലയ്ക്ക് മുഖ്യ പങ്കുണ്ടെന്നതിന് ഒരു സംശയവുമില്ല. കലയില്‍ ഉള്‍പ്പെടുന്ന വിഷയങ്ങള്‍ക്ക് പരിധി നിശ്ചയിച്ചിട്ടുമില്ല . സൃഷ്ടികര്‍ത്താക്കള്‍ അവരുടെ കലാസൃഷ്ടികളില്‍ വെളിപ്പെടുത്തുന്ന വിഷയങ്ങളും പ്രശ്നങ്ങളും നിരവധി നൂറ്റാണ്ടുകള്‍ കഴിഞ്ഞും പ്രസക്തമായി നിലനില്‍ക്കുന്നുണ്ട്. സമൂഹത്തില്‍ കലയുടെ പങ്ക് വിലമതിക്കാനാവാത്തതിന്‍റെ കാരണം അതു കൊണ്ടു തന്നെയാണ്. ആളുകളുടെ വികാരങ്ങള്‍, ചിന്തകള്‍, ലോകവീക്ഷണം എന്നിവയ്ക്ക് കല  രൂപരേഖ നല്‍കുന്നുണ്ടെന്ന കാര്യത്തില്‍ ഒരു സംശയവുമില്ല. ഭാവനാപരമായ വിനോദം അവരുടെ വ്യക്തിത്വത്തെ സൃഷിടിക്കുന്നു. എല്ലാ സുപ്രധാന പ്രതിഭാസങ്ങളുടേയും ധാര്‍മ്മികവും സൌന്ദര്യാത്മകവുമായ വിധിയിരുത്തലില്‍ കലയുടെ ചുമതലകള്‍ ഉള്‍ക്കൊള്ളുന്നുവെന്ന് പറഞ്ഞത് മാക്സിം ഗോര്‍ക്കിയാണ്. ലോകമെമ്പാടും ചര്‍ച്ചകള്‍ക്കും സംവാദങ്ങള്‍ക്കും തിരുത്തലുകള്‍ക്കുമെല്ലാം നിരന്തരം വിധേയമായിക്കൊണ്ടിരിക്കുന്നവയാണ് കലാരൂപങ്ങള്‍‍. മനുഷ്യസംസ്ക്കാരത്തെ അത്രമേല്‍ സ്വാധീനിക്കുന്ന ഒരു വസ്തുതയാണെന്നതുകൊണ്ടുതന്നെ കലാസൃഷ്ടികളിലെ ആവിഷ്ക്കാര സ്വാതന്ത്ര്യം ചര്‍ച്ച ചെയ്യപ്പെടേണ്ട ഒരു വിഷയമായി മാറുന്നു.

            സര്‍ഗ്ഗാത്മക രചനുകളുമായി ബന്ധപ്പെട്ടാണ് നാം  ആവിഷ്ക്കാര സ്വാതന്ത്ര്യത്തെപ്പറ്റി കൂടുതലായും പറയുന്നത്. ആവിഷ്ക്കാര സ്വാതന്ത്ര്യത്തിന് ചുറ്റുപാടുകളും  സമ്മര്‍ദ്ദതന്ത്രങ്ങളും  വേലിക്കെട്ടുകൾ  നിശ്ചയിക്കാറുണ്ട്. ആവിഷ്ക്കാരങ്ങള്‍ക്കും പ്രതിഷേധങ്ങള്‍ക്കും സ്വാതന്ത്ര്യ ബോധമുണ്ടാകണം. കലാസൃഷ്ടികള്‍ക്ക് മാത്രമല്ല തന്‍റെ ഭാഷ, ഭാവന തുടങ്ങിയവയ്ക്കും അതിന്‍റെ പരിധി നിശ്ചയിക്കാനുള്ള അവകാശം അതിന്‍റെ കര്‍ത്താവിനു മാത്രം അവകാശപ്പെട്ടതാണ്. അതിരുകളെ അതിലംഘിച്ചു കൊണ്ടാണ് കല അതിന്‍റെ നിലനില്‍പ്പും മുമ്പോട്ടുള്ള വളര്‍ച്ചയും രേഖപ്പെടുത്തിയിട്ടുള്ളതെന്ന് കാണാം. ഏകാധിപത്യം കൊടുകുത്തി വീണ ലാറ്റിനമേരിക്കന്‍ രാജ്യങ്ങളാണ് കഴിഞ്ഞ നൂറ്റാണ്ടിനെ സര്‍ഗ്ഗാത്മകമായി പുതുക്കി പണിതത്. അവിടങ്ങളില്‍ നിന്നും മഹത്തായ കലാസൃഷ്ടികള്‍ ഉരുവം ചെയ്ത് വന്നിരിക്കുന്നത് നമുക്ക് കാണാനാകും. നിരവധി കലാകാരന്‍മാര്‍‍ കലയുടെ നിര്‍വചനങ്ങളെ പൊളിച്ചെഴുതി മുന്നോട്ട് വരികയുണ്ടായി.

                  കലാവിഷ്ക്കാരങ്ങൾ നിലനില്‍ക്കുന്ന കാലത്തോളം ഉന്നയിക്കപ്പെടുന്ന മുഖ്യപ്രശ്നങ്ങളില്‍ ഒന്നായി രേഖപ്പെടുത്തുന്നത് ആവിഷ്ക്കാര സ്വാതന്ത്ര്യത്തെക്കുറിച്ചുള്ള ചോദ്യോത്തരങ്ങള്‍ തന്നെയാണ്. അതുമായി ബന്ധപ്പെട്ട വിഷയങ്ങളെല്ലാം നിരവധി ചർച്ചകൾക്കും വിവാദങ്ങൾക്കും ഇടയാകുകയും അതിന്മേൽ പല ഭാഗങ്ങളില്‍ നിന്നു ചോദ്യം ചെയ്യപ്പെടലുകള്‍ ഉണ്ടാവുകയും ചെയ്യുന്നുണ്ട് . അത്തരം പ്രതികൂലാവസ്ഥകൾ  നമുക്ക്  ചുറ്റുമുള്ള കലാകാരന്മാർക്ക് റൈറ്റേഴ്സ് ബ്ലോക്ക് എന്ന ഒരു അവസ്ഥ  ഉണ്ടാക്കുന്നതായി കാണാൻ കഴിയും.വർത്തമാന കാലത്തിൽ അത്തരം അവസ്ഥകൾ  ഏറി വരുന്നതായും നമുക്ക് കാണാം  ഫ്രാന്‍സിലെ ഒരു പത്രസ്ഥാപനം കത്തി നശിച്ചതും, ഒരു മാധ്യമ സ്ഥാപനം കേരളത്തില്‍ ആക്രമിക്കപ്പെട്ടതും എഴുത്തുകാരന്‍ സ്വയം എഴുതി അവസാനിപ്പിക്കേണ്ടി വന്നതുമൊക്കെ ഇത്തരം ആവിഷ്ക്കാര സ്വാതന്ത്ര്യത്തിന്‍റെ ചോദ്യം ചെയ്യലുകളായിരുന്നു. കലയേയും അക്ഷരത്തേയും ഉപാസിക്കുന്ന ഒരു നാട്ടില്‍ ഇത്തരം സ്വാതന്ത്ര്യമില്ലായ്മയുടെ ആശയങ്ങളുടെ പരിധി എത്രവരെ ആകാമെന്നതും ചിന്തിക്കേണ്ട വസ്തുതയാണ്. കലാ, സാഹിത്യം എന്നിവ ഒരിക്കലും ഏതെങ്കിലും ആദര്‍ശങ്ങളിലോ, നിയമസംഹിതകളിലോ ഒതുങ്ങി നില്‍ക്കുന്ന ഒന്നല്ല.

                     ലോകത്തെ മറ്റു രാഷ്ട്രങ്ങളെ പോലെ ഇന്ത്യയിലും പ്രത്യേകിച്ച് നമ്മുടെ കേരളത്തിലും ഇരുതലവാളിനേക്കാള്‍ മൂര്‍ച്ചയുള്ള ഒരു വിഷയമാണ് ആവിഷ്ക്കാര സ്വാതന്ത്ര്യം. കേരളീയര്‍ വിദ്യാസമ്പന്നരും സ്വയം പ്രബുദ്ധരാണെന്നു കരുതുന്നതു കൊണ്ടും തന്നെ മറ്റിടങ്ങളിൽ നിന്നും  വ്യത്യസ്തമായി ആവിഷ്ക്കാര സ്വാതന്ത്ര്യം എന്ന് ഇവിടെ പറയപ്പെടുമ്പോള്‍ കലാരംഗത്തെ  ആവിഷ്ക്കാര സ്വാതന്ത്ര്യം എന്ന് കൂട്ടിവായിക്കേണ്ടതുണ്ട്.  ആവിഷ്ക്കാരസ്വാതന്ത്ര്യത്തിന്‍റെ പേരില്‍ എസ്.ഹരീഷിന്‍റെ 'മീശ' എന്ന നോവല്‍ വന്‍ വിവാദമായിരുന്നു. മതഭ്രാന്തന്മാരുടെ പരാക്രമങ്ങള്‍ മൂലം പിന്‍വലിക്കേണ്ടി വന്ന മറ്റൊരു സൃഷ്ടിയായിരുന്നു പവിത്രന്‍ തീക്കുനിയുടെ 'പര്‍ദ്ദ' എന്ന കൊച്ചുകവിത. ഏറ്റവുമൊടുവില്‍ കേരള ലളിതകലാ അക്കാദമിയുടെ കാര്‍ട്ടൂണ്‍ പുരസ്ക്കാരവും വിവാദമായി. ഹൈന്ദവ വിശ്വാസത്തില്‍ ജീവിക്കുന്ന ആരാധകരെ മുറിവേല്‍പ്പിക്കുന്നതായിരുന്നു പ്രശസ്ത ചിത്രകാരനായ എം.എഫ്  ഹുസൈന്‍റെ പല രചനകളും. അതുകൊണ്ട് തന്നെ അദ്ദേഹത്തെ വിമര്‍ശിക്കപ്പെടുകയും നാടു കടത്തപ്പെടുകയും ചെയ്തു. വിശ്വാസത്തെ ഇത്തരത്തില്‍ കാര്‍ട്ടൂണിലൂടെ അപമാനിച്ചതിനാണ് ഷാര്‍ലി എബ്ദോ എന്ന പാരീസിലെ പ്രശസ്തമായ പത്രസ്ഥാപനത്തിലേക്ക് ഭീകരവാദികള്‍ ഇരച്ചു കയറുകയും ആള്‍ക്കാരെ കൊലപ്പെടുത്തുകയും ചെയ്തത്. പൊതുജന സമൂഹത്തില്‍ ഏറ്റവും സ്വാധീനമുള്ളതുകൊണ്ടാകാം സിനിമയെന്ന കലാരൂപത്തിന്‍റെ മേല്‍ എല്ലായ്പ്പോഴും സെന്‍സര്‍ ബോര്‍ഡ് കണ്ണും തുറന്ന് വച്ചിരിക്കുന്നത്. ഉഡ്താ പഞ്ചാബ് എന്ന ഹിന്ദി ചലച്ചിത്രം മുഴുനീളെ വെട്ടിത്തിരുത്തണമെന്ന് ആവശ്യപ്പെട്ട സെന്‍സര്‍ ബോര്‍ഡിനെ തിരുത്താന്‍ അവസാനം മുംബൈ ഹൈക്കോടതി വേണ്ടി വന്നു. ഭിന്നശേഷിയുള്ള സൈജോ കണ്ണനാക്കന്‍ സംവിധാനം ചെയ്ത കഥകളി എന്ന സിനിമക്കെതിരെയും സെന്‍സര്‍  ബോര്‍ഡ് കത്തി വയ്ക്കുകയുണ്ടായി, ചിത്രത്തിന്‍റെ അവസാന രംഗത്ത് കഥകളി ചമയങ്ങളും വേഷവും അഴിച്ച് വച്ച് നഗ്നനായി കലാകാരന്‍ നടന്നു നീങ്ങുന്ന രംഗത്തിനെതിരെയാണ് സെന്‍സര്‍ ബോര്‍ഡ് രംഗത്ത് വന്നത്. സനല്‍ കുമാര്‍ ശശിധരന്‍ സംവിധാനം ചെയ്ത് സെക്സി ദുര്‍ഗ്ഗ എന്ന സിനിമക്കെതിരെയും സെന്‍സര്‍ ബോര്‍ഡ് രംഗത്ത് വന്നു. സിനിമയുടെ പേര് എസ് ദുര്‍യെന്നാണ് സെന്‍സര്‍ ബോര്‍ഡ് നല്‍കിയ പേര്. മതവികാരം വ്രണപ്പെടുമെന്ന് ചൂണ്ടിക്കാട്ടിയാണ് അത്തരം നടപടിയെടുത്തതെന്നായിരുന്നു  സെന്‍സര്‍ ബോര്‍ഡിന്‍റെ ഭാഷ്യം. സിനിമയുടെ പേര് ദുര്‍ഗ്ഗാദേവിയെ അപമാനിക്കുന്നതാണ് എന്നാണ് ആരോപണം. എന്നാല്‍ സിനിമ ദുര്‍ഗ്ഗാ ദേവിയെക്കുറിച്ച് ആയിരുന്നില്ല, മറിച്ച് ഒരു റോഡ് മൂവി മാത്രമായിരുന്നു. ഭാവനയ്ക്ക് കത്തിവക്കാന്‍ സെന്‍സര്‍ ബോര്‍ഡിനാവില്ലെന്ന് സംവിധായകന്‍ പ്രതികരിച്ചത് ഓര്‍ത്തുപോകുന്നു,

                    കേരളത്തില്‍  ആവിഷ്ക്കാര സ്വാതന്ത്ര്യത്തിനുമേല്‍ ചര്‍ച്ചകളും വിവാദങ്ങളും തുടങ്ങി വച്ചത് വര്‍ഷങ്ങള്‍ക്ക് മുമ്പ് പി.എം ആന്‍റണി രചിച്ച ക്രിസ്തുവിന്‍റെ 'ആറാം തിരുമുറിവ്' എന്ന നോവലായിരുന്നു എന്നു തോന്നുന്നു.  കസാന്‍ ദസാക്കീസിന്‍റെ 'ദ ലാസ്റ്റ് ടെംപ്റ്റേഷന്‍ ഓഫ് ക്രൈസ്റ്റ്' എന്ന നോവലിനെ ആസ്പദമാക്കി മലയാളത്തിലിറങ്ങിയ നോവലായിരുന്നു അത്. മൂലകൃതിയുടെ രചയിതാവിനും സ്വന്തം നോവലിന്‍റെ പേരില്‍ ഏറെ പഴി കേള്‍ക്കേണ്ടി വന്നിരുന്നു. 'ക്രിസ്തുവിന്‍റെ ആറാം തിരുമുറിവ്' നിരോധിച്ചതോടെയാകാം  ഇവിടെ  ആവിഷ്ക്കാര സ്വാതന്ത്ര്യ ചര്‍ച്ചകള്‍ക്ക് ഊടും പാവും വെച്ചതെന്നു പറയാം. സ്വാതന്ത്ര്യാനന്തര ഭാരതത്തില്‍ ഭീഷണികളും വിലക്കുകളും നേരിട്ട അനവധി കൃതികളും, എഴുത്തുകാരും ഉണ്ട്. 'മാതൊരു ഭാഗന്‍' എന്ന നോവലിന്‍റെ പേരില്‍ പെരുമാള്‍ മുരുകന് തന്‍റെ സാഹിത്യ ജീവിതം തന്നെ കുറച്ചു നാളത്തേക്ക് ഉപേക്ഷിക്കേണ്ടി വന്നു. സല്‍മാന്‍ റുഷ്ദിയുടെ 'സാത്താനിക് വെഴ്സസ്', തസ്ലീമ സ്റിന്‍റെ 'ലജ്ജ' തുടങ്ങിയ കൃതികളൊക്കെ ഇത്തരത്തില്‍ വിവാദങ്ങള്‍ ഉണ്ടാക്കിയ കൃതികളാണ് . മാധവിക്കുട്ടിയും, അരുന്ധതിറോയിയും തുറന്നെഴുത്തിന്‍റെ പേരില്‍ നേരിട്ട ആരോപണങ്ങള്‍ക്ക് കൈയ്യും കണക്കുമില്ല.

                    മലയാളികളുടെ കപടസദാചാരത്തിന്‍റെ തിക്ത ഫലമായി എഴുത്ത് നിറുത്തി ആത്മാഹുതി ചെയ്ത സരസ്വതി അമ്മയായിരിക്കണം  ആവിഷ്ക്കാര സ്വാതന്ത്ര്യത്തിന്‍റെ പേരില്‍ രക്തസാക്ഷിയാകേണ്ടി വന്ന കലാകാരി. മാതൃഭൂമി ആഴ്ചപതിപ്പില്‍ പ്രസിദ്ധീകരിച്ചു കൊണ്ടിരുന്ന തുടർ നോവല്‍‍, പത്രാധിപരായിരുന്ന എം.ടിയുടെ കൈയ്യില്‍ നിന്നും അവർ തിരിച്ചു വാങ്ങുകയും നോവലിന്‍റെ ബാക്കി ഭാഗം ഇനി പ്രസിദ്ധീകരിക്കേണ്ടത് ആവശ്യപ്പെടുകയും ചെയ്തു. പെണ്ണിനെപ്പറ്റി ആണെഴുതുന്നതെല്ലാം ഭാവനയും, പെണ്ണെഴുത്ത് അനുഭവമാണെന്നും കരുതുന്ന സദാചാര സമൂഹം സരസ്വതി അമ്മയുടെ കാലത്തു മാത്രമല്ല, നൂറുശതമാനം സാക്ഷരത നേടിയെന്നു  അഹങ്കരിക്കുന്ന പ്രബുദ്ധമലയാളി വര്‍ത്തമാന കാലത്തും മാറ്റമൊന്നുമില്ലാതെ തുടരുന്നത് കാണാന്‍ കഴിയും. 

                    കാസര്‍ഗോഡ്, കണ്ണൂര്‍ ജില്ലകളില്‍ താമസിക്കുന്ന ആദിവാസി വിഭാഗങ്ങളിലൊന്നാണ് മാവിലന്‍ ഗോത്രം. അവരുടെ തനത് കലകളിലൊന്നാണ് മംഗലം കളി. ഗോത്രകലയായ മംഗലം കളിയുടെ പാട്ടുകള്‍ ഇന്ന് കേരളത്തില്‍ ഏറെ പ്രശസ്തമാണ്. എന്നാല്‍ ഗോത്രത്തില്‍ അവതരിപ്പിക്കുന്ന ഈണത്തില്‍ നിന്നും വ്യത്യസ്തമായി വരികള്‍ കൂട്ടിച്ചേര്‍ത്തും മറ്റൊരു രീതിയില്‍ പുനരവതരിപ്പിക്കുന്നതിനോട് ശക്തമായ പ്രതിഷേധം അവര്‍ രേഖപ്പെടുത്തുന്നുണ്ട്.  ആവിഷ്ക്കാര സ്വാതന്ത്ര്യത്തിന്‍റെ പേരില്‍ മംഗലം കിളിപ്പാട്ടുകള്‍ വികലമായി അവതരിപ്പിക്കുന്നത് ആ ജനവിഭാഗത്തോട് കാണിക്കുന്ന അവഹേളനമായി അവര്‍ കാണുന്നു. വിശ്വാസങ്ങളെ വ്രണപ്പെടുത്താതെയാകണം   ആവിഷ്ക്കാരസ്വാതന്ത്ര്യമെന്നും  എല്ലാത്തിനും പരിധികള്‍ നിശ്ചയിക്കണമെന്നും ഒരു വിഭാഗം ആവശ്യപ്പെടുമ്പോള്‍ കലാസൃഷ്ടികൾ  മാനവരാശിയുടെ പരിശ്ചേദമാണെന്നും അവയെ സ്വത്രന്ത്രമായി വിടണമെന്നും മറുവിഭാഗം വാദിക്കുന്നു.

                    ഗൌരി ലങ്കേഷും, ഗോവിന്ദപന്‍സാരെയും, കല്‍ബുര്‍ഗിയും കൊല ചെയ്യപ്പെടാന്‍ കാരണം അവരുടെ സ്വതന്ത്ര ചിന്താഭിവാഞ്ഛയാണ്. അവരുടെ ചിന്താധാരകളുടെ മഹത്വം ഉള്‍ക്കൊള്ളാന്‍ കഴിയാത്തവരുടെ കൈകള്‍കൊണ്ട് അവര്‍ വധിക്കപ്പെട്ടത് നിര്‍ഭാഗ്യകരമെന്നേ പറയേണ്ടു. നിലപാടുകളും അഭിപ്രായ സ്വാതന്ത്ര്യവും മറ്റവകാശങ്ങളും നഷ്പ്പെട്ട ജീവിതാന്തരീക്ഷത്തില്‍ വസിക്കുന്നവരാണ് ഇന്നത്തെ ജനത. ആവിഷ്ക്കാര സ്വാതന്ത്ര്യം ചോദ്യം ചെയ്യപ്പെടുമ്പോള്‍ അതിനെതിരെ നില്‍ക്കുന്നതിനു പകരം രാഷ്ട്രീയമായ മുതലെടുപ്പുകള്‍ക്കാണ് ഇന്ന് സമൂഹം കൈകോര്‍ക്കുന്നത്. കലയുടെ നിലവാരം ചര്‍ച്ചയാകേണ്ടത് അതിന് സ്വാതന്ത്ര്യവും ധൈര്യവുമായി നിലനില്‍ക്കാവുന്ന ഒരു പശ്ചാത്തലത്തിലാണ്. മോശം കല സാംസ്ക്കാരികമായി തുറന്നു കാട്ടപ്പെടേണ്ടതാണ്. അല്ലാതെ ഭീഷണികളിലൂടെ പിന്‍വലിക്കപ്പെടേണ്ട വസ്തുതയല്ല അത്. ഒരു സമൂഹത്തിന്‍റെ സംസ്ക്കാരത്തിന്‍റെ സാരാംശം കണ്ടെത്താനാകുന്നത്, ആ കാലഘട്ടത്തിലെ ജനങ്ങള്‍ പരീക്ഷിച്ച ഭാഷയിലും, കലാവിഷ്ക്കാരങ്ങളിലുമാണ്. തങ്ങളുടെ കലാരൂപങ്ങളില്‍ മാറ്റം വരാതെ പ്രദര്‍ശിപ്പിക്കാന്‍ സാധിക്കുക എന്നത് കലാകാരന്മാരുടെ അവകാശമാണ്. രാഷ്ട്രീയ മതസാമൂഹിക സമ്മര്‍ദ്ദങ്ങള്‍ക്കനുസരിച്ച് മുറിച്ച് മാറ്റാനുള്ളതല്ല കലാസൃഷ്ടികള്‍‍. കലാരൂപത്തില്‍ മാറ്റം വരുത്താന്‍ അതിന്‍റെ സ്രഷ്ടാവിനു മാത്രമാണ് അവകാശം. കലാകാരന്‍റെ  ആവിഷ്ക്കാര സ്വാതന്ത്ര്യം ഭീഷണികൊണ്ട് അടിച്ചമര്‍ത്താനാകില്ല. കലാസൃഷ്ടികളുടെ  ആവിഷ്ക്കാര സ്വാതന്ത്ര്യം ആരുടെയും ഒദാര്യവുമല്ല. രാഷ്ട്രത്തിന്‍റെ ഭരണഘടന നല്‍കുന്ന അവകാശമാണ്. അത്തരം അവകാശങ്ങള്‍ സംരക്ഷിക്കാന്‍ ബാധ്യതയുള്ള സര്‍ക്കാര്‍ സംവിധാനങ്ങള്‍ ഇക്കാര്യങ്ങളില്‍ ജാഗ്രതയോടെ ഇടപെടേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. ആശയങ്ങള്‍ പ്രകടിപ്പിക്കാനുള്ള  ആവിഷ്ക്കാര സ്വാതന്ത്ര്യം അത്രമേല്‍ പ്രധാനപ്പെട്ട വസ്തുതയാണ്. അതിന് ആദ്യം കലയും സാഹിത്യവും രാഷ്ട്രീയത്തിന് അതീതമായിരിക്കണം.  സമൂഹത്തെ കരുതലോടും ഉത്തരവാദിത്വ ബോധത്തോടും വേണ്ടവിധം ഉൾകൊള്ളാൻ കഴിഞ്ഞെങ്കില്‍ൽ മാത്രമേ ആവിഷ്കാര സ്വാതന്ത്ര്യത്തിന് അതിന്‍റെ പൂർണ്ണമൂല്യമുണ്ടാകുകയുള്ളൂ .  ആവിഷ്ക്കാര സ്വാതന്ത്ര്യത്തിന്‍റെ പേരില്‍ ഏതെങ്കിലും വിഭാഗത്തെ ജാതീയമായോ വംശീയമായോ അധിക്ഷേപിക്കുന്നതോ താഴ്ത്തികെട്ടുന്നതോ ഒട്ടും ഭൂഷണമല്ല.

                    നല്ല കലാരൂപങ്ങള്‍ കൃത്യമായി വകസിപ്പിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുക എന്നതാണ് മനുഷ്യ സമൂഹത്തിന്‍റെ ചുമതല. സമൂഹം നിരന്തരമായി പുതുക്കപ്പെടേണ്ടതുണ്ട്.  ആവിഷ്ക്കാര സ്വാതന്ത്ര്യത്തിന് രാഷ്ട്രീയമോ, നിയമമോ, ഭരണാധികാരികളോ, മതമോ അതിരുകൾ നിശ്ചയിക്കാന്‍ ശ്രമിച്ചാല്‍ അത് സമൂഹത്തെത്തന്നെ പിന്നോട്ട് വലിക്കാന്‍ ഇടയാക്കും . ചിന്തയുടെ തലങ്ങള്‍ വലുതാകാതെ, സിദ്ധാന്തങ്ങളുടെ വ്യാപ്തി ആകാശം തൊടാതെ ഇവിടെ  ആവിഷ്ക്കാര സ്വാതന്ത്ര്യത്തിനു അനുകൂലമായ ഒരു മറുപടി ലഭിക്കാന്‍ പോകുന്നില്ല. എങ്കിലും ആവിഷ്ക്കാരത്തിനു ശൂന്യമായിരിക്കാനാകാത്ത കാലത്തോളം കലാകാരന്മാരും, എഴുത്തുകാരും ഇനിയും നാടുകടത്തപ്പെടുകൊണ്ടേയിരിക്കും.