Skip to main content
Srishti-2022   >>  Poem - Malayalam   >>  അക്ഷരങ്ങളോട് പറയാനുള്ളത്

അക്ഷരങ്ങളോട് പറയാനുള്ളത്

എഴുതാനാവില്ല,

ആത്മാവിനുള്ളിലെ

മൂടിപ്പടർന്ന

ദുസ്വപ്നങ്ങൾ.

 

വാക്കുകളിൽ

ഗദ്യങ്ങളിൽ

പദ്യങ്ങളിലൂടെയവ

ജീവൻ നേടിയാലോ?

 

ഭയമൊരു

പുതപ്പുപോലെ

പൊതിഞ്ഞുനിന്നെന്നെ

വരിഞ്ഞു മുറുക്കുന്നു

 

വരണ്ട

ചൂടുള്ള രാത്രികളിൽ

ഉഷ്ണത്തിനും മീതെ

വീർപ്പുമുട്ടിക്കുന്ന

നിശ്വാസം പോലെ

 

ഉള്ളിലെ നോവുകൾ

എഴുതിയാ മുറിവുകൾ

മായ്ച്ചിരുന്ന കാലവും

അകലെയായി

 

വിധിയും

വിശ്വാസവും

നിയോഗങ്ങളും

ക്രൂര വിനോദങ്ങളും 

മാറ്റിയ ജീവിതമക്ഷര

ശൂന്യമായി

 

ഉള്ളിന്റെയുള്ളിൽ

മഴ പോലെ

പൂ പോലെ

ദുഃഖത്തിന്റെ

മേഘങ്ങൾ പോലെ

പൊഴിഞ്ഞിരുന്ന

വാക്കുകൾ അദൃശ്യമായി

 

കവിതകൾ

നിശ്ചേഷ്ടമാം കുടീരമായി

 

എപ്പോഴുമവ

കൂട്ടിലടച്ച കിളികളായി

ചിറകിട്ടടിച്ചു

അഴികളിൽ ക്രൂരമായി

തലതല്ലി മരിക്കുന്നു,പുനർജനിക്കുന്നു

 

ഇന്നിതാ

വരികളില്ലാതെ

വാക്കുകയില്ലാതെ

മൂളലുകൾ  തീർത്ത

സംഭാഷണ ശകലങ്ങളിൽ

ഞാൻ

 തെരുവിൽ

എരിവെയിലിൽ

വിധിച്ചൂടിൽ

 

സ്വയമെഴുതാത്ത

കഥയുടെ

അടുത്ത ചലനം കാതോർത്തു

ശ്വാസമടക്കി

നടപ്പൂ

 

ഇന്നിതാ

 ലോകമെനിക്കന്യം

വാക്കുകളോ

ശൂന്യം

ആത്മാവോ

നിശ്ചലം

 

പുനർജന്മമെടുക്കുക

അക്ഷരങ്ങളായി

വാക്കുകളായി

പദ്യങ്ങളായി

പദചലനങ്ങളായി

 

ജീവനേകുക

നിന്റെയാ പഴയ

സൃഷ്ടികർത്താവിനു

ആത്മാവിനെകുക

ചലനം

കുറച്ചു സ്വപ്നങ്ങൾ

ജീവിക്കാനാശ

 

ജീവിക്കുകീ

ഇടനെഞ്ഞിൽ

ആര് പിരിഞ്ഞാലും

പിരിയാത്ത ശ്വാസമായി