Skip to main content
Srishti-2022   >>  Short Story - Malayalam   >>  അപരിചിതം

അപരിചിതം

അപരിചിതം

"ഞാൻ പഠിച്ച സ്കൂളിൽ തന്നെ എന്റെ മകളും പഠിക്കട്ടെ... ആ അനുഭവങ്ങളിലൂടെ തന്നെ അവളും വളരട്ടെ"

 

സ്ഥലത്തെ പ്രമുഖ ഇന്റർനാഷണൽ സ്കൂളിൽ അവളെ ചേർക്കണം എന്നു ഭാര്യ പറഞ്ഞപ്പോൾ എന്റെ മറുപടി അതായിരുന്നു. പുല്ലാനിവിള ഗവണ്മെന്റ HSS ൽ നിന്നു കഷ്ടിച്ച് പത്താം ക്ലാസ് പാസ്സ്

ആയ പുള്ളിക്കാരി ഇപ്പൊ ജാതകദോഷം കൊണ്ടു ഒരു ബഹുരാഷ്ട്ര കമ്പനിയിലെ HR മാനേജർ ആണ്. അപ്പൊ ആഗ്രഹങ്ങൾക്ക് വലുപ്പം കൂടും.

 

ഒരു യുദ്ധം ജയിച്ച ഭാവത്തിൽ  ഭാര്യയെയും മകളെയും കൊണ്ടു എന്റെ സ്കൂളിലേക്ക്, പത്തിരുപതു കൊല്ലം പഴക്കമുള്ള എന്റെ ഓർമകളിലേക്ക് ഞാൻ ഇറങ്ങി.

 

ഒരു വലിയ മൈതാനമുണ്ട് സ്കൂളിന്റെ പുറകുവശത്തു. അതിന്റെ ഒത്ത നടുക്കായി ഒരു മാവും. കുട്ടികൾക്ക് ആ മൈതാനത്തിന്റെ ഏത് കോണിലിരുന്നു വേണമെങ്കിലും ഭക്ഷണം കഴിക്കാമായിരുന്നു.

ഉച്ചയൂണ് കഴിയുമ്പോൾ നൂറു കണക്കിന് പരുന്തുകൾ ആകാശത്തു വട്ടമിട്ടു പറക്കും. ശരവേഗത്തിൽ പാഞ്ഞു വന്നു ചിലപ്പോൾ പാത്രങ്ങളിൽ നിന്നു തന്നെ എന്തെങ്കിലും തട്ടിയെടുക്കും. അവറ്റകൾക്ക്

എന്നും ഉത്സവകാലമാണ്.

 

മൈതാനത്തിന്റെ കോണിലുള്ള ഒരു വലിയ ഗുൽമോഹർ മരത്തിന്റെ ചുവട്ടിൽ ആയിരുന്നു ഞങ്ങളുടെ താവളം. ചുവന്ന പൂക്കളുമായി തലയെടുപ്പോടെ നിൽക്കുന്ന ടിയാന്റെ പടർന്നു കിടക്കുന്ന

വേരുകളിൽ ഓരോ ഭാഗത്തായി ഓരോരുത്തർ ഇരിക്കും, ഒരറ്റത്ത് ഞാനും. ഓരോ ദിവസം എന്തൊക്കെ കളിക്കാം, കൂട്ടത്തിലേക്ക് ആരെ പുതിയതായി  ചേർക്കാം, വൈകിട്ട് സ്കൂൾ കോമ്പൗണ്ടിൽ

തന്നെയുള്ള കടയിൽ പോയി സർബത്ത് വാങ്ങാനുള്ള കാശ് പിരിക്കൽ (10 രൂപയിൽ അധികം പോവില്ല പിരിവ്), അങ്ങനെ പോവും അജണ്ട. സംഘത്തിൽ പുതിയ ആളിനെ ചേർക്കുന്നത് കുറേ

നിബന്ധനകളോടെയാണ്. ചീത്ത വാക്കുകൾ പറയാൻ പാടില്ല, അടി കൂടാൻ പാടില്ല, എല്ലാ ദിവസവും മീറ്റിംഗിൽ പങ്കെടുക്കണം എന്നൊക്കെ. പൊതുജനക്ഷേമത്തിനു വേണ്ടി കുട്ടിസംഘം

പ്രത്യേകിച്ചൊന്നും ചെയ്തിട്ടില്ലെങ്കിലും കുറെ നന്മമരങ്ങളുടെ കൂട്ടമായിരുന്നു എന്ന് വേണമെങ്കിൽ പറയാം. അപ്പുറത്തെ ക്ലാസ്സിലെ പിള്ളേരുമായി അടിപിടി കൂടിയ കേസിൽ പ്രിൻസിപ്പലിന്റെ കയ്യിൽ നിന്നും നേരിട്ട് അവാർഡ്

വാങ്ങിയവർ കൂട്ടത്തിലുണ്ടായിരുന്നു എന്നത് വേറെ കാര്യം. പക്ഷെ കൂട്ടത്തിൽ കൂടുമ്പോ എല്ലാവരും പാവങ്ങളായിരുന്നു.

 

ഇതിനിടെ പുതിയ അധ്യാപകരെ കുറിച്ചും അവരുടെ 'ശിക്ഷ'ണ രീതികളെ കുറിച്ചുമുള്ള സൊറ പറച്ചിൽ ആവോളമുണ്ടാവും. ഗോപാലകൃഷ്ണൻ മാഷ് ചൂരൽ പ്രയോഗിക്കുന്നത്‌ ആരോമൽ ചേകവർ

ഉറുമി പ്രയോഗിക്കുന്ന മെയ്‌വഴക്കത്തോടെയാണ്. എത്ര കുതറി മാറിയാലും അടി വീണിരിക്കും. പ്രഭാവതി ടീച്ചറുടെ ഡസ്റ്റർ കൊണ്ടുള്ള ഏറ് ഇന്ന് വരെ അതിന്റെ ലക്ഷ്യം കാണാതിരുന്നിട്ടില്ല. ഇരുന്ന ഇരുപ്പിൽ നിമിഷാർദ്ധം കൊണ്ട് വെളുത്തു പോയ എത്രയോ മുഖങ്ങൾ.

 

ചുറ്റും വീണു കിടക്കുന്ന പൂമൊട്ടുകളുടെ ദളങ്ങൾ ഇളക്കി ഓരോ നഖത്തിലും ഒട്ടിച്ചു യക്ഷിയെ പോലെ പേടിപ്പിക്കാൻ നടന്നൊരു അനിയത്തിക്കുട്ടി ഉണ്ടായിരുന്നു കൂട്ടത്തിൽ. അവളെ ഓരോന്നു

പറഞ്ഞു പിരി കയറ്റുന്നത് മറ്റൊരു വിനോദം. കാറ്റാടി മരങ്ങളും ഓണപ്പുല്ലും നിറഞ്ഞ മുൻഭാഗത്തെ മൈതാനത്തിന്റെ ഒരോ ഇഞ്ചും ഞങ്ങൾക്ക് പരിചിതമായിരുന്നു.

 

കിഴക്ക് ഭാഗത്ത്‌ ഒരു ചെറിയ താമരക്കുളം. ഉപയോഗശൂന്യമായി കിടക്കുന്ന ഒരു പറമ്പിലാണ് അത്. അതിന് അരികിലുള്ള വരമ്പിലൂടെ ചെന്നാൽ ഒരു വാഴത്തോപ്പുണ്ട്. ഒരു അതിസാഹസികയാത്ര

പോലെ ഞങ്ങൾ ആ വാഴത്തോപ്പിലേക്ക് പോകാറുണ്ടായിരുന്നു. കാരണം, ഞങ്ങളുടെ സ്കൂളിന് മതിലുകൾ ഇല്ല. അപ്പോ സാഹസം എന്നുദ്ദേശിച്ചത്? മറ്റൊന്നുമല്ല. ആ ഭാഗത്തേക്ക് കുട്ടികൾക്ക് പ്രവേശനം ഇല്ല. 

 

അത് കൊണ്ട് തന്നെ

പാഠപുസ്തകങ്ങൾക്ക് പകർന്നു തരാൻ ആവാത്ത ഒരു സുഖം കൂട്ടുകാരും ചേർന്നുള്ള ആ യാത്രയ്ക്ക് ഉണ്ടായിരുന്നു. മേമ്പൊടിക്ക് ഇത്തിരി മഴയും കൂടെ ഉണ്ടെങ്കിൽ ജോറായി.

മണിക്കൂറുകൾ പോകുന്നതറിയില്ല.

 

ഓരോ അധ്യാപകരും മക്കളെയെന്ന പോലെ ഞങ്ങളെ സ്നേഹിച്ചിരുന്നു. ചെവിക്ക് പിടിക്കലും ചൂരൽ പ്രയോഗവുമൊക്കെ ഉണ്ടായിരുന്നെങ്കിലും അത് ഞങ്ങളുടെ നന്മക്കാണെന്ന ബോധം ഞങ്ങൾക്കും

ഉണ്ടായിരുന്നു. പറയാതെ പിരിഞ്ഞു പോയ എത്രയെത്ര സുഹൃത്തുക്കൾ. പിൽക്കാലത്തു ആവേശത്തോടെ സമൂഹമാധ്യമങ്ങളിൽ അവരെയൊക്കെ തിരഞ്ഞു പിടിച്ചത്... എത്ര നല്ല ഓർമ്മകൾ. എന്റെ

മകൾക്കും ആ സ്നേഹവും സംരക്ഷണവും ആ അന്തരീക്ഷവും ഒക്കെ വളരെ ഫലം ചെയ്യും എന്ന് ഞാൻ കണക്കാക്കി.

 

സ്കൂളിലേക്കുള്ള വഴി തിരിയുന്നിടം ഹൃദയം ഇരട്ടിവേഗത്തിൽ മിടിക്കുന്നുണ്ടായിരുന്നു. വർഷങ്ങൾക്ക് ശേഷം സ്വന്തം വീട്ടിലേക്ക് തിരിച്ചെത്തുന്ന ഒരു പ്രവാസിയെ പോലെ സന്തോഷം ഉള്ളിൽ

നുരഞ്ഞു പൊങ്ങി.

 

ഞങ്ങളെ എതിരേറ്റത് ഒരു മതിൽകെട്ടാണ്‌. മുൻവശത്തെ വലിയ ഗേറ്റിൽ സ്കൂളിന്റെ പേര് ഇംഗ്ലീഷിൽ വല്യ അക്ഷരങ്ങളിൽ എഴുതിയിരിക്കുന്നു.

 

കാറ്റാടി മരങ്ങളും ഓണപ്പുല്ലും നിന്നിരുന്നിടത്തു ഒരു നെടുനീളൻ ബാസ്‌കറ്റ്‌ബോൾ കോർട്ട്. എല്ലായിടത്തും പല നിറങ്ങളിലുള്ള ടൈൽ പാകിയിരിക്കുന്നു. വർണാഭമായ കാഴ്ച തന്നെ, പക്ഷെ ഒരു

തരി പച്ചപ്പ് കാണാൻ കിട്ടുന്നില്ല. അങ്ങിങ്ങായി കുറച്ചു കുട്ടികൾ അന്യോന്യം ശ്രദ്ധിക്കുക പോലും ചെയ്യാതെ മൊബൈലിൽ കണ്ണും നട്ടിരിപ്പുണ്ട്. നിരാശയോടെ മകളുടെ കയ്യും പിടിച്ചു പുറകു

വശത്തെ മൈതാനം ലക്ഷ്യമാക്കി നടന്നു. അഡ്മിഷന്റെ കാര്യം പാടെ മറന്നിരുന്നു.

 

മൈതാനത്തിനു മധ്യത്തിൽ നിന്നിരുന്ന മാവ് ഇപ്പോൾ ഇല്ല. സർബത്ത് കടയുമില്ല. കുട്ടികൾക്കുള്ള ക്രിക്കറ്റ് പ്രാക്ടീസ് നെറ്റും ഒരു കഫെറ്റീരിയയും അവിടം മൊത്തമായി വിഴുങ്ങിയിരിക്കുന്നു. ഒരിക്കലാ 

മൈതാനം മുഴുവൻ ഓടി നടന്നു ഞങ്ങൾ പോലീസും കള്ളനും

കളിച്ചിരുന്നു. മഴക്കാലത്തു വെള്ളം നിറഞ്ഞൊഴുകുന്ന തോട് ചാടി കടന്നു വരമ്പിലൂടെ മഴയും നനഞ്ഞു വീട്ടിലേക്ക് നടന്നിരുന്നു. ഇന്നിപ്പോ സർവ്വതും പോയിരിക്കുന്നു. 20  

വർഷത്തിനുള്ളിൽ ഇത്രയേറെ മാറ്റങ്ങളോ? ആരോടെന്നില്ലാതെ ചോദിച്ചു.

 

ഗുൽമോഹർ നിന്നിരുന്നിടത്താണ് R & D ബ്ലോക്ക് എന്നെഴുതിയ ഒരു ബഹുനില കെട്ടിടം ഉയർന്നു പൊന്തിയിരിക്കുന്നത്. മരങ്ങൾക്കൊപ്പം ഓർമ്മകളെയും വെട്ടി മുറിച്ചെറിഞ്ഞത് പോലെ തോന്നി.

 

ശീതീകരിച്ച ക്ലാസ്സ്മുറിയിൽ പ്രോജെക്ടറും നോക്കി ക്ലാസ് എടുക്കുന്ന അധ്യാപകനെ നോക്കി ഇതെല്ലാം അനിവാര്യമാണല്ലോ എന്നാലോചിച്ചു നെടുവീർപ്പിട്ടു.

 

പ്രീ കെ ജി സെക്ഷനിലേക്ക് ചെന്നപ്പോ ഒരു പഴയ പരിചിതമുഖം കണ്ടു. തുരുമ്പെടുത്തു തുടങ്ങിയ ഒരു കുതിര. ഈയുള്ളവൻ എത്രയോ വട്ടം ചെവിയിൽ പിടിച്ചു ആടിയ മൂപ്പർക്ക് ഇപ്പൊ വയസ്സായി

തുടങ്ങിയിരിക്കുന്നു. മകളെ എടുത്ത ഇരുത്തിയാലോ എന്നാലോചിച്ചു, പിന്നെ മടിച്ചു. ഒരു പക്ഷെ  ആ കുതിര പ്രതികരിച്ചേക്കും. ചുറ്റുപാടും പരിസരവുമൊക്കെ മോടി പിടിപ്പിച്ചപ്പോൾ എന്നെ മറന്നില്ലേ എന്ന് ചോദിച്ചേക്കും.  വെറും അഞ്ച് ഇഞ്ച് നീളത്തിൽ കൈ പിടിയിലൊതുങ്ങുന്ന ഒരു വിർച്വൽ ലോകത്തിൽ,  ഭൂമിയുടെ കാണാപ്പുറത്തു ഇരിക്കുന്നവരോട് യുദ്ധം ചെയ്യുന്നവരാണ് ഇന്നത്തെ തലമുറ. അവിടെ മുന്നോട്ടും പിന്നോട്ടും മാത്രം ആടാൻ അറിയുന്ന ഒരു കുതിരയ്ക്ക് എന്ത് പ്രസക്തി.

 

കാഴ്ചകൾ കണ്ടു കണ്ണ് വേദനിച്ചു തുടങ്ങിയപ്പോൾ നേരെ പ്രിൻസിപ്പലിന്റെ റൂമിലേക്ക് കേറി. അടുത്ത പത്തു പന്ത്രണ്ട് കൊല്ലം എല്ലാ വിഷയത്തിനും മുടങ്ങാതെ A+ വാങ്ങേണ്ടതിന്റെ പ്രാധാന്യത്തെ കുറിചുള്ള അദ്ദേഹത്തിന്റെ സാരോപദേശം കൂടെ ആയപ്പോൾ പതുക്കെ ഇറങ്ങി. 

 

മതിലിനപ്പുറത്തു താമരക്കുളത്തിനു പുറകിൽ ഉയരുന്ന ഫ്ലാറ്റിനെ നോക്കി ഭാര്യയോട് നിസ്സംഗത കലർത്തി ചോദിച്ചു:

 

"ഇവളെ നമുക്ക് നീ പറഞ്ഞ സ്കൂളിൽ തന്നെ ചേർക്കാം അല്ലെ... "

 

"നിങ്ങളോടു ഞാൻ അപ്പോഴേ പറഞ്ഞില്ലേ ഈ സബ് സ്റ്റാൻഡേർഡ് സ്കൂളിൽ ഒന്നും മോളെ അയക്കണ്ടാന്നു.. നിങ്ങളു പഠിച്ച സ്കൂളാണ് പോലും.."

 

താഴെ നിന്നും ഒരു കുഞ്ഞു ശബ്ദം: "എനിക്കീ സ്കൂൾ മതിയച്ചാ..."

.

"അതിന് ഞാൻ പഠിച്ച സ്കൂൾ ഇതല്ലല്ലോ മോളെ?"

 

മനസ്സിൽ തോന്നിയത് പുറത്തു പറയാൻ നിന്നില്ല. നഷ്ടപെട്ടത് എന്താണെന്ന് ഭാഗ്യത്തിന് അവളും അവളുടെ തലമുറയും അറിയാൻ പോകുന്നില്ലല്ലോ എന്നു ചിന്തിച്ചു; വെറുതെ ആകാശത്തേക്ക്

നോക്കി.

 

ഒരു പരുന്ത് അപ്പോഴും വട്ടമിട്ട് പറക്കുന്നുണ്ടായിരുന്നു.